Monday, March 09, 2015

സംശയങ്ങള്‍.

എപ്പോഴും സംശയങ്ങള്‍ അവളെ പിന്തുടര്‍ന്നുകൊണ്ടിരുന്നു..!

രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ തീരാത്ത സംശയങ്ങളാണ്, വീടിന്‍റെ അടുക്കളവാതില്‍ അടച്ചോ.., രാവിലെ ഇഡ്ഡലി ക്കുള്ള മാവ് കൂട്ടിയത് മൂടി വെച്ചിട്ടുണ്ടോ.., ഹാളിലെയും ബാത്ത്‌റൂമിലേയും ലൈറ്റണച്ചോ.., തുടങ്ങി സംശയങ്ങള്‍ അവളുടെ ഉറക്കം കിടത്തി കൊണ്ടിരിക്കും,

എഴുന്നേറ്റു ഒരിക്കല്‍ കൂടി എല്ലായിടത്തും പോയി ഉറപ്പു വരുത്തി കിടന്നാലും അല്‍പ്പനേരം കഴിഞ്ഞാല്‍ സംശയങ്ങള്‍ വീണ്ടും തലപൊക്കും.

ഇന്നു ബി പി യുടെ മരുന്നു കഴിച്ചോ ? വീണ്ടും സംശയം..?

പിന്നേയും എഴുന്നേറ്റ് നോക്കുന്നു, വീണ്ടും കിടക്കുന്നു. ഉറക്കത്തിലേക്ക് വഴുതിവീഴുന്ന നിമിഷം തന്നെ വീണ്ടും സംശയങ്ങള്‍ ഓരോന്നായി മുളപൊട്ടി ഞെട്ടി ഉണരുന്നു.

പുറത്ത്  ഈറനുണങ്ങാന്‍ ഇട്ടിരുന്ന തുണി എടുത്തുവെക്കാന്‍ മറന്നോ ?

രാത്രിയില്‍ എണീറ്റു നടക്കുന്നത് പതിവാണ്..! ഭര്‍ത്താവ് കൂര്‍ക്കം വലിച്ചുറങ്ങുന്നത്കണ്ട് പലപ്പോഴും നെടുവീര്‍പ്പിടാറുണ്ട്‌.  ഒരു ദിവസം അവള്‍ ഭര്‍ത്താവിനോട് ചോതിച്ചു...? നിങ്ങള്‍ക്കെങ്ങിനെ ഇങ്ങനെ ഉറങ്ങാന്‍ കഴിയുന്നു. "നീ വീട്ടിലുള്ളപ്പോള്‍ കള്ളന്മാരെ പേടിക്കാതെ ഉറങ്ങാന്‍ പ്രയാസമില്ല എന്നു പറഞ്ഞു ഒരു ചിരിച്ചു.."

അന്നൊരു ദിവസം വിരുന്നു വന്നിരുന്ന സൈക്കോളജി വിദ്യാര്‍ത്തിയായ അനിയന്‍റെ മകളുടെ ശ്രദ്ദയില്‍പ്പെട്ടു ഇക്കാര്യം. അവള്‍ അമ്മായിയോട് കാര്യങ്ങള്‍ ചോദിച്ചു, ഒരു ചമ്മലോടെയാണെങ്കിലും കാര്യങ്ങള്‍ അവതരിപ്പിച്ചു.

ഒരു നിമിഷം ആലോചിച്ച ശേഷം അവള്‍ പറഞ്ഞു:

'ശരി. ഇന്നുരാത്രി പന്ത്രണ്ടു മണിക്കുശേഷം വല്ല സംശയം വന്നു ഉണരുകയാണെങ്കില്‍ എന്നെ വിളിക്കൂ.... നമുക്കൊന്നു നടക്കാന്‍ പോകാം.

പറഞ്ഞ പോലെ അവര്‍ രണ്ടു പേരും വീടിന്‍റെ പുറകു വശത്തുള്ള വയല്‍ വരമ്പിലൂടെ നടക്കാന്‍ ഇറങ്ങി..  നല്ല നിലാവുള്ള രാത്രി... എങ്ങും നിശബ്ദത  തളം കെട്ടി നില്‍ക്കുന്നു... തെളിഞ്ഞ മാനം .. നക്ഷത്ത്രങ്ങള്‍ ഒളികണ്ണിട്ടു അവരെ നോക്കി. കടവാവലുകള്‍ ഇടക്ക് മാനത്തിനു കുറുകെ കിഴുക്കു ലക്ഷ്യമാക്കി പറന്നുപോയി... ഇളം കാറ്റ് അവരുടെ മുടിയിഴകളെ ഉമ്മ വെച്ച് മെല്ലെ വീശിക്കൊണ്ടിരുന്നു....!

കൊയ്ത്തുകഴിഞ്ഞ പാടനടുവില്‍ വൈക്കോല്‍ കൂനക്കടുത്തായി അവള്‍ നിന്നു. കയ്യില്‍ കരുതിയിരുന്ന ബെഡ്ഷീറ്റ് വൈക്കൊലിനു മുകളില്‍ വിരിച്ചുകൊണ്ട് അവള്‍ അമ്മായിയോട് പറഞ്ഞു...

'ഇന്നു രാത്രി , ഇവിടെ ഈ പാടത്ത് നമുക്കു കിടന്നുറങ്ങാം...'

അവളൊന്നു ഞെട്ടി.
'ഇവിടെയോ...? ഈ പാടത്തിന്‍റെ നടുവിലോ..?'

അവള്‍ പരുഷമായിത്തന്നെ ചോദിച്ചു:
'അമ്മായിയുടെ അസുഖം മാറണോ...?' 

അമ്മായി അനുസരിച്ചു.

അന്നു രാതി ആ പാടത്തിനു നടുവില്‍ അവര്‍ കിടന്നുറങ്ങി. വതിലുകളും, അടുക്കളയും, ലൈറ്റും , ഫാനും , ഒന്നു മില്ലാതെ കുഞ്ഞു ചീവിടുകളുടെ  സംഗീതം ശ്രോതങ്ങളില്‍ ഏറ്റുവാങ്ങി സുഖമായ ഒരുറക്കം..! ഒരുപാട് നാളിനുശേഷം ഞെട്ടി ഉണരാത്ത ഉറക്കം..!

ഉറക്കത്തില്‍ അവളൊരു സ്വപ്നം കണ്ടു.

വാനത്തു പെയ്യാന്‍ വിതുമ്പുന്ന മഴമേഘപാളികള്‍ക്കിടയിലൂടെ ചിരിക്കുന്ന നക്ഷത്രങ്ങളോട് കൈ വീശി ഇളം കാറ്റിന്‍റെ സംഗീതം ഏറ്റുവാങ്ങി മനോഹരമായ ഒരു യാത്ര.. സംശയങ്ങള്‍ മുട്ടുന്ന വാതിലുകളെല്ലാം കൊട്ടിയടച്ചു താഴിട്ടുപൂട്ടി മനസ്സ് ഭദ്രമാക്കി സുഖമായുറങ്ങി.









No comments: