Tuesday, July 08, 2014

"പുണ്യ റംസാന്‍."



പരിശുദ്ധ റംസാന്‍ മാസത്തിലെ ആദ്യത്തെ പത്തു നോമ്പിനു വിരാമമായി ,

വിലമതിക്കാന്‍ ആവാത്ത അത്ര അനുഗ്രഹങ്ങള്‍ വാരിചൊരിയുന്ന ഒരു മാസമാണ് റംസാന്‍ മാസം. പാപങ്ങള്‍ പൊറുത്തു തരുന്ന മാസം. വരും നാളുകളിലെ നോമ്പ് നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും അല്ലാഹുവിലേക്ക് കൂടുതല്‍ അടുപ്പിക്കുന്ന  പ്രാര്‍ത്ഥനയുടെ നാളുകള്‍ തന്നെ,

മാസപിറവി കണ്ടതു മുതല്‍ വൃതാനുഷ്ട്ടാനത്തിന്റെ നാളുകള്‍ക്കു തുടക്കമായി...'  ഒരു മാസക്കാലം പരിശുദ്ധ നോമ്പിന്‍റെ കാലം, ഉദയം മുതല്‍ അസ്തമയം വരെ
ജലപാനമില്ലാതെ മനസും ശരീരവും വ്രത ശുദ്ധിയോടെ കാത്ത് പരമ കാരുണ്യവാനായ അല്ലാഹുവിനായി സ്വയം സമര്‍പ്പിക്കുന്ന മാസം, വിശപ്പിന്റെ വിളി എന്താണെന്ന് പാവപെട്ടവനെ പോലെ തന്നെ പണക്കാരനും മനസ്സിലാക്കുന്നത്‌ ഈ ഒരു വ്രതമാസക്കാലത്താണ്. 


അല്ലാഹുവിനോടുള്ള പൂര്‍ണ 
വിധേയത്വവും അനുസരണവുമാണ്  നോമ്പിന്‍റെ ആത്മാവ്, എല്ലാ സുഖാസ്വാദനങ്ങള്‍ ഉപേക്ഷിക്കുക വഴി ചെയ്തുപോയ പാപങ്ങള്‍ക്ക്‌ തൌബ ചെയ്യലുമാണ് നോമ്പിലൂടെ നാം നിര്‍വഹിക്കുന്നത്. സ്വന്തം ശരീരത്തെയും ഇച്ഛകളെയും മെരുക്കിയെടുക്കാന്‍ ഇത്ര സവിശേഷമായ മറ്റൊരു മുറയും ലോകത്തുണ്ടാവില്ല. ഇത് വഴി പൈശാചിക ചിന്തകളില്‍ നിന്നും നാം മോചിതരാകുന്നു.


പരിശുദ്ധ ഖുര്‍ആന്‍ അവതരിക്കപ്പെട്ടത് റംസാന്‍ മാസത്തിലാണ് എന്നത് ഈ മാസത്തിനു അല്ലാഹു നല്‍കിയ മഹത്വത്തെ വെളിവാക്കുന്നു.

നോമ്പുകാരന്‍ തന്‍റെ ശരീരത്തെയും , നാവിനെയും കണ്ണിനെയും നിയന്ദ്രിക്കുക വഴിയാണ്  ഒരാള്‍ യഥാര്‍ത്ഥ നോമ്പുകാരനാകുന്നത് . 

നോമ്പ് തുറക്കുന്നതോടൊപ്പം തന്നെ പാവപെട്ടവരായ അയല്‍വാസികളെ കൂടെ നോമ്പ് തുറക്കാന്‍ സഹായിക്കുക ,നമ്മള്‍ കഴിക്കുന്നത്തില്‍ നിന്നും ഒരു പങ്കു അവര്‍ക്കും നല്‍കി പുണ്യം നേടാന്‍ ശ്രമിക്കുക.

റംസാന്‍ മാസത്തിലെ പുണ്യ പ്രവര്‍ത്തികള്‍ അല്ലാഹു സ്വീകരിക്കുകയും പാപ മോചിതരാക്കുന്നവരുടെ കൂട്ടത്തില്‍ നിങ്ങളേയും എന്നേയും ഉള്‍പെടുത്തട്ടെ ... നിങ്ങളുടെ പ്രാര്‍ത്ഥനയിലും എന്നേയും കുടുംബത്തേയും ഉള്‍പെടുത്തുക. ഈ പുണ്യ മാസ ക്കാലത്ത് വ്രതമെടുത്ത് നേടിയെടുക്കുന്ന ഊര്‍ജവും തേജസ്സും വരും മാസങ്ങളിലും നിലനിര്‍ത്താന്‍ പരമ കാരുണ്യവാനായ അല്ലാഹു നാമെല്ലാവരെയും അനുഗ്രഹിക്കട്ടെ  (ആമീന്‍)



No comments: