Showing posts with label "റംസാന്‍". Show all posts
Showing posts with label "റംസാന്‍". Show all posts

Saturday, July 11, 2015

ലൈലത്തുല്‍ ഖദ്റിലെ അനുഭവങ്ങള്‍.


വിശുദ്ധ ഖുര്‍ആനിന്‍റെ ആദ്യ സൂക്തങ്ങള്‍ അവതരിച്ചത് വിശുദ്ധ റമദാനിലാണ് എന്നത് അര്‍ഥശങ്കക്കിടയില്ലാത്ത വിധം ഖുര്‍ആന്‍ പറയുന്നുണ്ട്. ലൈലത്തുല്‍ ഖദര്‍ എന്ന വിശുദ്ധ റമദാനിലെ പുണ്യമായ രാവിലായിരുന്നു ഇത്. നബിതിരുമേനിയുടെ ജനനത്തിന്റെ 41 – വര്‍ഷം റമദാനിലെ ഇരുപത്തിയേഴിന്റെ രാവിലായിരുന്നു ഇത് എന്നാണ് പ്രബലമായ ചരിത്രപക്ഷം.

മുപ്പത്തിയഞ്ചു വയസ് പിന്നിട്ടപ്പോള്‍ തന്നെ നബിതിരുമേനിയുടെ മനോനിലയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായിരുന്നു. സദാ ഒരു ചിന്ത അദ്ദേഹത്തെ വലയം ചെയ്തിരുന്നു.ഖുറൈശികള്‍ കഅബാലയം പുതിക്കിപണിതത് അക്കാലത്തായിരുന്നുവല്ലോ. അന്ന് ചെറിയ ഒരു വിശയത്തിന്റെ പേരില്‍ വലിയ ഒരു കലാപത്തിലേക്ക് പോകുമ്പോഴായിരുന്നു നബി തിരുമേനിക്ക് അതിലൊരു മധ്യസ്ഥത വഹിക്കാനുള്ള അവസരമുണ്ടായത്. അതുകൊണ്ട് ഹജറുല്‍ അസുവദ് യഥാസ്ഥാനത്ത് വെക്കുന്നതിലുണ്ടായ പ്രശ്നം തീര്‍ന്നുവെങ്കിലും തന്‍റെ നാട്ടിലെ ജനങ്ങള്‍ ഇങ്ങിനെ ചെറിയ ഒരു കാര്യത്തിന് വേണ്ടി ഇത്ര വലിയ വാശി കാണിക്കുകയാണല്ലോ എന്നോര്‍ത്തപ്പോള്‍ നബിതിരുമേനിക്ക്‌ വല്ലാത്തൊരു അസ്വസ്ഥതയുണ്ടായി.

അതോടൊപ്പം നബിതിരുമേനി തനിക്കുചുറ്റും നടക്കുന്ന പലതും അതിലേക്ക് ചേര്‍ത്തു വായിക്കാന്‍ തുടങ്ങി മനുഷ്യരെ നയിക്കുവാന്‍ ഒരു ആദര്‍ശമില്ല എന്നതാണ് പ്രധാന കാരണം എന്ന് പലപ്പോഴും അവര്‍ക്ക് തോന്നിയിരിക്കണം. ഏതായാലും പ്രമുഖ ചിത്രകാരന്മാര്‍ പറയും പോലെ തനിക്കു ചുറ്റും അലയടിക്കുന്ന ജാഹിലിയത്തുകള്‍ നബിയുടെ സ്വാസ്ഥ്യം കെടുത്തി.
നാപ്പതിനോടടുക്കും തോറും ഈ ചിന്തകള്‍ക്ക് ഭാരം കൂടി. ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവിലേക്ക്‌ അവരുടെ മനസ്സ് മെല്ലെ മെല്ലെ വളരുകയായിരുന്നു. ഭാരമുള്ള ഈ ചിന്തകള്‍ വലയം ചെയ്തപ്പോള്‍ ഒഴിഞ്ഞ് ഒരിടത്തിരിക്കുന്നതും ചിന്തകളില്‍ മുഴുകുന്നതുമെല്ലാം നബിയുടെ മനസ്സിന് ഹാരിയായ ഒരു അനുഭൂതിയായി. ഒഴിവു സമയങ്ങളില്‍ അതികവും ഏകാന്തനായി മലഞ്ചരുവിലോ മറ്റോ ഒഴിഞ്ഞുപോയി ഇരിക്കുന്നതില്‍ ആനന്ദം കണ്ടു.

മനസ്സില്‍ ഇബ്രാഹിമിയത്ത് എന്ന ഇബ്രാഹിം നബിയുടെ മാര്‍ഗത്തോടുള്ള പ്രതിപത്തിയായിരുന്നു. അതിനിടെ മാനസികമായ മറ്റൊരു മാറ്റം കൂടിയുണ്ടായി. സ്വപ്നം കാണുക. കണ്ട സ്വപ്‌നങ്ങള്‍ പിറ്റേന്ന് തന്നെ തന്‍റെ മുന്നില്‍ തെളിയുകയും പുലരുകയും ചെയ്യുക. ആ പരിശുദ്ധവും നിഷ്കളങ്കുവുമായ മനസ്സ് അല്ലാഹുവിന്റെ രിസാലത്ത് വഹിക്കുവാനുള്ള വളര്‍ച്ചയിലേക്ക് പാകപ്പെട്ട് വരികയായിരുന്നു.
ഏകാന്തതയുമായി അകന്നകന്ന് അപ്പോഴേക്കും അവര്‍ ജബലന്നൂറിന്റെ മുകളിലുള്ള ഹിറാഗുഹയില്‍ എത്തിയിരുന്നു. മക്കയില്‍ നിന്നും ആറു മൈലോളം അകലെയുള്ള ആ ഗുഹയില്‍ വല്ലാത്ത ഒരു സുഖമുള്ള ആത്മീയത അദ്ദേഹം അനുഭവിച്ചു. പിന്നെ അവിടെ തന്നെ താങ്ങുവാന്‍ തുടങ്ങി. ഭാര്യയേയും മക്കളെയുമൊക്കെ കാണുവാന്‍ ആഗ്രഹമുണ്ടാവുമ്പോള്‍ മലയിറങ്ങുകയും അതികം വൈകാതെ ഭക്ഷണ സാധനങ്ങളുമായി വീണ്ടും മലമുകളില്‍ എത്തുകയും ചെയ്യാന്‍ തുടങ്ങി.

അങ്ങിനെയിരിക്കെ റമദാനിലെ ഇരുപത്തിയേഴാം രാവ് വന്നു. സുഖമുള്ള ഏകാന്തതയില്‍ വിലയം പ്രാപിച്ചിരിക്കുന്നതിനിടെ ജിബിരീല്‍ എന്ന മലക്ക് അവിടെയെത്തി. മുഹമ്മദ് നബിയോട് വായിക്കുക എന്ന് ആജ്ഞാപിച്ചു. അദ്ദേഹം പറഞ്ഞു: “എനിക്ക് വായിക്കാന്‍ അറിഞ്ഞുകൂടാ” ഉടനെ മലക്ക് ബലമായി ചേര്‍ത്തുപിടിച്ചു. പിന്നെ വിട്ടു. വീണ്ടും വായിക്കാന്‍ ആജ്ഞാപിച്ചു. നബി തിരുമേനി അതെ മറുപടി തന്നെ പറഞ്ഞു. വീണ്ടും മലക്ക് കൂട്ടിപ്പിടിച്ചു. അങ്ങനെ മൂന്ന് പ്രാവിശ്യം ഉണ്ടായി. മൂന്നാം തവണ മലക്കിന്റെ കരങ്ങളില്‍നിന്നും മോചിതനായപ്പോഴേക്കും അദ്ഭുതകരമായ ഒരു പ്രവാഹം ആരഭിച്ചുകഴിഞ്ഞിരുന്നു. അല്ലാഹുവിന്‍റെ വഹിയ് ആ മനസ്സിലേക്ക് ഒഴുകാന്‍ തുടങ്ങി. അതായിരുന്നു വഹിയിന്‍റെ ആദ്യാനുഭവം.

ഈ സംഭവത്തില്‍ നബിതിരുമേനി വല്ലാതെ പേടിച്ചു. ഏകാന്തമായ ഒരു സാഹചര്യത്തില്‍, അതും ഒരു മലമുകളില്‍ മാത്രമല്ല അര്‍ദ്ധരാത്രിയില്‍ ഇത്തരമൊരു സംഭവമുണ്ടായാല്‍ ആരും ഭയന്നുപോകും. അവര്‍ പിന്നെ പുലരാനോന്നും കാത്തുനിന്നില്ല. വേഗം കുന്നിറങ്ങി. ഉണ്ടായ അനുഭവം ഒരുതരം പേടി ആയി മാറിക്കഴിഞ്ഞിരിക്കുന്നു. കുന്നിറങ്ങി ആറുമൈല്‍ അകലെയുള്ള സ്വന്തം വീട്ടില്‍ ചെന്നുകയറുമ്പോള്‍ പേടിയും വിറയും പനിയായി മാറിക്കഴിഞ്ഞിരുന്നു. പത്നി ഖദീജാ ബീവി തുറന്നുകൊടുത്ത വാതിലിലൂടെ അകത്തുകടക്കുമ്പോള്‍ നബി പറയുന്നുണ്ടായിരുന്നു: “ഒരു പുതപ്പുതരൂ”. ഖദീജാബീവി പ്രിയതമന് പുതപ്പു പുതച്ചുകൊടുത്തു. അതിനുള്ളില്‍ വിറച്ചു കിടക്കുമ്പോഴും തനിക്കുണ്ടായ അനുഭവം തന്നെ വീണ്ടും വീണ്ടും പേടിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു.

‘ഞാന്‍ വല്ലാതെ ഭയപ്പെട്ടുപോയി,എനിക്കെന്തങ്കിലും സംഭവിക്കുമോ എന്ന് ഭയപ്പെട്ടുപോയി’ എന്ന് നബി{സ} പറഞ്ഞപ്പോള്‍ സ്നേഹവതിയായ പത്നി അരികിലേക്ക് അടുത്തുനിന്ന് ആശ്വസിപ്പിച്ചു. അങ്ങയെ അല്ലാഹു ഒരിക്കലും വിഷമിപ്പിക്കില്ല. അങ്ങു കുടുംബബന്ധങ്ങള്‍ മാനിക്കുന്നു. ജനങ്ങള്‍ക്ക്‌ വേണ്ടി ഭാരങ്ങള്‍ ചുമക്കുന്നു. ആശരണര്‍ക്കുവേണ്ടി യത്നിക്കുന്നു. അതിഥികളെ സത്കരിക്കുന്നു. സത്യത്തിന്‍റെ മാര്‍ഗത്തില്‍ സഹായിക്കുന്നു. എന്നാല്‍ എന്താണ് നബിക്ക് പറ്റിയത് എന്ന് ഖദീജാ ബീവിക്കോ മക്കള്‍ക്കോ മനസ്സിലായില്ല. തെല്ലൊരു ആശ്വാസം വന്നപ്പോള്‍ ഖദീജാ ബീവി നേരെ ‘വറഖത്ത് ബിന്‍ നൌഫല്‍’ എന്നയാളുടെ അടുത്തേക്ക്‌ നബിയുമായി പുറപ്പെട്ടു.

മക്കയില്‍ അന്നു ജീവിച്ചിരുന്ന ഒരു സത്യക്രിസ്ത്യാനിയായിരുന്നു ‘വറഖത്ത് ബിന്‍ നൌഫല്‍’. ഖദീജാ ബീവിയുടെ ബന്ധു കൂടിയായിരുന്ന വറഖത്തിന് അബീരി ഭാഷയും ഇന്ജീലും വശമുണ്ടായിരുന്നു. പ്രായാധിക്യത്തിന്റെ അന്ധത ബാധിച്ച വറഖത്ത് നബിയില്‍ നിന്ന് ഉണ്ടായതെല്ലാം ചോതിച്ചു മനസ്സിലാക്കി. അദ്ദേഹം പറഞ്ഞു: ഇത് നാമൂസാണ്, മൂസാ നബിയുടെ അടുത്ത് ദൈവിക സന്ദേശങ്ങളുമായി വരാറുണ്ടായിരുന്ന നാമൂസ് എന്ന വഹിയിന്‍റെ മാലാഖ’. അപ്പോള്‍ നബി തിരുമേനി തിരിച്ചറിഞ്ഞു, തന്നെ സമീപിച്ചത് ജിബിരീല്‍ എന്ന മലഖാണെന്നും തനിക്കു ലഭിച്ചത് അല്ലാഹുവിന്റെ സന്ദേശമാണെന്നും ഖുര്‍ആനിന്‍റെയും വഹിയിന്റെയും പ്രവാചകത്തിന്റെയും എല്ലാം തുടക്കം ഇങ്ങനെയായിരുന്നു.

അന്നായിരുന്നു വിശുദ്ധ ഖുര്‍ആന്‍ മനുഷ്യകുലത്തോട് സംസാരിച്ചു തുടങ്ങിയത്. ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്കിടെ നബിതിരുമേനിയുടെയും സമുദായത്തിന്റെയും സമൂഹത്തിന്‍റെയും കൂടെ വിശുദ്ധ ഖുര്‍ആന്‍ വന്നും നടന്നും അത് പൂര്‍ണ്ണമാവുകയായിരുന്നു. അവതരണം പൂര്‍ണ്ണമായതോടെ മാര്‍ഗദര്‍ശനം എന്ന അല്ലാഹുവിന്‍റെ കാരുണ്യമായി ഖുര്‍ആന്‍ മാറി.
ഇനി ഏതു കാലത്തേയും ഏതു കുലത്തെയും ഖുര്‍ആന്‍ മാര്‍ഗദര്‍ശനം നല്‍കി നയിക്കും. ഖുര്‍ആനിന്റെ പരിതിയില്‍ വരാത്ത ഒരു വിഷയമോ ഖുര്‍ആനിനുള്ളിലൊതുങ്ങാത്ത ഒരു വികാസമോ ഇനി നമ്മുടെ പ്രപഞ്ചത്തിലുണ്ടാവില്ല. ഓരോ പുതിയ കാര്യങ്ങള്‍ കടന്നുവരുമ്പോഴും ഖുര്‍ആന്‍ അതില്‍ നേരത്തേ എത്തിയതായി കാണുന്നതും അനുഭവപ്പെടുന്നതും അതുകൊണ്ടാണ്.
-----------------------------------------------------------------------------------
കടപ്പാട്:- ടി.എച്ച്.ദാരിമി. {മലയാളം ന്യൂസ്]

https://www.facebook.com/isakkisam
http://ishaquep.blogspot.in/

































Tuesday, June 09, 2015

കുട്ടിക്കാലത്തെ നോമ്പ് കാലം.


നോമ്പിനെ വരവേല്‍ക്കാന്‍ ഒരുപാട് ഒരുക്കങ്ങള്‍ നടത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഒന്നോ രണ്ടോ ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ നോമ്പിന്‍റെ ഒരുക്കങ്ങള്‍ തുടങ്ങുമായിരുന്നു. “നനച്ചുകുളി” എന്ന പേരിലായിരുന്നു ഇതറിയപെട്ടിരുന്നത്. വീട്ടിലെ എല്ലാ സാധനങ്ങളും മേശ, കസേര, കട്ടില്‍,  വാതിലുകള്‍, ജനവാതിലുകള്‍, മുതലായ എല്ലാ മുക്കും മൂലയും അടിച്ചു വാരി പൊടി തട്ടി തുടച്ചു വൃത്തിയാക്കി ജനല്‍കര്‍ട്ടനുകള്‍, വിരിപ്പുകള്‍, വസ്ത്രങ്ങള്‍ ഒക്കെ കഴുകി വൃത്തിയാക്കി അടുക്കി വെച്ചു നോമ്പിന് തയ്യാറെടുക്കുമായിരുന്നു. മുറ്റമോക്കെ അടിച്ചുവാരി പുല്ലുകള്‍ ഒക്കെ പറിച്ചെടുത്തു വൃത്തിയാക്കുമായിരുന്നു.

ഇനി മാസം കാണാനുള്ള കാത്തിരിപ്പാണ്. ഇന്നത്തെ പോലെ മാസം കണ്ടതറിയാനുള്ള സാങ്കേതികവിദ്യ ഒന്നും അന്നുണ്ടായിരുന്നില്ല. ചിലപ്പോള്‍ രാത്രി രണ്ടു മണിക്കുവരെ മഹല്ല്ഖാസി നോമ്പ് ഉറപ്പിച്ച സംഭവം ഉണ്ടായിട്ടുണ്ട്. മാസപിറവി കണ്ടതു മുതല്‍ വൃതാനുഷ്ട്ടാനത്തിന്റെ നാളുകള്‍ക്കു തുടക്കമായി. ഒരു മാസക്കാലം പരിശുദ്ധ നോമ്പിന്‍റെ കാലം, ഉദയം മുതല്‍ അസ്തമയം വരെ ജലപാനമില്ലാതെ മനസും ശരീരവും വ്രത ശുദ്ധിയോടെ കാത്ത് പരമ കാരുണ്യവാനായ അല്ലാഹുവിനായി സ്വയം സമര്‍പ്പിക്കുന്ന മാസം, വിശപ്പിന്‍റെ വിളി എന്താണെന്ന് പാവപെട്ടവനെ പോലെ തന്നെ പണക്കാരനും മനസ്സിലാക്കുന്നത്‌ ഈ ഒരു വ്രതമാസക്കാലത്താണ്.
 
രാത്രി അത്തായത്തിനു പൂവന്‍പഴം നിര്‍ബന്ധമായിരുന്നു. ചോറില്‍ പഴം കുഴച്ച് ഉപ്പാന്‍റെ കൂടെ അത്താഴം കഴിച്ചത് ഇന്നും ഓര്‍ക്കുന്നു. പിന്നെ മൈസൂര്‍പഴം പാലീഞ്ഞതും ഒരു ഒഴിവാക്കാന്‍ പറ്റാത്ത വിഭവം തന്നെ. നോമ്പ് തുറക്കാന്‍ ഇന്നത്തെ പോലെ ധാരാളം വിഭവങ്ങള്‍ ഉണ്ടാകാറില്ല. വെള്ളവും ഉണക്ക കാരക്കയുമായിരുന്നു നോമ്പ് തുറക്കാന്‍ ഉപയോകിക്കുക. തരിക്കഞ്ഞി കൂട്ടിനുനുണ്ടാവും. എന്തെങ്കിലും ഒരു ഫ്രൂട്ട്സും ഉണ്ടാവും. മഗിരിബ് നമസ്കാരത്തിനു ശേഷം വറുത്തുഅരച്ച് വെച്ച  പോത്തിറച്ചിക്കറിയും കൂട്ടി പത്തിരി കഴിക്കും. നോമ്പുകാലത്തെ ആ പോത്തിറച്ചിക്കറിക്ക് ഒരു വല്ലാത്ത  രുചിയാണ്. ജീവിതത്തില്‍ ഇന്നേവരെ ഒരു ഫൈവ്സ്റ്റാറിലും കിട്ടാത്ത രുചിക്കൂട്ട്.

ഉപ്പാനോടോത്തു ഇഷാ നമസ്കാരത്തിനു പള്ളിയിലേക്ക്. തറാവീഹ് നമസ്കാരത്തിനു ആദ്യ രണ്ടു റകാഅത്തു കഴിഞ്ഞാല്‍ ചിലപ്പോള്‍ മുങ്ങും. പിന്നെ ഫിത്തിര് നമസ്കാരത്തിനു ജോയിന്‍ ചെയ്യും. ഒരു പ്രാവിശ്യം ഉപ്പ ഇത് കണ്ടുപിടിച്ചു. പിന്നെ നമസ്കരിക്കുമ്പോള്‍ ഉപ്പാന്റെ അടുത്തായി എന്‍റെ സ്ഥാനം. ഇടയ്ക്കു ഉപ്പ സുഖമില്ലാതെയോ സ്ഥലത്തില്ലാതെയോ വരുന്ന ദിവസങ്ങളില്‍ രാതി ഇശാ നമസ്കാരശേഷം കടയില്‍ നിന്ന് “ചക്കരപോല” വാങ്ങി വലിക്കും. പുകയില അരിഞ്ഞു ചെറുതാക്കി ശര്‍ക്കരയും മറ്റ് ചേരുവകളും ചേര്‍ത്തുണ്ടാക്കുന്ന “ചക്കരപോല” നോമ്പിന്‍റെ സ്പെഷ്യല്‍ ബീഡിയായിരുന്ന “തെരക്കൂട്ട്‌” എന്നും പറയാറുണ്ട്‌. ഇത് കുട്ടികള്‍ക്കും വലിക്കാം കുഴപ്പമില്ല  എന്നൊരു പറച്ചിലുണ്ടായിരുന്നു. തറാവീഹ് നമസ്കാര ശേഷം വീട്ടിലെത്തിയാല്‍ നല്ല ചൂടോടെ ഉമ്മ വിളമ്പിയിരുന്ന ചീരാകഞ്ഞി നോമ്പിന്‍റെ മറ്റൊരു സ്പെഷ്യല്‍ വിഭവം തന്നെ..!! ഇരിപത്തിയെഴാംരാവിനു നിറയെ ആള്‍ക്കാര്‍ സകാത്തിന് വീട്ടില്‍ വന്നിരുന്നു. ഉമ്മ കല്‍ത്തപ്പം ചുട്ടു അടുത്ത വീട്ടിലുള്ളവര്‍ക്ക് കൊടുത്തയ്ക്കുമായിരുന്നു അന്ന്.

മുപ്പത് ദിവസം നോമ്പ് അനുഷ്ടിക്കുന്നതിലൂടെ നിങ്ങളുടെ തലച്ചോറിനെ ഉത്തേജിപ്പിക്കുന്നു. ബുദ്ധിയും ചിന്താശക്തിയും ഓര്‍മ്മ ശക്തിയും വര്‍ദ്ധിക്കുന്നു. രോഗങ്ങളില്‍ നിന്ന് മുക്തി ലഭിക്കുന്നു. ശരീരത്തിന്‍റെ രോഗപ്രതിരോധശക്തി കൂടുന്നു. ഭക്ഷണത്തിലൂടെ നിങ്ങളുടെ ശരീരത്തില്‍ അടിഞ്ഞു കൂടുന്ന വിഷാംശങ്ങള്‍ നോമ്പ് കാലത്ത് ശരീരം പുറം തള്ളുന്നു. യഥാര്‍ത്ഥ നോമ്പുകാരന് അല്ലാഹു പാപങ്ങളില്‍ നിന്ന് മോചനം നല്‍കുന്നു.  

ഇനി നമുക്ക് ഈ വരാനിരിക്കുന്ന നോമ്പിനെ വരവേല്‍ക്കാന്‍ മനസ്സ്കൊണ്ടും ശരീരംകൊണ്ടും തയ്യാറെടുക്കാം, പാപ മോചനത്തിനായി പ്രാര്‍ത്ഥിക്കാം. ഇസ്ലാമിനെ തിരിച്ചറിയുക അത് സ്നേഹമാണ്, സാഹോദര്യമാണ്,
സമാധാനത്തിന്‍റെ മതമാണ്‌.

ലോക സമാധാനത്തിനും, ഐക്യത്തിനും ഭീകരതക്കുമെതിരെ ജാതിമതഭേതമന്യേ നമുക്ക് കൈകോര്‍ക്കാം.


https://www.facebook.com/isakkisam





Tuesday, July 08, 2014

"പുണ്യ റംസാന്‍."



പരിശുദ്ധ റംസാന്‍ മാസത്തിലെ ആദ്യത്തെ പത്തു നോമ്പിനു വിരാമമായി ,

വിലമതിക്കാന്‍ ആവാത്ത അത്ര അനുഗ്രഹങ്ങള്‍ വാരിചൊരിയുന്ന ഒരു മാസമാണ് റംസാന്‍ മാസം. പാപങ്ങള്‍ പൊറുത്തു തരുന്ന മാസം. വരും നാളുകളിലെ നോമ്പ് നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും അല്ലാഹുവിലേക്ക് കൂടുതല്‍ അടുപ്പിക്കുന്ന  പ്രാര്‍ത്ഥനയുടെ നാളുകള്‍ തന്നെ,

മാസപിറവി കണ്ടതു മുതല്‍ വൃതാനുഷ്ട്ടാനത്തിന്റെ നാളുകള്‍ക്കു തുടക്കമായി...'  ഒരു മാസക്കാലം പരിശുദ്ധ നോമ്പിന്‍റെ കാലം, ഉദയം മുതല്‍ അസ്തമയം വരെ
ജലപാനമില്ലാതെ മനസും ശരീരവും വ്രത ശുദ്ധിയോടെ കാത്ത് പരമ കാരുണ്യവാനായ അല്ലാഹുവിനായി സ്വയം സമര്‍പ്പിക്കുന്ന മാസം, വിശപ്പിന്റെ വിളി എന്താണെന്ന് പാവപെട്ടവനെ പോലെ തന്നെ പണക്കാരനും മനസ്സിലാക്കുന്നത്‌ ഈ ഒരു വ്രതമാസക്കാലത്താണ്. 


അല്ലാഹുവിനോടുള്ള പൂര്‍ണ 
വിധേയത്വവും അനുസരണവുമാണ്  നോമ്പിന്‍റെ ആത്മാവ്, എല്ലാ സുഖാസ്വാദനങ്ങള്‍ ഉപേക്ഷിക്കുക വഴി ചെയ്തുപോയ പാപങ്ങള്‍ക്ക്‌ തൌബ ചെയ്യലുമാണ് നോമ്പിലൂടെ നാം നിര്‍വഹിക്കുന്നത്. സ്വന്തം ശരീരത്തെയും ഇച്ഛകളെയും മെരുക്കിയെടുക്കാന്‍ ഇത്ര സവിശേഷമായ മറ്റൊരു മുറയും ലോകത്തുണ്ടാവില്ല. ഇത് വഴി പൈശാചിക ചിന്തകളില്‍ നിന്നും നാം മോചിതരാകുന്നു.


പരിശുദ്ധ ഖുര്‍ആന്‍ അവതരിക്കപ്പെട്ടത് റംസാന്‍ മാസത്തിലാണ് എന്നത് ഈ മാസത്തിനു അല്ലാഹു നല്‍കിയ മഹത്വത്തെ വെളിവാക്കുന്നു.

നോമ്പുകാരന്‍ തന്‍റെ ശരീരത്തെയും , നാവിനെയും കണ്ണിനെയും നിയന്ദ്രിക്കുക വഴിയാണ്  ഒരാള്‍ യഥാര്‍ത്ഥ നോമ്പുകാരനാകുന്നത് . 

നോമ്പ് തുറക്കുന്നതോടൊപ്പം തന്നെ പാവപെട്ടവരായ അയല്‍വാസികളെ കൂടെ നോമ്പ് തുറക്കാന്‍ സഹായിക്കുക ,നമ്മള്‍ കഴിക്കുന്നത്തില്‍ നിന്നും ഒരു പങ്കു അവര്‍ക്കും നല്‍കി പുണ്യം നേടാന്‍ ശ്രമിക്കുക.

റംസാന്‍ മാസത്തിലെ പുണ്യ പ്രവര്‍ത്തികള്‍ അല്ലാഹു സ്വീകരിക്കുകയും പാപ മോചിതരാക്കുന്നവരുടെ കൂട്ടത്തില്‍ നിങ്ങളേയും എന്നേയും ഉള്‍പെടുത്തട്ടെ ... നിങ്ങളുടെ പ്രാര്‍ത്ഥനയിലും എന്നേയും കുടുംബത്തേയും ഉള്‍പെടുത്തുക. ഈ പുണ്യ മാസ ക്കാലത്ത് വ്രതമെടുത്ത് നേടിയെടുക്കുന്ന ഊര്‍ജവും തേജസ്സും വരും മാസങ്ങളിലും നിലനിര്‍ത്താന്‍ പരമ കാരുണ്യവാനായ അല്ലാഹു നാമെല്ലാവരെയും അനുഗ്രഹിക്കട്ടെ  (ആമീന്‍)