Sunday, January 25, 2015

പട്ടിണിപ്പാവങ്ങളുടെ ഇന്ത്യ.

കോഴിക്കോട് പാളയം ബസ്റ്റാന്റിലെ ബഹളത്തിനിടയിലൂടെ തിരക്കിട്ടു നടക്കുകയായിരുന്നു അവന്‍.. കോളേജു വിട്ടു നാട്ടിലേക്ക് ബസ്സ്‌ കയറാനുള്ള തിരക്കിലായിരുന്നു. ജീന്‍സും നീളന്‍ ജുബ്ബയും തോളില്‍ ഒരു തുണി സഞ്ചിയും ആയിരുന്നു വേഷം.. പരപ്പനങ്ങാടി ചെട്ടിപ്പടി ബസ്സ്‌ ബോര്‍ഡ് നോക്കിക്കൊണ്ട്‌ ആളുകളെ വകഞ്ഞു മാറി മുന്നോട്ടു നടക്കുകയായിരുന്ന അവനെ തുണി സഞ്ചിയില്‍ പിടിച്ചു ആരോ വലിച്ചു.. ഒരു ഊമയായ സ്ത്രീ ആയിരുന്നു.. ഒക്കത്തൊരു കുഞ്ഞുണ്ടായിരുന്നു പിറകെ എട്ടു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയും നാല് വയസ്സുള്ള ഒരു ആണ്‍കുട്ടിയുമുണ്ടായിരുന്നു... കയ്യില്‍ മുഷിഞ്ഞ കടലാസ് കാറ്റിലിളകി..! അതില്‍ മൂത്ത മകള്‍ക്ക് ക്യാന്‍സറാണെന്നും സഹായിക്കണമെന്നും എഴുതിയിരിക്കുന്നു..! ബസ്സിനുള്ള അമ്പതു പൈസ മാറ്റി വെച്ച് മിച്ചമുള്ള നാണയ തുട്ടുകള്‍ ആ പാത്രത്തിലേക്ക് നിക്ഷേപിച്ചു മുന്നോട്ടു നടന്നു..!

പ്രതീപാ... പ്രതീപാ... പ്രതീപാ... ചൂടുള്ള വാര്‍ത്ത.. ചൂടുള്ള വാര്‍ത്ത ബംഗ്ലൂരില്‍ കൂട്ട ബലാല്‍സംഗം... ഒറ്റ കാലില്‍ ഞൊണ്ടി കൊണ്ട് മഞ്ഞപത്രം വില്‍ക്കുന്ന പയ്യന്‍ എല്ലാ ബസ്സുകള്‍ക്കിടയിലൂടെയും നടന്നുകൊണ്ടിരുന്നു..! നാരങ്ങാ മധുരനാരങ്ങാ കിലോക്ക് വെറും പത്തു രൂപ... ആദായ വില്‍പ്പന സ്റ്റോക്കില്ല പെട്ടന്ന് കരസ്ഥമാക്കൂ... കടല.. കടല.. കടല വറുത്തത്.. വിലതുച്ചം ഗുണംമെച്ചം, നാളെ എടുക്കുന്ന കേരള ഭാഗ്യക്കുറി അഞ്ചു രൂപയ്ക്കു അഞ്ചു ലക്ഷം... വേഗം വേഗം... നാളത്തെ ഭാഗ്യവാന്‍ നിങ്ങളിലൊരാള്‍. സ്ഥിരം ബഹളങ്ങള്‍ക്കിടയില്‍ ബസ്സില്‍ കയറാനൊരുങ്ങിയ അവനെ കിളി തടഞ്ഞു. സ്റ്റുഡന്‍സ് മാറി നില്‍ക്കൂ... പോകാന്‍ നേരത്ത് കയറാം.! ബസ്സ്‌ ചലിക്കാന്‍ തുടങ്ങിയതും മനസ്സില്ലാ മനസ്സോടെ കിളി വാതില്‍ തുറന്നുകൊടുത്തു വലിഞ്ഞു കയറി കമ്പിയില്‍ പിടിച്ചു ആടിയുലഞ്ഞു യാത്രയായി.

ദിവസങ്ങളും ആഴ്ച്ചകളും മാസങ്ങളും പിന്നോട്ട് തള്ളികൊണ്ട് അവന്‍റെ കോളേജ് പഠനം മുന്നോട്ടു പോയ്‌ കൊണ്ടിരുന്നു..! ഒരു ദിവസം ആ ഊമ സ്ത്രീയും രണ്ടു കുട്ടികളും മുഷിഞ്ഞ കടലാസുമായി വീണ്ടും കണ്ടു.. മൂത്ത പെണ്‍കുട്ടി കൂടെയുണ്ടായിരുന്നില്ല.. ക്ഷീണിച്ചു അവശയായ മൂന്ന് രൂപങ്ങള്‍..! ബസ്സില്‍ കയറിയും നോട്ടീസ് കൊടുത്തും തോണ്ടിയും സഹായം അഭ്യര്‍ത്തിക്കുന്നുണ്ടായിര
ുന്നു.. ചിലര്‍ കൊടുത്തും, ചിലര്‍ ആട്ടിപ്പായിപ്പിക്കുന്നുണ്ടായിരുന്നു..!

“ഇതൊക്കെ സ്ഥിരം തട്ടിപ്പാ... വൈകുന്നേരം ആയാല്‍ ഇവറ്റകളൊക്കെ കോലം മാറും..” അടക്കി പ്പറയുന്നു ചിലര്‍.

ഇടക്കിടക്ക് ഇവര്‍ ബസ്റ്റാന്റില്‍ കാണാറുണ്ടായിരുന്നു..! മാസങ്ങള്‍ക്ക് ശേഷം കണ്ടപ്പോള്‍ ഒക്കത്ത് മയങ്ങി ക്കിടക്കുകയായിരുന്ന കുഞ്ഞുമാത്രം ഉണ്ടായിരുന്നുള്ളൂകൂടെ.. അവന്‍റെ മനസ്സില്‍ വല്ലാത്ത ഒരു അനുകമ്പ തോന്നി ആ സ്ത്രീയോട്..! നാണയ തുട്ടുകള്‍ പാത്രത്തിലിട്ട് കൊണ്ട് ചോതിച്ചു.. നിന്‍റെ മറ്റു രണ്ടു മക്കള്‍ എവിടെ..? എന്തൊക്കയോ കൈ കൊണ്ട് ആഗ്യം കാണിച്ചു കൊണ്ട് പറയുകയും കരയുന്നുമുണ്ടായിരുന്നു അവര്‍. അവനൊന്നും മനസ്സിലായില്ല. തിരക്കിനിടയില്‍ ജനങ്ങള്‍ക്കിടയില്‍ മറഞ്ഞു അവര്‍.

അന്നൊരു ജനുവരി 26 റിപ്പബ്ലിക് ഡേ ആയിരുന്നു... കോളേജിലെ സുഹൃത്തിന്റെ അമ്മയുടെ മരണവാര്‍ത്തയറിഞ്ഞ് വീട്ടിലെത്തി അവിടെ നിന്ന് കണ്ണംപറമ്പ് പൊതുശ്മശാനത്തില്‍ എത്തിയപ്പോഴാണ് ആ കരളലിയിക്കുന്ന കാഴ്ച്ച അവന്‍ കണ്ടത്.. മൂന്നു കൊച്ചു കുഴിമാടങ്ങള്‍ക്കരികില്‍ കണ്ണീരിലാഴ്ന്നു തലകുനിച്ചിരിക്കുന്ന മൂകയായ പിച്ചക്കാരി അമ്മ.
--------------------------
----------------------------------------------
#
സ്വബോധം നഷ്ടപ്പെട്ട് ശ്മശാനത്തിന് പുറത്തിറങ്ങിയ അവനു മേല്‍ ചളി തെറിപ്പിച്ചു കൊണ്ട് മന്ത്രി ബെന്‍സ് കാറില്‍ കൊടി പറപ്പിച്ചു പോയി..!!

റിപ്പബ്ലിക് ദിനാശംസകള്‍.


https://www.facebook.com/isakkisam?ref_type=bookmark

Sunday, January 18, 2015

ഫേസ്ബുക്കന്‍...

രാവിലെ കുളിച്ചു പൌഡര്‍ പൂശി
കുട്ടപ്പനായി കമ്പ്യൂട്ടറിന് മുന്നില്‍
ഫേസ്ബുക്ക് തുറന്നു ബിസിയായി...
ഒരു കവിത എഴുതി
വാളില്‍ ഇട്ടു കാത്തിരിപ്പായി...
ടാഗ് ചെയ്തവര്‍ ചിലര്‍
അതുനോക്കി വേഗത്തില്‍ പോയി
ചിലര്‍ നോക്കിയതേ ഇല്ല ...
ഒന്നോ രണ്ടോ ലൈക്കും
ഒരു സ്മൈയിലിലും ഒതുങ്ങി
മാര്‍കറ്റില്‍പോയില്ല മീന്‍വാങ്ങിയില്ല
അരിയില്ല പച്ചക്കറിയില്ല
ഭാര്യ അടുത്ത വീട്ടിലേക്കോടി ...
ഉച്ച തിരിഞ്ഞു കവിതയുമായി
ഗ്രൂപ്പുകളിലൂടെ കയറിയിറങ്ങി
ഈ ഫേസ്ബുക്കിന്‍റെ കാര്യമോര്‍ത്ത്
ഉള്ളില്‍ തികട്ടിവന്ന ചിരി
പൊട്ടിച്ചിരിയായി.
മുറ്റത്തേക്കിറങ്ങി
ചെമ്പരത്തിപ്പൂ അറുത്തു
ചെവിയില്‍ തിരുകി
കടപ്പുറത്തേക്കോടി..! 


കാമം....

“ഉയര്‍ത്തിപ്പിടിച്ച കഠാരയുമായി അവന്‍ വീട്ടിലേക്കോടി..!’
‘രക്തത്തുള്ളികള്‍ ഊര്‍ന്നുവീണുകൊണ്ടിരിന്നു..!’
“ഉമ്മറത്ത് ചിന്തയിലായിരുന്ന ഉപ്പ ഇത് കണ്ടു ഞെട്ടി, കഠാരയിലേക്ക് ഉറ്റു നോക്കി ഭയന്നുകൊണ്ട്‌ ചോതിച്ചു?’
“നീയത് ചെയ്തോ?’
“എത്രകാലം ഇതിനുള്ളില്‍ അടച്ചു പൂട്ടിയിരിക്കും ഉപ്പയും അനിയത്തിയും..’ "അതേ ഉപ്പാ എല്ലാം കഴിഞ്ഞു..’ അവന്‍ കഠാര കയ്യില്‍ കൊടുത്തുകൊണ്ട് തിരിഞ്ഞു പോലീസ് സ്റ്റേഷന്‍ ലക്ഷ്യമാക്കി നടന്നു..!’
-----------------------------------------------------
#‎മകന്‬‍റെ പ്രായമുള്ള അവന്‍റെ കൂട്ടുകാരനോടൊപ്പം ഒളിച്ചോടുമ്പോൾ സുഖിച്ച് ജീവിക്കാം എന്ന് രണ്ടു പേരും കരുതിയോ... ?


https://www.facebook.com/isakkisam?ref_type=bookmark
Tuesday, January 13, 2015

പ്രിയ CEO. [Sporting United Jeddah]

വെള്ളിമുകിലിന്‍റെ മുഖാവരണമണിഞ്ഞ്‌
സ്വര്‍ണ്ണരശ്മിയുടെ പുറത്തേറ്റി
ആയിരം പെരുമ്പറകള്‍ മുഴക്കി
സൌദാബാദിന്‍റെ കളിത്തോഴനെ
വരവേല്‍ക്കും സ്പോര്‍ട്ടിംഗ് ... 


പേരിലുണ്ടൊരു ചിരി
മുഖത്തുണ്ടൊരു പുഞ്ചിരി
പ്രവര്‍ത്തിയിലുണ്ടൊരു നന്മ... 


കുട്ടികളുടെ കൂട്ടുകാരനായി
സ്പോര്‍ട്ടിങ്ങിന്‍ ഊര്‍ജ്ജമായി
പതിനെട്ടിന്‍ പ്രസരിപ്പുമായി
ചുടല നീക്കങ്ങളോടെ
പേരന്‍റ്സ് കളിയില്‍
ഗോളടിക്കും വീരന്‍.... 


https://www.facebook.com/isakkisam?ref_type=bookmark
                                                      ഇസ്മായില്‍ കൊളക്കാടന്‍.

                                                     

Sunday, January 04, 2015

ആത്മീയതയുടെ പൊരുള്‍ തേടി.


[സ്പോര്‍ട്ടിംഗ് യുനൈറ്റഡ് ജിദ്ദയുടെ മുന്നാം വാര്‍ഷികത്തിന് അവതരിപ്പിച്ച നാടകത്തിന്‍റെ കഥയിലേക്ക്‌ ഏവര്‍ക്കും സ്വാഗതം.]

ആത്മീയതയുടെ പൊരുള്‍ തേടി.
---------------------------------------------------

പ്രസിദ്ധ സൂഫീവര്യനായ ‘ദുന്നൂന്‍ മിസ്വരി’ യുടെ ആത്മീയതയുടെ മാനം തേടിയുള്ള യാത്രയുടേയും അദ്ദേഹം കണ്ടെത്തുന്ന സത്യത്തിന്‍റെ കഥയാണിത്.

“ലബ്ബൈക്കള്ലാഹുമ്മലബ്ബൈക്ക്
ലബ്ബൈക്കലാശരീക്കലക്ക ലബ്ബൈക്
ഇന്നല്‍ഹംധവന്നിഅമത്ത
ലക്കവല്‍മുല്‍ക്ക് ലാശരീക്കലക്കലബ്ബൈക്ക്.”

പരിശുദ്ധ ഹജ്ജിന്‍റെ തക്ബീര്‍ മുഴക്കിക്കൊണ്ട് ജനലക്ഷങ്ങള്‍ അറഫാ മൈതാനിയിലേക്ക് ഒഴികിക്കൊണ്ടിരുക്കകയാണ്. ജനമഹാ സമുദ്രത്തില്‍ ലയിച്ചു ഒരു അണുവായി ‘ദുന്നൂന്‍ മിസ്വരി’ അറഫയിലേക്ക്.
ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ അല്ലാഹുവിനോടുള്ള വിധേയത്വവും പുണ്യ റസൂലിന്റെ ഹജ്ജത്തുല്‍ വിധാഹ് പ്രസംഗവും ആ മനസ്സിലൂടെ കടന്നു പോയി. കര്‍മ്മങ്ങള്‍ക്കിടയില്‍ മീനായിലെ വിശ്രമ വേളയില്‍ മയക്കത്തിലായിരുന്നപ്പോള്‍ സ്വപ്ന ദര്‍ശനമുണ്ടായി...!

“ധന്നൂന്‍” ‘ഇന്ന് ഈ ജനമാഹാസാഗരത്തില്‍ ഒരുമിച്ചു കൂടിയവരില്‍ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഹജ്ജ് കര്‍മ്മം ബാഗ്ദാദിലെ ഒരു ഗ്രാമത്തില്‍ ജീവിക്കുന്ന അഹമ്മദ് എന്ന ചെരുപ്പുകുത്തിയുടെതാണ്.’

ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ശേഷം ധന്നൂന്‍ സ്വദേശത്തേക്ക് തിരിക്കാതെ താന്‍ കണ്ട സ്വപ്നത്തിന്‍റെ നിജാവസ്ഥ അന്വേഷിച്ച് ബാഗ്ദാദ് പട്ടണത്തിലേക്ക് യാത്രയായി. ഒട്ടകപ്പുറത്തും കുതിരപ്പുറത്തും കാല്‍നടയായും യാത്ര ചെയ്ത് അദ്ദേഹം ആഴ്ചകളും മാസങ്ങളും പിന്നിട്ടു ബാഗ്ദാതിലെത്തി.
ബാഗ്ദാദിലെ തെരുവുകളില്‍ അഹമ്മദ് എന്ന ചെരുപ്പുകുത്തിയെ അന്വേഷിച്ച് ദിവസങ്ങളോളം അലഞ്ഞുതിരിഞ്ഞു. ആര്‍ക്കും അങ്ങനെ ഒരാളെ അറിയില്ലായിരുന്നു. ചെരുപ്പ് കേടുവന്നാല്‍ തുന്നിക്കുകയല്ലാതെ തുന്നുന്ന ആളുടെ പേരും വിലാസവും ആരും അന്വേഷിക്കാറില്ലല്ലോ. ദിവസവും നമസ്കാരത്തിനു ശേഷം അല്ലാഹുവിനോടുള്ള പ്രാര്‍ത്ഥന തുടര്‍ന്നുകൊണ്ടിരുന്നു. തന്‍റെ വിശ്വാസത്തെ മുറുകെപിടിച്ചു ഒരു ഗ്രാമത്തിലെ പള്ളിയില്‍ വിശ്രമിക്കുകയായിരുന്നു. പള്ളി പരിപാലനം ചെയ്തു കൊണ്ടിരുന്ന സാലിഹ് ദുന്നൂന്‍ മിസ്വരിയോട് വിശേഷങ്ങള്‍ ആരാഞ്ഞു.

‘അല്ലയോ പ്രിയ സുഹൃത്തേ താങ്കള്‍ വളെരെ ക്ഷീണിതനാണല്ലോ, ഈ നാട്ടില്‍ താങ്കളെ ആദ്യമായി കാണുകയുമാണ്, താങ്കളുടെ മനസ്സിനും ശരീരത്തിനും എന്നും അല്ലാഹുവിന്‍റെ കാവലുണ്ടാവട്ടെ.’

‘തന്‍റെ യാത്രാ ഉദ്ദേശവും വിവരങ്ങളും പങ്കുവെച്ചു ദുന്നൂന്‍ സാലിഹിനോട്.’
കുറച്ചു നേരത്തെ മൌനത്തിനു ശേഷം സാലിഹ് പറഞ്ഞു.

അടുത്ത ഗ്രാമത്തില്‍ എന്‍റെ വീടിനടുത്തായി അഹമ്മദ്‌ എന്ന ഒരു ചെരുപ്പുകുത്തിയുണ്ട്...’ പക്ഷേ താങ്കള്‍ അന്വേഷിക്കുന്ന ആള്‍ അതാവാനിടയില്ല. കാരണം അയാള്‍ ഈ കൊല്ലമെന്നല്ല ഇതുവരെ ഹജ്ജിനു പോയിട്ടുമില്ല.

ഇത് കേട്ട ദുന്നൂന്‍ പറഞ്ഞു. എനിക്കയാളെ കാണാനുള്ള അവസരം ഒരുക്കിതരൂ സഹോദരാ.

‘ഈ സമയത്ത് തെരുവിലും പള്ളിമുറ്റത്തും തന്‍റെ തൊഴിലില്‍ ആയിരിക്കും അഹമ്മദ്. ഇന്നിനി രാത്രി പള്ളിയില്‍ വിശ്രമിക്കുക, നാളെ സുബിഹി നമസ്കാരത്തിന് ശേഷം നമുക്ക് അദ്ദേഹത്തിന്റെ വീട്ടില്‍ പോയി കാണാം എന്നുപറഞ്ഞു സാലിഹ് സലാം പറഞ്ഞു പോയി.’

പിറ്റേന്ന് കാലത്ത് സാലിഹിനോടൊപ്പം ദുന്നൂന്‍ അഹമ്മദിന്റെ വീട്ടിലേക്കു യാത്രതിരിച്ചു.

‘യാത്രക്കിടയില്‍ സാലിഹ് അഹമ്മദിന്റെ ജീവിത ശുദ്ധിയെപറ്റിയും അല്ലാഹുവിനോടുള്ള കൃപയും, കൃത്യമായി നമസ്കാരത്തിനു പള്ളിയില്‍ വരുന്നതിനെ പറ്റിയും ഒക്കെ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. അതികം ആളുകളോട് സംസാരിക്കാതെ തന്‍റെ ജോലി കഴിഞ്ഞാല്‍ ഉടനെ വീട്ടിലേക്കു തിരിക്കുകയായിരുന്നു അഹമ്മദിന്റെ പതിവ് രീതി.’

‘ഈത്തപ്പനയോല കൊണ്ട് മേഞ്ഞ ഒരു ചെറിയ കുടിലായിരുന്നു അഹമ്മതിന്റെത്.’

സാലിഹിനെ കണ്ട അഹമ്മത് സലാം പറഞ്ഞു വീട്ടിലേക്കു ക്ഷണിച്ചു ബെഞ്ചിലെ പൊടിതട്ടി തുണിവിരിച്ചു ഇരിക്കുവാന്‍ പറഞ്ഞു.
സാലിഹ് തന്‍റെ കൂടെയുള്ളയാളെ അഹമ്മതിനു പരിജയപ്പെടുത്തി.
ഇത് ‘ദുന്നൂന്‍ മിസ്വരി’ അങ്ങുദൂരെ നിന്ന് പരിശുദ്ധ മക്കയില്‍ നിന്നും ഹജ്ജു കര്‍മ്മത്തിനു ശേഷം ബാഗ്ദാദിലെ അഹമ്മദ്‌ എന്ന ചെരുപ്പുകുത്തിയെ അന്വേഷിച്ചു വന്നതാണ്. ഇവിടെ എനിക്കറിയുന്ന അഹമ്മദ് താങ്കളാണല്ലോ.

“അഹമ്മദ് ചോദിച്ചു?” ‘അങ്ങ് പരിശുദ്ധമാക്കപെട്ട പുണ്യ ഭൂമിയില്‍ നിന്നും ഹജ്ജുകര്‍മ്മം കഴിഞ്ഞു വരികയാണോ..?’

‘അതെ..’

മാഷാ അല്ലാഹ്...! അഹമ്മദ്‌ ദുന്നൂന്‍ മിസ്വരിയെ ആലിംഗനം ചെയ്തു.


“അഷ്ടിക്കുവേണ്ടി ചെരിപ്പുകളുടെ കേടുപാടുകള്‍ തീര്‍ക്കുന്ന ജോലിയില്‍ മുഴുകിയ വെറും സാധാരണക്കാരന്‍. ആത്മീയതയുടെ ഭക്തിഭാവങ്ങള്‍ എന്നു വിശേഷിപ്പിക്കാവുന്ന ഒന്നും ആ മുഖത്ത് പ്രകടമല്ല.

അഹമ്മദിന്റെ സമീപം ഇരുന്ന് കുശലാന്വേഷണങ്ങള്‍ക്കിടയില്‍ ദുന്നൂന്‍ മിസ്വരി ചോദിച്ചു?”

“താങ്കള്‍ ഈ വര്‍ഷം പുണ്യഭൂമിയില്‍ വന്നിരുന്നു അല്ലെ..?” ഹജ്ജ് കഴിഞ്ഞു എന്നാണു തിരിച്ചെത്തിയത്‌.

ഞാന്‍ ഹജ്ജിനു പോയിട്ടില്ലല്ലോ സഹോദരാ, എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹവും സ്വപ്നവുമാണ് ഹജ്ജെന്ന ആ പുണ്യകര്‍മ്മം. സത്യത്തില്‍ ഈ വര്‍ഷം ഹജ്ജിനു പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാന്‍, ചില പ്രത്യേക സാഹചര്യങ്ങള്‍ വന്നുപോയത് കൊണ്ട് എനിക്ക് പോകാന്‍പറ്റിയില്ല. അല്ലാഹുവിന്‍റെ തീരുമാനം അതായിരിക്കും.

അഹമ്മദിന്റെ മറുപടി കേട്ടപ്പോള്‍ അത്ഭുദം ഒന്നുകൂടി ഇരട്ടിച്ചു. ഹജ്ജ് ചെയ്യാത്ത ഇയാളുടെ ഹജ്ജ് എങ്ങിനെ അല്ലാഹുവിന് മറ്റാരുടേതിനെക്കാളും പ്രിയങ്കരമായി.

ആകാംക്ഷയോടെ അഹമ്മദിനോട് ചോദിച്ചു?’

എന്തു പറ്റി,..? ‘എന്തു ബുദ്ധിമുട്ടാണ് താങ്കള്‍ക്കു വന്നുപെട്ടത്..’

അഹമ്മദ്‌ തുടര്‍ന്നു...! ഒരു ദിവസം വൈകുന്നേരം മകന്‍ കരഞ്ഞുകൊണ്ട്‌ വീട്ടിലേക്കു വന്നു. ഞാനവനോട് കാര്യംതിരക്കി, മകന്‍ പറഞ്ഞു നമ്മുടെ അടുത്തവീട്ടിലെ മുനീറിനെ കളിക്കാന്‍ വിളിക്കാന്‍ പോയതായിരുന്നു, അപ്പോള്‍ അവിടെനിന്നും ചുട്ട മാംസത്തിന്റെ മണം എന്നില്‍ വല്ലാതെ കൊതിയൂറിച്ചു. ഞാന്‍ അകത്തേക്ക് ചെന്നതും മുനീര്‍ ഭക്ഷണംകഴിക്കാന്‍ വിളിച്ചതായിരുന്നു. പക്ഷേ മുനീറിന്റെ ഉപ്പ ഭക്ഷണപാത്രം എടുത്തു അകത്തുപോയി. അത് എനിക്ക് കഴിക്കാന്‍ തരില്ലാ എന്ന് മുനീറിനോട് പറയുന്നതും ഞാന്‍ കേട്ടു, എനിക്ക് വല്ലാത്ത സങ്കടമായി വാപ്പാ, അതാണ്‌ ഞാന്‍ കരഞ്ഞുകൊണ്ട്‌ ഓടിവന്നത്.

സാരമില്ല മോനെ.... നീ കരയണ്ട ബാപ്പ നാളെ മാംസം വാങ്ങി തരാമെന്നു പറഞ്ഞു ഞാനവനെ ആശ്വസിപ്പിച്ചു.

ഈ വിഷയം എന്‍റെ മനസ്സില്‍ വല്ലാത്ത നൊമ്പരമുളവാക്കി. തന്‍റെ അയല്‍വാസിയും എപ്പോഴും പള്ളിയില്‍ വച്ച് കാണുന്ന സുഹൃത്തും ആയ ഉമര്‍ എന്‍റെ മകനോട്‌ ഇങ്ങനെ പെരുമാറിയതില്‍ വിഷമവും തോന്നി. കുട്ടികളുടെ മനസ്സിന് നൊമ്പരമുളവാക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ ഇസ്ലാമിന് ചേര്‍ന്നതല്ലെന്നു ഉമറിനെ ഉപദേശിക്കണമെന്നു മനസ്സില്‍ കരുതുകയും ചെയ്തു.

അന്നു ഇഷാ നമസ്ക്കാരത്തിനു ശേഷം ഉമറിനെ കണ്ടു സംസാരത്തിനിടയില്‍ ഞാനിക്കാര്യം ചോദിച്ചു. ഇതു കേട്ടതും ഉമര്‍ നിയന്ദ്രണംവിട്ടു പൊട്ടിക്കരയുകയായിരുന്നു. പ്രിയ അഹമ്മദ്‌ ഞാനിതെങ്ങനെ നിന്നോട് പറയും, “യാ അല്ലാഹ്” നീയെന്നെ ഇനിയും പരീക്ഷിക്കുകയാണോ എന്ന് പറഞ്ഞു രണ്ടു കയ്യും ആകാശത്തേക്ക് ഉയര്‍ത്തി പ്രാര്‍ത്ഥിച്ചു കരഞ്ഞുകൊണ്ടിരുന്നു. ഒരു വിധത്തില്‍ ഉമറിനെ സമാധാനിപ്പിച്ചു...

ഉമര്‍ തന്‍റെ ജീവിതത്തില്‍ നേരിടുന്ന പ്രയാസങ്ങള്‍ അഹമ്മിതിനോട് പറഞ്ഞു. ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ തന്‍റെ മാനേജര്‍ ചെയ്യുന്ന കളവിന് കൂട്ടുനില്‍ക്കാന്‍ വിസമ്മതിച്ചതിന് എന്നെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിട്ടു മൂന്നു മാസമായി.

ദിവസവും ജോലിക്കെന്നു പറഞ്ഞു ഞാന്‍ വീട്ടില്‍ നിന്നിറങ്ങും, മറ്റൊരു ജോലി അന്വേഷിച്ചു ചെല്ലാത്ത ഇടങ്ങളില്ല, എവിടെ ചെല്ലുമ്പോഴും മുന്‍പ് എവിടെയാണ് ജോലി ചെയ്തിരുന്നതെന്ന് അന്വേഷിക്കും, ഞാന്‍ സത്യമല്ലാതെ പറയുകയില്ല “അല്ലാഹുവാണേ സത്യം” അപ്പോള്‍ പഴയ കമ്പനിയില്‍ എന്‍റെ സ്വഭാവത്തെ പറ്റി അന്വേഷിക്കും, മാനേജര്‍ എന്നെ ജോലിക്ക് വെക്കാന്‍ കൊള്ളത്തില്ലെന്നും കള്ളനാണെന്നും പറയും, ഞാനിതുവരെ അയാളെ പറ്റി ഒന്നും ആരോടും പറഞ്ഞിട്ടില്ല, അയാള്‍ ചെയ്ത കള്ളങ്ങള്‍ക്ക്‌ അല്ലാഹു മാത്രം സാക്ഷി, ഇപ്പോള്‍ ഈ പട്ടണത്തില്‍ ഒരു സ്ഥാപനത്തിലും എനിക്ക് ജോലി കിട്ടില്ല...’ കയ്യിലുള്ള കാശൊക്കെ കഴിഞ്ഞു, അല്ലാഹുവില്‍ അഭയം തേടി അലയുകയാണ് ഞാന്‍.

കഴിഞ്ഞ ഒരാഴ്ച്ചയായി മുഴു പട്ടിണിയിലാണ് ഞാനും കുടുംബവും, ഇപ്പോള്‍ ഭാര്യക്ക് കാര്യങ്ങള്‍ ഞാന്‍ പറയാതെ തന്നെ മനസ്സിലായി, അവളും എന്നോടൊത്തു പ്രാര്‍ത്ഥനയിലാണ്, ഇതു വരെ ഞാന്‍ അല്ലാഹുവല്ലാതെ ആരുടെ മുന്നിലും കൈ നീട്ടിയിട്ടില്ല. പരമകാരുണ്യവാനായ നാഥന്‍ ഒരു വഴി കാണിച്ചു തരുമായിരിക്കും.

കുഞ്ഞുങ്ങളുടെ വിശന്ന വാടിത്തളര്‍ന്ന മുഖം കാണാന്‍ കഴിയാതെ ഇന്നു ഞാന്‍ മരുഭൂമിയിലൂടെ ഭക്ഷണം തേടി അലഞ്ഞപ്പോള്‍ അവിചാരിതമായി ഉപേക്ഷിക്കപ്പെട്ട ചത്ത ആട്ടിന്‍കുട്ടിയെ കണ്ടത്, ആരും കാണാതെ ഞാന്‍ അതിനെ വീട്ടിലെത്തിച്ചു, ഭാര്യ അത് ചുട്ടെടുത്ത് ഞങ്ങള്‍ മാംസം കഴിക്കുമ്പോഴാണ് നിന്‍റെ മകന്‍ അവിടേക്ക് വന്നത്. താങ്കള്‍ക്കറിയാമല്ലോ ചത്ത ജീവിയുടെ മാംസം കഴിക്കുന്നത്‌ ഇസ്ലാമില്‍ വിലക്കപ്പെട്ടതാണെന്ന്. ‘ഖുര്‍ആനില്‍ സൂറത്തുല്‍ മാഇതയിലൂടെ വെക്തമായി നമ്മേ പഠിപ്പിക്കുന്നുമുണ്ട്.’ തന്‍റെ മകന്‍ അത് കഴിച്ചാല്‍ ഹറാമാകുമോ എന്ന ഭയത്താലാണ് ഞാനവനോട് വീട്ടില്‍ നിന്നും പോകാന്‍ ആവശ്യപെട്ടത്‌. എന്നാലത് ഹലാലാവുക എന്നെപോലെ മുഴുപട്ടിണിയില്‍ പെട്ടവര്‍ക്കാണ്. ഇത്തരം സാഹജര്യങ്ങളില്‍ ചത്തതിനെ ഭക്ഷിക്കാന്‍ ഇസ്ലാം അനുവതിക്കുന്നുമുണ്ട്.

എന്നെ തെറ്റിദ്ധരിക്കരുത് അഹമ്മദ്.. ഇതാണ് സംഭവിച്ചത്...!

ഇതുകേട്ടതും ഞാനിപ്പോള്‍ വരാം എന്ന് പറഞ്ഞു അഹമ്മദ് വീട്ടിലേക്ക് പോയി.

തന്‍റെ നാഥന്റെ മുന്നില്‍ രണ്ട് കയ്യും ഉയര്‍ത്തി പ്രാര്‍ത്ഥിച്ചു “യാ അല്ലാഹ്” മുപ്പതു വര്‍ഷത്തോളം ഞാന്‍ സ്വരൂപിച്ച നിധി, എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായ ഹജ്ജെന്ന ആ മഹാ കര്‍മ്മം അത് ചെയ്യണമെന്ന എന്‍റെ വലിയ ആഗ്രഹം തന്‍റെ അയല്‍വാസിയായ ഉമര്‍ ഇത്ര വലിയ പട്ടിണിയിലാണെന്നറിഞ്ഞു കൊണ്ട് എനിക്ക് ചെയ്യാന്‍ കഴിയില്ല നാഥാ.. എന്‍റെ മുന്നില്‍ എനി ഒരു വഴിമാത്രമേ ഉള്ളൂ ഈ കിഴിയെടുത്തുകൊണ്ട് ഉമറിന് ജീവിതമാര്‍ഗ്ഗം കണ്ടെത്താനായി കൊടുക്കുക. അവനേയും കുടുംബത്തെയും പട്ടിണിയില്‍ നിന്നും രക്ഷപ്പെടുത്തുക.. മനസ്സിന്‍റെ ഉള്ളിലുള്ളതെല്ലാം അറിയുന്ന നാഥാ നീയെന്‍റെ വേദന അറിഞ്ഞു എന്‍റേയും ഉമറിന്‍റെയും അവസ്ഥയില്‍ നിന്ന് ഞങ്ങളെ മോചിപ്പിക്കേണമേ...!”

ഉടനെ ഉമറിന്റെ വീട്ടിലെത്തി പണക്കിഴി കയ്യിലേല്‍പ്പിച്ചു പറഞ്ഞു, താങ്കള്‍ ഇത് സ്വീകരിച്ചാലും ഈ നിധി ഉപയോഗിച്ച് താങ്കളുടെയും കുടുംബത്തിന്‍റെയും പട്ടിണിയകറ്റാന്‍ എന്തെങ്കിലും കച്ചവടം തുടങ്ങൂ.. എന്ന് വളരെ സന്തോഷത്തോടെ ഞാന്‍ ആവിശ്യപ്പെട്ടു..! ഇരു കൈകളും അല്ലാഹുവിലെക്കുയര്‍ത്തി ഉമര്‍ പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു.

“ഇതാണ് എന്‍റെ ഹജ്ജിന്‍റെ കഥ”

ഈ കഥ കേട്ടതും ദുന്നൂന്‍ മിസ്വരി തന്‍റെ ഈറനായ കണ്ണുകള്‍ തുടച്ചു അഹമ്മദിനെ ആലിംഗനം ചെയ്തുകൊണ്ട് പറഞ്ഞു, മശാഅല്ലാഹ് താങ്കളുടെ ഈ പുണ്യ പ്രവര്‍ത്തിയാണ് അല്ലാഹു പവിത്രമെന്ന ഹജ്ജെന്ന് വിശേഷിപ്പിക്കപെട്ട ഞാന്‍ കണ്ട ആ സ്വപ്നം.

*******************************************************

{ നാട്ടില്‍ പട്ടിണി കിടക്കുന്നവരെയും മഴയത്ത് ചോര്‍ന്നൊലിക്കുന്ന വീടുള്ളവരെയും മറ്റു ജീവിതത്തിന്റെ നാനാ തുറകളില്‍ കഷ്ട്ടത അനുഭവിക്കുന്നവരേയും സ്വന്തം കുടുംബത്തില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരെ പോലും തിരിഞ്ഞു നോക്കാതെ അവര്‍ക്ക് ഒരു സഹായത്തിന്‍റെ കൈത്താങ്ങാവാതെ വര്‍ഷാവര്‍ഷം ഹജ്ജിനും ഉമ്രക്കും വരുന്ന ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട ഒരു ജീവിതചരിത്രം തന്നെയാണ് അഹമ്മദ്‌ എന്ന ചെരിപ്പുകുത്തിയുടേത്. }

https://www.facebook.com/isakkisam?ref_type=bookmark