Wednesday, February 05, 2014

തട്ടാങ്കണ്ടിയിലെ ഉത്സവം.

"ചെട്ടിപ്പടി" എന്‍റെ ഈ ചെറിയ ഗ്രാമം ഉത്സവ ലഹരിയിലാണ്. കുട്ടിക്കാലത്ത് തട്ടാങ്കണ്ടിയിലെ  ഉത്സവം എന്നും  ഞങ്ങള്‍ക്കു ആഘോഷമായിരുന്നു.  എന്‍റെ വീടിന്‍റെ രണ്ടു പറമ്പ് പിന്നിലായിട്ടായിരുന്നു ഈ ക്ഷേത്രം .... കുട്ടിയായ കാലം മുതല്‍ക്കു  ഗള്‍ഫിലേക്ക് ചേക്കേറുന്നത് വരേ  ഒരറ്റ ഉത്സവവും മുടങ്ങാതെ ആഘോഷിച്ചിരുന്നു. 

റയില്‍വേ പാളത്തിനടുത്തു സ്ഥിതിചെയ്യുന്ന ചെറിയ വീതി കുറഞ്ഞ നാലു കഷ്ണം പാടവും അതിനു പടിഞ്ഞാറ് ചേര്‍ന്നു ഒരു തറയും വീടും ഒരു ക്ഷേത്രവും ... ഈ കുടുംബ ക്ഷേത്രത്തിലെ ചെറിയ ഒരുത്സവം അന്നു ചെട്ടിപ്പടിയുടെ ആഘോഷ മേളങ്ങളില്‍ ഒന്ന്.




തിരക്കേറിയ ജിദ്ദയുടെ നഗര വീഥികളില്‍ നിന്നും മനസ്സ് കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ ഉത്സവ പറമ്പിലൂടെ  ഓടിക്കൊണ്ടിരുന്നു...  തലേന്നു തന്നെ എന്‍റെ കറക്കം ഉത്സവ പറമ്പിലായിരിക്കും... പാടത്തിന്റെ രണ്ടു ഓരവും നിറയെ ചെറു ടാര്‍പ്പായ കടകള്‍ ഉയര്‍ന്നിരിക്കും. ശര്‍ക്കര ജിലേബിക്കാരനും , കുപ്പി വള കച്ചവടക്കാരനും ചെറിയ ഹോട്ടലുകളും കളിപ്പാട്ടം വില്‍ക്കുന്ന കടകളും ധാരാളം കാണാം. അന്നത്തെ അബാസാടര്‍ , ഫിയറ്റ് , ജീപ്പ് , ലോറി , ട്രെയിന്‍ ഒക്കെ പ്ലാസ്റ്റിക് രൂപത്തില്‍ കടയില്‍ തൂങ്ങി കിടക്കുന്നുണ്ടാവും ... അഞ്ചു രൂപയ്ക്കു ഒന്നു സ്വന്തമാക്കാം. രാവിലെ മുതല്‍ കാക്കാത്തികള്‍  തത്തയുമായി വരിക്കിരിക്കുന്നുണ്ടാവും... ഒരു രൂപയുണ്ടെങ്കില്‍ ഭാവിയും ഭൂതവുമെല്ലാം അറിയാം.




ഉത്സവത്തിന്‍റെ പ്രധാന പരിപാടികളില്‍ ഒന്നു സന്ദ്യാനേരത്തു അമ്പലത്തില്‍ നിന്നും വരുന്ന താലപ്പൊലിയും അതിനോട് കൂടെ വാളോട്  കൂടി ഉറച്ചിലുകാരും നേരെ പാടത്തിനു നടുവിലൂടെ മുന്നോട്ട് വരും... ചെണ്ട മേളക്കാരുടെ മുട്ട് മുറുകുമ്പോള്‍ വെളിച്ചപ്പാട് വാളുമായി തന്‍റെ നെറ്റി മുറിക്കും ... ചോര പൊടിയുകയും അതില്‍ മഞ്ഞപ്പൊടി തേക്കാനും ഓരോ വെളിച്ചപ്പാടിനെ പിടിക്കാനും ഓരോ കാലാളും കൂടെയുണ്ടാവും...  തൂവെള്ള സാരിയുടുത്തു താലപ്പൊലി യേന്തുന്ന സുന്നരികളിലായിരിക്കും യുവാക്കളുടെ  ശ്രദ്ധാ കേന്ദ്രം. രാത്രി പത്തുമണിക്ക് ശേഷം ബാലയോ , ഗാനമേളയോ , മിമിക്രിയോ ഉണ്ടാവും.



റിയില്‍ പാളത്തിലിരുന്നു അമ്പലത്തിലേക്ക് ഉത്സവത്തിന് വരുന്ന തരുണീമണികളെ  "പഞ്ചാരയടിക്കുന്ന"  യുവാക്കള്‍ക്ക് ട്രെയിന്‍ വരുന്നത് ശ്രദ്ദിക്കാന്‍  അമ്പല കമ്മറ്റി വക മുന്നറിയിപ്പ് ഇടയ്ക്കിടയ്ക്ക് മൈക്കിലൂടെ പറഞ്ഞു കൊണ്ടിരിക്കും.

അസ്തമയത്തോട് കൂടി റയില്‍ പാളത്തിന്റെ കിഴക്ക് ഭാഗത്തുള്ള ഗാബ്ലിംഗ് സെന്‍റെര്‍ യുവാക്കളുടെ മറ്റൊരു ആകര്‍ഷണ കേന്ദ്രമായിരുന്നു. മുച്ചീട്ട് കളിക്കാരും , ആന മയില്‍ ഒട്ടകം , കോട്ടിയടി ,  കിലിക്കികുത്ത്  മുതല്‍ ചട്ടിക്കളി വരെയും ഉണ്ടാവും അവിടെ.

ഒന്നു വെച്ചാല്‍ അഞ്ചു .....
ആര്‍ക്കും വെക്കാം ...
ഇവിടെ വെക്കാം ...
വരൂ... കളിക്കൂ... നേടൂ... 

എന്നിങ്ങനെ കളിക്കാരന്റെയും ഉണ്ട ചട്ടിയില്‍ കിടന്നു മറിയുമ്പോള്‍ കളിക്കുന്നവരുടെയും ആക്രോശവും ആര്‍ത്തുവിളികളും ഉത്സവത്തിന്‍റെ ലഹരികള്‍ തന്നെ.

******
മദീനാ റോഡിലൂടെ എന്‍റെ പ്രാഡോ ഓടിക്കൊണ്ടിരുന്നു .....
മനസ്സ് തട്ടാങ്കണ്ടിയി ലെ ഉത്സവ പറമ്പിലൂടെയും ....  ഉത്സവങ്ങള്‍ എനിക്കു നഷ്ട്ടമായിട്ടു വര്‍ഷങ്ങളേറെയായി..  എനിയോരിക്കലും ആ പഴയ കുട്ടിയാകാന്‍ കഴിയില്ലാ എന്നോര്‍ത്തപ്പോള്‍ ചെറിയ ഒരു നൊമ്പരം.

പ്രവാസ ജീവിതം മതിയാക്കി ഒരു നാള്‍ ഞാന്‍ തിരിച്ചെത്തും , അന്നു ഞാന്‍ തട്ടാങ്കണ്ടിയിലെ ഉത്സവപറമ്പിലൂടെ  തെക്കോട്ടും വടക്കോട്ടും നടക്കും... ആ പഴയ കൌമാരക്കാരിയെ തിരയും...!!   കുപ്പി വള വാങ്ങുന്നിടത്തും കളിപ്പാട്ട ക്കടയിലും , ഒരുമിച്ചു  "കോലൈസ്" വാങ്ങി തിന്ന സ്ഥലത്തും , ഞാന്‍ നിന്നെ  നോക്കും ... !  ഞമ്മള്‍ ഒരുമിച്ചു വാങ്ങിയ വര്‍ണ  ബലൂണുകളും , വീപ്പിളിയും , ഓര്‍മയിലെന്നപോലെ  നമ്മേ നോക്കി കുശലം പറഞ്ഞു ചിരിച്ചുവോ.... ?

"വയസ്സിത്രയോക്കെ ആയാലും മനസ്സിപ്പോഴും ആ പൊടി മീശക്കാരന്‍ ചെക്കന്‍ തന്നെ"

വയസ്സിനോരിക്കലും മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയില്ലല്ലോ .

എന്‍റെ ഗ്രാമം. [ചെട്ടിപ്പടി]

No comments: