Friday, April 24, 2015

പ്രിയപ്പെട്ട മമ്മദ് സര്‍....

ഓര്‍മ്മകള്‍ ഇരുപത്തിയാറു വര്‍ഷം പിന്നിലെ ഒരു കോളേജ് ദിനത്തിലേക്ക് കൂട്ടികൊണ്ടുപോയി.. ബസ്സിറങ്ങി ഉത്സാഹത്തോടെ നടക്കുന്നതിനിടയില്‍ ജീന്‍സിന്‍റെ പിന്‍ പോകറ്റില്‍ നിന്നും ചീര്‍പ്പെടുത്തു പാറിയ മുടി ഒതുക്കി ഹമീദിന്റെ കൂള്‍ബാറിലേക്ക് ഓടിക്കയറി..! സകല ഉഴപ്പന്മാരും ഒത്തുകൂടുന്ന ആദ്യ സ്ഥലം... ഇവിടെ നിന്നാണ് ഇന്നത്തെ കോളേജ് ദിനം തുടങ്ങുന്നത്... ചെറിയ ഒരു ചാറ്റല്‍ മഴയില്‍ റോഡ്‌ നനഞ്ഞിരിക്കുന്നു.. ബസ്സുകള്‍ കിഴക്കുനിന്നും പടിഞ്ഞാറ് നിന്നും വന്നു കൊണ്ടിരുന്നു... പൊട്ടനും ചാണ്ടിയും തടിയനും കോഴിക്കള്ളനും എല്ലാം എത്തി കഴിഞ്ഞു..! ഇനി ആദ്യ കലാപരിപാടിക്ക്‌ തുടക്കമായി "വായ്നോട്ടം" പെണ്‍കുട്ടികള്‍ ബസ്സ്‌ ഇറങ്ങി വരുന്നതും നോക്കി വായ്‌ പൊളിച്ചിരിക്കുന്നതാണ് പ്രധാന ഇനം .. ഇടയ്ക്കിടയ്ക്ക് വല്ല കമന്‍റും ആവാം.. എല്ലാവരും എത്തി എന്ന് ഉറപ്പു വരുത്തിയാല്‍ പിന്നെ കാമ്പസിലേക്ക്‌.. പ്രിന്‍സിപ്പലിന്‍റെ  റൂമിന് മുന്നിലുള്ള കോണിപ്പടികള്‍ക്ക് താഴെ നേതാക്കന്മാരൊക്കെ കൂടി നില്‍പ്പുണ്ട്... ഇന്നത്തെ മുഖ്യ അജണ്ട അടുത്തതായി ഒരു പ്രകടനമാണ്..! ധീര രക്തസാക്ഷിത്വം വരിച്ച സഹോദരങ്ങള്‍ക്ക്‌ "മുജീബ് റഹ്മാന്‍ കുഞ്ഞിപ്പ" അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് ഹനീഫ പെരിഞ്ചീരിയുടെ പ്രസങ്ങത്തോടെ പ്രകടനത്തിനു തുടക്കമായി...! രണ്ടാമത്തെ അവര്‍ തുടങ്ങിയതും സിദ്ധീക്ക് അറ്റന്റര്‍ രജിസ്റ്റമായി താഴേക്ക്‌ ഇറങ്ങി വരുന്നു... നമ്മുടെ കാര്യം മറക്കല്ലേ എന്ന് ഓര്‍മ്മ പ്പെടുത്തി ഒരു ചിരി പാസാക്കി...  വരാന്തയിലൂടെ ലക്ഷ്യമില്ലാതെ പ്രകടനത്തിനു പിന്നാലെ ഒരു അലസമായ നടന്നു തുടങ്ങി... ജീന്‍സിന്‍റെ പോകറ്റില്‍ നിന്നും നോട്ടു ബുക്ക്‌ പുറത്തേക്ക് തല നീട്ടി പുറകില്‍ വരുന്നവരെ നോക്കുന്നുണ്ടായിരുന്നു...! മൂന്നാമത്തെ അവര്‍ മമ്മത് സാറിന്റെ ക്ലാസ്സായിരുന്നു...! ചെമ്മാട് ദര്‍ശന ടാകീസില്‍ ന്യൂണ്‍ഷോ പുതിയ റിലീസ് ആണെന്ന് തോന്നുന്നു ക്ലാസ് പകുതിയിലതികവും കാലിയാണ്.. ക്ലാസ്സില്‍ കയറിയതല്ലേ ഏതായാലും ഈ അവര്‍ ഇരിക്കാം എന്ന് കരുതിയപ്പോഴാണ് മമ്മത് സാറിന്‍റെ ''ചൂടുള്ള ചേബ് വായില്‍ ഉള്ള മാതിരി ഘനഗംഭീരമായ ശബ്ദത്തില്‍ അറിയിപ്പ് വന്നത് "എന്റെ ക്ലാസ്സില്‍ നിര്‍ബന്ധമായും ആരും ഇരിക്കണമെന്നില്ല" അതുഞ്ഞങ്ങള്‍ രണ്ടു മൂന്നു പേര്‍ക്കിട്ടൊരു താങ്ങലായിരുന്നു... പിന്നെ ഒട്ടും അമാന്തിച്ചില്ല കയ്യിലുള്ലൊരു നോട്ടുബൂക്കുമെടുത്തു നേരെ പുറത്തേക്ക്... ആ യാത്ര  അവസാനിച്ചത്‌ കോളേജ് കാന്‍റീനിലായിരുന്നു.. ഒരു ചായ കുടിച്ചു നേരെ പുറത്തേക്കിറങ്ങി ആത്മാവ് ഒന്ന് പുകപ്പിച്ചപ്പോള്‍ അതാ തൊട്ടു മുന്നില്‍ കൊമെര്സ് ബ്ലോക്കിന് ചാരി മമ്മത് സാറിന്‍റെ ലാംബട്ര സ്കൂട്ടര്‍ ഞങ്ങളെ നോക്കി ചിരിക്കുന്നു... പിന്നെ ഒട്ടും അമാന്തിച്ചില്ല പിന്നിലെ ടയറിന്റെ കാറ്റഴിച്ചു വിട്ടു ... മൂന്നു പേരും മാറി മാറി പത്തു മിനിട്ടോളം എടുത്തു മിഷന്‍ കമ്പ്ലീറ്റ് ചെയ്യാന്‍...! ഇന്നലെത്തെ സായാഹ്നത്തില്‍ ഉമ്രക്കു വന്ന മമ്മത് സാറിനും ഫാമിലിക്കും PSMO COLLEGE ALUMNI ജിദ്ദ ഒരുക്കിയ സ്വീകരണത്തില്‍ ഞാന്‍ ഇക്കാര്യം സൂചിപ്പിച്ചപ്പോഴും സ്റ്റേജില്‍ ഇരുന്നുകൊണ്ട് ഒരു വിപ്ലവകാരിയുടെ മുഴങ്ങുന്ന ചിരി ഞാന്‍ കണ്ടു...!  അദ്ദേഹത്തിന്റെയും കുടുംബത്തിന്‍റെയും ഉംറയും മറ്റു എല്ലാ നല്ല മുറാതുകളും അല്ലാഹു സ്വീകരിക്കുമാറാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ..!!