Wednesday, October 04, 2017

ഓര്‍മ്മയിലെ കുട്ടിക്കാലം.



എന്നും എനിക്ക് പ്രിയപ്പെട്ട ഗ്രാമം തിരൂരങ്ങാടി, ഇന്നുമതെ..!!

സ്കൂളും, കോളേജും, യതീംഖാനയും, പുഴയും, തോടും, പാടത്തിനു നടുവിലൂടെയുള്ള നടവഴിയുമെല്ലാം ഇന്നുമെന്നെ കൊതിപ്പിക്കുന്നു. അതൊരുപക്ഷേ മറ്റേതൊരു മലപ്പുറം ഗ്രാമത്തെയും പോലെ അതിന്‍റെ ശുദ്ധതയാണോ എന്നെനിക്കറിയില്ല.

ഉമ്മയുടെ തറവാട്ടില്‍ നിന്നായിരുന്നു സ്കൂള്‍ പഠനവും കോളേജ് പഠനവും. അത് എന്നെ തിരൂരങ്ങാടിക്കാരനാക്കി. വൈകുന്നേരങ്ങളില്‍ മാമാട്രോഫി ഗ്രൌണ്ടിലെ പന്തുകളിയും സൈക്കിള്‍ സവാരിയുമെല്ലാമായിരുന്നു വിനോദം. ഒഴിവുദിവസങ്ങളില്‍ മൊണാലിസ ക്ലബ്ബും, കേരംസ് കളിയും, സിനിമയും, സുഹൃത്തുക്കളുമൊത്ത് സൊറപറഞ്ഞിരിക്കലുമായി മറ്റൊന്നിനും പകരം വെക്കാന്‍ കഴിയാത്ത ഞാന്‍ സ്നേഹിച്ച തിരൂരങ്ങാടി.

എന്‍റെ ഓര്‍മ്മവെച്ച കാലം മുതല്‍ ഞാന്‍ വല്ലിമാനെ കണ്ടിരുന്നത്‌ തൂ വെള്ള വസ്ത്രത്തിലായിരുന്നു, പ്രൌഡിയും അഭിമാനവും ആ സംസാരത്തില്‍ എപ്പോഴും നിറഞ്ഞു നിന്നിരുന്നു. തറവാട്ടില്‍ പുറംപണിക്കും അടുക്കളപണിക്കും സ്ത്രീകളുണ്ടായിരുന്നു. ആഴ്ചയില്‍ മൂന്നുദിവസം മണ്ണാത്തി വന്നു പുഴയില്‍ പോയി വസ്ത്രങ്ങള്‍ അലക്കുമായിരുന്നു. മുറ്റത്തു വടക്കുവശത്തായി വലിയ തൊഴുത്തും, പശുക്കളെ നോക്കാനും വല്ലിമ്മാക്ക് അങ്ങാടിയില്‍ പോയി സാധനങ്ങള്‍ വാങ്ങാനുമായി നിന്നിരുന്ന കോമുവിന്‍റെ കൂടെ കറങ്ങിനടക്കലും വല്ലിമ്മ അറിയാതെ പുഴയില്‍പോയി കുളിക്കുന്നതുമെല്ലാം രസമുള്ള ഓര്‍മ്മകളാണ്. തറവാട്ടില്‍ തേങ്ങ ഇടാന്‍ വരുന്ന ആണ്ടികുട്ടിയുടെ പിറകെ ഇളനീരിനായി കുട്ടികളുടെ ഒരു നീണ്ട നിര തന്നെയുണ്ടാവും.

വല്ലിപ്പ മദ്രാസില്‍ നിന്ന് കൊണ്ടുവന്ന അംബാസഡര്‍ മാര്‍ക്ക്‌ ത്രി കാറിലാണ് എന്‍റെ ഡ്രൈവിംഗ്‌ പഠനത്തിന്‍റെ തുടക്കം. ആദ്യമൊക്കെ വല്ലിപ്പാന്‍റെടുത്തുനിന്ന് തലക്ക് നല്ല കിഴി കിട്ടും. പതിയെ പതിയെ ഞാന്‍ തറവാട്ടിലെ പ്രിയ ഡ്രൈവര്‍ ആയി.

തറവാട്ടില്‍ പടിഞ്ഞാറെ മുറി എന്ന് പേരുള്ള കുഞ്ഞു റൂമുണ്ടായിരുന്നു. അതില്‍ ഒരു പത്തായവും, പത്തായത്തില്‍ നിറയെ വല്ലിപ്പ മലേഷ്യയില്‍ നിന്ന് കൊണ്ടുവന്ന കൂജയും പാത്രങ്ങളുമായിരുന്നു. ആ കൂജകളിലായിരുന്നു വല്ലിമ്മ കാശ് സൂക്ഷിച്ചിരുന്നത്. വാടകയിനത്തില്‍ കിട്ടുന്ന കാശ് ഒരു കൂജയിലും, മദ്രാസ് ഹോട്ടലില്‍നിന്ന് വരുന്ന കാശ് മറ്റൊന്നിലും, തേങ്ങയും അടക്കയും വിറ്റ്കിട്ടുന്ന കാശ്, വല്ലിപ്പ മലേഷ്യയില്‍ നിന്ന് അയക്കുന്ന കാശ് എന്നിങ്ങനെ മൊത്തത്തില്‍ അഞ്ചാറു ബാങ്കുകളുടെ ഭാരിച്ച ചുമതല വഹിച്ചിരുന്നു ആ പാവം പത്തായം. വല്ലിമ്മയുടെ വെള്ളി അരഞ്ഞാണത്തിനു താഴെ വെള്ളക്കാച്ചിയുടെ മുകളില്‍ ഒരലങ്കാരമായി തൂങ്ങികിടക്കുന്ന ബാങ്കിന്‍റെ താക്കോല്‍.

ഒരിക്കല്‍ പത്തായത്തിന്‍റെ താക്കോല്‍ 501 ബാര്‍ സോപ്പില്‍ പതിപ്പിച്ച് ഡ്യൂപ്ലിക്കേറ്റ്‌ ഉണ്ടാക്കി ഇടക്കിടക്ക് കാശ് അടിച്ചുമാറ്റി ടൂര്‍ പോകുന്നത് വിനോദമാക്കിയ രണ്ടാമത്തെ അമ്മാവന്‍റെ വീരകഥകള്‍ ഉമ്മ പറഞു കേട്ടിട്ടുണ്ട്. മകനെ കാണാതെ കരഞ്ഞ് എല്ലായിടത്തേക്കും ഫോണ്‍ വിളിയുമായി കഴിയുന്ന വല്ലിമ്മ. ടൂര്‍ കഴിഞ്ഞു തിരിച്ചെത്തുന്ന അമ്മാവന്‍റെ കയ്യിലെ പലഹാരപൊതിയില്‍ വീണുപോകുന്ന പാവം സ്നേഹനിധി.


തറവാടിന്‍റെ മുറ്റത്ത്‌ മാവും വതോളി നാരങ്ങയുടെ മരവും എന്നും തണല്‍ വിരിച്ചു നിന്നിരുന്നു. നിറയെ നാരങ്ങ കായ്ച്ചു നില്‍ക്കുന്ന ആ മരം എന്നും കണ്ണുകള്‍ക്ക്‌ കുളിരാണ്, ഉപ്പു കൂട്ടിയാണ് ഞങ്ങള്‍ നാരങ്ങ കഴിച്ചിരുന്നത്, കോലായില്‍ ഇരുന്നു നോക്കിയാല്‍ വളംബത്തെ വീടിന്‍റെ വേലി അരികിലായി ഒരു തേക്ക്‌ മരം പ്രൌഡിയോടെ തല ഉയര്‍ത്തി നില്‍ക്കുന്നത് എന്നും കൌതുകത്തോടെയാണ് കണ്ടിരുന്നത്‌.

തറവാട് വീടിനൊരു ഭീഷണിയാണെന്ന് തോന്നിയ മാവിന് ഒരിക്കലും തലയുയര്‍ത്താന്‍ അവകാശമുണ്ടായിരുന്നില്ല. കൊമ്പ് വെട്ടാതിരുന്നാല്‍ മാത്രം മാങ്ങ തന്നിരുന്ന മാവ് പുളിയുറുമ്പ് സ്വന്തമാക്കിയിരുന്നെങ്കിലും, അണ്ണാനും പക്ഷികളും ബാക്കി വെച്ച് കിട്ടുന്ന മാമ്പഴത്തിന് സ്വാദ് കൂട്ടിയിരുന്നത് മാവിന്‍ പ്രതികാരമാണോ അതോ അത് പകുത്തു നല്‍കിയിരുന്ന വല്ലിമ്മയുടെ കയ്യാണോ, അതോഅടുക്കളയിലെ പെട്ടിയിലെ ആര്‍ക്കും തൊടാന്‍ അവകാശമില്ലാത്ത മലേഷ്യന്‍ കത്തിക്കാണോ?.

രാജമൂച്ചിയെന്നു ഓമനിച്ചു വിളിച്ച മാവിനെന്നും വല്ലിപ്പാനോട് ബഹുമാനമുണ്ടായിരുന്നു, അതോ സ്നേഹക്കൂടുതലാണോ?. അവസാന കാലം വരെ രണ്ടുപേരും മെലിഞ്ഞിട്ടായിരുന്നു. തടിക്കാന്‍ വേണ്ട എല്ലാ സൌകര്യമുണ്ടായിട്ടും അവള്‍ക്കതിനാവില്ലായിന്നു. എല്ലാ വര്‍ഷവും മാവുനിറയെ മാങ്ങ തരും. ആ മാങ്ങയാണെങ്കില്‍, നിറയെ ആരുനിറഞ്ഞ കോമാങ്ങയയിരുന്നു. വല്ലിപ്പ നമ്മെളെ വിട്ടുപിരിഞ്ഞതോടുകൂടി മുറ്റത്തെ മാവും അന്യമായി.

പ്ലാവുള്ളത് അടുക്കള മുറ്റത്ത്‌ ഒരു തറയിലായിരുന്നു. പറമ്പിനു പടിഞ്ഞാറെ മൂലയിലായി ബീരാന്‍കുട്ടിക്കാന്‍റെ വീടിനടുത്ത് നാലഞ്ചു കൈതകളും പ്ലാവും ഉണ്ടായിരുന്നു. തെക്ക്ഭാഗത്ത് മൊഇലെകാക്കാന്‍റെ വീടാണ്, വടക്കുവശത്തായി നായന്മാരുടെ വീടും, കിഴക്ക് വളംബത്തെ കാക്കാന്റെ വീടായിരുന്നു, വടക്ക്പടിഞ്ഞാറെ മൂലയില്‍ നായന്മാരുടെ ഇടവഴിക്ക് അപ്പുറത്ത് അവരുടെ തൊടി ഇത്തിരി ഉയരത്തിലാണ്. മഴ പെയ്താല്‍ ഇടവഴിയിലോട്ട് പൊട്ടി വീഴുമാ ഭാഗം.

നിറയെ മുരിങ്ങ മരങ്ങള്‍ കായ്ച്ചു തൂങ്ങി നില്‍ക്കുമായിരുന്നു, കുളിപ്പുരക്ക് പിറകിലും അരികിലുമായി മുള്ളന്‍ചക്ക മരവും, എപ്പോഴും പഴുത്ത പപ്പായ നല്‍കുന്ന മരങ്ങളുമുണ്ടായിരുന്നു. എന്‍റെ പ്രിയപ്പെട്ട ആ തൊടി മുഴുവന്‍ ചെരിപ്പില്ലാതെ നടക്കുമായിരുന്നു ഞാന്‍. അതിനെന്നെ വല്ലിമ്മയും, വല്ലിപ്പയും വഴക്ക് പറയുമായിരുന്നു. ആ തൊടിയിലെ മരങ്ങള്‍ക്ക് മാത്രമല്ല അവിടത്തെ ഓരോ വ്യക്തികള്‍ക്കുമെന്നെ പ്രിയമായിരുന്നു. അയമുട്ട്യാക്കാന്റെ മുട്ടായി പീടികയിലും, മായിന്‍റെ ബാര്‍ബര്‍ ഷാപ്പിലും, മൊയ്ദീന്‍ കാക്കാന്‍റെ ചായപീടികയിലും കുഞ്ഞാച്ചുത്താന്‍റെ പേരക്കുട്ടി എന്ന നിലയില്‍ എല്ലാവര്‍ക്കും ഞാന്‍ പരിചിതനായിരുന്നു.

തറവാട്ടില്‍ മൊത്തം പതിനൊന്നു പേരാണ്, നാല് അമ്മാവന്മാരില്‍ മൂന്നു പേരും ഗള്‍ഫിലാണ്. നാട്ടിലുള്ള അമ്മാവനും കുടുംബവും ഇപ്പോഴവിടെയുണ്ട്. പെണ്മക്കളില്‍ ആദ്യം എന്‍റെ ഉമ്മയാണ്‌, ആറു എളാമമാരില്‍ ഒരാള്‍ മാത്രം ഗവണ്‍മെന്റ് ഹൈസ്കൂള്‍ ടീച്ചറാണ്.
ചിരിച്ചു കൊണ്ട് മാത്രം സംസാരിക്കുന്ന എന്‍റെ ഉമ്മാന്‍റെ അമ്മാവന്‍ പൂച്ചിക്കാക്ക, എന്നും സ്നേഹത്തോടെ ബാബു എന്നു വിളിച്ചിരുന്ന മൂചെട്ടിയിലെ അമ്മായി., ഇവര്‍ രണ്ടാളും ഇപ്പോഴും അതെ പ്രസരിപ്പോടെ അവിടെയുണ്ട്. എപ്പോഴും സ്നേഹത്തോടെ നര്‍മ്മം ചാലിച്ച് സംസാരിക്കുന്ന എന്‍റെ ഉപ്പാന്‍റെ വലിയ കൂട്ടുകാരന്‍ കൂടിയായ ചെറികാക്ക. എല്ലാവരുമുണ്ട്‌, ഉപ്പ മാത്രം എന്നെ പിരിഞ്ഞു നേരത്തെ യാത്രയായി..!

‘ആ പഴയ തറവാടുണ്ട്...’ ‘പക്ഷേ..’
മാവുകളില്ല... പ്ലാവില്ല... പ്ലാതറയില്ല... തൊഴുത്തില്ല... പശുക്കളില്ല...
പഴയ ഞാനുമില്ല..!!


https://www.facebook.com/isakkisam
http://ishaquep.blogspot.in/
























No comments: