Saturday, June 27, 2015

യാത്ര.


നിന്നെ പാമ്പ് കടിക്കും..
!!

മരണം പിന്തുടരുന്നുവോ ?

ജീവിക്കാനായി ഓടി..
പാമ്പ് കടി മറക്കാനായി കാമുകനായി, 
ഉപ്പയായി, ഉപ്പാപ്പയായി, ഉപ്പപ്പൂപ്പയായി.

ഇതിനെല്ലാം കാരണം “ജനനം” എന്ന മൂന്നക്ഷരം തന്നെ..!
ഇനിയോടാന്‍ മുന്നോട്ടു വഴിയോന്നുമില്ലാതെ ആടിയ വേഷങ്ങളൊക്കെ “ജീവിതം” എന്ന മൂന്നക്ഷര മാലയില്‍ കോര്‍ത്തു കാത്തിരിക്കുന്നതും “മരണ” മെന്ന മൂന്നക്ഷരം. നീ ചെയ്ത നന്മകള്‍ മാത്രം തുണയാകുമെന്നു പറഞ്ഞ് നിന്നെ മാടിവിളിക്കുന്നു “ഖബര്‍” എന്ന മൂന്നക്ഷരം.


https://www.facebook.com/isakkisam
http://ishaquep.blogspot.in/
 
 




Monday, June 22, 2015

മെഗാസ്റ്റാര്‍ മമ്മൂട്ടിയോട്...


അര്‍ദ്ധ നഗ്നകളായ തരുണീ മണികളെ നെഞ്ചോട് ചേര്‍ത്ത് ആടിതിമിര്‍ക്കുമ്പോള്‍.... കിടപ്പറ രംഗങ്ങളും ബലാത്സംഗ സീനുകളും കൊണ്ട് ഭാവാഭിനയം കൊഴുപ്പിച്ചപ്പോഴും, പേരമക്കളുടെ പ്രായമുള്ള കൌമാരക്കാരികളുടെ മാറിടത്തില്‍ മുഖം വെച്ച് കിടക്കുന്ന സിനിമാ പോസ്റ്ററുകള്‍ തെരുവുകള്‍ മുഴുവന്‍ നിറഞ്ഞപ്പോഴും, ചൂതാട്ടത്തിന് സമാനമായ തൊഴിലിലൂടെ കോടികള്‍ വാരിക്കൂട്ടി സമ്പന്നനായപ്പോഴും, താങ്കള്‍ ചെയ്യുന്നത് ഇസ്‌ലാം മത വിശ്വാസത്തിന് എതിരാണ്, താങ്കള്‍ അത് ചെയ്യരുതെന്ന് ഒരു ലീഗ് നേതാവും മത പണ്ഡിതനും ഇന്നേവരേ പ്രസ്ഥാവന ഇറക്കിയിട്ടില്ല.

കാരണം, മഹാനടന് തന്‍റെ പാരമ്പര്യ മത വിശ്വാസപ്രമാണങ്ങളില്‍ നിന്നും വ്യതിചലിച്ച് അര്‍മാദിച്ചു ജീവിക്കുവാനുള്ള അവകാശം പോലെതന്നെ, മന്ത്രിക്ക് തന്‍റെ വിശ്വാസ പ്രമാണങ്ങള്‍ മുറുകെപിടിച്ച് ജീവിക്കാനുള്ള അവകാശവും ഈ നാട് വകവെച്ച് നല്‍കുന്നുണ്ട് എന്നത് തന്നെ.
അതാണ്‌ ഭാരതത്തിന്‍റെ മഹാ പൈതൃകം, വ്യക്തികള്‍ക്ക് അവരുടെ വിശ്വാസവും അവിശ്വാസവും മുറുകെപിടിക്കാനുള്ള അനന്തമായ സ്വാതന്ത്ര്യം.

അതേസമയം, നിലവിളക്ക് കത്തിക്കുന്നത് വിശ്വാസത്തിന്‍റെ ഭാഗമല്ല എന്ന് സിനിമാ നടന്‍ മമ്മുട്ടി വിശ്വസിക്കുന്നു എന്നത് കൊണ്ട് അത് ഭാരതത്തിലെ നൂറ്റിഇരുപത്തിയഞ്ചു കോടി പ്രജകളും വിശ്വസിക്കണം എന്ന് വാശിപിടിക്കുമ്പോള്‍, താന്‍ ജീവിക്കുന്നത് എന്‍റെ വിശ്വാസം സ്വന്തം മക്കളുടെ അണ്ണാക്കിലേക്ക് പോലും നിര്‍ബന്ധിച്ച് കുത്തികയറ്റാന്‍ അനുമതി നല്‍കാത്ത ഇന്ത്യന്‍ നീതീന്യായ വ്യവസ്ഥയുടെ തണലിലാണ് എന്ന് മമ്മുട്ടി ഓര്‍ക്കണം.

അല്ലാതെ, വെള്ളിത്തിരയില്‍ രണ്‍ജിപണിക്കര്‍ എഴുതിതരുന്നത് കാണാപാഠം പഠിച്ച് ചര്‍ദ്ധിക്കുമ്പോള്‍ മല്ലന്‍മാരായ എതിരാളികള്‍ കുഴഞ്ഞ് വീഴുന്നത് പോലെ, മതേതര കാപട്യക്കാരുടെ കയ്യടി ലക്ഷ്യമാക്കി, ഭരണഘടന വകവെച്ച് തരുന്ന വ്യക്തി സ്വാതന്ത്ര്യത്തിന്‍റെ മുഖത്ത് പരസ്യമായി തുപ്പികൊണ്ട്, ഒരു ഇന്ത്യന്‍ പൌരന്‍റെ “മാറി നില്‍ക്കുക” എന്ന ഏറ്റവും നിസ്സാരമായ സ്വാതന്ത്ര്യത്തില്‍ പോലും കൈകടത്തുക എന്ന ഫാഷിസ്റ്റ് പ്രവണതക്കെതിരെ വിരല്‍ ചൂണ്ടാന്‍ കഴിയുന്ന ഒരു പൊതുസമൂഹം ഈ നാട്ടിലുണ്ടെന്ന് മുഖത്ത് ചുളിവുകള്‍ വീണ് തുടങ്ങിയ മഹാനടന്‍ ഓര്‍ക്കുന്നത് നന്നാവും.
കടപ്പാട്: റഫീക്ക് പാറക്കല്‍.


https://www.facebook.com/isakkisam
http://ishaquep.blogspot.in/















Tuesday, June 09, 2015

കുട്ടിക്കാലത്തെ നോമ്പ് കാലം.


നോമ്പിനെ വരവേല്‍ക്കാന്‍ ഒരുപാട് ഒരുക്കങ്ങള്‍ നടത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഒന്നോ രണ്ടോ ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ നോമ്പിന്‍റെ ഒരുക്കങ്ങള്‍ തുടങ്ങുമായിരുന്നു. “നനച്ചുകുളി” എന്ന പേരിലായിരുന്നു ഇതറിയപെട്ടിരുന്നത്. വീട്ടിലെ എല്ലാ സാധനങ്ങളും മേശ, കസേര, കട്ടില്‍,  വാതിലുകള്‍, ജനവാതിലുകള്‍, മുതലായ എല്ലാ മുക്കും മൂലയും അടിച്ചു വാരി പൊടി തട്ടി തുടച്ചു വൃത്തിയാക്കി ജനല്‍കര്‍ട്ടനുകള്‍, വിരിപ്പുകള്‍, വസ്ത്രങ്ങള്‍ ഒക്കെ കഴുകി വൃത്തിയാക്കി അടുക്കി വെച്ചു നോമ്പിന് തയ്യാറെടുക്കുമായിരുന്നു. മുറ്റമോക്കെ അടിച്ചുവാരി പുല്ലുകള്‍ ഒക്കെ പറിച്ചെടുത്തു വൃത്തിയാക്കുമായിരുന്നു.

ഇനി മാസം കാണാനുള്ള കാത്തിരിപ്പാണ്. ഇന്നത്തെ പോലെ മാസം കണ്ടതറിയാനുള്ള സാങ്കേതികവിദ്യ ഒന്നും അന്നുണ്ടായിരുന്നില്ല. ചിലപ്പോള്‍ രാത്രി രണ്ടു മണിക്കുവരെ മഹല്ല്ഖാസി നോമ്പ് ഉറപ്പിച്ച സംഭവം ഉണ്ടായിട്ടുണ്ട്. മാസപിറവി കണ്ടതു മുതല്‍ വൃതാനുഷ്ട്ടാനത്തിന്റെ നാളുകള്‍ക്കു തുടക്കമായി. ഒരു മാസക്കാലം പരിശുദ്ധ നോമ്പിന്‍റെ കാലം, ഉദയം മുതല്‍ അസ്തമയം വരെ ജലപാനമില്ലാതെ മനസും ശരീരവും വ്രത ശുദ്ധിയോടെ കാത്ത് പരമ കാരുണ്യവാനായ അല്ലാഹുവിനായി സ്വയം സമര്‍പ്പിക്കുന്ന മാസം, വിശപ്പിന്‍റെ വിളി എന്താണെന്ന് പാവപെട്ടവനെ പോലെ തന്നെ പണക്കാരനും മനസ്സിലാക്കുന്നത്‌ ഈ ഒരു വ്രതമാസക്കാലത്താണ്.
 
രാത്രി അത്തായത്തിനു പൂവന്‍പഴം നിര്‍ബന്ധമായിരുന്നു. ചോറില്‍ പഴം കുഴച്ച് ഉപ്പാന്‍റെ കൂടെ അത്താഴം കഴിച്ചത് ഇന്നും ഓര്‍ക്കുന്നു. പിന്നെ മൈസൂര്‍പഴം പാലീഞ്ഞതും ഒരു ഒഴിവാക്കാന്‍ പറ്റാത്ത വിഭവം തന്നെ. നോമ്പ് തുറക്കാന്‍ ഇന്നത്തെ പോലെ ധാരാളം വിഭവങ്ങള്‍ ഉണ്ടാകാറില്ല. വെള്ളവും ഉണക്ക കാരക്കയുമായിരുന്നു നോമ്പ് തുറക്കാന്‍ ഉപയോകിക്കുക. തരിക്കഞ്ഞി കൂട്ടിനുനുണ്ടാവും. എന്തെങ്കിലും ഒരു ഫ്രൂട്ട്സും ഉണ്ടാവും. മഗിരിബ് നമസ്കാരത്തിനു ശേഷം വറുത്തുഅരച്ച് വെച്ച  പോത്തിറച്ചിക്കറിയും കൂട്ടി പത്തിരി കഴിക്കും. നോമ്പുകാലത്തെ ആ പോത്തിറച്ചിക്കറിക്ക് ഒരു വല്ലാത്ത  രുചിയാണ്. ജീവിതത്തില്‍ ഇന്നേവരെ ഒരു ഫൈവ്സ്റ്റാറിലും കിട്ടാത്ത രുചിക്കൂട്ട്.

ഉപ്പാനോടോത്തു ഇഷാ നമസ്കാരത്തിനു പള്ളിയിലേക്ക്. തറാവീഹ് നമസ്കാരത്തിനു ആദ്യ രണ്ടു റകാഅത്തു കഴിഞ്ഞാല്‍ ചിലപ്പോള്‍ മുങ്ങും. പിന്നെ ഫിത്തിര് നമസ്കാരത്തിനു ജോയിന്‍ ചെയ്യും. ഒരു പ്രാവിശ്യം ഉപ്പ ഇത് കണ്ടുപിടിച്ചു. പിന്നെ നമസ്കരിക്കുമ്പോള്‍ ഉപ്പാന്റെ അടുത്തായി എന്‍റെ സ്ഥാനം. ഇടയ്ക്കു ഉപ്പ സുഖമില്ലാതെയോ സ്ഥലത്തില്ലാതെയോ വരുന്ന ദിവസങ്ങളില്‍ രാതി ഇശാ നമസ്കാരശേഷം കടയില്‍ നിന്ന് “ചക്കരപോല” വാങ്ങി വലിക്കും. പുകയില അരിഞ്ഞു ചെറുതാക്കി ശര്‍ക്കരയും മറ്റ് ചേരുവകളും ചേര്‍ത്തുണ്ടാക്കുന്ന “ചക്കരപോല” നോമ്പിന്‍റെ സ്പെഷ്യല്‍ ബീഡിയായിരുന്ന “തെരക്കൂട്ട്‌” എന്നും പറയാറുണ്ട്‌. ഇത് കുട്ടികള്‍ക്കും വലിക്കാം കുഴപ്പമില്ല  എന്നൊരു പറച്ചിലുണ്ടായിരുന്നു. തറാവീഹ് നമസ്കാര ശേഷം വീട്ടിലെത്തിയാല്‍ നല്ല ചൂടോടെ ഉമ്മ വിളമ്പിയിരുന്ന ചീരാകഞ്ഞി നോമ്പിന്‍റെ മറ്റൊരു സ്പെഷ്യല്‍ വിഭവം തന്നെ..!! ഇരിപത്തിയെഴാംരാവിനു നിറയെ ആള്‍ക്കാര്‍ സകാത്തിന് വീട്ടില്‍ വന്നിരുന്നു. ഉമ്മ കല്‍ത്തപ്പം ചുട്ടു അടുത്ത വീട്ടിലുള്ളവര്‍ക്ക് കൊടുത്തയ്ക്കുമായിരുന്നു അന്ന്.

മുപ്പത് ദിവസം നോമ്പ് അനുഷ്ടിക്കുന്നതിലൂടെ നിങ്ങളുടെ തലച്ചോറിനെ ഉത്തേജിപ്പിക്കുന്നു. ബുദ്ധിയും ചിന്താശക്തിയും ഓര്‍മ്മ ശക്തിയും വര്‍ദ്ധിക്കുന്നു. രോഗങ്ങളില്‍ നിന്ന് മുക്തി ലഭിക്കുന്നു. ശരീരത്തിന്‍റെ രോഗപ്രതിരോധശക്തി കൂടുന്നു. ഭക്ഷണത്തിലൂടെ നിങ്ങളുടെ ശരീരത്തില്‍ അടിഞ്ഞു കൂടുന്ന വിഷാംശങ്ങള്‍ നോമ്പ് കാലത്ത് ശരീരം പുറം തള്ളുന്നു. യഥാര്‍ത്ഥ നോമ്പുകാരന് അല്ലാഹു പാപങ്ങളില്‍ നിന്ന് മോചനം നല്‍കുന്നു.  

ഇനി നമുക്ക് ഈ വരാനിരിക്കുന്ന നോമ്പിനെ വരവേല്‍ക്കാന്‍ മനസ്സ്കൊണ്ടും ശരീരംകൊണ്ടും തയ്യാറെടുക്കാം, പാപ മോചനത്തിനായി പ്രാര്‍ത്ഥിക്കാം. ഇസ്ലാമിനെ തിരിച്ചറിയുക അത് സ്നേഹമാണ്, സാഹോദര്യമാണ്,
സമാധാനത്തിന്‍റെ മതമാണ്‌.

ലോക സമാധാനത്തിനും, ഐക്യത്തിനും ഭീകരതക്കുമെതിരെ ജാതിമതഭേതമന്യേ നമുക്ക് കൈകോര്‍ക്കാം.


https://www.facebook.com/isakkisam