Thursday, March 27, 2014

രണ്ടു തണല്‍ മരങ്ങള്‍.

            എല്ലാവര്‍ക്കും പ്രിയപ്പെട്ട ഈ തണലില്‍ ഇത്തിരി ഇരിക്കാതെ ഈ ഭൂലോഗത്ത്‌ ആരും കടന്നു പോയിട്ടുണ്ടാവില്ല . വേദനയോടെ എല്ലാവരെയും പിരിഞ്ഞു പോകുന്ന തണല്‍ മരങ്ങള്‍, നമ്മുടെയെല്ലാവരുടെയും മാതാപിതാക്കള്‍.

            ഇത് എന്‍റെ സ്വന്തം സ്വകാര്യ ദുഃഖം. നാളെ നിങ്ങള്‍ക്കും വരാനിരിക്കുന്ന ദുഃഖം
, ദൈവത്തിന്‍റെ വിളി കാതോര്‍ത്തു നില്‍ക്കുന്ന മനുഷ്യര്‍.

            എന്‍റെ പ്രിയപ്പെട്ട ഉപ്പ ഹൈദ്രോസ് ഹാജി. ഞങ്ങളെ പിരിഞ്ഞിട്ടു പതിനഞ്ചു  വര്‍ഷമായി [19.07.1998] ആ വിയോഗം ഇന്നും ഞങ്ങളെ നൊമ്പരപ്പെടുത്തുന്നു,   ഞങ്ങള്‍ അഞ്ചു പേരാണ്, അഞ്ചില്‍ രണ്ടാമനായി ജന്മം കൊണ്ടു. രണ്ടു സഹോദരിമാരും രണ്ടു അനിയന്മാരും, മൂത്ത പെങ്ങള്‍ ഖൈയിരുന്നിസ പിന്നെ ഞാന്‍, അടുത്തത് ചെറിയ പെങ്ങള്‍ നുര്‍സിയ,അനുജന്മാര്‍ ലെസിന്‍,നിസാം,ഇതാണ് ഞങ്ങളുടെ സന്തോഷമായ കുടുംബം.

             ഇതൊരു ഓർമ്മക്കുറിപ്പാണ്. വായിക്കുന്നവർക്ക് എത്ര ഇഷ്ടമാവുമെന്നറിയില്ല. പക്ഷെ എഴുതണമെന്നു തോന്നി.  വിട്ടുപിരിഞ്ഞിട്ടും ഓർമ്മകളിൽ എന്നും മായാത്ത തെളിമയോടെ നിൽക്കുന്ന എന്റെ പ്രിയപ്പെട്ട ഉപ്പയെ കുറിച്ച്...  പലവട്ടം ശ്രമിച്ചിട്ടും പൂർത്തിയാക്കാനാവാത്ത വരികൾ. ഉപ്പയുടെ ഓര്‍മകളിലൂടെ സഞ്ചരിക്കുമ്പോള്‍ നിറയുന്ന കണ്ണുകള്‍ കീ ബോര്‍ഡിലെ അക്ഷരങ്ങള്‍ മറയ്ക്കും.  വിങ്ങുന്ന നെഞ്ചകത്തോടെ വീണ്ടും എഴുതാനിരിക്കുമ്പോൾ നിറയുന്ന കണ്ണുകൾ.... അങ്ങിനെ എത്രയോ തവണ പൂർത്തിയാക്കാനാവാതെ ഉഴുക്കില്ലാത്ത ഒരു ഓര്‍മകുറിപ്പാണിത്.

           എന്നും പുഞ്ചിരിക്കുന്ന മുഖത്തോടെ മാത്രമായിരുന്നു ഞങ്ങള്‍ ഉപ്പാനെ കണ്ടിരുന്നത്‌. വെറുക്കുന്നവരെ പോലും സ്നേഹിക്കാൻ പഠിപ്പിച്ച പ്രിയപ്പെട്ട ഉപ്പ. ഒന്നുമില്ലായ്മയിൽ നിന്നും ദാരിദ്ര്യത്തോടും കഷ്ടപ്പാടുകളോടും പടവെട്ടി മക്കൾ ഓരോരുത്തർക്കും ജീവിക്കാനുള്ള ഓരോ വഴികാണിച്ചുതന്നു. നാട്ടുകാരെയും കുടുംബക്കാരെയും  ഒരുപോലെ സ്നേഹിച്ചു. നാട്ടിലൊരാൾ പോലും മോശമായി പറയാത്ത വ്യക്തിത്വമായിരുന്നു ബാപ്പയുടെ ഏറ്റവും വലിയ സമ്പാദ്യം. ഒപ്പം ബാപ്പയ്ക്ക് വേണ്ടി എന്നും പ്രാർത്ഥിക്കുന്ന ഞങ്ങള്‍ മക്കളെയും. 
ഞങ്ങളെ ഉപദേശിച്ചും ശിക്ഷിച്ചും മാത്രം നേരെയാക്കാതെ അത് സ്വന്തം ജീവിതത്തിലൂടെ പ്രാവർത്തികമാക്കി പഠിപ്പിച്ചു.

            ഉപ്പ ഞങ്ങളുടെ എല്ലാമായിരുന്നു തമാശകള്‍ പറഞ്ഞും, കളിക്കൂട്ടുകാരനായും ഇന്നും ഞങ്ങളുടെ മനസ്സില്‍ ജീവിക്കുന്നു. എനിക്കോര്‍മയുള്ള കാലം മുതല്‍ തന്നെ ഉപ്പ മലേഷ്യയില്‍ ആയിരുന്നു, കുട്ടിക്കാലത്ത് മദ്രാസില്‍ പോയി ഉരുവില്‍ പാസ്പോര്‍ട്ട് ഒന്നുമില്ലാതെ തന്നെ മലേഷ്യയില്‍ എത്തി. ബ്രിട്ടിഷ് കോളനിയായിരുന്നു അന്ന് മലേഷ്യ, അവിടെ വെച്ച് ബ്രിട്ടീഷ് സിറ്റിസനായി... മരിക്കുന്നത് വരെ ബ്രിട്ടീഷ് സിറ്റിസനായി ജീവിച്ചു. ബ്രിട്ടന്‍ കാണാത്ത ബ്രിട്ടീഷ് ഓവര്‍സീസ് സിറ്റിസന്‍.
           ഞങ്ങളുടെ കുട്ടിക്കാലത്ത് രണ്ടു വര്‍ഷം കൂടുമ്പോള്‍ ഉപ്പ അവധിക്ക് നാട്ടില്‍ വരുമായിരുന്നുആ വരവ് ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു ഉത്സവം തന്നെയായിരുന്നു. മദ്രാസ് വഴി ആയിരുന്നു ഉപ്പ വരുന്നത്... മദ്രാസില്‍ നിന്നും പിന്നെ മദ്രാസ് മെയിലില്‍ പരപ്പനങ്ങാടി സ്റ്റേഷന്‍ വരെ... ഞങ്ങളെല്ലാവരും പരപ്പനങ്ങാടി സ്റ്റേഷനില്‍ രാവിലെ തന്നെ ഹാജറുണ്ടാകും, ഞങ്ങളുടെ അയല്‍വാസി കൂടിയായ കറപ്പന്‍ മാഷായിരുന്നു അന്നു പരപ്പനങ്ങാടി റെയിവേ സ്റ്റേഷന്‍ മാസ്റ്റര്‍. വണ്ടി ഷൊര്‍ണൂരില്‍ നിന്നു വിട്ടതു മുതല്‍ ഞങ്ങള്‍ ഇടയ്ക്കിടയ്ക്ക് സ്റ്റേഷന്‍ മാസ്റ്ററെ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കും. ട്രെയിന്‍ സ്റ്റേഷനില്‍ കൂടെ കടന്നു പോകുമ്പോള്‍ ഡോറില്‍ നിന്നു കൈ വീശുന്ന ഉപ്പാനെ തേടി ഞങ്ങളുടെ കണ്ണുകള്‍ പരതിക്കൊണ്ടിരിക്കും.

           വീട്ടിലെത്തിയാല്‍ എല്ലാ കണ്ണുകളും ഉപ്പ കൊണ്ടുവന്ന ചുവന്ന കള്ളി പ്പെട്ടിയിലായിരിക്കും, അത് തുറന്നു കണ്ടാലേ ഞങ്ങള്‍ അടങ്ങുകയുള്ളൂ വിവിതതരം മിട്ടായികള്‍ഉടുപ്പുകള്‍കളിക്കോപ്പുകള്‍, പെന്‍സില്‍റബ്ബര്‍സ്കൂള്‍ ബാഗ്‌. അങ്ങനെ ഒരുപാട് ഐറ്റംസ്.... 

               എന്‍റെ പൊന്നുമ്മ ആയിഷ, ജീവിതത്തില്‍ ഒരുപാട് കാലം ഉപ്പാന്‍റെ തുണയില്ലാതെ തന്നെ ജീവിക്കേണ്ടി വന്നു, രണ്ടു വര്‍ഷത്തില്‍ ഒരിക്കലായിരുന്നു ഉപ്പ ലീവിനു വരുന്നത്. ഞങ്ങളുടെ പഠിത്തത്തിനായി ഒരു പാട് ബുദ്ധിമുട്ടിയിട്ടുണ്ട്‌ അക്കാലത്ത് ഉമ്മ. ഉപ്പാന്‍റെ മരണ സമയത്ത്‌ ഞങ്ങള്‍ എല്ലാവരും നാട്ടില്‍ ഉണ്ടായിരുന്നു... ഞാനൊറ്റക്ക് തിരിച്ചു പോരാനായിരുന്നു തീരുമാനിച്ചിരുന്നത്, ഗള്‍ഫിലേക്ക് തിരിക്കുന്നതിനു കുറച്ചു ദിവസം മുന്‍പു എന്നെ വിളിച്ചു പറഞ്ഞു, മോനേ ബാബൂ നീ പോകുമ്പോള്‍ നിന്‍റെ ഭാര്യയേയും കൊണ്ടു പോകണം, ആ ഫാമിലി വിസ കളയണ്ട ..... ഞാന്‍ ഒരുപാട് കാലം നിന്‍റെ ഉപ്പയില്ലാതെ ജീവിച്ചതാണ് ആ ഗതി ഏതായാലും നിനക്ക് വരണ്ട... കുറച്ച് കഴിഞ്ഞു വിസിറ്റ് വിസ കിട്ടുകയാണെങ്കില്‍ ഞാന്‍ അങ്ങോട്ട്‌ വരാം, എനിക്കൊരു ഹജ്ജു കൂടി ചെയ്യുകയും നിങ്ങളുടെ കൂടെ കുറച്ചു നില്‍ക്കുകയും ചെയ്യാമല്ലോ... ജീവിത യാഥാര്‍ത്യങ്ങള്‍ എന്നും ദീര്‍ഘ വീക്ഷണത്തോടെ കണ്ടിരുന്നു ഉമ്മ. പുറമേ സ്നേഹം കാണിച്ചു പുന്നരിച്ചു സംസാരിക്കാറില്ലെങ്കിലും ആ മനസ്സു നിറയെ സ്നേഹമാണ്‌.  

               ഒരിക്കലും ഒരല്ലലില്ലാതെയാണ് ഞങ്ങള്‍ വളര്‍ന്നത്‌, ഉമ്മയാണ് ഞങ്ങളുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്. എന്‍റെ പത്താം ക്ലാസ് പരീക്ഷയുടെ തലേന്ന് വലിയപാടത്തു കളിക്കാന്‍ പോയപ്പോള്‍  ഉമ്മാന്‍റെ കയ്യില്‍ നിന്നും കിട്ടിയ അടി ഇന്നും മറന്നിട്ടില്ല.
ലെസിനും,നിസാം,ഇഗ്ലീഷ് മീഡിയം സ്കൂളിലായിരുന്നു പഠിച്ചത്. പെങ്ങമ്മാര്‍ രണ്ടും മാധവാനന്ത വിലാസം സ്കൂളിലും. എന്‍റെ സ്കൂള്‍ വിദ്യാഭ്യാസം മാധവാനന്തത്തില്‍ തുടങ്ങി ഓറിയന്റിലൂടെ സൂപ്പിക്കുട്ടിയില്‍ അവസാനിച്ചു. ഹ ഹ ഇതു മൂന്നും സ്കൂളിന്‍റെ പേരാണ് കെട്ടോ :) :) 

               ഡിഗ്രി അവസാന വര്‍ഷം പി എസ് എം ഒ യില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ വണ്ടി വിട്ടതാണ് ഈ ജിദ്ദയിലേക്ക്... 
അങ്ങനെ സംഭവബഹുലമായ പ്രവാസ ജീവിതം തുടങ്ങി.... അതു പറഞ്ഞപ്പോളാണ് ഉപ്പാന്റെ ഒരു തമാശ ഓര്‍മയിലൂടെ മിന്നിമറഞ്ഞത്‌... ഉപ്പ നാട്ടിലുള്ള കാലം, ഞാന്‍ ഗള്‍ഫിലൊക്കെ എത്തിയതല്ലേ , ഒന്നു പേരെടുക്കാനായി ഞാന്‍ ഒരു അയ്യായിരം രൂപ വീട്ടിലേക്കു അയച്ചു,കൂടെ ഒരു കത്തും. മുവ്വായിരം രൂപ ഉപ്പാക്ക്,ആയിരം രൂപ ഉമ്മാക്ക്,അഞ്ഞൂറ് രൂപ വീതം അനിയന്മാര്‍ ലെസിനും,നിസാമിനും എന്നും കത്തില്‍ എഴുതിയിരുന്നു.

                ഈ വിവരങ്ങളൊന്നും അറിയാതെ സ്കൂള്‍ വിട്ടു വന്ന നിസാമിനു ഉപ്പ ഒരു നൂറു രൂപ കൊടുത്തു പറഞ്ഞു ... മോനേ നീ ഹോട്ടല്‍ അയ്യപ്പാസില്‍ പോയി പൊറാട്ടയും ബീഫോ,ചിക്കനോ എന്താച്ചാല്‍ വാങ്ങി കഴിച്ചോ അത് കഴിഞ്ഞു അലവിക്കാന്റെ കടയില്‍ പോയി നിനക്ക് വേറെ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അതും വാങ്ങിക്കോ എന്ന് പറഞ്ഞു വിട്ടു. നിസാം ഹാപ്പി ആയി നാസ്തയും, മാറ്റെന്തോ ഒന്നു രണ്ടു സാധനങ്ങളും വാങ്ങി നെഞ്ചു വിരിച്ചു ഉപ്പാക്ക് ബാക്കി വന്ന ഇരുപതു രൂപ കൊടുത്തു, ഉപ്പ പറഞ്ഞു അത് നീ തന്നെ വച്ചോ എന്ന് പറഞ്ഞു ചിരിച്ചു, ഇതു കണ്ട് ഉമ്മയും ചിരിക്കാന്‍ തുടങ്ങി... ഒരു പന്തികേട്‌ മണത്ത നിസാം കാര്യം തിരക്കിയപ്പോള്‍ ഉപ്പ പറഞ്ഞു അത് നിനക്ക് ബാബു കാക്ക അയച്ച കാശു തന്നെയാണെന്ന്.... അതു കേട്ടതും നിസാം കരയാന്‍ തുടങ്ങി, എന്‍റെ കാശ് എനിക്കു തന്നെ തരണം ഞാന്‍ ചിലവാക്കിയത് ഉപ്പാന്റെ കാശ് അന്നെന്നും പറഞ്ഞു..... അവസാനം മുഴുവന്‍ കാശും കൊടുക്കേണ്ടി വന്നു ഉപ്പാക്ക്.
 
              ഉപ്പാന്‍റെ മദ്രാസിലെ സംഗീത ഹോട്ടലും,വെക്കേഷനിലെ മദ്രാസിലേക്കുള്ള പോക്കും എന്നും ഒരു ഹരമായിരുന്നു, ജീവിതത്തിന്റെ ഓരോ മറക്കാനാകാത്ത നിമിഷങ്ങളും പിരിഞ്ഞു കൊണ്ടു ആ ഓര്‍മ്മകള്‍ മനസ്സില്‍ താലോലിച്ചു ഈ യാത്ര തുടരുന്നു.



              ഒരിക്കല്‍ പനിപിടിച്ച് ആ തോളിൽ ചുരുണ്ടുകൂടിയിരുന്ന് റോഡിലൂടെ രാധാകൃഷ്ണന്‍ ഡോക്ടറുടെ ക്ലിനിക്കില്‍ പോയി മരുന്ന് വാങ്ങി വരുന്ന വഴി വണ്ടിക്കാരന്‍ അസ്സങ്കാന്റെ കടയില്‍ നിന്നു തണുപ്പില്ലാത്ത സര്‍ബത്ത് വാങ്ങി കുടിച്ചതും കൂടെ എള്ള് മിഠായിയും, കടല മിഠായിയും, പമ്പരം വാങ്ങിതന്നതും ഇന്നലെയെന്നവണ്ണം നനവാർന്ന ഓർമ്മകൾ.

              എന്റെ വികൃതികൾ കൊണ്ട് സഹികെടുമ്പോൾ വല്ലപ്പോഴും ചെവിക്കു പിടിച്ചു തിരിക്കുന്നതും, ചേർത്ത് പിടിച്ച് തുടയിൽ നുള്ളിയിടത്ത് ഇന്ന് സുഖമുള്ള ഒരു വേദന. എത്ര വഴക്കുപറഞ്ഞാലും ശിക്ഷിച്ചാലും അത്താഴത്തിന് എനിക്കായി മാറ്റിവെയ്ക്കുന്ന ഉരുള കഴിക്കുമ്പോഴുള്ള തലോടലിൽ കൊഴിഞ്ഞുവീഴുന്ന പിണക്കങ്ങൾ.

             കുഞ്ഞുന്നാൾ മുതൽ പ്രവാസിയായി  ചുമലിലേറ്റിയ കുടുംബത്തിന്‍റെ  പ്രാരാബ്ധങ്ങൾ എല്ലാം ഇറക്കി സ്വസ്ഥമായി വിശ്രമിക്കേണ്ട സമയമായപ്പോഴേയ്ക്കും. ശാരീരികമായ അസ്വസ്ഥതകൾ ഓരോന്നായി പിന്നാലെ കൂടി.  

              എന്‍റെ വീട് പണി തുടങ്ങുന്ന സമയം, പറമ്പിലെ  തെങ്ങു മുറിക്കുന്ന പണിക്കാരോട് ചേര്‍ന്നു ഉച്ചത്തില്‍ അയിലേസ പറഞ്ഞപ്പോള്‍  നെഞ്ചിനു ഉണ്ടായ ഒരു ആശ്വസ്ഥതയാണ് തുടക്കം. കോഴിക്കോട് പി,വി,എസ്സിലെ കാര്‍ഡിയോളാജി ഡോക്ടര്‍ രവീന്ദ്രന്‍ ആയിരുന്നു ചികിത്സക്ക് നേദൃത്വം. ആ കാലത്തു നല്ല ഹാര്‍ട്ട് ഹോസ്പിറ്റല്‍ കോഴിക്കോട് ഉണ്ടായിരുന്നില്ല. ഉപ്പാക്കു സുഖമില്ലാതെ ഹോസ്പിറ്റലില്‍ ആണ് എന്നു വിളി വന്നപ്പോള്‍ പിന്നെ ഇവിടുത്തെ പ്രശ്നങ്ങള്‍ എല്ലാം അവിടെ വിട്ടു കിട്ടിയ അടുത്ത വിമാനത്തിനു കുടുംബസമേതം കരിപ്പൂരിലെത്തി... പിന്നെയുള്ള കുറച്ച് ദിവസങ്ങള്‍ മാത്രമായിരുന്നു എനിക്ക് ഉപ്പാനോടുത്തു ചിലവഴിക്കാന്‍ കഴിഞ്ഞത്, പി,വി,എസ്സിലെ ഐ,സി,യുവില്‍ ഉപ്പാനെ കണ്ട ആ നിമിഷം ഞാന്‍ ആകെ തളര്‍ന്നുപോയി, എന്‍റെ കരം ഗ്രഹിച്ചു കൊണ്ട് ഒന്നും ഉരിയാടാതെ ആ കണ്ണുകളില്‍ നിന്നു കണ്ണുനീര്‍ സൈഡിലൂടെ ഒലിച്ചിറങ്ങി, ആ കണ്ണുനീരിനു ഒരുപാട് കാര്യങ്ങള്‍ എന്നോടു പറയാനുണ്ടായിരുന്നു... ഉടനെ തന്നെ രവീന്ദ്രന്‍ ഡോക്ടറെ കണ്ടു, ഡോക്ടര്‍ പറഞ്ഞു ഇവിടെ ഇതില്‍ കൂടുതല്‍ ഒന്നും ചെയ്യാനില്ല.. ഹാര്‍ട്ട് വളെരെ വീക്ക് ആണ് കൊയംബത്തൂരോ, മദ്രാസോ, ആണ് കൂടുതല്‍ സൌകര്യമുള്ള ഹോസ്പിറ്റല്‍ ഉള്ളത്. പക്ഷേ രോഗിയെ  കൊണ്ടുപോകാന്‍ ഉള്ള ആരോഗ്യസ്ഥിതിയിലല്ല ഉള്ളത്, എനിക്കു ഡിസ്ചാര്‍ജു തരാന്‍ പറ്റില്ല എന്നു, പിന്നെ അളിയന്‍മാര്‍ ഫറോക്കിലെ കോയ ഡോക്ടറെ കൊണ്ടു പറയിപ്പിച്ചു നിര്‍ബന്ത ഡിസ്ചാര്‍ജു വാങ്ങി മറ്റൊരു ഡോക്ടറെ കൂടെ കൂട്ടി വിമാനത്തില്‍ മദ്രാസിലേക്ക് പോയി.... MMMH {Madras medical mission hospital} ആയിരുന്നു പിന്നീടുള്ള ഇരുപതു ദിവസങ്ങള്‍. ഡോക്ടര്‍ ചെറിയാന്‍റെ ചികിത്സയില്‍, കുറച്ചുകൂടി ആരോഗ്യനില മെച്ചപ്പെട്ടതിനു ശേഷം ഓപ്പറേഷന്‍ നടത്താമെന്നായിരുന്നു ഡോക്ടറുടെ അഭിപ്പ്രായം.

                ഞാന്‍ വല്ലിപ്പാന്റെ റോയപുരത്തുള്ള ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്
, ഉപ്പാന്‍റെ കൂടെ ഒരാള്‍ക്ക്‌ മാത്രമായിരുന്നു നില്‍ക്കാനനുമതി. ഉമ്മയായിരുന്നു കൂട്ടിനു. ജൂലായ്‌ 14 നു രാത്രി ഹോട്ടലിലേക്ക് പോകുന്നതിനു തൊട്ടു മുന്‍പ് പതിവുപോലെ ചിരിച്ച് കൊണ്ട് സംസാരിച്ചു. സാരമില്ല... പെട്ടെന്ന് സുഖമായി നമുക്കു തിരിച്ചു പോകാമെന്ന് പറഞ്ഞത് അവസാന വാക്കായിരിക്കുമെന്നു ഒരിക്കലും കരുതിയില്ല. പക്ഷെ... പടച്ചവന്റെ തീരുമാനം അതായിരുന്നു, അന്നു രാത്രി വീണ്ടും അറ്റാക്ക് വന്നു, വീണ്ടും സി,സി,യു വിൽ നീണ്ട അഞ്ചു ദിവസം ഓര്‍മയില്ലാതെ കിടന്നു... ഞങ്ങള്‍ കുടുംബം മൊത്തമായി  കണ്ണീരോടെ പ്രാർത്ഥനയോടെ കാത്തിരുന്നു. അവസാനം കേൾക്കാനിഷ്ടപ്പെടാത്ത വേദനിപ്പിക്കുന്ന ആ വാർത്തയെത്തി. എന്റെ ലോകത്തെ ഏറ്റവും വലിയ തണൽ നഷ്ടപ്പെട്ടു.

                 ഈ മരുഭൂവിലെ പ്രവാസത്തിന്റെ ഇടവേളകളിൽ നാടിന്റെ തണുത്ത നിശ്വാസമേറ്റു നടക്കുമ്പോൾ കിട്ടുന്ന സ്നേഹാ‍ന്വേഷണങ്ങൾ ഇരട്ടിയാവുന്നത് എന്തുകൊണ്ടാണെന്ന് അഭിമാനത്തോടെ തിരിച്ചറിയുന്നു. ജീവിച്ചുകാണിച്ചുതന്ന ആ മാതൃകയുടെ ഒരംശം പോലും പിന്തുടരാനാവുമോ എന്ന് സംശയമെങ്കിലും ആ കാൽ‌പാടുകളിലൂടെ നടക്കാനാണെനിക്കിഷ്ടം.

                 സ്നേഹനിധിയായ എന്റെ പ്രിയപ്പെട്ട ബാപ്പയുടെ വേർപാടിനു ജൂലായ്‌ 19.2014 നു 16 വർഷം തികയുന്നു.
ഓർമ്മകളിലെന്നും ആ വാത്സല്യത്തോടെ തലോടുന്നത് ഞാനറിയുന്നു.  പരലോക വിജയത്തിനായി പ്രാർത്ഥിക്കുന്നതിനോടൊപ്പം എന്റെ പ്രിയപ്പെട്ടവരുടെ പ്രാർത്ഥനയും തേടുന്നു. അല്ലാഹു മഹ്ഫിറത്തും മര്‍ഹ്മത്തും പ്രധാനം ചെയ്യുമാറാകട്ടെ ... "ആമീന്‍"


No comments: