Saturday, December 28, 2013

കുറിക്കല്ല്യാണം.



"ചെട്ടിപ്പടിയും അയ്യപ്പാസിലെ കുറിക്കല്ല്യാണവും"
==============================================
ഈ ചായപ്പീടിക [അയ്യപ്പാസ്] എന്‍റെ മുന്‍പിലേക്ക് വരുന്നത് കാഴ്ചകള്‍ അത്ഭുതങ്ങള്‍ ആയ ചെറുപ്പത്തിലെ രുചിഭേദങ്ങളായി നാട്ടില്‍ നടന്നിരുന്ന 'കുറിക്കല്ല്യാണം',  ഒരു നനുത്ത ഓര്‍മ്മയായിട്ടാണ്..

 ഈന്തോലന്‍ പട്ട കൊണ്ട് അലങ്കരിച്ച പീടിക.................

മുന്‍പില്‍ "ഇന്നത്തെ'കുറിക്കല്ല്യാണം',  ..കഴിക്കുന്ന ആളിന്‍റെ പേര്...ചോക്ക് കൊണ്ടെഴുതിതൂക്കിയ ബോര്‍ഡ്‌.......

മലബാറില്‍ എല്ലായിടത്തും പൊതുവായി  കാണപ്പെടുന്ന 'കുറിക്കല്ല്യാണം’ എന്ന ആചാരം ഇന്നേറെ അന്യം നിന്ന മട്ടാണ്..

ഇത് പഴയ കേരളത്തില്‍തന്നെ പല പേരുകളില്‍ അറിയപ്പെട്ടു. 'കുറിക്കല്ല്യാണം’ 'പണം പയറ്റ്'', ‘ടി പാര്‍ട്ടി', 'തേയില സല്‍കാരം', പിന്നെ തൃശ്ശൂര്‍ മുതല്‍ തെക്കോട്ട് 'ചിട്ടി' എന്നും അറിയപ്പെട്ടിരുന്ന ഈ സമ്പ്രദായം അന്നത്തെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്‍റെയും, അയല്‍പക്ക സാഹോദര്യത്തിന്‍റെയും ഗ്രാമീണ സാമ്പത്തിക ഇടപാടുകളുടെയും ഉത്തമ മാതൃകയായിരുന്നു എന്ന് പറഞ്ഞാല്‍ തള്ളിക്കളയാനാവില്ല.

മുന്‍പൊക്കെ 'കുറിക്കല്ല്യാണം’  വീടുകളില്‍ ആയിരുന്നു നടത്തിയിരുന്നത്...പിന്നീടത് വീട്ടില്‍ നിന്ന് ചായപ്പീടിക യിലെക്കും, അവിടെ നിന്ന് ഹോട്ടലിലെക്കും സഞ്ചരിച്ച് അവസാനം കമ്മ്യൂണിറ്റി ഹാളിലൂടെ ഇറങ്ങിപ്പോയി.......

ഒരാള്‍ അന്ന്  അഞ്ചു രൂപ കുറികല്ല്യാണത്തില്‍ വെക്കുകയാണെങ്കില്‍  ആ വര്‍ഷം തന്നെയോ, അടുത്ത വര്‍ഷമോ അല്ലെങ്കില്‍ അയാള്‍ കഴിക്കുന്നതെപ്പോഴോ അപ്പോള്‍, മറ്റെയാള്‍ക്ക് അത് ഇരട്ടിയാക്കി പത്തു രൂപയോ, അയാളുടെ കഴിവനുസരിച്ചോ, അല്ലെങ്കില്‍ അതിലധികമോ കുറികല്ല്യാണത്തില്‍  വെക്കുമായിരുന്നു....

കുറികല്ല്യാണത്തിനു  പണം വാങ്ങി പിന്നീട് മറ്റുള്ളവരുടെ കുറികല്ല്യാണത്തിനു തിരിച്ചു കൊടുക്കുന്നില്ലെങ്കില്‍ അയാളെ 'കരിങ്കുറ്റി'ക്കാരനായി കാണുമായിരുന്ന ഈ രീതി സമൂഹത്തില്‍ ഒരാളുടെ സ്വഭാവവും, കൂട്ടായ്മയും അളക്കുന്ന ഒന്നായി മാറി...

തന്‍റെ കയ്യില്‍ പൈസ ഇല്ലെങ്കില്‍ ആരോടെങ്കിലും വായ്പ വാങ്ങി പണം കൊടുക്കാന്‍  എല്ലാവരും ശ്രദ്ധിക്കുമായിരുന്നു..കൃത്യമായി കണക്കും രജിസ്റ്റര്‍ ബുക്കും വെച്ചിരുന്നു എല്ലാ വീട്ടിലും...നിങ്ങള്‍ക്ക് കൂടുതല്‍ പൈസ കൊടുക്കാന്‍ പറ്റുന്നില്ലെങ്കില്‍ അതെ സംഖ്യ തിരികെ കൊടുത്തു 'കുറ്റി മുറിക്കാം'. പിന്നീട് വേണമെങ്കില്‍ പുതുതായി 'കുറിക്കല്ല്യാണം’ നടത്തി വീണ്ടും 'കുറ്റി' പുതുക്കാം..!

കുറികല്ല്യാണത്തിനു ക്ഷണിക്കല്‍ തന്നെ ഒരു സ്നേഹ സന്ദര്‍ശനവും  ബന്ധം ശക്തിപ്പെടുത്തലുമായിരുന്നു. 'കുറിക്കല്ല്യാണം’കത്ത്' പ്രിന്റു ചെയ്ത് വീട് വീടാന്തരം കയറിയിറങ്ങി ക്ഷണിക്കുമായിരുന്നു. കുറികല്ല്യാണ കത്തില്‍ ഇന്നേ ദിവസം ഇന്നയാളുടെ പീടികയില്‍ ഇന്ന സമയത്ത് തുടങ്ങുന്ന കുറികല്ല്യാണത്തിനു മുതലായ വിവരങ്ങള്‍ അച്ചുക്കൂടത്തില്‍ അച്ചടിച്ച കത്തുമായി വീട്ടില്‍ പോയി ക്ഷണിക്കും. ഇത് വെറുമൊരു സാമ്പത്തിക ബന്ധം മാത്രമായിരുന്നില്ല... ഓരോ വീടും, നാടും, വ്യക്തികളും തമ്മില്‍ ജാതിയോ, മതമോ രക്തബന്ധമോ  നോക്കാതെ ഒത്തൊരുമയുടെ, സ്നേഹത്തിന്‍റെ ആഘോഷമായിരുന്നു.

'കുറിക്കല്ല്യാണം’ രാത്രി ഒന്‍പതര..പത്തു മണി വരെ നീളും... 'കുറിക്കല്ല്യാണം’ കഴിഞ്ഞു കണക്ക്കൂട്ടി, ബാക്കി സാമാനങ്ങളും, കാശുമായി രാത്രിയില്‍ പെട്രോമാക്സിന്‍റെ വെളിച്ചത്തില്‍ വീട്ടിലേക്കു പോവുന്നത് ഒരു കാഴ്ചയായിരുന്നു. പെട്രോമാക്സ് വെളിച്ചം തന്നെ കൌതുകമായിരുന്ന കാലത്ത് എല്ലാ കാഴ്ചകളും കണ്ണിലൂടെ ഓര്‍മയിലേക്ക് കത്തിച്ച വെളിച്ചമായിരുന്നു. ഇരുളില്‍ നിന്ന് വെളിച്ചവുമായി വീട്ടിലേക്കു പോകുന്ന അയാളുടെ മനസ്സില്‍ എന്തെല്ലാം സ്വപ്നങ്ങളും, കണക്കുകൂട്ടലും ഉണ്ടായിരുന്നിരിക്കാം.

കല്യാണത്തിന് മുന്‍പേ 'കുറിക്കല്ല്യാണം’ കഴിക്കുന്നത്‌ സര്‍വസാധാരണമായിരുന്നു. മോശമല്ലാത്ത ഒരു തുക അന്ന് കിട്ടും. ,വീട്ടില്‍ കൂടുന്നതിന്റെ മുന്പെയും'കുറിക്കല്ല്യാണം’ കഴിക്കുമായിരുന്നു.
അന്നത്തെ കാലത്ത് അടുത്തുള്ള കുറികല്ല്യാണത്തിനു ഉപ്പ മക്കളെ പറഞ്ഞയക്കുകയാണെങ്കില്‍ അവര്‍ക്ക്‌ വലിയ സന്തോഷമായിരിക്കും. വീട്ടില്‍ കിട്ടാത്ത സ്വാദുള്ള ചായയും, പലഹാരങ്ങളും ... ചിലപ്പോള്‍ ചെറിയ കുട്ടികള്‍ ആണെങ്കില്‍ അവരെയും കൂട്ടി കുറികല്ല്യാണത്തിനു ചായ കുടിക്കാന്‍ പോകുമായിരുന്നു. മര ബെഞ്ചില്‍ കിട്ടുന്ന ചായയും, പലഹാരങ്ങളും എങ്ങോട്ടും നോക്കാതെ തട്ടിവിട്ടിരുന്ന കുട്ടികള്‍ക്ക് വയറും മനസ്സും നിറയുമായിരുന്നു.

'പല ഹാര'ങ്ങളായിതന്നെയായിരുന്നു കുറികല്ല്യാണത്തിന്റെ രുചികള്‍. എന്താണ് കുറികല്ല്യാണത്തിന്റെ  "വിഭവങ്ങള്‍"  എന്നത് പലപ്പോഴും ഒരഭിമാനമായിരുന്നു. തന്‍റെ കഴിവ് പോലെ ആള്‍ക്കാര്‍ പലഹാരം തിരഞ്ഞെ ടുത്തിരുന്നു. അവിലും പഴവുമായിരുന്നു ആദ്യകാലങ്ങളില്‍ ചായക്കൊപ്പം. ചിലര്‍ കഴിവി നനുസരിച്ച് വിഭവങ്ങളില്‍ മാറ്റം വരുത്തും. വീട്ടില്‍ ചുട്ട നെയ്യപ്പം, കാരോലപ്പം ,  ഓര്‍ഡര്‍ ചെയ്തുണ്ടാക്കുന്ന പഴം പൊരി, പരിപ്പുവട, ചികന്‍ പപ്സ്‌, മട്ടണ്‍ പപ്സ്‌, ബനാന ചിപ്സ്, സമോസ, പൊട്ടറ്റോ ചിപ്സ്, പൊറാട്ട ഒക്കെ 'സ്പെഷ്യല്‍' ആയിരുന്നു. കേക്കും മിക്സ്ച്ചറും ആയിരുന്നു മറ്റൊരു സാധാരണ ഇനം.

'കുറിക്കല്ല്യാണം’ നടക്കുന്ന ചായപ്പീടിക ഈന്തോലന്‍ പട്ടയാല്‍ അലങ്കരിച്ചും ബോര്‍ഡ്‌ വെച്ചും ആയിരിക്കും ഉണ്ടാവുക. ഇതൊന്നും ശ്രദ്ധിക്കാതെ (ഒരു ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ്) കോഴിക്കോട്  നിന്ന് വന്ന രണ്ട് ചെറുപ്പക്കാര്‍ എന്തോ ആവശ്യത്തിന് ചെട്ടിപ്പടിയില്‍  വന്നപ്പോള്‍ അന്നവിടെ നടക്കുന്ന കുറികല്ല്യാണ പീടികയില്‍ കയറാനിടയാവുകയും ചായയും കടിയും കഴിച്ച ശേഷം എത്രയാണ് കാശെന്ന് ചോദിച്ചപ്പോള്‍ കണക്കെഴുതുന്ന ആള്‍ക്ക് ഇവര്‍ ഇവിടത്തുകാര്‍ അല്ലെന്നു മനസ്സിലായി കാശൊന്നും വാങ്ങാതെ അവരെ പറഞ്ഞയക്കുകയും ചെയ്തു. പിന്നീടാണ്‌ അവര്‍ക്ക് കാര്യത്തിന്‍റെ കിടപ്പ് പിടികിട്ടിയത്.

പിന്നീട് ഈ സമ്പ്രദായത്തിന്‍റെ ചുവട് പിടിച്ച് 'സഹായക്കുറി' എന്ന രീതി നിലവില്‍ വന്നു. സാമ്പത്തികമായി പുറകോട്ട് നില്‍ക്കുന്നവര്‍ തങ്ങള്‍ക്ക് എന്തെങ്കിലും ആപത്ത് നേരിട്ടാലോ, അസുഖം കാരണം പൈസയുടെ അവശ്യം വന്നാലോ, ഇനിയും അതല്ല തന്‍റെ മക്കളെ കല്യാണം  കഴിച്ചയക്കാനോ, ഗള്‍ഫില്‍ പോകാനോ മറ്റോ പൈസ ആവശ്യമായി വന്നാല്‍ പലരും 'സഹായക്കുറി' കഴിച്ചിരുന്നു. ഇതിനു നിങ്ങള്‍ക്ക് ആരെയും വിളിക്കാം. നിങ്ങള്‍'കുറിക്കല്ല്യാണം’  കഴിച്ചിരി ക്കണമെന്നു ഒരു നിര്‍ബന്ധവുമില്ല...
പിന്നീട് അത് ചുരുങ്ങി വീട്ടില്‍ കല്യാണത്തലേന്ന് വന്നു കവറില്‍ (ലക്കോട്ട്) പേരെഴുതി കൊടുക്കും. ഇത് തിരിച്ചു തന്‍റെ കല്യാണത്തിനോ, വീട്ടില്‍ക്കൂടലിനോ  (ഗൃഹപ്രവേശം)  പൈസ കൂട്ടി തിരിച്ചു   കൊടുക്കുമായിരുന്നു.

നാട്ടില്‍ ബ്ലേഡുകളുടെ ആവിര്‍ഭാവത്തോടെ, ബാങ്കുകള്‍ വായ്പകള്‍ കൊടുക്കാന്‍ തുടങ്ങിയതോടെ, മറ്റു സാമ്പത്തിക സ്രോതസ്സുകളുടെ വരവോടെ, മനുഷ്യര്‍ തമ്മില്‍ വെറുക്കാനും, അസൂയ പ്പെടാനും തുടങ്ങിയതോടെ കുറികല്ല്യാണമെല്ലാം ആയുധം വെച്ച് കീഴടങ്ങി..

അന്ന് വായ്പക്ക് (കടം) പൈസ ധാരാളമായി കിട്ടുന്ന കാലമായിരുന്നു. ആരും കൊടുക്കുകയും വാങ്ങുകയും ചെയ്ത നാളുകള്‍..ഇന്ന് ആരോടെങ്കിലും പൈസ വായ്പ ചോദിച്ചാല്‍ കയ്യിലില്ലെന്നും പറ്റുമെങ്കില്‍ ഞാന്‍ ഇന്നയാളുടെ കയ്യില്‍ നിന്ന് ഇത്ര ശതമാനം പലിശക്ക് ബ്ലേഡില്‍ വാങ്ങിത്തരാ മെന്നും പറഞ്ഞു തന്‍റെ തന്നെ പൈസ കൊടുക്കുന്ന കാലമാണിത്...

ചിലരുണ്ട് തന്നോട് വായ്പ ചോദിക്കാന്‍ സാധ്യതയുള്ളവരോട് വെറുതെ അങ്ങോട്ട്‌ കടം ചോദിക്കുകയും തനിക്ക് അല്പം സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നു ആ പാവത്തിനെ ധരിപ്പിച്ചു അയാളില്‍ നിന്നുള്ള വായ്പാചോദ്യത്തില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യും....
കാലം മാറി കഥ മാറി.....
കുറിക്കല്ല്യാണം നാട്ടില്‍ നിന്നും അപ്രത്യക്ഷമായി ........
നാട്ടുകാര്‍തമ്മില്‍ പരസ്പരം പരിജയമില്ലാത്ത ഒരവസ്ഥയിലേക്കു കാലം മാറി...... സ്നേഹബന്ധങ്ങളും , മതേതരത്വവും , സാഹോദര്യവും നിലനിര്‍ത്തിയിരുന്ന കുറിക്കല്ല്യാണം നമ്മില്‍ നിന്നും അന്യം നിന്നു.


 ഇസ്ഹാക്ക് പുഴക്കലകത്ത്.


ഹയ ഇസ്ഹാക്ക്.


2 comments:

Unknown said...

നല്ല വിവരണം... ചരിത്ര വിദ്യാര്‍ഥികള്‍ക്ക് പ്രോജെക്ടിനുള്ള നല്ലൊരു വര്‍ക്ക്...ഒപ്പം അയ്യപ്പാസ് ഹോട്ടെലിനുള്ള ഇഷാക്കിന്റെ ഉപഹാരവും...well done!

Unknown said...

വായനക്ക് സന്തോഷം...... അയ്യപ്പേട്ടന്‍ കാലയവനികക്കുള്ളില്‍ മറഞ്ഞിട്ട് വര്‍ഷങ്ങളായെങ്കിലും ഇപ്പോഴും ആ ചെറിയ ഹോട്ടല്‍ കാണുമ്പോള്‍ ഓര്‍മയില്‍ തെളിഞ്ഞു വരുന്ന മുഖം , മകന്‍ ശിവദാസേട്ടനിലൂടെ നീണ്ടു പോകുന്ന പാരമ്പര്യ ഹോട്ടല്‍ കച്ചവടം..... :) :)