Wednesday, February 15, 2012

ഉപ്പയും,ഉമ്മയും പിന്നെ ഞാനും.

ഞാനും ഉമ്മയും.
എന്‍റെ പ്രിയപ്പെട്ട ഉമ്മ ആയിഷ, ഞങ്ങള്‍ അഞ്ചു പേരാണ്, അഞ്ചില്‍ രണ്ടാമനായി ജന്മം പൂണ്ടവന്‍.... രണ്ടു പെങ്ങമ്മാരും രണ്ടു അനിയന്മാരും, മൂത്ത പെങ്ങള്‍ ഖൈയിരുന്നിസ പിന്നെ ഞാന്‍, അടുത്തത് ചെറിയ പെങ്ങള്‍ നുര്‍സിയ,അനുജന്മാര്‍ ലെസിന്‍,നിസാം,ഇതാണ് ഞങ്ങളുടെ സന്തോഷമായ കുടുംബം.

എന്‍റെ പൊന്നുമ്മ, ജീവിതത്തില്‍ ഒരുപാട് കാലം ഉപ്പാന്‍റെ തുണയില്ലാതെ തന്നെ ജീവിക്കേണ്ടി വന്നു.... രണ്ടു വര്‍ഷത്തില്‍ മലേഷ്യയില്‍ നിന്നും ലീവിനു വരുന്ന ഉപ്പ.... ഞങ്ങളുടെ പഠിത്തത്തിനായി ഒരു പാട് ബുദ്ധിമുട്ടിയിട്ടുണ്ട്‌ അക്കാലത്ത്. ഞാനോര്‍ക്കുന്നു ഉപ്പ മരിക്കുന്ന സമയത്ത് എന്‍റെ ഭാര്യ സൌദിയില്‍ വന്നിട്ടേ ഉണ്ടായിരുന്നുള്ളൂ, മരണ സമയത്ത്‌ ഞങ്ങള്‍ എല്ലാവരും നാട്ടില്‍ ഉണ്ടായിരുന്നു... ഞാനൊറ്റക്ക് തിരിച്ചു പോരാനായിരുന്നു തീരുമാനിച്ചിരുന്നത്, വരുന്നതിനു കുറച്ചു ദിവസം മുന്‍പു എന്നെ വിളിച്ചു പറഞ്ഞു, മോനേ ബാബൂ നീ പോകുമ്പോള്‍ നിന്‍റെ ഭാര്യയേയും കൊണ്ടു പോകണം, ആ ഫാമിലി വിസ കളയണ്ട ..... ഞാന്‍ ഒരുപാട് കാലം നിന്‍റെ ഉപ്പയില്ലാതെ ജീവിച്ചതാണ് ആ ഗതി ഏതായാലും നിനക്ക് വരണ്ട... ഒരാറുമാസം കഴിഞ്ഞിട്ട് നിനക്ക് പറ്റുമെങ്കില്‍ എന്നെ ഒന്നു അങ്ങോട്ട്‌ കൊണ്ടു പോയാല്‍ മതി, എനിക്കൊരു ഹജ്ജു കൂടി ചെയ്യുകയും നിങ്ങളുടെ കൂടെ കുറച്ചു നില്‍ക്കുകയും ചെയ്യാമല്ലോ... ജീവിത യാഥാര്‍ത്യങ്ങള്‍ എന്നും ദീര്‍ഘ വീക്ഷണത്തോടെ കണ്ടിരുന്നു ഉമ്മ. പുറമേ സ്നേഹം കാണിച്ചു പുന്നരിച്ചു സംസാരിക്കാറില്ലെങ്കിലും ആ മനസ്സു നിറയെ സ്നേഹമാണ്‌. 

ഞങ്ങളുടെ പ്രിയപ്പെട്ട ഉപ്പ ഞങ്ങളെ പിരിഞ്ഞിട്ടു പതിനാല് വര്‍ഷമായി [19.07.1998] ആ വിയോഗം ഇന്നും ഞങ്ങളെ നൊമ്പരപ്പെടുത്തുന്നു..... ഉപ്പ ഞങ്ങളുടെ എല്ലാമായിരുന്നു തമാശകള്‍ പറഞ്ഞും, കളിക്കൂട്ടുകാരനായും ഇന്നും ഞങ്ങളുടെ മനസ്സില്‍ ജീവിക്കുന്നു. എനിക്കോര്‍മയുള്ള കാലം മുതല്‍ തന്നെ ഉപ്പ മലേഷ്യയില്‍ ആയിരുന്നു,ചെട്ടിപ്പടിയിലുള്ള ആലിയേമുക്കാന്റെ കൂടെ ചെറുപ്പത്തില്‍ തന്നെ മദ്രാസില്‍ പോയി ഉരുവില്‍ പാസ്പോര്‍ട്ട് ഒന്നുമില്ലാതെ തന്നെ മലേഷ്യയില്‍ എത്തി. ബ്രിട്ടിഷ് കോളനിയായിരുന്നു അന്ന് മലേഷ്യ, അവിടെ വെച്ച് ബ്രിട്ടിഷ് സിറ്റിസനായി... മരിക്കുന്നത് വരെ ബ്രിട്ടിഷ് സിറ്റിസനായി ജീവിച്ചു. ബ്രിട്ടന്‍ കാണാത്ത ബ്രിട്ടിഷ് ഓവര്‍സീസ് സിറ്റിസന്‍.
ഞങ്ങളുടെ കുട്ടിക്കാലത്ത് രണ്ടു വര്‍ഷം കൂടുമ്പോള്‍ ഉപ്പ അവതിക്ക് നാട്ടില്‍ വരുമായിരുന്നു,ആ വരവ് ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു ഉത്സവം തന്നെയായിരുന്നു. മദ്രാസ് വഴി ആയിരുന്നു ഉപ്പ വരുന്നത്... മദ്രാസില്‍ നിന്നും പിന്നെ മദ്രാസ് മെയിലില്‍ പരപ്പനങ്ങാടി സ്റ്റേഷന്‍ വരെ... ഞങ്ങളെല്ലാവരും പരപ്പനങ്ങാടി സ്റ്റേഷനില്‍ രാവിലെ തന്നെ ഹാജറുണ്ടാകും, ഞങ്ങളുടെ അയല്‍വാസി കൂടിയായ കറപ്പന്‍ മാഷായിരുന്നു അന്നു പരപ്പനങ്ങാടി റെയിവേ സ്റ്റേഷന്‍ മാസ്റ്റര്‍. വണ്ടി ഷൊര്‍ണൂരില്‍ നിന്നു വിട്ടതു മുതല്‍ ഞങ്ങള്‍ ഇടയ്ക്കിടയ്ക്ക് സ്റ്റേഷന്‍ മാസ്റ്ററെ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കും. ട്രെയിന്‍ സ്റ്റേഷനില്‍ കൂടെ കടന്നു പോകുമ്പോള്‍ ഡോറില്‍ നിന്നു കൈ വീശുന്ന ഉപ്പാനെ തേടി ഞങ്ങളുടെ കണ്ണുകള്‍ പരതിക്കൊണ്ടിരിക്കും.
ഉപ്പ മലേഷ്യയിലെ പിനാങ്ങ് പാലത്തിന്മേല്‍ സ്നേഹിതനോടൊപ്പം.

 വീട്ടിലെത്തിയാല്‍ എല്ലാ കണ്ണുകളും ഉപ്പ കൊണ്ടുവന്ന ചുവന്ന കള്ളി പ്പെട്ടിയിലായിരിക്കും, അത് തുറന്നു കണ്ടാലേ ഞങ്ങള്‍ അടങ്ങുകയുള്ളൂ..... വിവിത തരം,മിട്ടായികള്‍,ഉടുപ്പുകള്‍,കളിക്കോപ്പുകള്‍,മൂട്ടില്‍ രബ്ബറുള്ള  മണമുള്ള പെന്‍സില്‍.... അങ്ങനെ ഒരുപാട് ഐറ്റംസ്.... മുന്‍പു ഞാന്‍ എന്‍റെ    ഓര്‍മയിലെ കുട്ടിക്കാലം. എന്ന പോസ്റ്റിനു എന്‍റെ സുഹൃത്തും എന്‍റെ മൂത്ത പെങ്ങള്‍ ഖൈറുവുന്റെ ക്ലാസ്സ്മേറ്റു കൂടിയായ രാജ്കുമാര്‍ ഫേസ്ബുക്കില്‍  ഇട്ട കമെന്‍റ് എനിക്കിപ്പോള്‍ ഓര്മ വരുന്നു..... 

Raj Kumar Odukkathil ഇഷ്ഹാഖ്, പ്രവാസ ജീവിതം മതിയാക്കി നമ്മുടെ അസ്ഥിത്വം പേറുന്ന മണ്ണിലേക്ക് മടങ്ങാന്‍ നാം പ്രവാസികളെ ഓരോരുത്തരെയും പ്രേരിപ്പിക്കുന്ന ആ സത്യം. അത് നിന്നെ അസ്വസ്ഥനാക്കാന്‍ തുടങ്ങിയിരിക്കുന്നു. മനസ്സിനെ തൊടുന്ന നിന്റെ വാചകങ്ങള്‍ക്ക് നന്ദി. ഇതിനോടനുബന്ദമായല്ലാതെ വേറെ എതവസരത്തിലാണ് ഞാനിനി ഈ സത്യങ്ങള്‍ പങ്കു വെക്കുക!
ബട്ടണ്‍ പൊട്ടിയ വള്ളി നിക്കറുമിട്ടു മാധവാനന്ദ വിലാസം സ്കൂളില്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. നിന്റെ ഇത്ത ഖൈറു എന്റെ ക്ലാസ്സ്‌മേറ്റ്‌ ആയിരുന്ന കാര്യമാറിയാമല്ലോ. ഓട്ട സ്ലെയ്ട്ടും പൊട്ടിയ പെന്‍സിലും, കൂറ കഷ്ണമായ കടലാസുപെന്സിലുകളുമായി വരുന്ന എന്റെയം മറ്റു കൂട്ടുകാരുടെയും ആകര്‍ഷണമായിരുന്നു - അത്തറിന്റെ മണമുള്ള, എപ്പോഴും വര്‍ണ വസ്ത്രങ്ങളണിയുന്ന, ഫോറിന്‍ ബാഗും, കുടയും, മൂട്ടില്‍ റബ്ബറുള്ള, മണമുള്ള പെന്സിലുമൊക്കെയായി വരുന്ന ഖൈറു ! വളരെ സമര്‍ത്ഥയായ, സന്മനസ്സുള്ള ഒരു കൂട്ടുകാരി. അതുകൊണ്ട് തന്നെ വല്ലപ്പോഴും പെന്സിലുകൊണ്ട് എഴുതാനൊക്കെ സമ്മതിച്ചിരുന്നെങ്കിലും അതൊരെണ്ണം സ്വന്തമാക്കണമെന്ന എന്റെ കൊച്ചു ആഗ്രഹത്തെ ആര്‍ക്കെങ്കിലും തെറ്റ് പറയാന്‍ കഴിയുമോ! ഒരിക്കല്‍, രണ്ടാം പിരീഡിന്റെ ബെല്ലടിച്ച് കുട്ടികല്ലെല്ലാം ക്ലാസിനു പുറത്തു പോയ സമയത്ത്, വിറ കയ്യുകളോടെ, മനമില്ലാ മനസ്സോടെ, മൂട്ടില്‍ റബ്ബറുള്ള ഒരു പെന്‍സില്‍ ഞാന്‍ അടിച്ചു മാറ്റി! ചെയ്തു പോയത് തെറ്റാണെന്ന് പിന്നീട് പല തവണ തോന്നിയെങ്കിലും, അത് തിരിച്ചു കൊടുക്കാന്‍ മനസ്സ് വന്നില്ല. എന്നെക്കുറിച്ച് അവള്‍ എന്തു വിചാരിക്കും എന്ന ചിതയാണെന്നെ പിന്തിരിപ്പിച്ചത്. ഞങ്ങളുടെ പ്രിയ ഖൈറുവിനോടുരു ക്ഷമാപണം, ഈ വൈകിയ വേളയിലെങ്കിലും!!!
പ്രിയ രാജ് നിന്‍റെ ഈ കമെന്‍റ്ഫാമിലിയിലെ എല്ലാവരും വായിച്ചു...ഖൈരുവിനാകട്ടെ ഒന്നും ഓര്‍മയില്ല എന്ന് പറഞ്ഞു.... :) :) മകന്‍റെ കല്യാണത്തിനു രാജിനെ വിളിക്കാന്‍ എന്നോട് ഖൈറു പറഞ്ഞിരുന്നു... രാജ് അന്നു നാട്ടിലുണ്ടായിരുന്നില്ല ജിദ്ദ യില്‍ ആയിരുന്നു.  

ഒരിക്കലും ഒരല്ലലില്ലാതെയാണ് ഞങ്ങള്‍ വളര്‍ന്നത്‌, ഉപ്പ എല്ലാ മാസവും ഉമ്മാക്ക് കാശയച്ചു കൊണ്ടിരുന്നു. ഉമ്മയാണ് ഞങ്ങളുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്. എന്‍റെ പത്താം ക്ലാസ് പരീക്ഷയുടെ തലേന്ന് വലിയപാടത്തു കളിക്കാന്‍ പോയപ്പോള്‍ കിട്ടിയ അടി ഇന്നും മറന്നിട്ടില്ല.
ലെസിനും,നിസാം,ഇഗ്ലീഷ് മീഡിയം സ്കൂളിലായിരുന്നു പഠിച്ചത്. പെങ്ങമ്മാര്‍ രണ്ടും മാധവാനന്ത വിലാസം സ്കൂളിലും. എന്‍റെ സ്കൂള്‍ വിദ്യാഭ്യാസം മാധവാനന്തത്തില്‍ തുടങ്ങി ഓറിയന്റിലൂടെ സൂപ്പിക്കുട്ടിയില്‍ അവസാനിച്ചു. ഹ ഹ ഇതു മൂന്നും സ്കൂളിന്‍റെ പേരാണ് കെട്ടോ :) :) 
ഡിഗ്രി അവസാന വര്‍ഷം പി എസ് എം ഒ യില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ വണ്ടി വിട്ടതാണ് ഈ ജിദ്ദയിലേക്ക്... 
അങ്ങനെ സംഭവബഹുലമായ പ്രവാസ ജീവിതം തുടങ്ങി.... അമ്മാവന്‍ ബവാക്കാന്റെ വിസയിലാണ് വരുന്നത്, അതു പറഞ്ഞപ്പോളാണ് ഉപ്പാന്റെ ഒരു തമാശ ഓര്‍മയിലൂടെ മിന്നിമറഞ്ഞത്‌... ഉപ്പ നാട്ടിലുള്ള കാലം, ഞാന്‍ ഗള്‍ഫിലൊക്കെ എത്തിയതല്ലേ , ഒന്നു പേരെടുക്കാനായി ഞാന്‍ ഒരു അയ്യായിരം രൂപ വീട്ടിലേക്കു അയച്ചു,കൂടെ ഒരു കത്തും. മുവ്വായിരം രൂപ ഉപ്പാക്ക്,ആയിരം രൂപ ഉമ്മാക്ക്,അഞ്ഞൂറ് രൂപ വീതം ലെസിനും,നിസാമിനും എന്നും കത്തില്‍ എഴുതിയിരുന്നു.

ഈ വിവരങ്ങളൊന്നും അറിയാതെ സ്കൂള്‍ വിട്ടു വന്ന നിസാമിനു ഉപ്പ ഒരു നൂറു രൂപ കൊടുത്തു പറഞ്ഞു ... മോനേ നീ ഹോട്ടല്‍ അയ്യപ്പാസില്‍ പോയി പൊറാട്ടയും ബീഫോ,ചിക്കനോ എന്താച്ചാല്‍ വാങ്ങി കഴിച്ചോ അത് കഴിഞ്ഞു അലവിക്കാന്റെ കടയില്‍ പോയി നിനക്ക് വേറെ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അതും വാങ്ങിക്കോ എന്ന് പറഞ്ഞു വിട്ടു. നിസാം ഹാപ്പി ആയി നാസ്തയും, മാറ്റെന്തോ ഒന്നു രണ്ടു സാധനങ്ങളും വാങ്ങി നെഞ്ചു വിരിച്ചു ഉപ്പാക്ക് ബാക്കി വന്ന ഇരുപതു രൂപ കൊടുത്തു, ഉപ്പ പറഞ്ഞു അത് നീ തന്നെ വച്ചോ എന്ന് പറഞ്ഞു ചിരിച്ചു, ഇതു കണ്ട് ഉമ്മയും ചിരിക്കാന്‍ തുടങ്ങി... ഒരു പന്തികേട്‌ മണത്ത നിസാം കാര്യം തിരക്കിയപ്പോള്‍ ഉപ്പ പറഞ്ഞു അത് നിനക്ക് ബാബു കാക്ക അയച്ച കാശു തന്നെയാണെന്ന്.... അതു കേട്ടതും നിസാം കരയാന്‍ തുടങ്ങി, എന്‍റെ കാശ് എനിക്കു തന്നെ തരണം ഞാന്‍ ചിലവാക്കിയത് ഉപ്പാന്റെ കാശ് അന്നെന്നും പറഞ്ഞു..... അവസാനം മുഴുവന്‍ കാശും കൊടുക്കേണ്ടി വന്നു ഉപ്പാക്ക്.... 
 ഉപ്പാന്‍റെ മദ്രാസിലെ സംഗീത ഹോട്ടലും,വെക്കേഷനിലെ മദ്രാസിലേക്കുള്ള പോക്കും എന്നും ഒരു ഹരമായിരുന്നു, ജീവിതത്തിന്റെ ഓരോ മറക്കാനാകാത്ത നിമിഷങ്ങളും പിരിഞ്ഞു കൊണ്ടു ആ ഓര്‍മ്മകള്‍ മനസ്സില്‍ താലോലിച്ചു ഈ യാത്ര തുടരുന്നു..............


ഉപ്പയുടെ കബര്‍ സ്ഥാന്‍ ഉള്ള കടപ്പുറത്തെ മൂസാക്കാന്‍റെ പള്ളി.