Friday, May 02, 2014

ഇങ്ങനേയും ചിലര്‍.

കുട്ടിക്കാലത്ത് കേട്ടു മനസ്സില്‍ പതിഞ്ഞ ഒരു കൊച്ചു സംഭവ കഥ ഇവിടെ പറയെട്ടെ....  എന്‍റെ നാടിന്‍റെ നന്മയുടെ,ആതുര സേവനത്തിന്‍റെ വഴിയില്‍ എനിക്കോര്‍മയുള്ള കാലം മുതല്‍ നാം കണ്ടു കൊണ്ടിരിക്കുന്ന  ക്ലിനിക് "പ്രശാന്ത് ക്ലിനിക്" 


പ്രശാന്ത് ഹോസ്പിറ്റല്‍ [പുതിയ മുഖം]

ഡോക്ടര്‍ രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ഈ ക്ലിനിക് ചെട്ടിപ്പടി, വള്ളിക്കുന്ന് , ആനങ്ങാടി , കൊടക്കാട്, തയ്യിലക്കടവ്, ചെട്ടിപ്പടി കടലോര പ്രദേശത്ത് താമസിക്കുന്നവര്‍ക്കും ഏക ആശ്രയമായ ഒരു സ്ഥാപനം തന്നെ.

പ്രായമായെങ്കിലും ഇപ്പോഴും ചികില്‍സാരങ്ങത്തു ഡോക്ടറുടെ സേവനം തുടരുന്നു.... മകന്‍ ഡോക്ടര്‍ പ്രശാന്ത് ആണ് പുതിയ തലമുറയിലെ അമരക്കാരന്‍..

ഞാന്‍ പറഞ്ഞു വരുന്നത് എന്‍റെ ഓര്‍മ ശരിയാണെങ്കില്‍ ഏകദേശം ഒരു  ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ഒരു ചെറിയ സംഭവം ചൂണ്ടി കാണിക്കുകയാണ് ഇവിടെ.

"എന്‍റെ കുട്ടിക്കാലത്ത് പറഞ്ഞു കേട്ടത് ...... ,"

അന്ന് മനസ്സില്‍ പതിഞ്ഞ ഈ കാര്യം പിന്നീട് പല കാര്യങ്ങളിലും മറ്റുള്ളവര്‍ക്കു ഒരു ഉപദ്രവും  ഉണ്ടാകാതെ  ജീവിക്കാന്‍ പഠിപ്പിച്ച ഒരു പാഠം കൂടിയായിരുന്നു  എന്‍റെ ജീവിതത്തില്‍... ,

ഒരു മഴക്കാലം ... നല്ല തിമിര്‍ത്തു ആറാടി പെയ്യുന്ന മഴ.....  ആ കാലത്ത് രാത്രി എട്ടു മണികഴിഞ്ഞാല്‍ ചെട്ടിപ്പടി കടലുണ്ടി  റോഡില്‍ വാഹനങ്ങളൊന്നും ലഭിക്കില്ല.... തയ്യിലക്കടവ് വഴിയും ഒരു വാഹനവും ഉണ്ടാകാറില്ല.... അന്നത്തെ കാലത്ത് കാല്‍ നടയായിട്ടാണ് ആള്‍ക്കാര്‍ സിനിമക്ക് പോയിരുന്നത്... പരപ്പനങ്ങാടിയില്‍ പ്രഭ, ജയകേരള , എന്ന രണ്ടു ടാക്കീസുകളാണ് ഉണ്ടായിരുന്നത്, രാത്രി സെക്കെന്‍ഷോ  കഴിഞ്ഞു കാല്‍നടയായി ആറു കിലോമീറ്റര്‍ നടന്നാലാണ് തയ്യിലക്കടവ് എത്തുക...  രണ്ടു പേര്‍ സിനിമ കഴിഞ്ഞു വരികയായിരുന്നു...... ,  നടന്നു വന്നിരുന്ന അവര്‍  ഡോക്ടര്‍ രാധാകൃഷ്ണന്റെ  ക്ലിനിക്കിനു അടുത്തെത്തിയപ്പോള്‍ മഴ നല്ല ശക്ത്തിയില്‍ പെയ്യാന്‍ തുടങ്ങി.... മഴയില്‍ നിന്നും രക്ഷ തേടി ഇവര്‍ ഡോക്ടറുടെ വീടും ക്ലിനിക്കും കൂടിയായ ആ ഓടു മേഞ്ഞ വീടിന്‍റെ വരാന്തയില്‍ അഭയം തേടി.... ആ സമയത്ത് അവരുടെ മനസ്സിലുതിച്ച ഒരു പൈശാചിക ചിന്ത പിന്നീട് ചെട്ടിപ്പടി നിവാസികള്‍ക്ക് കുറച്ചു കാലത്തേക്ക് എങ്കിലും ഡോക്ടറുടെ സേവനം രാത്രി കാലങ്ങളില്‍ ലഭിക്കാതെയായത്,

നിറുത്താതെയുള്ള കോളിംഗ് ബെല്ലിന്‍റെ ശബ്ദം കേട്ട് കൊണ്ടാണ് ഡോക്ടര്‍ വാതില്‍ തുറന്നു നോക്കിയത്...  ഒരാള്‍ കരഞ്ഞു കൊണ്ട് ഡോക്ടറുടെ കാലിലേക്ക് വീണു.. എന്‍റെ അമ്മയെ രക്ഷിക്കണം ഡോക്ടര്‍ ..... 

ഡോക്ടര്‍ രാധാകൃഷ്ണന്‍ ഈ സംഭവം നടക്കുമ്പോള്‍ താമസിച്ചിരുന്ന വീട് നിന്നിരുന്ന സ്ഥലം.


ഡോക്ടര്‍ കാര്യം തിരക്കി ,  രാത്രി ഒന്‍പതു മുതല്‍ അമ്മക്കു പനി കൂടുകയും ഇപ്പോള്‍ ശ്വാസം ലഭിക്കാതെ   അസ്വസ്ഥത കാണിക്കുന്നുണ്ടെന്നും പറഞ്ഞു ... ഡോക്ടര്‍ വന്നു നോക്കണം...... തയ്യിലക്കടവിലാണ് വീട് ... രാത്രി ആയതു കൊണ്ട് വാഹനമോന്നും കിട്ടിയില്ല അത് കൊണ്ട്  ഡോക്ടര്‍ ഞങ്ങളുടെ കൂടെ ഒന്ന് വരണം... വാഹനമില്ലാതെ വരാന്‍ പറ്റില്ല എന്നറിയിച്ച ഡോക്ടര്‍ , പിന്നെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടു  അശ്വസ്തനായി.... കൊടക്കാട് നിവാസികളായ രണ്ടു സാമൂഹ്യ പ്രവര്‍ത്തകരുടെ പേരും അവരുടെ ബന്ധുക്കള്‍ ആണെന്ന് പറയുകയും ചെയ്തു വന്നവര്‍.

ഒരാളുടെ ജീവന്‍ അപകടത്തിലാണ് എന്നറിഞ്ഞപ്പോള്‍  ഏതു ഡോക്ടര്‍ക്കും ഉണ്ടാകുന്ന ഒരു ആകാംക്ഷയും , ഒരു നല്ല മനസ്സിനു ഉടമുയുമായ ഡോക്ടര്‍ അവസാനം പോകാന്‍ തയ്യാറായി.... തന്‍റെ ഫസ്റ്റ് ഐഡ് കിറ്റ് അതില്‍ ഒരുവന്‍റെ കയ്യില്‍ ഏല്‍പിച്ചു  കൊണ്ടു തന്‍റെ ഫിയറ്റ് കാര്‍ സ്റ്റാര്‍ട്ട്‌ ആക്കി രാത്രിയില്‍ ഒരു ജീവന്‍ രക്ഷിക്കാനുള്ള യാത്ര തുടങ്ങി... സമയം രാത്രി ഒരു മണി... തയ്യിലക്കടവ് പാലത്തിന്റെ മുന്നോടിയായുള്ള ഒരു ഇടവഴിക്ക് മുന്നിലെത്തിയപ്പോള്‍ കാര്‍ നിര്‍ത്താന്‍ പറഞ്ഞു,

ഇരുട്ടിലേക്ക് വിരല്‍ ചൂണ്ടി ഡോക്ടറോട് പറഞ്ഞു ആ കാണുന്നതാണ് വീട് ,  ഇടവഴിയില്‍ പാമ്പുകളൊക്കെ ഉണ്ടാകുന്നതാണ് ഞാനോടി പ്പോയി ടോര്‍ച്ചു എടുത്തു വരാം എന്നു പറഞ്ഞു അതിലോരുവന്‍ ഇറങ്ങി ഇരുട്ടില്‍ മറഞ്ഞു .... 

നീണ്ട പത്തു മിനുട്ട് കാത്തിരിപ്പിനു ശേഷവും പോയ ആളെ കാണാതായപ്പോള്‍ മറ്റവന്‍ പറഞ്ഞു ഞാനൊന്നു പോയി നോക്കി ഇപ്പോള്‍ തന്നെ വരാം എന്നു പറഞ്ഞു..... ഡോക്ടര്‍ സംസാരിക്കാന്‍ തുടങ്ങുന്നതിന്‍റെ മുന്‍പ് തന്നെ കാറിന്റെ ഡോര്‍ തുറന്നു രണ്ടാമത്തെ ആളും ഇരുട്ടില്‍ മറഞ്ഞു ... പാവം ഡോക്ടര്‍ പിന്നെയും കുറച്ചു സമയം അവിടെ നിന്ന ശേഷമാണ് താന്‍ ചതിയില്‍ പെട്ടത്  മനസ്സിലായത്‌... തിരിച്ചു വീട്ടിലെത്തിയപ്പോള്‍ രാത്രി രണ്ടു മണിയായി .....

ഈ സംഭവത്തിനു ശേഷം രാതി എട്ടു മണി കഴിഞ്ഞാല്‍ ആരു തന്നെ വന്നു വിളിച്ചാലും വണ്ടി കൊണ്ട് വന്നാലും കുറച്ചു കാലം ഡോക്ടര്‍ രോഗികളെ നോക്കാന്‍ പോകാറില്ലായിരുന്നു..

കുട്ടിക്കാലത്ത് എന്‍റെ  മനസ്സില്‍ ആഴത്തില്‍ വേരോടിയ ഈ അനുഭവ കഥ എന്‍റെ ജീവിതത്തില്‍ വളെരെ സ്വാധീനം ചെലുത്തിയ ഒന്ന് തന്നെ.

തയ്യിലക്കടവ് പാലത്തില്‍ നിന്നും സുഹൃത്തിനോടൊപ്പം.

No comments: