Wednesday, December 31, 2014

പുതുവത്സരം.

പുതുവത്സരമോതിടാം
സൗഹൃദമേ....!
മുങ്ങിനിവരുന്നു വര്‍ഷങ്ങള്‍
ഓളത്തില്‍
തെങ്ങിന്‍ നിഴലായിളകുന്നു മാസങ്ങള്‍
അസ്തമയ
ചുവപ്പിലലിയുന്ന ദിവസങ്ങള്‍
ഗൂഗി
ളിലലിയുന്ന
മണിക്കൂറുകള്‍
വരികള്‍ക്കിടയില്‍
കൊഴിയുന്ന നിമിഷങ്ങള്‍
വെള്ളത്തില്‍ കാലം
എഴുതും ജീവിതങ്ങള്‍...!
--------------------------------------------
എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍...!!!


Friday, December 26, 2014

അമ്മയെന്ന നന്മ.

നകരത്തില്‍ വാങ്ങിയ ആഡംബര ഫ്ലാറ്റിലേക്ക് താമസം മാറാനുള്ള തിരക്കിലായിരുന്നു അവന്‍.. ഭാര്യയും മൂന്നു മക്കളും പ്രായമായ അമ്മയും അടങ്ങിയ കുടുംബം. കുറേ ദിവസമായി ഭാര്യ അമ്മയെ ഉപേക്ഷിക്കാന്‍ നിര്‍ബന്ധം പിടിച്ചുകൊണ്ടിരുന്നു..! വീട് മാറുമ്പോള്‍ അമ്മ കൂടെയുണ്ടെങ്കില്‍ ഞാന്‍ വരുന്നില്ല എന്ന വാശിയിലായിരുന്നു അവള്‍.. അമ്മയുടെ ഏക മകന്‍, അച്ഛന്‍ വിടപറഞ്ഞിട്ട്‌ പതിനഞ്ചു വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു.

അവസാനം അവന്‍ അമ്മയെ എവിടെയെങ്കിലും ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. രാവിലെതന്നെ അമ്മയെ പുതിയ ഉടുപ്പ് ധരിപ്പിച്ചു. ഇഷ്ടമുള്ള ഭക്ഷണം കൊടുത്തു കാറില്‍ കയറ്റി യാത്രയായി, അടുത്തെങ്ങും ആള്‍ താമസമില്ലാത്ത ഒരു കാവിനടുത്ത്‌ വണ്ടി നിര്‍ത്തി പുറത്തിറങ്ങി, അപ്പോള്‍ ഒരു നായ ഓടിവന്നു അവനു നേരെ കുരച്ചു ചാടി. പെട്ടന്നു കാറില്‍ കയറി വാതിലടച്ചതുകൊണ്ട്‌ രക്ഷപെട്ടു. നായക്ക് പുറകെ ഒരു പട്ടിയും നാല് കുഞ്ഞുങ്ങളും പ്രത്യക്ഷപെട്ടു... തന്‍റെ കുഞ്ഞുങ്ങളെ ഉപദ്രവിക്കാന്‍ വന്നതാണെന്ന് കരുതി വന്നതായിരുന്നു നായ.

അവിടെ നിന്നും വണ്ടിയെടുത്തു മുന്നോട്ടു പോയി, അമ്പല മുറ്റത്തെത്തിയപ്പോള്‍ വണ്ടി നിര്‍ത്തി ഇവിടെ ഉപേക്ഷിക്കാമെന്ന് കരുതി, അപ്പോഴാണ്‌ അവന്‍റെ മനസ്സില്‍ തന്‍റെ കുഞ്ഞുനാളില്‍ അമ്മ യോടൊപ്പം അമ്പലത്തില്‍ പോയിരുന്നതും ബലൂണും, കളിപ്പാട്ടങ്ങളും വാങ്ങി തന്നിരുന്നതുമെല്ലാം അവന്റെ മനസ്സിലേക്ക് ഓടിയെത്തിയത്.., ആ ശ്രമവും ഉപേക്ഷിച്ചു യാത്ര തുടര്‍ന്നു ഒരു സ്കൂള്‍ മൈതാനത്തിന്‍റെ ഒഴിഞ്ഞ മൂലയില്‍ എത്തി... ഈ സമയമെല്ലാം അമ്മ ഉറക്കത്തിലായിരുന്നു, അവിടെ ഉപേക്ഷിക്കാമെന്ന് കരുതി അപ്പോഴാണ്‌ തന്‍റെ ആദ്യ സ്കൂള്‍ ദിനത്തില്‍ മറ്റു കുട്ടികളോടൊപ്പം കരഞ്ഞു ഇരുന്ന എന്നെ.. ടീച്ചര്‍ വീട്ടില്‍ പൊയ്ക്കോളൂ എങ്കിലേ മകന്‍ കരച്ചില്‍ നിര്‍ത്തൂ എന്ന് അമ്മയോട് പറഞ്ഞപ്പോള്‍ തന്‍റെ മുന്നില്‍ നിന്നും മാറി താന്‍ കാണാതെ ചുമരിനപ്പുറത്ത് ക്ലാസ് വിടുന്നതുവരെ ഒരു ഗ്ലാസ്‌ വെള്ളം പോലും കുടിക്കാതെ കാത്തിരുന്നത് ഓര്‍മ്മവന്നത്.. അങ്ങിനെ ആ ശ്രമവും ഉപേക്ഷിച്ചു.

യാത്രയിലുടനീളം ഭാര്യയുടെ വാക്കുകള്‍ തന്‍റെ ചെവിയില്‍ മുഴങ്ങികൊണ്ടിരുന്നു... “അമ്മയുമായി തിരിച്ചുവന്നാല്‍ തനിച്ചു വീട് മാറിയാല്‍ മതി ഞാനും മക്കളും എന്‍റെ പാട്ടിനു പോകും. നിങ്ങളും അമ്മയും പുതിയ ഫ്ലാറ്റിലേക്ക് പൊയ്ക്കോളൂ” 


ഭീരുവായ മകന്‍ ഓര്‍മ്മകള്‍ പിന്‍തുടരാത്ത കാട്ടില്‍ അമ്മയെ ഉപേക്ഷിക്കാം എന്നു മനസ്സില്‍ ഉറപ്പിച്ചു. വണ്ടി നിറുത്തി അമ്മയെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തി തന്‍റെ ചുമലില്‍ കിടത്തി കാട്ടിലൂടെ യാത്ര തുടര്‍ന്നു... അമ്മ യാത്രയില്‍ ഉടനീളം മരച്ചില്ലകള്‍ പിടിച്ചു പൊട്ടിച്ചു ഇലകളും കൊമ്പുകളും വഴിയില്‍ ഉപേക്ഷിച്ചു കൊണ്ടിരുന്നു... ഇത് കണ്ട് മകന്‍ ചോദിച്ചു ? ‘എന്താണമ്മ ചെയ്യുന്നത്..’ അമ്മ അതിനു മറുപടി ഒന്നും പറഞ്ഞില്ല.. കാടിന്‍റെ കുറേ ഉള്‍ഭാഗത്ത് എത്തിയ മകന്‍ ഒരു മരത്തണലില്‍ അമ്മയെ ഇരുത്തി..!

എന്നിട്ട് അമ്മയോട് പറഞ്ഞു “അമ്മക്ക് ധാഹിക്കുന്നുണ്ടാവും ഞാന്‍ പോയി വെള്ളം കൊണ്ടുവരാം” അപ്പോള്‍ അമ്മ പറഞ്ഞു ഞാന്‍ വരുന്ന വഴിയിലെല്ലാം മരക്കൊമ്പുകളും ഇലകളും കൈ കൊണ്ട് ഞെരടി വികൃതമാക്കി ഇട്ടിട്ടുണ്ട്... മകന്‍ അത് നോക്കി തന്നെ തിരിച്ചു പോകണം, എങ്കില്‍ നിനക്ക് വഴി തെറ്റാതെ വീട്ടിലെത്തിചേരാം. അമ്മയെ തിരിഞ്ഞു നോക്കാതെ മുന്നോട്ടു പോയ മകന്‍ വഴിയുലടനീളം അമ്മ ഉപേക്ഷിച്ച ഇലകളും ചുള്ളിക്കമ്പുകളും കണ്ടു. കുറച്ചു ദൂരം മുന്നോട്ടു പോയപ്പോള്‍ അവന്‍റെ ഹൃദയം അമ്മയുടെ ഓര്‍മ്മകള്‍ കൊണ്ട് വിങ്ങി പൊട്ടി.

താന്‍ ഉപേക്ഷിക്കുകയാണ് എന്നറിഞ്ഞിട്ടും തന്‍റെ രക്ഷ മനസ്സില്‍ കണ്ടു കൊണ്ട് താന്‍ സുരക്ഷിതനായി വീട്ടില്‍ എത്തി ചേരണമെന്നാഗ്രഹിച്ച ആ അമ്മയെ ആണല്ലോ താന്‍ ഉപേക്ഷിച്ചു പോന്നത്, എനി എനിക്കെവിടെനിന്നാണ് രക്ഷ. ഇനി ഭാര്യ ഇല്ലങ്കിലും ഞാന്‍ അമ്മയോടൊത്ത്‌ ജീവിക്കും എന്ന ഉറച്ച തീരുമാനത്തോടെ അമ്മയെ ഉപേക്ഷിച്ച സ്ഥലത്തേക്ക് ഓടി പ്പോയി. അവിടെ എത്തിചേര്‍ന്നതും താന്‍ ഇരുത്തിയ അതെ സ്ഥലത്ത് ആ മരത്തിനോട് ചേര്‍ന്ന് ഇരുന്ന് അമ്മ ഉറങ്ങുന്നത് കണ്ടു. എന്നോട് പൊറുക്കൂ എന്ന് പറഞ്ഞു അമ്മയെ തൊട്ടതും അമ്മ ചെരിഞ്ഞു വീണു..! ഈ ലോകത്തോട്‌ എന്നെന്നേക്കുമായി വിടപറഞ്ഞ്...!! 


https://www.facebook.com/isakkisam?ref_type=bookmark

Wednesday, December 24, 2014

"ക്രിസ്തുമസ് ആശംസകള്‍"

എല്ലാ  പ്രിയ  സുഹൃത്തുക്കള്‍ക്കും  "ക്രിസ്തുമസ്  ആശംസകള്‍".

https://www.facebook.com/isakkisam?ref_type=bookmark



Thursday, December 18, 2014

കൊലയാളികളേ.......

കൊലയാളികളേ.......
ആ കുഞ്ഞുങ്ങളെയല്ല നിങ്ങൾ കൊന്നത് ;
എന്നെയാണ് , ഞങ്ങളെയാണ്
ഇസ്ലാമിനെയാണ് !
വഴിയിലെ മുളള് മാറ്റിയാൽ നിനക്ക്
പുണ്ണ്യമുണ്ടെന്നും,
പിന്നാലെ വരുന്നവന്റെ കാലിൽ
തറച്ചാൽ
നീ പാപിയാകുമെന്നും പഠിപ്പിച്ച
മതത്തെയാണ് നിങ്ങൾ കൊന്നുകളഞ്ഞത് !!
കുട്ടികളോട് കരുണ കാണിക്കണമെന്ന്
പഠിപ്പിച്ച പ്രവാചക വചനങ്ങൾക്കു
നേരെയാണ് നിങ്ങൾ നിറയൊഴിച്ചത് !
കുരുന്നുമക്കൾ
ഉദ്യാനത്തിലെ ശലഭങ്ങളെ പോലെയാണെന്ന
തിരുനബി വചനം കാറ്റിൽ പറത്തിയാണ്
നിങ്ങൾ വെടിയുതിർത്തത് !
കുഞ്ഞുമനസ്സ് നോവാതിരിക്കാൻ
അനാഥക്കുഞ്ഞിന്റെ മുന്നിൽ വെച്ച്
സ്വന്തം കുഞ്ഞിനെ താലോലിക്കരുതെന്ന
പറഞ്ഞ മുഹമ്മദ്
നബിയുടെ അധ്യാപനത്തെയാണ് നിങ്ങൾ
കൊന്നുകളഞ്ഞത് !
ഹിന്ദുവും,
കൃസ്റ്റ്യനും ഇസ്ലാമിനെ അറിയുന്നത്
ഖുറാൻ വായിച്ചോ,
ഇസ്ലാമിക ഗ്രന്ഥങ്ങൾ
വായിച്ചോ അല്ല ;
ഞാനും നീയുമടങ്ങുന്ന
മുസ്ലിം നാമങ്ങളുടെ ജീവിതം കണ്ടാണ് !
തീവ്രവാദത്തിലേക്കും,വർഗ്ഗീയതയി
ലേക്കും ക്ഷണിക്കുന്നവനും,
പ്രവർത്തിക്കുന്നവനും,
മരിക്കുന്നവനും എന്നിൽ പെട്ടവനല്ല
എന്ന പ്രവാചക പാഠം ഞാൻ
പഠിച്ചിട്ടുണ്ട് ;
നീ പഠിച്ചിട്ടുണ്ടാവില്ല ;
നീ പഠിക്കാത്തത് കൊണ്ട് മറ്റു
മതസ്ഥരും ഇത് നിന്നിൽ നിന്ന്
പഠിക്കില്ല , അറിയില്ല !!
ഇനി പിന്നിൽ നിന്നാരെങ്കിലും
തീവ്രവാദിയെന്നു വിളിച്ചാൽ
ഞാനും തിരിഞ്ഞു നോക്കേണ്ടിയിരിക്കുന്നു.!!
എനിക്കും നിനക്കും ഒരേ പേരാണല്ലോ "
നിന്റെ നെറ്റിത്തടത്തിലെ
നിസ്കാരത്തഴമ്പ് എനിക്കുമുണ്ടല്ലോ !!!
നിങ്ങൾ കൊന്നത് ആ
കുഞ്ഞുങ്ങളെ മാത്രമല്ല,
എന്നെയാണ് !
ഞങ്ങളെയാണ്,
ഇസ്ലാമിനെയാണ് !!


കടപ്പാട് :- വാട്ട്സ് അപ്പ്.

https://www.facebook.com/isakkisam?ref_type=bookmark 




Monday, December 15, 2014

ചക്കി കലണ്ടര്‍.

വാനിലെ മൂന്ന് വാല്‍നക്ഷത്രങ്ങള്‍
ഇന്നിന്‍റെ രാവില്‍
നിര്‍ന്നിമേഷം എന്നെ നോക്കി
ചലിക്കുന്നു.


നക്ഷത്രങ്ങളില്‍
തട്ടാതെ തെന്നിമാറി
എന്നില്‍ നിന്നും
നയനങ്ങള്‍ മാറ്റാതെ
മുന്നോട്ടു ചലിക്കുന്നു.


അപ്രത്യക്ഷമാകുന്ന
ക്ഷണികമായ രാവും പകലും
താണ്ടി എന്നിലേക്കടുക്കുന്നു. 


**************************

അവധിക്കാലം ആഘോഷിക്കാന്‍ ജിദ്ധയിലേക്ക് വരുന്ന എന്‍റെ ചക്കി [ഹയമോള്‍] ദിവസങ്ങള്‍ എണ്ണി സ്വയം നിര്‍മ്മിച്ച കലണ്ടര്‍... വാട്ട്സ് അപ്പില്‍ അയച്ചതാ... ഈ പോസ്റ്റ്‌ കണ്ടാല്‍ എനിക്കിട്ടവള്‍ പണിതരും.... എന്താ ല്ലേ..! മനസ്സിന്‍റെ കുഞ്ഞു സന്തോഷങ്ങള്‍..!!


https://www.facebook.com/isakkisam?ref_type=bookmark




Friday, December 12, 2014

പ്രിയ ഹന്നൂസ്...

ഫ്ലാറ്റ് വൃത്തിയാക്കുമ്പോള്‍ അലമാരക്ക് മുകളില്‍ പഴയ കാര്‍ടൂണ്‍ ബോക്സ്‌ എടുത്തു ഒഴിവാക്കുമ്പോള്‍ കൈ ഗ്ലാസ്സില്‍ തടഞ്ഞു... ഹന്നമോള്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ചെയ്ത പറവകള്‍ കൂട് കൂട്ടി അടയിരിന്നു കുഞ്ഞുങ്ങളായി അവര്‍ക്ക് തീറ്റ കൊടുക്കുന്ന ഒരു ഒരു മനോഹര ഗ്ലാസ്സ്പെയിനറ്റ്‌, ഹന്നൂസ് തൊട്ടടുത്തുള്ളപോലെ അനുഭവപ്പെട്ടു, ഇന്നവള്‍ പറക്കമുറ്റതായി, ഡിഗ്രീ ഫൈനല്‍ ഇയര്‍ പഠിക്കുന്നു. കാലം ശരവേഗത്തില്‍ മോന്നോട്ടു തന്നെ, ഓര്‍മ്മപ്പെടുത്തലായി ഒരു പറവ എന്നെ നോക്കി ചിലച്ചുവോ..!

https://www.facebook.com/isakkisam?ref_type=bookmark



Monday, December 08, 2014

ഫുട്ബോളര്‍.

കണ്ണമംഗലത്തെ
പാട മൈതാനങ്ങള്‍
കാണുമ്പോള്‍
എന്നില്‍ കളിയാവേശം
ഉണരാരുണ്ട്...


ആരവങ്ങള്‍
ആര്‍പ്പുവിളികള്‍
എന്‍ ശ്രോതങ്ങളില്‍
മുഴങ്ങാറുണ്ട്...


വലകളില്ലാത്ത
പോസ്റ്റിലൂടെ
ഞാനുതിര്‍ത്ത
വെടിയുണ്ടകള്‍
ചീറിപോകാറുണ്ട്...


എന്‍ കുട്ടിക്കാലം
ഞാനെന്‍ കുട്ടികളിലൂടെ
തിരിച്ചെടുക്കാറുണ്ട്....


ഫുട്ബോളാണെന്‍ മധുരം
ഫുട്ബോളാണെന്‍ ലഹരി
ഫുട്ബോളില്‍ അലിഞ്ഞൊരു
ജീവിതയാത്ര..!

https://www.facebook.com/isakkisam?ref_type=bookmark



Thursday, December 04, 2014

"നിഴല്‍ മൂടിയ വഴികള്‍"

"നിഴല്‍ മൂടിയ വഴികള്‍" എന്‍റെ കഥ കമലദളം മാസികയില്‍ ഡിസംബര്‍ ലക്കത്തില്‍ അച്ചടിച്ചു വന്നിരിക്കുന്നു..! ഈ കുഞ്ഞു സന്തോഷം നിങ്ങളോടൊത്ത് പങ്കുവെക്കട്ടെ..!!!
=========================================
നിഴല്‍ മൂടിയ വഴികള്‍.
------------------------------------
    സന്ധ്യ.
    പുറത്തു ശക്തമായ മഴ പെയ്യുന്നുണ്ടായിരുന്നു...!

    നല്ല വിശപ്പുണ്ട്. തനിച്ചായത്‌ കൊണ്ട് ഭക്ഷണം ഉണ്ടാക്കാന്‍ ഒരു മൂടില്ല.രാത്രി പേടിക്ക്‌ കിടക്കാന്‍ വരുന്ന ജേഷ്ട്ടത്തിയുടെ മകന് വല്ലതും കഴിക്കാന്‍ വേണ്ടി വരും ചിലപ്പോള്‍ , അതു ചിന്തിച്ചു കൊണ്ടു റസിയ അടുക്കളയിലോട്ടു കയറി.

മഴ ശക്തമായി പെയ്തു കൊണ്ടിരുന്നു.ഇടയ്ക്കിടെ അതി ഭയാനക ശബ്ദത്തോടെ ഇടിമിന്നല്‍. ചപ്പാത്തി ചുട്ടുകൊണ്ടിരുന്നപ്പോള്‍ കോളിംഗ് ബെല്ലു കേട്ടു. ഇവന്‍ ഇത്ര നേരത്തേ ഇങ്ങെത്തിയോ ?

    ഐ പി എല്‍ ഫൈനല്‍ ഇന്നാണെന്ന് അവന്‍ പറഞ്ഞതോര്‍മ്മ വന്നു. Kings X1 panjaab & KKR ഫൈനല്‍ രാത്രി എട്ടു മണിക്കാണല്ലോ തുടങ്ങുന്നത്. Kings X1 panjaab ന്‍റെ ഫാനാണ് കബീര്‍, മാര്‍ഷലും,മില്ലറും, വീരുവും,ബൈലിയുമൊക്കെ കുറിച്ച് വാ തോരാതെ സംസാരിക്കും. ക്രിക്കറ്റിനെ പറ്റി നല്ല അറിവില്ലാത്തത് കൊണ്ടു അവള്‍ ചുമ്മാ തലയാട്ടി കൊണ്ടിരിക്കും.

    റസിയ വാതില്‍ തുറന്നു. വീടിന്‍റെ ഉമ്മറത്ത് ഒരു സുമുഗനായ ചെറുപ്പക്കാരന്‍, ജീന്‍സും, ടീ ഷര്‍ട്ടുമാണ് വേഷം. മുപ്പതിനടുത്തു പ്രായം വരും.

    “ആരാ ?” “എന്താ?”

    നല്ല മഴ... എന്‍റെ ബൈക്ക് റോഡില്‍ കേടായി. മഴ തോരുന്നത് വരെ ഒന്നിവിടെ നിന്നോട്ടെ... ചേച്ചി ഒരു തോര്‍ത്തു തരുമോ? ആകെ നനഞ്ഞിരിക്കുന്നു.

    റസിയ അകത്തു പോയി തോര്‍ത്തെടുത്ത് കൊടുത്തു.അകത്തു കയറി വാതിലടച്ചു. ഞാന്‍ ഒറ്റക്കാണ് വീട്ടില്‍ എന്നോര്‍ത്തപ്പോള്‍ ഉള്ളില്‍ ഒരു ഭയം തോന്നി തുടങ്ങി. മഴയ്ക്ക് ശക്തി കൂടിക്കൊണ്ടിരുന്നു. അടുത്തൊന്നും വീടുമില്ല.തന്‍റെ അഞ്ചേക്കര്‍ പുരയിടത്തിന്റെ നടുവിലായാണ് ഗഫൂര്‍ വീട് വെച്ചത്. ഇപ്പോള്‍ ബിസിനസ്സ് ആവിശ്യത്തിനായി ബേഗ്ലൂര്‍ വരെ പോയതാണ്. നാളെ രാത്രി ആവും വീട്ടിലെത്താന്‍. കബീര്‍ ഇതുവരെ എത്തിയിട്ടുമില്ല. നേരം ഇരുട്ടിത്തുടങ്ങി.

    വീണ്ടും കോളിംഗ് ബെല്ലിന്‍റെ ശബ്ദം. അവള്‍ ജനല്‍ തുറന്നു നോക്കി. ആ ചെറുപ്പക്കാരന്‍ നിന്ന് വിറക്കുന്നു.

    എന്താ?

    “വല്ലാത്ത വിറയല്‍. ബുദ്ധിമുട്ടാവുകയില്ലങ്കില്‍ ചേച്ചീ ഒരു കട്ടന്‍ ച്ചായ തരുമോ?”


    ആ മുഖത്തെ ദയനീയ ഭാവം മനസ്സിനെ ഒന്നുലച്ചുവോ? ഒന്നും പറയാതെ കിച്ചനിലേക്ക് കയറി. ചായക്ക്‌ വെള്ളം വെച്ചു. പുറത്തു ശക്തമായി കാറ്റടിക്കുന്നുണ്ടായിരുന്നു. മഴയാണെങ്കില്‍ പൂര്‍വ്വാധികം ശക്തിയില്‍ പെയ്തു കൊണ്ടിരുന്നു. പെട്ടന്നാണ് ഒരു ഘോരശബ്ദത്തോടെ ഒരിടി വെട്ടിയത്.അതോടെ കരന്റും പോയി, തപ്പി തടഞ്ഞു എമര്‍ജന്‍സി ലൈറ്റ് എടുത്തു കത്തിച്ചു. ചായയുമായി വാതില്‍ തുറന്നതും അപ്രതീക്ഷിതമായി അനുവാദം ചോദിക്കാതെ ആ ചെറുപ്പക്കാരന്‍ വേച്ചു വേച്ചു വിറച്ചു കൊണ്ടു അകത്തു കയറി.

    റസിയ വല്ലതും പറയാനോരുങ്ങതിനു മുന്‍പായി ഹാളിനോടു ചേര്‍ന്നുള്ള വിസിറ്റിംഗ് റൂമില്‍ കയറി ചൂടുള്ള ചായ മോന്തി ക്കുടിച്ചു തറയിലെ കാര്‍പെറ്റില്‍ കിടന്നു.

    “ചേച്ചീ... ചേച്ചീ... ഇവിടെ സാംസങ്ങ് മൊബൈല്‍ ചാര്‍ജര്‍ ഉണ്ടോ..? എന്‍റെ ഫോണ്‍ ചാര്‍ജ് തീര്‍ന്നു.

    ഞാന്‍ "നോക്കിയ" ആണ് ഉപയോഗോക്കുന്നത്. സാംസങ്ങ് ചാര്‍ജര്‍ ഇല്ല”

    ചേച്ചീ എനിക്ക് തീരെ വയ്യ എന്‍റെ വീട്ടിലെ നമ്പറിലേക്ക് ഒന്നു വിളിക്കാമോ...”

    "ഓക്കെ" എന്നു പറഞ്ഞു എമര്‍ജന്‍സി ലൈറ്റ് വെട്ടത്തില്‍ ഫോണ്‍ എടുക്കാന്‍ തിരിഞ്ഞപ്പോള്‍ കബീറിന്റെ ബൈക്കിന്‍റെ ശബ്ദം. പെട്ടന്നു വിസിറ്റിംഗ് റൂമിന്‍റെ ഡോര്‍ പൂട്ടി താക്കോലെടുത്ത് കയ്യില്‍ പിടിച്ചു മെയിന്‍ ഡോര്‍ ലക്ഷ്യമാക്കി തിരിഞ്ഞു അതാ തൊട്ടു മുന്നില്‍ കബീര്‍ നില്‍ക്കുന്നു.

    “ഈ ഇത്താക്ക് ഇന്നെന്തു പറ്റി, കരന്റില്ല, എന്നിട്ടും മുന്‍ വാതില്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു. ഇന്നു കളി കാണാന്‍ പറ്റുമോ ആവോ” ടിവിക്കു മുന്നിലുള്ള കസേരയില്‍ ഇരുപ്പുറപ്പിച്ചു.

    റസിയ അടിമുടി ഒന്നു വിറച്ചു. രണ്ടു മൂന്നു നിമിഷത്തേക്ക് ഒന്നും ഉരിയാടിയില്ല. പിന്നെ ഒരു വിധത്തില്‍ ചോദിച്ചു. “നീ ഭക്ഷണം കഴിച്ചിട്ടുണ്ടോ?”

    ഇന്നു ഉമ്മ ബീഫ് ഉണ്ടാക്കി, അതു കഴിച്ചിട്ടാണ് ഞാന്‍ വരുന്നത്, എനിക്കൊന്നും വേണ്ട, ഇത്ത കിടന്നോളൂ, കരന്റ് വരുമോ എന്നു നോക്കട്ടെ. അവന്‍ സ്മാര്‍ട്ട്‌ ഫോണില്‍ ഫേസ്ബുക്ക് തുറന്നു ബിസിയായി.

    ആകെ വിഷമത്തിലായി റസിയ, കബീറിനോട് നടന്നതൊക്കെ തുറന്നു പറഞ്ഞാലോ, അവെനെന്താണ് വിചാരിക്കുക, സത്യം വിശ്വസിക്കണമെന്നില്ല, ഇക്ക ഇല്ലാത്ത നേരത്ത് താന്‍ കാമുകനെ വീട്ടില്‍ വരുത്തിയതാണെന്നു കരുതിയാലോ? ഗഫൂറിന്റെ സ്വഭാവം ആലോചിച്ചപ്പോള്‍ ഒന്നു കാളി.. വെട്ടൊന്ന് കഷ്ണം രണ്ട് എന്ന സ്വഭാവക്കാരനാണ്, ഏതായാലും കുറച്ചു നേരം കാക്കാം. കരന്റ് വന്നില്ലങ്കില്‍ കബീര്‍ പുറത്തു പോകുമെന്ന് റസിയക്കറിയാം, ആ സമയത്ത് അയാളെ ഇറക്കി വിടാം എന്നു കരുതി, പാവം വല്ലാതെ വിറക്കുന്നുണ്ടായിരുന്നല്ലോ. ഇപ്പോള്‍ ഒന്നും അവനോടു പറയണ്ട എന്നു തീരുമാനിച്ചു, ഒന്‍പത് മണിയായപ്പോള്‍ പ്രതീക്ഷക്ക് വിപരീതമായി കരന്റുവന്നു. കബീര്‍ ഫൈനല്‍ കാണുന്ന തിരക്കിലും. വിസിറ്റിംഗ് റൂം തുറക്കാന്‍ റസിയക്ക് ദൈര്യം വന്നില്ല.

    അവള്‍ ഒരു കാര്യം ശ്രദ്ധിച്ചു, പുറത്തു വരാന്‍ അയാള്‍ വാതിലില്‍ മുട്ടിയതേയില്ല. കളി കഴിയാതെ കബീര്‍ ഇനി അവിടെ നിന്നും എണീക്കില്ല, മിനുട്ടുകള്‍ക്കു മണിക്കൂറുകളുടെ ദൈര്‍ഘ്യമുണ്ടെന്നു തോന്നി റസിയക്ക്. കാത്തിരുന്നു ക്ഷീണിതയായി എപ്പോഴോ ഒന്നു മയങ്ങി. പെട്ടെന്ന് ഞെട്ടി എണീറ്റു ക്ലോക്കില്‍ നോക്കിയപ്പോള്‍ സമയം രാത്രി രണ്ടു മണി...!
ശബ്ദമുണ്ടാക്കാതെ വാതില്‍ തുറന്നു ഹാളിലെത്തി, കബീര്‍ കളി കഴിഞ്ഞു മുകളിലെ റൂമിലേക്ക്‌ ഉറങ്ങാന്‍ പോയിരിക്കുന്നു, സാവധാനത്തില്‍ ശബ്ദമുണ്ടാകാതെ വിസിറ്റിംഗ് റൂം തുറന്നു.

    അതിശയം തോന്നാതിരുന്നില്ല, താന്‍ മുറിയില്‍ നിന്നുമിറങ്ങുബോഴുള്ള അതെ സ്ഥലത്തു തന്നെ കാര്‍പെറ്റില്‍ ആ അക്ഞ്ഞാത്ത അജ്ഞാത യുവാവ് കിടക്കുന്നു, മെല്ലേ അരികില്‍ ചെന്നു വിളിച്ചു.

    “ഹലോ ഹലോ...” അയാള്‍ അനങ്ങുന്നില്ല, വീണ്ടും കുറച്ചു ഉച്ചത്തില്‍ വിളിച്ചു, പ്രതികരിക്കുന്നില്ല, അവളുടെ മനസിലൂടെ ഒരു കൊള്ളിയാന്‍ മിന്നി. പിന്നെ ഒന്നു തൊട്ടു കുലുക്കി വിളിച്ചു. അയാള്‍ കണ്ണ് തുറക്കുന്നില്ല, ഉണരുന്നില്ല.


    എന്‍റെ റബ്ബേ, സകല നാടികളിലും രക്തം കട്ടപിടിക്കുന്ന പോലെ, അനങ്ങാന്‍ പറ്റുന്നില്ല, തൊണ്ടയിലൂടെ ശബ്ദം പുറത്തു വരാതെയായി.

    അങ്ങനെ ആ യുവാവിന്‍റെ അടുത്ത് ജീവച്ചവം പോലെ എത്ര നേരമിരുന്നെന്നറിയില്ല, സുബോധം വന്നപ്പോള്‍ അയാളുടെ നെറ്റിയിലും കൈകളിലും തൊട്ടു നോക്കി, നല്ല തണുപ്പനുബവപെട്ടു.
മൂക്കിനു നേരെ വിരല്‍ വെച്ചു നോക്കി, ശ്വാസം നിലച്ചിരുക്കുന്നു. അതെ ആ സത്യം അറിഞ്ഞു റസിയ ഞെട്ടി. അയാള്‍ മരിച്ചു. ആ സത്യം ഓര്‍ക്കുംതോറും കൂടുതല്‍ കൂടുതല്‍ തളരാന്‍ തുടങ്ങി.

    ഇനിയെന്തു ചെയ്യും. ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല. ആരോട് പറയും, ആരും സത്യാവസ്ഥ മനസ്സിലാക്കില്ല. വലിയ കുടുക്കിലാണ് ചെന്നു പെട്ടതെന്ന് ആലോചിക്കും തോറും ആധി കൂടി വന്നു, പക്വത എത്താത്ത കബീറിന് എന്നെ സഹായിക്കാന്‍ പറ്റില്ല.

    ഇക്കാനോട് എന്തു പറഞ്ഞാലും സംശയത്തിന്‍റെ ഒരു നൂറു നൂറു ച്യോദ്യങ്ങള്‍ അതെങ്ങനെ നേരിടും എന്നാലോചിച്ചു ആകെ വിഷമത്തിലായി. ആത്മഹത്യ ചെയ്താലോ എന്നു പോലും ചിന്തിച്ചു. അപ്പോഴും താന്‍ തെറ്റുകാരി തന്നെ. കുടുംബത്തിലും നാട്ടിലും പല കഥകള്‍ പ്രചരിക്കും. മകന്‍റെ ഭാവി...! ഇക്കാന്റെ ജീവിതം...

    പൊന്നു പോലെ നോക്കിയിരുന്ന ഇക്ക ഇനി നാട്ടുകാരുടെ മുന്നിലും കുടുംബത്തിലും തല കുനിച്ചു നടക്കേണ്ട അവസ്ഥ. വയ്യ.... വയ്യ.... ആത്മഹത്യ ചെയ്യാന്‍ പാടില്ല, എങ്ങനെയെങ്കിലും ഈ പ്രതിസന്ധി തരണം ചെയ്തേ മതിയാവൂ.

    ചിന്ത മറ്റൊരു വഴിയിലൂടെ സഞ്ചരിച്ചു, ബഷീര്‍ക്കക്ക് എന്നെ സഹായിക്കാന്‍ പറ്റുമോ ?

    തന്നോടപ്പം മദ്രസ്സയിലും പത്താം ക്ലാസ് വരേയും ഒരുമിച്ചു പഠിച്ചിരുന്ന സുഹൃത്ത്. ഇപ്പോഴും നല്ല കുടുംബ സുഹൃത്ത്, ഇടക്കിടക്ക് വീട്ടില്‍ വരാറുണ്ട്, ഫോണ്‍ ചെയ്യാറുണ്ട്, മകന്‍റെ പഠിപ്പിനെപറ്റി അന്വഷിക്കാറുണ്ട്, നല്ല സ്നേഹത്തോടെയുള്ള പെരുമാറ്റം, അയാള്‍ സഹായിക്കുമോ ? കുറേ നേരത്തെ ആലോചനക്കു ശേഷം ഒന്നു മനസ്സില്‍ തീരുമാനിച്ചുറച്ചു. ആരോടെങ്കിലും ഈ കാര്യം പറഞ്ഞേ തീരു.

    ഒരു ഊര്‍ജ്ജം സ്വയം കൈവരിച്ച പോലെ തോന്നി. കിഴക്ക് വെള്ള കീറി തുടങ്ങിയിരിക്കുന്നു. അങ്ങു അകലെ അമ്പലത്തില്‍ നിന്നും പ്രഭാത ഗീതം കേള്‍ക്കുന്നുണ്ട്. പള്ളിയില്‍ നിന്നും ബാങ്കു വിളി ഉയര്‍ന്നു.
ഉടനെ ബെഡ് റൂമില്‍ പോയി അലമാര തുറന്നു ഒരു വലിയ ബെഡ്ഷീറ്റ് കൊണ്ടുവന്നു, പിന്നെ ഒരു വിധത്തില്‍ അപരിചതന്റെ ശരീരം വലിച്ചു സോഫക്കു പിറകു വശത്തെത്തിച്ചു. ആ വലിയ ബെഡ് ഷീറ്റ് സോഫയടക്കം ശരീരം മൂടുന്ന രീതിയില്‍ ഇട്ടു. അയാള്‍ കിടന്നിരുന്ന കാര്‍പെറ്റ് ശരിയാക്കി, ടീപ്പോയി നേരെ വച്ചു എല്ലാം പഴയ രീതിയില്‍ തന്നെയാക്കി.
ഒറ്റ നോട്ടത്തില്‍ ആരെങ്കിലും കണ്ടാല്‍ മഴയായതു കൊണ്ടു ഈറന്‍ ഉണങ്ങാന്‍ ഒരു ബെഡ്ഷീറ്റ് സോഫക്കു മുകളില്‍ വിരിച്ചിരിക്കുകായാണെന്നേ തോന്നുകയുള്ളൂ.

    കളി കണ്ടു ലേറ്റായി കിടന്നതു കാരണം കബീര്‍ എണീക്കാന്‍ എട്ടു മണിയായി.. ഇന്നു കോളേജില്‍ പോകാന്‍ നേരം വൈകി എന്നു പറഞ്ഞു പെട്ടെന്നു തന്നെ പോയി.

    കബീര്‍ പോയ ഉടനെ ഫോണെടുത്തു ബഷീറിനെ വിളിച്ചു.


   'ഹലോ... 'ഹലോ.. ബഷീര്‍ക്കയല്ലേ...’

   'അതെ... 'ഇത് റസിയയാണ്.

    “മനസ്സിലായി... 'എന്തേ..?”

    'ഒന്നു വീട് വരെ വരുമോ? “എനിക്കൊരു കാര്യം പറയാനുണ്ട്”

    “പറഞ്ഞോളൂ...”

    “അത് ഫോണില്‍ പറയാന്‍ പറ്റില്ല. ഒന്നിവിടെ വരെ വരൂ..”

    “ഞാന്‍ അതിരാവിലെ ടൌണില്‍ വന്നതാണ്.'ഒരു സ്നേഹിതന്റെ മകളുടെ സ്കൂള്‍ അഡ്മിഷന്‍ കാര്യത്തിന്, മൂന്ന് മണിയാകും നാട്ടിലെത്താന്‍. എത്തിയാല്‍ ഉടനെ വരാം.”

    പിന്നെ ഒന്നും പറയാന്‍ പറ്റിയില്ല. ഫോണ്‍ കട്ടു ചെയ്തു. ഇന്നലെ വൈകുന്നേരത്തിനു ശേഷം ഒരു ജലപാനവും നടത്തിയിട്ടില്ലായിരുന്നു. വിശപ്പ്‌ ഉണ്ടോ ഇല്ലയോ എന്നു അറിയാത്ത അവസ്ഥ. ഒരു ഗ്ലാസ് വെള്ളം കുടിച്ചു, നില്‍ക്കാനും ഇരിക്കാനും പറ്റാത്ത ഒരവസ്ഥ.


    മൊബൈല്‍ ബെല്ലടിക്കുന്നു, മകനാണ്. ഇന്നു കോളേജില്‍ സമരമാണ്. പറ്റിയാല്‍ വരാം എന്നു പറഞ്ഞു. ആകെ ഒരു മരവിപ്പ്. മകന്‍റെ ഫോണ്‍ വന്നാല്‍ വാ തോരാതെ സംസാരിക്കുന്ന ആളാണ്. ഉമ്മാ ഒന്നും സംസാരിക്കാതായപ്പോള്‍ മകന്‍ ചോദിച്ചു.

    “എന്തു പറ്റി ഉമ്മാക്ക്..?”

    “ഒന്നുമില്ല രാവിലെ മുതല്‍ തലവേദന. അതാണ്‌..”

    'ഓക്കെ. എങ്കില്‍ ഉമ്മ റസ്റ്റ്‌ എടുത്തോളൂ. ഞാന്‍ ഒരു ദിവസത്തിനായി വരുന്നില്ല..' ഞാന്‍ വന്നാല്‍ ഭക്ഷണം ഉണ്ടാക്കലുമൊക്കെയായി ഉമ്മാക്ക് റസ്റ്റ്‌ കിട്ടില്ല. ഞങ്ങള്‍ സുഹൃത്തുക്കള്‍ എല്ലാവരും കൂടി ചേര്‍ന്നു ഒരു സിനിമക്ക് പോകണമെന്ന് കരുതുന്നു... "ബേഗ്ലൂര്‍ ഡെയ്സ്" ഓക്കെ ഉമ്മാ ഞാന്‍ നാളെ വിളിക്കാം....!

    ഒന്നും തലയില്‍ കയറുന്നുണ്ടായിരുന്നില്ല....!

    പന്ത്രണ്ടു മണിയായപ്പോള്‍ ഇക്ക വിളിച്ചു. ബേഗ്ലൂരില്‍ നിന്നും പുറപെട്ടു, വൈകീട്ട് ഏഴ് മണിയാകുമ്പോള്‍ വീട്ടിലെത്തുമെന്നറിയിച്ചു.
പിന്നേയും കാത്തിരിപ്പിന്‍റെ മണിക്കൂറുകള്‍. ബഷീര്‍ തന്നെ സഹായിക്കുമെന്ന് തന്നെയായിരുന്നു അവളുടെ വിശ്വാസം.മൂന്നു മണിയായപ്പോള്‍ ബഷീര്‍ എത്തി, റസിയ കാര്യങ്ങളൊക്കെ വിശദമായി പറഞ്ഞു. എങ്ങിനെയെങ്കിലും രക്ഷിക്കണം എന്നു കേണപേക്ഷിച്ചു. ബഷീറിന്റെ മനസ്സിലെ ചെകുത്താന്‍ സടകുടഞ്ഞെണീറ്റു.

    “ഞാന്‍ സഹായിക്കാം.'പക്ഷേ... കുട്ടിക്കാലം മുതലേയുള്ള എന്‍റെ ഒരാഗ്രഹമാണ് റസിയ കുറച്ചു നേരത്തേക്കെങ്കിലും എന്റേതു മാത്രമായി തീരണമെന്നു. 'പറയൂ റസിയാ... നിന്നെ എനിക്ക് അത്രക്ക് ഇഷ്ട്ടമാണ്. എന്‍റെ ആഗ്രഹം നീ സാധിച്ചു തരില്ലേ...?


    റസിയ ഞെട്ടിപ്പോയി. ബഷീര്‍ പറയുന്നത്, ഇത്ര കാലം ഞാന്‍ കാത്തു സൂക്ഷിച്ചിരുന്ന ജീവിത ശുദ്ധി ഈ പിശാചിന്റെ മുന്നില്‍ അടിയറ വെക്കുകയോ..? പിന്നെന്തിനു ജീവിച്ചിരിക്കണം...!

    ഇത്രത്തോളം മാംസ കൊതിയനെ ആയിരുന്നോ ഇതുവരെ എന്‍റെ ആത്മസുഹൃത്തായി കണ്ടിരുന്നത്‌. ഓരോ അവസരങ്ങള്‍ വരുമ്പോഴാണ് മനുഷ്യന്‍റെ തനി സ്വഭാവം പുറത്തു വരുന്നത്. "യാഅല്ലാഹ്" ഇതെല്ലാം നിന്‍റെ സൃഷ്ട്ടികള്‍ തന്നെയല്ലയോ ?

    ഒന്നും പറയാതെ റസിയ തലയില്‍ കൈയ്യും വെച്ചു ഇരുപ്പായി. ബഷീറിനു പ്രദീക്ഷ കൂടി വന്നു, തൊട്ടടുത്തെത്തി അവളുടെ കൈ പിടിച്ചു. പെട്ടെന്നു സര്‍വ്വശക്തിയും സംഭരിച്ച് കുതറി ഒരാക്രോശവുമായി അവനെ തള്ളി നിലത്തിട്ടു.

    നീയെങ്ങനെ ഇത്ര ക്രൂരനായി മനസ്സിലിരുപ്പ് കൊള്ളാം. ഇത്രയും കാലം നീ എന്നെ ഈ കണ്ണു കൊണ്ടാണ് കണ്ടിരുന്നത്‌ അല്ലെ..? ശൈത്താനാണ് നീ.. പോ... എന്‍റെ മുന്നില്‍ നിന്ന്... എനി ഒരിക്കലും എന്‍റെ മുന്നില്‍ വന്നു പോകരുത്... എന്നെ ഒരു കൊലപാതകി ആക്കരുത്... പോ..... പോ ......

    ഗഫൂറിനോട് എല്ലാം പറയും എന്നു പേടിപ്പിച്ചിട്ടാണ് ബഷീര്‍ പോയത്.ഇനി എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചിരുന്നു നേരം പോയതറിഞ്ഞില്ല.

   നിറുത്താതെയുള്ള കോളിംഗ് ബെല്ലിന്‍റെ ശബ്ദം. രാത്രി ആയിരിക്കുന്നു. വാതില്‍ തുറന്നതും കൈയ്യില്‍ കുറേ പൊതികളുമായി ഗഫൂര്‍ മുന്നില്‍.

    'ഞാന്‍ കരുതി കരന്റില്ലാ എന്ന്.... ഉമ്മറത്ത് ലൈറ്റിട്ടില്ല... ഗേറ്റ് ലൈറ്റും ഇട്ടിട്ടില്ല.... നിനക്കിതെന്തു പറ്റി..?’

    തല താഴ്ത്തിക്കൊണ്ടവള്‍ പറഞ്ഞു “നല്ല തലവേദന ഒന്നു മയങ്ങിപ്പോയി.”
'ഈ നേരത്ത് നീ കിടക്കാത്തതാണല്ലോ. സ്നേഹത്തോടെ ആലിംഗനം ചെയ്തു നെറുകയില്‍ ഒരുമ്മ കൊടുത്തു കൊണ്ടു പറഞ്ഞു.

    “നീ ഭക്ഷണം എടുത്തു വെക്ക്.. ഞാനൊന്ന് ഫ്രഷ്‌ ആയി വരാം...”

    തലേന്ന് രാത്രി ഉണ്ടാക്കിയ ചപ്പാത്തിയും കറിയും ചൂടാക്കി അവള്‍ മേശപ്പുറത്തുവച്ചു.

**************************

    "ഞാനാരേയും കൊന്നിട്ടില്ലേ... ഞാന്‍ നിരപരാതിയാണ്‌.... ഞാന്‍ നിരപരാതിയാണ്‌... എന്നെ രക്ഷിക്കൂ... എന്നെ രക്ഷിക്കൂ...”

    നിറുത്താതെയുള്ള നിലവിളി കേട്ടുകൊണ്ടാണ് ഗഫൂര്‍ ഉറക്കത്തില്‍ നിന്നും എണീറ്റത്.

    "റസിയാ... റസിയാ... റസിയാ..." ഗഫൂര്‍ കുലുക്കി വിളിച്ചു.

    “നിന്നോട് എത്ര പ്രാവശ്യം പറഞ്ഞതാ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഉള്ള "ദുആ" ചൊല്ലി കിടക്കണമെന്ന്... ഈ പാതിരാത്രിക്ക്‌ പിച്ചും പേയും പറഞ്ഞ് മനുഷ്യനെ പേടിപ്പിക്കാന്‍...”

    റസിയ സ്തംഭിച്ചു പോയി... ചാടി എണീറ്റു കട്ടിലില്‍ നിന്നിറങ്ങി വിസിറ്റിംഗ് റൂമിലേക്കോടി. അവിടെ ആരുമില്ല... ആ അപരിചിതന്റെ ശരീരവുമില്ല !

    “നിനക്കിതെന്തുപറ്റി?”

    തിരിഞ്ഞു നോക്കിയപ്പോള്‍ ഗഫൂര്‍ തന്‍റെ മുന്നില്‍ നില്‍ക്കുന്നു...!
അവള്‍ ആ മാറിലേക്ക്‌ തല ചായ്ച്ചു ഒരു പൊട്ടിക്കരച്ചിലായിരുന്നു.....

https://www.facebook.com/isakkisam?ref_type=bookmark




Tuesday, December 02, 2014

"കുടുംബം"

അസ്സലാമുഅലൈക്കും പ്രിയരേ...! ഇന്നു സുബിഹി നമസ്കാരത്തിന് ശേഷം ഞാനും ശുകൂര്‍ സാഹിബും സാദിഖ്‌ സാഹിബും പള്ളിയില്‍ നിന്ന് വരുമ്പോള്‍ ഉണ്ടായ ഒരു തമാശ ഇവിടെ പങ്കുവെക്കാം..! ശുകൂര്‍ സാഹിബ് പറയാന്‍ തുടങ്ങിയപ്പോള്‍ തന്നെ ചിരിക്കുന്നുണ്ടായിരുന്നു..! മറ്റൊരു സുഹൃത്ത് നാട്ടില്‍ നിന്ന് വന്നതാണ് ഫാമിലിയൊക്കെ നാട്ടിലുമാണ്..! കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ പെട്ടന്ന് സംസാരിക്കുന്ന പ്രകൃതക്കാരനായിരുന്നു..! മറ്റു സുഹൃത്തുക്കളോടോത്തു നില്‍ക്കുമ്പോള്‍ കുടുംബം വന്നിട്ടുണ്ട് എന്ന് പറഞ്ഞു പെട്ടന്ന് പോയി..! ഈ വിവരം കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ അവരുടെ ഭാര്യമാരോട് പറയുകയും ചെയ്തു..! ഇപ്പോള്‍ അടുത്തു തന്നെ മകളുടെ കല്യാണം കഴിഞ്ഞതുമാണ്..! പിന്നെ എല്ലാവരും വീട്ടിലേക്കു ഫോണ്‍ വിളിയായി..! മറുതലക്കല്‍ ആരും അറ്റെന്റ് ചെയ്യുന്നുമില്ല..! അന്നു വൈകുന്നേരം ഇശാ നമസ്കാരത്തിനു ശേഷം വീണ്ടും സുഹൃത്ത് ഇദ്ദേഹത്തെ കണ്ടു ചോദിച്ചു..? "കുടുംബം" എന്ന് പറഞ്ഞു തുടങ്ങുമ്പോഴേക്കും പുള്ളി ഇടയില്‍ കയറി പറഞ്ഞു..! അതെ വന്നിട്ടുണ്ട് വീട്ടിലേക്കു വാ.. പെട്ടെന്ന് വിറ്റ് തീര്‍ക്കണം...! സുഹൃത്ത് ആകെ കണ്‍ഫ്യൂഷന്‍ ആയി..! പിന്നീടാണ് കാര്യം പിടികിട്ടിയത്, അത് "കുടുംബ" മാസികയായിരുന്നു എന്ന്..!!! എങ്ങനെയുണ്ട്..? ചിരിവന്നോ അതോ ചളി ആയോ..!! ഞാനേതായാലും കുറേ ചിരിച്ചു..!!