Tuesday, March 25, 2014

"Poke" കൊണ്ടു വന്ന വിന.


വീട്ടിലേക്കു ചെന്നു കയറിയപ്പോഴെ കാദറിനു എന്തോ പന്തികേട്‌ തോന്നി,
എന്നും ഒരു പുഞ്ചിരിയോടെ ഉമ്മറത്ത് കാത്തു നില്‍ക്കുന്ന തന്‍റെ പുന്നാര ബീവിയെ കാണുന്നില്ലല്ലോ, അള്ളാ ഇന്നെന്താണോ പുകില്,
കാദര്‍ ഒരു മയത്തോടെ ഒരു പഞ്ചാര വിളി നീട്ടി വിളിച്ചു, "ജമീലാ......"

വിളി കേട്ടതും ഭദ്രകാളിയെ പോലെ ഉറഞ്ഞു തുള്ളി അതാ വരുന്നു ജമീല , കരഞ്ഞു കലങ്ങിയ കണ്ണും , കെട്ടഴിച്ചിട്ട മുടിയും കണ്ടപ്പോള്‍ തന്നെ കാദറിന്റെ കാറ്റു പോയി,

"അള്ളാ...."  ഇന്നെന്താണോ പ്രശ്നം,

പെട്ടെന്നൊരു ചോദ്യവുമായി ജമീല ?

അല്ല മനുഷ്യാ എന്താ ഈ പോക്ക് ?

കാദര്‍ ഒന്നു ഞെട്ടി, ഇവെള്‍ക്കിതെവിടുന്നു കിട്ടി എന്‍റെ റബ്ബേ ,
ഒരപകടം മണക്കുന്നു, ഫേസ് ബുക്കിലെ പോക്കിന്റെ കാര്യമാണോ ജമീല ഉദ്ദേശിച്ചത് എന്നു മനസ്സില്‍ പറഞ്ഞു കൊണ്ട് ഒന്നു ഗൌരവത്തോടു കൂടി തന്നെ ചോദിച്ചു.

'എടീ നീ കാര്യമെന്താണെന്നു  ഒന്നു തെളിച്ചു പറ...

ഹും കോളേജിലെ നിങ്ങളുടെ ആ പഴയ കാമുകി ഷക്കീലയെ കണ്ടിരുന്നു ഇന്നു റിലയന്‍സ് മാര്‍കറ്റില്‍ നിന്ന്, അവള്‍ പറയുവാ നിങ്ങള്‍ സ്ഥിരം അവളെ പോക്ക് ചെയ്യാറുണ്ടെന്ന്'

അള്ളാ എന്‍റെ റബ്ബേ പണികിട്ടിയല്ലോ ?

എന്നാലും ഷക്കീല ഇങ്ങനെ ഒരു പണി തരുമെന്ന് കരുതിയില്ല ....

അതും ഫേസ് ബുക്ക് പോയിട്ട് നോട്ടുബുക്കും പോലും കണ്ടിട്ടില്ലാത്ത ഇവളോട്‌...!

അല്ല മനുഷ്യാ നിങ്ങളോടാ ചോദിച്ചത് എന്താണ് ഈ പോക്കെന്ന് , ഞാനത്ര പൊട്ടിയാണന്നൊന്നും  കരുതണ്ട.... ജമീല ദേഷ്യത്തോടെ കാദറിനു നേരെ തിരിഞ്ഞു അലറി....

'കാദര്‍ ഒന്നു പതറി, പിന്നെ ഒന്നു നിസ്സാരവല്‍ക്കരിച്ച് ഇങ്ങനെ പറഞ്ഞു,

ഇതാണോ കാര്യം 'അതുപിന്നെ ഈ ഫേസ്ബുക്കിലോക്കെയുള്ളതാ,  'കളിയാക്കുക' എന്നാടി അതിന്‍റെ അര്‍ത്ഥം!."

ഒരു ചെറിയ നുണ .... ഒരു കുടുംബ കലഹം ഒഴിവാകുമെങ്കില്‍ ഒഴിഞ്ഞു പൊക്കോട്ടെ എന്നോര്‍ത്ത് കാദര്‍,

"ആണോ"

ജമീല ഒന്നു ചവിട്ടിത്തുള്ളി തിരിഞ്ഞു പോയി....

കാദര്‍ ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു..

പോയതിനേക്കാളും വേഗത്തില്‍ ദേ തിരിച്ചു വരുന്നു ജമീല വീണ്ടും,
ഇവള്‍ ഇതെന്തിനുള്ള പുറപ്പാടാണ് റബ്ബേ...

ജമീല അലമാരയില്‍ നിന്നെടുത്ത ഇംഗ്ലീഷ്-മലയാളം ഡിക്ഷ്ണറി കാദറിന്റെ മുന്നിലേക്ക്‌ ഇട്ടു കൊടുത്തു... എന്നിട്ട് മടക്കി വെച്ച പേജ് നിവര്‍ത്തി കാദറിനോട്‌ പറഞ്ഞു,

നിങ്ങളെ ഈയിടെയായി അത്ര വിശ്വാസം പോര , പോക്കിന്റെ അര്‍ത്ഥമൊന്നു വായിച്ചേ .....'

വീട്ടില്‍ ഒരു ഡിക്ഷ്ണറി വാങ്ങി വെക്കാന്‍ തോന്നിയ നശിച്ച നിമിഷത്തെ പ്രാകിക്കൊണ്ട്‌ കാദര്‍ വായിച്ചു.....

'കുത്തുക'

'നീട്ടുക'

'തോണ്ടുക'

'ദ്വാരമുണ്ടാക്കുക'

'തപ്പിനോക്കുക'

'വിരലുകൊണ്ട് ഇളക്കുക'

'തള്ളിക്കയറ്റുക'

'കുത്തിക്കിഴിക്കുക'

ഇതിലേതാണ് മനുഷ്യാ നിങ്ങള്‍ സ്ഥിരം അവളോട്‌ പ്രയോഗിക്കുന്നത്....?

ഇതു ചോദിച്ചുകൊണ്ട് ജമീല നെഞ്ചത്ത് ഒരടിയും ഒരു നിലവിളിയും..!!!

ഇനിയുള്ള കാദറിന്റെ കഥ നിങ്ങള്‍ക്കൂഹിക്കാമല്ലോ...? കമ്പ്യൂട്ടറും , സ്മാര്‍ട്ട് ഫോണും , ഒക്കെ ജമീല തീയിട്ടു.... :) :) ജമീല ഉപയോഗിക്കുന്ന നോക്ക്യ ടോര്‍ച്ച് ഫോണ്‍ കൊടുത്തു, എനിക്കിതു മതിയെങ്കില്‍ നിങ്ങള്‍ക്കും ഇത് മതി....
ഇനിയാരെങ്കിലും പോക്കാംഎന്ന ആ വ്യാമോഹം അവിടെ വിട്ടേക്ക്....  എന്നെ മാത്രം പോക്കിയാല്‍ മതി.... ഒരു സൌര്യവും കൊടുക്കാതെ ജമീല കാദറിന്റെ നിഴലായി മാറി....... :) :)


No comments: