Wednesday, June 11, 2014

"അപരിചിതന്‍"

സന്ധ്യാ നേരം...! പുറത്തു ശക്തമായ മഴ പെയ്യുന്നുണ്ടായിരുന്നു ....!

നല്ല വിശപ്പുണ്ട് , തനിച്ചായത്‌ കൊണ്ട് ഭക്ഷണം ഉണ്ടാക്കാന്‍ ഒരു മൂടില്ല...!

രാത്രി പേടിക്ക്‌ കിടക്കാന്‍ വരുന്ന ജേഷ്ട്ടത്തിയുടെ മകന് വല്ലതും കഴിക്കാന്‍ വേണ്ടി വരും ചിലപ്പോള്‍ , അതു ചിന്തിച്ചു കൊണ്ടു റസിയ അടുക്കളയിലോട്ടു കയറി...!

മഴ ശക്തമായി പെയ്തു കൊണ്ടിരുന്നു ...!  

ഇടക്കിടക്ക് അതി ഭയാനക ശബ്ദത്തോടെ ഇടിയും മിന്നലും വന്നു കൊണ്ടിരുന്നു...! 

ചപ്പാത്തിക്ക് മാവ് കുഴച്ചു കൊണ്ടിരിന്നപ്പോള്‍ ആരോ കോളിംഗ് ബെല്ലടിച്ചു...! 

ഇവന്‍ ഇത്ര നേരത്തേ  ഇങ്ങെത്തിയോ ? 

ഐ പി ല്‍ ഫൈനല്‍ ഇന്നാണെന്ന്  അവന്‍ പറഞ്ഞതോര്‍മ വന്നു...! 

Kings X1 panjaab & KKR ആണു ഫൈനല്‍... രാത്രി എട്ടു മണിക്കാണല്ലോ തുടങ്ങുന്നത്....!  Kings X1 panjaab ന്‍റെ ഫേനാണ് കബീര്‍, മാര്‍ഷലിനെ പറ്റിയും മില്ലറെ പറ്റിയും വീരുവും,ബൈലിയുമൊക്കെ പറ്റിയും വാ തോരാതെ സംസാരിച്ചു കൊണ്ടിരിക്കും....! ക്രിക്കറ്റിനെ പറ്റി വല്ല്യ അറിവില്ലാത്തത് കൊണ്ടു ഞാന്‍ ചുമ്മാ തലയാട്ടി കൊണ്ടിരിക്കും....! പലതും ഓര്‍ത്തുകൊണ്ട്‌ വാതില്‍ തുറന്നു....!

വീടിന്‍റെ ഉമ്മറത്ത് ഒരു സുമുഗനായ ചെറുപ്പക്കാരന്‍,  ജീന്‍സും, ടീ ഷര്‍ട്ടുമാണ് വേഷം...! 

പ്രായം ഒരു മുപ്പതിനടുത്തു വരും, ഒറ്റ നോട്ടത്തില്‍ എന്ജിനീയറിങ്ങിനു പഠിക്കുന്ന തന്‍റെ ഏക മകന്‍റെ ഒരു മുഖച്ചായ എവിടിയോ ഉണ്ടോ എന്നു തോന്നി...!

ആരാ..., എന്താ..., ?

നല്ല മഴ ... എന്‍റെ ബൈക്ക് റോഡില്‍ കേടായി നില്‍ക്കുകയാണ്...!

മഴ തോരുന്നത് വരെ ഒന്നിവിടെ നില്‍ക്കുന്നുണ്ട്...! 

ചേച്ചി ഒരു തോര്‍ത്തു തരുമോ... ? 

ആകെ നനഞ്ഞിരിക്കുന്നു ഒന്നു തോര്‍ത്തട്ടെ...! 

റസിയ അകത്തു പോയി തോര്‍ത്തെടുത്ത് കൊടുത്തു...!

അകത്തു കയറി വാതിലടച്ചു...! 

ഞാന്‍ ഒറ്റക്കാണ് വീട്ടില്‍ എന്നോര്‍ത്തപ്പോള്‍ ഉള്ളില്‍ ഒരു ഭയം തോന്നി തുടങ്ങി....! 

മഴ ശക്തി കൂടിക്കൊണ്ടിരുന്നു... അടുത്തൊന്നും വീടുമില്ല..., 

തന്‍റെ അഞ്ചേക്കര്‍ പുരയിടത്തിന്റെ നടുവിലായാണ് ഗഫൂര്‍ വീട് വെച്ചത്....! 
പുള്ളിക്കാരന്‍ എന്തോ ആവിശ്യത്തിനായി  ബേഗ്ലൂര്‍ വരെ പോയതാണ്.., നാളെ രാത്രി ആവും വീട്ടിലെത്താന്‍.., രാത്രി പേടിക്ക്‌ കിടക്കാന്‍ വരുന്ന ജേഷ്ട്ടത്തിയുടെ മകന്‍ ഇതുവരെ എത്തിയുമില്ല... സമയം ഏഴ് മണിയായി.... ഇരുട്ടി തുടങ്ങി...!

വീണ്ടും കോളിംഗ് ബെല്ലിന്‍റെ ശബ്ദം കേട്ടു ...! 

റസിയ വാതില്‍ തുറക്കാതെ ജനല്‍ തുറന്നു നോക്കി... 

ആ ചെറുപ്പക്കാരന്‍ നിന്ന് വിറക്കുന്നു ....! 

എന്താ....? 

റസിയ ചോദിച്ചു..?

വല്ലാത്ത വിറയല്‍ , ചേച്ചീ ഒരു കട്ടന്‍ ച്ചായ തരുമോ...? 
ആ മുഖത്തെ ദയനീയ ഭാവം മനസ്സിനെ ഒന്നുലച്ചുവോ..!
 
ഒന്നും പറയാതെ കിച്ചനിലേക്ക് കയറി... ചായക്ക്‌ വെള്ളം വെച്ചു...! 

പുറത്തു ശക്തമായി കാറ്റടിക്കുന്നുണ്ടായിരുന്നു... 

മഴയാണെങ്കില്‍ പൂര്‍വ്വാധികം ശക്തി യില്‍ പെയ്തു കൊണ്ടിരുന്നു...! 

പെട്ടന്നാണ് ഒരു ഘോര ശബ്ദത്തോടെ ഒരിടി വെട്ടിയത് ...! 

അതോടെ കരന്റും പോയി, തപ്പി തടഞ്ഞു എമര്‍ജന്‍സി ലൈറ്റ് എടുത്തു കത്തിച്ചു ....!

ചായയുമായി വാതില്‍ തുറന്നതും പ്രദീക്ഷിക്കാതെ ആ ചെറുപ്പക്കാരന്‍ വേച്ചു വേച്ചു വിറച്ചു കൊണ്ടു അകത്തു കയറി....! 

ചേച്ചീ എനിക്കൊന്നു കിടക്കണം വല്ലാതെ തല കറങ്ങുന്നു..., ഇത് പറഞ്ഞു കൊണ്ടു ഞാന്‍ വല്ലതും പറയാനോരുങ്ങുന്നതിനു മുന്‍പായി തന്നെ ഹാളിനോടു ചേര്‍ന്നുള്ള വിസിറ്റിംഗ് റൂമില്‍ കയറി ചൂടുള്ള ചായ മോന്തി ക്കുടിച്ചു തറയിലെ കാര്‍പെറ്റില്‍ കിടന്നു...!

ചേച്ചീ ... ചേച്ചീ... ഇവിടെ സാംസങ്ങ്  മൊബൈല്‍ ചാര്‍ജര്‍ ഉണ്ടോ... ?

എന്‍റെ ഫോണ്‍ ചാര്‍ജു കഴിഞ്ഞിരിക്കുന്നു ....! 

ഞാന്‍  "നോക്കിയ" ആണ് ഉപയോഗോക്കുന്നത് ...! 

ഇക്ക "ഐ ഫോണ്‍" ആണ് ഉയോഗിക്കുന്നത് .. 

സാംസങ്ങ് ചാര്‍ജര്‍ ഇല്ല...! 

ചേച്ചീ എനിക്ക് തീരെ വയ്യ എന്‍റെ വീട്ടിലെ  നമ്പറിലേക്ക് ഒന്നു വിളിക്കൂ........!

"ഓക്കെ ...

 എന്നു പറഞ്ഞു എമര്‍ജന്‍സി ലൈറ്റ് എടുത്തു ഫോണ്‍ എടുക്കാന്‍ തിരിഞ്ഞപ്പോള്‍ അതാ വീണ്ടും കൊളിഗ് ബെല്‍ അടിക്കുന്നു...!

പെട്ടന്നു ഓഫീസ് റൂമിന്‍റെ ഡോര്‍ പൂട്ടി താക്കോലെടുത്ത് കയ്യില്‍ പിടിച്ചു മെയിന്‍ ഡോര്‍ ലക്ഷ്യമാക്കി തിരിഞ്ഞതും അതാ തൊട്ടു മുന്നില്‍ ജേഷ്ട്ടത്തിയുടെ മകന്‍ കബീര്‍ നില്‍ക്കുന്നു...! 

ഈ താത്താക്ക് ഇന്നെന്തു പറ്റി കരന്റില്ല എന്നിട്ടും മുന്‍ വാതില്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു....

ഇന്നു കളി കാണാന്‍ പറ്റുമോ ആവോ എന്നു പറഞ്ഞു കൊണ്ടു കബീര്‍ ഹാളിലെ  ടിവി ക്കു മുന്നിലുള്ള കസേരയില്‍ ഇരുപ്പുറപ്പിച്ചു...!

റസിയ അടിമുടി ഒന്നു വിറച്ചു... രണ്ടു മൂന്നു നിമിഷത്തേക്ക് ഒന്നും ഉരിയാടാന്‍ പറ്റിയില്ല....!

പിന്നെ ഒരു വിതത്തില്‍ ചോദിച്ചു.., നീ ഭക്ഷണം കഴിച്ചിട്ടുണ്ടോ ?

ഇന്നു ഉമ്മ നല്ല ബീഫ് ഉണ്ടാക്കിയിരുന്നു ... അതു കഴിച്ചിട്ടാണ് ഞാന്‍ വരുന്നത്, എനിക്കൊന്നും വേണ്ട...!

ഇത്ത കിടന്നോളൂ.., കരന്റ് വരുമോ എന്നു നോക്കട്ടെ എന്നു പറഞ്ഞു തന്‍റെ സ്മാര്‍ട്ട്‌ ഫോണില്‍ ഫേസ്ബുക്ക് തുറന്നു ബിസിയായി.

ഇനി എന്താണ് ചെയ്യേണ്ടത് എന്നറിയാതെ ആകെ വിഷമത്തിലായി റസിയ ,

കബീറിനോട് നടന്നതൊക്കെ തുറന്നു പറഞ്ഞാലോ, അവെനെന്താണ് വിജാരിക്കുക , 

സത്യം വിശ്വസിക്കണമെന്നില്ല.....!

ഇക്ക ഇല്ലാത്ത നേരത്ത് തന്‍റെ കാമുകനെ വീട്ടില്‍ വരുത്തിയതാണെന്നു കരുതിയാലോ.. ?

ഗഫൂറിന്റെ സ്വഭാവം ആലോജിച്ചപ്പോള്‍ ഒന്നു കാളി..! 

പുള്ളിക്കാരന്‍ വെട്ടൊന്ന് കഷ്ണം രണ്ട് എന്ന സ്വഭാവക്കാരനാണ്....,

ഏതായാലും കുറച്ചു നേരം കാക്കാം ....! 

കരന്റ് വന്നില്ലങ്കില്‍ കബീര്‍ പുറത്തു പോകുമെന്ന് റസിയക്കറിയാം...!

ആ സമയത്ത് അയാളെ ഇറക്കി വിടാം എന്നു കരുതി, പാവം വല്ലാതെ വിറക്കുന്നുണ്ടായിരുന്നല്ലോ...?

ഇപ്പോള്‍ ഒന്നും അവനോടു പറയണ്ട എന്നു തീരുമാനിച്ചു,

ഒരു ഒന്‍പത് മണിയായപ്പോള്‍ പ്രതീക്ഷക്ക് വിപരീതമായി കരന്റും വന്നു...!

കബീര്‍ ഫൈനല്‍ കാണുന്ന തിരക്കിലും... 

ഓഫീസ് റൂം തുറക്കാന്‍ റസിയക്ക് ദൈര്യം വന്നില്ല... 

ഒരു കാര്യം ശ്രദ്ധിച്ചു, അയാള്‍ പുറത്തേക്ക് വരാന്‍ വാതിലില്‍ മുട്ടിയും ഇല്ല....!

ഇനി കളി കഴിയാതെ കബീര്‍ അവിടെ നിന്നും എണീക്കില്ല എന്നുറപ്പായി...!

മിനുട്ടുകള്‍ക്കു മണിക്കൂറുകളുടെ ദൈര്‍ഘ്യമുണ്ടെന്നു തോന്നി  റസിയക്ക്...! 

കാത്തിരുന്നു ക്ഷീണിതയായി എപ്പോഴോ ഒന്നു മയങ്ങി... പെട്ടെന്ന് ഞെട്ടി എണീറ്റു വാച്ചില്‍ നോക്കിയപ്പോള്‍ സമയം രാത്രി രണ്ടു മണി...! 

ശബ്ദമുണ്ടാക്കാതെ വാതില്‍ തുറന്നു ഹാളിലെത്തി... കബീര്‍ കളി കഴിഞ്ഞു മുകളിലെ റൂമിലേക്ക്‌ ഉറങ്ങാന്‍ പോയിരിക്കുന്നു , സാവദാനത്തില്‍ ശബ്ദമുണ്ടാകാതെ ശ്രദ്ദിച്ചു ഓഫീസ് റൂം തുറന്നു... 

അതിശയം തോന്നാതിരുന്നില്ല ആ അക്ഞാത യുവാവ് താന്‍ മുറിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഉള്ള അതെ സ്ഥലത്തു തന്നെ ആ കാര്‍പെറ്റില്‍ കിടക്കുന്നു....

മെല്ലെ അരികില്‍ ചെന്നു വിളിച്ചു...!

ഹലോ ഹലോ .... അയാള്‍ അനങ്ങുന്നില്ല ...

വീണ്ടും കുറച്ചു ഉച്ചത്തില്‍ വിളിച്ചു അയാള്‍ ഒന്നും പ്രതികരിക്കുന്നില്ല ... 

അവളുടെ മനസ്സിലൂടെ ഒരു കൊള്ളിയാന്‍ മിന്നി..... 

പിന്നെ ഒന്നു തൊട്ടു കുലുക്കി വിളിച്ചു.....,

അയാള്‍ കണ്ണ് തുറക്കുന്നില്ല... 

ഉണരുന്നില്ല...  

തന്‍റെ സകല നാടികളിലും രക്തം കട്ടപിടിക്കുന്ന പോലെ തോന്നി..... 

അനങ്ങാന്‍ പറ്റുന്നില്ല... 

തൊണ്ടയിലൂടെ ശബ്ദം പുറത്തു വരാതെയായി... 

അങ്ങനെ ആ അപരിചിതന്റെ അടുത്ത് ജീവശ്ശവം പോലെ എത്ര നേരമിരുന്നെന്നറിയില്ല ...

സുബോധം  വന്നപ്പോള്‍ അയാളുടെ നെറ്റിയിലും , കൈകളിലും തൊട്ടു നോക്കി... നല്ല തണുപ്പനുബവപെട്ടു...

മൂക്കിനു നേരെ വിരല്‍ വെച്ചു നോക്കി... ശ്വാസം നിലച്ചിരുക്കുന്നു... അതെ ആ സത്യം റസിയയെ തളര്‍ത്തി... ആ അപരിചിതന്‍ മരണത്തിനു കീഴടങ്ങിയിരിക്കുന്നു... ആ സത്യം ഓര്‍ക്കും തോറും കൂടുതല്‍ കൂടുതല്‍ അവള്‍ തളരാന്‍ തുടങ്ങി.

ഇനിയെന്തു ചെയ്യും... ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല ...!

ആരോട് പറയും, ആരും എന്‍റെ സത്യാവസ്ഥ മനസ്സിലാക്കില്ല... ഞാനൊരു വലിയ കുടുക്കിലാണ് ചെന്നു പെട്ടതെന്ന് ആലോചിക്കും തോറും ആദി കൂടി വന്നു, പക്വത എത്താത്ത കബീറിന് എന്നെ സഹായിക്കാന്‍ പറ്റില്ല..., ഇക്കാനോട് എന്തു പറഞ്ഞാലും സംശയത്തിന്‍റെ ഒരു നൂറു നൂറു ച്യോദ്യങ്ങള്‍ എങ്ങനെ നേരിടും എന്നാലോചിച്ചു ആകെ വിഷമത്തിലായി...!

ആത്മഹത്യ ചെയ്താലോ എന്നു പോലും ചിന്തിച്ചു... 

അപ്പോഴും ഞാന്‍ തെറ്റു കാരി തന്നെ... 

കുടുംബത്തിലും,സമൂഹത്തിലും എന്നെ പറ്റി പല കഥകള്‍ നാട്ടുകാര്‍ പറഞ്ഞുണ്ടാക്കും.. 

എന്‍റെ മകന്‍റെ ഭാവി...

ഇക്കാന്റെ ബാക്കിയുള്ള ജീവിതം... 

എന്നെ പോന്നു പോലെ നോക്കിയിരുന്ന ഇക്ക ഇനി എന്‍റെ പേരില്‍ നാളെ നാട്ടുകാരുടെയും കുടുംബത്തിലും തല കുനിച്ചു നടക്കേണ്ട അവസ്ഥ...

വയ്യ.... വയ്യ.... ആത്മഹത്യ ചെയ്യാന്‍ പാടില്ല, എങ്ങനെയെങ്കിലും ഈ  പ്രതിസന്ധി തരണം ചെയ്തേ മതിയാവൂ....!

പിന്നെ ചിന്ത മറ്റൊരു വഴിയിലൂടെ സഞ്ചരിച്ചു .... 

ബഷീര്‍ക്കക്ക് എന്നെ സഹായിക്കാന്‍ പറ്റുമോ... ?
  
തന്നോടപ്പം  മദ്രസ്സയിലും സ്കൂളിലും പത്താം ക്ലാസ് വരെ ഒരുമിച്ചു പഠിച്ചിരുന്ന സുഹൃത്ത്... ഇപ്പോഴും നല്ല കുടുംബ സുഹൃത്ത്... ഇടക്കിടക്ക് വീട്ടില്‍ വരാറുണ്ട് ....  ഫോണ്‍ ചെയ്യാറുണ്ട് ... മകന്‍റെ പഠിത്തത്തിനെ പറ്റി അന്വഷിക്കാറുണ്ട് ....  നല്ല സ്നേഹത്തോടെയുള്ള പെരുമാറ്റം ...! അയാള്‍ എന്നെ സഹായിക്കുമോ ...? കുറേ നേരത്തെ ആലോജനക്ക് ശേഷം ഒന്നു മനസ്സില്‍ തീരുമാനിച്ചുറച്ചു...! 

ആരോടെങ്കിലും ഈ കാര്യം പറഞ്ഞേ തീരു....! 

സഹായിക്കാനുള്ള മനസ്സ് ബഷീര്‍ കാണിക്കുമെന്നു കരുതാം...!

പിന്നെ ഒരു ഊര്‍ജം സ്വയം കൈവരിച്ച പോലെ തോന്നി...! 

നേരം കിഴക്ക് വെള്ള കീറി തുടങ്ങിയിരിക്കുന്നു... അങ്ങു അകലെ അമ്പലത്തില്‍ നിന്നും പ്രഭാത ഗീതം കേള്‍ക്കുന്നുണ്ട്.... പള്ളിയില്‍ നിന്നും ബാങ്കു വിളി ഉയര്‍ന്നു.... കാവില്‍ നിന്നും കുറുക്കന്മാര്‍ ഓരിയിടുന്നു...

ഉടനെ ബെഡ് റൂമില്‍ പോയി അലമാര തുറന്നു ഒരു വലിയ ബെഡ് ഷീറ്റെടുത്ത് കൊണ്ടുവന്നു ... പിന്നെ ഒരു വിതത്തില്‍ ആ അപരിചതന്റെ ബോഡി വലിച്ചു സോഫക്കു പിറകു വശത്തെത്തിച്ചു ...! ആ വലിയ ബെഡ് ഷീറ്റ് സോഫയടക്കം ബോഡി കവര്‍ ചെയ്യുന്ന രീതിയില്‍ മൂടി ഇട്ടു...! ഉടനെ അയാള്‍ കിടന്നിരുന്ന കാര്‍പെറ്റ് ശരിയാക്കി,
ടീപ്പോയി നേരെ വച്ചു എല്ലാം പഴയ രീതിയില്‍ തന്നെയാക്കി...! 

ഒറ്റ നോട്ടത്തില്‍ ആരെങ്കിലും കണ്ടാല്‍ മഴയായതു കൊണ്ടു ഈറന്‍ ഉണങ്ങാന്‍ ഒരു ബെഡ് ഷീറ്റ് സോഫക്കു മുകളില്‍ വിരിച്ചിരിക്കുകായാണെന്നേ തോന്നുകയുള്ളൂ....

കളി കണ്ടു ലേറ്റായി കിടന്നതു കാരണം കബീര്‍ എണീക്കാന്‍ എട്ടു മണിയായി... ഇന്നു കോളേജില്‍ പോകാന്‍ നേരം വൈകി എന്നു പറഞ്ഞു പെട്ടെന്നു തന്നെ പോയി...! കുളിയും ചായയുമെല്ലാം ഞാന്‍ വീട്ടില്‍ നിന്നു ആയിക്കോളാം എന്നു പറഞ്ഞു.....  ഞാന്‍ അടുക്കളയിലേക്കു കയറിയിട്ട് പോലുമില്ലായിരുന്നു.

കബീര്‍ പോയ ഉടനെ ഫോണെടുത്തു ബഷീറിനെ വിളിച്ചു...!

ഹലോ... ഹലോ.. ബഷീര്‍ക്കയല്ലേ ...!
     
അതെ... ഇത് റസിയയാണ്.... 

എനിക്ക് മനസ്സിലായി... എന്തേ..?

ഒന്നു വീട് വരെ വരുമോ...?

എനിക്കൊരു കാര്യം പറയാനുണ്ട്...

പറഞ്ഞോളൂ..... 

അത് ഫോണില്‍ പറയാന്‍ പറ്റില്ല....!

ഒന്നിവിടെ വരെ വരൂ.... 

ഞാന്‍ അതി രാവിലെ ടൌണില്‍ വന്നതാണ് .... 

ഒരു സ്നേഹിതന്റെ മകളുടെ സ്കൂള്‍ അഡ്മിഷന്‍ കാര്യത്തിന് മൂന്ന് മണിയാകും നാട്ടിലെത്താന്‍.... 

എത്തിയാല്‍ ഉടനെ വരാം...

പിന്നെ ഒന്നും പറയാന്‍ പറ്റിയില്ല .... ഫോണ്‍ കട്ടു ചെയ്തു.

ഇന്നലെ വൈകുന്നേരത്തിനു ശേഷം ഒരു ജലപാനവും നടത്തിയിട്ടില്ലായിരുന്നു...

വിശപ്പ്‌ ഉണ്ടോ ഇല്ലയോ എന്നു അറിയാത്ത ഒരവസ്ഥ....! 

ഒരു ഗ്ലാസ് വെള്ളം കുടിച്ചു... നില്‍ക്കാനും ഇരിക്കാനും പറ്റാത്ത ഒരവസ്ഥ....!  

മൊബൈല്‍ ബെല്ലടിക്കുന്നു എടുത്തു നോക്കിയപ്പോള്‍ മകനാണ്..., ഇന്നു കോളേജില്‍ സമരമാണ്... പറ്റിയാല്‍ വരാം എന്നു പറഞ്ഞു... എല്ലാം ഒരു മരവിപ്പ് പോലെ തോന്നി.... മകന്‍റെ ഫോണ്‍ വന്നാല്‍ വാ തോരാതെ സംസാരിക്കുന്ന ആളാണ്.... ഉമ്മ ഒന്നും സംസാരിക്കാതായപ്പോള്‍ മകന്‍ ചോദിച്ചു...!

എന്തു പറ്റി ഉമ്മാക്ക്...?

ഒന്നുമില്ല രാവിലെ മുതല്‍ തലവേദന ... അതാണ്‌....

ഓക്കെ ... എങ്കില്‍ ഉമ്മ റസ്റ്റ്‌ എടുത്തോളൂ... ഞാന്‍ ഒരു ദിവസത്തിനായി വരുന്നില്ല... ഞാന്‍ വന്നാല്‍ ഭക്ഷണം ഉണ്ടാക്കലും ഒക്കെ ആയി ഉമ്മാക്ക് റസ്റ്റ്‌ കിട്ടില്ല....!

ഞങ്ങള്‍ സുഹൃത്തുക്കള്‍ എല്ലാവരും കൂടി ചേര്‍ന്നു ഒരു സിനിമക്ക് പോകണമെന്ന് കരുതുന്നു... "ബേഗ്ലൂര്‍  ഡെയ്സ്" ഓക്കെ ഉമ്മാ ഞാന്‍ നാളെ വിളിക്കാം....!

ഒന്നും തലയില്‍ കയറുന്നുണ്ടായിരുന്നില്ല....!

ഒരു പന്ത്രണ്ടു മണിയായപ്പോള്‍ ഗഫൂര്‍ വിളിച്ചു...

ഞാന്‍ ബേഗ്ലൂരില്‍ നിന്നും പുറപെട്ടു, വൈകീട്ട് ഏഴ് മണിയാകുമ്പോള്‍ വീട്ടിലെത്തും എന്നറിയിച്ചു...

പിന്നേയും കാത്തിരിപ്പിന്‍റെ മണിക്കൂറുകള്‍... തന്‍റെ ഏക ആശ്രയം ബഷീര്‍ തന്നെ സഹായിക്കുമെന്ന് തന്നെയായിരുന്നു....! 

മൂന്നു മണിയായപ്പോള്‍ ബഷീര്‍ എത്തി, റസിയ  കാര്യങ്ങളൊക്കെ വിശദമായി പറഞ്ഞു... 

എന്നെ എങ്ങിനെയെങ്കിലും രക്ഷിക്കണം എന്നു കേണപേക്ഷിച്ചു...! ഈ കാര്യം ഞാനും നിങ്ങളും അല്ലാതെ വേറെ ആരും അറിഞ്ഞിട്ടില്ല എന്നും പറഞ്ഞു...!

ബഷീറിന്റെ മനസ്സിലെ ശൈത്താന്‍ സകുടഞ്ഞെണീറ്റു..

നീണ്ട മൌനത്തിനു ശേഷം അവന്‍  ഇങ്ങിനെ പറഞ്ഞു...

ഞാന്‍ സഹായിക്കാം....

പക്ഷേ.......  

കുട്ടിക്കാലം മുതലേയുള്ള എന്‍റെ ഒരാഗ്രഹമാണ്  റസിയയെ കുറച്ചു നേരത്തേക്കെങ്കിലും എന്റേതു മാത്രമായി തീരണമെന്നു....! 

പറയൂ റസിയാ .... നിന്നെ എനിക്ക് അത്രക്ക് ഇഷ്ട്ടമാണ്... 
എന്‍റെ ആഗ്രഹം നീ സാധിച്ചു തരില്ലേ...?

ഇതു കേട്ട റസിയ ആകെ സ്തംഭിച്ചു പോയി...!

എന്താണ് ബഷീര്‍ പറയുന്നത്... 

ഇത്ര കാലം ഞാന്‍ കാത്തു സൂക്ഷിച്ചിരുന്ന ജീവിത ശുദ്ധി ഈ പിശാചിന്റെ മുന്നില്‍ അടിയറ വെക്കുകയോ...!

പിന്നെന്തിനു ഞാന്‍ ജീവിച്ചിരിക്കണം...
ഇത്രത്തോളം പൈശാചിക ചിന്തയും മാംസ കൊതിയനും ആയിരുന്നോ ഞാന്‍ ഇത് വരെ എന്‍റെ ആത്മസുഹൃത്തായി കണ്ടിരുന്നത്‌..! 

ഓരോ സമയാ സമയങ്ങള്‍ വരുമ്പോഴാണ് മനുഷ്യന്‍റെ തനി സ്വഭാവം പുറത്തു വരുന്നത്...!

"യാ അല്ലാഹ്" ഇതെല്ലാം നിന്‍റെ സൃഷ്ട്ടികള്‍ തന്നെയല്ലയോ... ?

റസിയ ഒന്നും പറയാതെ തലയില്‍ കൈയ്യും വെച്ചു ഒരിരുപ്പായി....!

ബഷീറിനു പ്രദീക്ഷ കൂടി വന്നു....!

തൊട്ടടുത്തെത്തി അവളുടെ കൈ പിടിച്ചു....! 

പെട്ടന്നു സര്‍വ ശക്തിയും സംഭരിച്ചു കുതറി ഒരാക്രോശവുമായി അവനെ തള്ളി നിലത്തിട്ടു....!

നിനെക്കെങ്ങനെ ഇത്ര ക്രൂരനാവാന്‍ പറ്റി...!

മനസ്സിലിരുപ്പ് കൊള്ളാം , ഇത്രയും കാലം നീ എന്നെ ഈ കണ്ണു കൊണ്ടാണ് കണ്ടിരുന്നത്‌ അല്ലെ.. ?

പിശാചാണ് നീ ... പോ എന്‍റെ മുന്നില്‍ നിന്ന്... എനി ഒരിക്കലും എന്‍റെ മുന്നില്‍ വന്നു പോകരുത്... എന്നെ ഒരു കൊലപാതകി ആക്കരുത്... പോ..... പോ ...... എന്നാക്രോശിച്ചു ആട്ടി വിട്ടു .......! 

ബഷീര്‍ ഞാനെല്ലാം ഗഫൂറിനോട് പറയും എന്നു ഭീഷണി മുഴക്കിയാണ് പോയത്.

ഇനി എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചിരുന്നു നേരം പോയതറിഞ്ഞില്ല...!

നിറുത്താതെയുള്ള  കോളിംഗ് ബെല്ലിന്‍റെ ശബ്ദം കേട്ടാണ് ചിന്തയില്‍ നിന്നുണര്‍ന്നത്‌...

സമയം രാത്രി ആയിരിക്കുന്നു....

വാതില്‍ തുറന്നതും കൈയ്യില്‍ കുറേ പൊതികളുമായി ഗഫൂര്‍ മുന്നില്‍...  

ഞാന്‍ കരുതി കരന്റില്ലാ എന്ന്.... ഉമ്മറത്ത് ലൈറ്റിട്ടില്ല... ഗേറ്റ് ലൈറ്റും ഇട്ടിട്ടില്ല.... നിനക്കിതെന്തു പറ്റി...!

തല താഴ്ത്തി കൊണ്ടു അവള്‍ പറഞ്ഞു , നല്ല തല വേദന ഒന്നു മയങ്ങി പ്പോയി....!

ഈ നേരത്ത് നീ കിടക്കാത്തതാണല്ലോ.... 

സ്നേഹത്തോടെ ഒന്നു ആലിംഗനം ചെയ്തു നെറുകയില്‍ ഒരുമ്മ കൊടുത്തു കൊണ്ടു പറഞ്ഞു....

നീ ഭക്ഷണം എടുത്തു വെക്ക്... ഞാനൊന്ന് ഫ്രഷ്‌ ആയി വരാം.....!

ഇന്നലെ രാത്രി ഉണ്ടാക്കിയ ചപ്പാത്തിയും കറിയും ചൂടാക്കി കൊടുത്തു....!

**************************

"ഞാനാരേയും കൊന്നിട്ടില്ലേ........"

"ഞാന്‍ നിരപരാതിയാണ്‌......." 

"ഞാന്‍ നിരപരാതിയാണ്‌ .....

"എന്നെ രക്ഷിക്കൂ...... എന്നെ രക്ഷിക്കൂ.........."


നിറുത്താതെ യുള്ള നിലവിളി  കേട്ടു കൊണ്ടാണ്  ഗഫൂര്‍ ഉറക്കത്തില്‍ നിന്നും എണീറ്റത്.....!

"റസിയാ.......  "റസിയാ....... "റസിയാ.......
 
എന്നു കുലുക്കി വിളിച്ചു കൊണ്ടു പറഞ്ഞു, നിന്നോട് എത്ര പ്രാവശ്യം പറഞ്ഞതാ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഉള്ള  "ദുആ"  [പ്രാര്‍ത്ഥന] ചൊല്ലി  കിടക്കണമെന്ന്....

ഇത് പാതിരാത്രിക്ക്‌ പിച്ചും പേയും പറഞ്ഞ് മനുഷ്യനെ  പേടിപ്പിക്കാന്‍ ....!

ഒരു നിമിഷം റസിയ സ്തംഭിച്ചു പോയി... ചാടി എണീറ്റു കട്ടിലില്‍ നിന്നിറങ്ങി ഓഫീസ് റൂമിലേക്കോടി... 

അവിടെ ആരുമില്ല ...  ആ അപരിചിതന്റെ  ബോഡിയുമില്ല ...

ഞാന്‍ ഒരു നീണ്ട സ്വപ്നത്തിലായിരുന്നു എന്നു തിരിച്ചറിയാന്‍ വീണ്ടും നിമിഷങ്ങള്‍ എടുത്തു....! 

തിരിഞ്ഞു നോക്കിയപ്പോള്‍ തന്‍റെ പ്രിയപ്പെട്ടവന്‍ തന്‍റെ മുന്നില്‍ നില്‍ക്കുന്നു...!

നിനക്കിതെന്തു പറ്റി... ?

പിന്നെ ആ മാറിലേക്ക്‌ തല ചായ്ച്ചു ഒരു തേങ്ങലായിരുന്നു.

Post a Comment