Wednesday, October 11, 2017

ചരമകോളം. [കഥ]ഇന്ന് എന്‍റെ മനസ്സിലേക്ക് ഒരു ഇടിമിന്നലിന്‍റെ ആരവത്തോടെ ആ മഴ പെയ്തിറങ്ങി. നാടകീയമായ ഒരു മുഹൂര്‍ത്തത്തിന്‍റെ പരിണാമ ഘട്ടമായിരുന്നില്ല. ദിവസങ്ങളും മാസങ്ങളും കാത്തിരുന്നു സകലവിധ കൃത്രിമത്വങ്ങളോടും കൂടി പുഞ്ചിരിയോടെ അഭിവാദനം ചെയ്തു മനപ്പൂര്‍വ്വം ചതിക്കുകയായിരുന്നു.

നീണ്ട പതിനഞ്ചുവര്‍ഷങ്ങള്‍, കളിചിരിയോടെ കഴിഞ്ഞുപോയ സന്തോഷത്തിന്‍റെ സുദിനങ്ങള്‍. ജീവിതയാത്രയില്‍ നാല് നക്ഷത്രങ്ങള്‍ എനിക്ക് സമ്മാനിച്ചവള്‍, ഭക്ഷണം പാകം ചെയ്ത്, കുട്ടികളെ കുളിപ്പിച്ച്, അവരെ സ്കൂളിലേക്ക് ഒരുക്കി പറഞ്ഞയക്കാന്‍ ഉള്ള ഉത്സാഹം, ഞാന്‍ ജോലിക്ക് പോകുമ്പോള്‍‍ ഓരോന്നായി ഓര്‍മ്മപ്പെടുത്തുന്നവള്‍, രാത്രിയില്‍ കുട്ടികളെ അടുത്തു കിടത്തി ഈണമുള്ള പാട്ടുകള്‍ പാടും, ഞാനതു കേട്ടു സുഖമായി ഉറക്കത്തിലേക്ക് വഴുതിവീണ രാത്രികള്‍. ഞാനിതുവരെ അവളെ തൊഴുതിട്ടില്ല. ഇന്ന് തൊഴുതു.

കിഴക്ക് വെള്ളകീറി, പള്ളിയില്‍ നിന്ന് ബാങ്ക് വിളിക്കുന്നു, അമ്പലത്തില്‍ നിന്ന്‍ ഭക്തി ഗാനങ്ങള്‍, ചര്‍ച്ചില്‍ നിന്നും മണിയടിക്കുന്നു, നിര്‍ജീവമായി ഒരു തുണ്ട് കടലാസ് കയ്യില്‍പിടിച്ചുനില്‍ക്കുന്ന എന്‍റെ മുഖത്തേക്ക് പത്രം വലിച്ചെറിഞ്ഞു കൊണ്ട് പയ്യന്‍ മുന്നോട്ട് ആഞ്ഞു ചവിട്ടി സൈക്കിള്‍.

ഞെട്ടല്‍ വിട്ടകന്നിട്ടില്ല. കണ്ണുനീര്‍ വറ്റിയ തടങ്ങള്‍, മുറ്റത്തെ ഇടവഴിക്ക് നീളം കൂടിക്കൂടിവന്നു. ഇടവഴി അവസാനിക്കുന്നിടത്ത് അനന്തമായി നീണ്ടുകിടക്കുന്ന റെയില്‍പാളം. പാളങ്ങള്‍ ഒന്ന് ഒന്നിനോട് തൊടാനാവാതെ പരസ്പരം നോക്കുകുത്തികളായി മുഖം തിരിഞ്ഞുനിന്നു. അപ്പോള്‍ ഞെട്ടലിന്‍റെ ധ്വനിപ്രതിധ്വനികള്‍ക്കിടയില്‍ ഞാനാ ദുഃഖസത്യം മനസ്സിലാക്കിയത്.

ഞാനെന്ത് തെറ്റാണവളോട് ചെയ്തത് ?

ഞാനവളെ അധിക്ഷേപിച്ചിട്ടില്ല, തല്ലിയിട്ടില്ല, ഇഷ്ടങ്ങള്‍ക്ക് വിലങ്ങുതടിയായി ഒരിക്കലും നിന്നിട്ടില്ല, ജീവിതത്തില്‍ ഇതുവരെ ഞാന്‍ മദ്യപിച്ചിട്ടില്ല, സിഗരറ്റ് വലിച്ചില്ല, അയല്‍വക്കത്തെ പെണ്ണുങ്ങളോട് ശ്രിങ്കരിക്കാന്‍ പോകാറില്ല. വേലക്കാരിയെ കടന്നുപിടിച്ചില്ല. എപ്പോഴും ഞാനവളെ ആദരിക്കുകമാത്രമാണ് ചെയ്തത്. തികച്ചും മതത്തിന്‍റെ ചിട്ടയില്‍ നമ്മുടെ സംസ്കാരത്തിന്‍റെ ഉന്നതമായ രീതിയില്‍. പിന്നെയെവിടെയാണ് എനിക്ക് പിഴച്ചത്.

തിരക്കിട്ട ജീവിതം, ബ്രഷ് ചെയ്യുന്നതിനിടയില്‍ രാവിലെ മുറ്റത്തു വീണുകിടക്കുന്ന മാമ്പഴം പെറുക്കിയെടുത്തു കൊലായിയില്‍ വെച്ചു പത്രവുമായി കക്കൂസിലെക്കും, അവിടെനിന്ന് കുട്ടികളെ മദ്രസയിലെക്കും, കുളിയും, ചായകുടിയും കഴിഞ്ഞു ബാങ്കിലേക്കുള്ള ഓട്ടത്തിലേക്കും പാറിവീഴുന്ന ജീവിതം. തുച്ചമായ ശമ്പളത്തില്‍നിന്ന് മിച്ചം വെച്ചു വാങ്ങിയ തുണ്ട് ഭൂമിയില്‍ വീടുവെച്ചു ജീവിതം കരുപിടിപ്പിക്കാനുള്ള തന്ത്രപ്പാടില്‍ രുചിയും ഗുണവുമുള്ള ഭക്ഷണംപോലും ആഴ്ച്ചയില്‍ മാത്രമായി ഒതുങ്ങി.

മാളം തേടിയലയുന്ന മൂര്‍ഖന്‍ പാമ്പിന്‍റെ രൂപത്തിലാണ് ആ തെമ്മാടി എന്‍റെ ജീവിതത്തിലേക്ക് നുഴഞ്ഞുകയറിയത്‌. കാണാന്‍ സുമുഖന്‍ ഭാര്യയും മക്കളുമൊക്കെയുണ്ടെങ്കിലും തന്തയില്ലായ്മ കൂടപ്പിറപ്പായ പച്ചമാംസം തേടി അലയുന്ന കരിമൂര്‍ഖന്‍. മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്താണ് ആ തെമ്മാടി അവളുടെ ജീവിതത്തിലേക്ക് ഇഴഞ്ഞു കയറിയത്. എത്ര കിട്ടിയാലും കൊതിതീരാത്ത അവള്‍ പുതിയ മാനങ്ങള്‍ തേടിപ്പോയത് ഞാനറിഞ്ഞില്ല.

“ഒരു നിമിഷം തരൂ നിന്നിലലിയാന്‍”
“ഒരു യുഗം തരൂ നിന്നെയറിയാന്‍”

കവി സ്ത്രീയെ പറ്റി പറഞ്ഞത് എത്ര സത്യമായ വരികള്‍.
സ്ത്രീ അമ്മയാണ്, ഭാര്യയാണ്, സഹോദരിയാണ്, ചിലപ്പോള്‍ കാമത്തിനുവേണ്ടി സ്വന്തം കുഞ്ഞുങ്ങളെ തീചൂളയിലേക്ക് വലിച്ചെറിയുന്നവള്‍.

എന്‍റെ മഞ്ഞടിഞ്ഞ കണ്ണുകള്‍ക്ക്‌ മുന്‍പില്‍ ഞാന്‍ അഗാധമായ ഒരു കൊക്കയുടെ മുന്നിലാണ് നില്‍ക്കുന്നത് എന്ന് തോന്നി. മരണം എന്നെ മാടിവിളിച്ചപ്പോള്‍ നാല് നക്ഷത്രങ്ങള്‍ എന്നെ ദയനീയമായി നോക്കി. നേരം വെളുത്തു തുടങ്ങി, ഇനിയെനിക്ക് നേരിടാനുള്ളത് പരിഹാസത്തിന്‍റെയും സഹതാപത്തോടെയുള്ള നോട്ടവുമാണ്. അങ്ങാടിയിലേക്കുള്ള യാത്രയില്‍, ബാങ്കില്‍ സഹപ്രവര്‍ത്തകരുടെ നൂറു ചോദ്യങ്ങളില്‍, നാട്ടുകാരുടെ അടക്കംപറച്ചിലുകള്‍... അങ്ങനെ എന്‍റെ മരണം വരെ എന്നെ വേട്ടയാടികൊണ്ടിരിക്കും.

വാതില്‍ തുറക്കുന്ന ശബ്ദമാണ് ചിന്തയില്‍ നിന്ന് എന്നെ ഉണര്‍ത്തിയത്.

‘ഉപ്പാ..’ “ഉമ്മയെ എവിടെയും കാണാനില്ലല്ലോ.?”

ഞാനറിയാതെ വിറയാര്‍ന്ന കയ്യില്‍ നിന്നും ആ കടലാസ് കഷ്ണം ഊര്‍ന്നുവീണു. അതെടുത്ത് മകന്‍ വായിച്ചു.

‘ഞാന്‍ പോകുന്നു.’
‘കൂടെ നിങ്ങളുടെതാണെന്ന് എനിക്ക് ഉറപ്പ് പറയാന്‍ കഴിയാത്ത രണ്ട് കുട്ടികളേയും ഞാന്‍ കൊണ്ടുപോകുന്നു.’

‘എന്താ ഉപ്പാ ഇത്..’ ഉമ്മ എങ്ങോട്ടാണ് പോയത്.. ആരുടെ കൂടെയാണ് പോയത്. നൂറു ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം കിട്ടാതെ ഞാന്‍ പകച്ചുനിന്നു.

കാലങ്ങളായി നമ്മളുടെ കൂടെ പുഞ്ചിരിച്ചുകൊണ്ട് എന്നേയും നിങ്ങളെയും വഞ്ചിച്ചുകൊണ്ട് മുഖമൂടികള്‍ മാറിയണിഞ്ഞു കാലുകള്‍ക്കിടയില്‍ മൂര്‍ഖന്‍ പാമ്പിനെ സൂക്ഷിക്കുന്ന ഒരു യക്ഷി ഉണ്ടായിരുന്നെന്ന് ഞാന്‍ എങ്ങനെ മകനോട്‌ പറയും. ഒരു ദിവസം കൊണ്ട് ഇത്രയും കാലം അവനെ ഓമനിച്ചു വളര്‍ത്തിയ ഉമ്മയെ അവനു തള്ളിപ്പറയാന്‍ കഴിയുമോ? കാമത്തിന്‍റെ കരാളഹസ്തങ്ങളില്‍ പിടിപെട്ടുപോകുന്ന മാതൃത്വത്തിന് മാപ്പുകൊടുക്കുവാന്‍ അവന്‍ തയ്യാറാകുമോ?

കാറ്റില്‍ നിലത്തു വീണുകിടന്നിരുന്ന പത്രത്താളുകള്‍ മറിഞ്ഞു. ആറാം പേജില്‍ സിനിമാപരസ്യവും നടികളുടെ അര്‍ദ്ധനഗ്നയായി നില്‍ക്കുന്ന വര്‍ണ്ണ ചിത്രങ്ങള്‍. “വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍”

ഏഴാം പേജില്‍ ചരമകോളത്തില്‍ മുകളില്‍ വലതു വശത്തായി എന്‍റെ ചിത്രം വന്നിരിക്കുന്നു.

പത്രം കയ്യിലെടുത്തു.

കണ്ണുകളുടെ കാഴ്ചശക്തി കുറഞ്ഞിരിക്കുന്നു.

അതേ എന്‍റെ ചിത്രം തന്നെ.. ഞാന്‍ മരിച്ചിരിക്കുന്നു.

റിപ്പോര്‍ട്ട് വായിച്ചു.

“ചെട്ടിപ്പടി ഹെല്‍ത്ത് സെന്‍റെറിനു സമീപം ഇന്നലെ രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ചു കൊന്ന് ഭാര്യ നാല് കുട്ടികളില്‍ രണ്ടു കുട്ടികളെ വീട്ടില്‍ ഉപേക്ഷിച്ചു ചെറിയ രണ്ടു കുട്ടികളോടൊത്തു കാമുകനൊപ്പം ഒളിച്ചോടി”

ശരീരം മൊത്തത്തില്‍ വിയര്‍ത്തുകുളിച്ചിരുന്നു. പത്രം ആരും കണ്ടിട്ടില്ല. ‘ഭാഗ്യം.’ കിടക്കക്കടിയില്‍ പത്രം ഒളിപ്പിച്ചുവെച്ചു പെട്ടെന്ന് ഷര്‍ട്ട് എടുത്തണിഞ്ഞു പുറത്തേക്ക് നടന്നു.

അതെ ഞാന്‍ മരിച്ചിരിക്കുന്നു, ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞാല്‍ എന്‍റെ മയ്യിത്ത് കാണാന്‍ മുറ്റത്തു നിറയെ നാട്ടുകാര്‍, കുടുംബക്കാര്‍, സഹപ്രവര്‍ത്തകര്‍, അങ്ങനെ നീണ്ടുപോകുന്ന ജനക്കൂട്ടമെത്തും. അതിനു മുന്‍പായി എന്‍റെ മക്കളെ എനിക്ക് തിരിച്ചുകൊണ്ടുവരണം. അവസാനമായി എന്‍റെ പൊന്നോമനകുളുടെ മുത്തം ഏറ്റുവാങ്ങി എനിക്ക് യാത്രയാവണം.

റോഡിലെത്തി. ആദ്യം വന്ന ഓട്ടോക്ക് കൈ കാണിച്ചു. ഓട്ടോ ഡ്രൈവര്‍ എങ്ങോട്ടാണെന്ന് ചോതിച്ചു. എന്‍റെ രണ്ടു മക്കളേ തേടിയുള്ള യാത്രയാണ്. നിനക്ക് പോകാന്‍ കഴിയുന്നത്ര ദൂരം എന്നെ കൊണ്ടുപോകൂ...!!

https://www.facebook.com/isakkisam
http://ishaquep.blogspot.in/

Wednesday, October 04, 2017

ഓര്‍മ്മയിലെ കുട്ടിക്കാലം.എന്നും എനിക്ക് പ്രിയപ്പെട്ട ഗ്രാമം തിരൂരങ്ങാടി, ഇന്നുമതെ..!!

സ്കൂളും, കോളേജും, യതീംഖാനയും, പുഴയും, തോടും, പാടത്തിനു നടുവിലൂടെയുള്ള നടവഴിയുമെല്ലാം ഇന്നുമെന്നെ കൊതിപ്പിക്കുന്നു. അതൊരുപക്ഷേ മറ്റേതൊരു മലപ്പുറം ഗ്രാമത്തെയും പോലെ അതിന്‍റെ ശുദ്ധതയാണോ എന്നെനിക്കറിയില്ല.

ഉമ്മയുടെ തറവാട്ടില്‍ നിന്നായിരുന്നു സ്കൂള്‍ പഠനവും കോളേജ് പഠനവും. അത് എന്നെ തിരൂരങ്ങാടിക്കാരനാക്കി. വൈകുന്നേരങ്ങളില്‍ മാമാട്രോഫി ഗ്രൌണ്ടിലെ പന്തുകളിയും സൈക്കിള്‍ സവാരിയുമെല്ലാമായിരുന്നു വിനോദം. ഒഴിവുദിവസങ്ങളില്‍ മൊണാലിസ ക്ലബ്ബും, കേരംസ് കളിയും, സിനിമയും, സുഹൃത്തുക്കളുമൊത്ത് സൊറപറഞ്ഞിരിക്കലുമായി മറ്റൊന്നിനും പകരം വെക്കാന്‍ കഴിയാത്ത ഞാന്‍ സ്നേഹിച്ച തിരൂരങ്ങാടി.

എന്‍റെ ഓര്‍മ്മവെച്ച കാലം മുതല്‍ ഞാന്‍ വല്ലിമാനെ കണ്ടിരുന്നത്‌ തൂ വെള്ള വസ്ത്രത്തിലായിരുന്നു, പ്രൌഡിയും അഭിമാനവും ആ സംസാരത്തില്‍ എപ്പോഴും നിറഞ്ഞു നിന്നിരുന്നു. തറവാട്ടില്‍ പുറംപണിക്കും അടുക്കളപണിക്കും സ്ത്രീകളുണ്ടായിരുന്നു. ആഴ്ചയില്‍ മൂന്നുദിവസം മണ്ണാത്തി വന്നു പുഴയില്‍ പോയി വസ്ത്രങ്ങള്‍ അലക്കുമായിരുന്നു. മുറ്റത്തു വടക്കുവശത്തായി വലിയ തൊഴുത്തും, പശുക്കളെ നോക്കാനും വല്ലിമ്മാക്ക് അങ്ങാടിയില്‍ പോയി സാധനങ്ങള്‍ വാങ്ങാനുമായി നിന്നിരുന്ന കോമുവിന്‍റെ കൂടെ കറങ്ങിനടക്കലും വല്ലിമ്മ അറിയാതെ പുഴയില്‍പോയി കുളിക്കുന്നതുമെല്ലാം രസമുള്ള ഓര്‍മ്മകളാണ്. തറവാട്ടില്‍ തേങ്ങ ഇടാന്‍ വരുന്ന ആണ്ടികുട്ടിയുടെ പിറകെ ഇളനീരിനായി കുട്ടികളുടെ ഒരു നീണ്ട നിര തന്നെയുണ്ടാവും.

വല്ലിപ്പ മദ്രാസില്‍ നിന്ന് കൊണ്ടുവന്ന അംബാസഡര്‍ മാര്‍ക്ക്‌ ത്രി കാറിലാണ് എന്‍റെ ഡ്രൈവിംഗ്‌ പഠനത്തിന്‍റെ തുടക്കം. ആദ്യമൊക്കെ വല്ലിപ്പാന്‍റെടുത്തുനിന്ന് തലക്ക് നല്ല കിഴി കിട്ടും. പതിയെ പതിയെ ഞാന്‍ തറവാട്ടിലെ പ്രിയ ഡ്രൈവര്‍ ആയി.

തറവാട്ടില്‍ പടിഞ്ഞാറെ മുറി എന്ന് പേരുള്ള കുഞ്ഞു റൂമുണ്ടായിരുന്നു. അതില്‍ ഒരു പത്തായവും, പത്തായത്തില്‍ നിറയെ വല്ലിപ്പ മലേഷ്യയില്‍ നിന്ന് കൊണ്ടുവന്ന കൂജയും പാത്രങ്ങളുമായിരുന്നു. ആ കൂജകളിലായിരുന്നു വല്ലിമ്മ കാശ് സൂക്ഷിച്ചിരുന്നത്. വാടകയിനത്തില്‍ കിട്ടുന്ന കാശ് ഒരു കൂജയിലും, മദ്രാസ് ഹോട്ടലില്‍നിന്ന് വരുന്ന കാശ് മറ്റൊന്നിലും, തേങ്ങയും അടക്കയും വിറ്റ്കിട്ടുന്ന കാശ്, വല്ലിപ്പ മലേഷ്യയില്‍ നിന്ന് അയക്കുന്ന കാശ് എന്നിങ്ങനെ മൊത്തത്തില്‍ അഞ്ചാറു ബാങ്കുകളുടെ ഭാരിച്ച ചുമതല വഹിച്ചിരുന്നു ആ പാവം പത്തായം. വല്ലിമ്മയുടെ വെള്ളി അരഞ്ഞാണത്തിനു താഴെ വെള്ളക്കാച്ചിയുടെ മുകളില്‍ ഒരലങ്കാരമായി തൂങ്ങികിടക്കുന്ന ബാങ്കിന്‍റെ താക്കോല്‍.

ഒരിക്കല്‍ പത്തായത്തിന്‍റെ താക്കോല്‍ 501 ബാര്‍ സോപ്പില്‍ പതിപ്പിച്ച് ഡ്യൂപ്ലിക്കേറ്റ്‌ ഉണ്ടാക്കി ഇടക്കിടക്ക് കാശ് അടിച്ചുമാറ്റി ടൂര്‍ പോകുന്നത് വിനോദമാക്കിയ രണ്ടാമത്തെ അമ്മാവന്‍റെ വീരകഥകള്‍ ഉമ്മ പറഞു കേട്ടിട്ടുണ്ട്. മകനെ കാണാതെ കരഞ്ഞ് എല്ലായിടത്തേക്കും ഫോണ്‍ വിളിയുമായി കഴിയുന്ന വല്ലിമ്മ. ടൂര്‍ കഴിഞ്ഞു തിരിച്ചെത്തുന്ന അമ്മാവന്‍റെ കയ്യിലെ പലഹാരപൊതിയില്‍ വീണുപോകുന്ന പാവം സ്നേഹനിധി.


തറവാടിന്‍റെ മുറ്റത്ത്‌ മാവും വതോളി നാരങ്ങയുടെ മരവും എന്നും തണല്‍ വിരിച്ചു നിന്നിരുന്നു. നിറയെ നാരങ്ങ കായ്ച്ചു നില്‍ക്കുന്ന ആ മരം എന്നും കണ്ണുകള്‍ക്ക്‌ കുളിരാണ്, ഉപ്പു കൂട്ടിയാണ് ഞങ്ങള്‍ നാരങ്ങ കഴിച്ചിരുന്നത്, കോലായില്‍ ഇരുന്നു നോക്കിയാല്‍ വളംബത്തെ വീടിന്‍റെ വേലി അരികിലായി ഒരു തേക്ക്‌ മരം പ്രൌഡിയോടെ തല ഉയര്‍ത്തി നില്‍ക്കുന്നത് എന്നും കൌതുകത്തോടെയാണ് കണ്ടിരുന്നത്‌.

തറവാട് വീടിനൊരു ഭീഷണിയാണെന്ന് തോന്നിയ മാവിന് ഒരിക്കലും തലയുയര്‍ത്താന്‍ അവകാശമുണ്ടായിരുന്നില്ല. കൊമ്പ് വെട്ടാതിരുന്നാല്‍ മാത്രം മാങ്ങ തന്നിരുന്ന മാവ് പുളിയുറുമ്പ് സ്വന്തമാക്കിയിരുന്നെങ്കിലും, അണ്ണാനും പക്ഷികളും ബാക്കി വെച്ച് കിട്ടുന്ന മാമ്പഴത്തിന് സ്വാദ് കൂട്ടിയിരുന്നത് മാവിന്‍ പ്രതികാരമാണോ അതോ അത് പകുത്തു നല്‍കിയിരുന്ന വല്ലിമ്മയുടെ കയ്യാണോ, അതോഅടുക്കളയിലെ പെട്ടിയിലെ ആര്‍ക്കും തൊടാന്‍ അവകാശമില്ലാത്ത മലേഷ്യന്‍ കത്തിക്കാണോ?.

രാജമൂച്ചിയെന്നു ഓമനിച്ചു വിളിച്ച മാവിനെന്നും വല്ലിപ്പാനോട് ബഹുമാനമുണ്ടായിരുന്നു, അതോ സ്നേഹക്കൂടുതലാണോ?. അവസാന കാലം വരെ രണ്ടുപേരും മെലിഞ്ഞിട്ടായിരുന്നു. തടിക്കാന്‍ വേണ്ട എല്ലാ സൌകര്യമുണ്ടായിട്ടും അവള്‍ക്കതിനാവില്ലായിന്നു. എല്ലാ വര്‍ഷവും മാവുനിറയെ മാങ്ങ തരും. ആ മാങ്ങയാണെങ്കില്‍, നിറയെ ആരുനിറഞ്ഞ കോമാങ്ങയയിരുന്നു. വല്ലിപ്പ നമ്മെളെ വിട്ടുപിരിഞ്ഞതോടുകൂടി മുറ്റത്തെ മാവും അന്യമായി.

പ്ലാവുള്ളത് അടുക്കള മുറ്റത്ത്‌ ഒരു തറയിലായിരുന്നു. പറമ്പിനു പടിഞ്ഞാറെ മൂലയിലായി ബീരാന്‍കുട്ടിക്കാന്‍റെ വീടിനടുത്ത് നാലഞ്ചു കൈതകളും പ്ലാവും ഉണ്ടായിരുന്നു. തെക്ക്ഭാഗത്ത് മൊഇലെകാക്കാന്‍റെ വീടാണ്, വടക്കുവശത്തായി നായന്മാരുടെ വീടും, കിഴക്ക് വളംബത്തെ കാക്കാന്റെ വീടായിരുന്നു, വടക്ക്പടിഞ്ഞാറെ മൂലയില്‍ നായന്മാരുടെ ഇടവഴിക്ക് അപ്പുറത്ത് അവരുടെ തൊടി ഇത്തിരി ഉയരത്തിലാണ്. മഴ പെയ്താല്‍ ഇടവഴിയിലോട്ട് പൊട്ടി വീഴുമാ ഭാഗം.

നിറയെ മുരിങ്ങ മരങ്ങള്‍ കായ്ച്ചു തൂങ്ങി നില്‍ക്കുമായിരുന്നു, കുളിപ്പുരക്ക് പിറകിലും അരികിലുമായി മുള്ളന്‍ചക്ക മരവും, എപ്പോഴും പഴുത്ത പപ്പായ നല്‍കുന്ന മരങ്ങളുമുണ്ടായിരുന്നു. എന്‍റെ പ്രിയപ്പെട്ട ആ തൊടി മുഴുവന്‍ ചെരിപ്പില്ലാതെ നടക്കുമായിരുന്നു ഞാന്‍. അതിനെന്നെ വല്ലിമ്മയും, വല്ലിപ്പയും വഴക്ക് പറയുമായിരുന്നു. ആ തൊടിയിലെ മരങ്ങള്‍ക്ക് മാത്രമല്ല അവിടത്തെ ഓരോ വ്യക്തികള്‍ക്കുമെന്നെ പ്രിയമായിരുന്നു. അയമുട്ട്യാക്കാന്റെ മുട്ടായി പീടികയിലും, മായിന്‍റെ ബാര്‍ബര്‍ ഷാപ്പിലും, മൊയ്ദീന്‍ കാക്കാന്‍റെ ചായപീടികയിലും കുഞ്ഞാച്ചുത്താന്‍റെ പേരക്കുട്ടി എന്ന നിലയില്‍ എല്ലാവര്‍ക്കും ഞാന്‍ പരിചിതനായിരുന്നു.

തറവാട്ടില്‍ മൊത്തം പതിനൊന്നു പേരാണ്, നാല് അമ്മാവന്മാരില്‍ മൂന്നു പേരും ഗള്‍ഫിലാണ്. നാട്ടിലുള്ള അമ്മാവനും കുടുംബവും ഇപ്പോഴവിടെയുണ്ട്. പെണ്മക്കളില്‍ ആദ്യം എന്‍റെ ഉമ്മയാണ്‌, ആറു എളാമമാരില്‍ ഒരാള്‍ മാത്രം ഗവണ്‍മെന്റ് ഹൈസ്കൂള്‍ ടീച്ചറാണ്.
ചിരിച്ചു കൊണ്ട് മാത്രം സംസാരിക്കുന്ന എന്‍റെ ഉമ്മാന്‍റെ അമ്മാവന്‍ പൂച്ചിക്കാക്ക, എന്നും സ്നേഹത്തോടെ ബാബു എന്നു വിളിച്ചിരുന്ന മൂചെട്ടിയിലെ അമ്മായി., ഇവര്‍ രണ്ടാളും ഇപ്പോഴും അതെ പ്രസരിപ്പോടെ അവിടെയുണ്ട്. എപ്പോഴും സ്നേഹത്തോടെ നര്‍മ്മം ചാലിച്ച് സംസാരിക്കുന്ന എന്‍റെ ഉപ്പാന്‍റെ വലിയ കൂട്ടുകാരന്‍ കൂടിയായ ചെറികാക്ക. എല്ലാവരുമുണ്ട്‌, ഉപ്പ മാത്രം എന്നെ പിരിഞ്ഞു നേരത്തെ യാത്രയായി..!

‘ആ പഴയ തറവാടുണ്ട്...’ ‘പക്ഷേ..’
മാവുകളില്ല... പ്ലാവില്ല... പ്ലാതറയില്ല... തൊഴുത്തില്ല... പശുക്കളില്ല...
പഴയ ഞാനുമില്ല..!!


https://www.facebook.com/isakkisam
http://ishaquep.blogspot.in/
Sunday, January 29, 2017

മരുഭൂമി..!

തിരിഞ്ഞുംമറിഞ്ഞും കിടന്നു
ഉറക്കം കണ്‍പോളകളെ
അനുഗ്രഹിച്ചില്ല;

നിലാവില്‍ നക്ഷത്രങ്ങളെ
മറച്ചുകൊണ്ട്‌ മേഘങ്ങള്‍
അബോധമനസ്സിലൂടെ
തെന്നിമാറിക്കൊണ്ടിരുന്നു...

മരുഭൂമിയിലെ
മണല്‍തരികള്‍
വീശാന്‍മറന്നകാറ്റിനെ
വരവേല്‍ക്കാന്‍ സജ്ജമായി...

പരന്നതും വിശാലവുമായ
മണല്‍പാടങ്ങള്‍
സ്വപ്നത്തിലെ
കാറ്റിനായി
കാതോര്‍ത്തു;

വീണ്ടുംവീണ്ടും
കണ്ണുകള്‍
ഇറുക്കിയടച്ച്
ബോധത്തിന്‍റെ
കിരണങ്ങള്‍
തുറന്നുവിട്ടു;

തെന്നിയും
ആടിയും
ഉയര്‍ന്നും
നിശ്ചലമായും.


https://www.facebook.com/isakkisam

Friday, January 20, 2017

വിലമതിക്കാനാവാത്ത നിധികള്‍...

വര്‍ഷങ്ങള്‍ കൊഴിഞ്ഞുപോകുന്നു... മകളുടെ നിക്കാഹ് കഴിഞ്ഞു... കല്യാണ സമയം അടുത്തുവരുന്നു. മനസ്സിപ്പോഴും ആ കുഞ്ഞു കുട്ടിയുടേത് തന്നെ..!

ഇവിടെ പ്രവാസലോകത്തിരുന്ന്‍ എല്ലാ കാര്യത്തിനും എന്‍റെ കുഞ്ഞുപെങ്ങളെയാണ് വിളിക്കുന്നത്‌, ഫ്ലാറ്റിലെ പണികള്‍, കല്യാണ ഡ്രസ്സ് എടുക്കല്‍ തുടങ്ങി എല്ലാത്തിനും അവളുടെ കയ്യൊപ്പ് വേണം.

ഉപ്പ മലേഷ്യയില്‍ ആയിരുന്നു. ഞാനാണ് വീട്ടിലെ മുതിര്‍ന്ന ആണ്‍കുട്ടി. ആ അധികാരത്തില്‍ കുഞ്ഞു നാള്‍ മുതലേ ഒരുപാട് ശാസന കേട്ടാണ് അവള്‍ വളര്‍ന്നത്‌. അവിടെകളിക്കരുത്... ഗേറ്റില്‍പോയിനില്‍ക്കരുത്... ഇപ്പോള്‍ ടി വി കാണരുത്... ഈ ഉടുപ്പ് മാറ്റൂ... അങ്ങോട്ട്‌പോകരുത്... ഇങ്ങോട്ട്നോക്കരുത്... എന്നൊക്കെ പറഞ്ഞു പേടിപ്പിക്കുമായിരുന്നു. എന്നോടെപ്പോഴും ഒരു ഭയം കലര്‍ന്ന സ്നേഹമായിരുന്നു.

എന്‍റെ കല്യാണം കഴിഞ്ഞതിനുശേഷവും ഭാര്യക്ക് ആവിശ്യമുള്ള സാധനങ്ങള്‍ എല്ലാം വാങ്ങിയിരുന്നത് പെങ്ങള്‍ ആയിരുന്നു. ഭാര്യ ഗര്‍ഭിണി ആയപ്പോള്‍ ഡോക്ടറെ കാണിക്കാന്‍ കൊണ്ടുപോകുന്നത് മുതല്‍ എല്ലാറ്റിനും അവളുടെ സാന്നിധ്യം അനിവാര്യമായിരുന്നു. ഒന്നിനും മറുവാക്കു പറയാതെ എല്ലാ തിരക്കുകളും മാറ്റിവെച്ച് ഉത്സാഹത്തോടെ ചെയ്യുമായിരുന്നു.

കഴിഞ്ഞ ലീവ് കഴിഞ്ഞു തിരിച്ചു പോരുമ്പോള്‍ അവള്‍ പറഞ്ഞു. മകളുടെ കുട്ടിക്ക് ഒരു സ്കൂള്‍ ബാഗും ഡ്രസ്സും ഷൂസും വാങ്ങി വെച്ചിട്ടുണ്ട്. നീ പോകുമ്പോള്‍ കൊണ്ടുപോകണം. ഞാന്‍ രാവിലെ ഏഴു മണിക്ക് ഫ്ലാറ്റില്‍ നിന്ന് ഇറങ്ങും. കടയിലേക്ക് കുറച്ചു സാധനങ്ങള്‍ വാങ്ങിയിട്ടുണ്ട്. വൈകുന്നേരം പേക്ക്‌ ചെയ്യും അതിനു മുന്‍പായി എത്തിക്കണം എന്ന് പറഞ്ഞു. അതിനു മുന്‍പുതന്നെ എത്തിക്കാം എന്നവള്‍ പറഞ്ഞതുമാണ്.

വൈകുന്നേരം സാധനങ്ങള്‍ പേക്ക് ചെയ്യുന്ന സമയത്തും വന്നു കാണാത്തതുകൊണ്ട് ഞാന്‍ ഫോണ്‍ ചെയ്തു പറഞ്ഞു. നീ എന്ത് ചെയ്യുകയാ... ഒന്നിനും ഒരു ഉത്തരവാദിത്തം ഇല്ല.. സമയത്തിനു ഒരു വില കല്‍പ്പിക്കില്ല.. എന്നൊക്കെ.. പലപ്പോഴും സംസാരങ്ങളില്‍ മിതത്വം പാലിക്കാന്‍ എനിക്ക് കഴിയാറില്ല.. പ്രഷര്‍ കയറും.. എന്‍റെ സ്വഭാവം ശരിക്കറിയാമായിരുന്നിട്ടും അത് അവള്‍ക്ക് മനസ്സില്‍ വല്ലാത്ത ഒരു വേദന സൃഷ്ടിച്ചു.


രാത്രി അവള്‍ സ്കൂള്‍ ബാഗ് കൊണ്ടുവരാതെ കുട്ടിക്കുള്ള ഉടുപ്പും കുഞ്ഞു ഷൂവുമായി വന്നു. അളിയന്‍ വരാന്‍ നേരം വൈകിയതുകൊണ്ടാണ് നേരത്തേ വരാന്‍ പറ്റാഞ്ഞത് എന്ന് പറഞ്ഞു.. സ്കൂള്‍ ബാഗ് കൊണ്ടുവരാത്തതില്‍ ഞാന്‍ കുറേ വഴക്ക് പറഞ്ഞു.

“നീയെന്താ കരുതിയത്‌’
“ഞാനാരാണെന്ന് നീ മറന്നു’
“നിന്‍റെ മനസ്സില്‍ എനിക്ക് ഈ സ്ഥാനമേ നീ നല്‍കിയുള്ളൂ’
“എന്‍റെ സാധനങ്ങള്‍ ഇവിടെ ഉപേക്ഷിച്ചാലും നിന്‍റെ സാധനങ്ങള്‍ ഞാന്‍ കൊണ്ട് പോകുമായിരുന്നല്ലോ...”
“നിനെക്കെന്നോട് ഒരു തരി സ്നേഹമെങ്കിലും ഉണ്ടെങ്കില്‍ നീയിതെന്നോട് ചെയ്യുമായിരുന്നില്ല...”
പിന്നെയും എന്തൊക്കെയോ പറഞ്ഞു...

“എന്‍റെ പ്രഷറിലുള്ള സംസാരം കേട്ട് പാവം കരഞ്ഞു തളര്‍ന്ന് വീണു.” അളിയന്‍ അവളെ താങ്ങിയെടുത്ത് സോഫയില്‍ ഇരുത്തി.

“ഇതുകണ്ട് ഞാനും വല്ലാതായി..” ഞാനവളെ ചേര്‍ത്തുപിടിച്ചു.. കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ വന്നുകൊണ്ടിരുന്നു.. ഞാനവളുടെ നെറുകയിലും കവിളിലും ചുംബിച്ചു.. കണ്ണുനീരിന്‍റെ ഉപ്പുരസം ചുണ്ടുകളിലൂടെ നാവുകളിലേക്ക് അരിച്ചുകയറി.. നിഷ്കളങ്കമായ സ്നേഹത്തിന്‍റെ രുചി ഉപ്പുരസമാണെന്ന് എനിക്കനുഭവപ്പെട്ടു.


ഒരു മണിക്കൂറോളം എടുത്തു അവള്‍ സാധാരണ നിലയിലാവാന്‍.. പിന്നീട് ഞങ്ങളെല്ലാവരും കൂടി അവളുടെ വീട്ടിലേക്ക് പോയി. രാത്രി വൈകുവോളം അവിടെയിരുന്ന് കുട്ടിക്കാലത്തെ ഞങ്ങളുടെ കുസൃതികളും ഉപ്പയോടും ഉമ്മയോടൊത്തുമുള്ള കുറേ നല്ല തമാശ നിറഞ്ഞ മുഹൂര്‍ത്തങ്ങളും പറഞ്ഞു ഒരിക്കലും മനസ്സില്‍ നിന്നും മായാത്ത ഒരു രാത്രിയായി അത്.


തിരിച്ചുപോരുമ്പോള്‍ ഉമ്മ പറഞ്ഞു നീ കുട്ടികളെ വഴക്ക് പറയുന്ന പോലെ അവളെ വഴക്ക് പറയരുത്. അവളുടെ മനസ്സില്‍ ഉപ്പ മരിച്ചതിന് ശേഷം ആ സ്ഥാനം നല്‍കിയിരിക്കുന്നത് നിനക്കാണ്. ഉമ്മാന്റെ വാക്കുകള്‍ കേട്ട് നെഞ്ചകം പൊട്ടുന്നുണ്ടായിരുന്നു.. കൈകള്‍ വിറച്ചു.. സ്റ്റിയറിങ്ങില്‍ പിടുത്തം മുറുക്കി ഒന്നും മിണ്ടാതെ കണ്ണുകളില്‍ നിന്നും ഇറങ്ങിവന്ന കണ്ണുനീര്‍ ഉമ്മ കാണാതെ ഇരുട്ടില്‍ എന്‍റെ കാര്‍ മുന്നോട്ടു പോയ്കൊണ്ടിരുന്നു.

ഉപ്പയുടെ മരണശേഷം ഒരു പെരുന്നാളിനും ഞാന്‍ പുതിയ ഡ്രസ്സ്‌ വാങ്ങിയത് എനിക്കോര്‍മയില്ല. പെരുന്നാളിന് കുറേ നേരത്തേ തന്നെ എന്‍റെ പുതുകുപ്പായവും മുണ്ടും അവള്‍ വാങ്ങി വെച്ചിരിക്കും. അത് കൊണ്ട് വന്നു തരുമ്പോള്‍ ആ കണ്ണുകളിലെ തിളക്കവും സന്തോഷവും വായിച്ചെടുക്കുവാന്‍ കഴിയാതെ ഞാന്‍ വിഷമിച്ചിട്ടുണ്ട്.

എന്‍റെ ഉള്ളില്‍ എന്‍റെ രണ്ടു പെങ്ങന്മാരോടും സ്നേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ.. പക്ഷേ അത് പ്രകടിപ്പിക്കാന്‍ പലപ്പോഴും കഴിയാറില്ല. സ്നേഹം കൊടുക്കൂ... പതിന്മടങ്ങ്‌ തിരിച്ചുവങ്ങൂ.

മനസ്സിലുള്ള സ്നേഹം പുറത്തു പ്രകടിപ്പിക്കാന്‍ എല്ലാ സഹോദരീ സഹോദരന്മാര്‍ക്കും കഴിയട്ടെ എന്ന പ്രാര്‍ഥനയോടെ.


[എന്‍റെ ജീവിതത്തില്‍ നിന്ന്]
ഇസ്ഹാക്ക് പുഴക്കലകത്ത്.

https://www.facebook.com/isakkisam