Sunday, December 20, 1992

പെണ്ണ് കാണല്‍ [രണ്ടാം വരവ്]

സംഭവബഹുലമായ പെണ്ണുകാണല്‍ ചടങ്ങ് എന്‍റെ ജീവിതത്തില്‍ മറക്കാത്ത ഒരേടായി നില നില്‍ക്കുന്നു.... 1990 ഡിസംബറില്‍ ഒരു തണുപ്പുള്ള രാത്രിയിലാണ് ഞാന്‍ സൌദിയിലേക്ക് വണ്ടി കയറുന്നത്.  ബോംബെ വഴി ജിദ്ദ യിലേക്ക്.. രണ്ടു വര്‍ഷത്തെ ഗള്‍ഫ് ജീവിതത്തിനു ശേഷം1992 ഡിസംബറില്‍ തിരിച്ചു നാട്ടിലേക്ക്.

ബാബറി മസ്ജിദ് തകര്‍ത്ത വര്‍ഷം , ബോംബെ കത്തുന്ന സമയം , എയര്‍ പോര്‍ട്ടില്‍ തന്നെ കഴിച്ചുകൂട്ടിയ ഭീകര രാത്രി, രാവിലെ ജെറ്റ് എയര്‍ വേയ്സിനു ചിറകിന്‍ കീഴില്‍ പെണ്ണ് കെട്ടാനുള്ള എന്‍റെ കുതിപ്പ്... ആ കാല ഘട്ടങ്ങളില്‍ രണ്ടു വര്‍ഷം ഗള്‍ഫില്‍ നിന്ന് വന്നാല്‍ കല്യാണ മാര്‍ക്കറ്റില്‍ വലിയ ഡിമാന്റ് ആയിരുന്നു. അങ്ങനെ അല്ലറ ചില്ലറ സ്വപ്നങ്ങളുമായി ഞാനും ആദ്യമായി കരിപ്പൂരില്‍ പറന്നിറങ്ങി.

 എന്‍റെ കല്യാണത്തിന്റെ ഹരത്തിലായിരുന്നു കുടുംബം,അവര്‍ ഒരു പെണ്ണിനെ കണ്ടു വെച്ചിരിക്കുന്നു. എന്‍റെ സമ്മതത്തിനു കാത്തു നില്‍ക്കുന്നു. വീണ്ടും ഡിസംബറില്‍ ഒരു പെണ്ണ് കാണല്‍ ചടങ്ങ്... എന്താണെന്നറിയില്ല ഡിസംബര്‍ എന്‍റെ ജീവിതത്തില്‍ മറക്കാനാകാത്ത മാസം തന്നെ. അന്നെത്തെ മുന്തിയ കാറില്‍ maruthi 800 ഞാനും എന്‍റെ രണ്ടു അളിയന്മാരും,ഒരു അമ്മാവനും കൂടി യാത്രയായി പെണ്ണുകാണാന്‍.

ഒരു മൂന്ന് മണി ആയിക്കാണും പെണ്ണിന്‍റെ വീട്ടിലെത്തിയപ്പോള്‍... അവിടെ എത്തുന്നത് വരെ നല്ല ധൈര്യമായിരുന്നു പിന്നെ ചെറിയ ഒരു ടെന്‍ഷന്‍ തോന്നി തുടങ്ങി. ചായ കുടി ഒക്കെ കഴിഞ്ഞു. വീട്ടില്‍ നിന്ന് പോരുംബോള്‍ പെങ്ങന്മാര്‍ പറഞ്ഞിരുന്നു ചായ കൊണ്ടു വെക്കുമ്പോള്‍ അതികമോന്നും കഴിക്കരുത് കുറച്ചു എന്തെങ്കിലും തിന്നാ മതി എന്ന്... വിവിത തരം പലഹാരങ്ങള്‍ കണ്ടപ്പോള്‍ കണ്ട്രോള്‍ ഒക്കെ പോയി ... കാര്യമായി നല്ലവണ്ണം തട്ടി,അളിയനും കൂട്ടിനുണ്ടായിരുന്നു... 25 കിലോമീറ്റെര്‍ വണ്ടി ഓടിച്ചു വന്നതല്ലേ ഏതായാലും മുതലാക്കി പോകാം എന്ന് കരുതി, എന്നോട് നല്ലവണ്ണം തട്ടിക്കൊളാനും പറഞ്ഞു പുതിയാപ്ല നല്ലോം തിന്നുന്ന കൂട്ടത്തിലാണെന്ന് കരുതിക്കോട്ടെ .... ഇത് ഉറച്ചാല്‍ പിന്നെ നാട്ടില്‍ വരുബോളെല്ലാം വന്നു തട്ടാനുല്ലതല്ലേ.... ഈ തീറ്റി കണ്ടു സമ്മതമാണെങ്കില്‍ പെണ്ണ് തന്നാ മതിയല്ലോ .... കുറച്ചു കഴിഞ്ഞപ്പോള്‍ എന്‍റെ അമ്മാവന്‍ ഒന്നു നോക്കി അതിന്‍റെ അര്‍ത്ഥം തീറ്റ മതി എന്നാണെന്ന് തോന്നുന്നു.....

  പെണ്ണിന്‍റെ അമ്മാവന്‍ പറഞ്ഞു ഇനി പെണ്ണ് കാണാമെന്ന്. മറ്റുള്ളവെരെല്ലാം പറഞ്ഞു നീ പോയി കാണ്... നീയല്ലേ കെട്ടുന്നത് എന്ന്, അങ്ങനെ എന്നെ മന്ദം മന്ദം പെണ്ണ് നില്‍ക്കുന്ന റൂമിലേക്ക്‌ ആനയിക്കപ്പെട്ടു.... വാതില്‍ തുറക്കപ്പെട്ടു അങ്ങനെ ആദ്യമായി എന്‍റെ പെണ്ണ് കാണല്‍ ചടങ്ങ്, കൂടെ പെണ്ണിന്‍റെ അമ്മായിയും ഉണ്ടായിരുന്നു. ഞാന്‍ ഒന്നു രണ്ടു ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ അമ്മായിയാണ് മറുപടി പറഞ്ഞത്.... ഇനി പെണ്ണിന് വല്ല സംസാര ശേഷി ഇല്ലാത്തതാണോ, ഹേയ് അങ്ങന വരില്ല പെങ്ങമ്മാര്‍ വന്നു കണ്ടു സംസാരവും , കോങ്കണ്ണ്‍, ഞൊണ്ടി കാല്, കൊഞ്ഞനം കൊത്തല്‍,ഒക്കെ ചെക്ക് ചെയ്തതാണല്ലോ റബ്ബേ..... പെണ്ണെങ്ങാനും മാറിയോ !! ചില സംശയങ്ങള്‍ ഒരു മിന്നല്‍ കണക്കേ മനസ്സിലൂടെ കടന്നു പോയി...  അവസാനം വീട്ടിലെ ഫോണ്‍ നമ്പര്‍ ചോദിച്ചപ്പോള്‍ ഫോണ്‍ ഇല്ല എന്ന മറുമൊഴി വന്നു, ആശ്വാസം ഒന്നു സംസാരിച്ചല്ലോ...

അങ്ങിനെ ഞങ്ങള്‍ എല്ലാവരോടും സലാം പറഞ്ഞ് അവിടെ നിന്നിറങ്ങി, വരുന്ന വഴിയില്‍ അളിയന്മാര്‍ ചോതിച്ചു ... നിനക്ക് പെണ്ണിനെ ഇഷ്ട്ടമായോ എന്ന് ... ഞാന്‍ ഒരു നിമിഷത്തെ മൌനത്തിനു ശേഷം പറഞ്ഞു ... പെണ്ണ് ഓക്കെ,  പക്ഷെ എനിക്ക് ശരിക്ക് ഒന്നു സംസാരിക്കാന്‍ പറ്റിയില്ല ... ആ കുട്ടിയുടെ അമ്മായി ഉണ്ടായിരുന്നു കൂടെ .... ഒരു എക്ക ചെക്ക് ഉണ്ട് അളിയാ എന്ന് !!!   അളിയന്‍ ഉടനെ വണ്ടി നിറുത്തി.... ഒന്നലോജിക്കുന്നത് കണ്ടു   "ഇനി ഇക്കോലത്തില്‍ വീട്ടില്‍ ചെന്നാല്‍ പെങ്ങളെ ചീത്തയാണോ, അതോ പിന്നെ വീണ്ടും ഒരു 25 km വണ്ടി ഓടിക്കുന്നത് ആലോചിച്ചോ ആവോ "   ഉടനെ പറഞ്ഞു നമുക്കു ഒന്നു കൂടി അത് വരെ പോകാം ഏതായാലും ഇന്ന് രണ്ടിലൊന്ന് അറിഞ്ഞിട്ടു തന്നെ കാര്യം. വണ്ടി നേരെ പെണ്ണിന്‍റെ വീട്ടിലേക്കു വിട്ടു. ഞങ്ങളുടെ വണ്ടി കണ്ട അവര്‍ ആദ്യം ഒന്നു അമ്പരന്നു!!!

 ഭാഗ്യത്തിന് പെണ്ണിന്‍റെ അമ്മാവന്‍ പോയിട്ടില്ലായിരുന്നു അളിയന്‍ വിളിച്ചു കാര്യം പറഞ്ഞു, അവനു ഒറ്റക്ക് ആരുമില്ലാതെ കുട്ടിയോടോന്നു സംസാരിക്കണമെന്ന് . ഒരു കാര്യം പറയാന്‍ മറന്നു കുട്ടിയുടെ ഉപ്പ സ്ഥലത്തില്ല, അല്‍ ആയിനില്‍ ആണ് , അമ്മാവനാണ് കാരണവര്‍, ഇതു പറ്റിയാല്‍ ഉടനെ വരും എന്നും പറഞ്ഞു, മൂപ്പര് ഒന്ന് ആലോചിച്ചതിനു ശേഷം ഇപ്പം വരാമെന്ന് പറഞ്ഞു വീടിനകത്തേക്ക് പോയി, ആദ്യം പെണ്ണ് സമ്മതിച്ചില്ല , പിന്നെ എല്ലാവരും പറഞ്ഞു സമ്മതിപ്പിച്ചു പോലും ... അങ്ങനെ സംഭവബഹുലമായ പെണ്ണ് കാണലിന്റെ രണ്ടാം ഘട്ടത്തിലേക്ക് ഞാന്‍ പ്രവേശിച്ചു !!!.

           ചില്ലറ ഒരുക്കങ്ങളും,ചോദ്യങ്ങളും ഒക്കെ മനസ്സില്‍ തയ്യാറാക്കി വെച്ചിരുന്നു. ആദ്യം റൂമില്‍ കയറി വാതില്‍ ചാരി.... ഹ ഹ ഹ വാതില്‍ ചാരിയപ്പോള്‍ ജോസ്പ്രകാശിനെ നോക്കും പോലെ കടുപ്പിച്ചു ഒരു നോട്ടം,ഞാന്‍ ചമ്മാതെ പിടിച്ചു നിന്നു ....   പിന്നെ ദൈര്യത്തില്‍ ചറ പറ ചോദ്യങ്ങളുടെ കെട്ടഴിച്ചു വിട്ടു... ബുഹഹ ...... എല്ലാത്തിനും ഒരു മൂളലിലും , അതെ , അല്ല , എന്നിങ്ങനെയുള്ള ഉത്തരങ്ങളില്‍ ഒതുങ്ങി..... അവസാനം ഞാന്‍ പറഞ്ഞു എനിക്കിഷ്ട്ടമാണ്, നിനക്കോ എന്ന ചോദ്യത്തിന് മറുപടിയില്ലായിരുന്നു, താഴെ നോക്കി നിന്നു. അല്ലറചില്ലറ ലൈനൊക്കെ ഉണ്ടെങ്കില്‍ നേരില്‍ പറയാന്‍ മടിയുണ്ടാകുമെന്നു കരുതി  അടുത്ത വീട്ടിലേക്കു വിളിക്കാം എന്ന് പറഞ്ഞു നോക്കി. അപ്പോള്‍ പറഞ്ഞു അവിടെ ഞങ്ങള്‍ അങ്ങനെ പോകാറില്ല, ഫോണ്‍ വന്നാല്‍ വിളിക്കാറുമില്ല, ആ നമ്പര്‍ ആര്‍ക്കും കൊടുക്കാറുമില്ല എന്ന്. ഏതയാലും ആ ചോദ്യം മൂന്നു ആറില്‍ ഒതുങ്ങി..... 

അങ്ങനെ കുട്ടിയുടെ ഉപ്പ വന്നു ചെക്കനെ കണ്ടു ബോധിച്ചു...  "ഞാന്‍ കാണാന്‍ സുന്നരനായത് കൊണ്ടു എല്ലാം പെട്ടെന്ന് ഓക്കെ ആയി "  എന്നെ പറ്റി കൂടുതല്‍ അന്വേഷിക്കാത്തത് കൊണ്ട്  ഞാന്‍ ആദ്യം കണ്ട പെണ്ണിനെ തന്നെ കെട്ടാനും പറ്റി. :)  അങ്ങനെ ജനുവരി 26,1993 നു എന്‍റെ വിവാഹം നിക്ഷയിച്ചു.
ഞാന്‍ ഹാപ്പി .......... അങ്ങനെ ഞാനും പെണ്ണ് കെട്ടാന്‍ പോകുന്നു.....

ഇസ്ഹാക്ക് പുഴക്കലകത്ത്.
 

No comments: