Saturday, March 28, 2015

ഞാനും അസ്സന്‍മുസ്ലിയാരും പൂവന്‍കോഴിയും.

എം വി എച്ച് സ്കൂള്‍ വിട്ട് BSA 'SLR' സൈക്കളില്‍ ഞാന്‍ കുതിച്ചു..! എല്ലാവര്‍ക്കും മുന്നില്‍ ഞാന്‍ തന്നെ...! സൈക്കിളിന്‍റെ  ഹാന്‍ഡിലില്‍ സ്നേഹത്തോടെ തലോടി അഭിമാനം കൊണ്ടു..!

വീട്ടില്‍ വന്നു കയറിയ പാടെ ഉമ്മ തന്ന സഞ്ചിയില്‍ നിന്ന് തല പുറത്തേക്കിട്ടു കൊക്കുന്ന പൂവന്‍കോഴി... മോനെ ബാബു നീ ഇത് കൊണ്ടുപോയി തങ്ങമാരെ വീട്ടില്‍ ബീച്ചാക്കാനെ കൊണ്ട് അറുത്തു കൊണ്ട് വാ...!

മുപ്പത്തിയഞ്ചു വര്‍ഷം മുമ്പുള്ള ഒരു തമാശയാണ് കെട്ടോ..!  ഇപ്പോഴാണെങ്കില്‍ എല്ലാ അങ്ങാടിയിലും കോഴിക്കടകള്‍ കൂണ്‍മുളച്ചപോലെയാണല്ലോ...! 'ഇറച്ചികോഴി കണ്ടുപിടിക്കാത്ത കാലം..' ആകെ ഒരു കോഴിക്കട പരപ്പനങ്ങാടിയിലാണ് ഉള്ളത്...!  ഞാന്‍ സഞ്ചിയും കൊണ്ട് അടുത്ത വീട്ടിലേക്കോടി.. ബീച്ചാക്ക സ്ഥലത്തില്ലായിരുന്നു തിരിച്ചു വീട്ടിലേക്കു ചെന്നപ്പോള്‍ ഉമ്മ പറഞ്ഞു, 

"ഇനി നിന്ന് നേരം വൈകണ്ട ഇപ്പം പോയാല്‍ ചെട്ടിപ്പടി പള്ളിയില്‍ അസ്സന്‍ മുസ്ലിയാര് ഉണ്ടാകും അവിടെ പോയി കോഴീനെ അറുത്തു പെട്ടന്ന് വാ...."
ഞാന്‍ എന്‍റെ സൈക്കിളിന്‍റെ മുന്നില്‍ കോഴിയെ തൂക്കി പള്ളിയിലേക്ക് ആഞ്ഞു ചവിട്ടി..!

ബീച്ച് റോഡിലൂടെ പള്ളിയുടെ പിറകില്‍ ചെന്ന് ജനലില്‍ മുട്ടി... ഭാഗ്യത്തിന് അസ്സന്‍ മുസ്ലിയാര്‍ പള്ളിയില്‍ ഉണ്ടായിരുന്നു... എപ്പോഴും തമാശകള്‍ ഒക്കെ പറയുമായിരുന്ന ഒരു നല്ല മനുഷ്യന്‍ ആയിരുന്നു അദ്ദേഹം..' എന്നെ കണ്ട പാടെ  'ഹ അല്ല ഇതാര്.. നമ്മുടെ ഹൈദ്രോസ്സുക്കാന്‍റെ മോനല്ലേ എന്നു പറഞ്ഞു കാര്യം തിരക്കി..!
ഞാന്‍ പറഞ്ഞു  'ഉമ്മ ഒരു കോഴിയെ അറക്കാന്‍ പറഞ്ഞയച്ചതാണ്...'

'അതിനു ഇന്നു വെള്ളിയാഴ്ച അല്ലല്ലോ...' ഞാന്‍ വെള്ളിയാഴ്ച ഉച്ചക്കാണല്ലോ അവിടെ വരാറ് എന്ന് പറഞ്ഞു ചിരിച്ചു..'

ജ്ജ് അവിടെ നിലക്ക് ഞാന്‍ കത്തി എടുത്തിട്ടു വരാം  മുസ്ലിയാര് കത്തിയെടുത്തു വന്നിട്ട് പറഞ്ഞു..'

'ഹൗളില്‍ പോയി ഒരു പാട്ട വെള്ളം എടുത്തിട്ടു വാ..'

വെള്ളം എടുത്തു വന്നു..'
കോഴിയുടെ കൊക്ക് പിളര്‍ത്തി കുറച്ചു വെള്ളം ഒഴിച്ച് കൊടുത്തതിനു ശേഷം കത്തികൊണ്ട് കാലിലെ കെട്ടു അറുത്തു,  ഒരു കൈ കൊണ്ട് കോഴിയുടെ കാലും മറ്റേ കൈകൊണ്ടു കഴുത്തും പിടിച്ചു കൊടുത്തു.

 മുസ്ലിയാര് ബിസ്മി ചൊല്ലി കത്തി കഴുത്തില്‍ വെക്കാനോരുങ്ങിയപ്പോള്‍ ഞാന്‍ കണ്ണടച്ചു. കത്തി വെച്ചതും കോഴി ഒന്നു പിടഞ്ഞു ഞാന്‍ പേടിച്ചു പിടി വിട്ടു, കോഴി അതാ താഴെ വീണു എണീറ്റ് ഒരോട്ടം കഴുത്തിലൂടെ ചോര ഒലിക്കുന്നുണ്ടായിരുന്നു... ഞാന്‍ പിടി വിട്ടപ്പോള്‍ കോഴി തല കുടഞ്ഞത് കാരണം എന്‍റേയും മുസ്ലിയാരുടെയും മേലാകെ ചോര തുള്ളികള്‍ തെറിച്ചിരുന്നു...'

നല്ല ആരോഘ്യമുള്ള പൂവനായതുകൊണ്ട് പറന്നു അടുത്ത വീട്ടിലെ ഇബ്രായിങ്ങ്കാന്റെ  വേലി കടന്നു ഓടി.
ഞാന്‍ പള്ളിയുടെ മുന്നിലൂടെ വന്നു അപ്പുറത്തെ തൊടിയില്‍ കയറി... പിടിക്കാന്‍ ചെന്നതും കോഴി അവിടെ നിന്നും പാറി മോഹളര് കോയ തങ്ങളുടെ വീട്ടിലെ മുറ്റത്തു ഉള്ള പേരക്ക കൊമ്പില്‍ ഇരുപ്പുറപ്പിച്ചു...'
ചോര ഒലിച്ചു കൊണ്ടിരുന്നു...'

അവസാനം ഫാറൂക്കും മോഹമ്മത് കോയയും ഞാനും കൂടി കോഴിയെ പിടിച്ചു..' ചോര വാര്‍ന്നു തളര്‍ന്നിരുന്നു പാവം...'

കോഴിയെ പിടിക്കാനുള്ള വെപ്രാളത്തില്‍ സഞ്ചി ഒന്നും എടുത്തിട്ടില്ലായിരുന്നു ഞാന്‍..  ചോര  ഒലിക്കുന്ന കോഴിയേയും കൊണ്ട് റോഡിലൂടെ പള്ളിയിലേക്ക്...' കയ്യിലും ബനിയനും ഒക്കെ ചോരക്കളി...!

'അലിവിക്കാന്‍റെ പീടികയില്‍ നിന്നും പൊടിയുടെ ടൈലര്‍ ഷോപ്പില്‍ നിന്നും ആളുകള്‍ ചിരിക്കുന്നുണ്ടായിരുന്നു...'

ഒരു ചമ്മിയ ചിരിയോടു കൂടി വേഗം നടന്നു, അസ്സന്‍ മുസ്ലിയാര് 'ഹൗളിന്‍കരയില്‍ ബനിയനിലും തുണിയിലും തെറിച്ച ചോര തുള്ളികള്‍ കഴുകുന്ന തിരക്കിലായിരുന്നു..!

"ജ്ജ് കൊഴിനെ പിടിച്ചടാ.... "ഇജ്ജെങ്ങാനും ഞ്ഞ് കണ്ണ് ചിമ്പി പിടി വിട്ടാല്‍  അന്നെ ഞാന്‍ കാണിച്ചുതരാം"   എന്ന് പറഞ്ഞു വീണ്ടും വന്നു അറത്തു തന്നു...' മുസ്ലിയാര്‍ക്ക് ഉമ്മ തന്ന അഞ്ചുറുപ്പിക എടുത്തപ്പോള്‍ അതിലും ചോര ആയി...  മുസ്ലിയാര്‍ പോകറ്റില്‍ ഇട്ടപ്പോള്‍ വീണ്ടും ചോര ആയിക്കാണും..!   

'സഞ്ചിയില്‍ ഇട്ടു നേരെ വീട്ടിലേക്ക്..' ടീ  ഷര്‍ട്ടിലും തുണിയിലും ചോര കണ്ടു ഉമ്മ ഓടി വന്നു ചോദിച്ചു...'

'എന്തുപറ്റിയെടാ..?'

നടന്ന കാര്യങ്ങള്‍ ഒക്കെ കേട്ടപ്പോള്‍ ഉമ്മ പറയുകയാ...' പോത്ത് പോലെ വളര്‍ന്നല്ലോയ്യ്... എന്നിട്ടും ഒരു  കോഴീനെ ശരിക്കും പിടിച്ചു കൊടുക്കാന്‍ പറ്റിയില്ലല്ലോ അനക്ക്..'

'അന്നൊക്കെ കോഴിക്കറി വെച്ചാല്‍ വീട്ടിലെല്ലാവരും കഴിച്ചാലും പിറ്റേന്ന് രാവിലെ പുട്ടിലേക്കോ പത്തിരിയിലേക്കോ കറി ബാക്കിയുണ്ടാവും..' നല്ല രുചിയും ഉണ്ടാവും.. ആ നാടന്‍ കോഴിയുടെ രുജി ഇപ്പോഴത്തെ കോഴിയുടെ അയലത്തുപോലും വരില്ല..! പോത്തിറച്ചി ഇല്ലാത്ത വെള്ളിയാഴ്ചകള്‍ ആലോചിക്കാനേ പറ്റില്ല...  ഇനി പുതിയ നിയമങ്ങള്‍ വന്നു പോത്തിറച്ചി കിട്ടാത്ത കാലം വരുമോ റബ്ബേ...!

ചുമ്മാ ഒരോര്‍മ്മ കുറിപ്പ് എഴുതി എന്നുമാത്രം...  ഇന്നലെ  രാത്രിയില്‍ ഞാനെന്‍റെ കുട്ടിക്കാല ഓര്‍മകളിലൂടെ സ്വപ്നത്തില്‍ നടന്നു, ചെട്ടിപ്പടിയും പള്ളിയും ആസ്സാമുസ്ലിയാരും ഒക്കെ വന്നു...  ആ പഴയ കുസൃതിക്കാരന്‍ എന്‍റെ സ്വപ്നത്തില്‍ നിറഞ്ഞു നിന്നു.. തിരിച്ചുകിട്ടാത്ത  ഒരുപാട് കുട്ടിക്കാല വിശേഷങ്ങള്‍ എഴുതി നിര്‍വൃതിയടയാന്‍ ഗൂഗുളും, മുഖപുസ്തകവും മാടി വിളിക്കുന്നു... എന്‍റെ സുഹൃത്തുക്കളുടെ ക്ഷമയും സഹന ശക്തിയും  വാനോളം പുകഴ്ത്തിയാലും മതിവരില്ല...!    
അസ്സന്‍മുസ്ലിയാരും എന്‍റെ അയല്‍വാസി ബീച്ചാക്കയും {OMK THANGAL}    മണ്‍മറഞ്ഞിട്ട്  കാലങ്ങളായി... 
അല്ലാഹു അവര്‍ക്ക് മഹ്ഫിറത്തും മര്‍ഹ്മത്തും പ്രധാനം ചെയ്യുമാറാകട്ടെ ... "ആമീന്‍"
 
വെറുപ്പിക്കല്‍ തുടരും.. :) :) 































Saturday, March 14, 2015

ചീനി മരത്തണലിലെ കല്ലുകള്‍.....

ഒരുപാട് മാറ്റങ്ങളുണ്ട്, എങ്കിലും സൂക്ഷിച്ചു നോക്കിയാല്‍ ഒരുമാറ്റവുമില്ല ഒന്നിനും.

ആ വഴികള്‍, ചുവരെഴുത്തുകള്‍, മുന്നിലെ റൌണ്ടിലുള്ള പൂന്തോട്ടം,മൊസാണ്ട പൂക്കളുടെ ചെടികള്‍,വെള്ള നിറത്തില്‍ നീളത്തിലുള്ള കെട്ടിടം,
തിരക്കിനിടയിലും ഏകാന്തമായ തുരുത്തുകളെ ഒളിപ്പിച്ചു വെക്കുന്ന ഇടനാഴികള്‍,

ടെന്നീസ് കോര്‍ട്ടിന് പിറകില്‍ നിന്ന് ഹൈഡ്രജന്‍ സള്‍ഫൈഡിന്റെ മണം  ഫിസിക്സ് ലാബില്‍ നിന്ന് ഇടനാഴിയിലേക്ക്‌ ഒഴികിയെത്തി,

കൊമേര്സ് ബ്ലോക്കിലെ ആദ്യത്തെ നിലയില്‍ പഴയ ക്ലാസ്സിന്‍റെ വരാന്തയില്‍ നിന്ന് താഴെ മുറ്റത്തെ കിണറിലേക്ക് നോക്കി നില്‍ക്കേ അവന്‍ ഓര്‍ക്കാന്‍ ശ്രമിച്ചു...

ഇരുപത്തിയഞ്ചു വര്‍ഷം മുന്‍പ്, ഇവിടെ നിന്ന്  അമ്പരപ്പോടെ താഴേക്ക്‌ നോക്കിനിന്ന രണ്ടു കുട്ടികളെ.... അതിലോരുവാന്‍ കാലയവനികക്കുള്ളില്‍ മറഞ്ഞു....

ഇവിടെ എവിടെയൊക്കയോ മറന്നു വെച്ച ചിരികളെ...
 
ഒരുമിച്ചു കാട്ടിയ കുസൃതികള്‍...

ഒരു പ്രണയ ലേഖനം കൊടുക്കാന്‍ കെല്‍പ്പില്ലാത്ത എന്നെ കളിയാക്കി ചിരിച്ചവന്‍...


ഇന്ത്രുകോയന്റെ കടയില്‍ നിന്ന് വാങ്ങുന്ന വില്‍സിനു വരി നില്‍ക്കുന്ന കല്ലിലിരിക്കുന്ന സുന്ദരന്മാര്‍.... കമന്റടി കേട്ടിട്ടും കേള്‍ക്കാതെ പോകുന്ന സുന്ദരിമാര്‍.....


കാന്‍റീനിലേക്കുള്ള വഴിയില്‍ പ്രൊഫസറുടെ സ്കൂട്ടര്‍ കാറ്റൊഴിച്ചുവിട്ട വികൃതി....

ചായ കൊണ്ട് വെക്കുന്നതിനിടയില്‍ ചിരപരിചിതമായ ചിരിയോടെ മൊയമുട്ടി ചോതിച്ചു: സുഖം തന്നെയല്ലേ, ഇന്നു ആരുടെ പറ്റിലാണ് ചായ.... കാശുണ്ടെങ്കിലേ  ചായയുള്ളൂ..... എന്തു പറഞ്ഞാലും ചായ ഉടന്‍ വരും, സ്നേഹമുള്ള മനുഷ്യന്‍.


ഓര്‍മ്മകള്‍ പഴയ ഋതുക്കളിലേക്ക്‌  ഒരു മടക്കയാത്ര നടത്തി.


ചീനിമരത്തില്‍ നിന്നും കൊഴിഞ്ഞ മഞ്ഞയിലകള്‍ ചവിട്ടി മുന്നോട്ടു നീങ്ങിയപ്പോള്‍ കോഴിക്കള്ളനും പൊട്ടനും രാമനും  ലോകം കീഴടക്കിയ സന്തോഷത്തോടെ ഓടിവരുന്നു...


ഡാ നമ്മുടെ തടിയനെ കണ്ടില്ലല്ലോ ഇന്ന്.... ക്ലാസ്സ് വിടാന്‍ നേരത്ത് അവനിങ്ങെത്തും.... ക്ലാസ്സില്‍ കയറാനല്ലല്ലോ വരുന്നത്..! 

പഴയ ഒരു വീഡിയോ കാസറ്റ് റിവൈന്റ്   ചെയ്തപോലെ ഓരോ കാഴ്ച്ചകള്‍ മുന്നിലൂടെ കടന്നു പോയി.....

ഡാ ചാണ്ടി നീയങ്ങ് ഒറ്റയ്ക്ക് നേരത്തേ പോയി അല്ലേ... പ്രിയ ശരത്കുമാര്‍ നിന്നെ ഞങ്ങളെല്ലാവരും അങ്ങനെയല്ലേ വിളിച്ചിരുന്നത്‌...
കാലയവനികക്കുള്ളില്‍ ഓടിമറഞ്ഞ കൂട്ടുകാരാ....

അവിടെയെങ്ങനാ നെറ്റ് ഒക്കെ സ്പീഡ് ഉണ്ടോ.... ?

ഇന്‍ബോക്സില്‍ വരാന്‍ വിലക്കുണ്ടാവും അല്ലേ .... ?

സമയം അടുത്തു വരുന്നു എല്ലാവര്‍ക്കും, ഇന്നു നീ നാളെ ഞാന്‍ എന്നല്ലേ ?

കാലം എല്ലാ വേനലിലും വഴി തെറ്റാതെ വന്നു ഇലകള്‍ പൊഴിച്ചുകൊണ്ടിരിക്കും ....

നീയിനി ഒരിക്കലും വരില്ലല്ലോ പണ്ട് ഓടി നടന്ന ആ മുറ്റത്തേക്ക് ഓര്‍മകളുടെ കനികളായി വെറുതേ പൊഴിയാന്‍....... 

https://www.facebook.com/isakkisam?ref_type=bookmark


















 

Monday, March 09, 2015

സംശയങ്ങള്‍.

എപ്പോഴും സംശയങ്ങള്‍ അവളെ പിന്തുടര്‍ന്നുകൊണ്ടിരുന്നു..!

രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ തീരാത്ത സംശയങ്ങളാണ്, വീടിന്‍റെ അടുക്കളവാതില്‍ അടച്ചോ.., രാവിലെ ഇഡ്ഡലി ക്കുള്ള മാവ് കൂട്ടിയത് മൂടി വെച്ചിട്ടുണ്ടോ.., ഹാളിലെയും ബാത്ത്‌റൂമിലേയും ലൈറ്റണച്ചോ.., തുടങ്ങി സംശയങ്ങള്‍ അവളുടെ ഉറക്കം കിടത്തി കൊണ്ടിരിക്കും,

എഴുന്നേറ്റു ഒരിക്കല്‍ കൂടി എല്ലായിടത്തും പോയി ഉറപ്പു വരുത്തി കിടന്നാലും അല്‍പ്പനേരം കഴിഞ്ഞാല്‍ സംശയങ്ങള്‍ വീണ്ടും തലപൊക്കും.

ഇന്നു ബി പി യുടെ മരുന്നു കഴിച്ചോ ? വീണ്ടും സംശയം..?

പിന്നേയും എഴുന്നേറ്റ് നോക്കുന്നു, വീണ്ടും കിടക്കുന്നു. ഉറക്കത്തിലേക്ക് വഴുതിവീഴുന്ന നിമിഷം തന്നെ വീണ്ടും സംശയങ്ങള്‍ ഓരോന്നായി മുളപൊട്ടി ഞെട്ടി ഉണരുന്നു.

പുറത്ത്  ഈറനുണങ്ങാന്‍ ഇട്ടിരുന്ന തുണി എടുത്തുവെക്കാന്‍ മറന്നോ ?

രാത്രിയില്‍ എണീറ്റു നടക്കുന്നത് പതിവാണ്..! ഭര്‍ത്താവ് കൂര്‍ക്കം വലിച്ചുറങ്ങുന്നത്കണ്ട് പലപ്പോഴും നെടുവീര്‍പ്പിടാറുണ്ട്‌.  ഒരു ദിവസം അവള്‍ ഭര്‍ത്താവിനോട് ചോതിച്ചു...? നിങ്ങള്‍ക്കെങ്ങിനെ ഇങ്ങനെ ഉറങ്ങാന്‍ കഴിയുന്നു. "നീ വീട്ടിലുള്ളപ്പോള്‍ കള്ളന്മാരെ പേടിക്കാതെ ഉറങ്ങാന്‍ പ്രയാസമില്ല എന്നു പറഞ്ഞു ഒരു ചിരിച്ചു.."

അന്നൊരു ദിവസം വിരുന്നു വന്നിരുന്ന സൈക്കോളജി വിദ്യാര്‍ത്തിയായ അനിയന്‍റെ മകളുടെ ശ്രദ്ദയില്‍പ്പെട്ടു ഇക്കാര്യം. അവള്‍ അമ്മായിയോട് കാര്യങ്ങള്‍ ചോദിച്ചു, ഒരു ചമ്മലോടെയാണെങ്കിലും കാര്യങ്ങള്‍ അവതരിപ്പിച്ചു.

ഒരു നിമിഷം ആലോചിച്ച ശേഷം അവള്‍ പറഞ്ഞു:

'ശരി. ഇന്നുരാത്രി പന്ത്രണ്ടു മണിക്കുശേഷം വല്ല സംശയം വന്നു ഉണരുകയാണെങ്കില്‍ എന്നെ വിളിക്കൂ.... നമുക്കൊന്നു നടക്കാന്‍ പോകാം.

പറഞ്ഞ പോലെ അവര്‍ രണ്ടു പേരും വീടിന്‍റെ പുറകു വശത്തുള്ള വയല്‍ വരമ്പിലൂടെ നടക്കാന്‍ ഇറങ്ങി..  നല്ല നിലാവുള്ള രാത്രി... എങ്ങും നിശബ്ദത  തളം കെട്ടി നില്‍ക്കുന്നു... തെളിഞ്ഞ മാനം .. നക്ഷത്ത്രങ്ങള്‍ ഒളികണ്ണിട്ടു അവരെ നോക്കി. കടവാവലുകള്‍ ഇടക്ക് മാനത്തിനു കുറുകെ കിഴുക്കു ലക്ഷ്യമാക്കി പറന്നുപോയി... ഇളം കാറ്റ് അവരുടെ മുടിയിഴകളെ ഉമ്മ വെച്ച് മെല്ലെ വീശിക്കൊണ്ടിരുന്നു....!

കൊയ്ത്തുകഴിഞ്ഞ പാടനടുവില്‍ വൈക്കോല്‍ കൂനക്കടുത്തായി അവള്‍ നിന്നു. കയ്യില്‍ കരുതിയിരുന്ന ബെഡ്ഷീറ്റ് വൈക്കൊലിനു മുകളില്‍ വിരിച്ചുകൊണ്ട് അവള്‍ അമ്മായിയോട് പറഞ്ഞു...

'ഇന്നു രാത്രി , ഇവിടെ ഈ പാടത്ത് നമുക്കു കിടന്നുറങ്ങാം...'

അവളൊന്നു ഞെട്ടി.
'ഇവിടെയോ...? ഈ പാടത്തിന്‍റെ നടുവിലോ..?'

അവള്‍ പരുഷമായിത്തന്നെ ചോദിച്ചു:
'അമ്മായിയുടെ അസുഖം മാറണോ...?' 

അമ്മായി അനുസരിച്ചു.

അന്നു രാതി ആ പാടത്തിനു നടുവില്‍ അവര്‍ കിടന്നുറങ്ങി. വതിലുകളും, അടുക്കളയും, ലൈറ്റും , ഫാനും , ഒന്നു മില്ലാതെ കുഞ്ഞു ചീവിടുകളുടെ  സംഗീതം ശ്രോതങ്ങളില്‍ ഏറ്റുവാങ്ങി സുഖമായ ഒരുറക്കം..! ഒരുപാട് നാളിനുശേഷം ഞെട്ടി ഉണരാത്ത ഉറക്കം..!

ഉറക്കത്തില്‍ അവളൊരു സ്വപ്നം കണ്ടു.

വാനത്തു പെയ്യാന്‍ വിതുമ്പുന്ന മഴമേഘപാളികള്‍ക്കിടയിലൂടെ ചിരിക്കുന്ന നക്ഷത്രങ്ങളോട് കൈ വീശി ഇളം കാറ്റിന്‍റെ സംഗീതം ഏറ്റുവാങ്ങി മനോഹരമായ ഒരു യാത്ര.. സംശയങ്ങള്‍ മുട്ടുന്ന വാതിലുകളെല്ലാം കൊട്ടിയടച്ചു താഴിട്ടുപൂട്ടി മനസ്സ് ഭദ്രമാക്കി സുഖമായുറങ്ങി.