Saturday, May 14, 2016

പ്രിയ അബ്ബാസ് സാര്‍...

പ്രീ-ഡിഗ്രീ സെകന്റ് ഇയര്‍.. കോളേജ് ഡേ... കാമ്പസ് ഉത്സവലഹരിയില്‍ ആണ്..! പ്രോഗ്രാമുകള്‍ ഓരോന്നായി സ്റ്റേജില്‍ അരങ്ങു തകര്‍ക്കുന്നു.. കാമ്പസ് മുഴുവനും പൊട്ടിച്ചിരിയുടെ മയാലോകത്തേക്ക് കൂട്ടികൊണ്ടുപോയി ഹനീഫ അമ്പാടി യുടെ മിമിക്രി അരങ്ങു വാഴുകയാണ്. ഞങ്ങള്‍ എട്ടുപേര്‍ സ്റ്റേജിനു ബാക്കിലെ ഗ്രീന്‍ റൂമില്‍ ശ്വാസം അടക്കിപ്പിടിച്ചിരിപ്പാണ്. അടുത്തത് ഞങ്ങളുടെ പരിപാടിയാണ്.. “ഗ്രൂപ്പ് ഡാന്‍സ് ആണ്‍കുട്ടികള്‍..” കോസ്റ്റ്യൂം കണ്ടു പലരും ചോതിക്കുന്നുണ്ട്... എന്ത് ഡാന്‍സ് ആണെന്ന്.. ആര്‍ക്കും വ്യക്തമായ ഒരുത്തരം നല്‍കാതെ കാണൂ എന്ന് മാത്രം പറഞ്ഞു..! നീല ജീന്‍സും മഞ്ഞ ടീഷര്‍ട്ടും ബ്ലാക്ക് ഷൂസും ഫാന്‍റം ഓവര്‍ കോട്ടുമാണ് വേഷം. എല്ലാവരും ടെന്‍ഷനില്‍ ആണ്... NCC കേടറ്റിനാണ് കര്‍ട്ടന്‍ വലിക്കുന്ന ചുമതല... അവനോടു ആദ്യം തന്നെ പറഞ്ഞു.. പാട്ടു കഴിയാതെ ഒരു കാരണവശാലും കര്‍ട്ടന്‍ താഴ്ത്തരുത്.. കേസറ്റ് പ്ലേ ചെയ്യാന്‍ ഓപ്പെറേറ്റര്‍ക്ക് കൊടുത്തു. അവനോടും പറഞ്ഞു.. ആര് വന്നു പറഞ്ഞാലും ഒഫാക്കരുത്. സമയം അടുത്തു... നെഞ്ചിടിപ്പ് കൂടി.. അനൌണ്‍സ്മെന്റ് വന്നു.. കേസറ്റ് പ്ലേ ചെയ്തു... അന്ന് യുവാക്കളുടെ ഹരമായിരുന്ന ബോണി എം ആല്‍ബത്തിലെ റാസ്പുട്ടിന്‍ എന്നഗാനം മൈക്കിലൂടെ ഒഴുകുകയായി... കര്‍ട്ടന്‍ ഉയര്‍ന്നു. ഒരു മാസത്തിലതികം പ്രാക്ടീസ് ചെയ്തു പഠിച്ച ഡാന്‍സ് വളരെ ഭംഗിയായി വിവിത സ്റ്റെപ്പുകളോടെ അവതരിപ്പിച്ചു. നല്ല കയ്യടിയോടു കൂടി തന്നെ കോളേജ് മുഴുവനും സ്വീകരിച്ചു.. ഞങ്ങള്‍ ഹീറോകളായി.. ഗ്രൂപ്പ് ഡാന്‍സ് ആണ്‍കുട്ടികളുടെത് വേറെ ഇല്ലാത്തതുകൊണ്ട് ഞങ്ങള്‍ക്ക് തന്നെ ഒന്നാം സമ്മാനം എന്ന് കരുതിയ ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് അബ്ബാസ് സാറിന്‍റെ അനൌന്‍സ്മെന്റ് വന്നു.. ഗ്രൂപ്പ് ഡാന്‍സ് WESTERN ആയതുകൊണ്ട് DISQUALIFY ആയിരിക്കുന്നു. സി സോണില്‍ പങ്കെടുക്കാന്‍ പറ്റില്ല. ഞങ്ങള്‍ ബഹളമായി, വാക്കുതര്‍ക്കമായി.. കുറേ സീനിയര്‍ കുട്ടികളും ഞങ്ങളുടെ പക്ഷം ചേര്‍ന്ന് സംസാരിച്ചു... അവസാനം അബ്ബാസ്‌ സര്‍ ഒരു നിര്‍ദ്ദേശം വെച്ചു.. ഡാന്‍സ് WESTERN സ്റ്റൈലില്‍ നിന്നും മാറ്റി EASTERN സ്റ്റൈലില്‍ ആക്കിയാല്‍ അവസരം തരാം.. നിവിര്‍ത്തിയില്ലാതായപ്പോള്‍ ഓക്കെ പറഞ്ഞു. വേറെ ഡാന്‍സ് പ്രാക്ടീസ് തുടങ്ങിയതായും അറിയിച്ചു. പ്രാക്ടീസ് കാണണം എന്ന് പറഞ്ഞിരുന്നെങ്കിലും അവസാന നിമിഷം അബ്ബാസ് സര്‍ സ്റ്റേജില്‍ കയറാനുള്ള സ്ലിപ് തന്നു. ‘സാറിന് എല്ലാം നേരത്തേ അറിയാമായിരുന്നു.’ അങ്ങിനെ മലപ്പുറം കോളേജില്‍ സി സോണ്‍ കലോത്സവത്തില്‍ ഞങ്ങളുടെ വെസ്റ്റേണ്‍ ഡാന്‍സ്‌ അരങ്ങേറി. സമ്മാനമൊന്നും കിട്ടിയില്ലെങ്കിലും കുറേ പേര്‍ അഭിനന്ദിച്ചു..! ഇന്നത്തെ സായാഹ്നത്തില്‍ ഉമ്രക്കു വന്ന അബ്ബാസ്‌ സാറിനും ഫാമിലിക്കും PSMO COLLEGE ALUMNI ജിദ്ദ ഒരുക്കിയ സ്വീകരണത്തില്‍ ഞാന്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ സ്റ്റേജില്‍ ഇരുന്നുകൊണ്ട് മുപ്പതിന്റെ ഊര്‍ജ്ജസ്വലതയോടെ ഓര്‍മ്മയുടെ ചെപ്പ് തുറന്ന് ചിരിക്കുന്ന ആ വലിയ കലാസ്നേഹിയെ ഞാന്‍ വീണ്ടും കണ്ടു..! അദ്ദേഹത്തിന്റെയും കുടുംബത്തിന്‍റെയും ഉംറയും മറ്റു എല്ലാ നല്ല മുറാതുകളും അല്ലാഹു സ്വീകരിക്കുമാറാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ..!!


Wednesday, May 11, 2016

എന്‍റെ കലാലയം.

26 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു, കോളേജ് കാലത്തെ ഓര്‍മ്മകള്‍ക്ക് വൃത്തിയുള്ള അരികുകള്‍ ഇല്ലാതായിരിക്കുന്നു, മഞ്ഞുമൂടിയ ഓര്‍മ്മകള്‍ തെന്നലിന്‍റെ വരവോടെ മങ്ങിയും തെളിഞ്ഞും തലച്ചോറിനെ ഉദ്ബോധനം ചെയ്തുകൊണ്ടിരുന്നു.! ഇന്നില്‍നിന്നും ഇന്നലെയിലേക്ക് ഒരു നടത്തം.. ഇന്നലെയില്‍ നിന്നും നാളെയിലേക്ക് സംഭരിക്കാവുന്ന ഇത്തിരി ഊര്‍ജ്ജം. ആ ഓര്‍മ്മകളില്‍ നാളെ ജീവിച്ചു തീര്‍ക്കണം..!

തിരൂരങ്ങാടി പി എസ് എം ഒ കോളേജിലെ അഞ്ചു വര്‍ഷത്തെ ജീവിതം എനിക്കെന്നും സ്മരണീയമാക്കുന്നത് ആ കലാലയത്തിന്റെ രാജകീയ പ്രൌഡിയോ പ്രണയാന്തരീക്ഷമോ സമരമുഖങ്ങളോ കൊണ്ടല്ല, എനിക്ക് ചുറ്റും വളര്‍ന്നു വന്ന സൗഹൃതങ്ങള്‍ തന്നെയാണ്..! ചിലതൊക്കെ കൊഴിഞ്ഞുപോയി.. മറ്റു ചിലത് മനസ്സില്‍ ഇഴകിച്ചേര്‍ന്നിരിക്കുന്നു.
ഈ ഇലക്ഷന്‍ സമയത്ത് കോളേജ് ഇലക്ഷന്‍ വിശേഷങ്ങള്‍ എന്ന് പറഞ്ഞു ഞാന്‍ തന്നെയാണ് ഗ്രൂപ്പില്‍ പോസ്റ്റിട്ടത്. ആരും പ്രതികരിക്കുന്നില്ല. കാലങ്ങള്‍ മായ്ച്ച അവ്യക്തമായ ഓര്‍മ്മകള്‍ തിരിച്ചുകൊണ്ടുവരാന്‍ ആരും ആഗ്രഹിച്ചില്ല. അഞ്ചു വര്‍ഷത്തെ ഇലക്ഷന്‍ വിശേഷങ്ങള്‍ ഒരു ഫ്രെയിമില്‍ ഒതുക്കിനിര്‍ത്താന്‍ കഴിയില്ലല്ലോ.

ശിരസ്സില്‍ നാലായി മടക്കിയ നിലാ-
ത്തുകിലുമായി വാനമിടറിനില്ക്കുമ്പോള്‍
അരികത്തുവന്നെന്‍ നിറുകയിലോപ്പോള്‍
മുകര്‍ന്നു കൊണ്ടെന്നെത്തഴുകിപ്പോകുമ്പോള്‍
കദനങ്ങള്‍ പൂട്ടിയുടച്ചോരെന്‍ നെഞ്ചില്‍
തഥാഗതന്‍ തന്നെ നിറഞ്ഞു വിങ്ങുന്നു.

പ്രീ ഡിഗ്രീ സെകെന്റ് ഗ്രൂപ്പില്‍ മുരളി നിന്ന് കവിത ചൊല്ലുകയാണ്. സ്വതന്ത്രനായി മത്സരരംഗത്തുണ്ടായിരുന്ന അവനെ എനിക്കിഷ്ടമായിരുന്നു. കോളേജിലെ കവികുപ്പായം സ്വയം തുന്നി ജുബ്ബയിട്ടു തോളില്‍ സഞ്ചിയുമായി തിരൂരില്‍ നിന്നും വരുന്ന കോമളന്‍. എന്‍റെയും പ്രിയപ്പെട്ട ക്ലാസ്. ആദ്യമായി ഒരു കുട്ടിയോട് പ്രണയം മൊട്ടിട്ട ക്ലാസ്. പടിഞ്ഞാറേ മൂലയിലെ ഗോവണിപ്പടികള്‍ കയറുമ്പോള്‍ ഹൃദയമിടിപ്പ്‌ കൂടിയിരുന്ന ക്ലാസ്. കുണ്ടോട്ടിയില്‍ നിന്നും വരുന്ന KPM ബസ്സാണ് കോളേജിന്റെ ഐശ്യര്യം എന്ന് വിശ്വസിച്ചിരുന്ന കാലം. അവള്‍പോലും അറിയാതെ എന്‍റെ മായാലോകത്ത് ഞാന്‍ സൂക്ഷിച്ചിരുന്ന എന്‍റെ പ്രണയം. എന്‍റെ മനസ്സ് ചോര്‍ത്തി കൂള്‍ബാറില്‍ എന്‍റെയും ആ കുട്ടിയുടെയും പേരുകള്‍ വലുതാക്കി എഴുതി പ്ലക്കാര്‍ഡ് വെച്ച പൊട്ടനും കൊഴികള്ളനും ചാണ്ടിയും രാമനും തടിയനും ചാക്കീരിയും സംഘവും ഇന്നും ഓര്‍ക്കുമ്പോള്‍ മനസ്സിന് കുളിരേകുന്ന ഓര്‍മ്മകള്‍ തന്നെ..!

സമയം 6 മണി. നല്ല മഴയുള്ള പ്രഭാതം. തുള്ളിക്കൊരുകുടം എന്ന തോതില്‍ ഇടിയുടെയും മിന്നലിന്റെയും കാറ്റിന്‍റെയും വരവേല്‍പ്പോടെ ആരംഭിച്ച മഴ ശമിക്കുന്നില്ല. ഇന്നാണെങ്കില്‍ ഫസ്റ്റ് അവര്‍ കഴിഞ്ഞാല്‍ സമരവും പ്രതിഷേധ പ്രകടനം ആദ്യമേ പ്ലാന്‍ ചെയ്തതാ... മഴ ഒന്നുകുറഞ്ഞപ്പോള്‍ ബൈക്ക് എടുത്തു യാത്ര തുടങ്ങി... പാലത്തിങ്ങല്‍ കഴിഞ്ഞതും പൂര്‍വ്വാതികം ശക്തിയോടെ മഴ വീണ്ടും വന്നു.... പിന്നെ ഒന്നും ആലോചിച്ചില്ല ആകെയുള്ള ഒരു നോട്ട്ബുക്ക് അരയില്‍ തിരുകി എന്‍റെ ഇഷ്ടങ്ങളില്‍ ഒന്നായ മഴനനഞ്ഞുള്ള യാത്ര അവസാനിച്ചത്‌ കോളേജ് ഹോസ്റ്റലില്‍ ആണ്... പാന്‍റ്സും ഷര്‍ട്ടും പിഴിഞ്ഞ് ഇസ്ത്തിരിയിട്ടുണക്കി കാമ്പസിലേക്ക്‌..!

കോളേജ് വരാന്തയിലൂടെ മുദ്രാവാക്യത്തിന്‍റെ പ്രകമ്പനം അലയൊലികള്‍ സൃഷ്ടിച്ചു ഒരു റൗണ്ട് കഴിഞ്ഞു.. സിദ്ധീക്ക് അറ്റന്റര്‍ നീണ്ട ബെല്ലടിയോടെ ക്ലാസ് വിട്ടതറിയിച്ചു. പ്രകടനം ലാബിനടുത്തുകൂടി പോയപ്പോള്‍ എതിര്‍ പാര്‍ട്ടിയിലുള്ള കുറച്ചുപേര്‍ ഒരു കൂസലില്ലാതെ വരാന്തയിലൂടെ അഭിമുഖമായി വന്നു... പ്രകടനം അവരെ മറികടന്നതും ഉന്തും തള്ളുമായി... ആരോ പിടിച്ചു തള്ളിയപ്പോള്‍ ലാബിലെ ജനല്‍ചില്ലുകള്‍ തകര്‍ത്തു എന്‍റെ കൈ മുറിഞ്ഞു.. സുഹൃത്ത് ആഷിക്കിന്റെ കൂടെ ചെമ്മാട് ആശുപത്രിയില്‍ പോയി. മുറിവില്‍ രണ്ടു സ്റ്റിച്ച് ഇടേണ്ടി വന്നു. അതോടെ ഞാന്‍ കാമ്പസില്‍ ഗുണ്ടയുമായി..!

ഇലക്ഷന്‍ കാലത്ത് ക്ലാസ്സില്‍ കയറുക എന്ന പതിവില്ലായിരുന്നു. ഇന്ത്രുകോയയുടെ കടയില്‍ നിന്നും വില്‍സ് വാങ്ങി ചീനി മരത്തണലിലെ കല്ലില്‍ ഇരുന്നു പല കൈകള്‍ കൈമാറി വില്‍സിന്റെ ഫില്‍ട്ടര്‍ ചൂടായി എരിഞ്ഞടങ്ങിയിരുന്ന കാലം. ഒരിക്കല്‍ ബാവസര്‍ ചോതിച്ചു... “അല്ല മക്കളെ നിങ്ങള്‍ വലിക്കുന്നത് സിഗരറ്റ് തന്നെയല്ലേ എന്ന്.”

“ഡിസംബര്‍ 31” നാളെ പുതുവര്‍ഷം. കോളേജ് ഹോസ്റ്റല്‍ മുഴുവനും മിന്നിത്തിളങ്ങുന്ന ലൈറ്റ് കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഗേറ്റ് ഈന്താംപട്ടകൊണ്ട് പൊതിഞ്ഞു വര്‍ണ്ണ കടലാസിന്‍റെ അകമ്പടിയോടെ അലങ്കരിച്ചു ബലൂണുകള്‍ തൂക്കി ഹോസ്റ്റല്‍ ഗേറ്റും ബില്‍ഡിങ്ങും തമ്മിലുള്ള വഴിയും തോരണങ്ങള്‍ കൊണ്ട് അലങ്കരിച്ചു പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ തയ്യാറായി നില്‍ക്കുന്നു..! പുത്തലത്ത് നാസറും സിദ്ധീക്ക് ബാബു ടീംസ് ഒക്കെ നേരത്തേ എത്തി അലങ്കാരത്തിന്റെ അവസാന മിനുക്ക്‌ പണിയില്‍ ആണ്.

ഞാനും ഹക്കും NSS Camp കഴിഞ്ഞു ഹോസ്റ്റലില്‍ ചുമ്മാ ഒന്ന് പോയി നോക്കി. ഇബ്രാഹിം സര്‍ ആയിരുന്നു ഹോസ്റ്റല്‍ വാര്‍ഡന്‍. എം കെ ഹാജി സാഹിബിന്‍റെ പേരകുട്ടി എന്ന നിലയില്‍ ഹക്കിനും, ഉമ്മയുടെ വീടും ഓറിയന്റ്റ് ഹൈസ്കൂളിലെ പഠനവും എന്നെ തിരൂരങ്ങാടിയുടെ മറ്റൊരു പേരകുട്ടി ആക്കിയിരുന്നു. കോളേജ് പഠന കാലത്ത് ഹോസ്റ്റല്‍ ഞങ്ങള്‍ക്ക് വീടുപോലെയായിരുന്നു. ഞങ്ങള്‍ ഹോസ്റ്റല്‍ താമസക്കാരല്ലാത്തത് കൊണ്ടോ മറ്റോ ചിലര്‍ക്കൊന്നും ഒരു മൈന്‍റ് ഇല്ല. ചില മുഖങ്ങളിലെ ചുളിവുകള്‍ ഞങ്ങള്‍ക്ക് അത്ര രസിച്ചില്ല, എന്നാ പിന്നെ ഇവര് ന്യൂ ഇയര്‍ ആഘോഷിക്കുന്നത് കണ്ടിട്ട് തന്നെ കാര്യം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. അവരുടെ കൂടെകൂടി സജീവമായി ഒരുക്കങ്ങള്‍ക്ക് കോപ്പ് കൂട്ടി. അതിനിടയില്‍ പുറത്തുപോയി അയ്യൂബിനെ രാത്രി 11.55 ന് യത്തീംഖാനയിലെ കിണറിനടുത്തുള്ള ട്രാന്‍സ്ഫോര്‍മറില്‍ ഫീസ്‌ ഊരാന്‍ ഏര്‍പ്പാടാക്കി. കരന്റ് പോയതും എല്ലാം സംഭവിച്ചതും ഞൊടിയിടയില്‍ ആയിരുന്നു. തോരണങ്ങളും ബലൂണുകളും ബള്‍ബും ഗേറ്റും ഒക്കെ അടിച്ചുപൊളിച്ചു നിലംപരിശാക്കിയിരുന്നു. സാറും കുട്ടികളും റൂമില്‍ നിന്ന് ഓടി വന്നു നോക്കുമ്പോള്‍ ഒന്നും അറിയാത്ത പോലെ ഇത് ചെയ്തവരെ തിരയുന്ന കൂട്ടത്തില്‍ ഞങ്ങളും ചേര്‍ന്നിരുന്നു..!

ഡിഗ്രി അവസാനവര്‍ഷം കൊമേഴ്‌സ്‌ അസോസിയേഷന്‍ സെക്രട്ടറി ആയിരുന്നു. അസോസിയേഷന്‍ ഉത്ഘാടനത്തിനു മുന്‍പായി പ്രവാസം തേടി. 25 വര്‍ഷമായി തുടരുന്നു.. ഇന്ന് ഓര്‍ക്കുമ്പോള്‍ ഒരു സൗരഭ്യമായി കോളേജ് മനസ്സിലേക്ക് കടന്നുവരുന്നു. മൂളാന്‍ ഇമ്പമുള്ള ഒരു ഗസല്‍ ഗാനം പോലെ. ‘വീണ്ടുമാ തിരുമുറ്റത്തെത്തുവാന്‍ മോഹം..!’


https://www.facebook.com/isakkisam