Saturday, March 28, 2015

ഞാനും അസ്സന്‍മുസ്ലിയാരും പൂവന്‍കോഴിയും.

എം വി എച്ച് സ്കൂള്‍ വിട്ട് BSA 'SLR' സൈക്കളില്‍ ഞാന്‍ കുതിച്ചു..! എല്ലാവര്‍ക്കും മുന്നില്‍ ഞാന്‍ തന്നെ...! സൈക്കിളിന്‍റെ  ഹാന്‍ഡിലില്‍ സ്നേഹത്തോടെ തലോടി അഭിമാനം കൊണ്ടു..!

വീട്ടില്‍ വന്നു കയറിയ പാടെ ഉമ്മ തന്ന സഞ്ചിയില്‍ നിന്ന് തല പുറത്തേക്കിട്ടു കൊക്കുന്ന പൂവന്‍കോഴി... മോനെ ബാബു നീ ഇത് കൊണ്ടുപോയി തങ്ങമാരെ വീട്ടില്‍ ബീച്ചാക്കാനെ കൊണ്ട് അറുത്തു കൊണ്ട് വാ...!

മുപ്പത്തിയഞ്ചു വര്‍ഷം മുമ്പുള്ള ഒരു തമാശയാണ് കെട്ടോ..!  ഇപ്പോഴാണെങ്കില്‍ എല്ലാ അങ്ങാടിയിലും കോഴിക്കടകള്‍ കൂണ്‍മുളച്ചപോലെയാണല്ലോ...! 'ഇറച്ചികോഴി കണ്ടുപിടിക്കാത്ത കാലം..' ആകെ ഒരു കോഴിക്കട പരപ്പനങ്ങാടിയിലാണ് ഉള്ളത്...!  ഞാന്‍ സഞ്ചിയും കൊണ്ട് അടുത്ത വീട്ടിലേക്കോടി.. ബീച്ചാക്ക സ്ഥലത്തില്ലായിരുന്നു തിരിച്ചു വീട്ടിലേക്കു ചെന്നപ്പോള്‍ ഉമ്മ പറഞ്ഞു, 

"ഇനി നിന്ന് നേരം വൈകണ്ട ഇപ്പം പോയാല്‍ ചെട്ടിപ്പടി പള്ളിയില്‍ അസ്സന്‍ മുസ്ലിയാര് ഉണ്ടാകും അവിടെ പോയി കോഴീനെ അറുത്തു പെട്ടന്ന് വാ...."
ഞാന്‍ എന്‍റെ സൈക്കിളിന്‍റെ മുന്നില്‍ കോഴിയെ തൂക്കി പള്ളിയിലേക്ക് ആഞ്ഞു ചവിട്ടി..!

ബീച്ച് റോഡിലൂടെ പള്ളിയുടെ പിറകില്‍ ചെന്ന് ജനലില്‍ മുട്ടി... ഭാഗ്യത്തിന് അസ്സന്‍ മുസ്ലിയാര്‍ പള്ളിയില്‍ ഉണ്ടായിരുന്നു... എപ്പോഴും തമാശകള്‍ ഒക്കെ പറയുമായിരുന്ന ഒരു നല്ല മനുഷ്യന്‍ ആയിരുന്നു അദ്ദേഹം..' എന്നെ കണ്ട പാടെ  'ഹ അല്ല ഇതാര്.. നമ്മുടെ ഹൈദ്രോസ്സുക്കാന്‍റെ മോനല്ലേ എന്നു പറഞ്ഞു കാര്യം തിരക്കി..!
ഞാന്‍ പറഞ്ഞു  'ഉമ്മ ഒരു കോഴിയെ അറക്കാന്‍ പറഞ്ഞയച്ചതാണ്...'

'അതിനു ഇന്നു വെള്ളിയാഴ്ച അല്ലല്ലോ...' ഞാന്‍ വെള്ളിയാഴ്ച ഉച്ചക്കാണല്ലോ അവിടെ വരാറ് എന്ന് പറഞ്ഞു ചിരിച്ചു..'

ജ്ജ് അവിടെ നിലക്ക് ഞാന്‍ കത്തി എടുത്തിട്ടു വരാം  മുസ്ലിയാര് കത്തിയെടുത്തു വന്നിട്ട് പറഞ്ഞു..'

'ഹൗളില്‍ പോയി ഒരു പാട്ട വെള്ളം എടുത്തിട്ടു വാ..'

വെള്ളം എടുത്തു വന്നു..'
കോഴിയുടെ കൊക്ക് പിളര്‍ത്തി കുറച്ചു വെള്ളം ഒഴിച്ച് കൊടുത്തതിനു ശേഷം കത്തികൊണ്ട് കാലിലെ കെട്ടു അറുത്തു,  ഒരു കൈ കൊണ്ട് കോഴിയുടെ കാലും മറ്റേ കൈകൊണ്ടു കഴുത്തും പിടിച്ചു കൊടുത്തു.

 മുസ്ലിയാര് ബിസ്മി ചൊല്ലി കത്തി കഴുത്തില്‍ വെക്കാനോരുങ്ങിയപ്പോള്‍ ഞാന്‍ കണ്ണടച്ചു. കത്തി വെച്ചതും കോഴി ഒന്നു പിടഞ്ഞു ഞാന്‍ പേടിച്ചു പിടി വിട്ടു, കോഴി അതാ താഴെ വീണു എണീറ്റ് ഒരോട്ടം കഴുത്തിലൂടെ ചോര ഒലിക്കുന്നുണ്ടായിരുന്നു... ഞാന്‍ പിടി വിട്ടപ്പോള്‍ കോഴി തല കുടഞ്ഞത് കാരണം എന്‍റേയും മുസ്ലിയാരുടെയും മേലാകെ ചോര തുള്ളികള്‍ തെറിച്ചിരുന്നു...'

നല്ല ആരോഘ്യമുള്ള പൂവനായതുകൊണ്ട് പറന്നു അടുത്ത വീട്ടിലെ ഇബ്രായിങ്ങ്കാന്റെ  വേലി കടന്നു ഓടി.
ഞാന്‍ പള്ളിയുടെ മുന്നിലൂടെ വന്നു അപ്പുറത്തെ തൊടിയില്‍ കയറി... പിടിക്കാന്‍ ചെന്നതും കോഴി അവിടെ നിന്നും പാറി മോഹളര് കോയ തങ്ങളുടെ വീട്ടിലെ മുറ്റത്തു ഉള്ള പേരക്ക കൊമ്പില്‍ ഇരുപ്പുറപ്പിച്ചു...'
ചോര ഒലിച്ചു കൊണ്ടിരുന്നു...'

അവസാനം ഫാറൂക്കും മോഹമ്മത് കോയയും ഞാനും കൂടി കോഴിയെ പിടിച്ചു..' ചോര വാര്‍ന്നു തളര്‍ന്നിരുന്നു പാവം...'

കോഴിയെ പിടിക്കാനുള്ള വെപ്രാളത്തില്‍ സഞ്ചി ഒന്നും എടുത്തിട്ടില്ലായിരുന്നു ഞാന്‍..  ചോര  ഒലിക്കുന്ന കോഴിയേയും കൊണ്ട് റോഡിലൂടെ പള്ളിയിലേക്ക്...' കയ്യിലും ബനിയനും ഒക്കെ ചോരക്കളി...!

'അലിവിക്കാന്‍റെ പീടികയില്‍ നിന്നും പൊടിയുടെ ടൈലര്‍ ഷോപ്പില്‍ നിന്നും ആളുകള്‍ ചിരിക്കുന്നുണ്ടായിരുന്നു...'

ഒരു ചമ്മിയ ചിരിയോടു കൂടി വേഗം നടന്നു, അസ്സന്‍ മുസ്ലിയാര് 'ഹൗളിന്‍കരയില്‍ ബനിയനിലും തുണിയിലും തെറിച്ച ചോര തുള്ളികള്‍ കഴുകുന്ന തിരക്കിലായിരുന്നു..!

"ജ്ജ് കൊഴിനെ പിടിച്ചടാ.... "ഇജ്ജെങ്ങാനും ഞ്ഞ് കണ്ണ് ചിമ്പി പിടി വിട്ടാല്‍  അന്നെ ഞാന്‍ കാണിച്ചുതരാം"   എന്ന് പറഞ്ഞു വീണ്ടും വന്നു അറത്തു തന്നു...' മുസ്ലിയാര്‍ക്ക് ഉമ്മ തന്ന അഞ്ചുറുപ്പിക എടുത്തപ്പോള്‍ അതിലും ചോര ആയി...  മുസ്ലിയാര്‍ പോകറ്റില്‍ ഇട്ടപ്പോള്‍ വീണ്ടും ചോര ആയിക്കാണും..!   

'സഞ്ചിയില്‍ ഇട്ടു നേരെ വീട്ടിലേക്ക്..' ടീ  ഷര്‍ട്ടിലും തുണിയിലും ചോര കണ്ടു ഉമ്മ ഓടി വന്നു ചോദിച്ചു...'

'എന്തുപറ്റിയെടാ..?'

നടന്ന കാര്യങ്ങള്‍ ഒക്കെ കേട്ടപ്പോള്‍ ഉമ്മ പറയുകയാ...' പോത്ത് പോലെ വളര്‍ന്നല്ലോയ്യ്... എന്നിട്ടും ഒരു  കോഴീനെ ശരിക്കും പിടിച്ചു കൊടുക്കാന്‍ പറ്റിയില്ലല്ലോ അനക്ക്..'

'അന്നൊക്കെ കോഴിക്കറി വെച്ചാല്‍ വീട്ടിലെല്ലാവരും കഴിച്ചാലും പിറ്റേന്ന് രാവിലെ പുട്ടിലേക്കോ പത്തിരിയിലേക്കോ കറി ബാക്കിയുണ്ടാവും..' നല്ല രുചിയും ഉണ്ടാവും.. ആ നാടന്‍ കോഴിയുടെ രുജി ഇപ്പോഴത്തെ കോഴിയുടെ അയലത്തുപോലും വരില്ല..! പോത്തിറച്ചി ഇല്ലാത്ത വെള്ളിയാഴ്ചകള്‍ ആലോചിക്കാനേ പറ്റില്ല...  ഇനി പുതിയ നിയമങ്ങള്‍ വന്നു പോത്തിറച്ചി കിട്ടാത്ത കാലം വരുമോ റബ്ബേ...!

ചുമ്മാ ഒരോര്‍മ്മ കുറിപ്പ് എഴുതി എന്നുമാത്രം...  ഇന്നലെ  രാത്രിയില്‍ ഞാനെന്‍റെ കുട്ടിക്കാല ഓര്‍മകളിലൂടെ സ്വപ്നത്തില്‍ നടന്നു, ചെട്ടിപ്പടിയും പള്ളിയും ആസ്സാമുസ്ലിയാരും ഒക്കെ വന്നു...  ആ പഴയ കുസൃതിക്കാരന്‍ എന്‍റെ സ്വപ്നത്തില്‍ നിറഞ്ഞു നിന്നു.. തിരിച്ചുകിട്ടാത്ത  ഒരുപാട് കുട്ടിക്കാല വിശേഷങ്ങള്‍ എഴുതി നിര്‍വൃതിയടയാന്‍ ഗൂഗുളും, മുഖപുസ്തകവും മാടി വിളിക്കുന്നു... എന്‍റെ സുഹൃത്തുക്കളുടെ ക്ഷമയും സഹന ശക്തിയും  വാനോളം പുകഴ്ത്തിയാലും മതിവരില്ല...!    
അസ്സന്‍മുസ്ലിയാരും എന്‍റെ അയല്‍വാസി ബീച്ചാക്കയും {OMK THANGAL}    മണ്‍മറഞ്ഞിട്ട്  കാലങ്ങളായി... 
അല്ലാഹു അവര്‍ക്ക് മഹ്ഫിറത്തും മര്‍ഹ്മത്തും പ്രധാനം ചെയ്യുമാറാകട്ടെ ... "ആമീന്‍"
 
വെറുപ്പിക്കല്‍ തുടരും.. :) :) 































No comments: