Saturday, May 16, 2015

“പ്രവാസിയുടെ യവ്വനം”


നാല്‍പ്പതു വര്‍ഷത്തെ സേവനത്തിനു ശേഷം ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് പോകുകയാണ്.

കമ്പനി മേനേജര്‍ യാത്രയയപ്പ് പാര്‍ട്ടി ഗംഭീരമാക്കി.
വിഷാദനിര്‍ഭരമാണ് പ്രസംഗം.

കമ്പനി മേനേജര്‍ പറഞ്ഞു-

“നികത്താനാവാത്ത വിടവാണിത്. എങ്കിലും നാട്ടില്‍ പോകല്‍ അനിവാര്യതയാണല്ലോ. നാളെ നമുക്കും ഈ ദിനം വന്നെത്തും. അദ്ദേഹത്തിന്‍റെ ജോലിയിലെ സത്യസന്ധത നമുക്കെല്ലാവര്‍ക്കും ഒരു പാഠമാകട്ടെ. നന്മ മാത്രം ഉദ്ദേശിച്ചു പ്രവര്‍ത്തിക്കുന്ന പ്രിയ മിത്രത്തിനു സര്‍വൈശ്വര്യങ്ങളും നേരുന്നു....”

“ഓഫീസിലെ ഒരു പ്രകാശനാളമണയുന്നു. ഓഫീസ് പെട്ടെന്ന് ഇരുളിലായപോലെ തോന്നുകയാണ്. ഇതുപോലൊരു പ്രകാശനാളം ഇനിയാര്‍ക്കെങ്കിലും കൊളുത്തുവാന്‍ കഴിയുമോന്ന് സംശയമാണ്...”

മറ്റൊരു സഹപാടി കരഞ്ഞുപോകുമെന്ന് തോന്നി.

“കമ്പനിയിലെ ഈ അമൂല്യമുത്തിന് ദീര്‍ഘായുസ്സ് നേരുന്നു. അതോടൊപ്പം ഈ ഓഫീസിന്‍റെ വക ഒരു ഉപഹാരം ഞങ്ങള്‍ നല്‍കുകയാണ്.”

“കമ്പനി സര്‍വീസ് സര്‍ട്ടിഫിക്കറ്റും ഫലകവും ചെക്കും നല്‍കുമ്പോള്‍ എല്ലാവരുടെയും മൊബൈല്‍ ക്യാമറാ കണ്ണുകള്‍ തുരുതുരാ മിന്നി.”

നന്ദി പ്രസംഗത്തിനു മൈക്ക് എടുത്തതും എനിക്കൊരു കാര്യം പറയാനുണ്ട് എന്ന് പറഞ്ഞ് ഇരുപത്തിമൂന്ന് കൊല്ലമായി തന്‍റെ റൂംമേറ്റ് ആയ സഹപാടി മുന്നോട്ടു വന്നത്... മേശക്കു മുകളില്‍ ഒരു കുഞ്ഞു ആല്‍ബം വെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

“സുഹൃത്തുക്കളേ, ഞാന്‍ ഈ കമ്പനിയില്‍ ജോലിക്ക് ജോയിന്‍ ചെയ്ത അന്ന് മുതല്‍ കാണുന്നതാണ് ഈ ആല്‍ബം. എന്നും രാത്രിയില്‍ ഇതെടുത്തു പേജുകള്‍ മറിച്ചു നെടുവീര്‍പ്പിടുന്ന സുഹൃത്ത്.. അന്നു തുടങ്ങിയതാണ്‌ തിരിച്ചുപോക്ക്... മകളുടെ കല്യാണം, മകന്‍റെ വിദ്യാഭ്യാസം, വീട് പണി, പെങ്ങളുടെ അസുഖം, മകളുടെ പ്രസവം, അങ്ങിനെ നീണ്ടു നീണ്ടു പോകുന്ന പ്രശ്നങ്ങള്‍.... ഇനിയും ഒരു പത്തു കൊല്ലം ജോലി ചെയ്താലും തീരാത്ത പ്രശ്നങ്ങളാണ് അദ്ദേഹത്തിന്‍റെ മുന്നില്‍... പ്രവാസം ഒരു മാഗ്നറ്റ് പോലെയാണ്.. വേര്‍പെടുത്താന്‍ ശ്രമിച്ചാലും പിന്നെയും പിന്നേയും ചേര്‍ന്ന് കൊണ്ടിരിക്കും... പലപ്പോഴും ഒഴിവാക്കി പോയവര്‍ തിരിച്ചു ഈ ആകര്‍ഷണവലയത്തില്‍ എത്തിച്ചേരുന്നു...! നാമെല്ലാവരും ഒരു കാര്യം ഓര്‍ക്കണം.. ഇവിടെ ജോലിയില്‍ വെച്ചു പുലര്‍ത്തുന്ന ആത്മാര്‍ത്ഥത നാട്ടില്‍ കാണിക്കാന്‍ നമുക്ക് കഴിയുന്നില്ല.. അതിനു നമ്മുടെ രാഷ്ട്രീയക്കാര്‍ സമ്മതിക്കുന്നില്ല... ബന്ദും ഹര്‍ത്താലും മറ്റു പൊതു ലീവും കഴിച്ച് ഒരു കൊല്ലത്തില്‍ പകുതിപോലും ജോലിചെയ്യാനായാലും ബിസിനസ്സിലായാലും സമയും കിട്ടുന്നില്ല... നമ്മുടെ പ്രിയ സുഹൃത്തിന്‍റെ കാര്യം നോക്കൂ ഈ നാല്‍പ്പതു കൊല്ലത്തിനിടയില്‍ സ്വന്തം ഭാര്യയോടും മക്കളോടൊത്തു ചെലവഴിച്ചത്‌ നാല്‍പ്പതു മാസങ്ങള്‍ മാത്രം.. തനിക്കു നഷ്ടപ്പെട്ട യവ്വനകാലം ഒരിക്കലും തിരുച്ചു കിട്ടാത്ത പ്രവാസി... എന്നും മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുവാന്‍ മാത്രം വിധിക്കപ്പെട്ടവന്‍ പ്രവാസി... നമ്മുടെ ജനാതിപത്യം നമുക്ക് തന്നെ പാരയല്ലേ എന്ന് പോലും സംശയം തോന്നിപ്പിക്കുന്ന പ്രവാസം.. വഞ്ചിച്ചും ചതിച്ചും കൊന്നും മുന്നേറുന്നവര്‍ക്ക് പറ്റിയ നാടായി മാറുകയാണോ നമ്മുടെ നാട്.... താടിയും മീശയും കറുപ്പിച്ചു യവ്വനത്തെ തിരിച്ചുപിടിക്കാന്‍ നോക്കുന്ന പാവം പ്രവാസികള്‍.... ഷുഗറും, ബിപിയും, കൊളസ്ട്രോളും, ആറടി മണ്ണിലേക്ക് നയിക്കുന്ന പ്രവാസികള്‍... ബന്ദും ഹര്‍ത്താലും കൊള്ളയും കൊലയും മതവിദ്ധ്വേശവും കുതികാല്‍വെട്ടും പീഡനവും കൈക്കൂലിയും സദാചാരപോലീസും ഇല്ലാത്ത ഒരു ശ്യാമ സുന്ദരമായ കേരളം പടുത്തുയര്‍ത്താന്‍ പുതിയ തലമുറ മുന്നോട്ടു വരുമെന്ന് പ്രത്യാശിക്കാം...!! നാട്ടില്‍ പോകുന്ന എന്‍റെ പ്രിയ സുഹൃത്തിന് എല്ലാ നന്മകളും ആശംസിച്ചുകൊണ്ട് നിറുത്തട്ടെ....!!

ലോകം അവസാനിക്കുന്നത് വരെ ഈ പ്രവാസം തുടര്‍ന്നുകൊണ്ടിരിക്കും എന്ന് മേശപ്പുറത്തിരിക്കുന്ന ആല്‍ബമാണ് പ്രസംഗിച്ചത്..!!


https://www.facebook.com/isakkisam





No comments: