Monday, November 28, 2011

എന്‍റെ ഗ്രാമം. [ചെട്ടിപ്പടി]

മകരമാസത്തിലെ മഞ്ഞു മൂടിയ ഒരു പ്രഭാതം. ഗ്രാമത്തിലെ നാലും കൂടിയ  കവലയില്‍ നിന്നും കേള്‍ക്കുന്ന പള്ളിയിലെ ബാങ്കുവിളിയും, തെരുഅമ്പലത്തിലെ ഭക്തിഗാനങ്ങളും അതിനോടപ്പം തന്നെ കാവിലെ കുറുക്കന്മാരുടെ ഓരിയിടലും ഒക്കെകൂടിയാണ്  എന്‍റെ ഗ്രാമത്തിലെ [ചെട്ടിപ്പടി] ഒരു പ്രഭാതത്തിന്‍റെ തുടക്കം.

സൂര്യ കിരണങ്ങള്‍ ഭൂമിയിലേക്ക് പതിക്കാന്‍ പിന്നേയും സമയം ബാക്കി.

പുലര്‍ച്ചേ രണ്ടു കോഴിമുട്ട പച്ചയായി കുടിച്ചു മാധവാനന്ത സ്കൂള്‍ വരെ ഓടി തിരിച്ചു  ഞങ്ങളുടെ കരാട്ടേ  ക്ലാസ്സില്‍ എത്തുമ്പോഴേക്കും സൂര്യകിരണങ്ങള്‍ ഭൂമിയെ ചുംബിച്ചിരിക്കും.

തെങ്ങിന്‍ തോപ്പിലൂടെ വേണം കരാട്ടേ ക്ലാസ്സിലേക്കുള്ള യാത്ര. തെങ്ങോലകളില്‍ നിന്നുറ്റിവീഴുന്ന മഞ്ഞുതുള്ളികള്‍ ദേഹത്ത്  പതിക്കുമ്പോഴുള്ള കുളിര് വളരേ ഉന്മേഷം നല്‍കിയിരുന്നു. 

കെ,ടി,എസ് ബസ്സിലാണ് എന്നും കോളേജിലെക്കുള്ള എന്‍റെ യാത്ര,
ആ ബസ്‌ ഗ്രാമവാസികളുടെ ജീവിതവമുമായി അങ്ങേയറ്റം ബന്ധപ്പെട്ടിരിക്കുന്നു.

ഈ ബസ്സിന്‍റെ നെഞ്ചിടിപ്പായിരുന്നു കോടപ്പാളി സ്റ്റോപ്പില്‍ നിന്നും കയറിയിരുന്ന പാല്‍ക്കാരി ജാനു. സൊസൈറ്റിയിലേക്ക് പാല്‍ ദിവസവും കൊണ്ടുപോകുമായിരുന്ന ജാനുവിനെ അങ്ങു ദൂരെ കാണുമ്പോള്‍ തന്നെ ബസ്സും യാത്രക്കാരും ഉഷാറാകുന്നത് കാണാം. ബസ്സിനു കൈ കാണിക്കാതെ തന്നെ വളെരെ അനുസരണയോടുകൂടി സാവധാനത്തില്‍  നിറുത്തുന്നത് കാണുമ്പോള്‍ തോന്നും മൊത്തം ബസ്സിന്‍റെ റിമോട്ട് ജാനുവിന്‍റെ  കയ്യിലാണെന്ന്.!!

കള്ളി മുണ്ടും ബ്ലൗസും മാറിനു കുറുകെ ഒരു തോര്‍ത്തുമായിരുന്നു എന്നും ജാനുവിന്റെ വേഷം. കുനിഞ്ഞു പാല്‍ പാത്രം എടുക്കുമ്പോഴും കമ്പി പിടിച്ചു ബസ്സില്‍ കയറുമ്പോഴും തെന്നിമാറുന്ന ഒറ്റ തോര്‍ത്തിലാണ് എല്ലാ കണ്ണുകളും. [പീഡനം കണ്ടു പിടിക്കാത്ത കാലം]

പരപ്പനങ്ങാടി റെയില്‍വേസ്റ്റേഷന്‍, മലപ്പുറം കലക്ട്രേറ്റിലേക്കും, തിരൂരങ്ങാടി ഗവെണ്‍മെന്‍റ് ആശുപത്രിയില്‍ പോകുന്നവര്‍കോളേജ്, സ്കൂള്‍, ദൂരെ ദേശങ്ങളില്‍ പണിക്കുപോകുന്ന സാധാരണക്കാര്‍ അങ്ങനെ പോകുന്നു ആ പട്ടിക. വേങ്ങര, മലപ്പുറം, മഞ്ചേരി വഴി വഴിക്കടവ് വരെ നീളുന്നു ബസ്സിന്‍റെ യാത്ര.

കവലയില്‍ തന്നെയാണ് കടിഞ്ഞിയുടെ ചായക്കട. എന്നും കാലത്ത് നാട്ടുകാര്‍ ചായ കുടിക്കാനെത്തുന്ന ഒരു സങ്കേതമാണ് അത്. പ്രായമായവര്‍, തെങ്ങ്ചെത്തുന്നവര്‍, യൂണിയന്‍തൊഴിലാളികള്‍, യാത്രക്കാര്‍ അങ്ങിനെ നീളുന്നു പട്ടിക... ഓരോ ദിവസത്തെയും നാട്ടു വാര്‍ത്തയുടെ തുടക്കംഇവിടെനിന്നുതന്നെ.

ചൂട്  ചായയ്ക്കൊപ്പം ചൂട് വാര്‍ത്തയും. നാട്ടിലെ പ്രായം ചെന്ന കോണ്ഗ്രസ്സുകാരനായ ബാലേട്ടനായിരുന്നു ഈ ചായപീടിക നടത്തിയിരുന്നത്. എല്ലാ പാര്‍ട്ടിക്കാരും ഉണ്ടാവും കടയില്‍.  മറ്റു പാര്‍ട്ടിക്കാര്‍ ആരു വന്നാലും വേണ്ട രീതിയില്‍ ഗൗനിക്കാത്ത ബാലേട്ടന്‍ കോണ്ഗ്രസ്സുകാരോട് പ്രേത്യേക മമതയാണ്‌. പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതവും. പേപ്പര്‍ വായനയും, രാഷ്ട്രീയം പറച്ചിലും, പരദൂഷണക്കാരും കൂട്ടത്തില്‍ ഉണ്ടാവും.

പുട്ടില്‍ കല്ല്‌ കിട്ടുമ്പോള്‍ "ബാലേട്ടാ പുട്ടില്‍ കല്ലാണല്ലോ" എന്ന് പറഞ്ഞു ചൊടിപ്പിക്കും ചിലര്‍. പറ്റുബുക്കില്‍ കനമനുസരിച്ചു തെറി കൂടും. “ഫ ചെറ്റേ പുട്ടില്‍ കല്ലല്ലാതെ മാണിക്കകല്ല്” കൊണ്ടിടണോ എന്ന ചോദ്യം സ്ഥിരമാണ്. ബാലേട്ടന്‍റെ  സ്വഭാവം എല്ലാവര്‍ക്കും അറിയാവുന്നത് കൊണ്ട് കോണ്ഗ്രസ്സ് പാര്‍ട്ടിക്കെതിരായ പത്രവാര്‍ത്തകള്‍ ഒന്നുറക്കെ വായിച്ചു ബാലേട്ടന്‍റെ ചെറ്റ വിളി കേള്‍ക്കാനായി വരുന്ന  യൂണിയന്‍കാരുമുണ്ടാവും അക്കൂട്ടത്തില്‍. പലപ്പോഴും രാഷ്ട്രീയം പറഞ്ഞു ബഹളം വെക്കുന്നത്   ഇങ്ങ് ബസ്റ്റോപ്പില്‍ കേള്‍ക്കാം. 

 ബസ്സ് ഒരു  മുരള്‍ച്ചയോടെ അലവിക്കാന്‍റെ കടയുടെ മുന്നില്‍ വന്നു നിന്നു. ബസ്സിലാകെ ചന്ദനത്തിരിയുടെ സുഗന്ധം, കൃഷ്ണന്‍, യേശു, മക്ക ഫോട്ടോയ്ക്‌ അടുത്തായി ഇങ്ങനെ എഴുതിയിരിക്കുന്നു. യാത്രയുടെ സദുദ്ധേശത്തെ സര്‍വ്വ ശക്തന്‍ സഫലമാക്കട്ടെ.” എന്‍റെ യാത്ര പതിമൂന്നു കിലോമീറ്റര്‍ താണ്ടി തിരൂരങ്ങാടി പി,എസ്,എം,ഒ കോളേജ് വരെ.

പരപ്പനങ്ങാടി കഴിഞ്ഞാല്‍ കണ്ണെത്താ ദൂരത്തോളം പച്ചപുതച്ചു നീണ്ടു കിടക്കുന്ന പാടശേഖരങ്ങളുടെ നടുവിലൂടെയുള്ള യാത്ര. ഞാറു നടുന്ന സ്ത്രീകളും, പനംപട്ട കൊണ്ട് നിര്‍മിച്ച തോപ്പിയുമണിഞ്ഞു നോക്കി നില്‍ക്കുന്ന കാരണവരും സ്ഥിരം കാഴ്ച്ച. 

അടുത്ത സ്റ്റോപ്പില്‍ നിന്നും കയറിയ സ്ത്രീയും ഒരു പതിവുകാരിയാണ്‌. അലസമായിട്ട മുടിയില്‍ വാടിയ മുല്ലപൂക്കള്‍. മറ്റുള്ളവരില്‍ നിന്നും വിഭിന്നമായി അവര്‍ ജോലികഴിഞ്ഞ് വരികയാണ്. ബസ്സില്‍ കയറി ഇരുന്നതും അവര്‍ ഉറങ്ങാന്‍ തുടങ്ങി. തലേദിവസം രാത്രിയില്‍ ആരുടെയോ ആവശ്യപ്രകാരം ഇവിടെ എത്തപ്പെട്ടവളാണ്. ഗ്രാമങ്ങളെയും ചെറു പട്ടണങ്ങളെയും പിന്നിലാക്കി ഒരുപാട് പേരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും പേറികൊണ്ട്‌  ബസ്‌ യാത്ര തുടര്‍ന്നു.

വൈകുന്നേരങ്ങളില്‍ ചെട്ടിപ്പടി ഗവണ്‍മെന്‍റ് ഹെല്‍ത്ത്സെന്‍റെരിനടുത്തുള്ള രണ്ടേക്കര്‍ തെങ്ങുംത്തോപ്പായിരുന്നു ഞങ്ങളുടെ സ്ഥിര സങ്കേതം. പൂഴിമണലില്‍ വോളിബോള്‍കളിച്ചും സോറപറഞ്ഞിരിന്നും സമയം പോകുമായിരുന്നു.

 ഹെല്‍ത്ത്സെന്ററിനു ചേര്‍ന്നു നമ്പൂതിരി കുളം എന്നറിയപ്പെട്ടിരുന്ന ഒരു വലിയ കുളമുണ്ടായിരുന്നു. രാത്രി പത്തു മണികഴിഞ്ഞാല്‍ നമ്പൂതിരി കൊളത്തിനടുത്തുകൂടി പോകാന്‍ എല്ലാവര്‍ക്കും പേടിയായിരുന്നു. രാത്രികാലങ്ങളില്‍ പ്രേതാത്മാക്കള്‍ നീരാടാന്‍ വരുന്ന കുളമാണെന്ന് അരടുക്കംപറച്ചിലുണ്ട്.  അര്‍ദ്ധരാത്രിയായാല്‍ കുളത്തിലെ വെള്ളത്തിനു തിരയിളക്കമുണ്ടാകുമത്രേ.

നാരായണേട്ടന്‍റെ മരമില്ലും, ഒരു മസാലക്കടയും, പെട്ടിക്കടയും അടങ്ങുന്ന ആസ്പത്രിപ്പടി. സ്നേഹവും നന്മയും കാരുണ്യവും മാത്രം മനസ്സില്‍ സൂക്ഷിച്ചിരുന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയായ ഫ്രെണ്ട്സ് ക്ലബ്ബും കൊണ്ട് വെത്യസ്തമായിരുന്നു ആശുപത്രി പരിസരം.

വര്‍ഷം തോറും നടത്തിവന്നിരുന്ന ക്ലബ്ബിന്‍റെ വര്‍ഷികാകോശം ഗ്രാമത്തിന്‍റെ തന്നെ ഉത്സവമായിരുന്നു. 

കുട്ടിക്കാലത്ത് വല്ലപ്പോഴും സിനിമക്ക് പോകുമായിരുന്നു. നെടുവ വായനശാലയില്‍ നിന്നും ചങ്ങാതിമാരുടെ കൂടെ മൂന്നു കിലോമീറ്റര്‍ ദൂരെയുള്ള പ്രഭ ടാകീസിലേക്കൊ, ജയകേരള ടാകീസിലേക്കൊ റയില്‍ വഴി നടന്നാണ് പോകുന്നത്. സിനിമ തുടങ്ങുന്നതിനു മുന്‍പായി ആദ്യം ടാക്കീസിന് പുറത്തും പിന്നീട് അകത്തും പാട്ട് ഇടുന്നത് ഇവുടുത്തെ ഒരു സമ്പ്രദായമായിരുന്നു. അന്നത്തെ സിനിമയിലുള്ള ഗാനങ്ങളുടെ അച്ചടിച്ച കോപ്പിയും, കടല വില്‍ക്കുന്ന കുട്ടികളും ഒരു സ്ഥിരം കാഴ്ച്ച തന്നെ.
  
കടിഞ്ഞിയുടെ ചായക്കടയിലെ പതിവുകാരില്‍ പലരും ഓര്‍മ്മയായിരിക്കുന്നു...! 

കൊടപ്പാളി സ്റ്റോപ്പിലെ പാല്‍ക്കാരിയുടെ യൗവനം നഷ്ടപ്പെട്ടിരിക്കുന്നു..!

നമ്മുടെ ഗ്രാമത്തിലെ ജനങ്ങള്‍ തമ്മിലുള്ള സ്നേഹബന്ധവും   കുറഞ്ഞു വരുന്ന പോലെ..!



ഇസ്ഹാക്ക് പുഴക്കലകത്ത്.

ചെട്ടിപ്പടി ടൌണ്‍ ജുമാ മസ്ജിദ്.