Wednesday, January 15, 2014

മാസ്റ്ററും,മത്തിയും.


കടലുണ്ടി നഗരം , അറബിക്കടലും,കടലുണ്ടി പുഴയും ഒത്തു ചേരുന്ന മനോഹരതീരം........

പുഴയുടെ രണ്ടു തീരങ്ങള്‍ ബന്ധിപ്പിക്കാന്‍ പാലമോന്നും ഇല്ലാത്തകാലം ചാലിയത്തുനിന്നും ആനങ്ങാടി യില്‍ നിന്നു  വരുന്ന യാത്രക്കാര്‍ക്ക് സൈദാലിക്കയുടെ തോണി മാത്രം ആശ്രയം .... 


ചാലിയം കടപ്പുറത്ത് ചാകര ആയിരുന്നു.... മത്തി തന്നെയാണ് ചാകര ... പത്തു രൂപയ്ക്കു ഒരു കോട്ട മത്തി എന്ന തോതിലാണ് വിറ്റൊഴിവാക്കുന്നത്....


ബഷീര്‍ മാസ്റ്റര്‍ സ്കൂള്‍ കഴിഞ്ഞു കടപ്പുറത്തുകൂടി ഒന്നു പോയതാണ്....  ജബ്ബാറിന്റെ വാപ്പ സിദ്ധീക്ക്  ബഷീര്‍ മാസ്റ്റെരെ കണ്ടതും മാടി വിളിച്ചു...

ഇങ്ങള് ആ പെട്ടിക്കടയില്‍ പോയി  ഒരു കവര്‍ വാങ്ങി വരീന്നു എന്ന് പറഞ്ഞു...

 ജബ്ബാര്‍ തന്‍റെ ക്ലാസ്സിലെ അരുമയായ ശിഷ്യനും, പൊട്ടിത്തെറിച്ച ചെക്കനുമായിരുന്നു, ഉപ്പാനെ കണ്ടു മകന്‍റെ വികൃതി പറയണമെന്ന് കരുതിയിരുന്നതാണ്, മത്തിക്കുള്ള സല്‍ക്കാരം കണ്ടപ്പോള്‍ അതൊക്കെ മറന്നു. മത്തി കീസയില്‍ വാരി ഇടുന്നതിനിടയില്‍ സിദ്ധീക്ക് ചോദിച്ചു ...

ജബ്ബാറിന്റെ പഠിത്തമൊക്കെ എങ്ങനെയുണ്ട്.....!!

നല്ല തുടുത്ത പിടക്കുന്ന മത്തി കണ്ടപ്പോള്‍ പറയാന്‍ കരുതിയതൊക്കെ വിഴുങ്ങി ബഷീര്‍ മാസ്റ്റര്‍ പറഞ്ഞു... ഒന്നു നല്ലവണ്ണം ശ്രദ്ധിച്ചോളണം പരീക്ഷയൊക്കെ വരാന്‍ പോകുന്നത്....

തോണിയില്‍ഒരു മൂലയില്‍ എടുത്തു വച്ച ചുകന്ന മീന്‍ കണ്ടപ്പോള്‍ ബഷീര്‍ മാസ്റ്റര്‍ക്കൊരു പൂതി..... നോട്ടം കണ്ടപ്പോള്‍ തന്നെ സിദ്ധീക്ക് പറഞ്ഞു അതു പുതിയാപ്ല കോരയാണ്....നാലണ്ണം ഇടട്ടെ .... പൊരിച്ചാല്‍ ആള് കേമനാണ്.... ഉത്തരംഒരുചിരിയിലൊതുക്കി....  അതും കീശയിലായി.... :)


കയ്യില്‍ കനമുള്ള സഞ്ചിയുമായി ബഷീര്‍ മാസ്റ്റര്‍ നടത്തിത്തിനു വേഗത കൂട്ടി
സൈദാലിക്കയുടെ കടത്ത് തോണി അക്കരെ പോയാല്‍ പിന്നെ തിരിച്ചെത്താന്‍ ഒരു മണിക്കൂറാകും....
കടവിലെത്തിയപ്പോള്‍ തോണി പുഴയുടെ പകുതി ആയിരുന്നു... ഒന്നു കൂവി നോക്കി ... പിന്നെ നീട്ടി ഒരു വിളിയും ...... .

 സൈദാലിക്കാ .....  സൈദാലിക്കാ....


 സൈദാലിക്ക ഒന്നു തിരിഞ്ഞു നോക്കി ....
 ബഷീര്‍ മാസ്റ്റെരെ കണ്ടതും തോണി ഒന്നു സ്പീഡ് കൂട്ടി...
ഒരു കൂവല്‍ തിരിച്ചും കൂവി....

"കൂയ്............."

അവിടെ നിന്നോ അടുത്ത വരവിനു നോക്കാം എന്ന് മനസ്സില്‍ പറഞ്ഞു....

തന്‍റെ പെങ്ങളുടെ മകനെ എട്ടാം ക്ലാസ്സില്‍ തോല്‍പ്പിച്ച ഒരു ചെറിയ പുളിയുമുണ്ട് സൈദാലിക്കാക്ക്.

ഒരു മണിക്കൂറിനു ശേഷം തിരിച്ചെത്തിയ സൈദാലിക്ക..

അല്ല , ഇതാര്.... ബഷീര്‍ മാസ്റ്ററോ... ?

അക്കരക്കാണെങ്കില്‍ ബെക്കം കേരിക്കൊളി കെ,ട്ടി,എസ്സ് [ബസ്സ്] ഇപ്പം പോകും...... !

ഹും ... ! ബഷീര്‍ മാസ്റ്റര്‍ ഒന്നു മൂളി തോണിയിലേക്ക്‌ കയറി....  എന്നാ പിന്നെ തോണി എടുക്കുന്ന ഒരു മട്ടുമില്ല സൈദാലിക്കാക്ക്... "

ചൂണ്ടക്കാരന്‍ മമ്മദ്  വന്നു തോണിയില്‍ കയറി.... കടലുണ്ടി മൊത്തം "ചെമ്പല്ലി കാക്ക" എന്നറിയപ്പെടുന്ന "മമ്മദ്".

അറബിക്കടലും  പുഴയും ചേരുന്ന അഴിമുഖത്ത് പാറകള്‍ക്കിടയില്‍ ചൂണ്ടലിട്ടു ചെമ്പല്ലി എന്നറിയപ്പെടുന്ന ചുവന്ന മീന്‍.... "ഇവിടെ സൌദിയില്‍ ഫാരിസ് എന്ന പേരിലാണ് ഈ മത്സ്യം അറിയപ്പെടുന്നത്...."  ഈ മത്സ്യത്തെ പിടിക്കാനുള്ള പ്രത്യേക വൈഭവം കൊണ്ടാണ് മമ്മദിന് ഈ പേരു വന്നത്.... ഫറോക്കില്‍ നിന്നും, മഞ്ചേരി,വേങ്ങര,മലപ്പുറം,ചെമ്മാട്,രാമനാട്ടുകര  എന്നിവിടങ്ങളില്‍നിന്ന് ഹോട്ടലിലേക്ക് ഈ മത്സ്യം വാങ്ങാന്‍ ചെമ്പല്ലി  കാക്കാനെ തിരഞ്ഞെത്തുന്നു.

എന്താ മാസ്റ്റെ സുഖല്ലേ....... ?   ചെമ്പല്ലി കാക്ക ചോദിച്ചു.. ?

"ഉം...."   ബഷീര്‍ മാസ്റ്റര്‍ ഒരു മൂളലില്‍ ഒതുക്കി......

മാസ്റ്റര്‍ ചോദിച്ചു.... ?

അല്ല സൈദാലി ഇയ്യ് ഇപ്പം തോണി ഇടുക്കാനുള്ള പരിപാടി യുണ്ടോ ... ?

എന്‍റെ ബസ്സ്‌ പോയി എന്നാ തോന്നുന്നത്... !

ചെമ്പല്ലി കക്കാക്ക് നാട്ടില്‍ ഒരുഅടക്കം പറച്ചിലുണ്ട് ... "കരിനാക്കും , കരികണ്ണനും" ആണെന്ന്...  ആ പഹയെന്റെ നോട്ടത്തില്‍ നിന്നും , നാക്കില്‍ നിന്നും വല്ലതും വന്നാല്‍ പിന്നെ ഫലിച്ചതാണ്...... 

"എന്താ നിന്റെ കയ്യില്..?"
കയിലുള്ള സഞ്ചി ചെമ്പല്ലി കാക്കാനെ നോട്ടത്തില്‍നിന്നും മറച്ചുപിടിച്ചിട്ടും അങ്ങേരു അത് കണ്ടു...!

"ങാ, ഇത് കുറച്ചു മീന്‍ സിദ്ധീക്ക് തന്നതാ........."

ഉടനെ ചെമ്പല്ലി കാക്ക പറഞ്ഞു.... സൈദാലിക്കാന്‍റെ തോണീല്‍ പോയാല്‍ കെ ട്ടി എസ്സും , മര്‍ഹബയും കിട്ടൂല .... "കെ എസ്സ് ആര്‍ ടി സി"  കിട്ടിയാലായി.

പറഞ്ഞ പോലെ തന്നെ കരിനാക്ക് ഫലിച്ചു....  തോണിയില്‍ ആളാകാന്‍ കാത്തുനിന്നു നേരം വൈകി അക്കരെയെത്താന്‍....

അതാ നില്‍ക്കുന്നു  "കെ എസ്സ് ആര്‍ ടി സി"  കടലുണ്ടി വഴിക്കടവ് ബസ്സ്‌.ബഷീര്‍ മാസ്റ്റര്‍ സഞ്ചിയും തൂക്കി നടന്നു .... കണ്ടക്റ്റര്‍ മുന്നില്‍ നിന്നു ടിക്കറ്റ് കൊടുക്കാന്‍ തുടങ്ങിയിട്ടേ ഉള്ളൂ....  ബഷീര്‍ മാസ്റ്റര്‍ ആരും കാണാതെ മീന്‍ സഞ്ചി ബേക്കിലെ ഡോറിനടുത്ത് സീറ്റിനടിയില്‍ വെച്ചു...  മെല്ലെ അതിനു തൊട്ടു മറ്റേ സൈഡില്‍ ഇരിപ്പുറപ്പിച്ചു....  നോക്കിയാല്‍ സഞ്ചി കാണാം.

ബസ്സ്‌ യാത്ര തുടങ്ങി..... കുറച്ചു മുന്നോട്ടു പോയപ്പോള്‍ കീസ് പൊട്ടി ഒരു മത്തി പുറത്തു ചാടി...  ഡ്രൈവറുടെ  ബ്രേക്കും കൂടി ആയപ്പോള്‍ മത്തി നേരെ മുന്നോട്ടു.....  ചെന്ന് തടഞ്ഞു നിന്നതോ കണ്ടെക്ടരുടെ കാലിലും.... !

ഇതു കണ്ടതും കണ്ടക്ടര്‍ ഉറക്കെ ചോതിച്ചു .... ?

ആരാ മീനുമായി വണ്ടിയില്‍ കയറിയത് ....  ?

ആരും മിണ്ടുന്നില്ല.... ഒരു വിരുതന്‍ വിളിച്ചു പറഞ്ഞു...  "പൂച്ച യാണെ ....."
ഇതു കേട്ടതും ബസ്സില്‍ കൂട്ട ചിരി ഉയര്‍ന്നു...   

ബസ്സ് പിന്നേയും മുന്നോട്ടു തന്നെ വള്ളിക്കുന്ന് കഴിഞ്ഞപ്പോള്‍ ദാ വരുന്നു ഒരു പുതിയാപ്ല കോര നല്ല ചുവന്ന നിറത്തില്‍ തിളങ്ങുന്ന ജീവനുള്ള കോര.....

മറ്റൊരു യാത്രകാരനായ കുട്ടി കോര ഉയര്‍ത്തിക്കാട്ടി കണ്ടെക്ടരോട് പറഞ്ഞു "പിടക്കുന്ന കോര" യാത്രക്കാര്‍ വീണ്ടും ആര്‍ത്തു ചിരിച്ചു...


 ബസ്സില്‍ പൊട്ടിച്ചിരിയുടെ മാലപ്പടക്കം. കണ്ടക്റ്റര്‍ എല്ലാവരുടെ മുഖത്തേക്കും രൂക്ഷമായൊന്നു നോക്കി. ആ നോട്ടം കൂടുതല്‍ ചിരിക്കു വക നല്‍കി. അയാള്‍ എന്തോ പിറു പിറുത്തുകൊണ്ട് കാലുകൊണ്ട്‌ തട്ടിത്തട്ടി അതും പുറത്തേക്കിട്ടു. പിന്നില്‍ നിന്നും മുന്നില്‍ നിന്നും കമെന്റു വന്നു...

നല്ല കാല്‍ പന്ത് കളിക്കാരനാനല്ലോ ......

മറ്റൊരു വിരുതന്‍ വിളിച്ചു പറഞ്ഞുചൂണ്ടക്കാരന്‍ ചെമ്പല്ലി കാക്കാനെ കൊണ്ടു വന്നാല്‍ ഇനി ചെമ്പല്ലിയും കിട്ടും..

 ഇതു കേട്ടതും കണ്ടക്ടര്‍ക്കു കലി മൂത്തു ....  ഒന്നു രണ്ടു തെറിയോടൊപ്പം ബസ്സില്‍ മീന്‍ എവിടെയാണ് വെച്ചതെന്ന് തിരയാനും തുടങ്ങി.....

ഇതൊക്കെ കണ്ടും കേട്ടും ചിരിച്ചും ബഷീര്‍ മാസ്റ്ററും കണ്ടക്ടറുടെ കൂടെ കൂടി...... ഏതു നായിന്‍റെ മോനാണ് മീന്‍ ബസ്സില്‍ കയറ്റിയെന്ന അക്രോശവുമായി ബഷീര്‍ മാസ്റ്റര്‍ സീറ്റില്‍ നിന്നും എണീറ്റു....  അപ്പോള്‍ ബസ്സ്‌  മാദവാനന്ദ വിലാസം സ്കൂള്‍ അരിയല്ലൂര്‍ ബസ് സ്റ്റോപ്പ്  കഴിഞ്ഞിരുന്നു....മാസ്റ്റര്‍ ചെട്ടിപ്പടി ഹെല്‍ത്ത് സെന്‍റര്‍ എത്തുന്നതിന്‍റെ മുന്‍പായി മീന്‍ പൊതി കയ്യിലെടുത്തു പിന്നേയും കുറച്ചു തന്തക്കു വിളിച്ചു കണ്ടക്ടരോട് മീന്‍ കാണിച്ചു കൊടുത്തു പുറത്തേക്ക് ഒരേറ്....

ചെട്ടിപ്പടി ഹെല്‍ത്ത് സെന്‍റര്‍ല്‍ ബസ്സ്‌ നിറുത്തിയതും  "ഞാനൊന്നും അറിയില്ല രാമനാരായണ" എന്ന മട്ടില്‍ ബസ്സില്‍ നിന്ന് ഇറങ്ങി മുന്നോട്ടു നടന്നു.....

ബസ്സ്‌ മുന്നോട്ടു പോയി കണ്ണില്‍ നിന്നു മറഞ്ഞപ്പോള്‍ തിരിഞ്ഞു ഒരു നടത്തം....

നടത്തിത്തിനിടയില്‍ മീന്‍ സഞ്ചി എറിഞ്ഞ സ്ഥലമൊന്നു
മനസ്സിലാക്കാന്‍  ബഷീര്‍ മാസ്റ്റര്‍ക്ക് പിന്നെയും സമയം വേണ്ടിവന്നു. പൊട്ടിയ സഞ്ചിയില്‍ നിന്നും ചിന്നി ചതറിയ മത്തി പെറുക്കിയെടുത്തു വീട്ടിലേക്കു നടക്കുമ്പോള്‍ ചെമ്പല്ലി കാക്കാന്റെ സഞ്ചിയിലേക്കുള്ള  നോട്ടത്തെ കുറിചോര്‍ത്തുപോയി. പിന്നെ കുറേനേരം ഒരു ദു:സ്വപ്നംപോലെ ആ കണ്ണുകള്‍ മാസ്റ്ററെ പിന്തുടര്‍ന്നു...!  


(ഇതൊരു സംഭവ കഥയാണ്‌, കഥാപാത്രങ്ങള്‍ക്ക് മാറ്റം വരുത്തിയെന്നുള്ളൂ...! ഈ സംഭവം എന്നോട് പറഞ്ഞുതന്ന എന്റെ സുഹൃത്ത് ഫൈസലിനു  കടപ്പാട് അറിയിക്കുന്നു.)

ഇസ്ഹാക്ക് പുഴക്കലകത്ത്.
Post a Comment