Thursday, March 13, 2014

ഇസാബ് ട്രേഡേര്‍സ്, "ചെട്ടിപ്പടി"

എന്‍റെ നാട്.... "ചെട്ടിപ്പടി"

അങ്ങാടിയില്‍ നാലും കൂടിയ കവലയില്‍ നിന്നും പടിഞ്ഞാറോട്ട് ഉള്ള റോഡില്‍ മുന്നോട്ടു പോയാല്‍ അറബിക്കടലും, കിഴക്കോട്ടു പോയാല്‍ റയില്‍വേ ഗേറ്റും , തെക്കോട്ട്‌ പരപ്പനങ്ങാടി റോഡും, വടക്കോട്ടുള്ള റോഡില്‍ അങ്ങാടി അവസാനിക്കുന്നിടത്ത് വലതു ഭാഗത്തായി ഖൈറു മന്‍സില്‍ എന്ന എന്‍റെ തറവാട് വീട് കാണാം.

മുറ്റത്തു ഇടതു വശത്തും , വലതു വശത്തുമായി കാവല്‍ക്കാരെ പോലെ രണ്ടു മാവുകള്‍, ആദ്യം തന്നെ ഗേറ്റ് തുറന്നു മാവിന്‍ ചുവട്ടില്‍ ഒന്ന് തിരഞ്ഞു , പഴുത്ത മാങ്ങയോന്നും വീണു കിടക്കുന്നില്ല .

കണ്ണി മാങ്ങ ആകുംബോഴേ  കുട്ടികള്‍ ഏറു തുടങ്ങുന്നതാണ് , ഭാഗ്യമുള്ള മാങ്ങയുണ്ടെങ്കില്‍ നിന്നു പഴുക്കും.

മോനെ.... ,

ഉമ്മാന്‍റെ നീട്ടിയുള്ള വിളി കേട്ടാണ് തിരിഞ്ഞു നോക്കിയത്,

നീ കോളേജു വിട്ടു വരുന്ന വഴിയല്ലേ .. ?

 ആ മാവിന്‍ ചുവട്ടില്‍ നിന്നു തിരിയാതെ വന്നു മേല്‍ കഴുകി ചായ കുടിക്കാന്‍ വാ.

ഇന്നു നിന്‍റെ ഇഷ്ട വിഭവമായ കാലോരപ്പം ഉണ്ടാക്കിയിട്ടുണ്ട് ,

കാലോരപ്പം എന്ന് കേട്ടപ്പോഴേ വായില്‍ വെള്ളമൂറി,

പിന്നെ ഒരു ബൌണ്‍ട്രി സേവ് ചെയ്യാനുള്ള ആവേശത്തോടെ ഓടി നേരെ കിച്ചനിലേക്ക്,

 നാലഞ്ചെണ്ണം ഒറ്റയടിക്ക് അകത്താക്കി,

 ഉമ്മാന്റെടുത്തു നിന്നു ചട്ടകം കൊണ്ട് ഒരടിയും കിട്ടി കൈ കഴുകാത്തതിനു. എന്നും എനിക്ക് പ്രിയപ്പെട്ട പലഹാരം.

എന്‍റെ പഠിത്തവും കോളേജും ഒക്കെ ഉമ്മാന്റെ നാടായ തിരൂരങ്ങാടിയില്‍ തന്നെയാണ്, ആഴ്ച്ചയില്‍ ഒന്നോ രണ്ടോ പ്രാവിശ്യമാണ് ചെട്ടിപ്പടിയില്‍ വന്നു പോകുന്നത് .

ആയിടക്കാണ് തറവാടിന്റെ മുറ്റത്തു തന്നെയുള്ള കടയില്‍ ഞാനും ഉപ്പാന്റെ സുഹൃത്തിന്‍റെ അനിയനും കൂടി "ഇസാബ്ട്രേഡേര്‍സ്" എന്ന പേരില്‍ ഒരു കട തുടങ്ങുന്നത്,

എന്നെ ചെട്ടിപ്പടിയില്‍ ഉമ്മാന്റെടുത്തു തന്നെ തളച്ചിടാനുള്ള ഉപ്പാന്‍റെ എളിയ ശ്രമം. എന്‍റെ ബിസിനെസ് ജീവിതത്തിന്‍റെ തുടക്കം എന്നും പറയാം, കോളേജു ഇല്ലാത്ത ദിവസങ്ങളില്‍ ആദ്യമൊക്കെ ഞാനും കടയില്‍ ഇരുന്നിരുന്നു... സിമെന്റ് ആയിരുന്നു കാര്യമായി കച്ചവടം..


രാവിലെ തന്നെ ലോഡ് വരും,യൂനിയന്‍കാര്‍  ഓടി വന്നിറക്കും , അന്നു സംഭവിച്ച ഒരു തമാശ ഇവിടെ പങ്കുവെക്കാം,

എണ്‍പതുകളില്‍ ഗള്‍ഫില്‍ നിന്നു കൊണ്ട് വന്നിരുന്ന മുന്നില്‍ സിബ്ബ് ഉള്ള ചെറിയ പോകറ്റ് ഒക്കെയുള്ള ഒരു ട്രൌസര്‍ പ്രജാരത്തിലുണ്ടായിരുന്നു.

യൂനിയന്‍കാരില്‍ ഒരാള്‍ക്ക്‌ അന്ന് നാട്ടില്‍ വന്ന ഒരു പ്രമാണി ഗള്‍ഫുകാരന്‍ ഒരു ട്രൌസര്‍ കൊടുത്തിരുന്നു.... !!

ആദ്യത്തെ ലോഡ് ഇറക്കുമ്പോള്‍ തന്നെ അവന്‍ മുണ്ട് മുകളിലേക്ക് കയറ്റി ഗമയില്‍ ഈ ട്രൌസര്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടായിരുന്നു.

ആരും ഒന്ന് നോക്കും , നല്ല റെഡ് കളര്‍ കള്ളി ട്രൌസര്‍...!

സമയം രാവിലെ എട്ടുമണി ....!

ആദ്യത്തെ ലോഡ് ഇറക്കിയതിനു ശേഷം അയ്യപ്പാസില്‍ പോയി നാസ്ത ആക്കി യാണ് പിന്നെ വരുന്ന ലോഡ് ഇറക്കാറുള്ളത്.

നാസ്ത ആക്കിയപ്പോള്‍ നമ്മുടെ ഈ പുള്ളിക്ക് ഒന്നു കക്കൂസില്‍ പോകാന്‍ മുട്ടി.

കക്കൂസില്‍ പോയി വന്നപ്പോള്‍ പാവം ഈ ട്രൌസര്‍ ഇടാന്‍ മറന്നു,

സാദാരണ ട്രൌസര്‍ ഇടാത്ത ആളുമായിരുന്നു.

രണ്ടാമത്തെ ലോഡ് വന്നു സമയം ഒന്‍പതു മണി.

മാധവാനന്ത വിലാസം സ്കൂളിലേക്ക് പോകുന്ന കുട്ടികളുടെ തിരക്കാണ് റോഡില്‍ , ടീച്ചര്‍മാരും ഉണ്ട് അക്കൂട്ടത്തില്‍.

നമ്മുടെ കക്ഷി സിമെന്റു തലയില്‍ കയറ്റി നടക്കുന്നതിനിടയില്‍ ഇടയ്ക്കിടയ്ക്ക് മുണ്ട് മാടികേറ്റുന്നുമുണ്ട്,

കുട്ടികളും ടീച്ചര്‍മാരും "അയ്യേ" എന്ന് മൂക്കത്ത് കയ്യും  വെച്ച് റോഡ്‌ സൈഡ് മാറി നടക്കുന്നുണ്ട് താനും.

ഇത് കണ്ടു കണ്ടു കൊണ്ട് വന്ന പരിജയക്കാരനായ ഒരു സഹോദരന്‍ നമ്മുടെ പുള്ളിയെ വിളിച്ചു ചോദിച്ചു.

തനിക്കെന്താ തലയ്ക്കു വെളിവില്ലാതായോ ... ??

ഇയാളെന്താ ഈ കാട്ടി കൂട്ടുന്നേ.... ?

ഇതൊന്നും അറിയാതെ നമ്മുടെ പുള്ളി പറയുവാ,

ഇതു "മൈഡ് ഇന്‍ ജപ്പാനാ"

ലോക്കല്‍ 'കുന്നംകുളം' സാധനമോന്നുമല്ല കെട്ടാ,

കുഞാലിയാക്ക ഗള്‍ഫിന്നു കൊണ്ട് വന്ന പുതിയ കിടിലന്‍ സാധനമാ ...!!

അള്ളാ 'എന്‍റെ റബ്ബേ' ഗള്‍ഫിന്നു ഇപ്പൊ ഇതും റെടി മേഡ് ആയി കിട്ടുന്നുണ്ടോ..!!

എടൊ നീ പോയി ഒന്ന് ട്രൌസറിട്ടു വാ...!

ആ ജപ്പാന്‍റെ സാദനം അന്‍റെ കെട്ട്യോളെ കാണിച്ചാല്‍ പോരെ , നാട്ടുകാരെ മുഴുവന്‍ കാണിക്കണോ ?

അപ്പോഴാണ്‌ പുള്ളി കൈ കൊണ്ട് ഒന്ന് തടവി നോക്കിയത്... കാര്യം മനസ്സിലായ പുള്ളി ഒരോട്ടമായിരുന്നു അടുത്ത തൊടിയിലേക്ക്‌,

അപ്പോള്‍ അതാ പുള്ളിയുടെ ട്രൌസര്‍ ആ ഓലമടലില്‍ വിശ്രമിക്കുന്നു,

 "ഫാഗ്യം" ...

ആരും കൊണ്ടുപോയില്ലല്ലോ....!  അന്നൊക്കെ കാര്യം സാതിച്ചിരുന്നത് തൊടിയിലുണ്ടാകുന്ന കിടങ്ങിലായിരുന്നു,

കുട്ടിക്കാലത്ത് അടുത്ത തൊടിയിലെ കിടങ്ങില്‍ നിന്ന് പുക ഉയരുമ്പോള്‍ വല്ലിമ്മ പറയും അങ്ങോട്ട്‌ പോകണ്ടാ അവിടെ പ്രേതങ്ങളുണ്ട് അതാ ഇടയ്ക്കിടയ്ക്ക് പുക ഉയരുന്നുത് എന്നൊക്കെ,

കുറച്ച് വലുതായപ്പോളല്ലേ കാര്യം പിടി കിട്ടിയത് , ഈ പുക കിടങ്ങില്‍ നിന്നു ബീഡി വലിച്ചു വിടുന്ന പുകയാണെന്ന്.... :)  

ഇനിയുമുണ്ട് ചെട്ടിപ്പടി വിശേഷങ്ങള്‍.... പിന്നെ വരാം, ഈ പുളുവടി നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും , നല്ലതു പറഞ്ഞില്ലെങ്കിലും ഒരു കിടിലന്‍ തെറിയെങ്കിലും പ്രദീക്ഷിക്കട്ടെ  ..  :)



No comments: