Tuesday, December 06, 2011

"പറയാന്‍ മറന്ന പ്രണയം"

‎"ഞാനും അവളും തമ്മിലുള്ള പ്രണയം കോളേജിലെല്ലാവരുമറിഞ്ഞിട്ടും അവളറിഞ്ഞിരുന്നില്ലത്രെ.അവസാനം അറിഞ്ഞതോ ആരോ പറഞ്ഞിട്ടും,,അറിഞ്ഞപാടെ അവളെന്‍റെയടുത്തെത്തി ചോദിച്ചു.നീ എന്നെ സ്നേഹിക്കുന്നുണ്ടോ?
വിറക്കുന്ന അധരത്തോടെ ഞാന്‍ പറഞ്ഞു അ..അതെ…. ഒരു നിമിഷം നിശബ്ദയായി നിന്നശേഷം അവള്‍ ചോദിച്ചു... എത്രകാലമായി നീയെന്നെ സ്നേഹിക്കാന്‍ തുടങ്ങിയിട്ട്?
ഒ.ന്ന്.. അല്ല രണ്ട് വര്‍ഷം,,, ഞാന്‍ എന്‍റെ വീട്ടുകാരെയുപേക്ഷിച്ചു നിന്‍റെ കൂടെയിറങ്ങി വന്നാല്‍ ജീവിതകാലം മുഴുവന്‍ എന്നെ നോക്കാമെന്ന ധൈര്യമുണ്ടോ,,? വീണ്ടുമവളുടെ ചോദ്യം,, ഇതെന്താ,,ചോദ്യം ചോദിച്ച് കളിക്കുകയോ,,എന്നു മനസ്സിലോര്‍ത്ത് ഞാന്‍ പറഞ്ഞു,, ഉ.ണ്ട്,, ധൈര്യമുണ്ട്... എന്‍റെ വിറ മുഴുവന്‍ മാറിയിട്ടുണ്ടായിരുന്നില്ല,,
രണ്ട് നിമിഷം നിശബ്ദയായി നിന്നശേഷം അവള്‍ പറഞ്ഞു. ഹും,,ഒരിഷ്ടം തുറന്നു പറയാന്‍ ധൈര്യമില്ലാത്ത നിനക്കാണൊ,വീട്ടുകാരെയുപേക്ഷിച്ചുവന്നാല്‍ ജീവിതകാലം മുഴുവന്‍ എന്നെ നോക്കാനുള്ള ധൈര്യമുണ്ടാകുക,, നടന്നതു തന്നെ,,
ഒരു ഉത്തരവാദിത്വബോധമില്ലാത്ത കാമുകന്‍,,, അതും പറഞ്ഞവള്‍ തിരിഞ്ഞു നടന്നു.
ഒരു നിമിഷം അന്തം വിട്ടു നിന്ന ശേഷം ഞാന്‍ മനസ്സിലോര്‍ത്തു,,
ദൈവമെ,,അവള്‍ പോയതു നന്നായി,,അവളെങ്ങാനും ന്‍റെകൂടെയിറങ്ങിവന്നിരുന്നെങ്കില്‍
എന്‍റെ കാര്യം കട്ടപുകയായേനെ,,പ്രേമമെന്നു പറയുമ്പോഴേക്കും കൂടെയിറങ്ങിവരാന്‍ നില്‍ക്കുന്ന ഇവളുമാരെയൊക്കെയെങ്ങനെ വിശ്വസിക്കും,, ദൈവം കാത്തു,,
ഏതായാലും ഒരു വാതിലടയുമ്പോള്‍ പത്തു വാതില്‍ തുറക്കുമെന്നാണല്ലൊ പ്രമാണം,,
തുറന്നിട്ട വാതിലുകളും തിരഞ്ഞ് ആ കോളേജ് വരാന്തയില്‍കൂടി ഞാന്‍ നടന്നു.....


ഇസ്ഹാക്ക് പുഴക്കലകത്ത്.


Monday, November 28, 2011

എന്‍റെ ഗ്രാമം. [ചെട്ടിപ്പടി]

മകരമാസത്തിലെ മഞ്ഞു മൂടിയ ഒരു പ്രഭാതം. ഗ്രാമത്തിലെ നാലും കൂടിയ  കവലയില്‍ നിന്നും കേള്‍ക്കുന്ന പള്ളിയിലെ ബാങ്കുവിളിയും, തെരുഅമ്പലത്തിലെ ഭക്തിഗാനങ്ങളും അതിനോടപ്പം തന്നെ കാവിലെ കുറുക്കന്മാരുടെ ഓരിയിടലും ഒക്കെകൂടിയാണ്  എന്‍റെ ഗ്രാമത്തിലെ [ചെട്ടിപ്പടി] ഒരു പ്രഭാതത്തിന്‍റെ തുടക്കം.

സൂര്യ കിരണങ്ങള്‍ ഭൂമിയിലേക്ക് പതിക്കാന്‍ പിന്നേയും സമയം ബാക്കി.

പുലര്‍ച്ചേ രണ്ടു കോഴിമുട്ട പച്ചയായി കുടിച്ചു മാധവാനന്ത സ്കൂള്‍ വരെ ഓടി തിരിച്ചു  ഞങ്ങളുടെ കരാട്ടേ  ക്ലാസ്സില്‍ എത്തുമ്പോഴേക്കും സൂര്യകിരണങ്ങള്‍ ഭൂമിയെ ചുംബിച്ചിരിക്കും.

തെങ്ങിന്‍ തോപ്പിലൂടെ വേണം കരാട്ടേ ക്ലാസ്സിലേക്കുള്ള യാത്ര. തെങ്ങോലകളില്‍ നിന്നുറ്റിവീഴുന്ന മഞ്ഞുതുള്ളികള്‍ ദേഹത്ത്  പതിക്കുമ്പോഴുള്ള കുളിര് വളരേ ഉന്മേഷം നല്‍കിയിരുന്നു. 

കെ,ടി,എസ് ബസ്സിലാണ് എന്നും കോളേജിലെക്കുള്ള എന്‍റെ യാത്ര,
ആ ബസ്‌ ഗ്രാമവാസികളുടെ ജീവിതവമുമായി അങ്ങേയറ്റം ബന്ധപ്പെട്ടിരിക്കുന്നു.

ഈ ബസ്സിന്‍റെ നെഞ്ചിടിപ്പായിരുന്നു കോടപ്പാളി സ്റ്റോപ്പില്‍ നിന്നും കയറിയിരുന്ന പാല്‍ക്കാരി ജാനു. സൊസൈറ്റിയിലേക്ക് പാല്‍ ദിവസവും കൊണ്ടുപോകുമായിരുന്ന ജാനുവിനെ അങ്ങു ദൂരെ കാണുമ്പോള്‍ തന്നെ ബസ്സും യാത്രക്കാരും ഉഷാറാകുന്നത് കാണാം. ബസ്സിനു കൈ കാണിക്കാതെ തന്നെ വളെരെ അനുസരണയോടുകൂടി സാവധാനത്തില്‍  നിറുത്തുന്നത് കാണുമ്പോള്‍ തോന്നും മൊത്തം ബസ്സിന്‍റെ റിമോട്ട് ജാനുവിന്‍റെ  കയ്യിലാണെന്ന്.!!

കള്ളി മുണ്ടും ബ്ലൗസും മാറിനു കുറുകെ ഒരു തോര്‍ത്തുമായിരുന്നു എന്നും ജാനുവിന്റെ വേഷം. കുനിഞ്ഞു പാല്‍ പാത്രം എടുക്കുമ്പോഴും കമ്പി പിടിച്ചു ബസ്സില്‍ കയറുമ്പോഴും തെന്നിമാറുന്ന ഒറ്റ തോര്‍ത്തിലാണ് എല്ലാ കണ്ണുകളും. [പീഡനം കണ്ടു പിടിക്കാത്ത കാലം]

പരപ്പനങ്ങാടി റെയില്‍വേസ്റ്റേഷന്‍, മലപ്പുറം കലക്ട്രേറ്റിലേക്കും, തിരൂരങ്ങാടി ഗവെണ്‍മെന്‍റ് ആശുപത്രിയില്‍ പോകുന്നവര്‍കോളേജ്, സ്കൂള്‍, ദൂരെ ദേശങ്ങളില്‍ പണിക്കുപോകുന്ന സാധാരണക്കാര്‍ അങ്ങനെ പോകുന്നു ആ പട്ടിക. വേങ്ങര, മലപ്പുറം, മഞ്ചേരി വഴി വഴിക്കടവ് വരെ നീളുന്നു ബസ്സിന്‍റെ യാത്ര.

കവലയില്‍ തന്നെയാണ് കടിഞ്ഞിയുടെ ചായക്കട. എന്നും കാലത്ത് നാട്ടുകാര്‍ ചായ കുടിക്കാനെത്തുന്ന ഒരു സങ്കേതമാണ് അത്. പ്രായമായവര്‍, തെങ്ങ്ചെത്തുന്നവര്‍, യൂണിയന്‍തൊഴിലാളികള്‍, യാത്രക്കാര്‍ അങ്ങിനെ നീളുന്നു പട്ടിക... ഓരോ ദിവസത്തെയും നാട്ടു വാര്‍ത്തയുടെ തുടക്കംഇവിടെനിന്നുതന്നെ.

ചൂട്  ചായയ്ക്കൊപ്പം ചൂട് വാര്‍ത്തയും. നാട്ടിലെ പ്രായം ചെന്ന കോണ്ഗ്രസ്സുകാരനായ ബാലേട്ടനായിരുന്നു ഈ ചായപീടിക നടത്തിയിരുന്നത്. എല്ലാ പാര്‍ട്ടിക്കാരും ഉണ്ടാവും കടയില്‍.  മറ്റു പാര്‍ട്ടിക്കാര്‍ ആരു വന്നാലും വേണ്ട രീതിയില്‍ ഗൗനിക്കാത്ത ബാലേട്ടന്‍ കോണ്ഗ്രസ്സുകാരോട് പ്രേത്യേക മമതയാണ്‌. പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതവും. പേപ്പര്‍ വായനയും, രാഷ്ട്രീയം പറച്ചിലും, പരദൂഷണക്കാരും കൂട്ടത്തില്‍ ഉണ്ടാവും.

പുട്ടില്‍ കല്ല്‌ കിട്ടുമ്പോള്‍ "ബാലേട്ടാ പുട്ടില്‍ കല്ലാണല്ലോ" എന്ന് പറഞ്ഞു ചൊടിപ്പിക്കും ചിലര്‍. പറ്റുബുക്കില്‍ കനമനുസരിച്ചു തെറി കൂടും. “ഫ ചെറ്റേ പുട്ടില്‍ കല്ലല്ലാതെ മാണിക്കകല്ല്” കൊണ്ടിടണോ എന്ന ചോദ്യം സ്ഥിരമാണ്. ബാലേട്ടന്‍റെ  സ്വഭാവം എല്ലാവര്‍ക്കും അറിയാവുന്നത് കൊണ്ട് കോണ്ഗ്രസ്സ് പാര്‍ട്ടിക്കെതിരായ പത്രവാര്‍ത്തകള്‍ ഒന്നുറക്കെ വായിച്ചു ബാലേട്ടന്‍റെ ചെറ്റ വിളി കേള്‍ക്കാനായി വരുന്ന  യൂണിയന്‍കാരുമുണ്ടാവും അക്കൂട്ടത്തില്‍. പലപ്പോഴും രാഷ്ട്രീയം പറഞ്ഞു ബഹളം വെക്കുന്നത്   ഇങ്ങ് ബസ്റ്റോപ്പില്‍ കേള്‍ക്കാം. 

 ബസ്സ് ഒരു  മുരള്‍ച്ചയോടെ അലവിക്കാന്‍റെ കടയുടെ മുന്നില്‍ വന്നു നിന്നു. ബസ്സിലാകെ ചന്ദനത്തിരിയുടെ സുഗന്ധം, കൃഷ്ണന്‍, യേശു, മക്ക ഫോട്ടോയ്ക്‌ അടുത്തായി ഇങ്ങനെ എഴുതിയിരിക്കുന്നു. യാത്രയുടെ സദുദ്ധേശത്തെ സര്‍വ്വ ശക്തന്‍ സഫലമാക്കട്ടെ.” എന്‍റെ യാത്ര പതിമൂന്നു കിലോമീറ്റര്‍ താണ്ടി തിരൂരങ്ങാടി പി,എസ്,എം,ഒ കോളേജ് വരെ.

പരപ്പനങ്ങാടി കഴിഞ്ഞാല്‍ കണ്ണെത്താ ദൂരത്തോളം പച്ചപുതച്ചു നീണ്ടു കിടക്കുന്ന പാടശേഖരങ്ങളുടെ നടുവിലൂടെയുള്ള യാത്ര. ഞാറു നടുന്ന സ്ത്രീകളും, പനംപട്ട കൊണ്ട് നിര്‍മിച്ച തോപ്പിയുമണിഞ്ഞു നോക്കി നില്‍ക്കുന്ന കാരണവരും സ്ഥിരം കാഴ്ച്ച. 

അടുത്ത സ്റ്റോപ്പില്‍ നിന്നും കയറിയ സ്ത്രീയും ഒരു പതിവുകാരിയാണ്‌. അലസമായിട്ട മുടിയില്‍ വാടിയ മുല്ലപൂക്കള്‍. മറ്റുള്ളവരില്‍ നിന്നും വിഭിന്നമായി അവര്‍ ജോലികഴിഞ്ഞ് വരികയാണ്. ബസ്സില്‍ കയറി ഇരുന്നതും അവര്‍ ഉറങ്ങാന്‍ തുടങ്ങി. തലേദിവസം രാത്രിയില്‍ ആരുടെയോ ആവശ്യപ്രകാരം ഇവിടെ എത്തപ്പെട്ടവളാണ്. ഗ്രാമങ്ങളെയും ചെറു പട്ടണങ്ങളെയും പിന്നിലാക്കി ഒരുപാട് പേരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും പേറികൊണ്ട്‌  ബസ്‌ യാത്ര തുടര്‍ന്നു.

വൈകുന്നേരങ്ങളില്‍ ചെട്ടിപ്പടി ഗവണ്‍മെന്‍റ് ഹെല്‍ത്ത്സെന്‍റെരിനടുത്തുള്ള രണ്ടേക്കര്‍ തെങ്ങുംത്തോപ്പായിരുന്നു ഞങ്ങളുടെ സ്ഥിര സങ്കേതം. പൂഴിമണലില്‍ വോളിബോള്‍കളിച്ചും സോറപറഞ്ഞിരിന്നും സമയം പോകുമായിരുന്നു.

 ഹെല്‍ത്ത്സെന്ററിനു ചേര്‍ന്നു നമ്പൂതിരി കുളം എന്നറിയപ്പെട്ടിരുന്ന ഒരു വലിയ കുളമുണ്ടായിരുന്നു. രാത്രി പത്തു മണികഴിഞ്ഞാല്‍ നമ്പൂതിരി കൊളത്തിനടുത്തുകൂടി പോകാന്‍ എല്ലാവര്‍ക്കും പേടിയായിരുന്നു. രാത്രികാലങ്ങളില്‍ പ്രേതാത്മാക്കള്‍ നീരാടാന്‍ വരുന്ന കുളമാണെന്ന് അരടുക്കംപറച്ചിലുണ്ട്.  അര്‍ദ്ധരാത്രിയായാല്‍ കുളത്തിലെ വെള്ളത്തിനു തിരയിളക്കമുണ്ടാകുമത്രേ.

നാരായണേട്ടന്‍റെ മരമില്ലും, ഒരു മസാലക്കടയും, പെട്ടിക്കടയും അടങ്ങുന്ന ആസ്പത്രിപ്പടി. സ്നേഹവും നന്മയും കാരുണ്യവും മാത്രം മനസ്സില്‍ സൂക്ഷിച്ചിരുന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയായ ഫ്രെണ്ട്സ് ക്ലബ്ബും കൊണ്ട് വെത്യസ്തമായിരുന്നു ആശുപത്രി പരിസരം.

വര്‍ഷം തോറും നടത്തിവന്നിരുന്ന ക്ലബ്ബിന്‍റെ വര്‍ഷികാകോശം ഗ്രാമത്തിന്‍റെ തന്നെ ഉത്സവമായിരുന്നു. 

കുട്ടിക്കാലത്ത് വല്ലപ്പോഴും സിനിമക്ക് പോകുമായിരുന്നു. നെടുവ വായനശാലയില്‍ നിന്നും ചങ്ങാതിമാരുടെ കൂടെ മൂന്നു കിലോമീറ്റര്‍ ദൂരെയുള്ള പ്രഭ ടാകീസിലേക്കൊ, ജയകേരള ടാകീസിലേക്കൊ റയില്‍ വഴി നടന്നാണ് പോകുന്നത്. സിനിമ തുടങ്ങുന്നതിനു മുന്‍പായി ആദ്യം ടാക്കീസിന് പുറത്തും പിന്നീട് അകത്തും പാട്ട് ഇടുന്നത് ഇവുടുത്തെ ഒരു സമ്പ്രദായമായിരുന്നു. അന്നത്തെ സിനിമയിലുള്ള ഗാനങ്ങളുടെ അച്ചടിച്ച കോപ്പിയും, കടല വില്‍ക്കുന്ന കുട്ടികളും ഒരു സ്ഥിരം കാഴ്ച്ച തന്നെ.
  
കടിഞ്ഞിയുടെ ചായക്കടയിലെ പതിവുകാരില്‍ പലരും ഓര്‍മ്മയായിരിക്കുന്നു...! 

കൊടപ്പാളി സ്റ്റോപ്പിലെ പാല്‍ക്കാരിയുടെ യൗവനം നഷ്ടപ്പെട്ടിരിക്കുന്നു..!

നമ്മുടെ ഗ്രാമത്തിലെ ജനങ്ങള്‍ തമ്മിലുള്ള സ്നേഹബന്ധവും   കുറഞ്ഞു വരുന്ന പോലെ..!



ഇസ്ഹാക്ക് പുഴക്കലകത്ത്.

ചെട്ടിപ്പടി ടൌണ്‍ ജുമാ മസ്ജിദ്.

Monday, June 27, 2011

മറക്കാന്‍ ആഗ്രഹിക്കുന്ന അവതിക്കാലം

ജീവിതമെന്ന ബാക്കി പാത്രത്തില്‍ നൊമ്പരങ്ങളുടെ സ്ഥാനം ഒരിക്കലും അവസാനിക്കുന്നില്ല...
ഒരായിഷ്ക്കാലം മുഴുവന്‍ ഓര്‍മയില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരുപാടു മെഹഫിലുകള്‍  എനിക്ക് സമ്മാനിച്ച എന്റെ സുഹൃത്തുക്കള്‍ എന്നില്‍ നിന്നും വേര്‍പിരിഞ്ഞപ്പോള്‍ സഹിക്കാന്‍ കഴിയാത്ത ദുഖവും ഓര്‍മകളുടെ നിലയിക്കാത്ത വേദനയും എന്നില്‍ നിറഞ്ഞു നിന്നിരുന്നു.
നൊമ്പരങ്ങളുടെ അഗ്നിയില്‍ കത്തിയമര്‍ന്ന ഹൃദയത്തില്‍ നിന്നും അവസാന തുടിപ്പും ചിറകടിച്ചുയരുമ്പോള്‍ ,അനന്തമായ സമാന്തര രേഖയില്‍ അവശേഷിക്കുന്നത് ജന്മന്തരത്തോളം മനസ്സിന്റെ അകത്തളങ്ങളില്‍ എവിടെയോ  എഴുതി പിടിപ്പിച്ച സൗഹൃദങ്ങളുടെ പാഴ് ചിന്തകളായിരുന്നു എന്ന് തിരിച്ചറിയാന്‍ എനിക്ക് കഴിഞ്ഞില്ല..
മറ്റുള്ളവര്‍ കുറ്റം ചെയിതിട്ടു എന്നെ പഴിക്കുമ്പോഴും നിധി പോലെ കാത്തുവച്ച ബന്ധങ്ങള്‍ നഷ്ട്ടമാകുന്നതും ഞാന്‍ അറിഞ്ഞിരുന്നില്ല !!!....
ഇവിടെ....
ഞാന്‍ തനിച്ചായിരിക്കുന്നു...
മനസ്സുതുറന്നു ഞാന്‍ സ്നേഹിച്ചവരെല്ലാം പരിഹാസപുഞ്ചിരി സമ്മാനിച്ച്‌ തിരിഞ്ഞു നടന്നിരിക്കുന്നു . ഉച്ചവെയിലിന്റെ തീഷ്ണത വകവെയ്ക്കാതെ  ചുട്ടുപഴുത്ത അന്തമായ പാതയിലൂടെ ഞാന്‍ നടക്കുമ്പോള്‍ എന്നെ പിന്തുടരുന്നത് എന്‍റെ നിഴലും ഒത്തിരി പാഴ്ച്ചിന്തകളും മാത്രമാണ് . ജീവിത ചുമരുകളില്‍ എന്നെ പിന്തുടരുന്ന കറുത്ത നിഴലുകളെ ഞാന്‍ ശ്രദ്ധിക്കാറില്ല .
എന്നെ അന്ന്യമാക്കിയ പൊന്‍വെയിലിനോടും പുലരികളോടും കണികൊന്നകളോടും നീലാകാശത്തോടും എനിക്ക് പിണക്കമില്ല
പക്ഷെ ക്രുരനായ വിധിയോടു എനിക്ക് വെറുപ്പാണ്.
 എന്റെ നഷ്ട്ടങ്ങള്‍ക്ക് അപ്പുറം നിമിഷങ്ങളുടെ മിഴിനീര്‍ത്തുള്ളികള്‍ പെയ്തു തിമിര്‍ക്കുകയായിരുന്നു ....

ഇസ്ഹാക്ക് പുഴക്കലകത്ത്. [2010]


Tuesday, March 29, 2011

ഓര്‍മയിലെ കുട്ടിക്കാലം.



എന്നും എനിക്ക് പ്രിയപ്പെട്ട ഗ്രാമം തിരൂരങ്ങാടി , ഇന്നുമതെ !!

സ്കൂളും , കോളേജും, യതീമ്ഖാനയും, പുഴയും,  തോടും, പാടത്തിനു നടുവിലൂടെയുള്ള നടവഴിയും, ഇന്നുമെന്നെ കൊതിപ്പിക്കുന്നു. അതൊരു പക്ഷെ മറ്റേതൊരു മലപ്പുറം   ഗ്രാമത്തെയും പോലെ അതിന്‍റെ ശുദ്ധതയാണോ എന്നെനിക്കറിയില്ല..


ഒഴിവുദിവസങ്ങളില്‍ ഉമ്മയുടെ വീടുള്ള ഇവിടെയെത്തിയാല്‍ പിന്നെ എനിക്ക് മറ്റൊന്നും മതിയാവില്ല ഇതിനു പകരം വെക്കാന്‍...
തേങ്ങ ഇടാന്‍ തറവാട്ടില്‍ വരുന്ന ഏറ്റുകാരന്‍ ആണ്ടികുട്ടി ഇടുന്ന എളനീരിനായി കാത്തുനില്‍ക്കുന്നതും അതിവേഗത്തില്‍ മുഖം മിനുക്കി ദ്വാരം ഇട്ടുതരുന്ന ഇളനീര്‍ വെള്ളം മോന്തികുടിക്കുന്നത്  ഓര്‍മയില്‍ നിറഞ്ഞു നില്‍ക്കുന്നു .......  പശുവിനെ നോക്കാനും വല്ലിമക്ക് അങ്ങാടിയില്‍ പോയി സാദനങ്ങള്‍ വാങ്ങാനുമായി നിന്നിരുന്ന കൊമുവിന്റെ കൂടെ കറങ്ങി നടക്കലും വല്ലിമ്മ അറിയാതെ പുഴയില്‍ പോയി കുളിക്കുന്നതുമെല്ലാം രസമുള്ള ഓര്‍മകളാണ് .........

വല്ലിപ്പ മദ്രാസില്‍ നിന്ന് കൊണ്ടുവന്ന അമ്പാസടര്‍ മാര്‍ക്ക്‌ ത്രി കാറിലാണ് ഞാന്‍ ആദ്യമായി ഡ്രൈവിംഗ് പഠിക്കുന്നത് ......... വല്ലിപ്പാന്റെടുത്ത്  നിന്ന് ഒരുപാടു അടികിട്ടി ഡ്രൈവിംഗ് പഠിക്കാന്‍..
എന്‍റെ ഓര്മ വച്ച കാലം മുതല്‍ ഞാന്‍ വല്ലിമാനെ കണ്ടിരുന്നദ്‌ തൂ വെള്ള വസ്ത്രത്തിലായിരുന്നു..


 പ്രൌഡിയും അഭിമാനവും  ആ സംസാരത്തില്‍ എപ്പോഴും നിറഞ്ഞു നിന്നിരുന്നു. തറവാട്ടിലെ പടിഞ്ഞാറെ മുറിയിലെ പത്തായത്തില്‍ നിറയെ വല്ലിപ്പ മലേഷ്യയില്‍ നിന്ന് കൊണ്ടുവന്ന കൂജയും പത്രങ്ങളുംആയിരുന്നു.ആ  കൂജകളിലായിരുന്നു വല്ലിമ്മ കാശ് സൂക്ഷിച്ചിരുന്നത്. പത്തായത്തിന്റെ താക്കോല്‍ അടിച്ചു മാറ്റി ഡ്യൂപ്ലിക്കേറ്റ്‌ ഉണ്ടാക്കിയതും,  കാശ് അടിച്ചുമാറ്റി ടൂര്‍ പോകുന്നതും വിനോദമാക്കിയ രണ്ടാമത്തെ അമ്മാവന്റെ വീര കഥകള്‍ ഉമ്മ പറഞു കേട്ടിട്ടുണ്ട്,  ടൂര്‍ കഴിഞ്ഞു തിരിച്ചെത്തുന്ന അമ്മാവന്റെ കയ്യിലെ പലഹാരപോതിയില്‍ വീണുപോകുന്ന പാവം വല്ലിമ്മ..
തറവാടിന്റെ മുറ്റത്ത്‌ മാവും വതോളി നാരങ്ങയുടെ മരവും എന്നും തണല്‍ വിരിച്ചു നിന്നിരുന്നു .  നിറയെ നാരങ്ങ കായ്ച്ചു നില്‍ക്കുന്ന ആ മരം എന്നും കണ്ണുകള്‍ക്ക്‌ കുളിരാണ്, ഉപ്പു  കൂട്ടിയാണ് ഞങ്ങള്‍ നാരങ്ങ കഴിച്ചിരുന്നത്,  കോലായില്‍ ഇരുന്നു നോക്കിയാല്‍ വളംബതെ വീടിന്റെ വേലി അരികിലായി  ഒരു തേക്ക്‌ മരം പ്രൌടിയാടെ തല ഉയര്‍ത്തി നില്‍ക്കുന്നത് എന്നും കൌതുകത്തോടെയാണ്  കണ്ടിരുന്നത്‌.

തറവാട്ടു വീടിനൊരു ഭീഷണിയാണെന്ന് തോന്നിയ മാവിന് ഒരിക്കലും തലയുയര്‍ത്താന്‍ അവകാശമുണ്ടായിരുന്നില്ല. കൊമ്പ് വെട്ടാതിരുന്നാല്‍ മാത്രം മാങ്ങ തന്നിരുന്ന മാവ് പുളിയുറുമ്പ് സ്വന്തമാക്കിയിരുന്നെങ്കിലും, അണ്ണാനും പക്ഷികളും ബാക്കി വെച്ച് കിട്ടുന്ന മാമ്പഴത്തിന് സ്വാദ് കൂട്ടിയിരുന്നത് മാവിന്‍ പ്രതികാരമാണോ അതോ അത് പകുത്തു നല്‍കിയിരുന്ന വല്ലിമ്മയുടെ കയ്യാണോ, അതോഅടുക്കളയിലെ  പെട്ടിയിലെ ആര്‍ക്കും തൊടാന്‍ അവകാശമില്ലാത്ത മലേഷ്യന്‍  കത്തിക്കാണോ?


രാജമൂച്ചിയെന്നു വല്ലിപ്പ ഓമനിച്ചു വിളിച്ച  മാവിനെന്നും വല്ലിപ്പാനോട്  ബഹുമാനമുണ്ടായിരുന്നു. അതോ സ്നേഹക്കൂടുതനാണോ... അവസാന കാലം വരെ രണ്ടുപേരും മെലിഞ്ഞിട്ടായിരുന്നു. തടിക്കാന്‍ വേണ്ട എല്ലാ സൌകര്യമുണ്ടായിട്ടും അവള്‍ക്കതിനാവില്ലായിന്നു. എല്ലാ വര്‍ഷവും മാവുനിറയെ  മാങ്ങ തരും. ആ മാങ്ങയാണെങ്കില്‍, നിറയെ  ആരുനിറഞ്ഞ കോമാങ്ങയയിരുന്നു.വല്ലുപ്പ നമ്മെളെ വിട്ടുപിരിഞ്ഞതോടുകൂടി മുറ്റത്തെ മാവും അന്യമായി .
 

പ്ലാവുള്ളത് ബാക്കില്‍ അടുക്കള മുറ്റത്ത്‌ ഒരു തറയിലായിരുന്നു.പറമ്പിനു മൂലയിലായി ബീരന്കുട്ട്യാക്കാന്റെ വീടിനടുത്ത്. നാലഞ്ചു കൈതകളും പ്ലാവും  ഉണ്ടായിരുന്നു.
ബീരാന്‍ കാക്കയുടെ വീട് പടിഞ്ഞാര്‍ ഭാഗത്തായിരുന്നു, തെക്ക് ബാകത്ത് മൊഇലെകാക്കാന്ടെ വീടാണ്, വടക്ക് ഭാഗത്തായി നായന്മാരുടെ  വീടും, കിഴക്ക് ഭാഗത്തായി വളംബത്തെ കാക്കാന്റെ  വീടായിരുന്നു, മറ്റൊരു ഭാഗത്ത് നായന്മാരുടെ ഇടവഴിക്ക് അപ്പുറത്ത്, അവരുടെ തൊടി ഇത്തിരി ഉയരത്തിലാണ്. മഴ പെയ്താല്‍ ഇടവഴിയിലോട്ട് പൊട്ടി വീഴുമാ ഭാഗം.

നിറയെ മുരിങ്ങ മരങ്ങള്‍, കായ്ച്ചു തൂങ്ങി നില്‍ക്കുമായിരുന്നു. കുളിപ്പുരക്ക് പിറകിലും അരികിലുമായി പപ്പായ മരങ്ങള്‍.. എപ്പോഴും പഴുത്ത പപ്പായ നല്‍കുമായിരുന്നു ആ മരങ്ങള്‍ ...

എന്‍റെ പ്രിയപ്പെട്ട ആ തൊടി മുഴുവന്‍ ചെരിപ്പില്ലാതെ നടക്കുമായിരുന്നു ഞാന്‍. അതിനെന്നെ വല്ലിമ്മയും അമ്മാവന്‍മാരും വഴക്ക് പറയുമായിരുന്നു. ആ തൊടിയിലെ മരങ്ങള്‍ക്ക് മാത്രമല്ല അവിടത്തെ ഓരോ വ്യക്തികള്‍ക്കുമെന്നെ പ്രിയമായിരുന്നു. അയ്മുട്ട്യക്കന്റെ മുട്ടായി  പീടികയിലും, മായിന്റെ ബാര്‍ബര്‍ ഷാപ്പിലും, മൊയ്ദീന്‍ കാക്കാന്റെ ചായപീടികയിലും കുഞ്ഞാച്ചുത്താന്റെ  പേരക്കുട്ടി എന്ന നിലയില്‍ എല്ലാവര്ക്കും   ഞാന്‍ പരിചിതനായിരുന്നു.
തറവാട്ടില്‍ മൊത്തം പതിനൊന്നു പേരാണ് ..   നാല്  അമ്മാവന്മാരില്‍ മൂന്നു പേരും ഗള്‍ഫിലാണ്. നാട്ടിലുള്ള അമ്മാവനും കുടുംബവും  ഇപ്പോഴവിടെയുണ്ട്. പെണ്മക്കളില്‍ മൂത്തത് എന്‍റെ ഉമ്മയാണ്‌ , ആറു എളാമമാരില്‍ ഒരാള്‍ മാത്രം ഗവണ്‍മെന്റ് ഹൈസ്കൂള്‍ ടീച്ചറാണ്.......
ചിരിച്ചു കൊണ്ട് മാത്രം സംസാരിക്കുന്ന എന്‍റെ ഇമ്മാന്റെ  അമ്മാവന്‍ പൂച്ചിക്കാക്ക..  എന്നും സ്നേഹത്തോടെ ബാബു എന്നു വിളിച്ചിരുന്ന മൂചെട്ടിയിലെ അമ്മായി…  , ഇവര്‍ രണ്ടാളും ഇപ്പോഴും അതെ പ്രസരിപ്പോടെ അവിടെയുണ്ട്.
പൂച്ചി കാക്കയും , ഞാനും . 1 . 2 . 2014


ഇപ്പോഴും സ്നേഹം മാത്രമുള്ള, എന്നാല്‍ ഗൌരവം നടിക്കുന്ന പ്രായാധിക്യമുള്ള എന്‍റെ ഉപ്പാന്റെ വലിയ സ്നേഹിതന്‍ കൂടിയായ ചെറികാക്ക എല്ലാവരുമുണ്ട്‌ ..... ഉപ്പ മാത്രം എന്നെ പിരിഞ്ഞു നേരത്തെ യാത്രയായി ........
പക്ഷെ...
ആ പഴയ  തറവാടുണ്ട് ……..
മാവുകളില്ല... പ്ലാവില്ല ... പ്ലാതറയില്ല  തോഴുത്തില്ല ... പശുക്കളുമില്ല...
പഴയ ഞാനുമില്ല……………


ഇസ്ഹാക്ക് പുഴക്കലകത്ത്.