Saturday, May 31, 2014

"കളിയാട്ടം"



ഇത് മലപ്പുറം ജില്ലയിലെ മഹാ ഉത്സവം തന്നെ.... തൃശൂര്‍ പൂരത്തിനെ പോലും വെല്ലുന്ന ജനക്കൂട്ടം... രാവിലെ തുടങ്ങിയ കുത്തൊഴുക്ക് പാതിരാത്രി വരെ നീളുന്നു, റോഡുകളൊക്കെ ബ്ലോക്കാണ്...!  ചെമ്മാട് മുതല്‍ റോഡിന്‍റെ ഇരു വശവും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നു...!  ഈ ഉത്സവം തുടങ്ങിയ കാലം മുതല്‍ ഈ സ്ഥലം കളിയാട്ട മുക്ക് എന്ന ഓമന പേരില്‍ അറിയപ്പെടുന്നു.


ഇത് മലപ്പുറത്തിന്റെ ഒരു വിത്തു ഉത്സവം തന്നെ ...! ഇവിടെ രണ്ടു ദിവസം മുന്‍പു തന്നെ താല്‍ക്കാലിക സ്റ്റാളുകള്‍ കൂണ്‍ പോലെ മുളച്ചു വരും....!
ഇവിടെ കിട്ടാത്ത വിത്തുകളോ  ചെടികളോ, ഫലവൃക്ഷ തൈകളോ വിരളം...! ചേന , ചേമ്പ് , കാവുത്ത് , വെള്ളരി , പടവലം , കൈപ്പ , വൈതന തുടങ്ങി എല്ലാ പച്ചക്കറികളുടെയും മേല്‍ത്തരം വിത്തുകള്‍ ഇവിടെ ലഭിക്കും...! പഴമക്കാര്‍ക്ക് ഒരു പറച്ചിലുണ്ട് , കളിയാട്ടമാവട്ടെ എന്നിട്ട് വേണം കൃഷി ഒന്നു ഉഷാര്‍ ആക്കാന്‍ ,  ഉത്സവത്തിന് വന്നു പോകുന്ന എല്ലാവരുടെ കൈയ്യിലും തൈകളും വിത്തുകളും കാണാം. 



പാടത്തും പറമ്പിലും പണിയെടുക്കുന്ന സാദാരക്കാരുടെ , പാവങ്ങളുടെ ഉത്സവം തന്നെ ഇത്. തെങ്ങിന്‍ കുരുത്തോലകള്‍ കൊണ്ടു പൊയ്കുതിരകള്‍ കെട്ടിയുണ്ടാക്കി പാട്ടും ഡാന്‍സുമായി വീട് വീടാന്തരം കയറി ഇറങ്ങി കളിയാട്ടത്തിന്റെ വരവറിയിക്കും, മുന്‍പൊക്കെ എന്‍റെ കുട്ടിക്കാലത്ത് ഒരു പത്തു ദിവസം മുന്‍പെങ്കിലും തുടങ്ങുമായിരുന്നു ഈ കുതിര കളികള്‍, ഇപ്പോള്‍ അതു ഒന്നോ രണ്ടോ ദിവസത്തില്‍ ഒതുങ്ങി...!



കുരുത്തോലകള്‍ കൊണ്ടുണ്ടാക്കിയ കുതിരകള്‍ ചുമലിലേറ്റി ആയിരുന്നു മുന്‍പു കാല്‍നടയായി വന്നിരുന്നത്...!  ഇപ്പോള്‍ ഗുഡ്സ് ഓട്ടോ യിലായി കുതിരകളുടെ സ്ഥാനം. കളിയാട്ട ഉത്സവത്തിനെ തലേന്ന് വകുന്നേരം ഒരു വമ്പന്‍ കുതിരയുടെ വരവുണ്ടാകും, മൂന്നാള്‍ പൊക്കത്തില്‍ കെട്ടിയുണ്ടാക്കിയ ഈ കുതിരക്ക്  മൂക്കു കയറും കാണാം... നാലാള്‍ വേണം ഈ കുതിരയെ പൊക്കാന്‍ , രണ്ടു സൈഡില്‍ നിന്നും ഈ കയറിലാണ് കുതിരയെ നിയന്ദ്രിക്കുന്നത്, ഇത് കാണാന്‍ അങ്ങാടിയില്‍ എല്ലാവരും ഒത്തുകൂടും ... ആ ജനത്തിരക്കില്‍ വലിയ ആളുകളുടെ കാലുകള്‍ ക്കിടയിലൂടെ നുഴഞ്ഞു കയറി മുന്നില്‍ സ്ഥാന മുറപ്പിക്കുമായിരുന്നു കുട്ടിക്കാലത്ത്....! 

കളിയാട്ട ഉത്സവം അവസാനിക്കുന്ന ദിവസം പാട്ടും ഡാന്‍സുമായി അടുത്തുള്ള എല്ലാ ചെറു ഗ്രാമങ്ങളില്‍ നിന്നും ഈ പൊയ് കുതിരകളുമായി ദേവീ ക്ഷേത്രത്തില്‍ രാവിലെ ഒത്തുകൂടും ...! പിന്നെ ചെണ്ട മേളങ്ങളുടെ അകമ്പടിയോടെ തിമിര്‍ത്താടി ഈ കുതിരകളെല്ലാം തച്ചുടക്കും...! അന്നു മഴ തിമിര്‍ത്തു പെയ്യുമെന്നും ദേവി ആഹ്ലാതത്തോടെ ചെളിയില്‍ കുളിച്ചു ഡാന്‍സ് ചെയ്യുമെന്നാണ് ഐതിഹ്യം...!   



മുന്‍പ് ഉള്ളതിലും കൂടുതല്‍ ഒരു പുരോഗതി കണ്ട കാര്യം പറയാതെ വയ്യ... മുന്‍പൊക്കെ മുതിര്‍ന്നവര്‍ പാത്തും പതുങ്ങിയുമാണ് കള്ളുകുടിച്ചിരുന്നത് , ഇപ്പോള്‍ അതു കുട്ടികളിലേക്ക് വരെ പടര്‍ന്നിരിക്കുന്നു... റോഡ്‌ സൈഡില്‍ ബൈക്കിലും, നിറുത്തിയിട്ട ഓട്ടോയിലും ഒക്കെ ഇരുന്നു പബ്ലിക്കായി കള്ളുകുടിക്കുന്നവരെ കാണാം... കളിയാട്ടത്തിന് കള്ളുകുടിച്ചില്ലെങ്കില്‍ എന്തോ ഒരു കുറച്ചില്‍ പോലെയാണ് ഇപ്പോഴത്തെ ചെറുപ്പക്കാരുടെ മനോഭാവം... ജോലി ചെയ്തു ഉണ്ടാക്കുന്ന കാശില്‍ പകുതിയിലേറെയും ബീവറേജസ് തട്ടിയെടുക്കുന്നു...!  ഈ പ്രവണത മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ....! മദ്യം പൂര്‍ണമായും നിറുത്തലാക്കുന്ന ഒരു സംസ്ഥാനമായി കേരളം മാറണം, മാറ്റങ്ങള്‍ അനിവാര്യമാണ് ... ! നമ്മുടെ സര്‍ക്കാര്‍ എത്രത്തോളം ഈ കാര്യം ഗൌനിക്കുമെന്നു നോക്കാം ..! 

വീട്ടില്‍ നിന്ന് റേഷനരി വാങ്ങാന്‍ പോകാന്‍ പറഞ്ഞാല്‍ വരി നില്‍ക്കാന്‍ മടികാണിക്കുന്ന പുതിയ തലമുറ , വളെരെ അച്ചടക്കത്തോടെ ബീവറേജസിനു മുന്നില്‍ വരി നില്‍ക്കുന്നത് ഒരു കൌതുക കാഴ്ച്ച തന്നെ...!  ഭഹളങ്ങളില്ലാതെ അടിപിടിയുണ്ടാക്കാതെ തലയും താഴ്ത്തി ഭൂമിയിലെ മണ്‍ തരികള്‍ എണ്ണി നില്‍ക്കുന്ന യുവത്വം...! നമ്മുടെ മലയാളികള്‍ക്ക് പൊതുവേ ക്ഷമ കുറവാണെന്ന് പറയുന്നതില്‍ കാര്യമില്ല...!

ജനനത്തിനും , മരണത്തിനും , കല്യാണത്തിനും , വീട് താമസത്തിനും , വണ്ടി വാങ്ങിയാലും , വണ്ടി വിറ്റാലും എന്നു വേണ്ട ഏതു ചെറിയ കാര്യത്തിനും മദ്യം വേണം എന്ന രീതി മാറി നമ്മുടെ രാജ്യത്തിന്‍റെ ഉയര്‍ച്ചക്കും പുരോഗതിക്കും ഉതകുന്ന ഒരു പുതിയ തലമുറ ഉയര്‍ന്നു വരട്ടെ......! 









Tuesday, May 27, 2014

"കഥയിലെ സംശയം"

ഒരു കഥ പറയാം ഇതു
ഞാന്‍ ഉണ്ടാക്കിയ കഥയലെന്നു ആദ്യമേ പറയട്ടെ
കഥ വയിച്ചപോള്‍ ഉണ്ടായ സംശയം നിങ്ങളുമായി
പങ്കുവെക്കുന്നു എന്ന് മാത്രം ....!

ദൈവത്തിന്‍റെ സര്‍വ്വശക്തിയെ പരിശോധിക്കാന്‍ സാത്താന്‍
ഒരിക്കല്‍ ഒരു ചോദ്യവുമായി ദൈവത്തിനുമുന്‍പില്‍ എത്തി... ?

തനിക്കുതന്നെ എടുത്തുപൊക്കാന്‍ കഴിയാത്ത ഒരു കല്ല് സൃഷ്ടിക്കാന്‍
ദൈവത്തിനു് കഴിയുമോ എന്നതായിരുന്നു ചോദ്യം... ?

സ്വയം നിര്‍മ്മിച്ച പാറക്കല്ലിനെ എടുത്തുപൊക്കാന്‍
കഴിഞ്ഞില്ലെങ്കില്‍ ദൈവം സര്‍വ്വശക്തനല്ലെന്നു് വരും... !
എടുത്തുപൊക്കാന്‍ കഴിഞ്ഞാല്‍
കല്ലിനെ വേണ്ടത്ര വലിപ്പത്തില്‍ സൃഷ്ടിക്കാന്‍
കഴിയാത്തതുകൊണ്ടും സര്‍വ്വശക്തനല്ലെന്നു് വരും... !

ദൈവം സര്‍വ്വശക്തന്‍ ആയിരിക്കുമല്ലേ....?

ഇതും ഏതോ ഒരു മനുഷ്യ ഭാവനയില്‍ വിരിഞ്ഞത് തന്നെ... !

സര്‍വ്വശക്തനെ സഹായിക്കാന്‍ നിങ്ങള്‍ക്കാവുമെങ്കില്‍
ഈ ചോദ്യത്തിന്നു ഒരു ഉത്തരം തരാന്‍
ആവുമെങ്കില്‍ .....!  ഇതിനു താഴെ ഉത്തരങ്ങള്‍ പ്രദീക്ഷിക്കട്ടെ ....!


Friday, May 23, 2014

"ഞാന്‍ ഉസ്മാനാണേ"

കളിക്കളം ... ഇത്കള്ളന്മാരുടെ  കളിക്കളം... വര്‍ഷങ്ങള്‍ക്കു മുന്‍പു എന്‍റെ നാട്ടില്‍ നടന്ന ഒരു ചെറിയ രസകരമായ  സംഭവ കഥ... !

ചെട്ടിപ്പടി , കൊടക്കാട്,തയ്യിലക്കടവ്,ഉള്ളണം,പരപ്പനങ്ങാടി പ്രദേശങ്ങളില്‍ കള്ളന്മാരുടെ ശല്യം അതി രൂക്ഷമായിരിക്കുന്നു ... പരപ്പനങ്ങാടി പോലീസ് സ്റ്റേഷനില്‍ പരാതികളുടെ കൂമ്പാരം, പോലീസ് പലതും പറഞ്ഞു കൈ മലര്‍ത്തി, പേരിനൊരു നൈറ്റ് പെട്രോള്‍ നടത്തും... അത്ര തന്നെ,

മോഷണ പരമ്പര തുടര്‍ന്നു കൊണ്ടിരുന്നു... ! അതിലതികവും പൂട്ടിക്കിടക്കുന്ന പാവം പ്രവാസികളുടെതായിരുന്നു... !!

വിലപിടുപ്പുള്ള സാദനങ്ങള്‍ ഒന്നും കിട്ടിയില്ലങ്കിലും വീടിന്‍റെ ഡോറും അലമാരയുമെല്ലാം കുത്തി തുറന്നു നാശ നഷ്ട്ടങ്ങള്‍ വരുത്തികൊണ്ടിരുന്നു ഈ കള്ളന്മാര്‍.

ആയിടക്കാണ് എന്‍റെ തറവാട്ടു വീട്ടിലും കള്ളന്‍ കയറിയത്.. !

ഞങ്ങള്‍ മൂന്ന് ആണ്‍ മക്കളും പ്രവാസികള്‍ തന്നെ ... ! 

ഉമ്മപെങ്ങളുടെ വീട്ടില്‍ പോയതായിരുന്നു... രാവിലെ മില്ലില്‍ പൊടിക്കാന്‍ വന്ന ആരോ ആണ് കണ്ടത് , വീട്ടിലെ മെയിന്‍ ഡോര്‍ തുറന്നു കിടക്കുന്നു...  ബെല്ലടിച്ചിട്ടു ആരും പുറത്തേക്ക് വരുന്നുമില്ല ... ഡോര്‍ ലോക്ക് പൊട്ടിച്ചത് പിന്നെയാണ് അവരുടെ ശ്രദ്ധയില്‍ പെട്ടത്.. പിന്നെ ഉടനെ ഉമ്മാനെ ഫോണ്‍ ചെയ്തു വരുത്തി, ഉമ്മ എത്തുമ്പോഴേക്കും പരപ്പനങ്ങാടി സ്റ്റേഷനില്‍ നിന്നും പോലീസുകാരും എത്തി... ഉമ്മയും പെങ്ങന്മാരും അളിയനും കൂടി അകത്തു കയറി പരിശോദിച്ചു... ! 

വില പിടിപ്പുള്ളതോന്നും വീട്ടില്‍ ഉണ്ടായിരുന്നില്ല ... !

എങ്കിലും അലമാരകളെല്ലാം കുത്തി തുറന്നിരിക്കുന്നു... വസ്ത്രങ്ങള്‍ എല്ലാം വാരി പുറത്തിട്ടിരിക്കുന്നു.... എല്ലാ മുക്കും മൂലയും അരിച്ചു പെരുക്കിയിരിക്കുന്നു...!

ഇതില്‍ ഒരു പ്രത്യേകത എന്തെന്നാല്‍ സ്റ്റോര്‍ റൂമില്‍ ഉള്ള അരിച്ചാക്ക് മുഴുവന്‍ നിലത്തു ചെരിഞ്ഞിരിക്കുന്നു ... മുളക് പൊടി.. മല്ലിപ്പൊടി,കടുക്,ജീരകം,പരിപ്പുകള്‍ ഇവയെല്ലാം ഇട്ടിരിക്കുന്ന ചെറിയ ടിന്നുകള്‍ ക്കുള്ളിലെല്ലാം തിരഞ്ഞിരിക്കുന്നു .... ഒന്നുകില്‍ അലമാരയുടെ ചാവി... അല്ലെങ്കില്‍ മറ്റു വില പിടിപ്പുള്ള എന്തെങ്കിലും ... ഒരു കാര്യം എല്ലാവരും ശ്രദ്ദിക്കുമല്ലോ ....!

കള്ളന്മാര്‍ നോക്കില്ല എന്നു കരുതി ചപ്പു ചവറിലും, മറ്റു നിസ്സാര സ്ഥലങ്ങളിലും വിലപിടിപ്പുള്ള സാദനങ്ങള്‍ ഒളിപ്പിച്ചു വെക്കരുത്... ഇപ്പോഴത്തെ കള്ളന്മാര്‍ ആദ്യം തിരയുന്നത് ഇത്തരം സ്ഥലങ്ങളിലാണ്.

ഇതിനിടയില്‍ മറ്റൊരു സംഗതി പറയാന്‍ വിട്ടു... വീട് നിറയെ ജനനിപിടമാണ്..!  
പോലീസുകാര്‍ എന്തൊക്കെയോ കുത്തി കുറിക്കുന്നു...! 

ഉമ്മ വന്നു പോലീസുകാരോട് പറഞ്ഞു .. ! 
"വിലപിടിപ്പുള്ളതൊന്നും പോയിട്ടില്ല..." 

കള്ളനു വിശന്നിട്ടുണ്ടാവും , ഫ്രിഡ്ജില്‍ ഉള്ള പഴയ ചോറും,കറിയും , ഫ്രൂട്സും കഴിച്ചതിന്‍റെ അവശിഷ്ട്ടങ്ങള്‍ ടേബിളില്‍ കാണാം ... ! 

നാട്ടിലെ റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരനായ ഒരു ബ്രോക്കര്‍ പോലീസുകാരോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്... കുറച്ചു കഴിഞ്ഞു അളിയെന്റടുത്തു വന്നു പറഞ്ഞു ഒരു ചുകന്ന ഗാന്ധി കൊടുക്കണം പോലീസുകാര്‍ക്ക്...!  
കാര്യങ്ങളെല്ലാം ഒന്ന് സ്പീഡ് ആക്കാനാണ് , ഒന്നും നഷ്ട്ടപെട്ടില്ലങ്കിലും നാട്ടു നടപ്പാണ് എന്നു പറഞ്ഞു ആ ബ്രോക്കര്‍ ഒരു ചുവന്ന ഗാന്ധി വാങ്ങി പോലീസിനു കൊടുത്തു പോലും...! 

അടുത്ത ദിവസം ഞാന്‍ ഗള്‍ഫില്‍ നിന്ന് വിളിച്ചപ്പോള്‍ ഈ ഗാന്ധി കഥയും പറഞ്ഞു ഉമ്മ :) അളിയന്‍റെ പോകറ്റില്‍ നിന്ന് ഒരു ചുകന്ന ഗാന്ധി കുറഞ്ഞതു മിച്ചം, ഡോറും അലമാരയും നന്നാക്കാന്‍ വേറെയും കുറച്ചു ചുകന്ന ഗാന്ധി വേണ്ടി വന്നു... ! പിന്നീടങ്ങോട്ട് ഇന്ന് വരെ ഉമ്മ അലമാര പൂട്ടിയിട്ടില്ലത്രേ പുറത്തു പോകുമ്പോള്‍. :)

വേറെ രസമുള്ള ഒരു കാര്യം നാട്ടില്‍ ഒരു ഗൂര്‍ക്ക ഉണ്ടായിരുന്നു...!

ഒന്നാം തിയതി ആയാല്‍ പരപ്പനങ്ങാടി മുതല്‍ ആനങ്ങാടി വരെ റോഡ്‌ അരികില്‍ താമസിക്കുന്ന വീടുകളില്‍ നിന്ന് 25 രൂപ മാസപ്പിരിവ് നടത്തുന്നതും രാത്രിയില്‍ പേരിനു ഒന്നു സൈക്കിളില്‍ കറങ്ങുന്നതും ആണ് ഈ ഗൂര്‍ക്കയുടെ ഹോബി...! കള്ളന്മാരുടെ ശല്യം കൂടിയപ്പോള്‍ പുള്ളി നാട്ടില്‍ ലീവിനു പോയത്രേ... :) 

"കള്ളന്മാരുടെ വിളയാട്ടം തുടര്‍ന്നു കൊണ്ടിരുന്നു.... !  നാടെങ്ങും ഭീതിയില്‍ തന്നെ ...! ഇന്നിവിടെ ഇന്നലെ ഉള്ളാണത്ത് മിനിഞ്ഞാന്ന് മറ്റൊരിടത്ത് എന്നിങ്ങനെ കഥകള്‍ തുടര്‍ന്നു കൊണ്ടിരുന്നു....!

എന്‍റെ അയല്‍വാസി കൂടിയായ ശ്രീനിവാസന്‍റെ വീട്ടില്‍ ഫോണ്‍ ചെയ്തു പറഞ്ഞും കള്ളനെത്തി... രാത്രി ഉറങ്ങാതെ കാത്തിരുന്ന ശ്രീയേട്ടനും കുടുംബവും രാത്രി രണ്ടു മണി ആയപ്പോള്‍ ഒരു ജീപ്പ് വന്നു ഗൈറ്റിന്റെ അടുത്തു നിര്‍ത്തി ഉടനെ ശ്രീയേട്ടന്‍ പേര്‍ഷ്യയില്‍ നിന്ന് കൊണ്ടു വന്ന വലിയ ടോര്‍ച്ച് അടിച്ചു... വെളിച്ചം കണ്ടു കള്ളന്മാര്‍ ഗൈറ്റില്‍ വടി കൊണ്ടു അടിച്ചു ശബ്ദമുണ്ടാക്കി ജീപ്പില്‍ കയറി സ്ഥലം വിട്ടു..!

ഈ കഥ കൂടി കേട്ടതോടെ ച്ചുറ്റുഭാഗത്തുള്ള കുറച്ചു ചെറുപ്പക്കാര്‍ ഒത്തുകൂടി ഒരു നൈറ്റ് പെട്രോളിംഗ് ടീം സജ്ജമാക്കി കള്ളന്മാരെ പിടിക്കാന്‍...! 

അവര്‍ പതിനഞ്ചോളം കമാന്‍ഡോകള്‍ ഉണ്ടായിരുന്നു...!  വടി,കമ്പിപ്പാര , ഉലക്ക... കൊടാകത്തി..., അരിവാള്‍ ...  തുടങ്ങിയ വീട്ടിലുള്ള ആയുധങ്ങളോട് കൂടി രാത്രി കാവലിരിപ്പായി...   രണ്ടു മൂന്നു ദിവസം ഒന്നും സംഭവിക്കാതെ കടന്നുപോയി...!

നാലാമത്തെ രാത്രി...  തീരെ നിലാവുണ്ടായിരുന്നില്ല , മാനത്തു ഒരു നക്ഷത്രം പോലും കാണുന്നില്ല ... രാത്രി 12 ആയപ്പോള്‍ വൈദുതിയും പോയി .. തെരുവ് വിളക്കിന്‍റെ പ്രകാശവും നഷ്ട്ടപെട്ടു...! എങ്ങും കൂരാ കൂരിരുട്ട് മാത്രം... ഒരു ഭയാനകമായ നിശബ്ദത അവിടെ തളം കെട്ടി നിന്നിരുന്നു....!  ചെണ്ടയുടെ കൂട്ടമായുള്ള അടി കേള്‍ക്കുന്ന പോലെ.... ഒന്നു കൂടി ശ്രദ്ദിച്ചു കേട്ടപ്പോള്‍ അത് കമാന്‍ഡോകളുടെ ഹൃദയ മിടിപ്പായിരുന്നു... ! തട്ടാന്റെ പറമ്പില്‍ നിന്നും പാല പൂത്ത മണം കാറ്റില്‍ കമാന്‍ഡോകളെ തേടി വന്നുകൊണ്ടിരുന്നു ...!  അങ്ങു കിഴക്ക് റയില്‍ പാളത്തിനടുത്തെ കാവില്‍ നിന്നും കുറുക്കന്മാര്‍  ഓരിയിടുന്നു... റോഡു വക്കിലെ ഞാവല്‍ മരത്തില്‍ നിന്നും ഒരു കുത്തിചൂളാന്‍ ചൂളം വിളിക്കുന്നുമുണ്ട്....! 
  "പഴമക്കാര്‍ക്ക് ഒരു അടക്കം പറച്ചിലുണ്ട് കുത്തിചൂളാന്‍ നിറുത്താതെ ചൂളമടിച്ചാല്‍ അടുത്ത പുലരി ഒരു മരണം കണ്ടു കൊണ്ടായിരിക്കും....."  

എങ്ങും നിശബ്ദത .... ! കമാന്റോകള്‍ എല്ലാം നിരാശരാണ് ...! മൂന്നു ദിവസത്തെ ഉറക്കമോഴിച്ചത് കൊണ്ട് ശരീരത്തിന് ക്ഷീണം തുടങ്ങിയിരിക്കുന്നു ...!

പെട്ടന്നാണ് അതു സംഭവിച്ചത്...!  ഒരു കറുത്ത അംബാസടര്‍ കാര്‍ ചെട്ടിപ്പടി ജെങ്ങ്ഷനില്‍ തയ്യിലക്കടവ് റോഡില്‍ നിന്നു കടലുണ്ടി റോഡിലേക്ക് തിരിഞ്ഞു...! ഒരു ഹെഡ് ലൈറ്റ് കത്തുന്നുണ്ടായിരുന്നില്ല ...!  മറ്റേ ഹെഡ് ലൈറ്റിന്റെ പകുതി ഭാഗം കറുത്ത പെയിന്റ് കൊണ്ടു മൂടിയിരിക്കുന്നു ...!  നേരിയ വെളിച്ചം മാത്രം കാണാം....!  കാര്‍ വളെരെ സാവധാനത്തിലാണ് മുന്നോട്ടു വരുന്നത്, നമ്മുടെ കമാന്റോകള്‍ എന്തിനും സജ്ജരായി കാത്തുനിന്നു ... കാര്‍ പെട്ടന്ന് സ്പീഡ് കൂടി ... മദ്രസക്കടുത്തുള്ള ആലിന്‍ ചുവട്ടില്‍ എത്തിയതും കാര്‍ പെട്ടന്ന് പടിഞ്ഞാറോട്ടുള്ള  ലക്ഷം വീട് കോളനി റോഡിലേക്ക് തിരിഞ്ഞു ...!

കമാന്റൊകള്‍ക്ക് ശ്വാസം നേരെ വീണു,
കുറച്ചു കൂടി മുന്നോട്ടു വന്നാല്‍ റോഡ്‌ കല്ലുകള്‍ വെച്ച്  ബ്ലോക്ക് ചെയ്തിരുന്നു...!
ഉടനെ അവര്‍ കാര്‍ ലക്ഷ്യമാക്കി മുന്നോട്ട് ഓടി വന്നു....!
കാര്‍ ലക്ഷം വീട് കോളനി ലക്ഷ്യം വെച്ച് നീങ്ങി തുടങ്ങിയിരുന്നു....!

കമാന്റൊകളില്‍ ഒരുത്തന്‍ പറഞ്ഞു ... കള്ളന്മാര്‍ നമ്മുടെ വലയില്‍ വീണു കഴിഞ്ഞു...!
ഇനി രക്ഷയില്ല ...!
പെട്ടന്നു എല്ലാവരും കൂടി ലക്ഷം വീട് കോളനിയിലേക്കുള്ള റോഡു കല്ലുകള്‍ കൊണ്ടു ബ്ലോക്കാക്കി... കാരണം ആ റോഡ്‌ കോളനിയില്‍ അവസാനിക്കും ... കാറിനു തിരിച്ചു പോകാന്‍ മറ്റു വഴികളില്ലതാനും .. !! 

എല്ലാവരും ആയുധങ്ങളുമായി കാര്‍ ലക്ഷ്യം വെച്ചു  നീങ്ങി ...!
ഓടി കാറിനടുത്തെത്താനയതും കാര്‍ പെട്ടന്ന് ഒഴിഞ്ഞ സ്ഥലത്തു നിന്നും തിരിച്ചു വന്ന വഴിയിലേക്ക് തിരിഞ്ഞു നിന്നു.....!

ഹെഡ് ലൈറ്റിന്റെ മങ്ങിയ വെളിച്ചത്തില്‍ ഡ്രൈവര്‍ കാണുന്ന കാഴ്ച്ച അതി ഭയാനകമായിരുന്നു...!

സായുധരായ  പതിഞ്ചോളം വരുന്ന ചെറുപ്പക്കാര്‍ കാറിനെ വളയുന്നതായിരുന്നു ആ കാഴ്ച ....! 

ഡ്രൈവറുടെ കയ്യും കാലും കുഴഞ്ഞു... തൊണ്ട വരണ്ടു  ശബ്ദം പുറത്തു വരാതായി....!

ഒരു വിതത്തില്‍ സൈഡ് ഗ്ലാസ് താഴ്ത്താന്‍ പറ്റി... പിന്നെ ഒരു ശബ്ദം പുറപ്പെടുവിക്കാനുള്ള ശ്രമമായിരുന്നു...! 
"ഇ .. ഇ .. ത് ... ഞാ .. ന്‍ ... ഉ ...ഉ ...സ്... മാ... നാ... ണേ..." 

ഒരു വിതം വേച്ചു വേച്ചു പറഞ്ഞൊപ്പിച്ചു...! 

"ഞാന്‍ ഉസ്മാനാണേ" 

കമാന്റോയില്‍ ഒരാള്‍ ഡോര്‍ തുറന്നതും ഉസ്മാന്‍ താഴെ വീണു.... !

പേടിച്ചു വിറക്കുന്നുണ്ടായിരുന്നു ....!

അടിക്കാന്‍ ഉലക്ക ഓങ്ങിയ ചെറുപ്പക്കാര്‍ ഈ ശബ്ദം കേട്ടു ....!

"ഞാന്‍ ഉസ്മാനാണേ" 

ടോര്‍ച്ച് ഡ്രൈവറുടെ മുഖത്തേക്ക് അടിച്ചു... ആളെ തിരിച്ചറിഞ്ഞ കമാന്‍ഡോ മറ്റുള്ളവരോടായി വിളിച്ചു പറഞ്ഞു... ഇത് നമ്മുടെ  "ഡ്രൈവര്‍ ഉസ്മാനാണ്...."

ഒരാഴ്ച മുന്‍പു തിരിവനന്തപുരത്തിനു  ട്രിപ്പ്‌ പോയതായിരുന്നു  'ഉസ്മാന്‍'
പാവം നാട്ടില്‍ നടന്ന കോലാഹലങ്ങളൊന്നും അറിഞ്ഞിരുന്നില്ല ... !!

തല നാരിഴക്കാണ് ഉസ്മാന്‍റെ കാറും,തലയും രക്ഷപെട്ടത്..!!

പിന്നീട് പരപ്പനങ്ങാടിയില്‍ ഒരു എസ് ഐ അഗസ്റ്റിന്‍ വന്നു, ആളൊരു പുലിയായിരുന്നു... ഒരുപാട് തെളിയാതെകിടന്ന കേസുകളും, കള്ളന്മാരുടെ ശല്യങ്ങളും ഈ ധീരനായ ഓഫീസര്‍ തനിക്കു വരുതിയിലാക്കി. :)

കള്ളന്മാരെല്ലാം മറ്റൊരു ഗ്രാമത്തിലേക്ക് കളിക്കളം മാറ്റി... :)




കമാന്‍ഡോ ബിജു രാജിനെ ഈ അവധിക്കാലത്ത്‌   കണ്ടുമുട്ടിയപ്പോള്‍. 


















 

Tuesday, May 13, 2014

"ഭാര്‍ഗവീ നിലയം" 2 .

പുതു തലമുറയിലെ കുട്ടികള്‍ക്ക് അറിയാത്ത യക്ഷി കഥകള്‍..... !

ഭാര്യ വീട്ടിലേക്കുള്ള യാത്രകളില്‍ താനൂര്‍ മുക്കൊലക്കടുത്തു കൂടി എന്‍റെ ഇന്നോവ കാര്‍ കടന്നു പോകുമ്പോള്‍ സ്ഥിരം വരുന്ന  മക്കളുടെ ചോദ്യം ... ?

ഉപ്പാ ആ വീട്ടില്‍ ആള്‍ താമസമായോ ?
യക്ഷികളെ ഒഴിപ്പിച്ചോ... ?
എന്നൊക്കെ , ചുമ്മാ ഞാന്‍ തട്ടി വിടും ...  ഇല്ല യക്ഷികള്‍ ശല്യം കൂടിയിട്ടുണ്ട് .... അവിടെ ആര്‍ക്കും താമസിക്കാന്‍ പറ്റില്ല ....!  ആരും ആ വീട് വിലക്ക് വാങ്ങാനും വരുന്നില്ല ... ആരെങ്കിലും മൂന്നു ദിവസം ആ വീട്ടില്‍ തുടര്‍ച്ചയായി താമസിച്ചാല്‍ ആ വീട് ഫ്രീ ആയി കിട്ടും എന്നൊക്കെ.... 

ഈ വീടിനെ പറ്റി പലപല കിംവദന്തികളും  നിലവിലുണ്ട് ,

രാത്രിയില്‍ ബെഡ് റൂമില്‍ കിടന്നയാള്‍ പുലരുമ്പോള്‍ കൊലായിലായിരിക്കും ഉണരുക, ഭക്ഷണം പാകം ചെയ്‌താല്‍ അതില്‍ ചവറുകള്‍ കാണുക ,പെണ്ണുങ്ങളുടെ മുടി കെട്ടു താനേ ഭക്ഷണത്തില്‍ വരിക.... ടാങ്കില്‍ വെള്ളം ഉണ്ടായാലും ടാപ്പില്‍ വരില്ലത്രെ ... ചിലപ്പോള്‍ പൂട്ടിയിട്ട ടാപ്പില്‍ ചൂടുള്ള വെള്ളം വരിക ... അങ്ങിനെ പല മായാജാലങ്ങളും കാണുന്നു... ആര്‍ക്കും താമസിക്കാന്‍ പറ്റുന്നില്ലത്രേ... അവസാനം നമ്മുടെ നാട്ടില്‍ ജോലിക്കു വരുന്ന യു പി ക്കാര്‍ക്ക് വാടകയ്ക്ക് കൊടുത്തിട്ടും രക്ഷയില്ല ...! രാത്രിയില്‍ പല ശബ്ദങ്ങളും കേള്‍ക്കാറുണ്ടത്രേ..! തൊട്ടു മുന്നില്‍ റോഡാണ് ... റോഡി ലേക്കോ മറ്റോ ഒരു ശബ്ദം കേള്‍ക്കുകയില്ല താനും...! 

ഇത്തരം കിംവദന്തികള്‍ എന്‍റെ മക്കളും കേട്ടിരിക്കുന്നു.. !!

പിന്നെ എന്‍റെ ചക്കിയുടെ [ഹയ] അടുത്ത ചോദ്യമാണ് ?

ഉപ്പാ ശരിക്കും യക്ഷിയെ കണ്ടിട്ടുണ്ടോ ?

പിന്നേ .... ഒരുപാട് പ്രാവിശ്യം കണ്ടിട്ടുണ്ട് ....

എങ്ങനെയാ യക്ഷികള്‍ ....  ഒന്ന് പറ ....  !!

തൂവെള്ള വസ്ത്രവും , അഴിച്ചിട്ട മുടിയും , കണ്ണുകളില്‍ അഗ്നി  ഗോളങ്ങളുമായി , നിലം തൊടാതെ ഒഴികി നടക്കുന്ന യക്ഷികള്‍.... !
എവിടുന്നാ കണ്ടത്.... ?
ഉപദ്രവിച്ചോ... ?
എന്നൊക്കെയായി അടുത്ത ചോദ്യങ്ങള്‍.. ?

"സിനിമകളില്‍ കാണുന്ന യക്ഷികള്‍ക്ക് ഡയരക്ടര്‍ അനുവാദം കൊടുക്കാത്തത് കൊണ്ട് ഉപദ്രവമൊന്നും ഉണ്ടായിട്ടില്ല .."  :)
ഹ ഹ ഹ ...... ഈ പപ്പയുടെ ഒരു കാര്യം , അത് ഞാനും കണ്ടിട്ടുണ്ട് എന്നായി ചക്കി..... 


എന്താ ഈ യക്ഷികളൊക്കെ എപ്പോഴും വെള്ള വസ്ത്രം മാത്രം ധരിക്കുന്നത് ?

ന്യായമായ ചോദ്യം തന്നെ ... എന്താണ് ഒരു മറുപടി കൊടുക്കുക ....എന്ത് പറഞ്ഞാലും കുട്ടികളുടെ മനസ്സില്‍ പതിഞ്ഞു നില്‍ക്കും .... പണ്ട്എന്‍റെ ഉപ്പാ പറഞ്ഞിരുന്ന പല കാര്യങ്ങളും അത് ഒരു തമാശയാണെങ്കില്‍ പോലും ഇപ്പോഴും ഓര്‍മകളിലുണ്ട്, ഭക്ഷണം കഴിക്കാന്‍ ഉമ്മ പറഞ്ഞിരുന്ന യക്ഷി കഥകള്‍  ചോറുണ്ണാത്ത കുട്ടികളെ തേടി നടക്കുന്ന യക്ഷി,,, അല്ലെങ്കില്‍ തുണിയെടുക്കാന്‍ , കുളിക്കാന്‍  മടിയുള്ളവരെ രാത്രിയില്‍ വന്നു കണ്ണു കുത്തി പൊട്ടിക്കും എന്നൊക്കെ യുള്ള കഥകള്‍ ...  ഇപ്പോഴത്തെ കുട്ടികള്‍ക്ക് ഈ കഥ യൊന്നും ഏല്‍ക്കില്ല ..... ഹ ഹ എങ്കില്‍ നേരിട്ടൊന്നു കാണാം  യക്ഷിയെ  എന്ന് പറയും.... പിന്നെ ഗൂഗുള്‍ ആശാനോട് നേരിട്ട് ചോദിച്ചു ഉറപ്പു വരുത്തും....!

" അതു പിന്നെ യക്ഷികളുടെ കാമുകന്മാര്‍ക്കു വെള്ള വസ്ത്രം മാത്രമേ പറ്റുകയുള്ളൂ...... "  കാമുക പ്രീതിക്ക് വേണ്ടിയാണ് തൂവെള്ള വസ്ത്രം ദരിക്കുന്നത് ... " എന്ന് ഒരുത്തരം ആയിക്കോട്ടെ ....  :)

പിന്നേയും ചക്കിയുടെ ചോദ്യങ്ങള്‍ തുടര്‍ന്നു കൊണ്ടിരുന്നു..... ??

യക്ഷികള്‍ ആണുങ്ങള്‍ ഉണ്ടാവില്ലേ.... ?

"സ്ത്രീ ആയതു കൊണ്ടാണ് യക്ഷി എന്നു പറയുന്നത്... ആണുങ്ങളൊക്കെ പ്രേതങ്ങളാണ്‌ ...."


അവരെന്താ നടക്കുമ്പോള്‍ നിലം തൊടാത്തത്..... ?

"നിലം തൊടാതെ ചാകുന്നവരാ യക്ഷിയാകുന്നത്.....  അതു കൊണ്ടാണ് അവര്‍ നടക്കുമ്പോള്‍ കാല്‍ നിലത്തു തൊടാത്തത് .. "

ഈ യക്ഷികളൊക്കെ എന്താണ് പകല്‍ ഇറങ്ങി നടക്കാത്തത്.... ?

യക്ഷികള്‍ക്ക് ഈ വെള്ള വസ്ത്രങ്ങളൊക്കെ ആരാണ് തുന്നികൊടുക്കുന്നത് ... ?

യക്ഷികള്‍ക്ക് മരണമുണ്ടോ ?

മരണ ശേഷം വീണ്ടും യക്ഷികളായി ജന്മമെടുക്കുമോ ?

എന്തിനാ അവരെ പാല മരത്തില്‍ ബന്ധിച്ചിരിക്കുന്നത്‌.... ?

യക്ഷികള്‍ക്ക് എന്തിനാ ചുണ്ണാമ്പ്.... ?

യക്ഷികളുടെ രണ്ടു പല്ലുകളെന്താ നീണ്ടു കൂര്‍ത്തു തള്ളി നില്‍ക്കുന്നത് .. ?

ഉത്തരങ്ങളില്ലാത്ത നൂറു നൂറു ചോദ്യങ്ങള്‍ വന്നു കൊണ്ടിരിക്കും....!!

"ബേപ്പൂര്‍ സുല്‍ത്താന്‍" വൈക്കം മുഹമ്മദ്‌ ബഷീര്‍ സാഹിബാണ്‌ യക്ഷികള്‍ക്ക് ആദ്യമായി വെള്ള സാരിയും ബ്ലൌസും തയ്ച്ചു കൊടുത്ത തുന്നല്‍ കാരന്‍......  ആ മഹാ പ്രതിപയായിരുന്നു മലയാളത്തിലെ ആദ്യ യക്ഷി സിനിമയുടെ കഥാകാരന്‍... "ഭാര്‍ഗവീ നിലയം"  ഭാര്‍ഗവി ആയി "വിജയനിര്‍മല" മധു വിന്‍റെ കൂടെ തകര്‍ത്തഭിനയിച്ചയക്ഷി സിനിമ തന്നെ... പുതു തലമുറയിലെ കുട്ടികള്‍ ഒന്നു കാണട്ടെ....

മലയാറ്റൂരും , മധുസൂദനന്‍ നായരും തോറ്റ് പോകുന്ന ചോദ്യങ്ങളാണ് കെട്ടഴിച്ചു വിട്ടിരിക്കുന്നത് ..... യക്ഷികളെ ശ്രിഷ്ട്ടിക്കുമ്പോഴും ഈ ചോദ്യങ്ങള്‍ അവര്‍ പ്രദീക്ഷിച്ചു കാണില്ല... !! മലയാറ്റൂരിന്റെ യക്ഷിയില്‍ രാഗിണി പല വര്‍ണങ്ങളിലുള്ള വസ്ത്രങ്ങള്‍ മാറി മാറി ധരിച്ചെത്തുന്നുണ്ട് താനും.. !!

ചുമ്മാ റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ പുതിയ വിനോദങ്ങള്‍ എന്നു വിശേഷിപ്പിക്കാതെ മൂന്നു ദിവസം തുടര്‍ച്ചയായി താമസിക്കാന്‍  തയ്യാറായി ആരും വരുന്നില്ല പോലും :) :)  


താനൂര്‍ മുക്കോല പരിയാപുരം ജി എല്‍ പി സ്കൂളിനടുത്തു സ്ഥിതി ചെയ്യുന്നു ഈ സംഭവ ബഹുലമായ വീട്.













Friday, May 02, 2014

ഇങ്ങനേയും ചിലര്‍.

കുട്ടിക്കാലത്ത് കേട്ടു മനസ്സില്‍ പതിഞ്ഞ ഒരു കൊച്ചു സംഭവ കഥ ഇവിടെ പറയെട്ടെ....  എന്‍റെ നാടിന്‍റെ നന്മയുടെ,ആതുര സേവനത്തിന്‍റെ വഴിയില്‍ എനിക്കോര്‍മയുള്ള കാലം മുതല്‍ നാം കണ്ടു കൊണ്ടിരിക്കുന്ന  ക്ലിനിക് "പ്രശാന്ത് ക്ലിനിക്" 


പ്രശാന്ത് ഹോസ്പിറ്റല്‍ [പുതിയ മുഖം]

ഡോക്ടര്‍ രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ഈ ക്ലിനിക് ചെട്ടിപ്പടി, വള്ളിക്കുന്ന് , ആനങ്ങാടി , കൊടക്കാട്, തയ്യിലക്കടവ്, ചെട്ടിപ്പടി കടലോര പ്രദേശത്ത് താമസിക്കുന്നവര്‍ക്കും ഏക ആശ്രയമായ ഒരു സ്ഥാപനം തന്നെ.

പ്രായമായെങ്കിലും ഇപ്പോഴും ചികില്‍സാരങ്ങത്തു ഡോക്ടറുടെ സേവനം തുടരുന്നു.... മകന്‍ ഡോക്ടര്‍ പ്രശാന്ത് ആണ് പുതിയ തലമുറയിലെ അമരക്കാരന്‍..

ഞാന്‍ പറഞ്ഞു വരുന്നത് എന്‍റെ ഓര്‍മ ശരിയാണെങ്കില്‍ ഏകദേശം ഒരു  ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ഒരു ചെറിയ സംഭവം ചൂണ്ടി കാണിക്കുകയാണ് ഇവിടെ.

"എന്‍റെ കുട്ടിക്കാലത്ത് പറഞ്ഞു കേട്ടത് ...... ,"

അന്ന് മനസ്സില്‍ പതിഞ്ഞ ഈ കാര്യം പിന്നീട് പല കാര്യങ്ങളിലും മറ്റുള്ളവര്‍ക്കു ഒരു ഉപദ്രവും  ഉണ്ടാകാതെ  ജീവിക്കാന്‍ പഠിപ്പിച്ച ഒരു പാഠം കൂടിയായിരുന്നു  എന്‍റെ ജീവിതത്തില്‍... ,

ഒരു മഴക്കാലം ... നല്ല തിമിര്‍ത്തു ആറാടി പെയ്യുന്ന മഴ.....  ആ കാലത്ത് രാത്രി എട്ടു മണികഴിഞ്ഞാല്‍ ചെട്ടിപ്പടി കടലുണ്ടി  റോഡില്‍ വാഹനങ്ങളൊന്നും ലഭിക്കില്ല.... തയ്യിലക്കടവ് വഴിയും ഒരു വാഹനവും ഉണ്ടാകാറില്ല.... അന്നത്തെ കാലത്ത് കാല്‍ നടയായിട്ടാണ് ആള്‍ക്കാര്‍ സിനിമക്ക് പോയിരുന്നത്... പരപ്പനങ്ങാടിയില്‍ പ്രഭ, ജയകേരള , എന്ന രണ്ടു ടാക്കീസുകളാണ് ഉണ്ടായിരുന്നത്, രാത്രി സെക്കെന്‍ഷോ  കഴിഞ്ഞു കാല്‍നടയായി ആറു കിലോമീറ്റര്‍ നടന്നാലാണ് തയ്യിലക്കടവ് എത്തുക...  രണ്ടു പേര്‍ സിനിമ കഴിഞ്ഞു വരികയായിരുന്നു...... ,  നടന്നു വന്നിരുന്ന അവര്‍  ഡോക്ടര്‍ രാധാകൃഷ്ണന്റെ  ക്ലിനിക്കിനു അടുത്തെത്തിയപ്പോള്‍ മഴ നല്ല ശക്ത്തിയില്‍ പെയ്യാന്‍ തുടങ്ങി.... മഴയില്‍ നിന്നും രക്ഷ തേടി ഇവര്‍ ഡോക്ടറുടെ വീടും ക്ലിനിക്കും കൂടിയായ ആ ഓടു മേഞ്ഞ വീടിന്‍റെ വരാന്തയില്‍ അഭയം തേടി.... ആ സമയത്ത് അവരുടെ മനസ്സിലുതിച്ച ഒരു പൈശാചിക ചിന്ത പിന്നീട് ചെട്ടിപ്പടി നിവാസികള്‍ക്ക് കുറച്ചു കാലത്തേക്ക് എങ്കിലും ഡോക്ടറുടെ സേവനം രാത്രി കാലങ്ങളില്‍ ലഭിക്കാതെയായത്,

നിറുത്താതെയുള്ള കോളിംഗ് ബെല്ലിന്‍റെ ശബ്ദം കേട്ട് കൊണ്ടാണ് ഡോക്ടര്‍ വാതില്‍ തുറന്നു നോക്കിയത്...  ഒരാള്‍ കരഞ്ഞു കൊണ്ട് ഡോക്ടറുടെ കാലിലേക്ക് വീണു.. എന്‍റെ അമ്മയെ രക്ഷിക്കണം ഡോക്ടര്‍ ..... 

ഡോക്ടര്‍ രാധാകൃഷ്ണന്‍ ഈ സംഭവം നടക്കുമ്പോള്‍ താമസിച്ചിരുന്ന വീട് നിന്നിരുന്ന സ്ഥലം.


ഡോക്ടര്‍ കാര്യം തിരക്കി ,  രാത്രി ഒന്‍പതു മുതല്‍ അമ്മക്കു പനി കൂടുകയും ഇപ്പോള്‍ ശ്വാസം ലഭിക്കാതെ   അസ്വസ്ഥത കാണിക്കുന്നുണ്ടെന്നും പറഞ്ഞു ... ഡോക്ടര്‍ വന്നു നോക്കണം...... തയ്യിലക്കടവിലാണ് വീട് ... രാത്രി ആയതു കൊണ്ട് വാഹനമോന്നും കിട്ടിയില്ല അത് കൊണ്ട്  ഡോക്ടര്‍ ഞങ്ങളുടെ കൂടെ ഒന്ന് വരണം... വാഹനമില്ലാതെ വരാന്‍ പറ്റില്ല എന്നറിയിച്ച ഡോക്ടര്‍ , പിന്നെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടു  അശ്വസ്തനായി.... കൊടക്കാട് നിവാസികളായ രണ്ടു സാമൂഹ്യ പ്രവര്‍ത്തകരുടെ പേരും അവരുടെ ബന്ധുക്കള്‍ ആണെന്ന് പറയുകയും ചെയ്തു വന്നവര്‍.

ഒരാളുടെ ജീവന്‍ അപകടത്തിലാണ് എന്നറിഞ്ഞപ്പോള്‍  ഏതു ഡോക്ടര്‍ക്കും ഉണ്ടാകുന്ന ഒരു ആകാംക്ഷയും , ഒരു നല്ല മനസ്സിനു ഉടമുയുമായ ഡോക്ടര്‍ അവസാനം പോകാന്‍ തയ്യാറായി.... തന്‍റെ ഫസ്റ്റ് ഐഡ് കിറ്റ് അതില്‍ ഒരുവന്‍റെ കയ്യില്‍ ഏല്‍പിച്ചു  കൊണ്ടു തന്‍റെ ഫിയറ്റ് കാര്‍ സ്റ്റാര്‍ട്ട്‌ ആക്കി രാത്രിയില്‍ ഒരു ജീവന്‍ രക്ഷിക്കാനുള്ള യാത്ര തുടങ്ങി... സമയം രാത്രി ഒരു മണി... തയ്യിലക്കടവ് പാലത്തിന്റെ മുന്നോടിയായുള്ള ഒരു ഇടവഴിക്ക് മുന്നിലെത്തിയപ്പോള്‍ കാര്‍ നിര്‍ത്താന്‍ പറഞ്ഞു,

ഇരുട്ടിലേക്ക് വിരല്‍ ചൂണ്ടി ഡോക്ടറോട് പറഞ്ഞു ആ കാണുന്നതാണ് വീട് ,  ഇടവഴിയില്‍ പാമ്പുകളൊക്കെ ഉണ്ടാകുന്നതാണ് ഞാനോടി പ്പോയി ടോര്‍ച്ചു എടുത്തു വരാം എന്നു പറഞ്ഞു അതിലോരുവന്‍ ഇറങ്ങി ഇരുട്ടില്‍ മറഞ്ഞു .... 

നീണ്ട പത്തു മിനുട്ട് കാത്തിരിപ്പിനു ശേഷവും പോയ ആളെ കാണാതായപ്പോള്‍ മറ്റവന്‍ പറഞ്ഞു ഞാനൊന്നു പോയി നോക്കി ഇപ്പോള്‍ തന്നെ വരാം എന്നു പറഞ്ഞു..... ഡോക്ടര്‍ സംസാരിക്കാന്‍ തുടങ്ങുന്നതിന്‍റെ മുന്‍പ് തന്നെ കാറിന്റെ ഡോര്‍ തുറന്നു രണ്ടാമത്തെ ആളും ഇരുട്ടില്‍ മറഞ്ഞു ... പാവം ഡോക്ടര്‍ പിന്നെയും കുറച്ചു സമയം അവിടെ നിന്ന ശേഷമാണ് താന്‍ ചതിയില്‍ പെട്ടത്  മനസ്സിലായത്‌... തിരിച്ചു വീട്ടിലെത്തിയപ്പോള്‍ രാത്രി രണ്ടു മണിയായി .....

ഈ സംഭവത്തിനു ശേഷം രാതി എട്ടു മണി കഴിഞ്ഞാല്‍ ആരു തന്നെ വന്നു വിളിച്ചാലും വണ്ടി കൊണ്ട് വന്നാലും കുറച്ചു കാലം ഡോക്ടര്‍ രോഗികളെ നോക്കാന്‍ പോകാറില്ലായിരുന്നു..

കുട്ടിക്കാലത്ത് എന്‍റെ  മനസ്സില്‍ ആഴത്തില്‍ വേരോടിയ ഈ അനുഭവ കഥ എന്‍റെ ജീവിതത്തില്‍ വളെരെ സ്വാധീനം ചെലുത്തിയ ഒന്ന് തന്നെ.

തയ്യിലക്കടവ് പാലത്തില്‍ നിന്നും സുഹൃത്തിനോടൊപ്പം.