Friday, November 13, 2015

ദൈവത്തിന്‍റെ വികൃതികള്‍.

മഴത്തുള്ളികള്‍ ഭൂമിയുടെ മാറിനെ ആര്‍ത്തിയോടെ ചുംബിക്കുമ്പോള്‍ വരുന്ന മണ്ണിന്‍റെ മണമായിരുന്നു എനിക്കമ്മ. മഴയുടെ രോദനങ്ങള്‍ക്കും മുകളിലായിരുന്നു എന്‍റെ കരച്ചിലെന്നു പള്ളീലച്ചന്‍ പറയുമായിരുന്നു. ഉപേക്ഷിക്കപ്പെട്ട കൈകുഞ്ഞില്‍ നിന്നും ഉദ്യോഗസ്ഥനായി പത്രമോഫീസില്‍ എത്തിനില്‍ക്കുന്ന കൗമാരം. ജോസച്ചന്‍ തന്നെയാണ് ജോലിശരിയാക്കിയത്. പത്രമോഫീസിന്‍റെ പിന്നാമ്പുറത്തുള്ള സ്റ്റോര്‍ റൂമിലാണ് താമസം. മാസത്തിലൊരിക്കല്‍ അച്ഛന്‍ വരികയോ ഞാവിടെ പോയി കാണുകയോ ചെയ്യും.

എന്‍റെ സ്വപ്നങ്ങള്‍ക്ക് നിറങ്ങളില്ലായിരുന്നു. ഞാന്‍ സ്നേഹിച്ച എന്‍റെ പ്രിയപ്പെട്ടവളോ..? കര്‍ക്കശക്കാരനായ അച്ഛന്‍റെ മിലിട്ടറി തോക്ക് എന്നും അവള്‍ക്ക് ഭയമായിരുന്നു. അച്ഛന്‍ കണ്ടെത്തിയ വരനുമുന്നില്‍ തലകുനിക്കുമ്പോള്‍ ഹൃദയം എന്‍റെ കൈക്കുള്ളില്‍ പിടയുകയായിരുന്നു. അവളേയും കൊണ്ട് ഒളിച്ചോടാന്‍ എന്‍റെ മുന്നിലും വഴികളില്ലായിരുന്നു. നീണ്ട പതിനഞ്ചു വര്‍ഷം കടന്നുപോയിരിക്കുന്നു. താടിയില്‍ അങ്ങിങ്ങായി വെള്ളിരോമങ്ങള്‍ പ്രേത്യക്ഷപ്പെത് കാലത്തിനെ കയ്യൊപ്പ്.


“അനാമിക” സ്നേഹത്തിന്‍റെ മാലാഖയായി എന്‍റെ മനസ്സിലേക്ക് ചേക്കേറിയവള്‍. ഓഫീസിന്‍റെ തൊട്ടു പിറകിലായിരുന്നു വീട്. അമ്മയും ഏക മകളും. അച്ഛന്‍ മിലിട്ടറിയിലായിരുന്നു. ദിവസവും രാവിലെ കോളേജിലേക്കുള്ള യാത്രയില്‍ ഞങ്ങളുടെ കണ്ണുകള്‍ കൂട്ടി മുട്ടിയിരുന്നു. കുഞ്ഞു കുഞ്ഞു കുശലാന്വേഷണങ്ങളും സഹായങ്ങളും ആണ്‍കുട്ടികളില്ലാത്ത ആ കുടുംബത്തില്‍ ഞാനോരംഗമായി മാറി.

പിന്നീടെപ്പോഴോ അത് പ്രണയത്തിലേക്ക് വഴിമാറി. ഒരു ദിവസം അനാമിക എന്നോട് പറഞ്ഞു. ഇന്ന് ഞാന്‍ നിന്നെ സ്വപ്നം കണ്ടു. അത് പറയുമ്പോള്‍ അവളുടെ മുഖം ചുവന്നു തുടുത്തിരുന്നു. ചുണ്ടുകളില്‍ നനുത്ത പുഞ്ചിരിയുണ്ടായിരുന്നു. എന്‍റെ ജാലകത്തിലൂടെ ഒരു മഞ്ഞു തുള്ളിയായി ആണ് നീ വന്നത്. ഞാനിതുവരെ കണ്ടതില്‍ വച്ചേറ്റവും മനോഹരമായ സ്വപ്നമായിരുന്നു. എന്‍റെ തോളില്‍ മുഖമമര്‍ത്തി കാതില്‍ മൊഴിഞ്ഞു. സ്വപ്നത്തില്‍ ഞാനും നീയും നഗ്നമായിരുന്നു. അപ്പോള്‍ അവളുടെ മുഖത്തു വിരിഞ്ഞ പുഞ്ചിരി ഒരു ചുംബനത്തിലൂടെ ഞാന്‍ ഒപ്പിയെടുത്തു.

കടല്‍ കാണുമ്പോഴൊക്കെ അവളെന്‍റെ മനസ്സിലേക്ക് വരാറുണ്ട്.
പ്രണയകാലത്ത് എന്‍റെ സ്വന്തമെന്നു പറഞ്ഞ് ആലിംഗനം ചെയ്ത് ചുംബിക്കാറുണ്ടായിരുന്നു. പാര്‍ക്കിലും കാറ്റാടി മരത്തണലിലും കടല്‍ തീരത്തും കല്ലുകള്‍ പതിച്ച നടപ്പാതയിലും മഞ്ഞു പെയ്യുന്ന സായാഹ്നങ്ങളില്‍ എന്നെ കാത്തുനില്‍ക്കാറുണ്ടായിരുന്നു. ഞാന്‍ വരുമ്പോള്‍ അവളുടെ കണ്ണുകളില്‍ സഹിശേഷമായ ഒരു തിളക്കം പ്രത്യക്ഷപ്പെടാറുണ്ട്. കവിളുകളില്‍ സന്ധ്യയുടെ ചുവപ്പും. നനുത്ത മൃദുലമായ കൈവിരലുകളില്‍ എന്‍റെ കൈ കോര്‍ത്തു ചേര്‍ന്ന് നടക്കുമായിരുന്നു. മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന രാവുകളില്‍ ചുംബനങ്ങള്‍ കൊണ്ട് അവളെന്‍റെ സിരകളില്‍ അഗ്നിപ്പടര്‍ത്തുമായിരുന്നു. അവസാനിക്കാത്ത തിരകള്‍ നോക്കി നനഞ്ഞ മണല്‍തരികള്‍ എന്‍റെ കൈകള്‍ക്ക് മുകളില്‍ വിതറിക്കൊണ്ട് എന്‍റെ കാതില്‍ നനുത്ത ചുണ്ടുകള്‍ മുട്ടിച്ചു പറയാറുണ്ടായിരുന്നു നിന്നെ ഞാന്‍ ഈ കടലോളം സ്നേഹിക്കുന്നുവെന്ന്.

ഹൃദയാഘാതത്തിന്‍റെ രൂപത്തില്‍ ജോസച്ചനെ ദൈവം വിളിച്ചപ്പോള്‍ വീണ്ടും ഞാനനാഥനായി. ജോസച്ഛന്റെ അന്ത്യകര്‍മ്മങ്ങള്‍ നടക്കുമ്പോള്‍ ശക്തമായ മഴവന്നുവെങ്കിലും ആ അമ്മമണം എനിക്കന്യമായിരുന്നു.

എല്ലാം എന്നെ വിട്ടുപോയിരിക്കുന്നു. ദൈവത്തിന്‍റെ ഓരോ വികൃതികള്‍. എല്ലാം തലകീഴായി മറിഞ്ഞിരിക്കുന്നു. പാതയോരങ്ങളിലെ കെട്ടിടങ്ങളെല്ലാം നിലം പോത്തിയിരിക്കുന്നു. റോഡ്‌ പലയിടങ്ങളിലും വിണ്ടു കീറിയിരിക്കുന്നു. ചിലയിടങ്ങളില്‍ അഗാതമായ ഗര്‍ത്തങ്ങള്‍. അന്തരീക്ഷത്തിലാകെ പൊടി പടലങ്ങള്‍ നിറഞ്ഞിരിക്കുന്നു. ഭൂകമ്പം അതി ഭീകരമായി നകരെത്തെ വിഴുങ്ങിയിരിക്കുന്നു. റോഡിലെങ്ങും ശൂന്യത. ഒരാളെ പോലും കാണാനില്ല. മുന്നിലൊരു വലിയ ഗര്‍ത്തം രൂപപ്പെട്ട് റോഡ്‌ രണ്ടായി പകുത്തിരിക്കുന്നു. ഇനി മുന്നോട്ടു പോകാന്‍ കഴിയില്ല. പോകറ്റില്‍ നിന്നും ഒരു സിഗരറ്റെടുത്ത് തീ പകര്‍ന്ന്‌ അലക്ഷ്യമായി കടല്‍തീരത്തേക്ക് നടന്നു. പൊടി പടലങ്ങള്‍ എന്നെ ചുംബിച്ചുകൊണ്ട് ഭൂകമ്പത്തിന്‍റെ ഭീകരത വിളിച്ചോതി അട്ടഹസിച്ചു.

“നില്‍ക്കണേ.” പെട്ടന്ന്‌ ഒരു ആര്‍ത്ത സ്വരം പിന്നില്‍ നിന്ന് കേള്‍ക്കാനായി. ഞാന്‍ നടുങ്ങി നിന്നു.

കടല്‍ക്കരയിലെ നിലം പൊത്തിയ ഫ്ലാറ്റിനു പിന്നില്‍ നിന്നും മേലാസകലം പൊടി പുരണ്ട സ്ത്രീയും കൈക്കുഞ്ഞും എന്‍റെ നേര്‍ക്ക്‌ നടന്നു വരുന്നു. കീറിപ്പറിഞ്ഞ സാരിയാണ് വേഷം. ഒട്ടിയ വയര്‍ വിശപ്പിനെ വിളിച്ചോതുന്നുണ്ടായിരുന്നു. വേച്ചു വേച്ചു മുന്നോട്ടു വന്നു, കരഞ്ഞു കലങ്ങിയ കണ്ണുകള്‍. കണ്ണീരും പൊടിപടലങ്ങളും മുഖത്ത് ചിത്രങ്ങള്‍ വരച്ചിരിക്കുന്നു. കുഞ്ഞ് തോളില്‍ മയങ്ങി കിടക്കുന്നുണ്ട്.

“നിങ്ങളാരാ..?” അവളും കുഞ്ഞും എന്‍റെ അരികിലേക്ക് വന്നുകൊണ്ട്‌ ചോതിച്ചു.

കണ്ണുകള്‍ തിരുമ്മി ആകാംക്ഷയോടെ വീണ്ടും നോക്കി.
ഞാനും അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നി. അതെ അതവള്‍ തന്നെ. “അനാമിക”

“ഞാന്‍ പ്രാര്‍ത്ഥനയിലായിരുന്നു ഇതുവരെ.” എന്‍റെ മനസ്സ് എന്നോട് മന്ദ്രിച്ചുകൊണ്ടിരുന്നു ഒരു ദൈവദൂതന്‍ വന്ന് എന്നെ സംരക്ഷിക്കുമെന്ന്. ഇത് വല്ലാത്ത ഒരു പരീക്ഷണമായല്ലോ? ഈ ദുരന്തത്തില്‍ ഭര്‍ത്താവും മറ്റു രണ്ടു കുഞ്ഞുങ്ങളും എനിക്ക് നഷ്ടമായി. ദൈവദൂതനല്ല ദൈവം തന്നെയാണ് എന്‍റെ മുന്നില്‍ നില്‍ക്കുന്നത്. ഞാന്‍ ഇത്രയും നാള്‍ സഹിച്ചതൊക്കെ കണ്ടു വന്നതാണോ ? അവള്‍ കുനിഞ്ഞിരുന്നു കാലില്‍ മുഖമമര്‍ത്തി തേങ്ങിക്കരഞ്ഞു. ഞാന്‍ എന്താണ് ചെയ്യേണ്ടതെന്നറിയാതെ അങ്ങേയറ്റം തളര്‍ന്നുപോയി. വീശിയടിച്ച പൊടിക്കാറ്റില്‍ എന്‍റെ ശരീരമാകെ ആടിയുലഞ്ഞു.

അവള്‍ മുഖമുയര്‍ത്തി പ്രദീക്ഷയോടെ എന്നെ നോക്കി. കണ്ണുകളിലൂടെ കണ്ണുനീര്‍ ധാരയായി ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. ഞാനവയിലേക്ക് മാറിമാറി നോക്കി. ആ കണ്ണുകളുടെ ആഴങ്ങള്‍ ദയയാചിക്കുന്നുണ്ടായിരുന്നു.
“എനിക്കാരുമില്ല. എന്നേയും കുഞ്ഞിനേയും കൂടെ കൂട്ടുമോ?” അവള്‍ മുട്ടുകാലില്‍ നിന്ന് കൈകൂപ്പി ദയാവായ്പ്പോടെ ചോദിച്ചു. ഞാന്‍ കുഞ്ഞിന്‍റെ ചുരുണ്ടമുടിയില്‍ തലോടി. മനസ്സ് നഷ്ടപ്പെട്ടത് ഞാനറിഞ്ഞില്ല. ഒന്നും ഒരിയാടാതെ തിരിഞ്ഞു നടന്നു. അവളും കുഞ്ഞും ഒരു നിഴല്‍ പോലെ എന്നെ പിന്തുടര്‍ന്നു.

https://www.facebook.com/isakkisam




No comments: