Sunday, January 25, 2015

പട്ടിണിപ്പാവങ്ങളുടെ ഇന്ത്യ.

കോഴിക്കോട് പാളയം ബസ്റ്റാന്റിലെ ബഹളത്തിനിടയിലൂടെ തിരക്കിട്ടു നടക്കുകയായിരുന്നു അവന്‍.. കോളേജു വിട്ടു നാട്ടിലേക്ക് ബസ്സ്‌ കയറാനുള്ള തിരക്കിലായിരുന്നു. ജീന്‍സും നീളന്‍ ജുബ്ബയും തോളില്‍ ഒരു തുണി സഞ്ചിയും ആയിരുന്നു വേഷം.. പരപ്പനങ്ങാടി ചെട്ടിപ്പടി ബസ്സ്‌ ബോര്‍ഡ് നോക്കിക്കൊണ്ട്‌ ആളുകളെ വകഞ്ഞു മാറി മുന്നോട്ടു നടക്കുകയായിരുന്ന അവനെ തുണി സഞ്ചിയില്‍ പിടിച്ചു ആരോ വലിച്ചു.. ഒരു ഊമയായ സ്ത്രീ ആയിരുന്നു.. ഒക്കത്തൊരു കുഞ്ഞുണ്ടായിരുന്നു പിറകെ എട്ടു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയും നാല് വയസ്സുള്ള ഒരു ആണ്‍കുട്ടിയുമുണ്ടായിരുന്നു... കയ്യില്‍ മുഷിഞ്ഞ കടലാസ് കാറ്റിലിളകി..! അതില്‍ മൂത്ത മകള്‍ക്ക് ക്യാന്‍സറാണെന്നും സഹായിക്കണമെന്നും എഴുതിയിരിക്കുന്നു..! ബസ്സിനുള്ള അമ്പതു പൈസ മാറ്റി വെച്ച് മിച്ചമുള്ള നാണയ തുട്ടുകള്‍ ആ പാത്രത്തിലേക്ക് നിക്ഷേപിച്ചു മുന്നോട്ടു നടന്നു..!

പ്രതീപാ... പ്രതീപാ... പ്രതീപാ... ചൂടുള്ള വാര്‍ത്ത.. ചൂടുള്ള വാര്‍ത്ത ബംഗ്ലൂരില്‍ കൂട്ട ബലാല്‍സംഗം... ഒറ്റ കാലില്‍ ഞൊണ്ടി കൊണ്ട് മഞ്ഞപത്രം വില്‍ക്കുന്ന പയ്യന്‍ എല്ലാ ബസ്സുകള്‍ക്കിടയിലൂടെയും നടന്നുകൊണ്ടിരുന്നു..! നാരങ്ങാ മധുരനാരങ്ങാ കിലോക്ക് വെറും പത്തു രൂപ... ആദായ വില്‍പ്പന സ്റ്റോക്കില്ല പെട്ടന്ന് കരസ്ഥമാക്കൂ... കടല.. കടല.. കടല വറുത്തത്.. വിലതുച്ചം ഗുണംമെച്ചം, നാളെ എടുക്കുന്ന കേരള ഭാഗ്യക്കുറി അഞ്ചു രൂപയ്ക്കു അഞ്ചു ലക്ഷം... വേഗം വേഗം... നാളത്തെ ഭാഗ്യവാന്‍ നിങ്ങളിലൊരാള്‍. സ്ഥിരം ബഹളങ്ങള്‍ക്കിടയില്‍ ബസ്സില്‍ കയറാനൊരുങ്ങിയ അവനെ കിളി തടഞ്ഞു. സ്റ്റുഡന്‍സ് മാറി നില്‍ക്കൂ... പോകാന്‍ നേരത്ത് കയറാം.! ബസ്സ്‌ ചലിക്കാന്‍ തുടങ്ങിയതും മനസ്സില്ലാ മനസ്സോടെ കിളി വാതില്‍ തുറന്നുകൊടുത്തു വലിഞ്ഞു കയറി കമ്പിയില്‍ പിടിച്ചു ആടിയുലഞ്ഞു യാത്രയായി.

ദിവസങ്ങളും ആഴ്ച്ചകളും മാസങ്ങളും പിന്നോട്ട് തള്ളികൊണ്ട് അവന്‍റെ കോളേജ് പഠനം മുന്നോട്ടു പോയ്‌ കൊണ്ടിരുന്നു..! ഒരു ദിവസം ആ ഊമ സ്ത്രീയും രണ്ടു കുട്ടികളും മുഷിഞ്ഞ കടലാസുമായി വീണ്ടും കണ്ടു.. മൂത്ത പെണ്‍കുട്ടി കൂടെയുണ്ടായിരുന്നില്ല.. ക്ഷീണിച്ചു അവശയായ മൂന്ന് രൂപങ്ങള്‍..! ബസ്സില്‍ കയറിയും നോട്ടീസ് കൊടുത്തും തോണ്ടിയും സഹായം അഭ്യര്‍ത്തിക്കുന്നുണ്ടായിര
ുന്നു.. ചിലര്‍ കൊടുത്തും, ചിലര്‍ ആട്ടിപ്പായിപ്പിക്കുന്നുണ്ടായിരുന്നു..!

“ഇതൊക്കെ സ്ഥിരം തട്ടിപ്പാ... വൈകുന്നേരം ആയാല്‍ ഇവറ്റകളൊക്കെ കോലം മാറും..” അടക്കി പ്പറയുന്നു ചിലര്‍.

ഇടക്കിടക്ക് ഇവര്‍ ബസ്റ്റാന്റില്‍ കാണാറുണ്ടായിരുന്നു..! മാസങ്ങള്‍ക്ക് ശേഷം കണ്ടപ്പോള്‍ ഒക്കത്ത് മയങ്ങി ക്കിടക്കുകയായിരുന്ന കുഞ്ഞുമാത്രം ഉണ്ടായിരുന്നുള്ളൂകൂടെ.. അവന്‍റെ മനസ്സില്‍ വല്ലാത്ത ഒരു അനുകമ്പ തോന്നി ആ സ്ത്രീയോട്..! നാണയ തുട്ടുകള്‍ പാത്രത്തിലിട്ട് കൊണ്ട് ചോതിച്ചു.. നിന്‍റെ മറ്റു രണ്ടു മക്കള്‍ എവിടെ..? എന്തൊക്കയോ കൈ കൊണ്ട് ആഗ്യം കാണിച്ചു കൊണ്ട് പറയുകയും കരയുന്നുമുണ്ടായിരുന്നു അവര്‍. അവനൊന്നും മനസ്സിലായില്ല. തിരക്കിനിടയില്‍ ജനങ്ങള്‍ക്കിടയില്‍ മറഞ്ഞു അവര്‍.

അന്നൊരു ജനുവരി 26 റിപ്പബ്ലിക് ഡേ ആയിരുന്നു... കോളേജിലെ സുഹൃത്തിന്റെ അമ്മയുടെ മരണവാര്‍ത്തയറിഞ്ഞ് വീട്ടിലെത്തി അവിടെ നിന്ന് കണ്ണംപറമ്പ് പൊതുശ്മശാനത്തില്‍ എത്തിയപ്പോഴാണ് ആ കരളലിയിക്കുന്ന കാഴ്ച്ച അവന്‍ കണ്ടത്.. മൂന്നു കൊച്ചു കുഴിമാടങ്ങള്‍ക്കരികില്‍ കണ്ണീരിലാഴ്ന്നു തലകുനിച്ചിരിക്കുന്ന മൂകയായ പിച്ചക്കാരി അമ്മ.
--------------------------
----------------------------------------------
#
സ്വബോധം നഷ്ടപ്പെട്ട് ശ്മശാനത്തിന് പുറത്തിറങ്ങിയ അവനു മേല്‍ ചളി തെറിപ്പിച്ചു കൊണ്ട് മന്ത്രി ബെന്‍സ് കാറില്‍ കൊടി പറപ്പിച്ചു പോയി..!!

റിപ്പബ്ലിക് ദിനാശംസകള്‍.


https://www.facebook.com/isakkisam?ref_type=bookmark









No comments: