Saturday, December 28, 2013

കുറിക്കല്ല്യാണം."ചെട്ടിപ്പടിയും അയ്യപ്പാസിലെ കുറിക്കല്ല്യാണവും"
==============================================
ഈ ചായപ്പീടിക [അയ്യപ്പാസ്] എന്‍റെ മുന്‍പിലേക്ക് വരുന്നത് കാഴ്ചകള്‍ അത്ഭുതങ്ങള്‍ ആയ ചെറുപ്പത്തിലെ രുചിഭേദങ്ങളായി നാട്ടില്‍ നടന്നിരുന്ന 'കുറിക്കല്ല്യാണം',  ഒരു നനുത്ത ഓര്‍മ്മയായിട്ടാണ്..

 ഈന്തോലന്‍ പട്ട കൊണ്ട് അലങ്കരിച്ച പീടിക.................

മുന്‍പില്‍ "ഇന്നത്തെ'കുറിക്കല്ല്യാണം',  ..കഴിക്കുന്ന ആളിന്‍റെ പേര്...ചോക്ക് കൊണ്ടെഴുതിതൂക്കിയ ബോര്‍ഡ്‌.......

മലബാറില്‍ എല്ലായിടത്തും പൊതുവായി  കാണപ്പെടുന്ന 'കുറിക്കല്ല്യാണം’ എന്ന ആചാരം ഇന്നേറെ അന്യം നിന്ന മട്ടാണ്..

ഇത് പഴയ കേരളത്തില്‍തന്നെ പല പേരുകളില്‍ അറിയപ്പെട്ടു. 'കുറിക്കല്ല്യാണം’ 'പണം പയറ്റ്'', ‘ടി പാര്‍ട്ടി', 'തേയില സല്‍കാരം', പിന്നെ തൃശ്ശൂര്‍ മുതല്‍ തെക്കോട്ട് 'ചിട്ടി' എന്നും അറിയപ്പെട്ടിരുന്ന ഈ സമ്പ്രദായം അന്നത്തെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്‍റെയും, അയല്‍പക്ക സാഹോദര്യത്തിന്‍റെയും ഗ്രാമീണ സാമ്പത്തിക ഇടപാടുകളുടെയും ഉത്തമ മാതൃകയായിരുന്നു എന്ന് പറഞ്ഞാല്‍ തള്ളിക്കളയാനാവില്ല.

മുന്‍പൊക്കെ 'കുറിക്കല്ല്യാണം’  വീടുകളില്‍ ആയിരുന്നു നടത്തിയിരുന്നത്...പിന്നീടത് വീട്ടില്‍ നിന്ന് ചായപ്പീടിക യിലെക്കും, അവിടെ നിന്ന് ഹോട്ടലിലെക്കും സഞ്ചരിച്ച് അവസാനം കമ്മ്യൂണിറ്റി ഹാളിലൂടെ ഇറങ്ങിപ്പോയി.......

ഒരാള്‍ അന്ന്  അഞ്ചു രൂപ കുറികല്ല്യാണത്തില്‍ വെക്കുകയാണെങ്കില്‍  ആ വര്‍ഷം തന്നെയോ, അടുത്ത വര്‍ഷമോ അല്ലെങ്കില്‍ അയാള്‍ കഴിക്കുന്നതെപ്പോഴോ അപ്പോള്‍, മറ്റെയാള്‍ക്ക് അത് ഇരട്ടിയാക്കി പത്തു രൂപയോ, അയാളുടെ കഴിവനുസരിച്ചോ, അല്ലെങ്കില്‍ അതിലധികമോ കുറികല്ല്യാണത്തില്‍  വെക്കുമായിരുന്നു....

കുറികല്ല്യാണത്തിനു  പണം വാങ്ങി പിന്നീട് മറ്റുള്ളവരുടെ കുറികല്ല്യാണത്തിനു തിരിച്ചു കൊടുക്കുന്നില്ലെങ്കില്‍ അയാളെ 'കരിങ്കുറ്റി'ക്കാരനായി കാണുമായിരുന്ന ഈ രീതി സമൂഹത്തില്‍ ഒരാളുടെ സ്വഭാവവും, കൂട്ടായ്മയും അളക്കുന്ന ഒന്നായി മാറി...

തന്‍റെ കയ്യില്‍ പൈസ ഇല്ലെങ്കില്‍ ആരോടെങ്കിലും വായ്പ വാങ്ങി പണം കൊടുക്കാന്‍  എല്ലാവരും ശ്രദ്ധിക്കുമായിരുന്നു..കൃത്യമായി കണക്കും രജിസ്റ്റര്‍ ബുക്കും വെച്ചിരുന്നു എല്ലാ വീട്ടിലും...നിങ്ങള്‍ക്ക് കൂടുതല്‍ പൈസ കൊടുക്കാന്‍ പറ്റുന്നില്ലെങ്കില്‍ അതെ സംഖ്യ തിരികെ കൊടുത്തു 'കുറ്റി മുറിക്കാം'. പിന്നീട് വേണമെങ്കില്‍ പുതുതായി 'കുറിക്കല്ല്യാണം’ നടത്തി വീണ്ടും 'കുറ്റി' പുതുക്കാം..!

കുറികല്ല്യാണത്തിനു ക്ഷണിക്കല്‍ തന്നെ ഒരു സ്നേഹ സന്ദര്‍ശനവും  ബന്ധം ശക്തിപ്പെടുത്തലുമായിരുന്നു. 'കുറിക്കല്ല്യാണം’കത്ത്' പ്രിന്റു ചെയ്ത് വീട് വീടാന്തരം കയറിയിറങ്ങി ക്ഷണിക്കുമായിരുന്നു. കുറികല്ല്യാണ കത്തില്‍ ഇന്നേ ദിവസം ഇന്നയാളുടെ പീടികയില്‍ ഇന്ന സമയത്ത് തുടങ്ങുന്ന കുറികല്ല്യാണത്തിനു മുതലായ വിവരങ്ങള്‍ അച്ചുക്കൂടത്തില്‍ അച്ചടിച്ച കത്തുമായി വീട്ടില്‍ പോയി ക്ഷണിക്കും. ഇത് വെറുമൊരു സാമ്പത്തിക ബന്ധം മാത്രമായിരുന്നില്ല... ഓരോ വീടും, നാടും, വ്യക്തികളും തമ്മില്‍ ജാതിയോ, മതമോ രക്തബന്ധമോ  നോക്കാതെ ഒത്തൊരുമയുടെ, സ്നേഹത്തിന്‍റെ ആഘോഷമായിരുന്നു.

'കുറിക്കല്ല്യാണം’ രാത്രി ഒന്‍പതര..പത്തു മണി വരെ നീളും... 'കുറിക്കല്ല്യാണം’ കഴിഞ്ഞു കണക്ക്കൂട്ടി, ബാക്കി സാമാനങ്ങളും, കാശുമായി രാത്രിയില്‍ പെട്രോമാക്സിന്‍റെ വെളിച്ചത്തില്‍ വീട്ടിലേക്കു പോവുന്നത് ഒരു കാഴ്ചയായിരുന്നു. പെട്രോമാക്സ് വെളിച്ചം തന്നെ കൌതുകമായിരുന്ന കാലത്ത് എല്ലാ കാഴ്ചകളും കണ്ണിലൂടെ ഓര്‍മയിലേക്ക് കത്തിച്ച വെളിച്ചമായിരുന്നു. ഇരുളില്‍ നിന്ന് വെളിച്ചവുമായി വീട്ടിലേക്കു പോകുന്ന അയാളുടെ മനസ്സില്‍ എന്തെല്ലാം സ്വപ്നങ്ങളും, കണക്കുകൂട്ടലും ഉണ്ടായിരുന്നിരിക്കാം.

കല്യാണത്തിന് മുന്‍പേ 'കുറിക്കല്ല്യാണം’ കഴിക്കുന്നത്‌ സര്‍വസാധാരണമായിരുന്നു. മോശമല്ലാത്ത ഒരു തുക അന്ന് കിട്ടും. ,വീട്ടില്‍ കൂടുന്നതിന്റെ മുന്പെയും'കുറിക്കല്ല്യാണം’ കഴിക്കുമായിരുന്നു.
അന്നത്തെ കാലത്ത് അടുത്തുള്ള കുറികല്ല്യാണത്തിനു ഉപ്പ മക്കളെ പറഞ്ഞയക്കുകയാണെങ്കില്‍ അവര്‍ക്ക്‌ വലിയ സന്തോഷമായിരിക്കും. വീട്ടില്‍ കിട്ടാത്ത സ്വാദുള്ള ചായയും, പലഹാരങ്ങളും ... ചിലപ്പോള്‍ ചെറിയ കുട്ടികള്‍ ആണെങ്കില്‍ അവരെയും കൂട്ടി കുറികല്ല്യാണത്തിനു ചായ കുടിക്കാന്‍ പോകുമായിരുന്നു. മര ബെഞ്ചില്‍ കിട്ടുന്ന ചായയും, പലഹാരങ്ങളും എങ്ങോട്ടും നോക്കാതെ തട്ടിവിട്ടിരുന്ന കുട്ടികള്‍ക്ക് വയറും മനസ്സും നിറയുമായിരുന്നു.

'പല ഹാര'ങ്ങളായിതന്നെയായിരുന്നു കുറികല്ല്യാണത്തിന്റെ രുചികള്‍. എന്താണ് കുറികല്ല്യാണത്തിന്റെ  "വിഭവങ്ങള്‍"  എന്നത് പലപ്പോഴും ഒരഭിമാനമായിരുന്നു. തന്‍റെ കഴിവ് പോലെ ആള്‍ക്കാര്‍ പലഹാരം തിരഞ്ഞെ ടുത്തിരുന്നു. അവിലും പഴവുമായിരുന്നു ആദ്യകാലങ്ങളില്‍ ചായക്കൊപ്പം. ചിലര്‍ കഴിവി നനുസരിച്ച് വിഭവങ്ങളില്‍ മാറ്റം വരുത്തും. വീട്ടില്‍ ചുട്ട നെയ്യപ്പം, കാരോലപ്പം ,  ഓര്‍ഡര്‍ ചെയ്തുണ്ടാക്കുന്ന പഴം പൊരി, പരിപ്പുവട, ചികന്‍ പപ്സ്‌, മട്ടണ്‍ പപ്സ്‌, ബനാന ചിപ്സ്, സമോസ, പൊട്ടറ്റോ ചിപ്സ്, പൊറാട്ട ഒക്കെ 'സ്പെഷ്യല്‍' ആയിരുന്നു. കേക്കും മിക്സ്ച്ചറും ആയിരുന്നു മറ്റൊരു സാധാരണ ഇനം.

'കുറിക്കല്ല്യാണം’ നടക്കുന്ന ചായപ്പീടിക ഈന്തോലന്‍ പട്ടയാല്‍ അലങ്കരിച്ചും ബോര്‍ഡ്‌ വെച്ചും ആയിരിക്കും ഉണ്ടാവുക. ഇതൊന്നും ശ്രദ്ധിക്കാതെ (ഒരു ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ്) കോഴിക്കോട്  നിന്ന് വന്ന രണ്ട് ചെറുപ്പക്കാര്‍ എന്തോ ആവശ്യത്തിന് ചെട്ടിപ്പടിയില്‍  വന്നപ്പോള്‍ അന്നവിടെ നടക്കുന്ന കുറികല്ല്യാണ പീടികയില്‍ കയറാനിടയാവുകയും ചായയും കടിയും കഴിച്ച ശേഷം എത്രയാണ് കാശെന്ന് ചോദിച്ചപ്പോള്‍ കണക്കെഴുതുന്ന ആള്‍ക്ക് ഇവര്‍ ഇവിടത്തുകാര്‍ അല്ലെന്നു മനസ്സിലായി കാശൊന്നും വാങ്ങാതെ അവരെ പറഞ്ഞയക്കുകയും ചെയ്തു. പിന്നീടാണ്‌ അവര്‍ക്ക് കാര്യത്തിന്‍റെ കിടപ്പ് പിടികിട്ടിയത്.

പിന്നീട് ഈ സമ്പ്രദായത്തിന്‍റെ ചുവട് പിടിച്ച് 'സഹായക്കുറി' എന്ന രീതി നിലവില്‍ വന്നു. സാമ്പത്തികമായി പുറകോട്ട് നില്‍ക്കുന്നവര്‍ തങ്ങള്‍ക്ക് എന്തെങ്കിലും ആപത്ത് നേരിട്ടാലോ, അസുഖം കാരണം പൈസയുടെ അവശ്യം വന്നാലോ, ഇനിയും അതല്ല തന്‍റെ മക്കളെ കല്യാണം  കഴിച്ചയക്കാനോ, ഗള്‍ഫില്‍ പോകാനോ മറ്റോ പൈസ ആവശ്യമായി വന്നാല്‍ പലരും 'സഹായക്കുറി' കഴിച്ചിരുന്നു. ഇതിനു നിങ്ങള്‍ക്ക് ആരെയും വിളിക്കാം. നിങ്ങള്‍'കുറിക്കല്ല്യാണം’  കഴിച്ചിരി ക്കണമെന്നു ഒരു നിര്‍ബന്ധവുമില്ല...
പിന്നീട് അത് ചുരുങ്ങി വീട്ടില്‍ കല്യാണത്തലേന്ന് വന്നു കവറില്‍ (ലക്കോട്ട്) പേരെഴുതി കൊടുക്കും. ഇത് തിരിച്ചു തന്‍റെ കല്യാണത്തിനോ, വീട്ടില്‍ക്കൂടലിനോ  (ഗൃഹപ്രവേശം)  പൈസ കൂട്ടി തിരിച്ചു   കൊടുക്കുമായിരുന്നു.

നാട്ടില്‍ ബ്ലേഡുകളുടെ ആവിര്‍ഭാവത്തോടെ, ബാങ്കുകള്‍ വായ്പകള്‍ കൊടുക്കാന്‍ തുടങ്ങിയതോടെ, മറ്റു സാമ്പത്തിക സ്രോതസ്സുകളുടെ വരവോടെ, മനുഷ്യര്‍ തമ്മില്‍ വെറുക്കാനും, അസൂയ പ്പെടാനും തുടങ്ങിയതോടെ കുറികല്ല്യാണമെല്ലാം ആയുധം വെച്ച് കീഴടങ്ങി..

അന്ന് വായ്പക്ക് (കടം) പൈസ ധാരാളമായി കിട്ടുന്ന കാലമായിരുന്നു. ആരും കൊടുക്കുകയും വാങ്ങുകയും ചെയ്ത നാളുകള്‍..ഇന്ന് ആരോടെങ്കിലും പൈസ വായ്പ ചോദിച്ചാല്‍ കയ്യിലില്ലെന്നും പറ്റുമെങ്കില്‍ ഞാന്‍ ഇന്നയാളുടെ കയ്യില്‍ നിന്ന് ഇത്ര ശതമാനം പലിശക്ക് ബ്ലേഡില്‍ വാങ്ങിത്തരാ മെന്നും പറഞ്ഞു തന്‍റെ തന്നെ പൈസ കൊടുക്കുന്ന കാലമാണിത്...

ചിലരുണ്ട് തന്നോട് വായ്പ ചോദിക്കാന്‍ സാധ്യതയുള്ളവരോട് വെറുതെ അങ്ങോട്ട്‌ കടം ചോദിക്കുകയും തനിക്ക് അല്പം സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നു ആ പാവത്തിനെ ധരിപ്പിച്ചു അയാളില്‍ നിന്നുള്ള വായ്പാചോദ്യത്തില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യും....
കാലം മാറി കഥ മാറി.....
കുറിക്കല്ല്യാണം നാട്ടില്‍ നിന്നും അപ്രത്യക്ഷമായി ........
നാട്ടുകാര്‍തമ്മില്‍ പരസ്പരം പരിജയമില്ലാത്ത ഒരവസ്ഥയിലേക്കു കാലം മാറി...... സ്നേഹബന്ധങ്ങളും , മതേതരത്വവും , സാഹോദര്യവും നിലനിര്‍ത്തിയിരുന്ന കുറിക്കല്ല്യാണം നമ്മില്‍ നിന്നും അന്യം നിന്നു.


 ഇസ്ഹാക്ക് പുഴക്കലകത്ത്.


ഹയ ഇസ്ഹാക്ക്.


Wednesday, December 25, 2013

ചിക്കന്‍ ഫ്രൈ.

ഡിസംബര്‍ '25' ക്രിസ്തുമസ് ആണല്ലോ....  ചുമ്മാ ഒന്നു കിച്ചണില്‍ കയറി നോക്കി , എന്‍റെ പൊണ്ടാട്ടി ഒന്നും ഉണ്ടാക്കിയിട്ടില്ല.... ഞാന്‍ ചോതിച്ചു എന്താ ഇന്നും ഫുഡ്‌ ഹോട്ടല്‍ തന്നെയാണോ ശരണം.... മറുമൊഴി വന്നു ഇന്നലെ ഉണ്ടാക്കിയ ബിരിയാണി കുറച്ചു ബാക്കി വന്നത് ഫ്രിഡ്ജില്‍ ഇരിപ്പുണ്ട് അത് കൊണ്ടു ഒപ്പിക്കാം, മക്കള്‍ മുഹമ്മദും ഹയയും ഉച്ചക്ക് ചോറ് കഴിക്കാറില്ല.... ബിരിയാണി ആയാല്‍ കുറച്ചു കഴിക്കും...  ബിരിയാണിയിലെ ചിക്കന്‍ എപ്പോഴേ കഴിഞ്ഞിരുന്നു....   ഹന്നമോള്‍ നാട്ടില്‍ നിന്നു ലീവിനു വന്ന സമയം... പിന്നെ ആലോചിച്ചു നിന്നില്ല താഴെ കടയില്‍ പോയി ഒരു ഫ്രഷ്‌ ചിക്കന്‍ കട്ടു ചെയ്തു വാങ്ങി ഫ്രൈ ചെയ്യാന്‍ തീരുമാനിച്ചു.... നേരെ കിച്ചനിലേക്ക് കയറി ബീവിയോടു കൂട്ട് ചോദിച്ചു പണി തുടങ്ങി.... വളെരെ രുചിയുള്ള ഈ മസാല കൂട്ട് നിങ്ങളും പരീക്ഷിക്കുമല്ലോ. :) :)

ചിക്കന്‍ ഫ്രൈ മസാല കൂട്ട്.
=========================
ചിക്കന്‍ ഒരു കിലോ.
മുളകുപൊടി രണ്ടു സ്പൂണ്‍.
കുരുമുളക് പൊടി ഒരു സ്പൂണ്‍.
മഞ്ഞള്‍ പൊടി മുക്കാല്‍ സ്പൂണ്‍.
ജീരകപ്പൊടി ഒരു സ്പൂണ്‍.
ഉപ്പ് പാകത്തിന്.
ജിഞ്ചര്‍ ഗാര്‍ലിക്‌ പേസ്റ്റ് ഒന്നര സ്പൂണ്‍.
ഒരു ചെയ് നാരങ്ങയുടെ നീര്.
ഒരു തക്കാളിയുടെ നീര്.


എല്ലാ മസാലകളും ചെറുനാരങ്ങ നീരും തക്കാളി നീരും കൂട്ടി  മിക്സ് ചെയ്തതിനു  ശേഷം  ചിക്കനില്‍ പുരട്ടി നല്ലവണ്ണം കുഴച്ചു ഒരു മണിക്കൂര്‍ വെക്കുക . ഇനി ഒരു ഫ്രൈ പാനില്‍ വെളിച്ചെണ്ണ ഒഴിച്ചു തിളച്ചു വരുമ്പോള്‍ മുക്കി പൊരിച്ചെടുക്കുക. 
ഇസ്ഹാക്ക് പുഴക്കലകത്ത്.

Thursday, December 19, 2013

ഗാര്‍ലിക്‌ ചിക്കന്‍.

ഇന്നു വൈകുന്നേരം കാര്യമായി പണിയോന്നുമില്ലായിരുന്നു. ചുമ്മാ ഇരുന്നപ്പോള്‍ ഒന്നു കിച്ചനില്‍ കയറി ഒരു  ചൈനീസ് ഡിഷ്‌  ഉണ്ടാക്കിയാലോ  എന്ന തോന്നലുതിച്ചു. ബീവിയോടു പറഞ്ഞു ഞാന്‍ ആണ് ഇന്നു ഡിന്നര്‍ ഉണ്ടാക്കുന്നത്‌. ബീവി പറഞ്ഞു അടുക്കളയില്‍ കയറുന്നതൊക്കെ കൊള്ളാം ഇടയ്ക്കിടയ്ക്ക് പുട്ടിനു തേങ്ങ ഇടുന്ന പോലെ എന്നെ ഇങ്ങനെ വിളിക്കരുത്, ഒറ്റയ്ക്ക് തന്നെ ഒക്കെ ചെയ്തോണം. അതില്‍ ഒരു ഭീഷണിയുടെ സ്വരമുണ്ടായിരുന്നു. :) ഇതു കൂടി ആയപ്പോള്‍ എന്നിലെ പുരുഷകേസരി ഒന്നുണര്‍ന്നു. എങ്കില്‍ ഒറ്റയ്ക്ക് ഒരു കറി ഉണ്ടാക്കിയിട്ട് തന്നെ കാര്യം,  പിന്നെ  യു ടൂബില്‍ തിരഞ്ഞു ഒരു ഡിഷ്‌ കണ്ടു പിടിച്ചു,ഗാര്‍ലിക്‌ ചിക്കന്‍ വിത്ത്‌ ഗ്രേവി. അതികം ചേരുവകളൊന്നും ആവിശ്യമില്ലതാനും... എല്ലാം എന്‍റെ കടയില്‍ ഉള്ള സാദനങ്ങള്‍ തന്നെ... ബീവി മുബാറക് സ്റ്റോറിലേക്കു വിളിച്ചു സാദനങ്ങള്‍ ഓര്‍ഡര്‍ ചെയ്തു. പിന്നെയൊരു കാര്യം ഏതു ചൈനീസ് ഡിഷ്‌ ഉണ്ടാക്കുംബോളും ചേരുവകളൊക്കെ ആദ്യം റെടി ആക്കി വെക്കണം,എന്നിട്ടേ തുടങ്ങാവൂ.... അങ്ങനെ ഞാന്‍ ബിസ്മിയും ചൊല്ലി കിച്ചനില്‍ കയറി. ഈ ഗാര്‍ലിക് ചിക്കനുള്ള ഒരു പത്യേകത 25 മിനുട്ടുകൊണ്ട് റെടി ആക്കാം. എന്‍റെ ഈ ബ്ലോഗില്‍ ആരെങ്കിലും ബോറടിക്കാന്‍ വന്നാല്‍ ഒന്നു ട്രൈ ചെയ്ത് നോക്കണേ.... :) താഴെ ഒരു കമെന്റും തരുമല്ലോ :) :)

ചേരുവകള്‍.
============
ചിക്കന്‍ ബോണ്‍ലെസ്സ് 500 ഗ്രാം.
വെളുത്തുള്ളി ചെറുതായി അരിഞ്ഞത് 150 ഗ്രാം.
ഉള്ളി ഇല ചെറുതായി അരിഞ്ഞു വെക്കുക.
ചിക്കന്‍ സ്റ്റോക്ക് വെള്ളം മൂന്ന് ഗ്ലാസ്.
വലിയ ഉള്ളി 2 എണ്ണം നാലായി പകുത്ത് അല്ലി വേര്‍തിരിച്ചു വെക്കുക.
റെഡ് ചില്ലി പേസ്റ്റ്3 ടീസ്പൂണ്‍.
ഉപ്പ് പാകത്തിന്.
കോണ്‍ സ്റ്റാര്‍ച് പൌഡര്‍ 3 ടീസ്പൂണ്‍.
ടൊമാറ്റോ കെച്ചപ്പ് 4 ടീസ്പൂണ്‍.
ഓയില്‍ 4 ടീസ്പൂണ്‍.
ന്നാ പിന്നെ ഇനി ഉണ്ടാക്കി നോക്കാം.
---------------------------------------------------
ആദ്യം കോണ്‍ സ്റ്റാര്‍ച്ച് ഒരു ബൌളില്‍ എടുത്തു കുറച്ചു ചിക്കന്‍ സട്ടോക്കിന്റെ വെള്ളം ഒഴിച്ചു മിക്സ് ചെയ്തു മാറ്റി വെക്കുക.
ഒരു വലിയ ചീനച്ചട്ടിയില്‍ ഓയില്‍ ഒഴിച്ച് ചൂടാക്കി അതിലേക്കു അരിഞ്ഞു വെച്ച വെളുത്തുള്ളി ഇട്ടു ഒന്നു ബ്രൌണ്‍ കളര്‍ ആകുന്നതു വരെ ഇളക്കി കൊണ്ടിരിക്കുക,പിന്നീട് അല്ലിയാക്കി വെച്ച വലിയ ഉള്ളി ഇതില്‍ ചേര്‍ത്തു ഒരു മിനിട്ട് ഇളക്കുക,ഇനി ചിക്കനും ഉപ്പും ചേര്‍ത്തു നന്നായി മിക്സ് ചെയ്യുക,രണ്ടു മിനിട്ടിനു ശേഷം കെച്ചപ്പും,റെഡ് ചില്ലി പേസ്റ്റും,ചേര്‍ത്തു മിക്സ് ചെയ്തു ചിക്കന്‍ സ്റ്റോക്ക് വെള്ളം ഒഴിച്ച് നന്നായി വേവിക്കുക.ചിക്കന്‍ ബോണ്‍ ലെസ്സ് ആയതുകൊണ്ട് ഒരു പത്തു മിനിട്ടിനകംപാകമാകും,പിന്നെ കോണ്‍സ്റ്റാര്‍ച്ച് വെള്ളം ഒഴിച്ച് ഒന്നു തിളപ്പിച്ച്‌ മിക്സ്‌ ചെയ്തു ചെറുതായി അരിഞ്ഞു വെച്ച ഉള്ളി ഇല മുകളില്‍ വിതറി ഒന്നിളക്കുക. ഇനി തീ ഓഫാക്കുക, അടിപൊളി ഗാര്‍ലിക് ചിക്കന്‍ റെടി....
ഇതു എല്ലാവരും ഒന്നു ട്രൈ ചെയ്യണേ...... ഒരു കമെന്‍റ് പറയാന്‍ മറക്കണ്ട. :) :)ഹലീം.

ഇസ്ഹാക്ക് പുഴക്കലകത്ത്.


 

Monday, December 16, 2013

ഫുട്ബോള്‍ രസായനം.ഫുട്ബോള്‍ കളി പഠിക്കാന്‍ ചില സൂത്ര വാക്യങ്ങള്‍.

ഫുട്ബോള്‍ രസായനം.
---------------------------------
ചേരുവകള്‍:-

ഫുട്ബോള്‍ ഒന്ന്.

പോസ്റ്റ് രണ്ട്.

കളരി മുറ നാല്.

ഷോള്‍ഡര്‍ പുഷ് മൂന്ന്.

പിന്നില്‍ നിന്നുള്ള ചവിട്ടു രണ്ട്.

ചവിട്ടി തിരിക്കല്‍ ഒന്ന്.

പിണങ്ങി കയറി പോകല്‍ ഒന്ന്.

കച്ചറ,ഉച്ചത്തില്‍ സംസാരിക്കല്‍ ആവശ്യത്തിനു.

ബോള്‍ കയ്യില്‍ തട്ടിയാല്‍ ഹാന്‍ഡ്‌ ആവാത്തത് അഞ്ചു.

ബൈസന് ഒള്ള ബെറ്റും വീമ്പു പറച്ചിലും.

കളി ഉണ്ടാക്കേണ്ട വിതം.
----------------------------------
ആദ്യമായി കളരി മുറ നാല്,ഷോള്‍ഡര്‍ പുഷ് മൂന്ന്.പിന്നില്‍ നിന്നുള്ള ചവിട്ടു രണ്ട്.ചവിട്ടി തിരിക്കല്‍ ഒന്ന്. ഈ ചേരുവകളെല്ലാം ഒരു വലിയ ഗ്രൂണ്ടിലിട്ടു പാകത്തിന് ഓടിച്ചു ഒന്നു മൂപ്പിച്ചെടുക്കുക, ഗോളായാല്‍ പിണങ്ങി കയറി പോകല്‍ ഒന്ന് ,ബോള്‍ കയ്യില്‍ തട്ടിയാല്‍ ഹാന്‍ഡ്‌ ആവാത്തത് അഞ്ചു എന്നിവ ചേര്‍ക്കുക .. ബാക്കി ചേരുവകള്‍ ആവശ്യത്തിനു വന്നു കൊള്ളും.... നിങ്ങളുടെ കളി കേമം... ഇനി ആവശ്യത്തിനു വിലയിരുത്തലും വിമര്‍ശനവും പൊക്കി പറച്ചിലും കൂടി ആയാല്‍ ശരിക്കും നിങ്ങള്‍ കളി പഠിച്ചിരിക്കും. ഇതു സത്യം സത്യം സത്യം.
 
ഇസ്ഹാക്ക് പുഴക്കലകത്ത്.
സ്പോര്‍ട്ടിംഗ് യുനൈറ്റഡ് ജിദ്ദ. ഫുട്ബോള്‍ അക്കാഡമി. 
SPORTING UNITED,JEDDAH. 
SPORTING ACADEMY FOR INDIAN TEENS.

Sunday, December 15, 2013

ജിദ്ദ.എത്ര മനോഹരിയാണ് നീ
ഉയരത്തില്‍ കേമനായി
നെഞ്ചു വിരിച്ചു നില്‍ക്കും
ജല ഗോപുരം
ചെങ്കടലിന്‍ തീരങ്ങളില്‍
സായാഹ്നക്കാഴ്ച കാണും
ജനങ്ങളില്‍ കുളിര്‍മയെകുന്നവളെ.
നിന്‍ മാറിടത്തില്‍
തല ചായ്ക്കാന്‍ മോഹം...
പ്രിയ സഖീ,
പ്രണയിച്ചോട്ടെ നിന്നെ ഞാന്‍
എന്‍ ജീവിതത്തിന്‍
ഭൂരി ഭാഗവും കവര്‍ന്നവളെ
നിന്‍ ഓര്‍മകളില്‍ ശിഷ്ട്ടകാലം
ജീവിക്കുമീ പ്രവാസി
അനിവാര്യമാം നിന്‍ വേര്‍പാടിനായി
കാതോര്‍ക്കുന്നു ഞാന്‍
നീ തന്ന മരത്തില്‍            
കായ്ച്ച കായ്കളും,ഫലങ്ങളും
ഭക്ഷിച്ചു നിന്‍ മടിത്തട്ടില്‍
നിലാവില്‍ വിരിഞ്ഞ തണലില്‍
നിദ്ര ഇനിയുള്ള കാലം.

ഇസ്ഹാക്ക് പുഴക്കലകത്ത്.ഹലീം.

ജിദ്ദയിലെ ശദാബ് ഹോട്ടലില്‍ നിന്നാണ് ഹലീം ഞങ്ങളുടെ ഫാമിലിയിലേക്ക് കടന്നു വരുന്നത്,[ഇത് ഒരു ഹൈദ്രാബാദി റിച്ച് ഡിഷ്‌ ആണ്] നീണ്ട ഇരുപതു വര്‍ഷമായിഹലീം ഇവിടെ നിന്ന് വാങ്ങി കഴിക്കുന്നു.... എന്‍റെ പൊണ്ടാട്ടി ഇപ്പോഴും പറയും നിങ്ങള്‍ ഒന്നു ശദാബിലെ കുക്കിനോട് ഇതിന്‍റെ റസീപ്പി ഒന്നു വാങ്ങി തരുമോ എന്ന്. അവരുണ്ടോ റസീപ്പി തരുക.... ആ പാവത്തിന് അതൊന്നും പറഞ്ഞാല്‍ മനസ്സിലാകുമോ. വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കും, അങ്ങനെയിരിക്കെ ഒരു ഹൈദ്രാബാദി ഫാമിലിപറഞ്ഞുതന്ന റസീപ്പി ഒന്നു പരീക്ഷിച്ചു നോക്കി ... സങ്ങതി അടിപൊളി........  നിങ്ങള്‍ക്കും പരീക്ഷിക്കാം.

ചേരുവകള്‍.
============
ചിക്കന്‍ ബോണ്‍ലെസ്സ്  അര ക്കിലോ.
ഗോതമ്പ് നുറുക്ക് അര ക്കിലോ,അല്ലങ്കില്‍ ഓട്ട്സ് 250 ഗ്രാം.
ജിഞ്ചര്‍ ഗാര്‍ലിക്‌ പേസ്റ്റ് രണ്ടു ടീസ്പൂണ്‍.
മുളക് പൊടി രണ്ടു ടീസ്പൂണ്‍.
മഞ്ഞ പൊടി അര ടീസ്പൂണ്‍.
കുരുമുളക് പൊടി ഒന്നര ടീസ്പൂണ്‍.
ഗരം മസാല പൊടി ഒന്നരടീസ്പൂണ്‍.
വലിയ ഉള്ളി രണ്ടെണ്ണം അറിഞ്ഞു വറുത്തു കോരി വെക്കുക.
ഓയില്‍ 200 മില്ലി.
തൈര് 300 ഗ്രാം.
രണ്ടു ചെറുനാരങ്ങ നീര് എടുത്തു വെക്കുക.
പട്ട നാല് ചെറിയ കഷ്ണം.
ഏലക്കായി,ഗ്രാമ്പൂ,അഞ്ചു വീതം.
മല്ലി ഇല ഒരു ബഞ്ച്... പൊതീന നാല് അല്ലി.

തയ്യാറാക്കുന്ന വിതം.
====================
അര ടീസ്പൂണ്‍ജിഞ്ചര്‍ ഗാര്‍ലിക്‌ പേസ്റ്റ്, ഒരു ടീസ്പൂണ്‍ മുളകുപൊടി, അരടീസ്പൂണ്‍ മഞ്ഞള്‍ പൊടി, ഉപ്പ് പാകത്തിന് ചേര്‍ത്തു ചിക്കന്‍ മിക്സ് ചെയ്തു കുക്കറില്‍ വേവിച്ചെടുക്കുക. വേവിച്ച ചിക്കന്‍ ബ്ലന്‍ണ്ടറില്‍ ഇട്ടു മിന്‍സ് ചെയ്തു വെക്കുക.
ഉള്ളി പൊരിച്ച ഓയിലില്‍ നിന്ന് കുറച്ചെടുത്ത് അര ടീസ്പൂണ്‍ ജിഞ്ചര്‍ ഗാര്‍ലിക്‌ പേസ്റ്റ് മിക്സ്‌ ചെയ്തുബ്രൌണ്‍ കളര്‍ ആവുന്നത് വരെ മൂപ്പിച്ചു ഒരു ടീസ്പൂണ്‍ മുളകുപൊടി, അര ടീസ്പൂണ്‍ മഞ്ഞ പ്പൊടി ചേര്‍ത്തു തീ ചെറുതാക്കി 250 ഗ്രാം തൈര് ചേര്‍ത്തു നന്നായി ഇളക്കുക ശേഷം മിന്‍സ് ചെയ്ത ചിക്കനും ആറു ഗ്ലാസ് വെള്ളവും ഒഴിക്കുക, തിളച്ചതിനു ശേഷം വേവിച്ചു വച്ച ഗോതമ്പ് നുര്‍ക്ക് ചേര്‍ക്കുക, ചെറു തീയില്‍ നന്നായി ഇളക്കി കൊണ്ടിരിക്കുക, ഇതിലേക്ക് ഉപ്പും, ഗരം മസാല പൊടിയും, കുരുമുളക് പൊടിയും, പട്ടയും, ചേര്‍ത്തു ഇളക്കുക. അരിഞ്ഞുവെച്ച മല്ലിയിലയുടെ പകുതിയും, പൊതീന ഇലയും, ചെറുനാരങ്ങ നീരും ചേര്‍ത്തു മിക്സ് ചെയ്യുക. രണ്ടു മിനിട്ടിനു ശേഷം വറുത്തു വെച്ച ഉള്ളിയില്‍ നിന്നും പകുതി എടുത്തു ചേര്‍ത്ത് ഇളക്കികൊണ്ടിരിക്കുക. രണ്ടു മിനിട്ടിനു ശേഷം തീ ഓഫാക്കി മാറ്റിവെക്കുക.
ഒരു ചീന ചെട്ടിയില്‍ ബാക്കിയുള്ള ഓയില്‍ എടുത്തു അര ടീസ്പൂണ്‍ ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റും, മുളകുപൊടി അര ടീസ്പൂണ്‍, മഞ്ഞള്‍ കാല്‍ ടീസ്പൂണ്‍ ഇട്ടു മൂപ്പിച്ചു ഇതിലേക്ക് ഏലക്ക, ഗ്രാമ്പൂ, ചേര്‍ത്ത മൂപ്പ് മാറ്റിവെച്ച ഹലീം മിക്സില്‍ ചേര്‍ക്കുക. ബാക്കി ഉള്ള മല്ലിയിലയും ഉള്ളി പൊരിച്ചതും ചേര്‍ത്തു അലങ്കരിക്കുക. 
ഇസ്ഹാക്ക് പുഴക്കലകത്ത്.

Saturday, December 14, 2013

സ്പോര്‍ട്ടിംഗ് ഗാനം.


സ്പോര്‍ട്ടിംഗ്,സ്പോര്‍ട്ടിംഗ്,സ്പോര്‍ട്ടിംഗ്
വരുന്നിതാ വരുന്നിതാ സ്പോര്‍ട്ടിംഗ് കുരുന്നുകള്‍
ഞങ്ങള്‍ / സ്പോര്‍ട്ടിംഗ് കുരുന്നുകള്‍
                                                                                               [സ്പോര്‍ട്ടിംഗ്..

ജ്വാലയായ് അഗ്നിയായ് ജനമനസ്സുകളില്‍
ഉദിച്ചുയരും സൂര്യനായ് സ്പോര്‍ട്ടിംഗ്,സ്പോര്‍ട്ടിംഗ്

                                                                                              [സ്പോര്‍ട്ടിംഗ്..

വരുന്നു ഞങ്ങള്‍ ആവേശ കടലായി
അലയടിക്കും തിരമാലയായി
വരുന്നിതാ വരുന്നിതാ സ്പോര്‍ട്ടിംഗ് കുരുന്നുകള്‍
ഞങ്ങള്‍ / സ്പോര്‍ട്ടിംഗ് കുരുന്നുകള്‍

                                                                                             [സ്പോര്‍ട്ടിംഗ്..

നിറഞ്ഞുകത്തും ഫ്ലെഡ് ലൈറ്റും കണ്ടു
ഇന്ദ്രജാലം കാലുകളില്‍ കാണിക്കും
പറത്തിടും കൊടികലാല്‍
സ്പോര്‍ട്ടിംഗ് കുരുന്നുകള്‍
ഞങ്ങള്‍ / സ്പോര്‍ട്ടിംഗ് കുരുന്നുകള്‍
                                                                                             [സ്പോര്‍ട്ടിംഗ്..

ഫുട്ബോളിന്‍ സായാഹ്ന ലഹരിയില്‍
മൈതാനം കയ്യിലെടുക്കും കുരുന്നുകള്‍
സിരകളില്‍ ഓടിടും ഫുട്ബോളിന്‍ രക്തം
എന്നും / ഫുട്ബോളിന്‍ രക്തം.

                                                                                            [സ്പോര്‍ട്ടിംഗ്..
Spo  spo  sporting    spo  spo  sporting
Coolball   hotball     football   sporting
Goal  goal  sporting    football sporting
Diffence   mid   forward    back
Keeper spo spo   Keeper spo spo   sporting..  sporting .


സംഗീതം        :-    മഷൂദ് തങ്ങള്‍,
ആലാപനം   :-    മഷൂദ് തങ്ങള്‍,കരീം മാവൂര്‍.
രജന                 :-   ഇസ്ഹാക്ക് പുഴക്കലകത്ത്.
 
സ്പോര്‍ട്ടിംഗ് യുനൈറ്റഡ് ജിദ്ദ. ഫുട്ബോള്‍ അക്കാഡമി. 
SPORTING UNITED,JEDDAH. 
SPORTING ACADEMY FOR INDIAN TEENS.

Wednesday, December 11, 2013

ശാന്തനായ സെക്രട്ടറി.ഓളങ്ങളില്ലാത്ത
തെളിഞ്ഞ പുഴ
മേഘങ്ങളില്ലാതെ
തെളിഞ്ഞ വാനം
മഞ്ഞിനെ പുല്‍കി
ശാന്തമായി
ഒഴുകുന്നു പുഴ
ടിപ്പുവിന്‍ പടയോട്ടക്കാലത്തെ
ഫാറൂഖാബാദില്‍ നിന്നും
ശാന്തരില്‍ ശാന്തനായി
എണ്‍പതുകളില്‍
കാല്‍പന്തു കളിയില്‍
ഫാറൂഖ് കൊളേജിലെ
കറുത്ത മുത്ത്‌
കുട്ടികളുടെ നിഴലായി
ശാന്തനായ സെക്രട്ടറി. 

              നാസിര്‍ മുഹമ്മദ്‌ [ സെക്രട്ടറി ]       

Displaying photo.PNG 


സ്പോര്‍ട്ടിംഗ് യുനൈറ്റഡ് ജിദ്ദ. ഫുട്ബോള്‍ അക്കാഡമി. 
SPORTING UNITED,JEDDAH. 
SPORTING ACADEMY FOR INDIAN TEENS.

ഇസ്ഹാക്ക് പുഴക്കലകത്ത്.