Sunday, December 25, 2016

പ്രണയം സാക്ഷി..!

വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പോണ്ടിച്ചേരിയില്‍ പഠിക്കാന്‍ പോയത്. പുതിയ കോളേജും സഹപാഠികളും തന്‍റെ മനസ്സിനോട് പൊരുത്തപ്പെടാന്‍ സമയമെടുത്തു.


ജസീല കാണാന്‍ അതീവ സൌന്ദര്യവതിയായിരുന്നു, പൂച്ചകണ്ണും, ഇടതിങ്ങി വളര്‍ന്ന നീണ്ടകാര്‍കൂന്തലും, ചെന്താമരപ്പൂവിന്റെ നിറവും, ചിരിക്കുമ്പോള്‍ കവിളില്‍ വിരിയുന്ന നുണക്കുഴിയും, പവിഴമുത്തുകള്‍ പോലുള്ള പല്ലുകളും യുവാക്കളുടെ മനംകവര്‍ന്നു.

കോളേജില്‍ അവളെ സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്ത ആണ്‍കുട്ടികള്‍ ഇല്ലായിരുന്നു. ആരോടും അവള്‍ കൂടുതല്‍ അടുത്തിടപഴകിയില്ല. പ്രണയലേഖനങ്ങള്‍ ഒന്നിന് പിറകെ മറ്റൊന്നായി വന്നുകൊണ്ടിരുന്നു.

കോളേജ് ഹോസ്റ്റലിലെ മുകളിലത്തെ നിലയില്‍ ജനാലക്കരികിലായി കാറ്റാടി മരങ്ങള്‍ക്കിടയിലൂടെ കടന്നുവരുന്ന പടിഞ്ഞാറന്‍ കാറ്റും മതിലുകള്‍ക്കപ്പുറത്തു പന്തുകളി കഴിഞ്ഞു പോകുന്ന കുട്ടികളുടെ ആരവങ്ങളും സൂര്യന്‍ അറബിക്കടല്‍ സ്വന്തമാക്കി മുറ്റത്തെ പുല്‍ത്തകിടികളില്‍ ഇരുട്ട് പരത്തുന്നതും മനസ്സിന്‍റെ ആഹ്ലാദമാക്കാന്‍ അവള്‍ പരമാവധി ശ്രമിച്ചു.


ആ പൊടിമീശക്കാരന്‍ പ്രീഡിഗ്രീക്കാരന്‍ അവളുടെ മനസ്സിനെ അത്രമേല്‍ സ്വാധീനിച്ചിരുന്നു. അവന്‍റെ ഫോണ്‍കോളുകള്‍ ഇനി ഒരിക്കലും എന്നെത്തേടി വരില്ലെന്നോര്‍ത്തു സങ്കടപ്പെട്ടു. പ്രീഡിഗ്രി കഴിഞ്ഞതും വീട്ടിലെ ഫോണ്‍ കട്ടായതും ആദ്യമൊന്നും അവള്‍ക്ക് മനസ്സിലായില്ല.

ഫാസിലിന്‍റെ നാടറിയാം എന്നല്ലാതെ കത്തെഴുതാന്‍ വിലാസം കയ്യിലില്ലായിരുന്നു. ഫാസിലിനെ എന്നില്‍ നിന്നും എന്നെന്നേക്കുമായി പിരിക്കാന്‍ ഉപ്പയും ഉമ്മയും കൂടി ഒരുക്കിയ കെണിയായിരുന്നു ഈ പോണ്ടിച്ചേരി പഠനം. എല്ലാം അറിഞ്ഞുകൊണ്ടുതന്നെ അവരുടെ ഇഗീതത്തിനു വഴങ്ങുകയല്ലാതെ മുന്നില്‍ വേറൊരു വഴിയില്ലായിരുന്നു. പ്രായവും പക്വതയുമായിരുന്നു എല്ലാത്തിനും തടസ്സം നിന്നത്, എന്‍റെയും ഫാസിലിന്റെയും മനസ്സ് കാണാന്‍ ആരുമുണ്ടായില്ല.

ജീവിതചക്രം മുന്നോട്ട് നീങ്ങികൊണ്ടിരുന്നു. കണ്ണടച്ചു തുറക്കുന്ന പോലെ രണ്ടു വര്‍ഷം പെട്ടന്ന് കടന്നുപോയി. ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ പഠനവും ഒന്നാം ക്ലാസ്സോടെ പാസായി, വീട്ടില്‍ ഉപ്പയും അമ്മാവന്മാരും കല്യാണാലോചനകള്‍ തുടങ്ങി. ആ പ്രേമബന്ധം വിച്ചേദിക്കപ്പെട്ടു എന്ന് തന്നെ വീട്ടുകാരുറച്ചു.

പോണ്ടിച്ചേരിയില്‍ തന്‍റെ സീനിയര്‍ ആയി പഠിച്ച ഷംസുദ്ദീന്‍ എന്ന പയ്യന്‍റെ വിവാഹാലോചന യാദ്രിക്ഷികമായി ഒരു ബ്രോക്കര്‍ കൊണ്ടുവന്നു. നല്ല സാമ്പത്തിക ഭദ്രതയുള്ള കുടുംബം, ചെക്കന് ടൌണില്‍ ടെക്സ്റ്റയില്‍ ബിസിനസ്സാണ്. അങ്ങിനെ പെണ്ണുകാണാന്‍ അവന്‍ വന്നു. ഞങ്ങള്‍ ഒരുമിച്ചു സംസാരിച്ച സ്വകാര്യ നിമിഷത്തില്‍ അവനെന്നോട് ആ രഹസ്യം പറഞ്ഞു.

“ജസീലാ..! നിന്നോട് എനിക്ക് വല്ലാത്ത പ്രണയമായിരുന്നു. ഞാന്‍ നിന്‍റെ പഠനം കഴിയാന്‍ കാത്തുനില്‍ക്കുകയായിരുന്നു. കോളേജില്‍ എന്‍റെ ഇഷ്ടം പറഞ്ഞാല്‍ നീ നിരസിക്കുമോ എന്ന ഭയത്താലാണ് പറയാതിരുന്നത്. നീ ജോയിന്‍ ചെയ്ത അടുത്തവര്‍ഷം ഞാന്‍ കോളേജ് വിട്ടു ഫാമിലി ബിസിനസ്സില്‍ ഇറങ്ങിയതാണ്. നിന്‍റെ പൂര്‍ണ്ണ മനസ്സാണ് എനിക്കാവിശ്യം. ഇപ്പോള്‍ നീയോരുത്തരം തരുമല്ലോ..?”

എന്‍റെ മുന്നില്‍ മറ്റു വഴികളോന്നുമില്ലായിരുന്നു. എല്ലാവര്‍ക്കും ഇഷ്ടമുള്ള ബന്ധം. എവിടെയാണെന്നോ എന്തുചെയ്യുന്നന്നോ അറിയാതെ എന്‍റെ മനസ്സില്‍ സ്നേഹപ്പൂക്കള്‍ വിരിയിച്ച ആ പൊടിമീശക്കാരന്‍ ഫാസിലിനെ ഇനിയുമെത്ര നാളുകള്‍ കാത്തിരിക്കും.. ഓര്‍മകളെല്ലാം മനസ്സിന്‍റെ ഉള്ളറകളില്‍ മണിച്ചിത്രത്താഴിട്ടു പൂട്ടി ഒരു ചിരി സമ്മാനിച്ചു ഷംസുവിന്..!

കല്യാണം കഴിഞ്ഞു. ജസീലാക്ക് ഷംസുവിനെ ഇഷ്ടമായി. ചില വിഷയങ്ങളില്‍ ഷംസുവിന്റെ പേടി, ജസിയുടെ ഭൂതകാലത്തെപറ്റിയുള്ള സംശയങ്ങള്‍, പൂച്ചകളെ വളര്‍ത്തുന്നതില്‍ കാട്ടിയിരുന്ന താല്‍പര്യം, ബിസിനസ് സാമ്രാജ്യത്തെ വീരകൃത്യങ്ങള്‍, ഞായറാഴ്ചകളിലെ പന്തുകളിയിലെ പുളുവടി, എല്ലാം ജസീലാക്ക് വളരെ വേഗത്തില്‍ ഉള്‍കൊള്ളാന്‍ കഴിഞ്ഞു. പാചകപുസ്തകങ്ങള്‍ പരീക്ഷിച്ചും, ഡ്രൈവിംഗ് സ്കൂളില്‍ പോകുകയും, പൂന്തോട്ടം ഒരുക്കിയും ദിവസങ്ങള്‍ പോക്കി. എല്ലാ ദമ്പതികളെയും പോലെ ആദ്യത്തെ കുഞ്ഞ് പെട്ടന്ന് വേണ്ട എന്ന് തീരുമാനിച്ചു.

രണ്ട് മാസം കഴിഞ്ഞപ്പോള്‍ ജസീല ശംസുവിനോട് പറഞ്ഞു. എനിക്ക് ചര്‍ദ്ധില്‍ വരുന്നു, പച്ചമാങ്ങ, പച്ചപ്പുളി ഒക്കെ കഴിക്കാന്‍ കൊതിയാകുന്നു, മാസങ്ങള്‍ കഴിയുന്തോറും അവളുടെ വയര്‍ വലുതായികൊണ്ടിരുന്നു. പിന്നീടങ്ങോട്ട് നാലുവര്‍ഷം ഇടവിട്ട്‌ ഈ പ്രക്രിയ നടന്നുകൊണ്ടിരുന്നു. ആദ്യത്തേത് പെണ്ണും പിന്നെ രണ്ട് ആണ്‍കുട്ടികളും. നീണ്ട പതിമൂന്ന് വര്‍ഷം പെട്ടന്ന് കടന്നുപോയി.. കുഞ്ഞു വാവക്ക് ഒരു വയസ്സായിരിക്കുന്നു.


മകന്‍റെ ജന്മദിനത്തിനാണ് അപ്രധീക്ഷികമായി ഫേസ്ബുക്കില്‍ ആ ഫ്രന്റ്‌റിക്വസ്റ്റ് കണ്ടത്. “ഫാസില്‍” സന്തോഷം തോന്നിയില്ല. വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടുമവന്‍ എന്തിനു വന്നു. പ്രൊഫൈല്‍ നോക്കി ഒരുപാട് മാറിയിട്ടുണ്ട്, കട്ടിയുള്ള മീശ, എന്നെ ആകര്‍ഷിച്ച കുസൃതി കാണിക്കുന്ന സൗന്ദര്യമുള്ള ആ കണ്ണുകള്‍ക്ക്‌ തിളക്കം കൂടിയിരിക്കുന്നു, നീളന്‍ മുടിയും കോട്ടും ട്ടൈയ്യുമായി-


“സലാം” ‘ഇന്‍ബോക്സില്‍ ഒരു മെസ്സേജ് ഇട്ടു.’
ഉടനെ മറുപടി വന്നു: “വഅലൈക്കുംസലാം.”
'എന്നെ മനസ്സിലായോ?.'
'അതല്ലേ ഫ്രന്റ്‌റിക്വസ്റ്റ് അയച്ചത്.'
'ഇത്രയും കാലം നീയെവിടെയായിരുന്നു?.'
'ഒരുപാട് പറയാനുണ്ട്, എല്ലാം സാവധാനത്തിലാവാം.'
'നീയിപ്പോള്‍ എവിടെയാണ്.'
“ദുബായില്‍”
“എന്തുചെയ്യുന്നു.”
‘ഒരു കമ്പനിയില്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ആയി ജോലി ചെയ്യുന്നു.’

പിന്നീട് ദിവസവും ഒഴിവുള്ള സമയങ്ങളില്‍ ഞങ്ങള്‍ ചാറ്റ് ബോക്സില്‍ ഒത്തുകൂടി വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ടിരുന്നു. പലപ്പോഴും അവന്‍റെ മറുപടികളില്‍ വിഷാദം നിറഞ്ഞു നിന്നു. ജസീ... നിന്നെ കാണാന്‍ ഒരുപാട് ശ്രമിച്ചു. കോളേജ് കഴിഞ്ഞ ആദ്യ നാളുകളില്‍ ഫോണ്‍ വിളിക്കുമ്പോള്‍ അതികവും വീട്ടില്‍ ഉമ്മയോ ഉപ്പയോ ആണ് ഫോണ്‍ എടുക്കുന്നത്. ഉടനെ കട്ട് ചെയ്യും. ഒന്നും മിണ്ടാതെ നിന്ന ദിവസങ്ങളില്‍ ഉപ്പയോട് കുറേ ചീത്ത കേള്‍ക്കും. പിന്നീട് ഫോണ്‍ നിശ്ചലമായി.

നമ്മള്‍ ഒരുമിച്ചു പഠിച്ച കോളേജില്‍ തന്നെയായിരുന്നു ഞാന്‍ ഡിഗ്രിയും പഠിച്ചത്. നീയായിരുന്നു മനസ്സ് നിറയെ. ക്ലാസ്സിലെ പെണ്‍കുട്ടികളില്‍ ആരേയും നിന്നെപോലെ എനിക്ക് കാണാന്‍ കഴിഞ്ഞില്ല. ഞാന്‍ നിന്നെ ഒരുപാട് സ്നേഹിച്ചിരുന്നു എന്ന് എനിക്ക് മനസ്സിലായത്‌ അപ്പോഴാണ്‌. ജസീ... നിന്നെ പിരിഞ്ഞുപോയതിലും, വീണ്ടും കാണുവാന്‍ സാധിക്കാത്തതിലും ആത്യധികം സങ്കടത്തിലായിരുന്നു. ഈ ഇന്റര്‍നെറ്റ്‌ യുഗത്തിലാണ് ഞമ്മള്‍ പഠിച്ചെതെങ്കില്‍ എനിക്കൊരിക്കലും നിന്നെ നഷ്ടപ്പെടുമായിരുന്നില്ല.

അവള്‍ പലപ്പോഴും വളരെ പക്വതയോടെ സംസാരിച്ചു. ഫാസിലിന്‍റെ കല്യാണം കഴിഞ്ഞു രണ്ട് കുട്ടികളായിരിക്കുന്നു. ഫാമിലി നാട്ടില്‍ തന്നെയാണ്. ഞങ്ങളുടെ ചാറ്റിംഗ് ഒരു വര്‍ഷത്തോളം കഴിഞ്ഞു. ആയിടക്കാണ് ഫാസിലിന്‍റെ ഉമ്മാക്ക് അസുഖമായി പെട്ടന്ന് നാട്ടില്‍ വന്നത്.

ഉമ്മ ഫാസിലിന്‍റെ എല്ലാമായിരുന്നു. കുഞ്ഞു നാള്‍ മുതലേ അവന് ഉമ്മയോട് വലിയ കൂട്ടായിരുന്നു. ഗള്‍ഫിലായിരുന്നപ്പോഴും ഒരു ദിവസം പോലും ഉമ്മയുടെ ശബ്ദം കേള്‍ക്കാതെ അവനുറങ്ങാറുണ്ടായിരുന്നില്ല. ഉമ്മാന്റെ അസുഖം അവനെ വല്ലാതെ തളര്‍ത്തി.

എല്ലാ വിശേഷങ്ങളും അവന്‍ ജസീലയോട് പറഞ്ഞുകൊണ്ടിരുന്നു. നാട്ടില്‍ വന്നിട്ട് ഒരു മാസം കഴിഞ്ഞു.. തിരിച്ചുപോകാന്‍ സമയമായി.. അവന്‍ ഒരു ദിവസം കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ജസീലാക്കും മനസ്സില്‍ ആഗ്രഹം ഉണ്ടായിരുന്നു ആ കണ്ണുകള്‍ ഒരിക്കല്‍ കൂടി നേരിട്ട് കാണാന്‍.

അങ്ങനെ അവര്‍ കോളേജിലെ ടെന്നീസ് കോര്‍ട്ടിന്റെ പിറകിലുള്ള കാറ്റാടി മരങ്ങള്‍ സാക്ഷിയാക്കി വീണ്ടും കണ്ടു. കുറച്ചുനേരം രണ്ടുപേര്‍ക്കും ഒന്നും സംസാരിക്കാനായില്ല. അവന്‍ വിഷാദമൂകനായിരുന്നു. ഉമ്മയുടെ അസുഖവിവരങ്ങള്‍ പറഞ്ഞാണ് തുടങ്ങിയത്. പിന്നെ മുന്‍പ് കറങ്ങി നടന്നിരുന്ന സ്ഥലങ്ങളിലെല്ലാം അവര്‍ പോയി. പക്ഷേ ഒരിക്കലും അവരുടെ സംസാരത്തില്‍ പ്രണയം കടന്നുവന്നില്ല. പക്ഷേ രണ്ടുപേരുടെ മനസ്സ് നിറയെ ആ പ്രണയ ഓര്‍മ്മകള്‍ തന്നെയായിരുന്നു.

പിരിയാന്‍ നേരം ഫാസില്‍ പറഞ്ഞു. ജസീ.. ഞാന്‍ നിനക്ക് വേണ്ടി ഒരു കുഞ്ഞു സമ്മാനം കൊണ്ടുവന്നിരുന്നു. നീ അത് എന്നില്‍ നിന്നും സ്വീകരിച്ചാലും. അത് ജസിയെ അമ്പരപ്പിച്ചു. നീയിതുവരെ ചാറ്റ് ചെയ്യുമ്പോള്‍ ഇക്കാര്യം പറഞ്ഞിരുന്നില്ലല്ലോ?.

‘ഇല്ല’ നേരില്‍ കാണുകയാണെങ്കില്‍ നിനക്ക് സമ്മാനിക്കാന്‍ ഒരു കുഞ്ഞു മോതിരം വാങ്ങിയിരുന്നു. ‘ഇത് വാങ്ങൂ...’ പോകറ്റില്‍ നിന്നും ഒരു ബോക്സ്‌ എടുത്തു അവന്‍ ജസീലയുടെ കയ്യില്‍ കൊടുത്തു. കണ്‍കോണുകളില്‍ ഊറിയ ജലകണങ്ങള്‍ അവള്‍ കാണാതിരിക്കാന്‍ പാടുപെട്ടുകൊണ്ട് മുഖത്ത് ഒരു പുഞ്ചിരി വരുത്തി കൈവീശി ‍ പോകുന്നു എന്ന് പറഞ്ഞുകൊണ്ട് പെട്ടന്ന് അവളെ നോക്കാതെ അവന്‍ മുന്നോട്ടു നടന്നു.


അത്തറിന്റെ മണമുള്ള കുഞ്ഞുബോക്സ് തുറന്നുനോക്കി. തികച്ചും വെത്യസ്തമായ ഒരു വെള്ളിമോതിരം ആയിരുന്നു അത്. ഒരു റിങ്ങിന്റെ മുകളില്‍ മറ്റൊരു റിങ്ങ് മുകളിലത്തെ റിങ്ങ് തിരിക്കാന്‍ പറ്റും. അതവള്‍ കയ്യിലണിഞ്ഞു.

അടുത്ത ദിവസം അവന്‍റെ മെസ്സേജ് വന്നു. നാളെ പോകുന്നു, ലീവ് കഴിഞ്ഞു.
പിന്നീട് ഫാസിലിന്‍റെ ജീവിതത്തില്‍ നടന്ന ദുഃഖകരമായ വിധികളാണ് അവനോടുള്ള സ്നേഹം അവളെ ഭയപ്പെടുത്താന്‍ തുടങ്ങിയത്.

തിരിച്ചുപോയ അടുത്ത ദിവസം തന്നെ ഉമ്മാക്ക് സ്ട്രോക്ക് വരികയും മരണപ്പെടുകയും ചെയ്തു. ഫാസില്‍ അന്നുതന്നെ തിരിച്ചെത്തുകയും ഉമ്മയെ കണ്ണീരോടെ യാത്രയാക്കുകയും ചെയ്യേണ്ടി വന്നു.

പിന്നീട് അവനോട് ചാറ്റ് ചെയ്യുമ്പോഴൊക്കെ ഞാന്‍ എന്നുപയോഗിച്ചിരുന്നിടത്തോക്കെ നമ്മള്‍ എന്ന പ്രയോഗം അവളറിയാതെ കടന്നുവന്നു. വിരഹമനസ്സിന്റെ നിരാശയില്‍നിന്നുളവാക്കുന്ന ദുര്‍ബലവും നിസ്സഹായവുമായ സ്നേഹം തേടിയുള്ള വാക്കുകള്‍ അവളെ വല്ലാതെ തളര്‍ത്തി.


ഞാന്‍ മറ്റൊരു ലോകത്തേക്ക് പോയിക്കൂടാ എന്നവളുടെ മനസ്സ് മന്ദ്രിച്ചുകൊണ്ടിരുന്നു. ഒന്നിനും ഒരുല്‍സാഹമില്ല, മനസ്സ് എപ്പോഴും മറ്റെവിടെയോ സഞ്ചരിച്ചുകൊണ്ടേയിരുന്നു, മക്കളുടെയും ഇക്കയുടെയും കാര്യത്തിലും ശ്രദ്ധ കുറയുന്നത് തിരിച്ചറിഞ്ഞു. അവള്‍ ഫാസിലിന്‍റെ ഇന്‍ബോക്സില്‍ ഇങ്ങിനെയെഴുതി.


‘പ്രിയപ്പെട്ട ഫാസില്‍.’

ഞാന്‍ നിന്നെ ഒരുപാട് സ്നേഹിച്ച ഒരു കാലമുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം നീ വീണ്ടും എന്നെ കാണാന്‍ വന്നപ്പോള്‍ അത് വീണ്ടും പതിന്മടങ്ങ്‌ ശക്തിയോടെ എന്‍റെ മനസ്സിനെ കീഴ്പ്പെടുത്തുന്നു.

ഉമ്മയുടെ വേര്‍പാടില്‍ ദുഃഖം തളംകെട്ടിനില്‍ക്കുന്ന ആ കണ്ണുകള്‍, നിഷ്കളങ്കമായ പെരുമാറ്റം, കുറച്ചുമാത്രം സംസാരിച്ചു ഒരുപാട് ചിന്തിപ്പിക്കുന്ന നിന്‍റെ വാചകങ്ങള്‍.. ഓര്‍മ്മകള്‍ വീണ്ടും പഴയ കോളേജുകുമാരിയിലേക്ക് എന്നെ തിരിച്ചുകൊണ്ടുപോകുന്നു. മനസ്സ് വല്ലാതെ ആശക്തയാക്കുന്നു. നീയൊന്നുവിളിച്ചാല്‍ എല്ലാം വിട്ടെറിഞ്ഞ്‌ ആ കരവലയത്തില്‍ ഒതുങ്ങുന്ന വെറും പെണ്ണാവും ഞാന്‍. അതുകൊണ്ട് തന്നെ ഞാന്‍ എന്നെ ഭയക്കുന്നു. എന്നെ മാത്രം സ്നേഹിക്കുന്ന ഇക്ക.. മക്കള്‍... വയ്യ എനിക്കൊരിക്കലും ഇനി നിന്റെതാകാന്‍ കഴിയില്ല. നീയൊരിക്കലും എന്നോട് അത്തരത്തില്‍ സംസാരിച്ചിട്ടില്ല, എങ്കിലും ഞാന്‍ എന്നെ സ്വയം തുറന്നു കാണിക്കുകയാണ്. ഇനി വല്ലപ്പോഴും വീട്ടില്‍ വിശേഷങ്ങള്‍ ഉണ്ടാവുമ്പോള്‍ മാത്രം എനിക്ക് വിവരം അറിയിച്ചാല്‍ മതി. ഈ ബന്ധത്തിന് ഞാന്‍തന്നെ ഒരു വിരാമമിടുകയാണ്‌.

നിന്‍റെ ശബ്ദം കേട്ടുകൊണ്ടിരുന്ന ആ പഴയ ടെലിഫോണ്‍ തറവാട്ടില്‍ നിന്നും ഞങ്ങളുടെ പുതിയ വീട്ടില്‍ സ്ഥാനം പിടിച്ചിരുന്നു. ആ പഴയ റിംഗ്ടോണ്‍ കേള്‍ക്കുമ്പോള്‍ നിന്നെ ഓര്‍മ്മവരുമായിരുന്നു. ആ പഴയ ടെലിഫോണ്‍ മാറ്റി പുതിയതോരണ്ണം വാങ്ങി. നീ സമ്മാനിച്ച മോതിരം ഇനിയെന്‍റെ കൈ വിരലില്‍ ഉണ്ടാവില്ല, വിട.. വിട.. അതെന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു.

മോതിരം മകള്‍ക്ക് ഇഷ്ടമായി, ആര് സമ്മാനിച്ചതാണെന്നു അവള്‍ ചോതിച്ചു, ഞാനവളെ ചേര്‍ത്തുപിടിച്ച് കവിളില്‍ നുള്ളി ചിരിച്ചു. ആ മോതിരം മകളുടെ കൈവിരലില്‍ കാണുമ്പോള്‍ തലമുറകള്‍ മാറി ഒന്നുചേരാന്‍ പറ്റാത്തവരുടെ സ്നേഹത്തിന്‍റെ അടയാളമായി എനിക്കനുഭവപ്പെട്ടു. എന്‍റെ കുഞ്ഞു ലോകത്തേക്ക് ഞാന്‍ മടങ്ങിപോകുന്നു..!

കാലങ്ങള്‍ സാക്ഷി.. മനസ്സ് സാക്ഷി.. എന്‍റെയും നിന്‍റെയും പവിത്രമായ പ്രണയം സാക്ഷി..!

https://www.facebook.com/isakkisamSunday, December 18, 2016

നിലാവ്.

നിലാവിലുതിച്ച പൂര്‍ണ്ണചന്ദ്രന്‍റെ
നിഴലിനെ തേടിവന്ന
സ്വപ്നത്തിലെ രാജകുമാരീ..

കണ്ണില്‍ കണ്ണില്‍ നോക്കി
മുടിയിഴകള്‍ക്കിടയിലൂടെ
വിരലോടിച്ച്..

ചുണ്ടിനാല്‍ ദീര്‍ഘചുമ്പനങ്ങള്‍ നല്‍കി
സ്വര്‍ഗ്ഗസഗീതത്താല്‍ സിരകളില്‍
ആവേശം വിതറി..

എന്നില്‍ നിന്നും
ഉറക്കത്തെ കവര്‍ന്ന സുന്ദരീ..

പുഴയുടെ ആഴങ്ങളില്‍
മോഹിനിയായി
എന്നെക്കാണുവാന്‍
തേടിയലഞ്ഞു നീ..

നിന്‍റെ കണ്ണുകളിലുണ്ട് ഞാന്‍
നിനക്ക് ചുറ്റും
മോഹവലയം തീര്‍ത്ത്‌.

http://ishaquep.blogspot.in/
https://www.facebook.com/isakkisam

Friday, December 02, 2016

അയാള്‍.. [മിനിക്കഥ]

കുട്ടിക്കാലത്തെ  ആഗ്രഹമായിരുന്നു ലോകരാജ്യങ്ങള്‍ മുഴുവന്‍ കാണണമെന്ന്. ഭാഷ ഒരു പ്രശ്നമാകുമെന്നായിരുന്നു  ഏറ്റവുംവലിയ വിഷമം.

അതുകൊണ്ടുതന്നെ ഭാഷ പഠിക്കാന്‍ തുനിഞ്ഞതേയില്ല.

ദീര്‍ഘകാലം രാജാവായിരിക്കാന്‍ എങ്ങനെ ബുദ്ധി ഉപയോഗിക്കണമെന്നായിരുന്നു അയാളുടെ മുഖ്യ ആലോചന.

അതുകൊണ്ടുതന്നെ അയാള്‍ ബുദ്ധി ഉപയോഗിച്ചതേയില്ല.

പ്രജകളെല്ലാം ഉറുമ്പിനെപ്പോലെ വരിവരിയായി തനിക്കുപിന്നില്‍ അണിനിരന്ന് നീങ്ങുന്നത്‌ അയാളുടെ സ്വപ്നമായിരുന്നു.

അതുകൊണ്ടുതന്നെ അയാള്‍ സ്വപ്നം കണ്ടതേയില്ല.

തന്നെ രാജാവാക്കാന്‍ പണമിറക്കിയവര്‍ക്ക് വേണ്ടിയുള്ള കളിയിലായിരുന്നു അയാള്‍.

അതുകൊണ്ടുതന്നെ കളിയില്‍ പന്തില്ലാത്തത് അയാളറിഞ്ഞതേയില്ല.

പണമിറക്കിയവര്‍ക്ക് വേണ്ടി തനിക്കുചുറ്റും വിതറിയിട്ട പഞ്ചസാരതരികള്‍ തേടി വരിവരിയായി എത്തിയ ഉറുമ്പിന്‍ കൂട്ടത്തില്‍ നിന്നും രക്ഷനേടാനാകാതെ അയാള്‍ ആരുമല്ലാതായി..!

http://ishaquep.blogspot.in/
https://www.facebook.com/isakkisam