Tuesday, June 28, 2016

ഖുര്‍ആന്‍ പറഞ്ഞ യൂസുഫ് നബിയുടെ കഥ.

[പരമകാരുണ്യവാനായ അല്ലാഹു അന്ത്യപ്രവാചകനായ മുഹമ്മത് നബി [സ] ഖുര്‍ആനിലൂടെ ബോധനമായി നല്‍കിയ ഒരു ചരിത്ര കഥയാണ്‌ യൂസുഫ് നബിയുടെ കഥ. ഖുര്‍ആനിലെ മനോഹരമായ ഈ കഥയില്‍ ചിന്തിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഗുണപാഠമുണ്ട്. മുന്‍പുള്ള വേദങ്ങളായ തൌറാത്ത്‌, ഇഞ്ചീല്‍, ദാവൂദ്, എന്നിവയെ സത്യപ്പെടുത്തുന്നതാണ്. വിശ്വസിക്കുന്ന ജനങ്ങള്‍ക്ക്‌ വഴികാട്ടിയും മഹത്തായ അനുഗ്രഹവും]

അല്ലാഹുവിന്‍റെ ദൂതനായ യാക്കൂബ് {അ} ന്‍റെ ആദ്യ ഭാര്യയില്‍ പത്തു മക്കളുണ്ടായിരുന്നു, രണ്ടാമത്തെ ഭാര്യയിലുള്ള മക്കളാണ് ബെന്യാമിനും, യൂസുഫും. പ്രായം കൊണ്ട് മറ്റു സഹോദരന്മാരെല്ലാം ഇവര്‍ക്ക് മുകളിലായിരുന്നു. ഇളയ മകനായ യൂസുഫിനോട് യാക്കൂബിന്{അ} പ്രത്യേക വാത്സല്യം ആയിരുന്നു.

ഒരിക്കല്‍ യൂസുഫ് കുഞ്ഞായിരിക്കുമ്പോള്‍ ഒരു സ്വപ്നം കാണുകയുണ്ടായി, ആ സ്വപ്നത്തെപറ്റി പിതാവിനോട് പറഞ്ഞു.

“പതിനൊന്ന് നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്കു സാഷ്ടാംഗം ചെയ്യുന്നതായി ഞാന്‍ സ്വപ്നം കണ്ടിരിക്കുന്നു.”

പിതാവ് പറഞ്ഞു ഞാന്‍ ഈ സ്വപ്നത്തെ വളരെ ഗൗരവമായിത്തന്നെ കാണുന്നു. നിന്‍റെ പൂര്‍വപിതാക്കളായ ഇബ്രാഹിമിനും, ഇസ്ഹാക്കിനും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നയിച്ചപോലെ നിനക്കും അല്ലാഹു കഴിവുകള്‍ തരാന്‍ പോകുന്നു. നാഥന്‍ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു, അവന്‍ നിന്നെ സ്വപ്ന വ്യാഖ്യാനം പഠിപ്പിക്കും. മകനേ ‍ ഒരിക്കലും നിന്‍റെ ഈ സ്വപ്നത്തെ പറ്റി നിന്‍റെ സഹോദരന്മാരോട് പറയരുത്. അവര്‍ നിന്നെ അപായപ്പെടുത്താന്‍ ശ്രമിക്കും.

യൂസുഫിന്‍റെ സ്വപ്നത്തെ പറ്റി അര്‍ദ്ധസഹോദരന്മാര്‍ അറിയാനിടയായി, യൂസിഫിനോട് പിതാവ് കാണിക്കുന്ന സ്നേഹത്തില്‍ സഹോദരന്മാരെല്ലാം അസൂയാലുക്കളായിരുന്നു, യൂസുഫ് ഇല്ലാതായാല്‍ പിതാവിന്റെടുത്തു ഞങ്ങള്‍ക്ക് കൂടുതല്‍ സ്നേഹവും അഗീകാരവും ലഭിക്കും. അങ്ങിനെ അവെരെല്ലാവരും യൂസിഫിനെ ഇല്ലാതാക്കാന്‍ തീരുമാനിച്ചു.

ഒരു ദിവസം സഹോദരന്മാരെല്ലാം കൂടി പിതാവിന്റെടുത്തു വന്നു പറഞ്ഞു, ഞങ്ങള്‍ കളിക്കാന്‍ പോവുകയാണ്, യൂസുഫിനെ ഞങ്ങളോടൊപ്പം കളിക്കാന്‍ വിടണം. പിതാവ് പറഞ്ഞു മക്കളെ നിങ്ങളവനെ കൊണ്ടുപോകുന്നതില്‍ എനിക്ക് വിഷമമുണ്ട്, നിങ്ങളവനെ വേണ്ട പോലെ ശ്രദ്ധിക്കാതെ പോയാല്‍ വല്ല ചെന്നായയും തിന്നുമോ എന്ന് ഞാന്‍ ഭയക്കുന്നു.

സഹോദരങ്ങള്‍ പറഞ്ഞു: ഞങ്ങള്‍ ഇത്ര പേരില്ലേ..? “യൂസുഫിനെ മാത്രം ചെന്നായ തിന്നുകയാണെങ്കില്‍ ഞങ്ങള്‍ വലിയ നഷ്ടം പറ്റിയവരായിരിക്കും: തീര്‍ച്ച”

അങ്ങനെ പിതാവ് അവര്‍ക്കൊപ്പം യൂസുഫിനെ കളിക്കാന്‍ അയച്ചു.
വഴിയില്‍ ചെറിയ സഹോദരങ്ങള്‍ യൂസുഫിനെ തോണ്ടിയും അടിച്ചും ഉപദ്രവിച്ചു, പരാതി പറയാന്‍ യൂസുഫ് മൂത്ത സഹോദരങ്ങളടുത്തു ചെന്നപ്പോള്‍ അവരും ഉപദ്രവിച്ചു. തന്നെ അപകടത്തിലേക്കാണ് കൊണ്ട് പോകുന്നതെന്ന് യൂസുഫിന് ബോധ്യമായി. വഴിനീളെ അവര്‍ ഉപദ്രവിച്ചുകൊണ്ടിരുന്നു.

യൂസുഫിനെ കൊന്നു ഒരു കിണറില്‍ ഉപേക്ഷിക്കാനായിരുന്നു അവര്‍ പദ്ധതി ഇട്ടിരുന്നത്. അങ്ങിനെ അവരെല്ലാവരും യൂസുഫിനെയും കൊണ്ട് കിണറിനരികിലെത്തി.

അപ്പോള്‍ ഒരു സഹോദരന്‍ പറഞ്ഞു, യൂസുഫിനെ കൊല്ലണ്ട.. കിണറില്‍ ഉപേക്ഷിക്കാം, വല്ല യാത്രാ സംഘവും അവനെ കണ്ടെടുത്തുകൊള്ളും. അങ്ങിനെ കിണറിനടുത്തെത്തിയപ്പോള്‍ യൂസുഫിന്‍റെ മേല്‍വസ്ത്രം അഴിച്ചു. അവന്‍ ചോദിക്കുന്നുണ്ടായിരുന്നു സഹോദരങ്ങളെ നിങ്ങളെന്താണ്‌ ചെയ്യുന്നത്, അല്ലാഹു നിരക്കാത്ത പ്രവര്‍ത്തികള്‍ ചെയ്യിക്കുന്ന പിശാചില്‍ നിന്ന് പിന്തിരിയൂ. അവന്‍ പറയുന്നത് ചെവികൊള്ളാതെ അവരവനെ കിണറിലേക്ക് തള്ളിയിട്ടു.

കിണറിന്‍റെ ആഴങ്ങളില്‍ പാറകെട്ടുകളും വെള്ളവും ഉണ്ടായിരുന്നു, യൂസുഫ് വീണത്‌ വെള്ളത്തിലായത് കൊണ്ട് അതികപരിക്കുകള്‍ ഉണ്ടായില്ല. ദേഹമാസകലം വേദനിക്കുന്ന യൂസുഫ് പാറകള്‍ക്കിടയില്‍ ഇരുട്ടില്‍ ഇരുന്നു. യൂസുഫിന്‍റെ വസ്ത്രത്തില്‍ ആടിന്‍ ചോര പുരട്ടി സഹോദരന്മാര്‍ വീട്ടിലേക്ക് തിരിച്ചു.

ഈ സമയം അല്ലാഹു യൂസിഫിനു ബോധനം നല്‍കി: സഹോദരന്മാരുടെ ഈ ചെയ്തിയെക്കുറിച്ച് നീ അവര്‍ക്ക് വഴിയെ വിവരിച്ചു കൊടുക്കുകതന്നെ ചെയ്യും. അവര്‍ അന്നേരം അതെക്കുറിച്ച് ഒട്ടും ബോധവാന്മാരായിരിക്കുകയില്ല.

സന്ധ്യാനേരത്ത് അവര്‍ തങ്ങളുടെ പിതാവിന്റെടുത്ത് ദുഖം അഭിനയിച്ചു കരഞ്ഞുകൊണ്ട് വന്നു.. യാക്കൂബ് {അ} അവരുടെ ഇടയില്‍ യൂസുഫിനെ തിരഞ്ഞു.. സങ്കടത്തോടെ അവരോടു ചോതിച്ചു.. യൂസുഫ് എവിടെ?

ഞങ്ങള്‍ കളിക്കാന്‍ പോയപ്പോള്‍ സാധനങ്ങല്‍ക്കരികെ യൂസുഫിനെ ഇരുത്തിയതാണ്. ഞങ്ങളെല്ലാവരും കളിയില്‍ മുഴുകിപ്പോയി.. ആ സമയത്ത് യൂസുഫിനെ ഒരു ചെന്നായ തിന്നു കളഞ്ഞു. ഉപ്പ ഞങ്ങളെ വിശ്വസിക്കുകയില്ല.. ഞങ്ങള്‍ സത്യമാണ് പറയുന്നത്. ഉപ്പാ യൂസുഫിന്റെതായി ഇതാണ് ഞങ്ങള്‍ക്ക് ബാക്കിയായി കിട്ടിയത് ഇത് നോക്കൂ എന്ന് പറഞ്ഞ് യൂസിഫിന്റെ ചോരപുരണ്ട കുപ്പായം അവര്‍ പിതാവിനെ ഏല്‍പ്പിച്ചു.


യാക്കൂബ് {അ} കുപ്പായം പരിശോധിച്ചു.. ‘യാ അല്ലാഹ്’ ഞാനെന്താണ് ഈ കാണുന്നത്. എന്‍റെ മകന്‍റെ കുപ്പായം പോലും കീറാതെ അവനെ തിന്ന ഇത്ര ദയാലുവായ ചെന്നായയോ? “സുബാനല്ലാഹ്” യാക്കൂബ് {അ} എല്ലാം മനസ്സിലായി. എന്‍റെ മക്കള്‍ യൂസുഫിനെ അപായപെടുത്തിയതാണ്.. യാക്കൂബ് {അ} അല്ലാഹുവിന്‍റെ പ്രവാചകന്മാരില്‍ പെട്ടവനാണല്ലോ..! നാശത്തിലെക്കാണല്ലോ ഇവരുടെ പോക്ക്. നിങ്ങളുടെ അഭിനയം എനിക്ക് മനസ്സിലാകുന്നു. “ഇനി നന്നായി ക്ഷമിക്കുക തന്നെ, നിങ്ങള്‍ പറഞ്ഞ കാര്യത്തിന്‍റെ നിജസ്ഥിതി അറിയുന്നതിലെന്നെ സഹായിക്കാനുള്ളത്‌ അല്ലാഹു മാത്രം”

{തുടരും...}

https://www.facebook.com/isakkisam





No comments: