Friday, October 09, 2015

നിദ്രയില്ലാത്ത രാത്രികള്‍.

നിദ്രയില്ലാത്ത രാത്രികള്‍.
--------------------------------------
കല്ലായി പഴയപാലത്തിലെ കൈവരികളിലെ ഇരുമ്പു പാളികളില്‍ പിടിച്ചു അസ്തമയ സൂര്യനെ വീക്ഷിച്ചു കൊണ്ട് കാത്തുനില്‍ക്കുകയായിരുന്നു..!

സോഷ്യല്‍ മീടിയയിലൂടെയാണല്ലോ അവളെന്നോട് സംസാരിച്ചത്...!

ജീവിത നൈരാശ്യത്തെ പറ്റിയും, ഭയപ്പെടുന്ന തണുത്തുറഞ്ഞ മരണത്തെപറ്റിയും പറഞ്ഞത് മനസ്സിലൂടെ ഒരു മിന്നല്‍പിണര്‍ പാഞ്ഞു പോയി. തൊട്ടടുത്ത പുതിയ പാലത്തിലൂടെ ചെന്നൈ എക്സ്പ്രസ്സ്‌ ചൂളം വിളിച്ചു കടന്നുപോയി. മഴ ചെറുതായി ചാറുന്നുണ്ടായിരുന്നു.. പാലത്തിനടിയിലൂടെ ചെറു തോണിയില്‍ മണലുമായി നീങ്ങുന്ന ചെറുപ്പക്കാരന്‍ മൂളുന്ന സിനിമാഗാനം കാറ്റിന്‍റെ അകമ്പടിയോടെ കാതിനിമ്പമേകി.

കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീലെ
മണിമാരന്‍ വരുമെന്ന് ചൊല്ലീലെ...


നിവര്‍ത്തിയ കുട കാറ്റില്‍ ഉലയുന്നുണ്ടായിരുന്നു. ചുമലുകള്‍ക്ക് താഴെ മാത്രം നീളമുള്ള മുടി. നീല ജീന്‍സും, ചാര നിറത്തിലുള്ള ഒവര്‍കോട്ടും. വെളുത്ത നിറം. വട്ടമുഖം, ഹാന്‍ഡ് ബാഗും, കയ്യിലൊരു സ്മാര്‍ട്ട് ഫോണും. പൂര്‍ണ്ണ ചന്ദ്രനുദിച്ച പോലെ പുഞ്ചിരിച്ച കൊണ്ട് പറഞ്ഞു.

“ഞാന്‍ പോകാനോരുങ്ങുകയൈരുന്നു. ഇപ്പോഴെങ്കിലും എത്തിയത് ഭാഗ്യം.”
“ഞാന്‍ വരുമെന്ന് കരുതിയിരുന്നോ..?”

“സാര്‍ വരുമെന്ന് മനസ്സ് പറഞ്ഞു...”

“ഫേസ് ബുക്കില്‍ പറയുന്ന പോലെ എല്ലാവരും പ്രവര്‍ത്തിക്കണമെന്നില്ല.”
“നേരില്‍ ഒന്ന് കാണാനും സംസാരിക്കാനും വേണ്ടിയാ വരാന്‍ പറഞ്ഞത്”
അവള്‍ കൈ നീട്ടി ഷെയ്ക്ക്ഹാന്‍ഡ് തന്നു. യവ്വനം അവളുടെ വിരല്‍ തുമ്പുകളില്‍ നിറഞ്ഞു നിന്നിരുന്നു. നീണ്ടു കൂര്‍ത്ത നഖങ്ങളിലെ ചായം അതിനു വശ്യതയെകി. മിനുമിനുത്ത കൈ സ്പര്‍ശം വൈദ്യുത തരങ്കങ്ങളായി ശരീരമാസകലം കടന്നുപോയി. ചിരിച്ചപ്പോള്‍ പവിഴ മുത്തു പോലെ പല്ലുകള്‍ തിളങ്ങി. ഈറന്‍ കാറ്റില്‍ മുടിയിഴകള്‍ കവിളില്‍ തലോടികൊണ്ടിരുന്നു. ഒറ്റ നോട്ടത്തില്‍ കത്രീനകൈഫിന്‍റെ രൂപ സാദൃശ്യം. ഹൈദര്‍ ചെയ്യുന്ന സിനിമയിലേക്ക് ഒരു പുതുമുഖനായിക വേണമെന്ന് പറഞ്ഞതോര്‍ത്തു.


“നാസിയ..” അനുവാതം ചോതിക്കാതെ ഇന്‍ബോക്സിലേക്ക് ഓടിക്കയറിയവള്‍.

“സര്‍..”

“എന്തുവേണം?” മനപ്പൂര്‍വം ശബ്ദം ഒന്ന് പരുക്കനാക്കി.
ശബ്ദത്തിലെ ഗാംഭീര്യം അവള്‍ തീരെ ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു.

പാലത്തിന്റെ കൈവരിയോടു ചേര്‍ന്നുനിന്നു. കാറ്റ് വീശുന്നുണ്ട്. മുടിയൊതുക്കി വലിയൊരു നേട്ടം കൈവരിച്ച സന്തോഷത്തില്‍ ഇന്‍ബോക്സില്‍ കയറിക്കൂടി വിശ്വാസത വരുത്തി സാറിനെ ഇവിടെയെത്തിക്കാനായത് വാതോരാതെ വിവരിക്കുന്നതിനിടയില്‍ അടുത്ത ഗുഡ്സ് വണ്ടി പാലത്തിലൂടെ കടന്നുപോയി.

കാറ്റിനകംപടിയായി ചാറല്‍ മഴ വന്നു. പുഴക്കക്കരെ സിമന്‍റ് ഗോഡൌണിനു മുന്നിലുള്ള പൂമരക്കൊമ്പ് ഒടിഞ്ഞു വീഴുന്ന ശബ്ദം. സൂര്യന്‍ കടലിലേക്ക്‌ താഴ്ന്നുതുടങ്ങിയിരുന്നു. ഈറന്‍ കാറ്റ് അനുവാദംകൂടാതെ വീശിക്കൊണ്ടിരുന്നു. കാക്കകള്‍ കൂടണയുന്ന പുഴക്കരയിലെ മരങ്ങള്‍. ചാറ്റല്‍ മഴ ശക്തി കൂടി വന്നു.

അവള്‍ കുടയിലേക്ക്‌ ക്ഷണിച്ചതാണ്. ആ ക്ഷണം നിരസിച്ച് തോളിലെ സഞ്ചിയില്‍ നിന്ന് കുടയെടുത്തു നിവര്‍ത്തി ഒട്ടും ഗാംഭീര്യം കുറയ്ക്കാതെ ചോദിച്ചു.

“എന്താണ് നാസിയക്ക്‌ പറയാനുള്ളത്.”

“ഞാന്‍ എത്ര ദിവസമായി കാണണമെന്ന് പറയുന്നു. ഇന്നെങ്കിലും വരാന്‍ തോന്നിയല്ലോ. സാറിന്‍റെ എല്ലാ കഥകളും ഞാന്‍ വായിക്കാറുണ്ട്. എനിക്കിഷ്ടമാണ്.”

“ഞാനത്ര വലിയ കഥാകാരനല്ല.”

“ജീവിതാനുഭവങ്ങളില്‍ എന്നെ സ്പര്‍ശിക്കുന്നത് കഥാരൂപത്തില്‍ കുത്തിക്കുറിക്കുന്നു. ഭാഷാ ശുദ്ധി ഒട്ടും ഇല്ലാത്ത ഒരെഴുത്ത്.” “അതിപ്പോള്‍ പ്രസിദ്ധീകരിക്കാന്‍ ഒരിടവും ഉണ്ടല്ലോ. ചിലെരെങ്കിലും വായിക്കും എന്നൊരു പ്രദീക്ഷയും.”

“ശരി”

കൂടിക്കാഴ്ച ആ വിധത്തില്‍ അവസാനിക്കാമെന്നു കരുതി.
പക്ഷേ അവള്‍ അതിനു വഴങ്ങിയില്ല.

“എനിക്കൊരുപാട് കാര്യങ്ങള്‍ നേരിട്ട് പറയാനുണ്ട്. എന്‍റെ പതിനെട്ടു വര്‍ഷത്തെ ജീവിതം”

“ജീവിതത്തിന്‍റെ രണ്ടാം ഭാഗം”

“രണ്ടാം ഭാഗമോ?”

“അതെ. എന്‍റെ വിവാഹം പതിനാറാം വയസ്സില്‍ കഴിഞ്ഞു.


“സന്തോഷ പൂര്‍ണ്ണമായ എന്നും മനസ്സില്‍ താലോലിക്കുന്ന ആദ്യ പതിനാറു വര്‍ഷമേ ഞാന്‍ ജീവിച്ചിട്ടുള്ളൂ.” “വിവാഹ ശേഷമുള്ള പതിനെട്ട് വര്‍ഷമാണ്‌ സാറിനോട് പറയാനുള്ളത്.”

“സാര്‍ അത് ഒരു കഥയാക്കണം. ഞാന്‍ നടുന്നു പോയ വഴികള്‍ സാറിന്‍റെ ഭാഷയില്‍ ജനങ്ങള്‍ വായിക്കണം. അതാണെനിക്കിഷ്ടം..!”

അവള്‍ ഹാന്‍ഡ്ബാഗില്‍ കയ്യിട്ട്‌ ഒരു കടലാസ് കെട്ടു പുറത്തെടുക്കാന്‍ തുനിഞ്ഞപ്പോള്‍ ഞാന്‍ വിലക്കി.

“വേണ്ട നാസിയാ. എനിക്ക് സമയമുണ്ടാവില്ല.”

“ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ശേഷം ഞാന്‍ പ്രവാസ ലോകത്തേക്ക് തിരിച്ചു പോകും..”

“സോറി”

“എനിക്കറിയാം സര്‍”

നാസിയ ദൃതിയില്‍ കടലാസ് കെട്ടു പുറത്തെടുത്തിരുന്നു...!
“ഞാനെന്തിനാണ് ഇത് വാങ്ങുന്നത്?. നാസിയ തന്നെ എഴുതിയതല്ലേ.”

“നന്നായി എഴുതാന്‍ കഴിയുന്ന ആരെങ്കിലും ഏല്‍പ്പിക്കൂ.”

“വായനക്ക് ശേഷം സാറിന്‍റെ ഭാവനയില്‍ കഥയാക്കണം. എന്നിട്ട് സാറിന്‍റെ കഥയായി “ഞാന്‍” പുറത്തുവരണം. മാറി നിന്ന് ജനങ്ങളുടെ അഭിപ്രായം അറിയണം.

“സര്‍ പ്ലീസ്..”

പേപ്പര്‍ കെട്ട് കയ്യില്‍ തന്നു പുഞ്ചിരിച്ചു കൊണ്ട് കൈവീശി നാളെ ഇന്‍ബോക്സില്‍ വരാം എന്ന് പറഞ്ഞു നടന്നകന്നു. വശ്യതയാര്‍ന്ന നടത്തം. കൈവീശി യാത്രയാക്കി.

തിരിച്ചു നടക്കുമ്പോള്‍ മനസ്സ് പറഞ്ഞു. എന്നില്‍ ഒരു കഥാകാരനുണ്ടെന്നു വിശ്വസിക്കുന്ന സുന്ദരിയായ മണ്ടിപ്പെണ്ണ്‍.

“നാസിയ” അവളെന്നില്‍ എവിടെയൊക്കയോ സ്പര്‍ശിച്ചിരുന്നു. മനസ്സില്‍ വല്ലാത്ത ഒരു തിരതള്ളല്‍ അനുഭവപ്പെട്ടു. ഇന്‍ബോക്സില്‍ എപ്പോഴും ചിരിച്ചു തമാശപറയുന്ന ഒരു ടൈം പാസ് ആയി കണ്ടിരുന്ന പെണ്‍കുട്ടി. ഫേക്ക് അല്ലെന്ന് ബോധ്യമായി. തോള്‍ സഞ്ചിയിലെ കടലാസ് കെട്ടില്‍ അവള്‍ക്കെന്നോടു എന്താണ് പറയാനുള്ളത്. ഒരുപാട് വായനാശീലമുള്ളവള്‍. ഈ ലോകത്തെ ഏതു കാര്യത്തെപറ്റി സംസാരിച്ചാലും അവളുടേതായ രീതിയില്‍ രസമായി മറുപടി തരുമായിരുന്നു. സിനിമ, സ്പോര്‍ട്സ്, പെയിന്റിംഗ്, ബുക്ക്സ് etc... വാ തോരാതെ സംസാരിച്ചു കൊണ്ടിരിക്കും. രാഷ്ട്രീയമേഖലയിലേക്ക് മാത്രം കടുന്നു ചെല്ലാന്‍ വിമുഖത കാണിച്ചിരുന്നു.
ഒരിക്കല്‍ ‘’സ്വീറ്റ് നവംബര്‍” പതിനഞ്ചിലതികം പ്രാവശ്യം കണ്ടു എന്ന് പറഞ്ഞതോര്‍മ്മവന്നു. Alenjando Agresti യുടെ ഡയരക്ഷന്‍ മികവ് “ദ ലേക്ക് ഹൌസ്” ജോണ്‍ ഗ്രീന്‍ ന്‍റെ നോവല്‍ “The fault in our stars” “ജോസ് ബൂണ്‍” സിനിമയാക്കിയതൊക്കെ പറഞ്ഞതോര്‍ത്തു. എത്ര സന്തോഷത്തോടെയാണ് എന്നോട് സംസാരിച്ചത്.


സ്ത്രീകളുടെ മനസ്സ് വായിക്കാന്‍ പെട്ടന്നൊന്നും കഴിയില്ലന്നു സത്യന്‍ അന്തിക്കാടിന്‍റെ രജനയില്‍ യേശുദാസ് മനോഹരമായി പാടിയത് എത്ര ശരിയാണ്..!

“ഒരു നിമിഷം തരൂ നിന്നിലലിയാന്‍...
ഒരു യുഗം തരൂ നിന്നെയറിയാന്‍....”

നടത്തത്തിനു വേകത കൂട്ടി. ഇരുട്ടിതുടങ്ങിയിരിക്കുന്നു. റോഡില്‍ നടക്കാന്‍ കഴിയാത്തവിതം ഓട്ടോയും ബൈക്കും നിറഞ്ഞിരിക്കുന്നു. തൊട്ടു പിന്നില്‍ വന്ന ഓട്ടോ കാലിയായിരുന്നു. ഡ്രൈവര്‍ നോക്കിയതും ഞാന്‍ കൈ കാണിച്ചതും ഒരിമിച്ചു തന്നെ.

“നേരെ ബീച്ചിലേക്ക് പോട്ടെ.” മുഖത്തെ മഴത്തുള്ളികള്‍ തുടച്ചു മാറ്റി പറഞ്ഞു.
ഓട്ടോഡ്രൈവര്‍ ചിലപ്പോള്‍ ഈര്‍ഷ്യയോടെയും മറ്റു ചിലപ്പോള്‍ അവജ്ജയോടെയും ഓരോ കാര്യങ്ങളെ കുറിച്ചു വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു. ഓവര്‍ ബ്രിഡ്ജ് പിന്നിലാക്കി കുറ്റിച്ചിറയിലൂടെ സാവധാനം മുന്നോട്ടു നീങ്ങി. വഴിയോരങ്ങളില്‍ കുഞ്ഞു കുഞ്ഞു കടകള്‍ ഉയര്‍ന്നിരിക്കുന്നു. അപ്പവാണിപ നേര്‍ച്ചയുടെ വരവ് ദീപാലങ്കാരങ്ങള്‍ അറിയിക്കുന്നു. മനസ്സ് യാന്ദ്രികമായി സഞ്ചരിച്ചു കൊണ്ടിരുന്നു.
“സര്‍ ഇറങ്ങുന്നില്ലേ ബീച്ച് എത്തി”

ഓട്ടോ ഡ്രൈവറുടെ ശബ്ദം ചിന്തയില്‍ നിന്നുണര്‍ത്തി.

“എത്ര കാശായി..”


“സാര്‍ മീറ്റര്‍ നോക്കിയില്ലേ.?”

“ഇരിപത്തിരണ്ടു രൂപ.”

കോഴിക്കോട്ടെ ഓട്ടോ ഡ്രൈവര്‍മാരുടെ കണിശതയും സത്യസന്തതയുമായ നിസ്വാര്‍ത്ഥ സേവനം കേരളക്കരക്ക് തന്നെ അഭിമാനിക്കാം.
ആകാശവാണി കെട്ടിടത്തിനു എതിര്‍വശത്തായി ഇരുന്നഉടനെ കടല വില്‍ക്കുന്ന പയ്യന്‍ വന്നു. കടല വാങ്ങി കൊറിച്ചുകൊണ്ട് തോളിലെ സഞ്ചിയിലെ പേപ്പര്‍ കെട്ടില്‍ കൈ വെച്ചു. വേണ്ട ഇവിടുന്നു വേണ്ട. വീട്ടിലെത്തിയിട്ടാവം വായന.

ഇരുട്ട് നകരത്തെ വിഴുങ്ങിതുടങ്ങിയിരിക്കുന്നു. മങ്ങിയ സ്ട്രീറ്റ് ലൈറ്റ് വെളിച്ചം. ബൈക്കുകള്‍ നിരനിരയായി നിറുത്തിയിരിക്കുന്നു. ഉന്തുവണ്ടി കച്ചവടക്കാര്‍ ധാരാളമുണ്ട്. കവറില്‍ ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയും പൈനാപ്പിള്‍ സ്ലൈസുമായി ഒരു കുഞ്ഞു കുട്ടി അടുത്തുകൂടെ കടന്നുപോയി. ജുബ്ബയുടെ പോക്കറ്റില്‍ നിന്നും ഒരു ഗോള്‍ഡ്‌ ഫ്ലേക്ക് ലൈറ്റ് എടുത്തു കത്തിച്ചു. എത്രനേരം അങ്ങനെ ഇരുന്നതെന്ന്‍ അറിഞ്ഞില്ല. ഇത്തവണ ശക്തമായാണ് മഴയുടെ വരവ്. കുട നിവര്‍ത്തി വീണ്ടും ഒരു ഓട്ടോയുടെ സേവനം തേടി റോഡിലേക്കിറങ്ങി.

ഫ്ലാറ്റിന്‍റെ ശൂന്യതയിലേക്ക് മടങ്ങി ചെല്ലണമെന്ന് ആഗ്രഹിച്ചതല്ല. താക്കോല്‍ എടുത്തു വാതില്‍ തുറന്നു. സ്കൂള്‍ അവധി പ്രമാണിച്ച് ഭാര്യയും കുട്ടികളും അവളുടെ വീട് വരെ പോയിരിക്കുകയാണ്. കിച്ചണില്‍ കയറി ഫ്രിഡ്ജ് തുറന്നു പാലെടുത്ത് ഒരു കോഫി ഉണ്ടാക്കി. ചൂടുള്ള കോഫി ഊതിക്കുടിച്ചുകൊണ്ട്‌ സ്വീകരണ മുറിയിലേക്ക് ചെന്നു.


പുസ്തകങ്ങളും കടലാസുകളും കബന്ധങ്ങള്‍പോലെ ചിതറി കിടക്കുന്നു. അവയുടെ കാവലെന്നോണം ചുവരില്‍ ഇടതു വശത്തായി “വിന്‍സെന്‍റ് വാന്‍ ഗോഗ്” ന്‍റെ “സ്റ്റാറി നൈറ്റ്” മറുവശത്ത്‌ “ഏഡ്‌വാര്‍ഡ്‌ മഞ്ച്” ന്‍റെ “ദ സ്ക്രീം” പെയിന്റിംഗ്. റോളിങ്ങ് ചെയറില്‍ ഇരുന്നു റീഡിംഗ് ഗ്ലാസ് വെച്ചു. ഇനി ചെയ്യാനുള്ളത് നാസിയയുടെ കഥയിലൂടെ സഞ്ചരിക്കണം.
പേപ്പര്‍ കെട്ട് എടുത്തു മേശപ്പുറത്ത്‌ വെച്ചു. റബ്ബര്‍ ബാന്‍ഡ് അഴിച്ചെടുത്തു കടലാസുകള്‍ നിവര്‍ത്തി ഓരോന്നായി മറിച്ചു നോക്കി.
അദ്ഭുതം കൊണ്ട് കണ്ണുകള്‍ ഓരോ പേപ്പറിലൂടെ സഞ്ചരിച്ചു. ഒന്നിന് പിറകെ ഓരോന്നായി മറിച്ചു നോക്കി എല്ലാ പേപ്പറുകളും ശൂന്യം ഒന്ന് മുതല്‍ മുപ്പത്തിയഞ്ചു പേജുവരെ നമ്പരുകള്‍ എഴുതി റൌണ്ട് ചെയ്തിരിക്കുന്നു. അവസാന പേജില്‍ ഒരു കത്തായിരുന്നു.

“സര്‍”

                എങ്ങനെ തുടങ്ങണമെന്ന് എനിക്കറിയില്ല. എന്‍റെ മുപ്പത്തിയഞ്ചു വര്‍ഷത്തെ ജീവിതം ഈ മുപ്പത്തിയച്ചു പേജുകളില്‍ എഴുതി തീര്‍ക്കാന്‍ എനിക്ക് കഴിയില്ല. സര്‍ എന്‍റെ കഥ കേള്‍ക്കാന്‍ തയ്യാറാകുമോ എന്ന് പോലും എനിക്കറിയില്ലായിരുന്നു. ഈ കൂടിക്കാഴ്ച്ചയില്‍ സാറിനു നല്‍കിയത് എന്‍റെ മനസ്സാണ്. എനിക്കറിയാം സര്‍ വലിയ ഒരു കഥാകാരനല്ലെന്ന്. പക്ഷേ താങ്കളുടെ എഴുത്തില്‍ എവിടെയൊക്കയോ നന്മയുടെ അംശം നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഇനി ഞാന്‍ എല്ലാം സാറിനോട് തുറന്നു പറയാം. എന്‍റെ മൊബൈല്‍ നമ്പര്‍ 9447960599. എന്നെ വിളിക്കുമല്ലോ?. വാട്ട്സ് അപ്പ് ചെയ്താലും മതി. സാവധാനത്തില്‍ എല്ലാം പറയാം. ഞാനൊന്ന് ഉറങ്ങിയിട്ട് വര്‍ഷങ്ങള്‍ ആയി. മരിക്കാന്‍ എനിക്ക് ഭയമാണ്. ഒരിക്കലെങ്കിലും എനിക്ക് സുഖമായി ഉറങ്ങാന്‍ കഴിയുമോ? എന്‍റെ കഥ കേട്ടതിനു ശേഷം പറയുമല്ലോ?.
സാറിന്‍റെ ജീവിത വിശുദ്ധി ഒരുപാട് ഇഷ്ടപ്പെടുന്ന നാസിയ..!

ഉറക്കം കണ്ണുകളെ തഴുകി കൊണ്ടിരുന്നു. അലസമായി സോഫയിലേക്ക് വീണു.


“എനിക്കുറങ്ങണം.” “എനിക്കുറങ്ങണം.” “എനിക്കുറങ്ങണം.”

രാത്രിയുടെ അന്ധ്യയാമങ്ങളില്‍ എപ്പോഴോ ഞാനുണര്‍ന്നു..!!


https://www.facebook.com/isakkisam






















No comments: