Friday, March 07, 2014

എന്നാണ് തിരിച്ചു പോകുന്നത്... ??

"എന്നാണ് തിരിച്ചു പോകുന്നത്.. ? "

എല്ലാ പ്രവാസികളും നേരിടുന്ന രണ്ടാമത്തെ ചോദ്യം... ?  അപ്പോള്‍ ഒരു സംശയം നിങ്ങളുടെ മനസ്സിലൂടെ കടന്നു പോയിരിക്കും ഏതാണ് ആ ഒന്നാമത്തെ ചോദ്യം ?  അത് ഇതായിരിക്കുമല്ലോ ?

''എന്നാണ് എത്തിയത്.. ? "

ഈ രണ്ടു ചോദ്യങ്ങള്‍ നേരിടാതെ ഈ കേരളക്കരയില്‍ നിന്നും ഏതെങ്കിലും പ്രവാസി ലീവ് കഴിഞ്ഞു പ്രവാസ ലോകത്ത് തിരിച്ചെത്തിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് നമ്മുടെ കമ്പനി സ്പോണ്‍ സറായ "ഷെയ്ഖ് ഗൂഗിള്‍ ബ്ലോഗാനി" ഒരു ലക്ഷം രൂപ ഇനാം പ്രക്യാപിച്ചിട്ടുണ്ട് ... :) :)

ഇതിനിടയിലാണ് കഴിഞ്ഞ ലീവില് നാട്ടില്‍ പോയപ്പോള്‍ മീന്‍ മാര്‍കറ്റില്‍ നിന്നും മമ്മദിന്റെ  ചോദ്യം ?

നിറുത്താറായില്ലേ ഈ ഗള്‍ഫില്‍ പോക്ക് വര്‍ഷം പത്തിരുപതായില്ലേ .. ??

മമ്മദിന്റെ ചോദ്യം കേട്ട് ഒന്നമ്പരന്നു .... !!   സാദാരണ ചോദ്യത്തിന് വിപരീതമായ ഒരു സുപ്രധാന ചോദ്യം തന്നെ , പിന്നെ ഒരു ചിരി പാസാക്കി.. :)

എന്താ ചിരിക്കുന്നത് ?  ജീവിക്കാനുള്ള മാര്‍ഗ്ഗ മൊക്കെ ആയില്ലേ ? ഇനി തിരിച്ചു വന്നു നാട്ടില്‍ കൂടണം , അല്ലാതെ ഗള്‍ഫിനെ കെട്ടിപ്പിടിച്ചു അവിടെ തന്നെ കൂടുകയല്ല വേണ്ടത്"

എന്‍റെ രണ്ടാമത്തെ ഭാര്യയാണ് ഗള്‍ഫ് എന്ന് പറയാന്‍ വന്നെങ്കിലും പറഞ്ഞില്ല.

മമ്മദ് വിടാനുള്ള ഉദ്ദേശമില്ല , ഉപ്പയുള്ള കാലം മുഴുവന്‍ മലേഷ്യയില്‍ കൂടി ... ആ പാവത്തിന് നാട്ടില്‍ ഒന്ന് സമാധാനമായിട്ട് നില്‍ക്കാന്‍ പറ്റിയോ ? മനുഷ്യന്‍റെ ആയുസ്സിനും ഒരു കണക്കില്ലേ ?  അല്ലാഹു മഹ്ഫിറത്തും മര്‍ഹ്മത്തും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ  ...   "ആമീന്‍"

ഞാനും ചില കണക്കു കൂട്ടലിലാണ് മമ്മദേ.... തിരിച്ചു പോരല്‍ എന്നും ആഗ്രഹിക്കുന്ന ഒരു കാര്യം തന്നെ, ഓരോ ഓരോ തടസ്സങ്ങള്‍ മുന്നില്‍ ഒരു മലയായി തന്നെ നില്‍ക്കുന്നു....  എല്ലാം കഴിഞ്ഞു പോരാമെന്ന പൂതി നടക്കില്ല എന്നുറപ്പാണ്.

മമ്മദേ ഞാനൊരു കഥ പറയാം .....
എങ്കില്‍ പറയൂ ഞാനൊന്നു കേള്‍ക്കട്ടെ ... പണ്ട് കുട്ടിക്കാലത്ത് വല്ലിമ്മ പറഞ്ഞു തന്ന കഥയാണ്... പുലി മാനിനു പിന്നാലെ പോയ കഥ.

ഒരു കാട്ടില്‍ വിശന്നു പരവശനായ പുലി ഇര പിടിക്കാന്‍ ഇറങ്ങിയതായിരുന്നു , പെട്ടെന്ന് ഒരു മാന്‍ പുലിയുടെ മുന്നില്‍ വന്നു പെട്ടു. ഇര തന്‍റെ മുന്നില്‍ വന്നു പെട്ട സന്തോഷത്തോടെ പുലി മാനിനെ ലെക്ഷ്യമാക്കി ചാടി ... ഒന്ന് പിഴച്ചു , മാന്‍ ജീവനും കൊണ്ടോടി , പിലി പിന്നാലെ വച്ചു പിടിച്ചു ....
മാന്‍ ഓടി ഓടി പുലിക്കു കടക്കാന്‍ പറ്റാത്ത ഒരു പാറയിടയില്‍ അഭയം പ്രാപിച്ചു. ഇരയെ കിട്ടാത്ത ദേഷ്യം സഹിക്കാന്‍ കഴിയാതെ പുലി പാറയിടക്ക് മുന്നില്‍ നിന്നു ഒരുപാട് ഗര്‍ജിച്ചു...  മാനിനെ പുറത്തേക്കു കൊണ്ട് വരാനുള്ള മാര്‍ഗമൊന്നും ഇല്ലാ എന്ന് മനസ്സിലാക്കിയ പുലി ദേഷ്യത്തോടെ ഇങ്ങനെ വിളിച്ചു പറഞ്ഞു.

"മാനെ നീ വിജയിച്ചു എന്നു കരുതി അഹങ്കരിക്കുകയോന്നും വേണ്ട , ഒരു ദിവസം നീയെന്‍റെ മുന്നില്‍ വന്നു പെടും അന്ന് ഞാന്‍ തീര്‍ത്തോളാം ഇതിന്‍റെ കണക്ക്"

പേടിയോടെ ഇടറുന്ന സ്വരത്തില്‍ മാന്‍ പറഞ്ഞു ,

'എന്‍റെ പുലിയേ ,

നീയൊരു കാര്യം മനസ്സിലാക്ക് ... ഇത് വിജയിക്കാനുള്ള മത്സര ഓട്ടമല്ല , ജീവിക്കാനുള്ള നെട്ടോട്ടമാണ്. എന്നാണ് നിന്‍റെ മുന്നില്‍ ഞാന്‍ പരാജയപ്പെടുന്നത്  ആ നിമിഷം എന്‍റെ ജീവിതം അവസാനിക്കും. ഇന്നെന്‍റെ ശരീരത്തില്‍ ജീവന്‍ ഉണ്ടല്ലോ എന്നൊരു ആശ്വാസമുണ്ടെല്ലോ , നിന്‍റെ മുന്നില്‍ പരാജപെടുന്നതോടെ അതും നഷ്ട്ടപ്പെടും ,  അതുകൊണ്ട് , 

മനസ്സമാധാനം ഇല്ലാതെയാണെങ്കിലും ഞാനൊന്ന് ജീവിച്ചോട്ടെ 
, നിങ്ങളെ പോലെ ഇത്ര സ്വാതന്ത്ര്യമുള്ള ജീവിതമല്ലെങ്കില്‍ പോലും".

കഥ കേട്ടപ്പോള്‍ പിന്നെ മമ്മദ് ഒന്നും പറയാതെ ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് മീന്‍ കച്ചവടത്തില്‍ മുഴുകി. 




No comments: