Tuesday, November 22, 2016

കാലന്മാര്‍.

ആല്‍ത്തറയിലെ മങ്ങിയ മെഴുകുതിരി വെളിച്ചത്തില്‍ നാലുപേരും വട്ടം കൂടിയിരുന്ന് ശബ്ദം കുറച്ചു ചര്‍ച്ചയില്‍ മുഴുകി. ഒഴിഞ്ഞ ബിയര്‍ കുപ്പികളില്‍ നിക്ഷേപിച്ച എരിഞ്ഞുതീര്‍ന്ന സിഗരറ്റ് കുറ്റികളില്‍നിന്ന് മഞ്ഞുപോലെ പുക പുറത്തേക്ക് വന്നു കൊണ്ടിരുന്നു.


പിറകില്‍നിന്നും വടിവാള്‍ വലിച്ചെടുത്ത് ഒരുവന്‍ കൊതുക് കടിച്ച കാലില്‍ ചൊറിഞ്ഞുകൊണ്ട്‌ തറയില്‍ മരണത്തിന്‍റെ വികൃത രൂപങ്ങള്‍ വരക്കാന്‍ ശ്രമിച്ചു.

കൂട്ടത്തില്‍ കഴുകന്‍റെ കണ്ണുള്ളവന്‍ പറഞ്ഞു:

പുലര്‍ച്ചെ അഞ്ചു മണിക്ക് റയില്‍വേ സ്റ്റേഷനിലേക്ക് പോകാന്‍ കോട്ടേഴ്സില്‍ നിന്നിറങ്ങുമെന്നാണ് നമുക്ക് കിട്ടിയ വിവരം.

രണ്ടാമന്‍ അരയില്‍ നിന്നും ഒരു പൈന്റ്‌ ബ്രാണ്ടിയെടുത്തു പകുതികാലിയായ ബിയര്‍ കുപ്പിയിലേക്കൊഴിച്ചു ഒരുകവിള്‍വലിച്ചു മൂന്നാമന് കൈമാറി.

വിശാലമായ പാടത്തിന്‍റെ നടുവിലൂടെയുള്ള റോഡിലൂടെ വേണം അവിടെ എത്തിച്ചേരാന്‍. ജീപ്പിലേക്ക് കയറുന്നതിനു മുന്‍പ് നാലുപേരും ഓരോ സിഗരറ്റിനു തീകൊളുത്തി. മൂക്ക് നീണ്ടുനില്‍ക്കുന്ന ചെന്നായയുടെ മുഖസാദൃശ്യമുള്ള നാലാമന്‍ മറ്റുള്ളവരെ നോക്കി മരണത്തിന്‍റെ ഭീകരമായ ചിരി ചിരിച്ചു.

ജീപ്പിന്‍റെ സഞ്ചാരം ലക്ഷ്യസ്ഥാനത്തിനോട് അടുത്തുതുടങ്ങി.

ഒന്നാമന്‍ പറഞ്ഞു: ഈ വഴിയിലൂടെയാണ് അവന്‍ മെയിന്‍ റോഡിലേക്ക് വരിക. പിന്നെ ഒട്ടും താമസിക്കരുത്‌, ഒരൊറ്റ വെട്ടിന്നു പിന്‍കഴുത്തു മുറിയണം. അടുത്തവന്‍ വയര്‍ വീശിഅറുത്തു കൊടല്‍മാല പുറത്താക്കണം. ശബ്ദിക്കാന്‍ അവസരം കിട്ടുന്നതിനു മുന്‍പ് എല്ലാം തീര്‍ക്കണം.

രണ്ടാമന്‍ പറഞ്ഞു: അമ്മയെയും അച്ഛനെയും സഹോദരങ്ങളെയും ഭാര്യയും കുട്ടികളെയും ഒന്നും ആരും ഓര്‍ക്കരുത് നമുക്ക് വലുത് നമ്മുടെ മതം മാത്രമാണ്.

മൂന്നാമന്‍ പറഞ്ഞു: സ്വാതത്ര്യം എന്ന വാക്ക് നമ്മുടെ നാട്ടില്‍ ഇനി ആരും സംസാരിക്കരുത്. ആ വാക്ക് ഉച്ചരിക്കുന്നവരുടെ നാവ് അറുത്തുമാറ്റും.

നാലാമന്‍ പറഞ്ഞു: ഇന്ത്യ ഞങ്ങളുടെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും സഹോദരി സഹോദരന്മാരല്ല.

തൊട്ടടുത്ത സ്കൂള്‍ മതിലില്‍ ഗാന്ധിജിയുടെ ചിത്രം മൂകസാക്ഷിയായി ഇതൊക്കെ കാണുന്നുണ്ടായിരുന്നു.



https://www.facebook.com/isakkisam




































Wednesday, November 16, 2016

പ്രവാസം.

പ്രാവസത്തില്‍ താണ്ടിയ
വഴികളെ...
പ്രവാസത്തില്‍ കൂടെ കൂടിയ
ദുഃഖങ്ങളേ...
പ്രവാസത്തില്‍ തേടിയെത്തിയ
സന്തോഷങ്ങളെ...
പ്രവാസത്തില്‍ പ്രണയിച്ച
ബന്ധങ്ങളേ...
പ്രവാസത്തില്‍ കുളിരായെത്തിയ
പ്രഭാതങ്ങളെ...
പ്രവാസത്തില്‍ ഉറക്കം കെടുത്തിയ
രാത്രികളെ...


പ്രവാസത്തിന്‍റെ ആത്മാവ്
തിരിയിലും
നാളത്തിലും
കണ്ടെത്താനാവാതെ
അണഞ്ഞുപോകുന്നതിനു മുമ്പുള്ള
ജീവിതത്തിന്‍റെ.


https://www.facebook.com/isakkisam