Thursday, March 27, 2014

രണ്ടു തണല്‍ മരങ്ങള്‍.

            എല്ലാവര്‍ക്കും പ്രിയപ്പെട്ട ഈ തണലില്‍ ഇത്തിരി ഇരിക്കാതെ ഈ ഭൂലോഗത്ത്‌ ആരും കടന്നു പോയിട്ടുണ്ടാവില്ല . വേദനയോടെ എല്ലാവരെയും പിരിഞ്ഞു പോകുന്ന തണല്‍ മരങ്ങള്‍, നമ്മുടെയെല്ലാവരുടെയും മാതാപിതാക്കള്‍.

            ഇത് എന്‍റെ സ്വന്തം സ്വകാര്യ ദുഃഖം. നാളെ നിങ്ങള്‍ക്കും വരാനിരിക്കുന്ന ദുഃഖം
, ദൈവത്തിന്‍റെ വിളി കാതോര്‍ത്തു നില്‍ക്കുന്ന മനുഷ്യര്‍.

            എന്‍റെ പ്രിയപ്പെട്ട ഉപ്പ ഹൈദ്രോസ് ഹാജി. ഞങ്ങളെ പിരിഞ്ഞിട്ടു പതിനഞ്ചു  വര്‍ഷമായി [19.07.1998] ആ വിയോഗം ഇന്നും ഞങ്ങളെ നൊമ്പരപ്പെടുത്തുന്നു,   ഞങ്ങള്‍ അഞ്ചു പേരാണ്, അഞ്ചില്‍ രണ്ടാമനായി ജന്മം കൊണ്ടു. രണ്ടു സഹോദരിമാരും രണ്ടു അനിയന്മാരും, മൂത്ത പെങ്ങള്‍ ഖൈയിരുന്നിസ പിന്നെ ഞാന്‍, അടുത്തത് ചെറിയ പെങ്ങള്‍ നുര്‍സിയ,അനുജന്മാര്‍ ലെസിന്‍,നിസാം,ഇതാണ് ഞങ്ങളുടെ സന്തോഷമായ കുടുംബം.

             ഇതൊരു ഓർമ്മക്കുറിപ്പാണ്. വായിക്കുന്നവർക്ക് എത്ര ഇഷ്ടമാവുമെന്നറിയില്ല. പക്ഷെ എഴുതണമെന്നു തോന്നി.  വിട്ടുപിരിഞ്ഞിട്ടും ഓർമ്മകളിൽ എന്നും മായാത്ത തെളിമയോടെ നിൽക്കുന്ന എന്റെ പ്രിയപ്പെട്ട ഉപ്പയെ കുറിച്ച്...  പലവട്ടം ശ്രമിച്ചിട്ടും പൂർത്തിയാക്കാനാവാത്ത വരികൾ. ഉപ്പയുടെ ഓര്‍മകളിലൂടെ സഞ്ചരിക്കുമ്പോള്‍ നിറയുന്ന കണ്ണുകള്‍ കീ ബോര്‍ഡിലെ അക്ഷരങ്ങള്‍ മറയ്ക്കും.  വിങ്ങുന്ന നെഞ്ചകത്തോടെ വീണ്ടും എഴുതാനിരിക്കുമ്പോൾ നിറയുന്ന കണ്ണുകൾ.... അങ്ങിനെ എത്രയോ തവണ പൂർത്തിയാക്കാനാവാതെ ഉഴുക്കില്ലാത്ത ഒരു ഓര്‍മകുറിപ്പാണിത്.

           എന്നും പുഞ്ചിരിക്കുന്ന മുഖത്തോടെ മാത്രമായിരുന്നു ഞങ്ങള്‍ ഉപ്പാനെ കണ്ടിരുന്നത്‌. വെറുക്കുന്നവരെ പോലും സ്നേഹിക്കാൻ പഠിപ്പിച്ച പ്രിയപ്പെട്ട ഉപ്പ. ഒന്നുമില്ലായ്മയിൽ നിന്നും ദാരിദ്ര്യത്തോടും കഷ്ടപ്പാടുകളോടും പടവെട്ടി മക്കൾ ഓരോരുത്തർക്കും ജീവിക്കാനുള്ള ഓരോ വഴികാണിച്ചുതന്നു. നാട്ടുകാരെയും കുടുംബക്കാരെയും  ഒരുപോലെ സ്നേഹിച്ചു. നാട്ടിലൊരാൾ പോലും മോശമായി പറയാത്ത വ്യക്തിത്വമായിരുന്നു ബാപ്പയുടെ ഏറ്റവും വലിയ സമ്പാദ്യം. ഒപ്പം ബാപ്പയ്ക്ക് വേണ്ടി എന്നും പ്രാർത്ഥിക്കുന്ന ഞങ്ങള്‍ മക്കളെയും. 
ഞങ്ങളെ ഉപദേശിച്ചും ശിക്ഷിച്ചും മാത്രം നേരെയാക്കാതെ അത് സ്വന്തം ജീവിതത്തിലൂടെ പ്രാവർത്തികമാക്കി പഠിപ്പിച്ചു.

            ഉപ്പ ഞങ്ങളുടെ എല്ലാമായിരുന്നു തമാശകള്‍ പറഞ്ഞും, കളിക്കൂട്ടുകാരനായും ഇന്നും ഞങ്ങളുടെ മനസ്സില്‍ ജീവിക്കുന്നു. എനിക്കോര്‍മയുള്ള കാലം മുതല്‍ തന്നെ ഉപ്പ മലേഷ്യയില്‍ ആയിരുന്നു, കുട്ടിക്കാലത്ത് മദ്രാസില്‍ പോയി ഉരുവില്‍ പാസ്പോര്‍ട്ട് ഒന്നുമില്ലാതെ തന്നെ മലേഷ്യയില്‍ എത്തി. ബ്രിട്ടിഷ് കോളനിയായിരുന്നു അന്ന് മലേഷ്യ, അവിടെ വെച്ച് ബ്രിട്ടീഷ് സിറ്റിസനായി... മരിക്കുന്നത് വരെ ബ്രിട്ടീഷ് സിറ്റിസനായി ജീവിച്ചു. ബ്രിട്ടന്‍ കാണാത്ത ബ്രിട്ടീഷ് ഓവര്‍സീസ് സിറ്റിസന്‍.
           ഞങ്ങളുടെ കുട്ടിക്കാലത്ത് രണ്ടു വര്‍ഷം കൂടുമ്പോള്‍ ഉപ്പ അവധിക്ക് നാട്ടില്‍ വരുമായിരുന്നുആ വരവ് ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു ഉത്സവം തന്നെയായിരുന്നു. മദ്രാസ് വഴി ആയിരുന്നു ഉപ്പ വരുന്നത്... മദ്രാസില്‍ നിന്നും പിന്നെ മദ്രാസ് മെയിലില്‍ പരപ്പനങ്ങാടി സ്റ്റേഷന്‍ വരെ... ഞങ്ങളെല്ലാവരും പരപ്പനങ്ങാടി സ്റ്റേഷനില്‍ രാവിലെ തന്നെ ഹാജറുണ്ടാകും, ഞങ്ങളുടെ അയല്‍വാസി കൂടിയായ കറപ്പന്‍ മാഷായിരുന്നു അന്നു പരപ്പനങ്ങാടി റെയിവേ സ്റ്റേഷന്‍ മാസ്റ്റര്‍. വണ്ടി ഷൊര്‍ണൂരില്‍ നിന്നു വിട്ടതു മുതല്‍ ഞങ്ങള്‍ ഇടയ്ക്കിടയ്ക്ക് സ്റ്റേഷന്‍ മാസ്റ്ററെ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കും. ട്രെയിന്‍ സ്റ്റേഷനില്‍ കൂടെ കടന്നു പോകുമ്പോള്‍ ഡോറില്‍ നിന്നു കൈ വീശുന്ന ഉപ്പാനെ തേടി ഞങ്ങളുടെ കണ്ണുകള്‍ പരതിക്കൊണ്ടിരിക്കും.

           വീട്ടിലെത്തിയാല്‍ എല്ലാ കണ്ണുകളും ഉപ്പ കൊണ്ടുവന്ന ചുവന്ന കള്ളി പ്പെട്ടിയിലായിരിക്കും, അത് തുറന്നു കണ്ടാലേ ഞങ്ങള്‍ അടങ്ങുകയുള്ളൂ വിവിതതരം മിട്ടായികള്‍ഉടുപ്പുകള്‍കളിക്കോപ്പുകള്‍, പെന്‍സില്‍റബ്ബര്‍സ്കൂള്‍ ബാഗ്‌. അങ്ങനെ ഒരുപാട് ഐറ്റംസ്.... 

               എന്‍റെ പൊന്നുമ്മ ആയിഷ, ജീവിതത്തില്‍ ഒരുപാട് കാലം ഉപ്പാന്‍റെ തുണയില്ലാതെ തന്നെ ജീവിക്കേണ്ടി വന്നു, രണ്ടു വര്‍ഷത്തില്‍ ഒരിക്കലായിരുന്നു ഉപ്പ ലീവിനു വരുന്നത്. ഞങ്ങളുടെ പഠിത്തത്തിനായി ഒരു പാട് ബുദ്ധിമുട്ടിയിട്ടുണ്ട്‌ അക്കാലത്ത് ഉമ്മ. ഉപ്പാന്‍റെ മരണ സമയത്ത്‌ ഞങ്ങള്‍ എല്ലാവരും നാട്ടില്‍ ഉണ്ടായിരുന്നു... ഞാനൊറ്റക്ക് തിരിച്ചു പോരാനായിരുന്നു തീരുമാനിച്ചിരുന്നത്, ഗള്‍ഫിലേക്ക് തിരിക്കുന്നതിനു കുറച്ചു ദിവസം മുന്‍പു എന്നെ വിളിച്ചു പറഞ്ഞു, മോനേ ബാബൂ നീ പോകുമ്പോള്‍ നിന്‍റെ ഭാര്യയേയും കൊണ്ടു പോകണം, ആ ഫാമിലി വിസ കളയണ്ട ..... ഞാന്‍ ഒരുപാട് കാലം നിന്‍റെ ഉപ്പയില്ലാതെ ജീവിച്ചതാണ് ആ ഗതി ഏതായാലും നിനക്ക് വരണ്ട... കുറച്ച് കഴിഞ്ഞു വിസിറ്റ് വിസ കിട്ടുകയാണെങ്കില്‍ ഞാന്‍ അങ്ങോട്ട്‌ വരാം, എനിക്കൊരു ഹജ്ജു കൂടി ചെയ്യുകയും നിങ്ങളുടെ കൂടെ കുറച്ചു നില്‍ക്കുകയും ചെയ്യാമല്ലോ... ജീവിത യാഥാര്‍ത്യങ്ങള്‍ എന്നും ദീര്‍ഘ വീക്ഷണത്തോടെ കണ്ടിരുന്നു ഉമ്മ. പുറമേ സ്നേഹം കാണിച്ചു പുന്നരിച്ചു സംസാരിക്കാറില്ലെങ്കിലും ആ മനസ്സു നിറയെ സ്നേഹമാണ്‌.  

               ഒരിക്കലും ഒരല്ലലില്ലാതെയാണ് ഞങ്ങള്‍ വളര്‍ന്നത്‌, ഉമ്മയാണ് ഞങ്ങളുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്. എന്‍റെ പത്താം ക്ലാസ് പരീക്ഷയുടെ തലേന്ന് വലിയപാടത്തു കളിക്കാന്‍ പോയപ്പോള്‍  ഉമ്മാന്‍റെ കയ്യില്‍ നിന്നും കിട്ടിയ അടി ഇന്നും മറന്നിട്ടില്ല.
ലെസിനും,നിസാം,ഇഗ്ലീഷ് മീഡിയം സ്കൂളിലായിരുന്നു പഠിച്ചത്. പെങ്ങമ്മാര്‍ രണ്ടും മാധവാനന്ത വിലാസം സ്കൂളിലും. എന്‍റെ സ്കൂള്‍ വിദ്യാഭ്യാസം മാധവാനന്തത്തില്‍ തുടങ്ങി ഓറിയന്റിലൂടെ സൂപ്പിക്കുട്ടിയില്‍ അവസാനിച്ചു. ഹ ഹ ഇതു മൂന്നും സ്കൂളിന്‍റെ പേരാണ് കെട്ടോ :) :) 

               ഡിഗ്രി അവസാന വര്‍ഷം പി എസ് എം ഒ യില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ വണ്ടി വിട്ടതാണ് ഈ ജിദ്ദയിലേക്ക്... 
അങ്ങനെ സംഭവബഹുലമായ പ്രവാസ ജീവിതം തുടങ്ങി.... അതു പറഞ്ഞപ്പോളാണ് ഉപ്പാന്റെ ഒരു തമാശ ഓര്‍മയിലൂടെ മിന്നിമറഞ്ഞത്‌... ഉപ്പ നാട്ടിലുള്ള കാലം, ഞാന്‍ ഗള്‍ഫിലൊക്കെ എത്തിയതല്ലേ , ഒന്നു പേരെടുക്കാനായി ഞാന്‍ ഒരു അയ്യായിരം രൂപ വീട്ടിലേക്കു അയച്ചു,കൂടെ ഒരു കത്തും. മുവ്വായിരം രൂപ ഉപ്പാക്ക്,ആയിരം രൂപ ഉമ്മാക്ക്,അഞ്ഞൂറ് രൂപ വീതം അനിയന്മാര്‍ ലെസിനും,നിസാമിനും എന്നും കത്തില്‍ എഴുതിയിരുന്നു.

                ഈ വിവരങ്ങളൊന്നും അറിയാതെ സ്കൂള്‍ വിട്ടു വന്ന നിസാമിനു ഉപ്പ ഒരു നൂറു രൂപ കൊടുത്തു പറഞ്ഞു ... മോനേ നീ ഹോട്ടല്‍ അയ്യപ്പാസില്‍ പോയി പൊറാട്ടയും ബീഫോ,ചിക്കനോ എന്താച്ചാല്‍ വാങ്ങി കഴിച്ചോ അത് കഴിഞ്ഞു അലവിക്കാന്റെ കടയില്‍ പോയി നിനക്ക് വേറെ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അതും വാങ്ങിക്കോ എന്ന് പറഞ്ഞു വിട്ടു. നിസാം ഹാപ്പി ആയി നാസ്തയും, മാറ്റെന്തോ ഒന്നു രണ്ടു സാധനങ്ങളും വാങ്ങി നെഞ്ചു വിരിച്ചു ഉപ്പാക്ക് ബാക്കി വന്ന ഇരുപതു രൂപ കൊടുത്തു, ഉപ്പ പറഞ്ഞു അത് നീ തന്നെ വച്ചോ എന്ന് പറഞ്ഞു ചിരിച്ചു, ഇതു കണ്ട് ഉമ്മയും ചിരിക്കാന്‍ തുടങ്ങി... ഒരു പന്തികേട്‌ മണത്ത നിസാം കാര്യം തിരക്കിയപ്പോള്‍ ഉപ്പ പറഞ്ഞു അത് നിനക്ക് ബാബു കാക്ക അയച്ച കാശു തന്നെയാണെന്ന്.... അതു കേട്ടതും നിസാം കരയാന്‍ തുടങ്ങി, എന്‍റെ കാശ് എനിക്കു തന്നെ തരണം ഞാന്‍ ചിലവാക്കിയത് ഉപ്പാന്റെ കാശ് അന്നെന്നും പറഞ്ഞു..... അവസാനം മുഴുവന്‍ കാശും കൊടുക്കേണ്ടി വന്നു ഉപ്പാക്ക്.
 
              ഉപ്പാന്‍റെ മദ്രാസിലെ സംഗീത ഹോട്ടലും,വെക്കേഷനിലെ മദ്രാസിലേക്കുള്ള പോക്കും എന്നും ഒരു ഹരമായിരുന്നു, ജീവിതത്തിന്റെ ഓരോ മറക്കാനാകാത്ത നിമിഷങ്ങളും പിരിഞ്ഞു കൊണ്ടു ആ ഓര്‍മ്മകള്‍ മനസ്സില്‍ താലോലിച്ചു ഈ യാത്ര തുടരുന്നു.



              ഒരിക്കല്‍ പനിപിടിച്ച് ആ തോളിൽ ചുരുണ്ടുകൂടിയിരുന്ന് റോഡിലൂടെ രാധാകൃഷ്ണന്‍ ഡോക്ടറുടെ ക്ലിനിക്കില്‍ പോയി മരുന്ന് വാങ്ങി വരുന്ന വഴി വണ്ടിക്കാരന്‍ അസ്സങ്കാന്റെ കടയില്‍ നിന്നു തണുപ്പില്ലാത്ത സര്‍ബത്ത് വാങ്ങി കുടിച്ചതും കൂടെ എള്ള് മിഠായിയും, കടല മിഠായിയും, പമ്പരം വാങ്ങിതന്നതും ഇന്നലെയെന്നവണ്ണം നനവാർന്ന ഓർമ്മകൾ.

              എന്റെ വികൃതികൾ കൊണ്ട് സഹികെടുമ്പോൾ വല്ലപ്പോഴും ചെവിക്കു പിടിച്ചു തിരിക്കുന്നതും, ചേർത്ത് പിടിച്ച് തുടയിൽ നുള്ളിയിടത്ത് ഇന്ന് സുഖമുള്ള ഒരു വേദന. എത്ര വഴക്കുപറഞ്ഞാലും ശിക്ഷിച്ചാലും അത്താഴത്തിന് എനിക്കായി മാറ്റിവെയ്ക്കുന്ന ഉരുള കഴിക്കുമ്പോഴുള്ള തലോടലിൽ കൊഴിഞ്ഞുവീഴുന്ന പിണക്കങ്ങൾ.

             കുഞ്ഞുന്നാൾ മുതൽ പ്രവാസിയായി  ചുമലിലേറ്റിയ കുടുംബത്തിന്‍റെ  പ്രാരാബ്ധങ്ങൾ എല്ലാം ഇറക്കി സ്വസ്ഥമായി വിശ്രമിക്കേണ്ട സമയമായപ്പോഴേയ്ക്കും. ശാരീരികമായ അസ്വസ്ഥതകൾ ഓരോന്നായി പിന്നാലെ കൂടി.  

              എന്‍റെ വീട് പണി തുടങ്ങുന്ന സമയം, പറമ്പിലെ  തെങ്ങു മുറിക്കുന്ന പണിക്കാരോട് ചേര്‍ന്നു ഉച്ചത്തില്‍ അയിലേസ പറഞ്ഞപ്പോള്‍  നെഞ്ചിനു ഉണ്ടായ ഒരു ആശ്വസ്ഥതയാണ് തുടക്കം. കോഴിക്കോട് പി,വി,എസ്സിലെ കാര്‍ഡിയോളാജി ഡോക്ടര്‍ രവീന്ദ്രന്‍ ആയിരുന്നു ചികിത്സക്ക് നേദൃത്വം. ആ കാലത്തു നല്ല ഹാര്‍ട്ട് ഹോസ്പിറ്റല്‍ കോഴിക്കോട് ഉണ്ടായിരുന്നില്ല. ഉപ്പാക്കു സുഖമില്ലാതെ ഹോസ്പിറ്റലില്‍ ആണ് എന്നു വിളി വന്നപ്പോള്‍ പിന്നെ ഇവിടുത്തെ പ്രശ്നങ്ങള്‍ എല്ലാം അവിടെ വിട്ടു കിട്ടിയ അടുത്ത വിമാനത്തിനു കുടുംബസമേതം കരിപ്പൂരിലെത്തി... പിന്നെയുള്ള കുറച്ച് ദിവസങ്ങള്‍ മാത്രമായിരുന്നു എനിക്ക് ഉപ്പാനോടുത്തു ചിലവഴിക്കാന്‍ കഴിഞ്ഞത്, പി,വി,എസ്സിലെ ഐ,സി,യുവില്‍ ഉപ്പാനെ കണ്ട ആ നിമിഷം ഞാന്‍ ആകെ തളര്‍ന്നുപോയി, എന്‍റെ കരം ഗ്രഹിച്ചു കൊണ്ട് ഒന്നും ഉരിയാടാതെ ആ കണ്ണുകളില്‍ നിന്നു കണ്ണുനീര്‍ സൈഡിലൂടെ ഒലിച്ചിറങ്ങി, ആ കണ്ണുനീരിനു ഒരുപാട് കാര്യങ്ങള്‍ എന്നോടു പറയാനുണ്ടായിരുന്നു... ഉടനെ തന്നെ രവീന്ദ്രന്‍ ഡോക്ടറെ കണ്ടു, ഡോക്ടര്‍ പറഞ്ഞു ഇവിടെ ഇതില്‍ കൂടുതല്‍ ഒന്നും ചെയ്യാനില്ല.. ഹാര്‍ട്ട് വളെരെ വീക്ക് ആണ് കൊയംബത്തൂരോ, മദ്രാസോ, ആണ് കൂടുതല്‍ സൌകര്യമുള്ള ഹോസ്പിറ്റല്‍ ഉള്ളത്. പക്ഷേ രോഗിയെ  കൊണ്ടുപോകാന്‍ ഉള്ള ആരോഗ്യസ്ഥിതിയിലല്ല ഉള്ളത്, എനിക്കു ഡിസ്ചാര്‍ജു തരാന്‍ പറ്റില്ല എന്നു, പിന്നെ അളിയന്‍മാര്‍ ഫറോക്കിലെ കോയ ഡോക്ടറെ കൊണ്ടു പറയിപ്പിച്ചു നിര്‍ബന്ത ഡിസ്ചാര്‍ജു വാങ്ങി മറ്റൊരു ഡോക്ടറെ കൂടെ കൂട്ടി വിമാനത്തില്‍ മദ്രാസിലേക്ക് പോയി.... MMMH {Madras medical mission hospital} ആയിരുന്നു പിന്നീടുള്ള ഇരുപതു ദിവസങ്ങള്‍. ഡോക്ടര്‍ ചെറിയാന്‍റെ ചികിത്സയില്‍, കുറച്ചുകൂടി ആരോഗ്യനില മെച്ചപ്പെട്ടതിനു ശേഷം ഓപ്പറേഷന്‍ നടത്താമെന്നായിരുന്നു ഡോക്ടറുടെ അഭിപ്പ്രായം.

                ഞാന്‍ വല്ലിപ്പാന്റെ റോയപുരത്തുള്ള ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്
, ഉപ്പാന്‍റെ കൂടെ ഒരാള്‍ക്ക്‌ മാത്രമായിരുന്നു നില്‍ക്കാനനുമതി. ഉമ്മയായിരുന്നു കൂട്ടിനു. ജൂലായ്‌ 14 നു രാത്രി ഹോട്ടലിലേക്ക് പോകുന്നതിനു തൊട്ടു മുന്‍പ് പതിവുപോലെ ചിരിച്ച് കൊണ്ട് സംസാരിച്ചു. സാരമില്ല... പെട്ടെന്ന് സുഖമായി നമുക്കു തിരിച്ചു പോകാമെന്ന് പറഞ്ഞത് അവസാന വാക്കായിരിക്കുമെന്നു ഒരിക്കലും കരുതിയില്ല. പക്ഷെ... പടച്ചവന്റെ തീരുമാനം അതായിരുന്നു, അന്നു രാത്രി വീണ്ടും അറ്റാക്ക് വന്നു, വീണ്ടും സി,സി,യു വിൽ നീണ്ട അഞ്ചു ദിവസം ഓര്‍മയില്ലാതെ കിടന്നു... ഞങ്ങള്‍ കുടുംബം മൊത്തമായി  കണ്ണീരോടെ പ്രാർത്ഥനയോടെ കാത്തിരുന്നു. അവസാനം കേൾക്കാനിഷ്ടപ്പെടാത്ത വേദനിപ്പിക്കുന്ന ആ വാർത്തയെത്തി. എന്റെ ലോകത്തെ ഏറ്റവും വലിയ തണൽ നഷ്ടപ്പെട്ടു.

                 ഈ മരുഭൂവിലെ പ്രവാസത്തിന്റെ ഇടവേളകളിൽ നാടിന്റെ തണുത്ത നിശ്വാസമേറ്റു നടക്കുമ്പോൾ കിട്ടുന്ന സ്നേഹാ‍ന്വേഷണങ്ങൾ ഇരട്ടിയാവുന്നത് എന്തുകൊണ്ടാണെന്ന് അഭിമാനത്തോടെ തിരിച്ചറിയുന്നു. ജീവിച്ചുകാണിച്ചുതന്ന ആ മാതൃകയുടെ ഒരംശം പോലും പിന്തുടരാനാവുമോ എന്ന് സംശയമെങ്കിലും ആ കാൽ‌പാടുകളിലൂടെ നടക്കാനാണെനിക്കിഷ്ടം.

                 സ്നേഹനിധിയായ എന്റെ പ്രിയപ്പെട്ട ബാപ്പയുടെ വേർപാടിനു ജൂലായ്‌ 19.2014 നു 16 വർഷം തികയുന്നു.
ഓർമ്മകളിലെന്നും ആ വാത്സല്യത്തോടെ തലോടുന്നത് ഞാനറിയുന്നു.  പരലോക വിജയത്തിനായി പ്രാർത്ഥിക്കുന്നതിനോടൊപ്പം എന്റെ പ്രിയപ്പെട്ടവരുടെ പ്രാർത്ഥനയും തേടുന്നു. അല്ലാഹു മഹ്ഫിറത്തും മര്‍ഹ്മത്തും പ്രധാനം ചെയ്യുമാറാകട്ടെ ... "ആമീന്‍"


Tuesday, March 25, 2014

"Poke" കൊണ്ടു വന്ന വിന.


വീട്ടിലേക്കു ചെന്നു കയറിയപ്പോഴെ കാദറിനു എന്തോ പന്തികേട്‌ തോന്നി,
എന്നും ഒരു പുഞ്ചിരിയോടെ ഉമ്മറത്ത് കാത്തു നില്‍ക്കുന്ന തന്‍റെ പുന്നാര ബീവിയെ കാണുന്നില്ലല്ലോ, അള്ളാ ഇന്നെന്താണോ പുകില്,
കാദര്‍ ഒരു മയത്തോടെ ഒരു പഞ്ചാര വിളി നീട്ടി വിളിച്ചു, "ജമീലാ......"

വിളി കേട്ടതും ഭദ്രകാളിയെ പോലെ ഉറഞ്ഞു തുള്ളി അതാ വരുന്നു ജമീല , കരഞ്ഞു കലങ്ങിയ കണ്ണും , കെട്ടഴിച്ചിട്ട മുടിയും കണ്ടപ്പോള്‍ തന്നെ കാദറിന്റെ കാറ്റു പോയി,

"അള്ളാ...."  ഇന്നെന്താണോ പ്രശ്നം,

പെട്ടെന്നൊരു ചോദ്യവുമായി ജമീല ?

അല്ല മനുഷ്യാ എന്താ ഈ പോക്ക് ?

കാദര്‍ ഒന്നു ഞെട്ടി, ഇവെള്‍ക്കിതെവിടുന്നു കിട്ടി എന്‍റെ റബ്ബേ ,
ഒരപകടം മണക്കുന്നു, ഫേസ് ബുക്കിലെ പോക്കിന്റെ കാര്യമാണോ ജമീല ഉദ്ദേശിച്ചത് എന്നു മനസ്സില്‍ പറഞ്ഞു കൊണ്ട് ഒന്നു ഗൌരവത്തോടു കൂടി തന്നെ ചോദിച്ചു.

'എടീ നീ കാര്യമെന്താണെന്നു  ഒന്നു തെളിച്ചു പറ...

ഹും കോളേജിലെ നിങ്ങളുടെ ആ പഴയ കാമുകി ഷക്കീലയെ കണ്ടിരുന്നു ഇന്നു റിലയന്‍സ് മാര്‍കറ്റില്‍ നിന്ന്, അവള്‍ പറയുവാ നിങ്ങള്‍ സ്ഥിരം അവളെ പോക്ക് ചെയ്യാറുണ്ടെന്ന്'

അള്ളാ എന്‍റെ റബ്ബേ പണികിട്ടിയല്ലോ ?

എന്നാലും ഷക്കീല ഇങ്ങനെ ഒരു പണി തരുമെന്ന് കരുതിയില്ല ....

അതും ഫേസ് ബുക്ക് പോയിട്ട് നോട്ടുബുക്കും പോലും കണ്ടിട്ടില്ലാത്ത ഇവളോട്‌...!

അല്ല മനുഷ്യാ നിങ്ങളോടാ ചോദിച്ചത് എന്താണ് ഈ പോക്കെന്ന് , ഞാനത്ര പൊട്ടിയാണന്നൊന്നും  കരുതണ്ട.... ജമീല ദേഷ്യത്തോടെ കാദറിനു നേരെ തിരിഞ്ഞു അലറി....

'കാദര്‍ ഒന്നു പതറി, പിന്നെ ഒന്നു നിസ്സാരവല്‍ക്കരിച്ച് ഇങ്ങനെ പറഞ്ഞു,

ഇതാണോ കാര്യം 'അതുപിന്നെ ഈ ഫേസ്ബുക്കിലോക്കെയുള്ളതാ,  'കളിയാക്കുക' എന്നാടി അതിന്‍റെ അര്‍ത്ഥം!."

ഒരു ചെറിയ നുണ .... ഒരു കുടുംബ കലഹം ഒഴിവാകുമെങ്കില്‍ ഒഴിഞ്ഞു പൊക്കോട്ടെ എന്നോര്‍ത്ത് കാദര്‍,

"ആണോ"

ജമീല ഒന്നു ചവിട്ടിത്തുള്ളി തിരിഞ്ഞു പോയി....

കാദര്‍ ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു..

പോയതിനേക്കാളും വേഗത്തില്‍ ദേ തിരിച്ചു വരുന്നു ജമീല വീണ്ടും,
ഇവള്‍ ഇതെന്തിനുള്ള പുറപ്പാടാണ് റബ്ബേ...

ജമീല അലമാരയില്‍ നിന്നെടുത്ത ഇംഗ്ലീഷ്-മലയാളം ഡിക്ഷ്ണറി കാദറിന്റെ മുന്നിലേക്ക്‌ ഇട്ടു കൊടുത്തു... എന്നിട്ട് മടക്കി വെച്ച പേജ് നിവര്‍ത്തി കാദറിനോട്‌ പറഞ്ഞു,

നിങ്ങളെ ഈയിടെയായി അത്ര വിശ്വാസം പോര , പോക്കിന്റെ അര്‍ത്ഥമൊന്നു വായിച്ചേ .....'

വീട്ടില്‍ ഒരു ഡിക്ഷ്ണറി വാങ്ങി വെക്കാന്‍ തോന്നിയ നശിച്ച നിമിഷത്തെ പ്രാകിക്കൊണ്ട്‌ കാദര്‍ വായിച്ചു.....

'കുത്തുക'

'നീട്ടുക'

'തോണ്ടുക'

'ദ്വാരമുണ്ടാക്കുക'

'തപ്പിനോക്കുക'

'വിരലുകൊണ്ട് ഇളക്കുക'

'തള്ളിക്കയറ്റുക'

'കുത്തിക്കിഴിക്കുക'

ഇതിലേതാണ് മനുഷ്യാ നിങ്ങള്‍ സ്ഥിരം അവളോട്‌ പ്രയോഗിക്കുന്നത്....?

ഇതു ചോദിച്ചുകൊണ്ട് ജമീല നെഞ്ചത്ത് ഒരടിയും ഒരു നിലവിളിയും..!!!

ഇനിയുള്ള കാദറിന്റെ കഥ നിങ്ങള്‍ക്കൂഹിക്കാമല്ലോ...? കമ്പ്യൂട്ടറും , സ്മാര്‍ട്ട് ഫോണും , ഒക്കെ ജമീല തീയിട്ടു.... :) :) ജമീല ഉപയോഗിക്കുന്ന നോക്ക്യ ടോര്‍ച്ച് ഫോണ്‍ കൊടുത്തു, എനിക്കിതു മതിയെങ്കില്‍ നിങ്ങള്‍ക്കും ഇത് മതി....
ഇനിയാരെങ്കിലും പോക്കാംഎന്ന ആ വ്യാമോഹം അവിടെ വിട്ടേക്ക്....  എന്നെ മാത്രം പോക്കിയാല്‍ മതി.... ഒരു സൌര്യവും കൊടുക്കാതെ ജമീല കാദറിന്റെ നിഴലായി മാറി....... :) :)


Monday, March 17, 2014

ഒരു ഭാവനാ സമ്പന്നന്‍റെ കരവിരുത്.

വര്‍ണ്ണങ്ങളുടെ വിരുന്നില്‍ ഒരു സ്ത്രീ തത്തമ്മയായി മാറിയ കാഴ്ച്ച. ആദ്യ നോട്ടത്തില്‍ ചുവപ്പു നിറമുള്ള തത്തമ്മ.... വലുതാക്കി കണ്ടാല്‍ അത് ഒരു സ്ത്രീ ശരീരം മുഴുവന്‍ ചായം പൂശി ഫോട്ടോക്ക് പോസ് ചെയ്തിരിക്കുന്നത് കാണാം. ഒരു ഭാവനാ സമ്പന്നന്‍റെ കരവിരുത്. 


Thursday, March 13, 2014

ഇസാബ് ട്രേഡേര്‍സ്, "ചെട്ടിപ്പടി"

എന്‍റെ നാട്.... "ചെട്ടിപ്പടി"

അങ്ങാടിയില്‍ നാലും കൂടിയ കവലയില്‍ നിന്നും പടിഞ്ഞാറോട്ട് ഉള്ള റോഡില്‍ മുന്നോട്ടു പോയാല്‍ അറബിക്കടലും, കിഴക്കോട്ടു പോയാല്‍ റയില്‍വേ ഗേറ്റും , തെക്കോട്ട്‌ പരപ്പനങ്ങാടി റോഡും, വടക്കോട്ടുള്ള റോഡില്‍ അങ്ങാടി അവസാനിക്കുന്നിടത്ത് വലതു ഭാഗത്തായി ഖൈറു മന്‍സില്‍ എന്ന എന്‍റെ തറവാട് വീട് കാണാം.

മുറ്റത്തു ഇടതു വശത്തും , വലതു വശത്തുമായി കാവല്‍ക്കാരെ പോലെ രണ്ടു മാവുകള്‍, ആദ്യം തന്നെ ഗേറ്റ് തുറന്നു മാവിന്‍ ചുവട്ടില്‍ ഒന്ന് തിരഞ്ഞു , പഴുത്ത മാങ്ങയോന്നും വീണു കിടക്കുന്നില്ല .

കണ്ണി മാങ്ങ ആകുംബോഴേ  കുട്ടികള്‍ ഏറു തുടങ്ങുന്നതാണ് , ഭാഗ്യമുള്ള മാങ്ങയുണ്ടെങ്കില്‍ നിന്നു പഴുക്കും.

മോനെ.... ,

ഉമ്മാന്‍റെ നീട്ടിയുള്ള വിളി കേട്ടാണ് തിരിഞ്ഞു നോക്കിയത്,

നീ കോളേജു വിട്ടു വരുന്ന വഴിയല്ലേ .. ?

 ആ മാവിന്‍ ചുവട്ടില്‍ നിന്നു തിരിയാതെ വന്നു മേല്‍ കഴുകി ചായ കുടിക്കാന്‍ വാ.

ഇന്നു നിന്‍റെ ഇഷ്ട വിഭവമായ കാലോരപ്പം ഉണ്ടാക്കിയിട്ടുണ്ട് ,

കാലോരപ്പം എന്ന് കേട്ടപ്പോഴേ വായില്‍ വെള്ളമൂറി,

പിന്നെ ഒരു ബൌണ്‍ട്രി സേവ് ചെയ്യാനുള്ള ആവേശത്തോടെ ഓടി നേരെ കിച്ചനിലേക്ക്,

 നാലഞ്ചെണ്ണം ഒറ്റയടിക്ക് അകത്താക്കി,

 ഉമ്മാന്റെടുത്തു നിന്നു ചട്ടകം കൊണ്ട് ഒരടിയും കിട്ടി കൈ കഴുകാത്തതിനു. എന്നും എനിക്ക് പ്രിയപ്പെട്ട പലഹാരം.

എന്‍റെ പഠിത്തവും കോളേജും ഒക്കെ ഉമ്മാന്റെ നാടായ തിരൂരങ്ങാടിയില്‍ തന്നെയാണ്, ആഴ്ച്ചയില്‍ ഒന്നോ രണ്ടോ പ്രാവിശ്യമാണ് ചെട്ടിപ്പടിയില്‍ വന്നു പോകുന്നത് .

ആയിടക്കാണ് തറവാടിന്റെ മുറ്റത്തു തന്നെയുള്ള കടയില്‍ ഞാനും ഉപ്പാന്റെ സുഹൃത്തിന്‍റെ അനിയനും കൂടി "ഇസാബ്ട്രേഡേര്‍സ്" എന്ന പേരില്‍ ഒരു കട തുടങ്ങുന്നത്,

എന്നെ ചെട്ടിപ്പടിയില്‍ ഉമ്മാന്റെടുത്തു തന്നെ തളച്ചിടാനുള്ള ഉപ്പാന്‍റെ എളിയ ശ്രമം. എന്‍റെ ബിസിനെസ് ജീവിതത്തിന്‍റെ തുടക്കം എന്നും പറയാം, കോളേജു ഇല്ലാത്ത ദിവസങ്ങളില്‍ ആദ്യമൊക്കെ ഞാനും കടയില്‍ ഇരുന്നിരുന്നു... സിമെന്റ് ആയിരുന്നു കാര്യമായി കച്ചവടം..


രാവിലെ തന്നെ ലോഡ് വരും,യൂനിയന്‍കാര്‍  ഓടി വന്നിറക്കും , അന്നു സംഭവിച്ച ഒരു തമാശ ഇവിടെ പങ്കുവെക്കാം,

എണ്‍പതുകളില്‍ ഗള്‍ഫില്‍ നിന്നു കൊണ്ട് വന്നിരുന്ന മുന്നില്‍ സിബ്ബ് ഉള്ള ചെറിയ പോകറ്റ് ഒക്കെയുള്ള ഒരു ട്രൌസര്‍ പ്രജാരത്തിലുണ്ടായിരുന്നു.

യൂനിയന്‍കാരില്‍ ഒരാള്‍ക്ക്‌ അന്ന് നാട്ടില്‍ വന്ന ഒരു പ്രമാണി ഗള്‍ഫുകാരന്‍ ഒരു ട്രൌസര്‍ കൊടുത്തിരുന്നു.... !!

ആദ്യത്തെ ലോഡ് ഇറക്കുമ്പോള്‍ തന്നെ അവന്‍ മുണ്ട് മുകളിലേക്ക് കയറ്റി ഗമയില്‍ ഈ ട്രൌസര്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടായിരുന്നു.

ആരും ഒന്ന് നോക്കും , നല്ല റെഡ് കളര്‍ കള്ളി ട്രൌസര്‍...!

സമയം രാവിലെ എട്ടുമണി ....!

ആദ്യത്തെ ലോഡ് ഇറക്കിയതിനു ശേഷം അയ്യപ്പാസില്‍ പോയി നാസ്ത ആക്കി യാണ് പിന്നെ വരുന്ന ലോഡ് ഇറക്കാറുള്ളത്.

നാസ്ത ആക്കിയപ്പോള്‍ നമ്മുടെ ഈ പുള്ളിക്ക് ഒന്നു കക്കൂസില്‍ പോകാന്‍ മുട്ടി.

കക്കൂസില്‍ പോയി വന്നപ്പോള്‍ പാവം ഈ ട്രൌസര്‍ ഇടാന്‍ മറന്നു,

സാദാരണ ട്രൌസര്‍ ഇടാത്ത ആളുമായിരുന്നു.

രണ്ടാമത്തെ ലോഡ് വന്നു സമയം ഒന്‍പതു മണി.

മാധവാനന്ത വിലാസം സ്കൂളിലേക്ക് പോകുന്ന കുട്ടികളുടെ തിരക്കാണ് റോഡില്‍ , ടീച്ചര്‍മാരും ഉണ്ട് അക്കൂട്ടത്തില്‍.

നമ്മുടെ കക്ഷി സിമെന്റു തലയില്‍ കയറ്റി നടക്കുന്നതിനിടയില്‍ ഇടയ്ക്കിടയ്ക്ക് മുണ്ട് മാടികേറ്റുന്നുമുണ്ട്,

കുട്ടികളും ടീച്ചര്‍മാരും "അയ്യേ" എന്ന് മൂക്കത്ത് കയ്യും  വെച്ച് റോഡ്‌ സൈഡ് മാറി നടക്കുന്നുണ്ട് താനും.

ഇത് കണ്ടു കണ്ടു കൊണ്ട് വന്ന പരിജയക്കാരനായ ഒരു സഹോദരന്‍ നമ്മുടെ പുള്ളിയെ വിളിച്ചു ചോദിച്ചു.

തനിക്കെന്താ തലയ്ക്കു വെളിവില്ലാതായോ ... ??

ഇയാളെന്താ ഈ കാട്ടി കൂട്ടുന്നേ.... ?

ഇതൊന്നും അറിയാതെ നമ്മുടെ പുള്ളി പറയുവാ,

ഇതു "മൈഡ് ഇന്‍ ജപ്പാനാ"

ലോക്കല്‍ 'കുന്നംകുളം' സാധനമോന്നുമല്ല കെട്ടാ,

കുഞാലിയാക്ക ഗള്‍ഫിന്നു കൊണ്ട് വന്ന പുതിയ കിടിലന്‍ സാധനമാ ...!!

അള്ളാ 'എന്‍റെ റബ്ബേ' ഗള്‍ഫിന്നു ഇപ്പൊ ഇതും റെടി മേഡ് ആയി കിട്ടുന്നുണ്ടോ..!!

എടൊ നീ പോയി ഒന്ന് ട്രൌസറിട്ടു വാ...!

ആ ജപ്പാന്‍റെ സാദനം അന്‍റെ കെട്ട്യോളെ കാണിച്ചാല്‍ പോരെ , നാട്ടുകാരെ മുഴുവന്‍ കാണിക്കണോ ?

അപ്പോഴാണ്‌ പുള്ളി കൈ കൊണ്ട് ഒന്ന് തടവി നോക്കിയത്... കാര്യം മനസ്സിലായ പുള്ളി ഒരോട്ടമായിരുന്നു അടുത്ത തൊടിയിലേക്ക്‌,

അപ്പോള്‍ അതാ പുള്ളിയുടെ ട്രൌസര്‍ ആ ഓലമടലില്‍ വിശ്രമിക്കുന്നു,

 "ഫാഗ്യം" ...

ആരും കൊണ്ടുപോയില്ലല്ലോ....!  അന്നൊക്കെ കാര്യം സാതിച്ചിരുന്നത് തൊടിയിലുണ്ടാകുന്ന കിടങ്ങിലായിരുന്നു,

കുട്ടിക്കാലത്ത് അടുത്ത തൊടിയിലെ കിടങ്ങില്‍ നിന്ന് പുക ഉയരുമ്പോള്‍ വല്ലിമ്മ പറയും അങ്ങോട്ട്‌ പോകണ്ടാ അവിടെ പ്രേതങ്ങളുണ്ട് അതാ ഇടയ്ക്കിടയ്ക്ക് പുക ഉയരുന്നുത് എന്നൊക്കെ,

കുറച്ച് വലുതായപ്പോളല്ലേ കാര്യം പിടി കിട്ടിയത് , ഈ പുക കിടങ്ങില്‍ നിന്നു ബീഡി വലിച്ചു വിടുന്ന പുകയാണെന്ന്.... :)  

ഇനിയുമുണ്ട് ചെട്ടിപ്പടി വിശേഷങ്ങള്‍.... പിന്നെ വരാം, ഈ പുളുവടി നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും , നല്ലതു പറഞ്ഞില്ലെങ്കിലും ഒരു കിടിലന്‍ തെറിയെങ്കിലും പ്രദീക്ഷിക്കട്ടെ  ..  :)



Wednesday, March 12, 2014

മോര് കറി.

ചേരുവകള്‍.
------------------
മോര് അര ലിറ്റര്‍,
മഞ്ഞള്‍ പൊടി ഒരു സ്പൂണ്‍,
പച്ചമുളക് അഞ്ചെണ്ണം,
കുമ്പളങ്ങ കാല്‍ കിലോ ചെറുതായി അരിഞ്ഞത്,
അരി പൊടി രണ്ടു സ്പൂണ്‍  ,
പുളി ഒരു നെല്ലിക്കാ വലിപ്പത്തില്‍ ,
കറിവേപ്പില,
ചെറിയ ഉള്ളി അഞ്ചെണ്ണം,
നല്ല ജീരകം അര സ്പൂണ്‍,
അര തേങ്ങ ചിരവിയത്,
ഉപ്പു പാകത്തിന്.

തയ്യാറാക്കാം.
++++++++++++

അര കപ്പ്‌ വെള്ളത്തില്‍ മഞ്ഞപൊടി, കുമ്പള കഷ്ണങ്ങളും , ഉപ്പും ചേര്‍ത്തു തിളച്ചു വരുമ്പോള്‍  അരിപ്പൊടി വെള്ളത്തില്‍ കലക്കി ചേര്‍ക്കുക , തിളച്ചു വരുമ്പോള്‍ കറിവേപ്പിലയും പുളി പിഴിഞ്ഞ വള്ളവും ചേര്‍ക്കുക , തേങ്ങ ചിരവിയതില്‍ ചെറിയ ഉള്ളി , നല്ല ജീരകം ചേര്‍ത്തു അരച്ച കൂട്ട് ഇതിലേക്ക് ഒഴിച്ച് മോര് ചേര്‍ത്ത് ഒന്ന് തിളച്ച പാടെ തീ ഓഫാക്കുക , നല്ല രുചിയുള്ള മോര് കറി റെടി.  

 




Saturday, March 08, 2014

അന്താരാഷ്ട്ര വനിതാ ദിനം , മാര്‍ച്ച് . 8 .

"ഒരു നിമിഷം തരൂ നിന്നിലലിയാന്‍"
"ഒരു യുഗം തരൂ നിന്നെ അറിയാന്‍"

പുര്‍ണ്ണമായി ആര്‍ക്കും മനസില്ലാക്കാന്‍ കഴിയാത്ത ലോകത്തെ രഹസ്യങ്ങളുടെ കലവറ..
"സ്ത്രീ .. "

സ്ത്രീ സഹോദരിയാണ് , ഭാര്യ യാണ് , അമ്മയാണ് , സ്നേഹമാണ് , ഭൂമിയോളം ക്ഷമയുള്ളവള്‍ ആണ് ..  പുരുഷന്മാര്‍ക്ക് തുല്ല്യരാവാന്‍ അവരും ആഗ്രഹിച്ചു... പല തലങ്ങളിലും വേട്ടയാടപ്പെട്ടിട്ടും  തുല്യതക്കു വേണ്ടി പോരാടി ഒരു പരുതി വരെ വിജയിക്കുകയും ചെയ്തു ... ആ വിജയം ലോകം ആഘോഷിക്കുന്ന ദിനമായി മാര്‍ച്ച് 8.

തുല്യമായ അവകാശങ്ങള്‍ ഉണ്ടായിരുന്നിട്ടും അവള്‍ വേട്ടയാടപ്പെട്ടുകൊണ്ടെയിരുന്നു , അടിച്ചമര്‍ത്തപ്പെടുമ്പോഴും വേദനയോടെ കാത്തിരുന്നു തന്‍റെ തിരിച്ചുവരവിനായി ... , സ്ത്രീകളുടെ ക്ഷമതന്നെ ആയിരുന്നു അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ താമസിപ്പിച്ചെതെന്നു കാണാം. 

സത്യത്തില്‍ നമ്മുടെ ഭാരതീയ സ്ത്രീകള്‍ നേടിയെടുത്ത ഒരു സമരമായിരുന്നില്ല ഈ വനിതാദിനം, സ്വന്തം ജോലി സ്ഥലത്ത് നേരിടേണ്ടി വന്ന ചൂഷണങ്ങളും , പീഡനങ്ങളും നിറുത്തലാക്കാനും ജോലിസ്ഥലത്തെ സൌകര്യങ്ങളും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്താനായി 1957 മാര്‍ച്ച് 8 നു ന്യുയോര്‍ക്കിലെ വനിതകള്‍ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാ ദിനത്തിന് തുടക്കമിട്ടത്.  ഈ സമരാഗ്നി ലോകത്തിന്‍റെ വിവിത ഭാഗങ്ങളിലേക്ക് പകര്‍ന്ന് സ്ത്രീകള്‍ അവരുടെ അവകാശത്തിനായി ശബ്ദമുയര്‍ത്താന്‍ തുടങ്ങുകയും ചെയ്തു. 

പിന്നീട് ലോക വനിതാ ദിനമെന്ന ആശയം വന്നപ്പോള്‍ മാര്‍ച്ച് 8 എല്ലാവരും ഏകകണ്ഠമായി തിരഞ്ഞെടുക്കുകയും 1975 ല്‍ ഐക്യരാഷ്ട്ര സഭ അന്താരാഷ്ട്ര വനിതാദിനമായി പ്രക്യാപിക്കുകയും ചെയ്തു.

സ്ത്രീയും പുരുഷനും സമൂഹത്തില്‍ തുല്യരാണ് , അവര്‍ ഒരുമിച്ചു നിന്നാലെ നാളെ നല്ല ഒരു സമൂഹം ഉണ്ടാവുകയുള്ളൂ...

ഇനി വരും നാളുകളിലെങ്കിലും വനിതകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ ഉണ്ടാകാതിരിക്കട്ടെ ..
വനിതകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടെട്ടെ ....


എല്ലാ പ്രിയ വനിതാ സുഹൃത്തുക്കള്‍ക്കും വനിതാ ദിനാശംസകള്‍  :)  :)  






Friday, March 07, 2014

എന്നാണ് തിരിച്ചു പോകുന്നത്... ??

"എന്നാണ് തിരിച്ചു പോകുന്നത്.. ? "

എല്ലാ പ്രവാസികളും നേരിടുന്ന രണ്ടാമത്തെ ചോദ്യം... ?  അപ്പോള്‍ ഒരു സംശയം നിങ്ങളുടെ മനസ്സിലൂടെ കടന്നു പോയിരിക്കും ഏതാണ് ആ ഒന്നാമത്തെ ചോദ്യം ?  അത് ഇതായിരിക്കുമല്ലോ ?

''എന്നാണ് എത്തിയത്.. ? "

ഈ രണ്ടു ചോദ്യങ്ങള്‍ നേരിടാതെ ഈ കേരളക്കരയില്‍ നിന്നും ഏതെങ്കിലും പ്രവാസി ലീവ് കഴിഞ്ഞു പ്രവാസ ലോകത്ത് തിരിച്ചെത്തിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് നമ്മുടെ കമ്പനി സ്പോണ്‍ സറായ "ഷെയ്ഖ് ഗൂഗിള്‍ ബ്ലോഗാനി" ഒരു ലക്ഷം രൂപ ഇനാം പ്രക്യാപിച്ചിട്ടുണ്ട് ... :) :)

ഇതിനിടയിലാണ് കഴിഞ്ഞ ലീവില് നാട്ടില്‍ പോയപ്പോള്‍ മീന്‍ മാര്‍കറ്റില്‍ നിന്നും മമ്മദിന്റെ  ചോദ്യം ?

നിറുത്താറായില്ലേ ഈ ഗള്‍ഫില്‍ പോക്ക് വര്‍ഷം പത്തിരുപതായില്ലേ .. ??

മമ്മദിന്റെ ചോദ്യം കേട്ട് ഒന്നമ്പരന്നു .... !!   സാദാരണ ചോദ്യത്തിന് വിപരീതമായ ഒരു സുപ്രധാന ചോദ്യം തന്നെ , പിന്നെ ഒരു ചിരി പാസാക്കി.. :)

എന്താ ചിരിക്കുന്നത് ?  ജീവിക്കാനുള്ള മാര്‍ഗ്ഗ മൊക്കെ ആയില്ലേ ? ഇനി തിരിച്ചു വന്നു നാട്ടില്‍ കൂടണം , അല്ലാതെ ഗള്‍ഫിനെ കെട്ടിപ്പിടിച്ചു അവിടെ തന്നെ കൂടുകയല്ല വേണ്ടത്"

എന്‍റെ രണ്ടാമത്തെ ഭാര്യയാണ് ഗള്‍ഫ് എന്ന് പറയാന്‍ വന്നെങ്കിലും പറഞ്ഞില്ല.

മമ്മദ് വിടാനുള്ള ഉദ്ദേശമില്ല , ഉപ്പയുള്ള കാലം മുഴുവന്‍ മലേഷ്യയില്‍ കൂടി ... ആ പാവത്തിന് നാട്ടില്‍ ഒന്ന് സമാധാനമായിട്ട് നില്‍ക്കാന്‍ പറ്റിയോ ? മനുഷ്യന്‍റെ ആയുസ്സിനും ഒരു കണക്കില്ലേ ?  അല്ലാഹു മഹ്ഫിറത്തും മര്‍ഹ്മത്തും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ  ...   "ആമീന്‍"

ഞാനും ചില കണക്കു കൂട്ടലിലാണ് മമ്മദേ.... തിരിച്ചു പോരല്‍ എന്നും ആഗ്രഹിക്കുന്ന ഒരു കാര്യം തന്നെ, ഓരോ ഓരോ തടസ്സങ്ങള്‍ മുന്നില്‍ ഒരു മലയായി തന്നെ നില്‍ക്കുന്നു....  എല്ലാം കഴിഞ്ഞു പോരാമെന്ന പൂതി നടക്കില്ല എന്നുറപ്പാണ്.

മമ്മദേ ഞാനൊരു കഥ പറയാം .....
എങ്കില്‍ പറയൂ ഞാനൊന്നു കേള്‍ക്കട്ടെ ... പണ്ട് കുട്ടിക്കാലത്ത് വല്ലിമ്മ പറഞ്ഞു തന്ന കഥയാണ്... പുലി മാനിനു പിന്നാലെ പോയ കഥ.

ഒരു കാട്ടില്‍ വിശന്നു പരവശനായ പുലി ഇര പിടിക്കാന്‍ ഇറങ്ങിയതായിരുന്നു , പെട്ടെന്ന് ഒരു മാന്‍ പുലിയുടെ മുന്നില്‍ വന്നു പെട്ടു. ഇര തന്‍റെ മുന്നില്‍ വന്നു പെട്ട സന്തോഷത്തോടെ പുലി മാനിനെ ലെക്ഷ്യമാക്കി ചാടി ... ഒന്ന് പിഴച്ചു , മാന്‍ ജീവനും കൊണ്ടോടി , പിലി പിന്നാലെ വച്ചു പിടിച്ചു ....
മാന്‍ ഓടി ഓടി പുലിക്കു കടക്കാന്‍ പറ്റാത്ത ഒരു പാറയിടയില്‍ അഭയം പ്രാപിച്ചു. ഇരയെ കിട്ടാത്ത ദേഷ്യം സഹിക്കാന്‍ കഴിയാതെ പുലി പാറയിടക്ക് മുന്നില്‍ നിന്നു ഒരുപാട് ഗര്‍ജിച്ചു...  മാനിനെ പുറത്തേക്കു കൊണ്ട് വരാനുള്ള മാര്‍ഗമൊന്നും ഇല്ലാ എന്ന് മനസ്സിലാക്കിയ പുലി ദേഷ്യത്തോടെ ഇങ്ങനെ വിളിച്ചു പറഞ്ഞു.

"മാനെ നീ വിജയിച്ചു എന്നു കരുതി അഹങ്കരിക്കുകയോന്നും വേണ്ട , ഒരു ദിവസം നീയെന്‍റെ മുന്നില്‍ വന്നു പെടും അന്ന് ഞാന്‍ തീര്‍ത്തോളാം ഇതിന്‍റെ കണക്ക്"

പേടിയോടെ ഇടറുന്ന സ്വരത്തില്‍ മാന്‍ പറഞ്ഞു ,

'എന്‍റെ പുലിയേ ,

നീയൊരു കാര്യം മനസ്സിലാക്ക് ... ഇത് വിജയിക്കാനുള്ള മത്സര ഓട്ടമല്ല , ജീവിക്കാനുള്ള നെട്ടോട്ടമാണ്. എന്നാണ് നിന്‍റെ മുന്നില്‍ ഞാന്‍ പരാജയപ്പെടുന്നത്  ആ നിമിഷം എന്‍റെ ജീവിതം അവസാനിക്കും. ഇന്നെന്‍റെ ശരീരത്തില്‍ ജീവന്‍ ഉണ്ടല്ലോ എന്നൊരു ആശ്വാസമുണ്ടെല്ലോ , നിന്‍റെ മുന്നില്‍ പരാജപെടുന്നതോടെ അതും നഷ്ട്ടപ്പെടും ,  അതുകൊണ്ട് , 

മനസ്സമാധാനം ഇല്ലാതെയാണെങ്കിലും ഞാനൊന്ന് ജീവിച്ചോട്ടെ 
, നിങ്ങളെ പോലെ ഇത്ര സ്വാതന്ത്ര്യമുള്ള ജീവിതമല്ലെങ്കില്‍ പോലും".

കഥ കേട്ടപ്പോള്‍ പിന്നെ മമ്മദ് ഒന്നും പറയാതെ ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് മീന്‍ കച്ചവടത്തില്‍ മുഴുകി.