Sunday, July 17, 2016

പ്രണയമഴ.. [കഥ]

പ്രണയമഴ കാറ്റ് മഴമേഘങ്ങളോട് ചെയ്യുന്ന അഭിവാദനമാണ്. “നിങ്ങള്‍ ഒരു മഴത്തുള്ളിയാണെങ്കില്‍ ആലിപ്പഴമാവുക, പ്രകാശമാണെങ്കില്‍ മിന്നലാവുക, മനുഷ്യനാണെങ്കില്‍ പ്രണയവാനാകുക.”


പ്രണയത്തിന് ഉപാധികളില്ല. അത് വൃശ്ചികത്തിലെ കാറ്റിനെപ്പോലെയാണ്. എപ്പോഴോ കടന്നുവന്ന്, കുസൃതികള്‍ കാട്ടി, ഇലകളെയും ചില്ലകളെയും കുഴച്ചുമറിച്ച് എപ്പോഴോ മടങ്ങിപ്പോകുന്നു. പ്രണയം വേനല്‍ മഴപോലെയാണ്. എതുവഴിയാണതു കടന്നു വരിക എന്നുറപ്പില്ല. അവന്‍റെ മനസ്സിലേക്ക് അനുരാഗം കടന്നുവന്നത് ചാറല്‍ മഴയും വെയിലും ഒന്നിച്ചുള്ള ഒരു ദിനത്തിലായിരുന്നു. “ഇത്തരം ദിവസങ്ങളിലാണ് കുറുക്കന്‍റെ കല്യാണം എന്ന് പഴമക്കാര്‍ പറഞ്ഞിരുന്നത്”

ഡിഗ്രിക്ക് പഠിച്ചിരുന്ന കൌമാരപ്രായത്തിലാണ് അവനവളെ കണ്ടുമുട്ടുന്നത്. ‘പ്രീ-ഡിഗ്രീ’ പുതിയ ക്ലാസ് തുടങ്ങുന്ന ദിവസം. സുഹൃത്തുക്കളോടൊപ്പം ചീനി മരത്തണലില്‍ വെടിപറഞ്ഞുകൊണ്ടിരിക്കേ ബസ്സിറങ്ങി ക്ലാസ്സിലേക്ക് പെണ്‍കുട്ടികള്‍ പോകുന്നുണ്ടായിരുന്നു. കൂട്ടത്തിലൊരുത്തന്‍ ചൂളം വിളിച്ചപ്പോള്‍ മഞ്ഞ ചുരിദാറിട്ട ഒരു സുന്ദരി മഴച്ചാറലില്‍ നിന്ന് രക്ഷതേടി ഉയര്‍ത്തിപ്പിടിച്ച കുടയിനടിയിലൂടെ നീരസത്തോടെ നോക്കിയത് അവനെയാണെന്ന് തോന്നി. പച്ചപ്പുളി കടിച്ചു തിന്നുന്നൊരു ഭാവമായിരുന്നവള്‍ക്ക്. ഉപ്പു വായിലട്ട പോലെ അവന്‍ മുഖം ചുളിച്ചു ചിരിച്ചു. അതുകണ്ടവളുടെ പുളിച്ചിരി നിഷ്കളങ്കമായ ഒരു പുഞ്ചിരിയായി പരിണമിച്ച് മുന്നോട്ട് നടന്നുമറഞ്ഞു.

മഴയും വെയിലും ഒന്നിച്ചുവന്നതുകൊണ്ടോ, മഞ്ഞ ചുരിദാറിട്ട സുന്ദരിയുടെ നിഷ്കളങ്കമായ പുഞ്ചിരി അവന്‍റെ മനസ്സില്‍ കവിതകളായി. ആ മുഖം കാണാന്‍ “പ്രി-ഡിഗ്രി” ക്ലാസ്സുകള്‍ മുഴുവന്‍ തിരഞ്ഞു നടന്നു. സെക്കന്റ് ഗ്രൂപ്പില്‍ സുഹൃത്തിന്‍റെ സഹോദരിക്കൊപ്പം ഇരിക്കുന്ന പേരറിയാത്ത ആ മഞ്ഞ സുന്ദരിയെ അവന്‍ കണ്ടു. പേരും നാടും മുന്‍പ് പഠിച്ച സ്കൂളും വിശേഷങ്ങളും ഒക്കെ ചോദിച്ചറിയാന്‍ നേരത്തേ പരിചയമുള്ള സുഹൃത്തിന്‍റെ സഹോദരി സഹായിച്ചു.

കോളേജ് വരാന്തയിലൂടെയുള്ള നടത്തം എല്ലാ അവര്‍ കഴിയുമ്പോഴും സ്ഥിരമാക്കിയ ദിനങ്ങള്‍. ചിലപ്പോള്‍ കുട്ടികളുടെ തിരക്കിനിടയിലും മറ്റുചിലപ്പോള്‍ ഒഴിഞ്ഞ ക്ലാസ് മുറികളുടെ ജാലകങ്ങള്‍ക്കപ്പുറത്തും, ലാബിലും പലവട്ടം ആ മുഖം കണ്ടു. കണ്ടു മുട്ടുന്ന നിമിഷങ്ങളില്‍ കാന്തികമായ ഒരു ആകര്‍ഷണത്താല്‍ കണ്ണുകള്‍ ഉടക്കി നില്‍ക്കും. പിന്നെ ഒരു മനോഹരമായ പുഞ്ചിരി സമ്മാനിച്ചുകൊണ്ട് നാണിച്ചു പുസ്തകങ്ങളില്‍ താളം പിടിച്ചു കൊണ്ട് അവന്‍റെ കണ്ണുകളെ കബളിപ്പിച്ചുകൊണ്ട് മേഘങ്ങള്‍ക്കു പിന്നിലോളിക്കുന്ന അമ്പിളിമാമനെ പോലെ മറയും. ദിവസങ്ങള്‍ കഴിയുന്തോറും മേഘപാളികള്‍ അടുക്കുകയും മന്ദമാരുതന്‍റെ ആഗമനത്തോടെ മഴനൂലുകളായി അവന്‍റെ ഹൃദയത്തിലേക്ക് അവള്‍ പെയ്തുപെയ്തിറങ്ങി.

ദിവസങ്ങള്‍ ആഴ്ചകളായും, ആഴ്ചകള്‍ മാസങ്ങളായും കാലചക്രം മുന്നോട്ടു നീങ്ങികൊണ്ടിരുന്നു. കോളേജിന് മുന്‍പിലുള്ള കൂള്‍ബാറില്‍ അവളുടെ ബസ് വരുന്നത് കാത്തു നിന്നിരുന്ന ദിവസങ്ങള്‍, ആ ഒരു നോട്ടം, പുഞ്ചിരി, ഒരു വാക്ക് അതിനുവേണ്ടി അവന്‍ എന്തും ത്യജിക്കാന്‍ തയ്യാറായിരുന്നു. ചില ദിവസങ്ങളില്‍ അതിരാവിലെ അവളുടെ നാടിനടുത്തുള്ള ബസ്സ്റ്റോപ്പില്‍ പോയി ആ ബസ്സില്‍ ഒരുമിച്ചു കോളേജിലേക്ക് യാത്ര ചെയ്തു.


കൊമേര്‍സ് ബ്ലോക്കിന് മുന്‍പിലുള്ള പൂമരം പൂത്തുലഞ്ഞു നില്‍ക്കുകയാണ്. ഇതെന്‍റെ ജീവിതം പൂത്തുലഞ്ഞു നില്‍ക്കുന്നത് പോലെയും പ്രപഞ്ചം മുഴുവന്‍ സ്നേഹം കൊണ്ട് നിറഞ്ഞു നില്‍ക്കുന്നതായും അവന് അനുഭവപ്പെട്ടു. ടെന്നീസ് കോര്‍ട്ടിനോടും അതിനോട് ചേര്‍ന്ന് വരിവരിയായി നില്‍ക്കുന്ന കാറ്റാടി മരങ്ങളോടും സ്നേഹം. ഉച്ച വെയിലിന് മഴയുടെ കുളിര്. കാറ്റിന് അവളുടെ സുഗന്ധം. തട്ടം ചുറ്റി പുസ്തകം മാറോടുചേര്‍ത്തു നടക്കുമ്പോള്‍ അവളുടെ പാദങ്ങള്‍ ചുംബിക്കുന്ന മണല്‍ തരികളെകുറിച്ചോര്‍ക്കാന്‍ പോലും പകലുകള്‍ക്ക്‌ നീളമില്ല.

ഒരിക്കല്‍ അവള്‍ക്ക് പനി വന്നു, കോളേജില്‍ വരാത്ത ദിവസങ്ങള്‍ ദുസ്സഹമായ ശൂന്യതയിലാണ്ടുപോയി. ഭക്ഷണം കഴിക്കാതെ സ്വയം പീഡിപ്പിക്കും. ക്ലാസ്സില്‍ കയറാതെ അലയും. കോളേജ് വരാന്തകള്‍ വീതി കുറഞ്ഞതായും അന്തകാരത്തിലാണ്ടപോലെയും അനുഭവപ്പെട്ടു. ഒന്നിനും ഒരുല്‍സാഹമില്ല, കുളിച്ചില്ല, നല്ല വസ്ത്രങ്ങള്‍ അണിഞ്ഞില്ല, കവിയും കാമുകനും ഭ്രാന്തനും ഒരുപോലെയാണെന്ന് പറയുന്നത് സത്യം തന്നെയാണ്.
ഇതുവരെ അവന്‍റെ പ്രണയം അവളോട്‌ തുറന്നുപറഞ്ഞിട്ടില്ല. എല്ലാം അറിയിക്കണം. ഡിഗ്രീ കഴിഞ്ഞയുടന്‍ ഗള്‍ഫിലേക്ക് പോകുകയാണെന്ന് അറിയിക്കണം, എനിക്ക് വേണ്ടി കാത്തിരിക്കാന്‍ ആവിശ്യപ്പെടണം. എല്ലാത്തിനോടും ഒരു വിരക്തത അനുഭവപ്പെടുന്നു. ലോകത്തോട് മുഴുവന്‍ അമര്‍ഷം തോന്നി. അവളുടെ വീട്ടില്‍ പോയി കാണണമെന്ന് മനസ്സ് പറഞ്ഞു. പക്ഷേ അത് അവളുടെ തുടര്‍ന്നുള്ള പഠിത്തത്തെ ബാധിക്കുമോ എന്ന ആശങ്ക മനസ്സിനെ വിലക്കി.

വീട്ടിലേക്ക് വിളിച്ചു നോക്കി. ഒരിക്കലും അവള്‍ ഫോണ്‍ എടുത്തില്ല. വിവരങ്ങള്‍ അറിയാന്‍ കത്തെഴുതാം എന്ന് തീരുമാനിച്ചു. അവളുടെ വീടിനടുത്തുള്ള ഒരുവനെ ദൂതനായി തിരഞ്ഞെടുത്തു. ആദ്യമായി അവള്‍ക്കെഴുതിയ കവിത മണക്കുന്ന കത്ത് മനസ്സിലാകാഞ്ഞിട്ടോ കയ്യില്‍ കിട്ടാത്തത് കൊണ്ടോ എനിക്ക് മറുപടി കിട്ടിയില്ല. പിന്നീടാണ് അറിഞ്ഞത് ആട്ടിന്‍ തോലണിഞ്ഞ ചെന്നായ ആയിരുന്നു എന്‍റെ ദൂതന്‍.


അവനത്‌ കൊടുക്കാതെ സ്വയം വായിച്ചു മറ്റുള്ളവരുടെ ഇടയില്‍ പരിഹാസ്യനാക്കുകയും ചെയ്തു. പതിനഞ്ചു ദിവസങ്ങള്‍ക്ക് വര്‍ഷങ്ങളുടെ ദൈര്‍ഘ്യമുള്ളതുപോലെ തോന്നി. അവന്‍റെ പ്രണയം കോളേജില്‍ ആര്‍ക്കും ഇതുവരെ അറിയില്ലായിരുന്നു. രഹസ്യം പതുക്കെ അരമന വിട്ടിറങ്ങാന്‍ തുടങ്ങിയിരുന്നു. എല്ലാ പ്രണയ കഥകളിലേയും പോലെ കാമ്പസില്‍ സൌഹൃതങ്ങളില്‍ തന്നെ വില്ലന്മാരുമുണ്ടായി.

പനിമാറി കോളേജില്‍ വരാന്‍ തുടങ്ങിയതിന്‍റെ മൂന്നാം പക്കം അവന്‍ ഇല്ലാത്ത സമയം നോക്കി കൂള്‍ബാറിനു സൈഡിലായി രണ്ടു പ്ലക്കാര്‍ഡുകള്‍ കൂണുപോലെ പൊന്തിവന്നു. അവകാശികളില്ലാത്ത അവയില്‍ അവന്‍റെയും അവളുടെയും പേരുകള്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. രണ്ടാമത്തെ പ്ലക്കാര്‍ഡില്‍ അവന്‍റെയും അവളുടെയും നാടിന്‍റെ പേരും പ്ലസ്‌ മാര്‍ക്കിന്റെ സാന്നിധ്യത്തില്‍ എഴുതപ്പെട്ടു.

സുഹൃത്തക്കള്‍ക്ക് മുന്‍പില്‍ പ്രണയം അടിയറവ് പറയാന്‍ അവനും തയ്യാറല്ലായിരുന്നു. അവളെ കാണാനും സംസാരിക്കാനും പലപ്പോഴായി ക്ലാസ് റൂമിലും ബസ് സ്റ്റോപ്പിലും ചെന്നെങ്കിലും നിറ മിഴികളുമായി അകന്നുമാറിക്കൊണ്ടിരുന്നു. ഒരിക്കല്‍ ലാബിന്‍റെ മുന്നില്‍ ആരും കൂടെയില്ലാതെ അവളെ ‍ കണ്ടുമുട്ടി. നമ്മള്‍ തമ്മില്‍ പ്രണയത്തിലാണെന്ന് കൂള്‍ബാറിന് മുന്നില്‍ ബോര്‍ഡ്‌ വെച്ചിരിന്നു. എന്താണ് ഇങ്ങിനെയൊക്കെ. എനിക്ക് പേടിയാകുന്നു. അച്ഛന്‍ എന്നെ കൊല്ലും. എന്‍റെ ഇഷ്ട്ടങ്ങള്‍ ആരോടും ഇതുവരെ ഞാന്‍ അറിയിച്ചിട്ടില്ല. നിന്നോടുപോലും. “എനിക്ക് പഠിക്കണം. എന്നെ കാണാനും സംസാരിക്കാനും വരരുത്. മറന്നേക്കൂ.” എന്നുപറഞ്ഞ് പരിഭ്രമത്തോടെ ചുറ്റുപാടും നോക്കി അവള്‍ ഓടിപ്പോയി.
ഗള്‍ഫില്‍ പോകാന്‍ വിസ വന്നിരിക്കുന്നു. ഫൈനല്‍ എക്സാം പോലും എഴുതാതെ പോകാന്‍ തീരുമാനിച്ചു. അങ്ങനെ ആ പ്രണയകഥയുടെ അവസാനരംഗം ദുഖപര്യവസായിയായി പരിണമിച്ചു.

പിന്നീട് ഒരിക്കലും അവനവളെ കണ്ടില്ല. ഇന്നവള്‍ നല്ല ഭാര്യയും കുട്ടികളുടെ അമ്മയുമായി കഴിയുന്നുണ്ടാവും. ഇന്നവന് രാജ്ഞിയും രാജകുമാരിയും കാമുകിയും മക്കളുടെ അമ്മയായും ഒക്കെയായി സുന്ദരിയായ ഭാര്യ കൂട്ടിനുണ്ട്.

വീണ്ടും മഴയും വെയിലും ഒരുമിച്ചു വന്നിരിക്കുന്നു. “കുറുക്കന്‍റെ കല്യാണം” കാലത്തിന്‍റെ ഗതിവേഗത്തെക്കുറിച്ച് അമ്പരപ്പോടെ ഓര്‍ത്തുകൊണ്ട് മരുഭൂമിയിലൂടെ മഴച്ചാറല്‍ ഏറ്റുവാങ്ങി അവന്‍റെ കാര്‍ മുന്നോട്ട് കുതിച്ചു.


https://www.facebook.com/isakkisam




No comments: