Showing posts with label എന്‍റെ ഗ്രാമം.. Show all posts
Showing posts with label എന്‍റെ ഗ്രാമം.. Show all posts

Tuesday, October 18, 2016

കാവ്..!

ചെട്ടിപ്പടി വീട്ടിലേക്കുള്ള യാത്രയിലായിരുന്നു. എന്‍റെ ഇന്നോവ ആനപ്പടി എത്തിയതും റയില്‍വേഗേറ്റ് മണിയടിയോടെ താണു..!
പുറത്തിറങ്ങി ഒരു സിഗരറ്റിനു ജീവന്‍ നല്‍കി ലൈറ്റര്‍ പോകറ്റില്‍ നിക്ഷേപിച്ചു പുക അലക്ഷ്യമായി ഊതി..! തണുത്ത വടക്കന്‍കാറ്റ് മുടിയിഴകളെ തലോടി ഓര്‍മകളെ ഉണര്‍ത്തി കടന്നുപോയി..!

വലതുഭാഗത്ത് റോഡരുകില്‍ മരങ്ങള്‍ തഴച്ചു വളര്‍ന്നുനില്‍ക്കുന്നു.. ശ്രദ്ദിച്ചു നോക്കിയപ്പോള്‍ അവ പരിചയം പുതിക്കി കാറ്റിലാടി. നാല്‍പ്പത് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. മാറ്റങ്ങളില്ലാതെ ഇപ്പോഴും അവിടെ മരങ്ങള്‍ നിറഞ്ഞു കാടുപിടിച്ച് നില്‍ക്കുന്നു.!

ബാല്യം, റയില്‍വേഗേറ്റ്, മദ്രസ്സ , കറിയുടെ പീടിക, പോസ്റ്റാഫീസ്‌, അസ്സാംഹാജിയുടെ കൊപ്രക്കളം, നെടുവ വായനശാലയിലേക്കുള്ള വഴി. ഓര്‍മ്മകള്‍ മിന്നായം പോലെ മനസ്സിലേക്ക് ചേക്കേറി. മനസ്സിന്‍റെ കണ്ണാടിയില്‍ മണ്മറഞ്ഞുപോയ പല മുഖങ്ങളും സിനിമാറീലുപോലെ പിറകിലേക്ക് ഓടികൊണ്ടിരുന്നു..!

കൊല്ലന്‍റെ ആല, കുഞ്ഞു പരല്‍മീനുകളെ പിടിച്ചിരുന്ന വെള്ളച്ചാലുകള്‍.. മദ്രസ്സ മുറ്റത്ത് നിറയെ കായ്ച്ചു നില്‍ക്കുന്ന പുളിമരം. മാങ്ങയും പുളിയും എറിഞ്ഞു വീഴ്ത്താന്‍ ഇഷ്ട്ടം പോലെ കരികല്ലുകള്‍ സുലഭമായ റയില്‍പാളം. പള്ളിക്കുളത്തിലെ ഇഗ്ലീഷ്മീനുകള്‍... മാറ്റങ്ങള്‍ ഇല്ലാതില്ല. എങ്കിലും മരങ്ങള്‍ തിങ്ങി നിറഞ്ഞ കാവ് മാത്രം അവിടെ തന്നെ ചിലരുടെ വിശ്വാസങ്ങള്‍ കാത്തു സൂക്ഷിക്കുന്നു. കോടികള്‍ വിലമതിക്കുന്ന ആ ഭൂമി വരും തലമുറകള്‍ കാത്തു സൂക്ഷിക്കുമോ എന്നുകണ്ടറിയണം.

ചൂളം വിളിയോടെ കടന്നു പോയ തീവണ്ടി ഓര്‍മകളില്‍ നിന്നും എന്നെ തിരിച്ചുകൊണ്ടുവന്നു. ബൈക്കും, ഓട്ടോറിക്ഷയും, കാറും എല്ലാം ആരാദ്യം അപ്പുറത്തേക്ക് എന്ന മത്സരമായിരുന്നു. ഇപ്പോഴത്തെ കുട്ടികള്ക്ക് ക്ഷമയും ബഹുമാനവും തീരെ ഇല്ലാതായിരിക്കുന്നു..! ജീവന് വിലയിടാതെ സമയത്തെ വെട്ടിപ്പിടിക്കാനുള്ള വെഗ്രതയിലാണവര്‍..! അഞ്ചുനിമിഷത്തിനുള്ളില്‍ എന്‍റെ മനസ്സിലേക്ക് ഓടിയെത്തിയ കുട്ടിക്കാല ഓര്‍മ്മകള്‍. എന്താ ല്ലേ..!!

https://www.facebook.com/isakkisam




Saturday, March 05, 2016

അന്തവിശ്വാസങ്ങളുടെ കിണര്‍.


സന്താനസൗഭാഗ്യം തേടിവരണം, ഭാവി ജീവിതം ശോഭനമാകണം, കഷ്ടപ്പാടുകള്‍ക്ക് അറുതിവരണം, ഇനിയും വൈകിക്കൂടാ... നടത്തത്തിനു വേകതകൂട്ടി.. നാണയ ശേഖരങ്ങളുടെ കിഴി തോളിലെ ബാഗില്‍ ഉണ്ടെന്നുറപ്പിച്ച് റെയില്‍വേ സ്റ്റേഷനിലെത്തി. തെക്കുഭാഗത്തേക്ക്‌ പോകുന്ന ട്രെയിനിനു ടിക്കെറ്റെടുത്തു. ട്രെയിന്‍ ഒരുപാട് കൊച്ചു ഗ്രാമങ്ങള്‍ പിന്നിലാക്കി പരപ്പനങ്ങാടിയിലെത്തി. ബസ്സ്റ്റാന്ഡില്‍ നിന്നും ഒരു ബസ്സില്‍ കയറി ചെട്ടിപ്പടി പിന്നിട്ട് അരിയല്ലൂര്‍ സ്റ്റോപ്പില്‍ ഇറങ്ങി. ഒരു ഓട്ടോറിക്ഷക്ക് കൈ കാണിച്ചു കയറിയിരുന്ന് കടലോരത്തെ സൗഭാഗ്യം കൊണ്ടുവരുന്ന കിണറിനരികിലേക്ക് വിടാന്‍ പറഞ്ഞു. ഓട്ടോക്ക് കാശും കൊടുത്ത് കിണര്‍ ലക്ഷ്യമാക്കി നടന്നു.

"സാര്‍.. സാര്‍.. ചില്ലറ മുഴുവന്‍ ഇടണ്ട.. പേരിനു രണ്ടു മൂന്നു കോയന്‍സ് ഇട്ടാല്‍ മതി. ബാക്കിയുള്ളത് എനിക്കുതന്നോളൂ.. ദിവസവും കിണറിലിറങ്ങി മുട്ട് വേദനിക്കുന്നു സാര്‍..." ഒരു പയ്യന്‍ പിറകെ കൂടി.. കുറച്ചു നാണയങ്ങള്‍ അവനും ബാക്കിയുള്ളത് കിണറിലും നിക്ഷേപിച്ചു പ്രാര്‍ഥിച്ചു ഒരു കോലൈസും വാങ്ങി അയാള്‍ തിരമാല ലക്ഷ്യമാക്കി മുന്നോട്ടു നടന്നു. വിചിത്രമായ വിശ്വാസങ്ങള്‍..! എന്താ ല്ലേ...!!!


https://www.facebook.com/isakkisam?ref_type=bookmark







Saturday, March 28, 2015

ഞാനും അസ്സന്‍മുസ്ലിയാരും പൂവന്‍കോഴിയും.

എം വി എച്ച് സ്കൂള്‍ വിട്ട് BSA 'SLR' സൈക്കളില്‍ ഞാന്‍ കുതിച്ചു..! എല്ലാവര്‍ക്കും മുന്നില്‍ ഞാന്‍ തന്നെ...! സൈക്കിളിന്‍റെ  ഹാന്‍ഡിലില്‍ സ്നേഹത്തോടെ തലോടി അഭിമാനം കൊണ്ടു..!

വീട്ടില്‍ വന്നു കയറിയ പാടെ ഉമ്മ തന്ന സഞ്ചിയില്‍ നിന്ന് തല പുറത്തേക്കിട്ടു കൊക്കുന്ന പൂവന്‍കോഴി... മോനെ ബാബു നീ ഇത് കൊണ്ടുപോയി തങ്ങമാരെ വീട്ടില്‍ ബീച്ചാക്കാനെ കൊണ്ട് അറുത്തു കൊണ്ട് വാ...!

മുപ്പത്തിയഞ്ചു വര്‍ഷം മുമ്പുള്ള ഒരു തമാശയാണ് കെട്ടോ..!  ഇപ്പോഴാണെങ്കില്‍ എല്ലാ അങ്ങാടിയിലും കോഴിക്കടകള്‍ കൂണ്‍മുളച്ചപോലെയാണല്ലോ...! 'ഇറച്ചികോഴി കണ്ടുപിടിക്കാത്ത കാലം..' ആകെ ഒരു കോഴിക്കട പരപ്പനങ്ങാടിയിലാണ് ഉള്ളത്...!  ഞാന്‍ സഞ്ചിയും കൊണ്ട് അടുത്ത വീട്ടിലേക്കോടി.. ബീച്ചാക്ക സ്ഥലത്തില്ലായിരുന്നു തിരിച്ചു വീട്ടിലേക്കു ചെന്നപ്പോള്‍ ഉമ്മ പറഞ്ഞു, 

"ഇനി നിന്ന് നേരം വൈകണ്ട ഇപ്പം പോയാല്‍ ചെട്ടിപ്പടി പള്ളിയില്‍ അസ്സന്‍ മുസ്ലിയാര് ഉണ്ടാകും അവിടെ പോയി കോഴീനെ അറുത്തു പെട്ടന്ന് വാ...."
ഞാന്‍ എന്‍റെ സൈക്കിളിന്‍റെ മുന്നില്‍ കോഴിയെ തൂക്കി പള്ളിയിലേക്ക് ആഞ്ഞു ചവിട്ടി..!

ബീച്ച് റോഡിലൂടെ പള്ളിയുടെ പിറകില്‍ ചെന്ന് ജനലില്‍ മുട്ടി... ഭാഗ്യത്തിന് അസ്സന്‍ മുസ്ലിയാര്‍ പള്ളിയില്‍ ഉണ്ടായിരുന്നു... എപ്പോഴും തമാശകള്‍ ഒക്കെ പറയുമായിരുന്ന ഒരു നല്ല മനുഷ്യന്‍ ആയിരുന്നു അദ്ദേഹം..' എന്നെ കണ്ട പാടെ  'ഹ അല്ല ഇതാര്.. നമ്മുടെ ഹൈദ്രോസ്സുക്കാന്‍റെ മോനല്ലേ എന്നു പറഞ്ഞു കാര്യം തിരക്കി..!
ഞാന്‍ പറഞ്ഞു  'ഉമ്മ ഒരു കോഴിയെ അറക്കാന്‍ പറഞ്ഞയച്ചതാണ്...'

'അതിനു ഇന്നു വെള്ളിയാഴ്ച അല്ലല്ലോ...' ഞാന്‍ വെള്ളിയാഴ്ച ഉച്ചക്കാണല്ലോ അവിടെ വരാറ് എന്ന് പറഞ്ഞു ചിരിച്ചു..'

ജ്ജ് അവിടെ നിലക്ക് ഞാന്‍ കത്തി എടുത്തിട്ടു വരാം  മുസ്ലിയാര് കത്തിയെടുത്തു വന്നിട്ട് പറഞ്ഞു..'

'ഹൗളില്‍ പോയി ഒരു പാട്ട വെള്ളം എടുത്തിട്ടു വാ..'

വെള്ളം എടുത്തു വന്നു..'
കോഴിയുടെ കൊക്ക് പിളര്‍ത്തി കുറച്ചു വെള്ളം ഒഴിച്ച് കൊടുത്തതിനു ശേഷം കത്തികൊണ്ട് കാലിലെ കെട്ടു അറുത്തു,  ഒരു കൈ കൊണ്ട് കോഴിയുടെ കാലും മറ്റേ കൈകൊണ്ടു കഴുത്തും പിടിച്ചു കൊടുത്തു.

 മുസ്ലിയാര് ബിസ്മി ചൊല്ലി കത്തി കഴുത്തില്‍ വെക്കാനോരുങ്ങിയപ്പോള്‍ ഞാന്‍ കണ്ണടച്ചു. കത്തി വെച്ചതും കോഴി ഒന്നു പിടഞ്ഞു ഞാന്‍ പേടിച്ചു പിടി വിട്ടു, കോഴി അതാ താഴെ വീണു എണീറ്റ് ഒരോട്ടം കഴുത്തിലൂടെ ചോര ഒലിക്കുന്നുണ്ടായിരുന്നു... ഞാന്‍ പിടി വിട്ടപ്പോള്‍ കോഴി തല കുടഞ്ഞത് കാരണം എന്‍റേയും മുസ്ലിയാരുടെയും മേലാകെ ചോര തുള്ളികള്‍ തെറിച്ചിരുന്നു...'

നല്ല ആരോഘ്യമുള്ള പൂവനായതുകൊണ്ട് പറന്നു അടുത്ത വീട്ടിലെ ഇബ്രായിങ്ങ്കാന്റെ  വേലി കടന്നു ഓടി.
ഞാന്‍ പള്ളിയുടെ മുന്നിലൂടെ വന്നു അപ്പുറത്തെ തൊടിയില്‍ കയറി... പിടിക്കാന്‍ ചെന്നതും കോഴി അവിടെ നിന്നും പാറി മോഹളര് കോയ തങ്ങളുടെ വീട്ടിലെ മുറ്റത്തു ഉള്ള പേരക്ക കൊമ്പില്‍ ഇരുപ്പുറപ്പിച്ചു...'
ചോര ഒലിച്ചു കൊണ്ടിരുന്നു...'

അവസാനം ഫാറൂക്കും മോഹമ്മത് കോയയും ഞാനും കൂടി കോഴിയെ പിടിച്ചു..' ചോര വാര്‍ന്നു തളര്‍ന്നിരുന്നു പാവം...'

കോഴിയെ പിടിക്കാനുള്ള വെപ്രാളത്തില്‍ സഞ്ചി ഒന്നും എടുത്തിട്ടില്ലായിരുന്നു ഞാന്‍..  ചോര  ഒലിക്കുന്ന കോഴിയേയും കൊണ്ട് റോഡിലൂടെ പള്ളിയിലേക്ക്...' കയ്യിലും ബനിയനും ഒക്കെ ചോരക്കളി...!

'അലിവിക്കാന്‍റെ പീടികയില്‍ നിന്നും പൊടിയുടെ ടൈലര്‍ ഷോപ്പില്‍ നിന്നും ആളുകള്‍ ചിരിക്കുന്നുണ്ടായിരുന്നു...'

ഒരു ചമ്മിയ ചിരിയോടു കൂടി വേഗം നടന്നു, അസ്സന്‍ മുസ്ലിയാര് 'ഹൗളിന്‍കരയില്‍ ബനിയനിലും തുണിയിലും തെറിച്ച ചോര തുള്ളികള്‍ കഴുകുന്ന തിരക്കിലായിരുന്നു..!

"ജ്ജ് കൊഴിനെ പിടിച്ചടാ.... "ഇജ്ജെങ്ങാനും ഞ്ഞ് കണ്ണ് ചിമ്പി പിടി വിട്ടാല്‍  അന്നെ ഞാന്‍ കാണിച്ചുതരാം"   എന്ന് പറഞ്ഞു വീണ്ടും വന്നു അറത്തു തന്നു...' മുസ്ലിയാര്‍ക്ക് ഉമ്മ തന്ന അഞ്ചുറുപ്പിക എടുത്തപ്പോള്‍ അതിലും ചോര ആയി...  മുസ്ലിയാര്‍ പോകറ്റില്‍ ഇട്ടപ്പോള്‍ വീണ്ടും ചോര ആയിക്കാണും..!   

'സഞ്ചിയില്‍ ഇട്ടു നേരെ വീട്ടിലേക്ക്..' ടീ  ഷര്‍ട്ടിലും തുണിയിലും ചോര കണ്ടു ഉമ്മ ഓടി വന്നു ചോദിച്ചു...'

'എന്തുപറ്റിയെടാ..?'

നടന്ന കാര്യങ്ങള്‍ ഒക്കെ കേട്ടപ്പോള്‍ ഉമ്മ പറയുകയാ...' പോത്ത് പോലെ വളര്‍ന്നല്ലോയ്യ്... എന്നിട്ടും ഒരു  കോഴീനെ ശരിക്കും പിടിച്ചു കൊടുക്കാന്‍ പറ്റിയില്ലല്ലോ അനക്ക്..'

'അന്നൊക്കെ കോഴിക്കറി വെച്ചാല്‍ വീട്ടിലെല്ലാവരും കഴിച്ചാലും പിറ്റേന്ന് രാവിലെ പുട്ടിലേക്കോ പത്തിരിയിലേക്കോ കറി ബാക്കിയുണ്ടാവും..' നല്ല രുചിയും ഉണ്ടാവും.. ആ നാടന്‍ കോഴിയുടെ രുജി ഇപ്പോഴത്തെ കോഴിയുടെ അയലത്തുപോലും വരില്ല..! പോത്തിറച്ചി ഇല്ലാത്ത വെള്ളിയാഴ്ചകള്‍ ആലോചിക്കാനേ പറ്റില്ല...  ഇനി പുതിയ നിയമങ്ങള്‍ വന്നു പോത്തിറച്ചി കിട്ടാത്ത കാലം വരുമോ റബ്ബേ...!

ചുമ്മാ ഒരോര്‍മ്മ കുറിപ്പ് എഴുതി എന്നുമാത്രം...  ഇന്നലെ  രാത്രിയില്‍ ഞാനെന്‍റെ കുട്ടിക്കാല ഓര്‍മകളിലൂടെ സ്വപ്നത്തില്‍ നടന്നു, ചെട്ടിപ്പടിയും പള്ളിയും ആസ്സാമുസ്ലിയാരും ഒക്കെ വന്നു...  ആ പഴയ കുസൃതിക്കാരന്‍ എന്‍റെ സ്വപ്നത്തില്‍ നിറഞ്ഞു നിന്നു.. തിരിച്ചുകിട്ടാത്ത  ഒരുപാട് കുട്ടിക്കാല വിശേഷങ്ങള്‍ എഴുതി നിര്‍വൃതിയടയാന്‍ ഗൂഗുളും, മുഖപുസ്തകവും മാടി വിളിക്കുന്നു... എന്‍റെ സുഹൃത്തുക്കളുടെ ക്ഷമയും സഹന ശക്തിയും  വാനോളം പുകഴ്ത്തിയാലും മതിവരില്ല...!    
അസ്സന്‍മുസ്ലിയാരും എന്‍റെ അയല്‍വാസി ബീച്ചാക്കയും {OMK THANGAL}    മണ്‍മറഞ്ഞിട്ട്  കാലങ്ങളായി... 
അല്ലാഹു അവര്‍ക്ക് മഹ്ഫിറത്തും മര്‍ഹ്മത്തും പ്രധാനം ചെയ്യുമാറാകട്ടെ ... "ആമീന്‍"
 
വെറുപ്പിക്കല്‍ തുടരും.. :) :) 































Thursday, February 19, 2015

ചെട്ടിപ്പടിയും ഞാനും ഞാവല്‍മരവും.


എല്ലാം മാറി, ഒന്നും അവശേഷിക്കുന്നില്ല.

ആ റോഡ്‌, മാഷുടെ വാടകവീട്, വേലിക്കെട്ടുകള്‍, ചുവന്ന കടലാസുപൂക്കളുള്ള ചെടികള്‍, പിന്നെ നിറയെ ഞാവല്‍ പഴങ്ങള്‍ പൊഴിക്കുന്ന ആ മരവും.

ചെട്ടിപ്പടിയിലെ എന്‍റെ തറവാട് വീട്ടില്‍ നിന്നും ബുള്ളറ്റില്‍ കോഴിക്കോട് പോകുകയായിരുന്ന എന്നെ നോക്കി പഴയ ആ ആലിന്‍ ചുവട്ടില്‍ നിന്നും ഇന്നിന്‍റെ പുതിയ FB സുഹൃത്ത് ഷമീര്‍ അലി ചിരിച്ചു കൈ കാട്ടി വിഷ് ചെയ്തു..! വണ്ടി നിര്‍ത്തി കുശലം പറയുന്നതിനിടയില്‍ ഒരു ടപ്, ടപ് ശബ്ദം കേട്ടുവോ... ?

ഓര്‍മ്മകള്‍ അതിവേഗത്തില്‍ മുപ്പത്തിയഞ്ചു വര്‍ഷം പിന്നിലോട്ടു പോയി..!

കുഞ്ഞു പ്ലാസ്റ്റിക് കവറുമായി ടപ്, ടപ് ശബ്ദം കേള്‍ക്കുന്ന ദിക്കിലേക്ക് ഞാവല്‍ പഴം പെറുക്കിയെടിക്കാന്‍ ആകാംക്ഷയോടെ ഓടിയെത്തുന്ന കുട്ടികളില്‍ ഒരുവനായി ഞാനും..! വീഴ്ച്ചയില്‍ പകുതിയും മണലില്‍ കുതിര്‍ന്നിരിക്കും.

ഇവിടെ എവിടെയൊക്കയോ മറന്നുവെച്ചുപോയ ചിരികളെ....

പൂഴി മണലില്‍ അടിപിടികൂടിയ കൂട്ടുകാരെ...

ആരും കാണാതെ പോയ നൊമ്പരങ്ങളെ....

നൂറെണ്ണുന്നത് വരെ പള്ളിക്കുളത്തില്‍ മുങ്ങിക്കിടന്നത്....

ആരേയും കാണിക്കാതിരുന്ന പേടികളെ...

ഒരു നിമിഷം മറന്നു... പഴയ ഋതുക്കളിലേക്ക്‌ ഒരു മടക്കയാത്ര നടത്തി.

ടിപ്പര്‍ ലോറിയുടെ ഹോണടി ശബ്ദം ഇന്നിന്‍റെ തിരക്കുകളിലേക്ക് തിരിച്ചു കൊണ്ടുവന്നു.
ഞാവല്‍മരം നിന്നിടത്ത്‌ വലിയൊരു ശൂന്യത....

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ ഉണ്ടായിരുന്നപ്പോള്‍, മൗനിയായി നിന്ന ഞാവല്‍മരത്തിന്റെ ചിത്രം മനസ്സിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ഒരു ശ്രമം നടത്തി.

വേനലില്‍ വാടുകയും മഴയില്‍ തിളിര്‍ക്കുകയും ചെയ്ത കുട്ടിക്കാലത്തെ മാറോടു ചേര്‍ത്തുപിടിച്ച് ഞാവല്‍മരം ഇവിടെയെവിടെയോ മറഞ്ഞുനില്പുണ്ടാവണം.

റോഡിന്‍റെ സൈഡിലൂടെ കുട്ടികള്‍ മദ്രസ്സ വിട്ടു വരുന്നു..!

ഇപ്പോള്‍ അവിടെ ഞാവല്‍ മരങ്ങളില്ല..!
കഴിഞ്ഞു ഞങ്ങളുടെ കാലം...
പുതിയ കുട്ടികള്‍ കാത്തുനില്‍ക്കുന്നു...
അതു തുടര്‍ന്നു കൊണ്ടേയിരിക്കും....

ധൃതിയില്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു മുന്നോട്ടു കുതിച്ചു....! എന്തൊക്കയോ മറന്നു പോയിരിക്കുന്നു, പറയാന്‍ കരുതിവെച്ചിരുന്ന പലതും. ഷമീറലിയോടു യാത്ര പറയാന്‍ പോലും മറന്നു....'

ഞാവല്‍പ്പഴങ്ങള്‍ വീണു കിടന്നിരുന്ന റോഡിലേക്ക് തിരിഞ്ഞു നോക്കിയില്ല ... പിറകില്‍ പുതുതായി ഉയര്‍ന്നു വരുന്ന കെട്ടിടത്തെ ഒരു ചുവന്ന വിഷാദം വന്നുമൂടി.



https://www.facebook.com/isakkisam?ref_type=bookmark













Wednesday, September 24, 2014

ചെറുട്ടി..!

ചെറുട്ടി..! എന്‍റെ കുട്ടിക്കാലം മുതല്‍ ഞാന്‍ കാണുന്ന സ്നേഹത്തിന്റെ മറ്റൊരു മുഖം..! എന്‍റെ ഗ്രാമത്തിലെ എല്ലാവരുടെയും പ്രിയപ്പെട്ട ചെറുട്ടി..! എല്ലാ ഓണക്കാലത്തും വാഴുക്കുലയുമായി വീട്ടിലെത്തുമായിരുന്നു..!! കഴിഞ്ഞ അവധിക്കാലത്ത് കണ്ടുമുട്ടിയപ്പോള്‍ മകള്‍ വിട്ടു പിരിഞ്ഞതുമൂലമുള്ള വിഷമം സംസാരത്തിലുടനീളം അനുഭവപെട്ടു...!! ഭാര്യ പേരകുട്ടികളുടെ അടുത്തും ഇവിടെയും മാറി മാറി നില്‍ക്കുകയാണെന്നും പറഞ്ഞു..!! നന്മയുടെ,സ്നേഹത്തിന്‍റെ വേരുകള്‍ എത്ര ആഴം വരെ ആണ്ടുപോകുമെന്നും എത്ര ദൂരത്തോളം പടര്‍ന്നു പോകുമെന്നും ഓര്‍ത്തുപോകാറുണ്ട്...!!!
------------------------------------------------------
എല്ലാവരും ഇളനീര്‍ കഴിച്ചിട്ട് പോയാല്‍ മതി...
ശുഭദിനം..!!


https://www.facebook.com/isakkisam
















Monday, July 21, 2014

"പ്രിയപ്പെട്ട ജമാല്‍"

ആനപ്പടി റെയില്‍വേ ഗേറ്റില്‍ വണ്ടി  നിര്‍ത്തുമ്പോള്‍ കണ്ണുകള്‍ യാന്ദ്രികമായി പോകുന്നത് ആ പഴയ  ബില്‍ഡിങ്ങിന്‍റെ മുകളിലെ മൂലയിലുള്ള ഇടുങ്ങിയ റൂമിനെ ലക്ഷ്യമാക്കി തന്നെ...!!

എന്‍റെ മനസ്സും ശരീരവും 25 വര്‍ഷം പിന്നിലോട്ടു പോയി...'


പ്രിയ ജമാല്‍ നമ്മുടെ പഴയ പാലസ് ക്ലബ്...!!

ഇന്നവിടെ വായനശാല എന്ന ബോര്‍ഡ് സ്ഥാനം പിടിച്ചിരിക്കുന്നു..!!

ഓര്‍മകളില്‍ എന്നും നീ എന്‍റെ മനസ്സില്‍ നിറഞ്ഞു നിന്നിരുന്നു...'


തിളങ്ങുന്ന കണ്ണുകളും, വശ്യമായ പുഞ്ചിരിയും മുഖ മുദ്രയായ നിനക്കു എല്ലാ പ്രശ്നങ്ങളും നിസ്സാരമായിരുന്നു....'

നമ്മുടെ നാടിന്‍റെ ഒരു കലാകാരനായിരുന്നല്ലോ നീ...'


വൈകുന്നേരങ്ങളിലുള്ള ഒത്തു ചേരലും കേരംസു കളിയും ബെറ്റും ഒക്കെ ആയി ആഘോഷമാക്കിയിരുന്ന സായാഹ്നങ്ങള്‍...!  

അന്നത്തെ ആ കൂട്ടായ്മയുടെ അമരക്കാരനും നീ തന്നെയായിരുന്നു...' 

നാമൊന്നിച്ചു  നെടുവ വായനശാലയിലേക്കു റെയില്‍ വഴിയുള്ള നടത്തവും, സൈക്കിള്‍ സവാരിയും  ഇന്നും എന്‍റെ മനസ്സില്‍ മായാതെ നില്‍ക്കുന്ന കുട്ടിക്കാല ഓര്‍മ്മകള്‍ തന്നെ....!

ഇലക്ഷനായാല്‍ പിന്നെ നിന്നിലുള്ള കലാകാരന്‍ സകുടഞ്ഞെഴുന്നേല്‍ക്കുകയായി...!! 

ചുമരെഴുത്തും, ബോര്‍ഡ് എഴുത്തും പാര്‍ട്ടി ഓഫീസ് എല്ലാം നമ്മുടെ പാലസ് ക്ലെബ്ബില്‍ തന്നെ..."

എത്രയോ രാതികള്‍ ചുമെരേഴുതാനും, റോഡില്‍  സ്ഥാനാര്‍ത്തികളുടെ പേരെഴുതാനും ചിഹ്നം വരക്കാനും ഒക്കെയായി നാം ഒരുമിച്ചു ചിലവഴിച്ചിരിക്കുന്നു..."

ഒരു പഞ്ചായത്ത് ഇലക്ഷനുചിഹ്നമായ കൈക്കോട്ടു കയ്യിലേന്തി ചെട്ടിപ്പടിയിലൂടെ ഓടി നാട്ടുകാരുടെ ശ്രദ്ദ നേടിയതിന്‍റെ സൂത്രധാരനും നീയായിരുന്നല്ലോ..!


നീ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ടു വര്‍ഷങ്ങളായി..'

ഇപ്പോള്‍ നിനക്കവിടെ സുഖം തന്നെയാണോ..."

മുകളില്‍ ഇരുന്നു നീ നമ്മുടെ നാടിനെയും നാട്ടുകാരെയും നിന്‍റെ സുഹൃത്തുക്കളെയും കാണുന്നില്ലേ..."

നിന്‍റെ അടുത്തേക്ക്‌ വരാന്‍ ഉള്ള തയ്യാറെടുപ്പിലാണ് ഞാനും...'

ഈ ദുനിയാവില്‍ നിന്നു ഒന്നും കൊണ്ടുപോകാനില്ല...!  പ്രിയപെട്ടതൊക്കെ ഇവിടെ ഉപേക്ഷിച്ചു ഞാന്‍ ചെയ്ത പുണ്യ പ്രവര്‍ത്തികള്‍ മാത്രം എന്‍റെ കൂടെ സാക്ഷി പറയാന്‍ ഉണ്ടാകും...'

"ആലോചിക്കും തോറും എന്തൊരു വിചിത്രമാണ്  ഈ ലോകത്തെ ജീവിതം.."

'ഈ ദുനിയാവ് കെട്ടിപ്പിടിച്ചു കൊണ്ടുള്ള അഹങ്കാരത്തിന്റെ നടത്തം...'

മനുഷ്യന്‍ ഒന്നും ചിന്തിക്കുന്നില്ല, അവന്‍ ചെയ്തു കൂട്ടുന്ന പാപങ്ങള്‍ അവന്‍ തിരിച്ചറിയുന്നില്ല...!!

ഒരു നൂറു വര്‍ഷം മുന്‍പു ജീവിച്ചിരുന്ന ഒരാള്‍ പോലും ഇപ്പോള്‍ ഈ ഭൂമിയില്‍ ജീവിക്കുന്നില്ല ...!

കൊന്നും ചതിച്ചും കുതികാല്‍ വെട്ടിയും  നേടിയതൊന്നും ആരും കൊണ്ടു പോയില്ല..."

'എത്ര വിചിത്രമാണ് ഈ ലോകം ...'

ലോകത്ത് ഏറ്റവും പ്രകാശമുള്ള ടോര്‍ച്ചു കക്ഷത്ത്‌ വെച്ചു ഇരുട്ടത്ത് തപ്പിത്തടഞ്ഞു നടക്കുന്ന ഒരുകൂട്ടം ജനങ്ങള്‍...'

ലോകത്തുള്ള എല്ലാ വിവരങ്ങളും....' അതു നടന്നു കഴിഞ്ഞതായാലും ഇനി നടക്കാന്‍ പോകുന്ന കാര്യമായാലും എല്ലാം  വളെരെ വെക്തമായി രേഖപ്പെടുത്തിയിരിക്കുന്ന പ്രകാശമുള്ള ടോര്‍ച്ച്....' "ഖുര്‍ആന്‍" 

അതു ഒന്നു എടുത്തു വായിക്കുവാനും അതിന്‍റെ പൊരുള്‍ മനസ്സിലാക്കുവാനും അതനസുരിച്ചു ജീവിക്കുവാനും നാം മുതിരുന്നില്ല...!!

'എല്ലാം യാന്ത്രികം...'

രാത്രി കിടുന്നുറങ്ങിയതാണല്ലോ നീ....' അന്ത്യയാമങ്ങളില്‍ അല്ലാഹുവിന്‍റെ വിളി കേട്ടു നീയങ്ങു പോയി...'

നാളെ ഞാനും അവിടേക്ക് തന്നെ...'

'പരമ കാരുണ്യവാനും കരുണാനിധിയുമായ നാഥാ നീ ഞങ്ങളുടെ തെറ്റു കുറ്റങ്ങള്‍ പൊറുത്തു തരേണമേ...'

എന്‍റെ പ്രിയ സുഹൃത്തിന് പരലോക വിജയത്തിനായി പ്രാർത്ഥിക്കുന്നതിനോടൊപ്പം   പ്രിയ സുഹൃത്തുക്കളുടെ  പ്രാർത്ഥനയും തേടുന്നു....'  

"അല്ലാഹു മഹ്ഫിറത്തും മര്‍ഹ്മത്തും പ്രധാനം ചെയ്യുമാറാകട്ടെ ..." "ആമീന്‍" 

 ഈ പരിശുദ്ധ റമദാനില്‍ ഞങ്ങള്‍ നോല്‍ക്കുന്ന നോമ്പു നീ സ്വീകരിക്കേണമേ.....'

അവസാനത്തെ പത്തു നോമ്പുകള്‍ പാപ    മോചനത്തിന്‍റേതു    തന്നെ....'  നീ പാപ  മോചിതരാക്കുന്നവരുടെ കൂട്ടത്തില്‍ ഞങ്ങളെ  ഉള്‍പെടുത്തേണമേ   നാഥാ........' 

https://www.facebook.com/isakkisam?ref_type=bookmark

http://ishaquep.blogspot.in/




Saturday, May 31, 2014

"കളിയാട്ടം"



ഇത് മലപ്പുറം ജില്ലയിലെ മഹാ ഉത്സവം തന്നെ.... തൃശൂര്‍ പൂരത്തിനെ പോലും വെല്ലുന്ന ജനക്കൂട്ടം... രാവിലെ തുടങ്ങിയ കുത്തൊഴുക്ക് പാതിരാത്രി വരെ നീളുന്നു, റോഡുകളൊക്കെ ബ്ലോക്കാണ്...!  ചെമ്മാട് മുതല്‍ റോഡിന്‍റെ ഇരു വശവും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നു...!  ഈ ഉത്സവം തുടങ്ങിയ കാലം മുതല്‍ ഈ സ്ഥലം കളിയാട്ട മുക്ക് എന്ന ഓമന പേരില്‍ അറിയപ്പെടുന്നു.


ഇത് മലപ്പുറത്തിന്റെ ഒരു വിത്തു ഉത്സവം തന്നെ ...! ഇവിടെ രണ്ടു ദിവസം മുന്‍പു തന്നെ താല്‍ക്കാലിക സ്റ്റാളുകള്‍ കൂണ്‍ പോലെ മുളച്ചു വരും....!
ഇവിടെ കിട്ടാത്ത വിത്തുകളോ  ചെടികളോ, ഫലവൃക്ഷ തൈകളോ വിരളം...! ചേന , ചേമ്പ് , കാവുത്ത് , വെള്ളരി , പടവലം , കൈപ്പ , വൈതന തുടങ്ങി എല്ലാ പച്ചക്കറികളുടെയും മേല്‍ത്തരം വിത്തുകള്‍ ഇവിടെ ലഭിക്കും...! പഴമക്കാര്‍ക്ക് ഒരു പറച്ചിലുണ്ട് , കളിയാട്ടമാവട്ടെ എന്നിട്ട് വേണം കൃഷി ഒന്നു ഉഷാര്‍ ആക്കാന്‍ ,  ഉത്സവത്തിന് വന്നു പോകുന്ന എല്ലാവരുടെ കൈയ്യിലും തൈകളും വിത്തുകളും കാണാം. 



പാടത്തും പറമ്പിലും പണിയെടുക്കുന്ന സാദാരക്കാരുടെ , പാവങ്ങളുടെ ഉത്സവം തന്നെ ഇത്. തെങ്ങിന്‍ കുരുത്തോലകള്‍ കൊണ്ടു പൊയ്കുതിരകള്‍ കെട്ടിയുണ്ടാക്കി പാട്ടും ഡാന്‍സുമായി വീട് വീടാന്തരം കയറി ഇറങ്ങി കളിയാട്ടത്തിന്റെ വരവറിയിക്കും, മുന്‍പൊക്കെ എന്‍റെ കുട്ടിക്കാലത്ത് ഒരു പത്തു ദിവസം മുന്‍പെങ്കിലും തുടങ്ങുമായിരുന്നു ഈ കുതിര കളികള്‍, ഇപ്പോള്‍ അതു ഒന്നോ രണ്ടോ ദിവസത്തില്‍ ഒതുങ്ങി...!



കുരുത്തോലകള്‍ കൊണ്ടുണ്ടാക്കിയ കുതിരകള്‍ ചുമലിലേറ്റി ആയിരുന്നു മുന്‍പു കാല്‍നടയായി വന്നിരുന്നത്...!  ഇപ്പോള്‍ ഗുഡ്സ് ഓട്ടോ യിലായി കുതിരകളുടെ സ്ഥാനം. കളിയാട്ട ഉത്സവത്തിനെ തലേന്ന് വകുന്നേരം ഒരു വമ്പന്‍ കുതിരയുടെ വരവുണ്ടാകും, മൂന്നാള്‍ പൊക്കത്തില്‍ കെട്ടിയുണ്ടാക്കിയ ഈ കുതിരക്ക്  മൂക്കു കയറും കാണാം... നാലാള്‍ വേണം ഈ കുതിരയെ പൊക്കാന്‍ , രണ്ടു സൈഡില്‍ നിന്നും ഈ കയറിലാണ് കുതിരയെ നിയന്ദ്രിക്കുന്നത്, ഇത് കാണാന്‍ അങ്ങാടിയില്‍ എല്ലാവരും ഒത്തുകൂടും ... ആ ജനത്തിരക്കില്‍ വലിയ ആളുകളുടെ കാലുകള്‍ ക്കിടയിലൂടെ നുഴഞ്ഞു കയറി മുന്നില്‍ സ്ഥാന മുറപ്പിക്കുമായിരുന്നു കുട്ടിക്കാലത്ത്....! 

കളിയാട്ട ഉത്സവം അവസാനിക്കുന്ന ദിവസം പാട്ടും ഡാന്‍സുമായി അടുത്തുള്ള എല്ലാ ചെറു ഗ്രാമങ്ങളില്‍ നിന്നും ഈ പൊയ് കുതിരകളുമായി ദേവീ ക്ഷേത്രത്തില്‍ രാവിലെ ഒത്തുകൂടും ...! പിന്നെ ചെണ്ട മേളങ്ങളുടെ അകമ്പടിയോടെ തിമിര്‍ത്താടി ഈ കുതിരകളെല്ലാം തച്ചുടക്കും...! അന്നു മഴ തിമിര്‍ത്തു പെയ്യുമെന്നും ദേവി ആഹ്ലാതത്തോടെ ചെളിയില്‍ കുളിച്ചു ഡാന്‍സ് ചെയ്യുമെന്നാണ് ഐതിഹ്യം...!   



മുന്‍പ് ഉള്ളതിലും കൂടുതല്‍ ഒരു പുരോഗതി കണ്ട കാര്യം പറയാതെ വയ്യ... മുന്‍പൊക്കെ മുതിര്‍ന്നവര്‍ പാത്തും പതുങ്ങിയുമാണ് കള്ളുകുടിച്ചിരുന്നത് , ഇപ്പോള്‍ അതു കുട്ടികളിലേക്ക് വരെ പടര്‍ന്നിരിക്കുന്നു... റോഡ്‌ സൈഡില്‍ ബൈക്കിലും, നിറുത്തിയിട്ട ഓട്ടോയിലും ഒക്കെ ഇരുന്നു പബ്ലിക്കായി കള്ളുകുടിക്കുന്നവരെ കാണാം... കളിയാട്ടത്തിന് കള്ളുകുടിച്ചില്ലെങ്കില്‍ എന്തോ ഒരു കുറച്ചില്‍ പോലെയാണ് ഇപ്പോഴത്തെ ചെറുപ്പക്കാരുടെ മനോഭാവം... ജോലി ചെയ്തു ഉണ്ടാക്കുന്ന കാശില്‍ പകുതിയിലേറെയും ബീവറേജസ് തട്ടിയെടുക്കുന്നു...!  ഈ പ്രവണത മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ....! മദ്യം പൂര്‍ണമായും നിറുത്തലാക്കുന്ന ഒരു സംസ്ഥാനമായി കേരളം മാറണം, മാറ്റങ്ങള്‍ അനിവാര്യമാണ് ... ! നമ്മുടെ സര്‍ക്കാര്‍ എത്രത്തോളം ഈ കാര്യം ഗൌനിക്കുമെന്നു നോക്കാം ..! 

വീട്ടില്‍ നിന്ന് റേഷനരി വാങ്ങാന്‍ പോകാന്‍ പറഞ്ഞാല്‍ വരി നില്‍ക്കാന്‍ മടികാണിക്കുന്ന പുതിയ തലമുറ , വളെരെ അച്ചടക്കത്തോടെ ബീവറേജസിനു മുന്നില്‍ വരി നില്‍ക്കുന്നത് ഒരു കൌതുക കാഴ്ച്ച തന്നെ...!  ഭഹളങ്ങളില്ലാതെ അടിപിടിയുണ്ടാക്കാതെ തലയും താഴ്ത്തി ഭൂമിയിലെ മണ്‍ തരികള്‍ എണ്ണി നില്‍ക്കുന്ന യുവത്വം...! നമ്മുടെ മലയാളികള്‍ക്ക് പൊതുവേ ക്ഷമ കുറവാണെന്ന് പറയുന്നതില്‍ കാര്യമില്ല...!

ജനനത്തിനും , മരണത്തിനും , കല്യാണത്തിനും , വീട് താമസത്തിനും , വണ്ടി വാങ്ങിയാലും , വണ്ടി വിറ്റാലും എന്നു വേണ്ട ഏതു ചെറിയ കാര്യത്തിനും മദ്യം വേണം എന്ന രീതി മാറി നമ്മുടെ രാജ്യത്തിന്‍റെ ഉയര്‍ച്ചക്കും പുരോഗതിക്കും ഉതകുന്ന ഒരു പുതിയ തലമുറ ഉയര്‍ന്നു വരട്ടെ......! 









Thursday, March 13, 2014

ഇസാബ് ട്രേഡേര്‍സ്, "ചെട്ടിപ്പടി"

എന്‍റെ നാട്.... "ചെട്ടിപ്പടി"

അങ്ങാടിയില്‍ നാലും കൂടിയ കവലയില്‍ നിന്നും പടിഞ്ഞാറോട്ട് ഉള്ള റോഡില്‍ മുന്നോട്ടു പോയാല്‍ അറബിക്കടലും, കിഴക്കോട്ടു പോയാല്‍ റയില്‍വേ ഗേറ്റും , തെക്കോട്ട്‌ പരപ്പനങ്ങാടി റോഡും, വടക്കോട്ടുള്ള റോഡില്‍ അങ്ങാടി അവസാനിക്കുന്നിടത്ത് വലതു ഭാഗത്തായി ഖൈറു മന്‍സില്‍ എന്ന എന്‍റെ തറവാട് വീട് കാണാം.

മുറ്റത്തു ഇടതു വശത്തും , വലതു വശത്തുമായി കാവല്‍ക്കാരെ പോലെ രണ്ടു മാവുകള്‍, ആദ്യം തന്നെ ഗേറ്റ് തുറന്നു മാവിന്‍ ചുവട്ടില്‍ ഒന്ന് തിരഞ്ഞു , പഴുത്ത മാങ്ങയോന്നും വീണു കിടക്കുന്നില്ല .

കണ്ണി മാങ്ങ ആകുംബോഴേ  കുട്ടികള്‍ ഏറു തുടങ്ങുന്നതാണ് , ഭാഗ്യമുള്ള മാങ്ങയുണ്ടെങ്കില്‍ നിന്നു പഴുക്കും.

മോനെ.... ,

ഉമ്മാന്‍റെ നീട്ടിയുള്ള വിളി കേട്ടാണ് തിരിഞ്ഞു നോക്കിയത്,

നീ കോളേജു വിട്ടു വരുന്ന വഴിയല്ലേ .. ?

 ആ മാവിന്‍ ചുവട്ടില്‍ നിന്നു തിരിയാതെ വന്നു മേല്‍ കഴുകി ചായ കുടിക്കാന്‍ വാ.

ഇന്നു നിന്‍റെ ഇഷ്ട വിഭവമായ കാലോരപ്പം ഉണ്ടാക്കിയിട്ടുണ്ട് ,

കാലോരപ്പം എന്ന് കേട്ടപ്പോഴേ വായില്‍ വെള്ളമൂറി,

പിന്നെ ഒരു ബൌണ്‍ട്രി സേവ് ചെയ്യാനുള്ള ആവേശത്തോടെ ഓടി നേരെ കിച്ചനിലേക്ക്,

 നാലഞ്ചെണ്ണം ഒറ്റയടിക്ക് അകത്താക്കി,

 ഉമ്മാന്റെടുത്തു നിന്നു ചട്ടകം കൊണ്ട് ഒരടിയും കിട്ടി കൈ കഴുകാത്തതിനു. എന്നും എനിക്ക് പ്രിയപ്പെട്ട പലഹാരം.

എന്‍റെ പഠിത്തവും കോളേജും ഒക്കെ ഉമ്മാന്റെ നാടായ തിരൂരങ്ങാടിയില്‍ തന്നെയാണ്, ആഴ്ച്ചയില്‍ ഒന്നോ രണ്ടോ പ്രാവിശ്യമാണ് ചെട്ടിപ്പടിയില്‍ വന്നു പോകുന്നത് .

ആയിടക്കാണ് തറവാടിന്റെ മുറ്റത്തു തന്നെയുള്ള കടയില്‍ ഞാനും ഉപ്പാന്റെ സുഹൃത്തിന്‍റെ അനിയനും കൂടി "ഇസാബ്ട്രേഡേര്‍സ്" എന്ന പേരില്‍ ഒരു കട തുടങ്ങുന്നത്,

എന്നെ ചെട്ടിപ്പടിയില്‍ ഉമ്മാന്റെടുത്തു തന്നെ തളച്ചിടാനുള്ള ഉപ്പാന്‍റെ എളിയ ശ്രമം. എന്‍റെ ബിസിനെസ് ജീവിതത്തിന്‍റെ തുടക്കം എന്നും പറയാം, കോളേജു ഇല്ലാത്ത ദിവസങ്ങളില്‍ ആദ്യമൊക്കെ ഞാനും കടയില്‍ ഇരുന്നിരുന്നു... സിമെന്റ് ആയിരുന്നു കാര്യമായി കച്ചവടം..


രാവിലെ തന്നെ ലോഡ് വരും,യൂനിയന്‍കാര്‍  ഓടി വന്നിറക്കും , അന്നു സംഭവിച്ച ഒരു തമാശ ഇവിടെ പങ്കുവെക്കാം,

എണ്‍പതുകളില്‍ ഗള്‍ഫില്‍ നിന്നു കൊണ്ട് വന്നിരുന്ന മുന്നില്‍ സിബ്ബ് ഉള്ള ചെറിയ പോകറ്റ് ഒക്കെയുള്ള ഒരു ട്രൌസര്‍ പ്രജാരത്തിലുണ്ടായിരുന്നു.

യൂനിയന്‍കാരില്‍ ഒരാള്‍ക്ക്‌ അന്ന് നാട്ടില്‍ വന്ന ഒരു പ്രമാണി ഗള്‍ഫുകാരന്‍ ഒരു ട്രൌസര്‍ കൊടുത്തിരുന്നു.... !!

ആദ്യത്തെ ലോഡ് ഇറക്കുമ്പോള്‍ തന്നെ അവന്‍ മുണ്ട് മുകളിലേക്ക് കയറ്റി ഗമയില്‍ ഈ ട്രൌസര്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടായിരുന്നു.

ആരും ഒന്ന് നോക്കും , നല്ല റെഡ് കളര്‍ കള്ളി ട്രൌസര്‍...!

സമയം രാവിലെ എട്ടുമണി ....!

ആദ്യത്തെ ലോഡ് ഇറക്കിയതിനു ശേഷം അയ്യപ്പാസില്‍ പോയി നാസ്ത ആക്കി യാണ് പിന്നെ വരുന്ന ലോഡ് ഇറക്കാറുള്ളത്.

നാസ്ത ആക്കിയപ്പോള്‍ നമ്മുടെ ഈ പുള്ളിക്ക് ഒന്നു കക്കൂസില്‍ പോകാന്‍ മുട്ടി.

കക്കൂസില്‍ പോയി വന്നപ്പോള്‍ പാവം ഈ ട്രൌസര്‍ ഇടാന്‍ മറന്നു,

സാദാരണ ട്രൌസര്‍ ഇടാത്ത ആളുമായിരുന്നു.

രണ്ടാമത്തെ ലോഡ് വന്നു സമയം ഒന്‍പതു മണി.

മാധവാനന്ത വിലാസം സ്കൂളിലേക്ക് പോകുന്ന കുട്ടികളുടെ തിരക്കാണ് റോഡില്‍ , ടീച്ചര്‍മാരും ഉണ്ട് അക്കൂട്ടത്തില്‍.

നമ്മുടെ കക്ഷി സിമെന്റു തലയില്‍ കയറ്റി നടക്കുന്നതിനിടയില്‍ ഇടയ്ക്കിടയ്ക്ക് മുണ്ട് മാടികേറ്റുന്നുമുണ്ട്,

കുട്ടികളും ടീച്ചര്‍മാരും "അയ്യേ" എന്ന് മൂക്കത്ത് കയ്യും  വെച്ച് റോഡ്‌ സൈഡ് മാറി നടക്കുന്നുണ്ട് താനും.

ഇത് കണ്ടു കണ്ടു കൊണ്ട് വന്ന പരിജയക്കാരനായ ഒരു സഹോദരന്‍ നമ്മുടെ പുള്ളിയെ വിളിച്ചു ചോദിച്ചു.

തനിക്കെന്താ തലയ്ക്കു വെളിവില്ലാതായോ ... ??

ഇയാളെന്താ ഈ കാട്ടി കൂട്ടുന്നേ.... ?

ഇതൊന്നും അറിയാതെ നമ്മുടെ പുള്ളി പറയുവാ,

ഇതു "മൈഡ് ഇന്‍ ജപ്പാനാ"

ലോക്കല്‍ 'കുന്നംകുളം' സാധനമോന്നുമല്ല കെട്ടാ,

കുഞാലിയാക്ക ഗള്‍ഫിന്നു കൊണ്ട് വന്ന പുതിയ കിടിലന്‍ സാധനമാ ...!!

അള്ളാ 'എന്‍റെ റബ്ബേ' ഗള്‍ഫിന്നു ഇപ്പൊ ഇതും റെടി മേഡ് ആയി കിട്ടുന്നുണ്ടോ..!!

എടൊ നീ പോയി ഒന്ന് ട്രൌസറിട്ടു വാ...!

ആ ജപ്പാന്‍റെ സാദനം അന്‍റെ കെട്ട്യോളെ കാണിച്ചാല്‍ പോരെ , നാട്ടുകാരെ മുഴുവന്‍ കാണിക്കണോ ?

അപ്പോഴാണ്‌ പുള്ളി കൈ കൊണ്ട് ഒന്ന് തടവി നോക്കിയത്... കാര്യം മനസ്സിലായ പുള്ളി ഒരോട്ടമായിരുന്നു അടുത്ത തൊടിയിലേക്ക്‌,

അപ്പോള്‍ അതാ പുള്ളിയുടെ ട്രൌസര്‍ ആ ഓലമടലില്‍ വിശ്രമിക്കുന്നു,

 "ഫാഗ്യം" ...

ആരും കൊണ്ടുപോയില്ലല്ലോ....!  അന്നൊക്കെ കാര്യം സാതിച്ചിരുന്നത് തൊടിയിലുണ്ടാകുന്ന കിടങ്ങിലായിരുന്നു,

കുട്ടിക്കാലത്ത് അടുത്ത തൊടിയിലെ കിടങ്ങില്‍ നിന്ന് പുക ഉയരുമ്പോള്‍ വല്ലിമ്മ പറയും അങ്ങോട്ട്‌ പോകണ്ടാ അവിടെ പ്രേതങ്ങളുണ്ട് അതാ ഇടയ്ക്കിടയ്ക്ക് പുക ഉയരുന്നുത് എന്നൊക്കെ,

കുറച്ച് വലുതായപ്പോളല്ലേ കാര്യം പിടി കിട്ടിയത് , ഈ പുക കിടങ്ങില്‍ നിന്നു ബീഡി വലിച്ചു വിടുന്ന പുകയാണെന്ന്.... :)  

ഇനിയുമുണ്ട് ചെട്ടിപ്പടി വിശേഷങ്ങള്‍.... പിന്നെ വരാം, ഈ പുളുവടി നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും , നല്ലതു പറഞ്ഞില്ലെങ്കിലും ഒരു കിടിലന്‍ തെറിയെങ്കിലും പ്രദീക്ഷിക്കട്ടെ  ..  :)



Wednesday, February 05, 2014

തട്ടാങ്കണ്ടിയിലെ ഉത്സവം.

"ചെട്ടിപ്പടി" എന്‍റെ ഈ ചെറിയ ഗ്രാമം ഉത്സവ ലഹരിയിലാണ്. കുട്ടിക്കാലത്ത് തട്ടാങ്കണ്ടിയിലെ  ഉത്സവം എന്നും  ഞങ്ങള്‍ക്കു ആഘോഷമായിരുന്നു.  എന്‍റെ വീടിന്‍റെ രണ്ടു പറമ്പ് പിന്നിലായിട്ടായിരുന്നു ഈ ക്ഷേത്രം .... കുട്ടിയായ കാലം മുതല്‍ക്കു  ഗള്‍ഫിലേക്ക് ചേക്കേറുന്നത് വരേ  ഒരറ്റ ഉത്സവവും മുടങ്ങാതെ ആഘോഷിച്ചിരുന്നു. 

റയില്‍വേ പാളത്തിനടുത്തു സ്ഥിതിചെയ്യുന്ന ചെറിയ വീതി കുറഞ്ഞ നാലു കഷ്ണം പാടവും അതിനു പടിഞ്ഞാറ് ചേര്‍ന്നു ഒരു തറയും വീടും ഒരു ക്ഷേത്രവും ... ഈ കുടുംബ ക്ഷേത്രത്തിലെ ചെറിയ ഒരുത്സവം അന്നു ചെട്ടിപ്പടിയുടെ ആഘോഷ മേളങ്ങളില്‍ ഒന്ന്.




തിരക്കേറിയ ജിദ്ദയുടെ നഗര വീഥികളില്‍ നിന്നും മനസ്സ് കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ ഉത്സവ പറമ്പിലൂടെ  ഓടിക്കൊണ്ടിരുന്നു...  തലേന്നു തന്നെ എന്‍റെ കറക്കം ഉത്സവ പറമ്പിലായിരിക്കും... പാടത്തിന്റെ രണ്ടു ഓരവും നിറയെ ചെറു ടാര്‍പ്പായ കടകള്‍ ഉയര്‍ന്നിരിക്കും. ശര്‍ക്കര ജിലേബിക്കാരനും , കുപ്പി വള കച്ചവടക്കാരനും ചെറിയ ഹോട്ടലുകളും കളിപ്പാട്ടം വില്‍ക്കുന്ന കടകളും ധാരാളം കാണാം. അന്നത്തെ അബാസാടര്‍ , ഫിയറ്റ് , ജീപ്പ് , ലോറി , ട്രെയിന്‍ ഒക്കെ പ്ലാസ്റ്റിക് രൂപത്തില്‍ കടയില്‍ തൂങ്ങി കിടക്കുന്നുണ്ടാവും ... അഞ്ചു രൂപയ്ക്കു ഒന്നു സ്വന്തമാക്കാം. രാവിലെ മുതല്‍ കാക്കാത്തികള്‍  തത്തയുമായി വരിക്കിരിക്കുന്നുണ്ടാവും... ഒരു രൂപയുണ്ടെങ്കില്‍ ഭാവിയും ഭൂതവുമെല്ലാം അറിയാം.




ഉത്സവത്തിന്‍റെ പ്രധാന പരിപാടികളില്‍ ഒന്നു സന്ദ്യാനേരത്തു അമ്പലത്തില്‍ നിന്നും വരുന്ന താലപ്പൊലിയും അതിനോട് കൂടെ വാളോട്  കൂടി ഉറച്ചിലുകാരും നേരെ പാടത്തിനു നടുവിലൂടെ മുന്നോട്ട് വരും... ചെണ്ട മേളക്കാരുടെ മുട്ട് മുറുകുമ്പോള്‍ വെളിച്ചപ്പാട് വാളുമായി തന്‍റെ നെറ്റി മുറിക്കും ... ചോര പൊടിയുകയും അതില്‍ മഞ്ഞപ്പൊടി തേക്കാനും ഓരോ വെളിച്ചപ്പാടിനെ പിടിക്കാനും ഓരോ കാലാളും കൂടെയുണ്ടാവും...  തൂവെള്ള സാരിയുടുത്തു താലപ്പൊലി യേന്തുന്ന സുന്നരികളിലായിരിക്കും യുവാക്കളുടെ  ശ്രദ്ധാ കേന്ദ്രം. രാത്രി പത്തുമണിക്ക് ശേഷം ബാലയോ , ഗാനമേളയോ , മിമിക്രിയോ ഉണ്ടാവും.



റിയില്‍ പാളത്തിലിരുന്നു അമ്പലത്തിലേക്ക് ഉത്സവത്തിന് വരുന്ന തരുണീമണികളെ  "പഞ്ചാരയടിക്കുന്ന"  യുവാക്കള്‍ക്ക് ട്രെയിന്‍ വരുന്നത് ശ്രദ്ദിക്കാന്‍  അമ്പല കമ്മറ്റി വക മുന്നറിയിപ്പ് ഇടയ്ക്കിടയ്ക്ക് മൈക്കിലൂടെ പറഞ്ഞു കൊണ്ടിരിക്കും.

അസ്തമയത്തോട് കൂടി റയില്‍ പാളത്തിന്റെ കിഴക്ക് ഭാഗത്തുള്ള ഗാബ്ലിംഗ് സെന്‍റെര്‍ യുവാക്കളുടെ മറ്റൊരു ആകര്‍ഷണ കേന്ദ്രമായിരുന്നു. മുച്ചീട്ട് കളിക്കാരും , ആന മയില്‍ ഒട്ടകം , കോട്ടിയടി ,  കിലിക്കികുത്ത്  മുതല്‍ ചട്ടിക്കളി വരെയും ഉണ്ടാവും അവിടെ.

ഒന്നു വെച്ചാല്‍ അഞ്ചു .....
ആര്‍ക്കും വെക്കാം ...
ഇവിടെ വെക്കാം ...
വരൂ... കളിക്കൂ... നേടൂ... 

എന്നിങ്ങനെ കളിക്കാരന്റെയും ഉണ്ട ചട്ടിയില്‍ കിടന്നു മറിയുമ്പോള്‍ കളിക്കുന്നവരുടെയും ആക്രോശവും ആര്‍ത്തുവിളികളും ഉത്സവത്തിന്‍റെ ലഹരികള്‍ തന്നെ.

******
മദീനാ റോഡിലൂടെ എന്‍റെ പ്രാഡോ ഓടിക്കൊണ്ടിരുന്നു .....
മനസ്സ് തട്ടാങ്കണ്ടിയി ലെ ഉത്സവ പറമ്പിലൂടെയും ....  ഉത്സവങ്ങള്‍ എനിക്കു നഷ്ട്ടമായിട്ടു വര്‍ഷങ്ങളേറെയായി..  എനിയോരിക്കലും ആ പഴയ കുട്ടിയാകാന്‍ കഴിയില്ലാ എന്നോര്‍ത്തപ്പോള്‍ ചെറിയ ഒരു നൊമ്പരം.

പ്രവാസ ജീവിതം മതിയാക്കി ഒരു നാള്‍ ഞാന്‍ തിരിച്ചെത്തും , അന്നു ഞാന്‍ തട്ടാങ്കണ്ടിയിലെ ഉത്സവപറമ്പിലൂടെ  തെക്കോട്ടും വടക്കോട്ടും നടക്കും... ആ പഴയ കൌമാരക്കാരിയെ തിരയും...!!   കുപ്പി വള വാങ്ങുന്നിടത്തും കളിപ്പാട്ട ക്കടയിലും , ഒരുമിച്ചു  "കോലൈസ്" വാങ്ങി തിന്ന സ്ഥലത്തും , ഞാന്‍ നിന്നെ  നോക്കും ... !  ഞമ്മള്‍ ഒരുമിച്ചു വാങ്ങിയ വര്‍ണ  ബലൂണുകളും , വീപ്പിളിയും , ഓര്‍മയിലെന്നപോലെ  നമ്മേ നോക്കി കുശലം പറഞ്ഞു ചിരിച്ചുവോ.... ?

"വയസ്സിത്രയോക്കെ ആയാലും മനസ്സിപ്പോഴും ആ പൊടി മീശക്കാരന്‍ ചെക്കന്‍ തന്നെ"

വയസ്സിനോരിക്കലും മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയില്ലല്ലോ .

എന്‍റെ ഗ്രാമം. [ചെട്ടിപ്പടി]

Saturday, December 28, 2013

കുറിക്കല്ല്യാണം.



"ചെട്ടിപ്പടിയും അയ്യപ്പാസിലെ കുറിക്കല്ല്യാണവും"
==============================================
ഈ ചായപ്പീടിക [അയ്യപ്പാസ്] എന്‍റെ മുന്‍പിലേക്ക് വരുന്നത് കാഴ്ചകള്‍ അത്ഭുതങ്ങള്‍ ആയ ചെറുപ്പത്തിലെ രുചിഭേദങ്ങളായി നാട്ടില്‍ നടന്നിരുന്ന 'കുറിക്കല്ല്യാണം',  ഒരു നനുത്ത ഓര്‍മ്മയായിട്ടാണ്..

 ഈന്തോലന്‍ പട്ട കൊണ്ട് അലങ്കരിച്ച പീടിക.................

മുന്‍പില്‍ "ഇന്നത്തെ'കുറിക്കല്ല്യാണം',  ..കഴിക്കുന്ന ആളിന്‍റെ പേര്...ചോക്ക് കൊണ്ടെഴുതിതൂക്കിയ ബോര്‍ഡ്‌.......

മലബാറില്‍ എല്ലായിടത്തും പൊതുവായി  കാണപ്പെടുന്ന 'കുറിക്കല്ല്യാണം’ എന്ന ആചാരം ഇന്നേറെ അന്യം നിന്ന മട്ടാണ്..

ഇത് പഴയ കേരളത്തില്‍തന്നെ പല പേരുകളില്‍ അറിയപ്പെട്ടു. 'കുറിക്കല്ല്യാണം’ 'പണം പയറ്റ്'', ‘ടി പാര്‍ട്ടി', 'തേയില സല്‍കാരം', പിന്നെ തൃശ്ശൂര്‍ മുതല്‍ തെക്കോട്ട് 'ചിട്ടി' എന്നും അറിയപ്പെട്ടിരുന്ന ഈ സമ്പ്രദായം അന്നത്തെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്‍റെയും, അയല്‍പക്ക സാഹോദര്യത്തിന്‍റെയും ഗ്രാമീണ സാമ്പത്തിക ഇടപാടുകളുടെയും ഉത്തമ മാതൃകയായിരുന്നു എന്ന് പറഞ്ഞാല്‍ തള്ളിക്കളയാനാവില്ല.

മുന്‍പൊക്കെ 'കുറിക്കല്ല്യാണം’  വീടുകളില്‍ ആയിരുന്നു നടത്തിയിരുന്നത്...പിന്നീടത് വീട്ടില്‍ നിന്ന് ചായപ്പീടിക യിലെക്കും, അവിടെ നിന്ന് ഹോട്ടലിലെക്കും സഞ്ചരിച്ച് അവസാനം കമ്മ്യൂണിറ്റി ഹാളിലൂടെ ഇറങ്ങിപ്പോയി.......

ഒരാള്‍ അന്ന്  അഞ്ചു രൂപ കുറികല്ല്യാണത്തില്‍ വെക്കുകയാണെങ്കില്‍  ആ വര്‍ഷം തന്നെയോ, അടുത്ത വര്‍ഷമോ അല്ലെങ്കില്‍ അയാള്‍ കഴിക്കുന്നതെപ്പോഴോ അപ്പോള്‍, മറ്റെയാള്‍ക്ക് അത് ഇരട്ടിയാക്കി പത്തു രൂപയോ, അയാളുടെ കഴിവനുസരിച്ചോ, അല്ലെങ്കില്‍ അതിലധികമോ കുറികല്ല്യാണത്തില്‍  വെക്കുമായിരുന്നു....

കുറികല്ല്യാണത്തിനു  പണം വാങ്ങി പിന്നീട് മറ്റുള്ളവരുടെ കുറികല്ല്യാണത്തിനു തിരിച്ചു കൊടുക്കുന്നില്ലെങ്കില്‍ അയാളെ 'കരിങ്കുറ്റി'ക്കാരനായി കാണുമായിരുന്ന ഈ രീതി സമൂഹത്തില്‍ ഒരാളുടെ സ്വഭാവവും, കൂട്ടായ്മയും അളക്കുന്ന ഒന്നായി മാറി...

തന്‍റെ കയ്യില്‍ പൈസ ഇല്ലെങ്കില്‍ ആരോടെങ്കിലും വായ്പ വാങ്ങി പണം കൊടുക്കാന്‍  എല്ലാവരും ശ്രദ്ധിക്കുമായിരുന്നു..കൃത്യമായി കണക്കും രജിസ്റ്റര്‍ ബുക്കും വെച്ചിരുന്നു എല്ലാ വീട്ടിലും...നിങ്ങള്‍ക്ക് കൂടുതല്‍ പൈസ കൊടുക്കാന്‍ പറ്റുന്നില്ലെങ്കില്‍ അതെ സംഖ്യ തിരികെ കൊടുത്തു 'കുറ്റി മുറിക്കാം'. പിന്നീട് വേണമെങ്കില്‍ പുതുതായി 'കുറിക്കല്ല്യാണം’ നടത്തി വീണ്ടും 'കുറ്റി' പുതുക്കാം..!

കുറികല്ല്യാണത്തിനു ക്ഷണിക്കല്‍ തന്നെ ഒരു സ്നേഹ സന്ദര്‍ശനവും  ബന്ധം ശക്തിപ്പെടുത്തലുമായിരുന്നു. 'കുറിക്കല്ല്യാണം’കത്ത്' പ്രിന്റു ചെയ്ത് വീട് വീടാന്തരം കയറിയിറങ്ങി ക്ഷണിക്കുമായിരുന്നു. കുറികല്ല്യാണ കത്തില്‍ ഇന്നേ ദിവസം ഇന്നയാളുടെ പീടികയില്‍ ഇന്ന സമയത്ത് തുടങ്ങുന്ന കുറികല്ല്യാണത്തിനു മുതലായ വിവരങ്ങള്‍ അച്ചുക്കൂടത്തില്‍ അച്ചടിച്ച കത്തുമായി വീട്ടില്‍ പോയി ക്ഷണിക്കും. ഇത് വെറുമൊരു സാമ്പത്തിക ബന്ധം മാത്രമായിരുന്നില്ല... ഓരോ വീടും, നാടും, വ്യക്തികളും തമ്മില്‍ ജാതിയോ, മതമോ രക്തബന്ധമോ  നോക്കാതെ ഒത്തൊരുമയുടെ, സ്നേഹത്തിന്‍റെ ആഘോഷമായിരുന്നു.

'കുറിക്കല്ല്യാണം’ രാത്രി ഒന്‍പതര..പത്തു മണി വരെ നീളും... 'കുറിക്കല്ല്യാണം’ കഴിഞ്ഞു കണക്ക്കൂട്ടി, ബാക്കി സാമാനങ്ങളും, കാശുമായി രാത്രിയില്‍ പെട്രോമാക്സിന്‍റെ വെളിച്ചത്തില്‍ വീട്ടിലേക്കു പോവുന്നത് ഒരു കാഴ്ചയായിരുന്നു. പെട്രോമാക്സ് വെളിച്ചം തന്നെ കൌതുകമായിരുന്ന കാലത്ത് എല്ലാ കാഴ്ചകളും കണ്ണിലൂടെ ഓര്‍മയിലേക്ക് കത്തിച്ച വെളിച്ചമായിരുന്നു. ഇരുളില്‍ നിന്ന് വെളിച്ചവുമായി വീട്ടിലേക്കു പോകുന്ന അയാളുടെ മനസ്സില്‍ എന്തെല്ലാം സ്വപ്നങ്ങളും, കണക്കുകൂട്ടലും ഉണ്ടായിരുന്നിരിക്കാം.

കല്യാണത്തിന് മുന്‍പേ 'കുറിക്കല്ല്യാണം’ കഴിക്കുന്നത്‌ സര്‍വസാധാരണമായിരുന്നു. മോശമല്ലാത്ത ഒരു തുക അന്ന് കിട്ടും. ,വീട്ടില്‍ കൂടുന്നതിന്റെ മുന്പെയും'കുറിക്കല്ല്യാണം’ കഴിക്കുമായിരുന്നു.
അന്നത്തെ കാലത്ത് അടുത്തുള്ള കുറികല്ല്യാണത്തിനു ഉപ്പ മക്കളെ പറഞ്ഞയക്കുകയാണെങ്കില്‍ അവര്‍ക്ക്‌ വലിയ സന്തോഷമായിരിക്കും. വീട്ടില്‍ കിട്ടാത്ത സ്വാദുള്ള ചായയും, പലഹാരങ്ങളും ... ചിലപ്പോള്‍ ചെറിയ കുട്ടികള്‍ ആണെങ്കില്‍ അവരെയും കൂട്ടി കുറികല്ല്യാണത്തിനു ചായ കുടിക്കാന്‍ പോകുമായിരുന്നു. മര ബെഞ്ചില്‍ കിട്ടുന്ന ചായയും, പലഹാരങ്ങളും എങ്ങോട്ടും നോക്കാതെ തട്ടിവിട്ടിരുന്ന കുട്ടികള്‍ക്ക് വയറും മനസ്സും നിറയുമായിരുന്നു.

'പല ഹാര'ങ്ങളായിതന്നെയായിരുന്നു കുറികല്ല്യാണത്തിന്റെ രുചികള്‍. എന്താണ് കുറികല്ല്യാണത്തിന്റെ  "വിഭവങ്ങള്‍"  എന്നത് പലപ്പോഴും ഒരഭിമാനമായിരുന്നു. തന്‍റെ കഴിവ് പോലെ ആള്‍ക്കാര്‍ പലഹാരം തിരഞ്ഞെ ടുത്തിരുന്നു. അവിലും പഴവുമായിരുന്നു ആദ്യകാലങ്ങളില്‍ ചായക്കൊപ്പം. ചിലര്‍ കഴിവി നനുസരിച്ച് വിഭവങ്ങളില്‍ മാറ്റം വരുത്തും. വീട്ടില്‍ ചുട്ട നെയ്യപ്പം, കാരോലപ്പം ,  ഓര്‍ഡര്‍ ചെയ്തുണ്ടാക്കുന്ന പഴം പൊരി, പരിപ്പുവട, ചികന്‍ പപ്സ്‌, മട്ടണ്‍ പപ്സ്‌, ബനാന ചിപ്സ്, സമോസ, പൊട്ടറ്റോ ചിപ്സ്, പൊറാട്ട ഒക്കെ 'സ്പെഷ്യല്‍' ആയിരുന്നു. കേക്കും മിക്സ്ച്ചറും ആയിരുന്നു മറ്റൊരു സാധാരണ ഇനം.

'കുറിക്കല്ല്യാണം’ നടക്കുന്ന ചായപ്പീടിക ഈന്തോലന്‍ പട്ടയാല്‍ അലങ്കരിച്ചും ബോര്‍ഡ്‌ വെച്ചും ആയിരിക്കും ഉണ്ടാവുക. ഇതൊന്നും ശ്രദ്ധിക്കാതെ (ഒരു ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ്) കോഴിക്കോട്  നിന്ന് വന്ന രണ്ട് ചെറുപ്പക്കാര്‍ എന്തോ ആവശ്യത്തിന് ചെട്ടിപ്പടിയില്‍  വന്നപ്പോള്‍ അന്നവിടെ നടക്കുന്ന കുറികല്ല്യാണ പീടികയില്‍ കയറാനിടയാവുകയും ചായയും കടിയും കഴിച്ച ശേഷം എത്രയാണ് കാശെന്ന് ചോദിച്ചപ്പോള്‍ കണക്കെഴുതുന്ന ആള്‍ക്ക് ഇവര്‍ ഇവിടത്തുകാര്‍ അല്ലെന്നു മനസ്സിലായി കാശൊന്നും വാങ്ങാതെ അവരെ പറഞ്ഞയക്കുകയും ചെയ്തു. പിന്നീടാണ്‌ അവര്‍ക്ക് കാര്യത്തിന്‍റെ കിടപ്പ് പിടികിട്ടിയത്.

പിന്നീട് ഈ സമ്പ്രദായത്തിന്‍റെ ചുവട് പിടിച്ച് 'സഹായക്കുറി' എന്ന രീതി നിലവില്‍ വന്നു. സാമ്പത്തികമായി പുറകോട്ട് നില്‍ക്കുന്നവര്‍ തങ്ങള്‍ക്ക് എന്തെങ്കിലും ആപത്ത് നേരിട്ടാലോ, അസുഖം കാരണം പൈസയുടെ അവശ്യം വന്നാലോ, ഇനിയും അതല്ല തന്‍റെ മക്കളെ കല്യാണം  കഴിച്ചയക്കാനോ, ഗള്‍ഫില്‍ പോകാനോ മറ്റോ പൈസ ആവശ്യമായി വന്നാല്‍ പലരും 'സഹായക്കുറി' കഴിച്ചിരുന്നു. ഇതിനു നിങ്ങള്‍ക്ക് ആരെയും വിളിക്കാം. നിങ്ങള്‍'കുറിക്കല്ല്യാണം’  കഴിച്ചിരി ക്കണമെന്നു ഒരു നിര്‍ബന്ധവുമില്ല...
പിന്നീട് അത് ചുരുങ്ങി വീട്ടില്‍ കല്യാണത്തലേന്ന് വന്നു കവറില്‍ (ലക്കോട്ട്) പേരെഴുതി കൊടുക്കും. ഇത് തിരിച്ചു തന്‍റെ കല്യാണത്തിനോ, വീട്ടില്‍ക്കൂടലിനോ  (ഗൃഹപ്രവേശം)  പൈസ കൂട്ടി തിരിച്ചു   കൊടുക്കുമായിരുന്നു.

നാട്ടില്‍ ബ്ലേഡുകളുടെ ആവിര്‍ഭാവത്തോടെ, ബാങ്കുകള്‍ വായ്പകള്‍ കൊടുക്കാന്‍ തുടങ്ങിയതോടെ, മറ്റു സാമ്പത്തിക സ്രോതസ്സുകളുടെ വരവോടെ, മനുഷ്യര്‍ തമ്മില്‍ വെറുക്കാനും, അസൂയ പ്പെടാനും തുടങ്ങിയതോടെ കുറികല്ല്യാണമെല്ലാം ആയുധം വെച്ച് കീഴടങ്ങി..

അന്ന് വായ്പക്ക് (കടം) പൈസ ധാരാളമായി കിട്ടുന്ന കാലമായിരുന്നു. ആരും കൊടുക്കുകയും വാങ്ങുകയും ചെയ്ത നാളുകള്‍..ഇന്ന് ആരോടെങ്കിലും പൈസ വായ്പ ചോദിച്ചാല്‍ കയ്യിലില്ലെന്നും പറ്റുമെങ്കില്‍ ഞാന്‍ ഇന്നയാളുടെ കയ്യില്‍ നിന്ന് ഇത്ര ശതമാനം പലിശക്ക് ബ്ലേഡില്‍ വാങ്ങിത്തരാ മെന്നും പറഞ്ഞു തന്‍റെ തന്നെ പൈസ കൊടുക്കുന്ന കാലമാണിത്...

ചിലരുണ്ട് തന്നോട് വായ്പ ചോദിക്കാന്‍ സാധ്യതയുള്ളവരോട് വെറുതെ അങ്ങോട്ട്‌ കടം ചോദിക്കുകയും തനിക്ക് അല്പം സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നു ആ പാവത്തിനെ ധരിപ്പിച്ചു അയാളില്‍ നിന്നുള്ള വായ്പാചോദ്യത്തില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യും....
കാലം മാറി കഥ മാറി.....
കുറിക്കല്ല്യാണം നാട്ടില്‍ നിന്നും അപ്രത്യക്ഷമായി ........
നാട്ടുകാര്‍തമ്മില്‍ പരസ്പരം പരിജയമില്ലാത്ത ഒരവസ്ഥയിലേക്കു കാലം മാറി...... സ്നേഹബന്ധങ്ങളും , മതേതരത്വവും , സാഹോദര്യവും നിലനിര്‍ത്തിയിരുന്ന കുറിക്കല്ല്യാണം നമ്മില്‍ നിന്നും അന്യം നിന്നു.


 ഇസ്ഹാക്ക് പുഴക്കലകത്ത്.


ഹയ ഇസ്ഹാക്ക്.


Monday, November 28, 2011

എന്‍റെ ഗ്രാമം. [ചെട്ടിപ്പടി]

മകരമാസത്തിലെ മഞ്ഞു മൂടിയ ഒരു പ്രഭാതം. ഗ്രാമത്തിലെ നാലും കൂടിയ  കവലയില്‍ നിന്നും കേള്‍ക്കുന്ന പള്ളിയിലെ ബാങ്കുവിളിയും, തെരുഅമ്പലത്തിലെ ഭക്തിഗാനങ്ങളും അതിനോടപ്പം തന്നെ കാവിലെ കുറുക്കന്മാരുടെ ഓരിയിടലും ഒക്കെകൂടിയാണ്  എന്‍റെ ഗ്രാമത്തിലെ [ചെട്ടിപ്പടി] ഒരു പ്രഭാതത്തിന്‍റെ തുടക്കം.

സൂര്യ കിരണങ്ങള്‍ ഭൂമിയിലേക്ക് പതിക്കാന്‍ പിന്നേയും സമയം ബാക്കി.

പുലര്‍ച്ചേ രണ്ടു കോഴിമുട്ട പച്ചയായി കുടിച്ചു മാധവാനന്ത സ്കൂള്‍ വരെ ഓടി തിരിച്ചു  ഞങ്ങളുടെ കരാട്ടേ  ക്ലാസ്സില്‍ എത്തുമ്പോഴേക്കും സൂര്യകിരണങ്ങള്‍ ഭൂമിയെ ചുംബിച്ചിരിക്കും.

തെങ്ങിന്‍ തോപ്പിലൂടെ വേണം കരാട്ടേ ക്ലാസ്സിലേക്കുള്ള യാത്ര. തെങ്ങോലകളില്‍ നിന്നുറ്റിവീഴുന്ന മഞ്ഞുതുള്ളികള്‍ ദേഹത്ത്  പതിക്കുമ്പോഴുള്ള കുളിര് വളരേ ഉന്മേഷം നല്‍കിയിരുന്നു. 

കെ,ടി,എസ് ബസ്സിലാണ് എന്നും കോളേജിലെക്കുള്ള എന്‍റെ യാത്ര,
ആ ബസ്‌ ഗ്രാമവാസികളുടെ ജീവിതവമുമായി അങ്ങേയറ്റം ബന്ധപ്പെട്ടിരിക്കുന്നു.

ഈ ബസ്സിന്‍റെ നെഞ്ചിടിപ്പായിരുന്നു കോടപ്പാളി സ്റ്റോപ്പില്‍ നിന്നും കയറിയിരുന്ന പാല്‍ക്കാരി ജാനു. സൊസൈറ്റിയിലേക്ക് പാല്‍ ദിവസവും കൊണ്ടുപോകുമായിരുന്ന ജാനുവിനെ അങ്ങു ദൂരെ കാണുമ്പോള്‍ തന്നെ ബസ്സും യാത്രക്കാരും ഉഷാറാകുന്നത് കാണാം. ബസ്സിനു കൈ കാണിക്കാതെ തന്നെ വളെരെ അനുസരണയോടുകൂടി സാവധാനത്തില്‍  നിറുത്തുന്നത് കാണുമ്പോള്‍ തോന്നും മൊത്തം ബസ്സിന്‍റെ റിമോട്ട് ജാനുവിന്‍റെ  കയ്യിലാണെന്ന്.!!

കള്ളി മുണ്ടും ബ്ലൗസും മാറിനു കുറുകെ ഒരു തോര്‍ത്തുമായിരുന്നു എന്നും ജാനുവിന്റെ വേഷം. കുനിഞ്ഞു പാല്‍ പാത്രം എടുക്കുമ്പോഴും കമ്പി പിടിച്ചു ബസ്സില്‍ കയറുമ്പോഴും തെന്നിമാറുന്ന ഒറ്റ തോര്‍ത്തിലാണ് എല്ലാ കണ്ണുകളും. [പീഡനം കണ്ടു പിടിക്കാത്ത കാലം]

പരപ്പനങ്ങാടി റെയില്‍വേസ്റ്റേഷന്‍, മലപ്പുറം കലക്ട്രേറ്റിലേക്കും, തിരൂരങ്ങാടി ഗവെണ്‍മെന്‍റ് ആശുപത്രിയില്‍ പോകുന്നവര്‍കോളേജ്, സ്കൂള്‍, ദൂരെ ദേശങ്ങളില്‍ പണിക്കുപോകുന്ന സാധാരണക്കാര്‍ അങ്ങനെ പോകുന്നു ആ പട്ടിക. വേങ്ങര, മലപ്പുറം, മഞ്ചേരി വഴി വഴിക്കടവ് വരെ നീളുന്നു ബസ്സിന്‍റെ യാത്ര.

കവലയില്‍ തന്നെയാണ് കടിഞ്ഞിയുടെ ചായക്കട. എന്നും കാലത്ത് നാട്ടുകാര്‍ ചായ കുടിക്കാനെത്തുന്ന ഒരു സങ്കേതമാണ് അത്. പ്രായമായവര്‍, തെങ്ങ്ചെത്തുന്നവര്‍, യൂണിയന്‍തൊഴിലാളികള്‍, യാത്രക്കാര്‍ അങ്ങിനെ നീളുന്നു പട്ടിക... ഓരോ ദിവസത്തെയും നാട്ടു വാര്‍ത്തയുടെ തുടക്കംഇവിടെനിന്നുതന്നെ.

ചൂട്  ചായയ്ക്കൊപ്പം ചൂട് വാര്‍ത്തയും. നാട്ടിലെ പ്രായം ചെന്ന കോണ്ഗ്രസ്സുകാരനായ ബാലേട്ടനായിരുന്നു ഈ ചായപീടിക നടത്തിയിരുന്നത്. എല്ലാ പാര്‍ട്ടിക്കാരും ഉണ്ടാവും കടയില്‍.  മറ്റു പാര്‍ട്ടിക്കാര്‍ ആരു വന്നാലും വേണ്ട രീതിയില്‍ ഗൗനിക്കാത്ത ബാലേട്ടന്‍ കോണ്ഗ്രസ്സുകാരോട് പ്രേത്യേക മമതയാണ്‌. പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതവും. പേപ്പര്‍ വായനയും, രാഷ്ട്രീയം പറച്ചിലും, പരദൂഷണക്കാരും കൂട്ടത്തില്‍ ഉണ്ടാവും.

പുട്ടില്‍ കല്ല്‌ കിട്ടുമ്പോള്‍ "ബാലേട്ടാ പുട്ടില്‍ കല്ലാണല്ലോ" എന്ന് പറഞ്ഞു ചൊടിപ്പിക്കും ചിലര്‍. പറ്റുബുക്കില്‍ കനമനുസരിച്ചു തെറി കൂടും. “ഫ ചെറ്റേ പുട്ടില്‍ കല്ലല്ലാതെ മാണിക്കകല്ല്” കൊണ്ടിടണോ എന്ന ചോദ്യം സ്ഥിരമാണ്. ബാലേട്ടന്‍റെ  സ്വഭാവം എല്ലാവര്‍ക്കും അറിയാവുന്നത് കൊണ്ട് കോണ്ഗ്രസ്സ് പാര്‍ട്ടിക്കെതിരായ പത്രവാര്‍ത്തകള്‍ ഒന്നുറക്കെ വായിച്ചു ബാലേട്ടന്‍റെ ചെറ്റ വിളി കേള്‍ക്കാനായി വരുന്ന  യൂണിയന്‍കാരുമുണ്ടാവും അക്കൂട്ടത്തില്‍. പലപ്പോഴും രാഷ്ട്രീയം പറഞ്ഞു ബഹളം വെക്കുന്നത്   ഇങ്ങ് ബസ്റ്റോപ്പില്‍ കേള്‍ക്കാം. 

 ബസ്സ് ഒരു  മുരള്‍ച്ചയോടെ അലവിക്കാന്‍റെ കടയുടെ മുന്നില്‍ വന്നു നിന്നു. ബസ്സിലാകെ ചന്ദനത്തിരിയുടെ സുഗന്ധം, കൃഷ്ണന്‍, യേശു, മക്ക ഫോട്ടോയ്ക്‌ അടുത്തായി ഇങ്ങനെ എഴുതിയിരിക്കുന്നു. യാത്രയുടെ സദുദ്ധേശത്തെ സര്‍വ്വ ശക്തന്‍ സഫലമാക്കട്ടെ.” എന്‍റെ യാത്ര പതിമൂന്നു കിലോമീറ്റര്‍ താണ്ടി തിരൂരങ്ങാടി പി,എസ്,എം,ഒ കോളേജ് വരെ.

പരപ്പനങ്ങാടി കഴിഞ്ഞാല്‍ കണ്ണെത്താ ദൂരത്തോളം പച്ചപുതച്ചു നീണ്ടു കിടക്കുന്ന പാടശേഖരങ്ങളുടെ നടുവിലൂടെയുള്ള യാത്ര. ഞാറു നടുന്ന സ്ത്രീകളും, പനംപട്ട കൊണ്ട് നിര്‍മിച്ച തോപ്പിയുമണിഞ്ഞു നോക്കി നില്‍ക്കുന്ന കാരണവരും സ്ഥിരം കാഴ്ച്ച. 

അടുത്ത സ്റ്റോപ്പില്‍ നിന്നും കയറിയ സ്ത്രീയും ഒരു പതിവുകാരിയാണ്‌. അലസമായിട്ട മുടിയില്‍ വാടിയ മുല്ലപൂക്കള്‍. മറ്റുള്ളവരില്‍ നിന്നും വിഭിന്നമായി അവര്‍ ജോലികഴിഞ്ഞ് വരികയാണ്. ബസ്സില്‍ കയറി ഇരുന്നതും അവര്‍ ഉറങ്ങാന്‍ തുടങ്ങി. തലേദിവസം രാത്രിയില്‍ ആരുടെയോ ആവശ്യപ്രകാരം ഇവിടെ എത്തപ്പെട്ടവളാണ്. ഗ്രാമങ്ങളെയും ചെറു പട്ടണങ്ങളെയും പിന്നിലാക്കി ഒരുപാട് പേരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും പേറികൊണ്ട്‌  ബസ്‌ യാത്ര തുടര്‍ന്നു.

വൈകുന്നേരങ്ങളില്‍ ചെട്ടിപ്പടി ഗവണ്‍മെന്‍റ് ഹെല്‍ത്ത്സെന്‍റെരിനടുത്തുള്ള രണ്ടേക്കര്‍ തെങ്ങുംത്തോപ്പായിരുന്നു ഞങ്ങളുടെ സ്ഥിര സങ്കേതം. പൂഴിമണലില്‍ വോളിബോള്‍കളിച്ചും സോറപറഞ്ഞിരിന്നും സമയം പോകുമായിരുന്നു.

 ഹെല്‍ത്ത്സെന്ററിനു ചേര്‍ന്നു നമ്പൂതിരി കുളം എന്നറിയപ്പെട്ടിരുന്ന ഒരു വലിയ കുളമുണ്ടായിരുന്നു. രാത്രി പത്തു മണികഴിഞ്ഞാല്‍ നമ്പൂതിരി കൊളത്തിനടുത്തുകൂടി പോകാന്‍ എല്ലാവര്‍ക്കും പേടിയായിരുന്നു. രാത്രികാലങ്ങളില്‍ പ്രേതാത്മാക്കള്‍ നീരാടാന്‍ വരുന്ന കുളമാണെന്ന് അരടുക്കംപറച്ചിലുണ്ട്.  അര്‍ദ്ധരാത്രിയായാല്‍ കുളത്തിലെ വെള്ളത്തിനു തിരയിളക്കമുണ്ടാകുമത്രേ.

നാരായണേട്ടന്‍റെ മരമില്ലും, ഒരു മസാലക്കടയും, പെട്ടിക്കടയും അടങ്ങുന്ന ആസ്പത്രിപ്പടി. സ്നേഹവും നന്മയും കാരുണ്യവും മാത്രം മനസ്സില്‍ സൂക്ഷിച്ചിരുന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയായ ഫ്രെണ്ട്സ് ക്ലബ്ബും കൊണ്ട് വെത്യസ്തമായിരുന്നു ആശുപത്രി പരിസരം.

വര്‍ഷം തോറും നടത്തിവന്നിരുന്ന ക്ലബ്ബിന്‍റെ വര്‍ഷികാകോശം ഗ്രാമത്തിന്‍റെ തന്നെ ഉത്സവമായിരുന്നു. 

കുട്ടിക്കാലത്ത് വല്ലപ്പോഴും സിനിമക്ക് പോകുമായിരുന്നു. നെടുവ വായനശാലയില്‍ നിന്നും ചങ്ങാതിമാരുടെ കൂടെ മൂന്നു കിലോമീറ്റര്‍ ദൂരെയുള്ള പ്രഭ ടാകീസിലേക്കൊ, ജയകേരള ടാകീസിലേക്കൊ റയില്‍ വഴി നടന്നാണ് പോകുന്നത്. സിനിമ തുടങ്ങുന്നതിനു മുന്‍പായി ആദ്യം ടാക്കീസിന് പുറത്തും പിന്നീട് അകത്തും പാട്ട് ഇടുന്നത് ഇവുടുത്തെ ഒരു സമ്പ്രദായമായിരുന്നു. അന്നത്തെ സിനിമയിലുള്ള ഗാനങ്ങളുടെ അച്ചടിച്ച കോപ്പിയും, കടല വില്‍ക്കുന്ന കുട്ടികളും ഒരു സ്ഥിരം കാഴ്ച്ച തന്നെ.
  
കടിഞ്ഞിയുടെ ചായക്കടയിലെ പതിവുകാരില്‍ പലരും ഓര്‍മ്മയായിരിക്കുന്നു...! 

കൊടപ്പാളി സ്റ്റോപ്പിലെ പാല്‍ക്കാരിയുടെ യൗവനം നഷ്ടപ്പെട്ടിരിക്കുന്നു..!

നമ്മുടെ ഗ്രാമത്തിലെ ജനങ്ങള്‍ തമ്മിലുള്ള സ്നേഹബന്ധവും   കുറഞ്ഞു വരുന്ന പോലെ..!



ഇസ്ഹാക്ക് പുഴക്കലകത്ത്.

ചെട്ടിപ്പടി ടൌണ്‍ ജുമാ മസ്ജിദ്.