Friday, May 23, 2014

"ഞാന്‍ ഉസ്മാനാണേ"

കളിക്കളം ... ഇത്കള്ളന്മാരുടെ  കളിക്കളം... വര്‍ഷങ്ങള്‍ക്കു മുന്‍പു എന്‍റെ നാട്ടില്‍ നടന്ന ഒരു ചെറിയ രസകരമായ  സംഭവ കഥ... !

ചെട്ടിപ്പടി , കൊടക്കാട്,തയ്യിലക്കടവ്,ഉള്ളണം,പരപ്പനങ്ങാടി പ്രദേശങ്ങളില്‍ കള്ളന്മാരുടെ ശല്യം അതി രൂക്ഷമായിരിക്കുന്നു ... പരപ്പനങ്ങാടി പോലീസ് സ്റ്റേഷനില്‍ പരാതികളുടെ കൂമ്പാരം, പോലീസ് പലതും പറഞ്ഞു കൈ മലര്‍ത്തി, പേരിനൊരു നൈറ്റ് പെട്രോള്‍ നടത്തും... അത്ര തന്നെ,

മോഷണ പരമ്പര തുടര്‍ന്നു കൊണ്ടിരുന്നു... ! അതിലതികവും പൂട്ടിക്കിടക്കുന്ന പാവം പ്രവാസികളുടെതായിരുന്നു... !!

വിലപിടുപ്പുള്ള സാദനങ്ങള്‍ ഒന്നും കിട്ടിയില്ലങ്കിലും വീടിന്‍റെ ഡോറും അലമാരയുമെല്ലാം കുത്തി തുറന്നു നാശ നഷ്ട്ടങ്ങള്‍ വരുത്തികൊണ്ടിരുന്നു ഈ കള്ളന്മാര്‍.

ആയിടക്കാണ് എന്‍റെ തറവാട്ടു വീട്ടിലും കള്ളന്‍ കയറിയത്.. !

ഞങ്ങള്‍ മൂന്ന് ആണ്‍ മക്കളും പ്രവാസികള്‍ തന്നെ ... ! 

ഉമ്മപെങ്ങളുടെ വീട്ടില്‍ പോയതായിരുന്നു... രാവിലെ മില്ലില്‍ പൊടിക്കാന്‍ വന്ന ആരോ ആണ് കണ്ടത് , വീട്ടിലെ മെയിന്‍ ഡോര്‍ തുറന്നു കിടക്കുന്നു...  ബെല്ലടിച്ചിട്ടു ആരും പുറത്തേക്ക് വരുന്നുമില്ല ... ഡോര്‍ ലോക്ക് പൊട്ടിച്ചത് പിന്നെയാണ് അവരുടെ ശ്രദ്ധയില്‍ പെട്ടത്.. പിന്നെ ഉടനെ ഉമ്മാനെ ഫോണ്‍ ചെയ്തു വരുത്തി, ഉമ്മ എത്തുമ്പോഴേക്കും പരപ്പനങ്ങാടി സ്റ്റേഷനില്‍ നിന്നും പോലീസുകാരും എത്തി... ഉമ്മയും പെങ്ങന്മാരും അളിയനും കൂടി അകത്തു കയറി പരിശോദിച്ചു... ! 

വില പിടിപ്പുള്ളതോന്നും വീട്ടില്‍ ഉണ്ടായിരുന്നില്ല ... !

എങ്കിലും അലമാരകളെല്ലാം കുത്തി തുറന്നിരിക്കുന്നു... വസ്ത്രങ്ങള്‍ എല്ലാം വാരി പുറത്തിട്ടിരിക്കുന്നു.... എല്ലാ മുക്കും മൂലയും അരിച്ചു പെരുക്കിയിരിക്കുന്നു...!

ഇതില്‍ ഒരു പ്രത്യേകത എന്തെന്നാല്‍ സ്റ്റോര്‍ റൂമില്‍ ഉള്ള അരിച്ചാക്ക് മുഴുവന്‍ നിലത്തു ചെരിഞ്ഞിരിക്കുന്നു ... മുളക് പൊടി.. മല്ലിപ്പൊടി,കടുക്,ജീരകം,പരിപ്പുകള്‍ ഇവയെല്ലാം ഇട്ടിരിക്കുന്ന ചെറിയ ടിന്നുകള്‍ ക്കുള്ളിലെല്ലാം തിരഞ്ഞിരിക്കുന്നു .... ഒന്നുകില്‍ അലമാരയുടെ ചാവി... അല്ലെങ്കില്‍ മറ്റു വില പിടിപ്പുള്ള എന്തെങ്കിലും ... ഒരു കാര്യം എല്ലാവരും ശ്രദ്ദിക്കുമല്ലോ ....!

കള്ളന്മാര്‍ നോക്കില്ല എന്നു കരുതി ചപ്പു ചവറിലും, മറ്റു നിസ്സാര സ്ഥലങ്ങളിലും വിലപിടിപ്പുള്ള സാദനങ്ങള്‍ ഒളിപ്പിച്ചു വെക്കരുത്... ഇപ്പോഴത്തെ കള്ളന്മാര്‍ ആദ്യം തിരയുന്നത് ഇത്തരം സ്ഥലങ്ങളിലാണ്.

ഇതിനിടയില്‍ മറ്റൊരു സംഗതി പറയാന്‍ വിട്ടു... വീട് നിറയെ ജനനിപിടമാണ്..!  
പോലീസുകാര്‍ എന്തൊക്കെയോ കുത്തി കുറിക്കുന്നു...! 

ഉമ്മ വന്നു പോലീസുകാരോട് പറഞ്ഞു .. ! 
"വിലപിടിപ്പുള്ളതൊന്നും പോയിട്ടില്ല..." 

കള്ളനു വിശന്നിട്ടുണ്ടാവും , ഫ്രിഡ്ജില്‍ ഉള്ള പഴയ ചോറും,കറിയും , ഫ്രൂട്സും കഴിച്ചതിന്‍റെ അവശിഷ്ട്ടങ്ങള്‍ ടേബിളില്‍ കാണാം ... ! 

നാട്ടിലെ റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരനായ ഒരു ബ്രോക്കര്‍ പോലീസുകാരോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്... കുറച്ചു കഴിഞ്ഞു അളിയെന്റടുത്തു വന്നു പറഞ്ഞു ഒരു ചുകന്ന ഗാന്ധി കൊടുക്കണം പോലീസുകാര്‍ക്ക്...!  
കാര്യങ്ങളെല്ലാം ഒന്ന് സ്പീഡ് ആക്കാനാണ് , ഒന്നും നഷ്ട്ടപെട്ടില്ലങ്കിലും നാട്ടു നടപ്പാണ് എന്നു പറഞ്ഞു ആ ബ്രോക്കര്‍ ഒരു ചുവന്ന ഗാന്ധി വാങ്ങി പോലീസിനു കൊടുത്തു പോലും...! 

അടുത്ത ദിവസം ഞാന്‍ ഗള്‍ഫില്‍ നിന്ന് വിളിച്ചപ്പോള്‍ ഈ ഗാന്ധി കഥയും പറഞ്ഞു ഉമ്മ :) അളിയന്‍റെ പോകറ്റില്‍ നിന്ന് ഒരു ചുകന്ന ഗാന്ധി കുറഞ്ഞതു മിച്ചം, ഡോറും അലമാരയും നന്നാക്കാന്‍ വേറെയും കുറച്ചു ചുകന്ന ഗാന്ധി വേണ്ടി വന്നു... ! പിന്നീടങ്ങോട്ട് ഇന്ന് വരെ ഉമ്മ അലമാര പൂട്ടിയിട്ടില്ലത്രേ പുറത്തു പോകുമ്പോള്‍. :)

വേറെ രസമുള്ള ഒരു കാര്യം നാട്ടില്‍ ഒരു ഗൂര്‍ക്ക ഉണ്ടായിരുന്നു...!

ഒന്നാം തിയതി ആയാല്‍ പരപ്പനങ്ങാടി മുതല്‍ ആനങ്ങാടി വരെ റോഡ്‌ അരികില്‍ താമസിക്കുന്ന വീടുകളില്‍ നിന്ന് 25 രൂപ മാസപ്പിരിവ് നടത്തുന്നതും രാത്രിയില്‍ പേരിനു ഒന്നു സൈക്കിളില്‍ കറങ്ങുന്നതും ആണ് ഈ ഗൂര്‍ക്കയുടെ ഹോബി...! കള്ളന്മാരുടെ ശല്യം കൂടിയപ്പോള്‍ പുള്ളി നാട്ടില്‍ ലീവിനു പോയത്രേ... :) 

"കള്ളന്മാരുടെ വിളയാട്ടം തുടര്‍ന്നു കൊണ്ടിരുന്നു.... !  നാടെങ്ങും ഭീതിയില്‍ തന്നെ ...! ഇന്നിവിടെ ഇന്നലെ ഉള്ളാണത്ത് മിനിഞ്ഞാന്ന് മറ്റൊരിടത്ത് എന്നിങ്ങനെ കഥകള്‍ തുടര്‍ന്നു കൊണ്ടിരുന്നു....!

എന്‍റെ അയല്‍വാസി കൂടിയായ ശ്രീനിവാസന്‍റെ വീട്ടില്‍ ഫോണ്‍ ചെയ്തു പറഞ്ഞും കള്ളനെത്തി... രാത്രി ഉറങ്ങാതെ കാത്തിരുന്ന ശ്രീയേട്ടനും കുടുംബവും രാത്രി രണ്ടു മണി ആയപ്പോള്‍ ഒരു ജീപ്പ് വന്നു ഗൈറ്റിന്റെ അടുത്തു നിര്‍ത്തി ഉടനെ ശ്രീയേട്ടന്‍ പേര്‍ഷ്യയില്‍ നിന്ന് കൊണ്ടു വന്ന വലിയ ടോര്‍ച്ച് അടിച്ചു... വെളിച്ചം കണ്ടു കള്ളന്മാര്‍ ഗൈറ്റില്‍ വടി കൊണ്ടു അടിച്ചു ശബ്ദമുണ്ടാക്കി ജീപ്പില്‍ കയറി സ്ഥലം വിട്ടു..!

ഈ കഥ കൂടി കേട്ടതോടെ ച്ചുറ്റുഭാഗത്തുള്ള കുറച്ചു ചെറുപ്പക്കാര്‍ ഒത്തുകൂടി ഒരു നൈറ്റ് പെട്രോളിംഗ് ടീം സജ്ജമാക്കി കള്ളന്മാരെ പിടിക്കാന്‍...! 

അവര്‍ പതിനഞ്ചോളം കമാന്‍ഡോകള്‍ ഉണ്ടായിരുന്നു...!  വടി,കമ്പിപ്പാര , ഉലക്ക... കൊടാകത്തി..., അരിവാള്‍ ...  തുടങ്ങിയ വീട്ടിലുള്ള ആയുധങ്ങളോട് കൂടി രാത്രി കാവലിരിപ്പായി...   രണ്ടു മൂന്നു ദിവസം ഒന്നും സംഭവിക്കാതെ കടന്നുപോയി...!

നാലാമത്തെ രാത്രി...  തീരെ നിലാവുണ്ടായിരുന്നില്ല , മാനത്തു ഒരു നക്ഷത്രം പോലും കാണുന്നില്ല ... രാത്രി 12 ആയപ്പോള്‍ വൈദുതിയും പോയി .. തെരുവ് വിളക്കിന്‍റെ പ്രകാശവും നഷ്ട്ടപെട്ടു...! എങ്ങും കൂരാ കൂരിരുട്ട് മാത്രം... ഒരു ഭയാനകമായ നിശബ്ദത അവിടെ തളം കെട്ടി നിന്നിരുന്നു....!  ചെണ്ടയുടെ കൂട്ടമായുള്ള അടി കേള്‍ക്കുന്ന പോലെ.... ഒന്നു കൂടി ശ്രദ്ദിച്ചു കേട്ടപ്പോള്‍ അത് കമാന്‍ഡോകളുടെ ഹൃദയ മിടിപ്പായിരുന്നു... ! തട്ടാന്റെ പറമ്പില്‍ നിന്നും പാല പൂത്ത മണം കാറ്റില്‍ കമാന്‍ഡോകളെ തേടി വന്നുകൊണ്ടിരുന്നു ...!  അങ്ങു കിഴക്ക് റയില്‍ പാളത്തിനടുത്തെ കാവില്‍ നിന്നും കുറുക്കന്മാര്‍  ഓരിയിടുന്നു... റോഡു വക്കിലെ ഞാവല്‍ മരത്തില്‍ നിന്നും ഒരു കുത്തിചൂളാന്‍ ചൂളം വിളിക്കുന്നുമുണ്ട്....! 
  "പഴമക്കാര്‍ക്ക് ഒരു അടക്കം പറച്ചിലുണ്ട് കുത്തിചൂളാന്‍ നിറുത്താതെ ചൂളമടിച്ചാല്‍ അടുത്ത പുലരി ഒരു മരണം കണ്ടു കൊണ്ടായിരിക്കും....."  

എങ്ങും നിശബ്ദത .... ! കമാന്റോകള്‍ എല്ലാം നിരാശരാണ് ...! മൂന്നു ദിവസത്തെ ഉറക്കമോഴിച്ചത് കൊണ്ട് ശരീരത്തിന് ക്ഷീണം തുടങ്ങിയിരിക്കുന്നു ...!

പെട്ടന്നാണ് അതു സംഭവിച്ചത്...!  ഒരു കറുത്ത അംബാസടര്‍ കാര്‍ ചെട്ടിപ്പടി ജെങ്ങ്ഷനില്‍ തയ്യിലക്കടവ് റോഡില്‍ നിന്നു കടലുണ്ടി റോഡിലേക്ക് തിരിഞ്ഞു...! ഒരു ഹെഡ് ലൈറ്റ് കത്തുന്നുണ്ടായിരുന്നില്ല ...!  മറ്റേ ഹെഡ് ലൈറ്റിന്റെ പകുതി ഭാഗം കറുത്ത പെയിന്റ് കൊണ്ടു മൂടിയിരിക്കുന്നു ...!  നേരിയ വെളിച്ചം മാത്രം കാണാം....!  കാര്‍ വളെരെ സാവധാനത്തിലാണ് മുന്നോട്ടു വരുന്നത്, നമ്മുടെ കമാന്റോകള്‍ എന്തിനും സജ്ജരായി കാത്തുനിന്നു ... കാര്‍ പെട്ടന്ന് സ്പീഡ് കൂടി ... മദ്രസക്കടുത്തുള്ള ആലിന്‍ ചുവട്ടില്‍ എത്തിയതും കാര്‍ പെട്ടന്ന് പടിഞ്ഞാറോട്ടുള്ള  ലക്ഷം വീട് കോളനി റോഡിലേക്ക് തിരിഞ്ഞു ...!

കമാന്റൊകള്‍ക്ക് ശ്വാസം നേരെ വീണു,
കുറച്ചു കൂടി മുന്നോട്ടു വന്നാല്‍ റോഡ്‌ കല്ലുകള്‍ വെച്ച്  ബ്ലോക്ക് ചെയ്തിരുന്നു...!
ഉടനെ അവര്‍ കാര്‍ ലക്ഷ്യമാക്കി മുന്നോട്ട് ഓടി വന്നു....!
കാര്‍ ലക്ഷം വീട് കോളനി ലക്ഷ്യം വെച്ച് നീങ്ങി തുടങ്ങിയിരുന്നു....!

കമാന്റൊകളില്‍ ഒരുത്തന്‍ പറഞ്ഞു ... കള്ളന്മാര്‍ നമ്മുടെ വലയില്‍ വീണു കഴിഞ്ഞു...!
ഇനി രക്ഷയില്ല ...!
പെട്ടന്നു എല്ലാവരും കൂടി ലക്ഷം വീട് കോളനിയിലേക്കുള്ള റോഡു കല്ലുകള്‍ കൊണ്ടു ബ്ലോക്കാക്കി... കാരണം ആ റോഡ്‌ കോളനിയില്‍ അവസാനിക്കും ... കാറിനു തിരിച്ചു പോകാന്‍ മറ്റു വഴികളില്ലതാനും .. !! 

എല്ലാവരും ആയുധങ്ങളുമായി കാര്‍ ലക്ഷ്യം വെച്ചു  നീങ്ങി ...!
ഓടി കാറിനടുത്തെത്താനയതും കാര്‍ പെട്ടന്ന് ഒഴിഞ്ഞ സ്ഥലത്തു നിന്നും തിരിച്ചു വന്ന വഴിയിലേക്ക് തിരിഞ്ഞു നിന്നു.....!

ഹെഡ് ലൈറ്റിന്റെ മങ്ങിയ വെളിച്ചത്തില്‍ ഡ്രൈവര്‍ കാണുന്ന കാഴ്ച്ച അതി ഭയാനകമായിരുന്നു...!

സായുധരായ  പതിഞ്ചോളം വരുന്ന ചെറുപ്പക്കാര്‍ കാറിനെ വളയുന്നതായിരുന്നു ആ കാഴ്ച ....! 

ഡ്രൈവറുടെ കയ്യും കാലും കുഴഞ്ഞു... തൊണ്ട വരണ്ടു  ശബ്ദം പുറത്തു വരാതായി....!

ഒരു വിതത്തില്‍ സൈഡ് ഗ്ലാസ് താഴ്ത്താന്‍ പറ്റി... പിന്നെ ഒരു ശബ്ദം പുറപ്പെടുവിക്കാനുള്ള ശ്രമമായിരുന്നു...! 
"ഇ .. ഇ .. ത് ... ഞാ .. ന്‍ ... ഉ ...ഉ ...സ്... മാ... നാ... ണേ..." 

ഒരു വിതം വേച്ചു വേച്ചു പറഞ്ഞൊപ്പിച്ചു...! 

"ഞാന്‍ ഉസ്മാനാണേ" 

കമാന്റോയില്‍ ഒരാള്‍ ഡോര്‍ തുറന്നതും ഉസ്മാന്‍ താഴെ വീണു.... !

പേടിച്ചു വിറക്കുന്നുണ്ടായിരുന്നു ....!

അടിക്കാന്‍ ഉലക്ക ഓങ്ങിയ ചെറുപ്പക്കാര്‍ ഈ ശബ്ദം കേട്ടു ....!

"ഞാന്‍ ഉസ്മാനാണേ" 

ടോര്‍ച്ച് ഡ്രൈവറുടെ മുഖത്തേക്ക് അടിച്ചു... ആളെ തിരിച്ചറിഞ്ഞ കമാന്‍ഡോ മറ്റുള്ളവരോടായി വിളിച്ചു പറഞ്ഞു... ഇത് നമ്മുടെ  "ഡ്രൈവര്‍ ഉസ്മാനാണ്...."

ഒരാഴ്ച മുന്‍പു തിരിവനന്തപുരത്തിനു  ട്രിപ്പ്‌ പോയതായിരുന്നു  'ഉസ്മാന്‍'
പാവം നാട്ടില്‍ നടന്ന കോലാഹലങ്ങളൊന്നും അറിഞ്ഞിരുന്നില്ല ... !!

തല നാരിഴക്കാണ് ഉസ്മാന്‍റെ കാറും,തലയും രക്ഷപെട്ടത്..!!

പിന്നീട് പരപ്പനങ്ങാടിയില്‍ ഒരു എസ് ഐ അഗസ്റ്റിന്‍ വന്നു, ആളൊരു പുലിയായിരുന്നു... ഒരുപാട് തെളിയാതെകിടന്ന കേസുകളും, കള്ളന്മാരുടെ ശല്യങ്ങളും ഈ ധീരനായ ഓഫീസര്‍ തനിക്കു വരുതിയിലാക്കി. :)

കള്ളന്മാരെല്ലാം മറ്റൊരു ഗ്രാമത്തിലേക്ക് കളിക്കളം മാറ്റി... :)




കമാന്‍ഡോ ബിജു രാജിനെ ഈ അവധിക്കാലത്ത്‌   കണ്ടുമുട്ടിയപ്പോള്‍. 


















 

No comments: