Monday, October 19, 2015

കിട്ടിയ മുന്തിരിക്ക്‌ ജന്മദിനമധുരമേറെ...!!



ഇടിമിന്നലും കോരിച്ചൊരിയുന്ന മഴയുമുള്ള ഒരു രാത്രിയില്‍ വീട്ടിലായിരുന്നു എന്‍റെ ജനനമെന്ന് ഉമ്മ പറയുമായിരുന്നു.

“തൊട്ടടുത്ത് പായയില്‍ വിരിച്ച തുണിയിലായിരുന്നു നീ കിടന്നിരുന്നത്.. വാവിട്ട് കരയുന്നുണ്ടായിരുന്നു... നിന്നെ നോക്കി ഞാനും കരയുന്നുണ്ടായിരുന്നു വേദനയും സന്തോഷവും കൂടിചേര്‍ന്ന ഒരു കരച്ചില്‍. കുറച്ചു നേരത്തിനു ശേഷം കരന്റും പോയി. കിടന്നിടത്ത് നോക്കുമ്പോള്‍ ഇരുട്ടത്ത് വിളക്കുപോലെ പ്രകാശിക്കുന്നുണ്ടായിരുന്നു നീ.. എന്തൊരു നിറമായിരുന്നു നിനക്ക്. തടിയുമുണ്ടായിരുന്നു. ഒരു മൊഞ്ചന്‍ ടുണ്ടുമണി.”

എന്നൊക്കെ ഉമ്മ പുളുവടിക്കും. അത് പറയുമ്പോള്‍ ആ മുഖത്തു വരുന്ന സന്തോഷത്തിന്‍റെ മിന്നലാട്ടം അരങ്ങില്‍ കാണാത്ത നവരസങ്ങളില്‍ ഒന്നുതന്നെ. അതു കാണാന്‍ ഞാന്‍ ഇടക്കൊക്കെ എല്ലാ ലീവിലും ഈ കാര്യങ്ങള്‍ ചോതിക്കാറുണ്ട്. ജന്മംതന്ന ഉമ്മയെ കെട്ടിപ്പിടിച്ചു ആ നെറുകയില്‍ ഒരു സ്നേഹചുമ്പനം നല്‍കി ഈ കുഞ്ഞു സന്തോഷം ഇവിടെ കുറിക്കട്ടെ..!!

48 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു ഈ യാത്ര തുടങ്ങിയിട്ട്. ഇക്കാലമത്രയും ഒരു ജന്മദിനം ആഘോഷമായി കൊണ്ടാടിയത് ഓര്‍മയില്‍ ഇല്ല. ബര്‍ത്ത്ഡേ കൊണ്ടാടുന്ന പതിവ് ഇല്ലായിരുന്നു, കുട്ടിയായിരിക്കുമ്പോള്‍ സിനിമയിലെ ബര്‍ത്ത്ഡേ ആഘോഷങ്ങള്‍ കാണുമ്പോള്‍ ഉമ്മയോട് പറയും ഈ കൊല്ലം എനിക്കും ബര്‍ത്ത്ഡേ ആഘോഷിക്കണം. ഉമ്മ പറയും നമുക്ക് ബിരിയാണി വെക്കണം, സേമ്യ പായസം ഉണ്ടാക്കണം എന്നൊക്കെ പിന്നെ മറന്നുപോകും. ഓര്‍മ്മവരുമ്പോള്‍ ചോദിച്ചാല്‍ പറയും കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടാക്കിയ ബിരിയാണിയും പായസവും നീ മറന്നോ എന്ന്.? അത് ഉമ്മാന്റെ ഒരു നമ്പറാ. :) :)

സ്കൂളില്‍ പിറന്നാളിന് കുട്ടികളില്‍ ചിലര്‍ കളര്‍ ഡ്രെസ്സൊക്കെ ഇട്ടു വരാറുണ്ടായിരുന്നു. പാരീസ് മിഠായിയും നാരങ്ങാ മിഠായിയും കൊണ്ടുവുമായിരുന്നു. ക്ലാസ് ടീച്ചര്‍ അറ്റന്റന്‍സ് എടുത്തു കഴിഞ്ഞാല്‍ പിന്നെ ബര്‍ത്ത്ഡേ കുട്ടി എല്ലാവര്‍ക്കും മിഠായി വിതരണം കഴിഞ്ഞേ പഠനം തുടങ്ങാറുള്ളൂ. പക്ഷേ ഒരിക്കല്‍ പോലും സ്കൂളിലും ഞാന്‍ ബര്‍ത്ത്ഡേ ആഘോഷിച്ചതായി ഓര്‍ക്കുന്നില്ല.

വര്‍ഷങ്ങള്‍ കുറെ കഴിഞ്ഞു, ആ സ്കൂള്‍ കുട്ടിയില്‍നിന്നും നാല്‍പെത്തിയെട്ടില്‍ എത്തിനില്‍ക്കുന്നു. കുട്ടിക്കാലത്തുപോലും ആഘോഷിക്കാത്ത ബര്‍ത്ത്ഡേ ആണ് ഇന്ന് എനിക്ക് ഒരുപാട് സന്തോഷമായി കടന്നുവന്നത്. ഒരുപാട് ഇന്‍ബോക്സ് ബര്‍ത്ത്ഡേ മെസേജുകള്‍, നേരിട്ടുള്ള ഫോണ്‍ കോളുകള്‍ എഫ് ബിയില്‍ നിന്നും വാട്ട്സ് അപ്പില്‍ നിന്നും, ആശംസാ ടാഗ് പോസ്റ്റുകള്‍. ഒരുകൊച്ചുകുട്ടിയുടെ ആഘോഷതിമര്‍പ്പിലേക്ക് എന്നെ കൂട്ടികൊണ്ടുപോകാന്‍ ഈസ്നേഹം മാത്രം മതിയായിരുന്നു.

ഇന്‍ബോക്സ് മെസേജിനുറിപ്ലൈ കൊടുക്കുമ്പോഴും, പോസ്റ്റിനു മറുപടി കമന്റ് ഇടുമ്പോഴും, ഫോണ്‍കോള്‍ അറ്റന്‍ഡ് ചെയ്യുമ്പോഴും, മനസ്സില്‍ സന്തോഷം തിരതള്ളുന്നുണ്ടായിരുന്നു... ചുണ്ടില്‍ ചെറുപുഞ്ചിരി വന്നു കൊണ്ടിരുന്നു. എന്തുകൊണ്ടാണത് എന്ന് കൂടുതല്‍ അന്വേഷിക്കേണ്ടി വന്നില്ല... ഫേസ് ബുക്കിലും ഗൂഗിളിലും വാട്സ്അപ്പ് ഗ്രൂപ്പുകളിലും ഒരിക്കല്‍ പോലും നേരില്‍ കാണാത്തവരും, കണ്ടവരും ഒറ്റ മിത്രങ്ങളും, ഈ വിരല്‍തുമ്പില്‍ എത്തിച്ചു നല്‍കിയ സോഷ്യല്‍ മീഡിയയുടെ മാന്ദ്രിക സ്പര്‍ശത്തിനു ഒരുപാട് നന്ദി..!

ഈ ജന്മദിനനാളിലെ മനസ്സിന്‍റെ സന്തോഷം കണ്ണുകളിലെ തിളക്കമായും ചുണ്ടുകളിലെ പുഞ്ചിരിയായും എനിക്ക് സമ്മാനിച്ച പ്രിയരേ നന്ദി.. നിങ്ങളുടെ കുടുംബാംഗത്തെ പോലെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച ഈ സ്നേഹത്തിനു മുന്നില്‍ വിനീതനായി ഒരായിരം സ്നേഹപൂക്കള്‍ നിങ്ങള്‍ക്കായി സമ്മാനിക്കട്ടെ..!!

ഇസ്ഹാക്ക് പുഴക്കലകത്ത്.

https://www.facebook.com/isakkisam





No comments: