Saturday, May 31, 2014

"കളിയാട്ടം"



ഇത് മലപ്പുറം ജില്ലയിലെ മഹാ ഉത്സവം തന്നെ.... തൃശൂര്‍ പൂരത്തിനെ പോലും വെല്ലുന്ന ജനക്കൂട്ടം... രാവിലെ തുടങ്ങിയ കുത്തൊഴുക്ക് പാതിരാത്രി വരെ നീളുന്നു, റോഡുകളൊക്കെ ബ്ലോക്കാണ്...!  ചെമ്മാട് മുതല്‍ റോഡിന്‍റെ ഇരു വശവും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നു...!  ഈ ഉത്സവം തുടങ്ങിയ കാലം മുതല്‍ ഈ സ്ഥലം കളിയാട്ട മുക്ക് എന്ന ഓമന പേരില്‍ അറിയപ്പെടുന്നു.


ഇത് മലപ്പുറത്തിന്റെ ഒരു വിത്തു ഉത്സവം തന്നെ ...! ഇവിടെ രണ്ടു ദിവസം മുന്‍പു തന്നെ താല്‍ക്കാലിക സ്റ്റാളുകള്‍ കൂണ്‍ പോലെ മുളച്ചു വരും....!
ഇവിടെ കിട്ടാത്ത വിത്തുകളോ  ചെടികളോ, ഫലവൃക്ഷ തൈകളോ വിരളം...! ചേന , ചേമ്പ് , കാവുത്ത് , വെള്ളരി , പടവലം , കൈപ്പ , വൈതന തുടങ്ങി എല്ലാ പച്ചക്കറികളുടെയും മേല്‍ത്തരം വിത്തുകള്‍ ഇവിടെ ലഭിക്കും...! പഴമക്കാര്‍ക്ക് ഒരു പറച്ചിലുണ്ട് , കളിയാട്ടമാവട്ടെ എന്നിട്ട് വേണം കൃഷി ഒന്നു ഉഷാര്‍ ആക്കാന്‍ ,  ഉത്സവത്തിന് വന്നു പോകുന്ന എല്ലാവരുടെ കൈയ്യിലും തൈകളും വിത്തുകളും കാണാം. 



പാടത്തും പറമ്പിലും പണിയെടുക്കുന്ന സാദാരക്കാരുടെ , പാവങ്ങളുടെ ഉത്സവം തന്നെ ഇത്. തെങ്ങിന്‍ കുരുത്തോലകള്‍ കൊണ്ടു പൊയ്കുതിരകള്‍ കെട്ടിയുണ്ടാക്കി പാട്ടും ഡാന്‍സുമായി വീട് വീടാന്തരം കയറി ഇറങ്ങി കളിയാട്ടത്തിന്റെ വരവറിയിക്കും, മുന്‍പൊക്കെ എന്‍റെ കുട്ടിക്കാലത്ത് ഒരു പത്തു ദിവസം മുന്‍പെങ്കിലും തുടങ്ങുമായിരുന്നു ഈ കുതിര കളികള്‍, ഇപ്പോള്‍ അതു ഒന്നോ രണ്ടോ ദിവസത്തില്‍ ഒതുങ്ങി...!



കുരുത്തോലകള്‍ കൊണ്ടുണ്ടാക്കിയ കുതിരകള്‍ ചുമലിലേറ്റി ആയിരുന്നു മുന്‍പു കാല്‍നടയായി വന്നിരുന്നത്...!  ഇപ്പോള്‍ ഗുഡ്സ് ഓട്ടോ യിലായി കുതിരകളുടെ സ്ഥാനം. കളിയാട്ട ഉത്സവത്തിനെ തലേന്ന് വകുന്നേരം ഒരു വമ്പന്‍ കുതിരയുടെ വരവുണ്ടാകും, മൂന്നാള്‍ പൊക്കത്തില്‍ കെട്ടിയുണ്ടാക്കിയ ഈ കുതിരക്ക്  മൂക്കു കയറും കാണാം... നാലാള്‍ വേണം ഈ കുതിരയെ പൊക്കാന്‍ , രണ്ടു സൈഡില്‍ നിന്നും ഈ കയറിലാണ് കുതിരയെ നിയന്ദ്രിക്കുന്നത്, ഇത് കാണാന്‍ അങ്ങാടിയില്‍ എല്ലാവരും ഒത്തുകൂടും ... ആ ജനത്തിരക്കില്‍ വലിയ ആളുകളുടെ കാലുകള്‍ ക്കിടയിലൂടെ നുഴഞ്ഞു കയറി മുന്നില്‍ സ്ഥാന മുറപ്പിക്കുമായിരുന്നു കുട്ടിക്കാലത്ത്....! 

കളിയാട്ട ഉത്സവം അവസാനിക്കുന്ന ദിവസം പാട്ടും ഡാന്‍സുമായി അടുത്തുള്ള എല്ലാ ചെറു ഗ്രാമങ്ങളില്‍ നിന്നും ഈ പൊയ് കുതിരകളുമായി ദേവീ ക്ഷേത്രത്തില്‍ രാവിലെ ഒത്തുകൂടും ...! പിന്നെ ചെണ്ട മേളങ്ങളുടെ അകമ്പടിയോടെ തിമിര്‍ത്താടി ഈ കുതിരകളെല്ലാം തച്ചുടക്കും...! അന്നു മഴ തിമിര്‍ത്തു പെയ്യുമെന്നും ദേവി ആഹ്ലാതത്തോടെ ചെളിയില്‍ കുളിച്ചു ഡാന്‍സ് ചെയ്യുമെന്നാണ് ഐതിഹ്യം...!   



മുന്‍പ് ഉള്ളതിലും കൂടുതല്‍ ഒരു പുരോഗതി കണ്ട കാര്യം പറയാതെ വയ്യ... മുന്‍പൊക്കെ മുതിര്‍ന്നവര്‍ പാത്തും പതുങ്ങിയുമാണ് കള്ളുകുടിച്ചിരുന്നത് , ഇപ്പോള്‍ അതു കുട്ടികളിലേക്ക് വരെ പടര്‍ന്നിരിക്കുന്നു... റോഡ്‌ സൈഡില്‍ ബൈക്കിലും, നിറുത്തിയിട്ട ഓട്ടോയിലും ഒക്കെ ഇരുന്നു പബ്ലിക്കായി കള്ളുകുടിക്കുന്നവരെ കാണാം... കളിയാട്ടത്തിന് കള്ളുകുടിച്ചില്ലെങ്കില്‍ എന്തോ ഒരു കുറച്ചില്‍ പോലെയാണ് ഇപ്പോഴത്തെ ചെറുപ്പക്കാരുടെ മനോഭാവം... ജോലി ചെയ്തു ഉണ്ടാക്കുന്ന കാശില്‍ പകുതിയിലേറെയും ബീവറേജസ് തട്ടിയെടുക്കുന്നു...!  ഈ പ്രവണത മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ....! മദ്യം പൂര്‍ണമായും നിറുത്തലാക്കുന്ന ഒരു സംസ്ഥാനമായി കേരളം മാറണം, മാറ്റങ്ങള്‍ അനിവാര്യമാണ് ... ! നമ്മുടെ സര്‍ക്കാര്‍ എത്രത്തോളം ഈ കാര്യം ഗൌനിക്കുമെന്നു നോക്കാം ..! 

വീട്ടില്‍ നിന്ന് റേഷനരി വാങ്ങാന്‍ പോകാന്‍ പറഞ്ഞാല്‍ വരി നില്‍ക്കാന്‍ മടികാണിക്കുന്ന പുതിയ തലമുറ , വളെരെ അച്ചടക്കത്തോടെ ബീവറേജസിനു മുന്നില്‍ വരി നില്‍ക്കുന്നത് ഒരു കൌതുക കാഴ്ച്ച തന്നെ...!  ഭഹളങ്ങളില്ലാതെ അടിപിടിയുണ്ടാക്കാതെ തലയും താഴ്ത്തി ഭൂമിയിലെ മണ്‍ തരികള്‍ എണ്ണി നില്‍ക്കുന്ന യുവത്വം...! നമ്മുടെ മലയാളികള്‍ക്ക് പൊതുവേ ക്ഷമ കുറവാണെന്ന് പറയുന്നതില്‍ കാര്യമില്ല...!

ജനനത്തിനും , മരണത്തിനും , കല്യാണത്തിനും , വീട് താമസത്തിനും , വണ്ടി വാങ്ങിയാലും , വണ്ടി വിറ്റാലും എന്നു വേണ്ട ഏതു ചെറിയ കാര്യത്തിനും മദ്യം വേണം എന്ന രീതി മാറി നമ്മുടെ രാജ്യത്തിന്‍റെ ഉയര്‍ച്ചക്കും പുരോഗതിക്കും ഉതകുന്ന ഒരു പുതിയ തലമുറ ഉയര്‍ന്നു വരട്ടെ......! 









No comments: